ആ വിധി ഒട്ടും നിഷ്പക്ഷമല്ല

ആ വിധി  ഒട്ടും നിഷ്പക്ഷമല്ല

ഭരണഘടനാപരമായി ഇന്ത്യ ഒരു മതേതര രാഷ്ട്രമാണെന്നതില്‍ തര്‍ക്കമില്ല. 1950-ല്‍ അംഗീകരിക്കപ്പെട്ട യഥാര്‍ത്ഥ ഭരണഘടനയില്‍ “മതേതരം’ എന്ന വാക്ക് വ്യക്തമായി ഉപയോഗിച്ചിരുന്നില്ല. എന്നാല്‍, 1940-കളില്‍ ഭരണഘടനാ നിര്‍മാണ സഭയില്‍ നടന്ന സംവാദങ്ങളില്‍ നിന്ന്, ഇന്ത്യന്‍ റിപ്പബ്ലിക് ഒരു മതേതര റിപ്പബ്ലിക്കായാണ് രൂപീകരിക്കപ്പെട്ടതെന്ന് വ്യക്തമാണ്.
രാജ്യത്തിന്റെ ഈ മതേതര സ്വഭാവം ഇന്ത്യന്‍ ജുഡീഷ്യറി പലതവണ ആവര്‍ത്തിച്ച് സ്ഥിരീകരിച്ചിട്ടുണ്ട്. ഭരണഘടനയുടെ അടിസ്ഥാന ഘടകങ്ങളില്‍ തന്നെ ഈ സ്വഭാവം ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനര്‍ഥം പാര്‍ലമെന്റില്‍ മൃഗീയഭൂരിപക്ഷമുണ്ടായാലും ഭരണഘടനയുടെ മതേതര സ്വഭാവം ഇല്ലാതാക്കാന്‍ കഴിയില്ല എന്നാണ്.

മതേതരത്വത്തെക്കുറിച്ചുള്ള ഈ ആശയം ഇന്ത്യന്‍ സാഹചര്യത്തില്‍ പലപ്പോഴും എതിര്‍ക്കപ്പെട്ടിരുന്നത് രാഷ്ട്രീയ മണ്ഡലങ്ങളിലായിരുന്നു. രാജ്യം ഭരിക്കുന്ന ഭാരതീയ ജനതാ പാര്‍ട്ടി റിപ്പബ്ലിക്കിന്റെ മതേതര വശത്തെ ഒരു ഹിന്ദു ഭൂരിപക്ഷ ലോകവീക്ഷണത്തിലേക്ക് അടുപ്പിച്ചുകൊണ്ട് പുനര്‍നിര്‍വചിക്കാന്‍ ശ്രമങ്ങള്‍ നടത്തിയിരുന്നു. പക്ഷേ, നിയമ വ്യവഹാരങ്ങളില്‍ വലിയൊരളവോളം ഭരണഘടനയെ ഉയര്‍ത്തിപ്പിടിക്കാന്‍ ഐകകണ്ഠ്യേനയുള്ള ശ്രമങ്ങളുണ്ടായിരുന്നതിനാല്‍ ഒരളവോളം അത് പ്രതിരോധിക്കപ്പെട്ടു.

ഇന്നും ഇതേ അവസ്ഥ തന്നെയാണ് തുടരുന്നത്. എന്നാല്‍ കഴിഞ്ഞയാഴ്ച, ഇന്ത്യന്‍ മതേതരത്വത്തിന്റെ നൈതിക സൂചി വ്യതിചലിച്ചുവെന്നു തോന്നുന്നു. ഇത് സമത്വത്തിന്റെയും ബഹുസ്വരതയുടെയും സങ്കല്‍പ്പങ്ങള്‍ക്ക് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. പ്രത്യേകിച്ചും രാഷ്ട്രീയം ഭൂരിപക്ഷാധിഷ്ഠിതമാകുന്ന സമയത്ത്.

ഒക്ടോബര്‍ 12-ന്, കര്‍ണാടകയിലെ സ്‌കൂളിലെ മുസ്‌ലിം വിദ്യാര്‍ഥിനികള്‍ക്ക് ഹിജാബ് ധരിക്കാനുള്ള അവകാശം നിഷേധിച്ച കേസില്‍ ഇന്ത്യയിലെ പരമോന്നത നീതിപീഠം വിഭിന്നമായ വിധിയാണ് പുറപ്പെടുവിച്ചത്. കഴിഞ്ഞയാഴ്ച ഓഫീസില്‍ നിന്ന് വിരമിച്ച ജസ്റ്റിസ് ഹേമന്ത് ഗുപ്ത, ക്ലാസില്‍ നിന്ന് ഹിജാബ് ഒഴിവാക്കിയ സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവുകള്‍ ശരിവെച്ചു. ബെഞ്ചിലെ മറ്റൊരു ജഡ്ജി ജസ്റ്റിസ് സുധാന്‍ഷു ധുലിയ ഈ വാദം തള്ളി. അന്തിമതീരുമാനം കൈവരാത്തതിനാല്‍ കേസ് ഇനി എങ്ങനെ മുന്നോട്ടുപോകണമെന്ന് ചീഫ് ജസ്റ്റിസ് തീരുമാനിക്കും.
ഇന്ത്യന്‍ മതേതരത്വത്തിന്റെ സ്വഭാവത്തെക്കുറിച്ചുള്ള വിശകലനവും ഹിജാബിനെ ഒഴിവാക്കാനായി ഉയര്‍ത്തിപ്പിടിച്ച വാദങ്ങളും പരിശോധിക്കുമ്പോള്‍ ജസ്റ്റിസ് ഗുപ്തയുടെ നിരീക്ഷണത്തില്‍ വലിയ വൈരുധ്യങ്ങളുണ്ടെന്ന് ബോധ്യപ്പെടും.

