തിരുപാഠശാലയിലെ അധ്യാപനരീതികള്‍

തിരുപാഠശാലയിലെ അധ്യാപനരീതികള്‍

സര്‍വമാന സദ്ഗുണങ്ങളും പരിപൂര്‍ത്തീകരിക്കാന്‍ വേണ്ടിയാണ് തിരുനബി(സ്വ) നിയോഗിതനായിട്ടുള്ളത്. അതുകൊണ്ടുതന്നെ ദിവ്യവിജ്ഞാനീയങ്ങളും കര്‍മാനുഷ്ഠാനങ്ങളും ആത്മസംസ്‌കരണത്തിന്റെ പ്രായോഗിക പാഠങ്ങളും ഈ ജഗദ്ഗുരു ലോകത്തിന് പകര്‍ന്നുനല്‍കി. പുതുലോകത്തിന്റെ വൈജ്ഞാനിക സങ്കല്‍പങ്ങളുമായി പലപ്പോഴും അത് വിയോജിച്ചു. ഇന്ന് അറിവ് വില്‍ക്കാനും വാങ്ങാനും പറ്റുന്ന ചന്തച്ചരക്ക് മാത്രമാണ്. കമ്പോളത്തിലെ ഏറ്റവും വിലപിടിപ്പുള്ള വിഭവമായി വിദ്യാഭ്യാസം മാറിയതോടെ അവിടേക്ക് ജനങ്ങളുടെ ഒഴുക്ക് ശക്തമാവുക സ്വാഭാവികം. അങ്ങനെ ഭൗതിക ലക്ഷ്യത്തിനപ്പുറത്തേക്ക് വികസിക്കാതെ മാനവികതയുടെ ചേരുവകള്‍ ബാഷ്പീകരിക്കപ്പെട്ട ആര്‍ത്തിപ്പണ്ടാരങ്ങളുടെ പറുദീസയായി വിദ്യാഭ്യാസരംഗം മാറി.
തിരുനബിയുടെ പാഠശാലയിലേക്ക് വരിക. അവിടെ ഗുരു ആത്മാവിന് അന്നം നല്‍കുന്ന പിതാവാണ്. പ്രതിസന്ധികളില്‍ പരിരക്ഷ നല്‍കുന്ന രക്ഷിതാവാണ്. സാന്ത്വനം പകരുന്ന കൂട്ടുകാരനാണ്. അടക്കവും അനക്കവും നിയന്ത്രിക്കുന്ന, മുന്നോട്ടുള്ള വഴികളില്‍ വെട്ടം പകരുന്ന വഴികാട്ടിയാണ്. ക്ലാസ് മുറികളിലെ ചുമരുകള്‍ക്കിടയില്‍ ചില നിശ്ചിത സമയങ്ങള്‍ക്കിടയില്‍ നടക്കുന്ന സംവേദനങ്ങളുടെ ബന്ധമല്ല; സാന്നിധ്യത്തിലും അസാന്നിധ്യത്തിലും ഉറക്കിലും ഉണര്‍ച്ചയിലും ജീവിതത്തിലും മരണത്തിലും ബര്‍സഖിലും മഹ്ശറിലും തുടര്‍ന്നും നീണ്ടു കിടക്കുന്ന അനുരാഗത്തിന്റെ, സഹായത്തിന്റെ, സഹൃദയത്വത്തിന്റെ, വിധേയത്വത്തിന്റെ ഇഴപിരിയാത്ത ആത്മബന്ധമാണത്.

ഇത്രയും പറഞ്ഞതിനര്‍ഥം തിരുപാഠശാല ആധുനിക വിദ്യഭ്യാസ രീതിയുടെ ഋണാത്മക ഭാവങ്ങളെ സ്പര്‍ശിച്ചിട്ടില്ലെന്നും അദ്വിതീയവും അതിവിശുദ്ധവുമായ സംവിധാനമാണെന്നും മാത്രമാണ്. ആധുനികതയുമായി അതിന് ഒരു നിലക്കും യാതൊരു ബന്ധവുമില്ല എന്നല്ല. പ്രത്യുത കൂടുതല്‍ ഫലപ്രദമായ ജ്ഞാനക്കൈമാറ്റ രീതികളായി പുതുകാല ഗവേഷകര്‍ പരിചയപ്പെടുത്തുന്ന അധ്യാപന രീതി ശാസ്ത്രങ്ങളെല്ലാം അതിന്റെ പൗരാണിക തന്മയത്വത്തോടെ തിരുപാഠശാലയില്‍ സുലഭമായിരുന്നു എന്നു കാണാം.

അധ്യാപനത്തിന്റെ രീതിശാസ്ത്രം 

1. റോള്‍ മോഡല്‍
തിരുനബിക്ക് പ്രധാനമായും പഠിപ്പിക്കാനുണ്ടായിരുന്നത് ഉത്തമ സ്വഭാവ ഗുണങ്ങളുള്ളവനായി ജീവിക്കുക എന്നതായിരുന്നു. അതിന് അവിടുന്ന് സ്വീകരിച്ച ഏറ്റവും ഫലപ്രദമായ രീതി, ഒരു റോള്‍ മോഡലാവുക എന്നതാണ്. ജീവിതം തന്നെയായിരുന്നു തിരുനബിയുടെ സന്ദേശം. തെരുവില്‍ അഴിമതിക്കെതിരെ തൊണ്ട കീറി പ്രസംഗിക്കുകയും ചുളുവില്‍ കോഴ വാങ്ങി കുംഭ വീര്‍പ്പിക്കുകയും ചെയ്യുന്ന സംസ്‌കാരം തിരുനബിക്കന്യമായിരുന്നു. നബിയുടെ സ്വഭാവം ഖുര്‍ആനായിരുന്നു എന്ന പത്‌നി ആഇശയുടെ(റ) പ്രസ്താവം ഇവിടെ ശ്രദ്ധേയമാണ്.

2. ലക്ചറിംഗ്
അധ്യാപനത്തിന്റെ സാമ്പ്രദായിക രീതിയാണ് ലക്ചറിംഗ്. പുരാതന കാലം മുതലേ തുടര്‍ന്ന് വരുന്നതും ഇപ്പോഴും ശോഭ കെടാതെ നിലനില്‍ക്കുന്നതുമായ രീതിയാണ്. തിരുനബിയുടെ പല ക്ലാസുകളും ഇത്തരത്തിലുള്ളതായിരുന്നല്ലോ. പലപ്പോഴും നബി സുദീര്‍ഘമായി പ്രസംഗിക്കുമായിരുന്നു.
അംറ് ബിന്‍ അഖ്ത്വബ്(റ) പറയുന്നു: ഒരിക്കല്‍, നബി(സ) സുബ്ഹ് നിസ്‌കരിച്ചു. ശേഷം മിമ്പറില്‍ കയറി പ്രസംഗമാരംഭിച്ചു. ളുഹ്റ് വരെ പ്രഭാഷണം നീണ്ടു. ളുഹ്റ് നിസ്‌കാരത്തിന് ശേഷം വീണ്ടും പ്രഭാഷണം ആരംഭിച്ചു. അങ്ങനെ അസറിന്റെ സമയവും ആയി. അസറ് നിസ്‌കാര ശേഷം വീണ്ടും മിമ്പറില്‍ കയറി പ്രസംഗിച്ചു. മഗ്്രിബ് വരെ. ഉണ്ടായതും ഉണ്ടാകാനിരിക്കുന്നതുമായ കാര്യങ്ങള്‍ ആ പ്രസംഗത്തില്‍ ഉണ്ടായിരുന്നു. ഞങ്ങളുടെ കൂട്ടത്തില്‍ അക്കാര്യങ്ങള്‍ ഏറ്റവും കൂടുതല്‍ വിവരമുള്ളത് ഏറ്റവും മനഃപാഠമുള്ള ആള്‍ക്കായിരുന്നു. ഇമാം മുസ്‌ലിം ഈ ഹദീസ് ഉദ്ധരിച്ചിട്ടുണ്ട്.

3. ചോദ്യം ഉന്നയിക്കുക
പഠിതാവിന്റെ അന്വേഷണ തല്‍പരത വളര്‍ത്തുക അധ്യാപനത്തില്‍ മുഖ്യമാണ്. ഈ ബിന്ദുവില്‍ കേന്ദ്രീകരിച്ചു കൊണ്ടാണ് ആധുനിക അധ്യാപന തത്വങ്ങള്‍ രൂപീകരിക്കപ്പെട്ടിട്ടുള്ളത്. സദസ്സിനോട് ചോദ്യങ്ങള്‍ ചോദിക്കുക, അവര്‍ക്കിടയില്‍ ചര്‍ച്ചക്കും വിചിന്തനത്തിനും അവസരങ്ങള്‍ നല്‍കുക, അവസാനം മറുപടികള്‍ നിരൂപിക്കുക എന്നിവയൊക്കെ ഇതിന്റെ ഭാഗമാണ്.
തിരുനബിയുടെ(സ്വ) പാഠശാലയില്‍ ഇത്തരം ഒട്ടനവധി സംഭവങ്ങള്‍ നമുക്ക് കാണാം.
ഇമാം ബുഖാരി തന്റെ സ്വഹീഹില്‍ ഇബ്‌നു ഉമറിൽ(റ)നിന്ന് ഇത്തരം ഒരു സംഭവം ഉദ്ധരിക്കുന്നുണ്ട് (ഹദീസ് നമ്പര്‍ 361). ഒരിക്കല്‍ നബി(സ്വ) അനുചരരോട് ചോദിച്ചു: ഇല പൊഴിക്കാത്ത ഒരു മരമുണ്ടല്ലോ. മുസ്‌ലിമിനെ പോലെയാണത്. അത് ഏതാണെന്ന് പറയാമോ? ഏതോ കുഗ്രാമങ്ങളില്‍ വളരുന്ന അപൂര്‍വം സസ്യത്തെക്കുറിച്ചാണെന്ന് കരുതി ആളുകള്‍ അഗാധ ചിന്തയിലാണ്ടു. ഈന്തപ്പനയെക്കുറിച്ചാണ് തിരുനബി ചോദിക്കുന്നതെന്ന് എനിക്ക് തോന്നി. പക്ഷേ എനിക്കത് പറയാന്‍ ലജ്ജ തോന്നി (ഞാന്‍ ചെറുതല്ലേ?) അവര്‍ക്ക് ആലോചിച്ചിട്ട് എത്തും പിടിയും കിട്ടാതായപ്പോള്‍ അവര്‍ നബിയോട് തന്നെ ഉത്തരം പറയാന്‍ ആവശ്യപ്പെട്ടു. അവിടുന്ന് പറഞ്ഞു: അത് ഈന്തപ്പനയാണ്.

4. വര
അധ്യാപനത്തില്‍ ചിത്രങ്ങള്‍ക്കുള്ള പ്രാധാന്യം വലുതാണ്. അധ്യാപനം ചെയ്യുന്ന കാര്യങ്ങള്‍ ബോധ്യപ്പെടാന്‍ പലപ്പോഴും വരകള്‍ ആവശ്യമായി വരും.
രണ്ട് ഉദാഹരണങ്ങള്‍ പറയാം. ഒരിക്കല്‍ തിരുനബി ഒരു വര വരച്ചു. എന്നിട്ട് പറഞ്ഞു: ഇതാണ് ഋജുവായ പാത. അതിന്റെ വലത്തും ഇടത്തും ചില കൊച്ചു വരകളും വരച്ചു. ഇതൊക്കെ പിശാചുക്കള്‍ ക്ഷണിച്ചു കൊണ്ടിരുന്ന വഴികള്‍! ശേഷം അവിടുന്ന് ഖുര്‍ആന്‍ പാരായണം ചെയ്തു: “തീര്‍ച്ചയായും ഇതാണ് ഋജുവായ പാത- അത് നിങ്ങള്‍ പിന്തുടരുക. മറ്റു വഴികള്‍ നിങ്ങള്‍ തുടരരുത്’.
കാക്കത്തൊള്ളായിരം കക്ഷികളായി കലഹിച്ചുകൊണ്ടിരിക്കുകയും ഓരോ വിഭാഗവും തങ്ങളാണ് ശരിയെന്ന് പ്രചണ്ഡമായ പ്രചാരണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്ന അവസ്ഥ മുസ്‌ലിം സമുദായത്തില്‍ നാം കാണുന്നു. ഇത് നേരത്തെ തിരുനബി ദീര്‍ഘ ദര്‍ശനം ചെയ്തതാണ്. ഇത്തരം സന്ദര്‍ഭത്തില്‍ മുഖ്യധാരയുടെ കൂടെയാണ് നില്‍ക്കേണ്ടതെന്ന പാഠം കൂടി ഈ ചിത്രീകരണത്തിലൂടെ അവിടുന്ന് പഠിപ്പിച്ചു.

മറ്റൊരിക്കല്‍ തിരുനബി ഒരു ദീര്‍ഘ ചതുരമാണ് വരച്ചത്. അതിന്റെ നടുവിലൂടെ അതില്‍ നിന്ന് പുറത്ത് കടക്കുന്ന ഒരു വരയും വരച്ചു. നടുവിലുള്ള വരയുടെ നേരെ ചില കൊച്ചു വരകള്‍ വരച്ചു. തിരുനബി ശേഷം പറഞ്ഞു: ഇത് മനുഷ്യന്‍. അവന് ചുറ്റും അവന്റെ അവധി – ആയുഷ്‌കാലം വലയം ചെയ്തിരിക്കുന്നു. തെറിച്ച് നില്‍ക്കുന്നത് അവന്റെ മോഹങ്ങള്‍. കൊച്ചു വരകള്‍ അവന്റെ അനുഭവങ്ങള്‍. ഒന്ന് ഉണ്ടായില്ലെങ്കില്‍ മറ്റൊന്ന് ഉണ്ടാകും.

മനുഷ്യന് ഏതു സമയത്തും അവധിയെത്തും. അവനെ പൊതിഞ്ഞുകൊണ്ടാണ് അതിന്റെ നില്‍പ്. മരിച്ചാലും ഒടുങ്ങാത്ത മോഹങ്ങളാണ് മനുഷ്യനുള്ളതെന്നും മനുഷ്യന്‍ വിധിച്ച കാര്യങ്ങളൊക്കെ സംഭവിക്കുക തന്നെ ചെയ്യുമെന്നും എത്ര സുന്ദരമായാണ് തിരുനബി ഈ ചിത്രത്തിലൂടെ ആവിഷ്‌കരിച്ചത്.

5. ഉപമകള്‍
പലപ്പോഴും ഉപമകളിലൂടെയാണ് തിരുനബി ജനങ്ങളോട് സംവദിച്ചത്. സമൂഹം തെറ്റുചെയ്യുന്നത് കാണുമ്പോള്‍ നോക്കി നില്‍ക്കരുത്. അതില്‍ ഇടപെടണം. ഇല്ലെങ്കില്‍ സര്‍വനാശമായിരിക്കും ഫലം. ഇത് ബോധ്യപ്പെടുത്താന്‍ തിരുനബി പറഞ്ഞ ഉദാഹരണം നോക്കൂ.
ഒരു ജനത കപ്പലില്‍ യാത്ര ചെയ്യുന്നു. കുറച്ചാളുകള്‍ മുകള്‍ തട്ടില്‍. കുറച്ചാളുകള്‍ താഴെയും. വെള്ളമുള്ളത് മുകള്‍ തട്ടിലാണ്. താഴെയുള്ളവര്‍ക്ക് വെള്ളം ആവശ്യമായി വന്നാല്‍ മുകളില്‍ പോകണം. അവര്‍ക്കതൊരു പ്രയാസമായി തോന്നി. താഴെയുള്ളവര്‍ പറഞ്ഞു – നമ്മളെന്തിന് മുകളില്‍ പോയി അവരെ പ്രയാസപ്പെടുത്തണം? വെള്ളം നമ്മുടെ അടിയില്‍ (സമുദ്രത്തില്‍) തന്നെയില്ലേ? നമ്മുടെ വിഹിതത്തില്‍ നമുക്കൊരു ദ്വാരമുണ്ടാക്കിയാല്‍ പോരേ? – അവര്‍ കപ്പലില്‍ ദ്വാരമിടുമ്പോള്‍ അവര്‍ ചെയ്യുന്നത് അവരുടെ അവകാശത്തിലല്ലേ, നാമെന്തിന് ഇടപെടണം എന്ന നിസ്സംഗ മനോഭാവമാണ് മറ്റുള്ളവര്‍ കൈക്കൊള്ളുന്നതെങ്കില്‍ കപ്പല്‍ മുങ്ങി എല്ലാവരും നശിക്കും. ആരെങ്കിലും അവരെ തടയാന്‍ മുന്നോട്ടുവന്നാല്‍ അവന്‍ രക്ഷപ്പെടും! മറ്റുള്ളവരെ രക്ഷപ്പെടുത്തുകയും ചെയ്യും.
നിറഞ്ഞൊഴുകുന്ന ഒരു പുഴ, അഞ്ചു നേരവും ഒരാള്‍ അതില്‍ നിന്ന് കുളിക്കുന്നു. ഇതുപോലെയാണ് അഞ്ചുനേരത്തെ നിസ്‌കാരം(ഒരു അഴുക്കിന്റെ പൊടിപോലും ഹൃദയത്തില്‍ ശേഷിക്കില്ല!).
ദാനം തിരിച്ചു ചോദിക്കുന്നവന്റെ ഉപമ, ഛര്‍ദിച്ചതിലേക്ക് മടങ്ങുന്ന പട്ടിയെപ്പോലെയാണ്.

6. മോഡലുകള്‍
മോഡലുകളുടെ ഉപയോഗം അധ്യാപനത്തില്‍ ഏറെ ഉപയോഗപ്രദമാണ്. തിരുനബിയുടെ പാഠശാലയില്‍ അങ്ങനെ ഒത്തിരി അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.
ഒരിക്കല്‍ തിരുനബി അങ്ങാടിയിലൂടെ നടക്കുന്നു. ചെവി ചെറുപ്പമുള്ള ഒരു ആട്ടിന്‍കുട്ടി ചത്തുകിടക്കുന്നു. അതിന്റെ ചെവിക്ക് പിടിച്ച് ഉയര്‍ത്തിയിട്ട് തിരുനബി ചോദിച്ചു: ഒരു ദിര്‍ഹമിന് ഇതിനെ ആര്‍ക്കെങ്കിലും ആവശ്യമുണ്ടോ?
സ്വഹാബികള്‍ പ്രതികരിച്ചു: അതുകൊണ്ട് ഞങ്ങള്‍ എന്തു ചെയ്യാനാ? ഒന്നും കൊടുത്ത് ഞങ്ങളത് വാങ്ങാന്‍ താല്‍പര്യപ്പെടുന്നില്ല.

ഇത് നിങ്ങള്‍ക്ക് (വെറുതെ) കിട്ടിയിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കുന്നുണ്ടോ? അവിടുന്ന് ചോദിച്ചു.
അല്ലാഹുവാണ! ജീവനുണ്ടെങ്കില്‍ തന്നെ അതിന് ന്യൂനതയുണ്ട്, ചെവി ചെറുതാണ്, പിന്നെ ചാവുക കൂടി ചെയ്തിട്ടുണ്ടെങ്കില്‍ അതിന്റെ അവസ്ഥ പറയണോ?
അപ്പോള്‍ അവിടെ നിന്ന് പ്രതികരിച്ചു: എന്നാല്‍ നിങ്ങള്‍ ഇതിന് കല്പിക്കുന്ന വില പോലും അല്ലാഹു ഈ ഐഹിക ലോകത്തിന് നല്‍കുന്നില്ല.

7. കഥനം
തിരുനബി സഹാബികള്‍ക്ക് ഒട്ടേറെ കഥകള്‍ പറഞ്ഞുകൊടുത്തു. അധ്യാപനത്തില്‍ വളരെ പ്രധാനമാണ് കഥകള്‍. എത്രയെത്ര കഥകളാണ് തിരുനബി പറഞ്ഞത്. അമ്പിയാക്കളുടെ കഥകള്‍, പൂര്‍വസമുദായങ്ങളുടെ കഥകള്‍, മൃഗങ്ങളുടെ, പക്ഷികളുടെ, മലക്കുകളുടെ…
അധികവും കൊച്ചു കൊച്ചു കഥകളാണ് പറയുക. സ്വല്പം ദീര്‍ഘമായതും പറയാറുണ്ട്. ഏത് കഥയിലും ഗുണപാഠമുണ്ടാകും.

തിരുനബി പറഞ്ഞ രണ്ടു കഥകള്‍ പങ്കുവെക്കാം. ബനൂ ഇസ്‌റാഈലില്‍ രണ്ടു സുഹൃത്തുക്കളുണ്ടായിരുന്നു. ഒരാള്‍ പാപങ്ങള്‍ ധാരാളം ചെയ്തവന്‍. മറ്റൊരാള്‍ ആരാധനകളില്‍ പരിശ്രമിക്കുന്നവന്‍. ഭക്തന്‍ ദോഷിയെ കാണുമ്പോഴൊക്കെയും ഉപദേശിച്ചുകൊണ്ടിരിക്കും. ഒരു ദിവസം ഇങ്ങനെ ഉപദേശിച്ചപ്പോള്‍ ദോഷിയായ മനുഷ്യന്‍ പറഞ്ഞു: എന്നെയും എന്റെ റബ്ബിനെയും നീ വിട്, എന്റെ കാര്യം നിരീക്ഷിക്കാന്‍ നിന്നെ ഏല്‍പ്പിച്ചിട്ടുണ്ടോ? അപ്പോള്‍ അദ്ദേഹം പറഞ്ഞു: എടാ നിനക്ക് അല്ലാഹു പൊറുത്തുതരൂല. അഥവാ നിന്നെ അവന്‍ സ്വര്‍ഗത്തില്‍ കടത്തൂല.
രണ്ടുപേരും മരണശേഷം അല്ലാഹുവിന്റെ അടുത്തെത്തി. ഭക്തനോട് അല്ലാഹു ചോദിച്ചു: എടോ നീ എന്നെ കുറിച്ച് അറിയുന്നവനായിരുന്നോ? എന്റെ അവകാശങ്ങളിലുള്ളതിന്റെ മേല്‍ അധികാരമുള്ളവനുമായിരുന്നോ? (ഞാന്‍ അദ്ദേഹത്തിന് പൊറുത്തുകൊടുക്കില്ലെന്ന് / സ്വര്‍ഗത്തില്‍ കടത്തില്ലെന്ന് നിനക്കെങ്ങനെ അറിയാം? ഞാന്‍ ഇദ്ദേഹത്തെ സ്വര്‍ഗത്തില്‍ കടത്തില്ലെന്ന് നീ പറയാന്‍ സ്വര്‍ഗം നിന്റെ അധികാരത്തിലാണോ?) ശേഷം ദോഷിയെ സ്വര്‍ഗത്തിലാക്കി. ഭക്തനെ നരകത്തിലും!
ആരാധന മാത്രം പോരാ. അല്ലാഹുവിനെ കുറിച്ചുള്ള വിശ്വാസം നന്നാവണം, അടിമകളോടുള്ള പെരുമാറ്റവും എന്ന് ഈ കഥ പറഞ്ഞുതരുന്നു. ഒപ്പം അല്ലാഹുവിന്റെ കാരുണ്യത്തിലുള്ള പ്രതീക്ഷയും ശിക്ഷയെ കുറിച്ചുള്ള പേടിയും എല്ലാവര്‍ക്കും ഉണ്ടാവണമെന്ന് പഠിപ്പിക്കുന്നു!
തിരുനബി പറഞ്ഞു: ഒരാള്‍ മരുഭൂമിയിലൂടെ നടന്നുപോകവേ, മേഘത്തില്‍ നിന്ന് ഒരു അശരീരി കേട്ടു! “ഇന്നയാളുടെ തോട്ടം നനക്കൂ’. ഉടനെ മേഘം തെന്നി സഞ്ചരിക്കുകയും കറുത്ത കല്ലുകള്‍ നിറഞ്ഞ ഒരു പ്രദേശത്ത് അത് മഴയായി പെയ്യുകയും ചെയ്തു. ആ വെള്ളം മുഴുവന്‍ ഒരു നീര്‍ച്ചാലായി ഒഴുകിവന്നു. അദ്ദേഹം ആ വെള്ളത്തിന് പിന്നാലെ പോയി. അപ്പോഴതാ ഒരു മനുഷ്യന്‍ തന്റെ തോട്ടത്തില്‍ നിന്ന് കൈക്കോട്ട് കൊണ്ട് ആ വെള്ളം തോട്ടത്തിലേക്ക് തിരിച്ചു വിട്ടുകൊണ്ടിരിക്കുന്നു! അയാള്‍ തോട്ടക്കാരനോട് പേരെന്താണെന്ന് അന്വേഷിച്ചു. മേഘത്തില്‍ നിന്ന് കേട്ട അതേ പേര്. തന്റെ പേര് എന്തിനാണ് അന്വേഷിച്ചത് എന്ന് അയാള്‍ തിരിച്ചു ചോദിച്ചു. ആഗതന്‍ കഥ വിശദീകരിച്ചു. ശേഷം ഈ തോട്ടത്തിന് ഇങ്ങനെ സവിശേഷതയുണ്ടാകാനുള്ള കാരണത്തെ കുറിച്ച് ആരാഞ്ഞു. അദ്ദേഹത്തിന്റെ മറുപടി ശ്രദ്ധേയമായിരുന്നു. അയാള്‍ തോട്ടത്തിന്റെ വരുമാനം മൂന്നായി വീതിക്കും. ഒരു വിഹിതം കൊണ്ട് കുടുംബത്തെ പോറ്റും. ഒരു വിഹിതം തോട്ടത്തിന്റെ ചെലവിന് വേണ്ടി എടുക്കും. മിച്ചം വരുന്ന ഒരു വിഹിതം ദാനം ചെയ്യും!

ദാനത്തിന്റെ മഹത്വം, വിജയങ്ങളുടെ അഭൗതിക രഹസ്യം, മലക്കുകളുടെ സേവനം, മഹാന്മാരെ കുറിച്ചുള്ള വെളിപ്പെടുത്തല്‍

ഡോ. ഫൈസല്‍ അഹ്‌സനി രണ്ടത്താണി

You must be logged in to post a comment Login