ഇന്ത്യന്‍ മതേതരത്വത്തിന്റെ സ്വഭാവം
ജസ്റ്റിസ് ഗുപ്തയുടെ അഭിപ്രായത്തിന് പ്രധാന്യം നല്‍കുന്ന പ്രധാന ഘടകം, പാശ്ചാത്യ മാതൃകയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്ത്യന്‍ മതേതരത്വത്തിന്റെ പ്രത്യേക സ്വഭാവമാണ്. അമേരിക്കന്‍, യൂറോപ്യന്‍ മാതൃകകളാണ് ഇന്ത്യന്‍ ഭരണഘടനയെ ഏറെ സ്വാധീനിച്ചത്. എന്നാല്‍ ഇന്ത്യന്‍ ഭരണഘടന പാശ്ചാത്യരില്‍ നിന്ന് നേരിട്ട് സ്വീകരിച്ചതല്ല. ഇന്ത്യന്‍ സാഹചര്യത്തില്‍ പ്രസ്തുത നിയമങ്ങളുടെ ആവശ്യകതയും യോജിപ്പും ഭരണഘടനാ അസംബ്ലി കൃത്യമായ സംവാദങ്ങള്‍ നടത്തിയാണ് സ്വീകരിക്കുന്നത്. അതിനു വേണ്ടിയാണ് അസംബ്ലി കൂടുതല്‍ സമയം ചെലവഴിച്ചത്.
സ്വാതന്ത്ര്യലബ്ധി കാലത്തെ വിഭജനാനുഭവം ഉപഭൂഖണ്ഡത്തില്‍ രണ്ട് രൂപത്തിലുള്ള രാഷ്ട്രങ്ങളെയാണ് നിര്‍മിച്ചത്. പാകിസ്ഥാന്‍ മതാധിഷ്ഠിത രാഷ്ട്രം തിരഞ്ഞെടുത്തു. പക്ഷേ, ഇന്ത്യ മതേതര രാഷ്ട്രത്തെയാണ് സൃഷ്ടിച്ചത്. വിഭാഗീയമായ പല വെല്ലുവിളികളും രാഷ്ട്രം ഇതിലൂടെ മറികടന്നു. ഇന്ത്യന്‍ രാഷ്ട്രസ്ഥാപകര്‍ മതേതരത്വം തിരഞ്ഞെടുത്തുവെന്ന് മാത്രമല്ല, ഈ മതേതരത്വം വൈവിധ്യമാര്‍ന്ന മതസ്വത്വങ്ങളുടെ ആവിഷ്‌കാരത്തിന് പ്രാപ്തമാക്കുന്ന ഒരു സവിശേഷതയായി കാണപ്പെട്ടു. മതേതര മണ്ഡലത്തില്‍ മതപരമായ ആവിഷ്‌കാരങ്ങള്‍ ഇല്ലാതാക്കുന്നത് ചെറുക്കപ്പെടേണ്ടതാണെന്ന അര്‍ഥത്തില്‍ അത് പാശ്ചാത്യ മാതൃകയില്‍ നിന്ന് വ്യതിചലിക്കുന്നു.
പകരം, ഒരു ഇന്ത്യന്‍ മോഡല്‍, അത് ജുഡീഷ്യറിയും മനസ്സിലാക്കുന്നത് പോലെ, മതസമൂഹങ്ങളുടെ തുല്യ പരിഗണനയാണ്. ഇന്ത്യന്‍ ഭരണഘടന പ്രകാരം, ഒരു സംസ്ഥാനത്തിന് ഒരു മതത്തെക്കാള്‍ മറ്റൊന്നിന് മുന്‍ഗണന നല്‍കാന്‍ കഴിയില്ല. വ്യക്തിഗതമായി മതം ആചരിക്കുന്നവര്‍ക്ക് അവരുടെ മതവിശ്വാസങ്ങള്‍ പ്രകടിപ്പിക്കാന്‍ തുല്യ അവകാശമുണ്ട്. പൊതുക്രമം, ധാര്‍മികത, ആരോഗ്യം, സാമൂഹിക പരിഷ്‌കരണ ശ്രമങ്ങള്‍ തുടങ്ങിയ പരിഗണനകള്‍ക്കായി ചില നിയന്ത്രണങ്ങള്‍ ഭരണകൂടത്തിന് വെക്കാമെങ്കിലും ആത്യന്തികമായി ഇത് മൗലികാവകാശത്തിന്റെ കീഴില്‍ തന്നെയാണ് വരുന്നത്.

മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, മതം എന്ന ആശയത്തില്‍ നിന്ന് പൂര്‍ണമായി വേര്‍പെടുത്തുന്ന തരത്തിലുള്ള നിഷ്പക്ഷത അവകാശപ്പെടുന്ന, മതേതര ഇടങ്ങള്‍ എന്ന് വിളിക്കപ്പെടുന്ന, പാശ്ചാത്യ രാജ്യങ്ങളില്‍ സാധ്യമായ ഒന്ന്, മതപരമായ ആവിഷ്‌കാരം താല്‍ക്കാലികമായി നിര്‍ത്താന്‍ ഭരണകൂടത്തിന് ആവശ്യപ്പെടാനാവില്ല. ഇവിടെ സമത്വമെന്നാല്‍ മതപരമായ അഭിപ്രായപ്രകടനത്തിനുള്ള തുല്യ അവകാശമാണ്. തുല്യമായ അളവില്‍ പ്രകടിപ്പിക്കാതിരിക്കാന്‍ നിര്‍ബന്ധിക്കുക എന്നല്ല ഇതിനര്‍ഥം.

വൈരുദ്ധ്യങ്ങളുടെ വിധി
ജസ്റ്റിസ് ഹേമന്ത് ഗുപ്ത തന്റെ അഭിപ്രായത്തില്‍ ഈ ഇന്ത്യന്‍ മാതൃക ചൂണ്ടിക്കാണിക്കാന്‍ ശ്രമിക്കുന്നുണ്ട്. ക്ലാസ്മുറികളില്‍ ഹിജാബ് അനുവദിച്ച് മതപരമായ ആവിഷ്‌കാരത്തിന് തുറന്നുകൊടുക്കുകയല്ല വേണ്ടത്, മറിച്ച് ഭരണകൂടത്തിന്റെ തുല്യനോട്ടത്തിന് മതേതര ഇടത്തില്‍ മതം പ്രകടിപ്പിക്കാതിരിക്കാന്‍ നിയമ സാധുത നല്‍കുകയാണ് വേണ്ടത്. ഒരു വിദ്യാര്‍ഥിക്കും ക്ലാസ്മുറിയില്‍ അവരുടെ മതപരമായ സ്വത്വം പരസ്യമായി പ്രകടിപ്പിക്കാന്‍ കഴിയില്ലെന്ന് ഉറപ്പാക്കുന്നതാണ് സമത്വം. കിര്‍പാന്‍ അല്ലെങ്കില്‍ തലപ്പാവ് ധരിക്കുന്ന സിഖ് സമുദായത്തിന്റെതടക്കം. ഇവിടെ അച്ചടക്കം എന്ന് ഭരണകൂടം കരുതുന്ന കാര്യങ്ങളില്‍ അചഞ്ചലമായ പ്രതിബദ്ധത വിദ്യാര്‍ഥികളില്‍ നിന്ന് ഉണ്ടാവേണ്ടതുണ്ട്; ജസ്റ്റിസ് ഹേമന്ത് ഗുപ്തയുടെ അഭിപ്രായമിങ്ങനെയാണ്.

എന്നാല്‍, ജസ്റ്റിസ് ഗുപ്തയുടെ ഇന്ത്യന്‍ മതേതരത്വ വിശദീകരണത്തിലും അദ്ദേഹത്തിന്റെ അന്തിമ വിധിയിലും ഒരു വൈരുദ്ധ്യം ഉയര്‍ന്നുവരുന്നു. ഈ അഭിപ്രായം അടിസ്ഥാനപരമായി ഇന്ത്യന്‍ മതേതരത്വത്തെ ചില പാശ്ചാത്യ സമൂഹങ്ങളില്‍ നിലവിലുള്ള മാതൃകയിലേക്കാണ് അടുപ്പിക്കുന്നത്. അത് പാശ്ചാത്യന്‍ മാതൃകയാണ്. ഇന്ത്യന്‍ മോഡലല്ല. പാശ്ചാത്യ നാടുകളില്‍ ചര്‍ച്ചും ഭരണകൂടവും തമ്മിലുള്ള കര്‍ശനമായ വേര്‍തിരിവുകള്‍ക്ക് അവര്‍ സ്ഥാപിച്ച നിയമങ്ങളാണവ. അതൊരിക്കലും ഇന്ത്യന്‍ ഇടങ്ങളില്‍ സ്വീകാര്യവുമല്ല.

മതപരമായ അഭിപ്രായപ്രകടനത്തിനുള്ള അവകാശം താല്‍ക്കാലികമായി നിര്‍ത്താന്‍ കഴിയുന്ന ഒരു ക്ലാസ്‌റൂം പോലെ നിര്‍ണിത ഇടം സൃഷ്ടിക്കാന്‍ ഇന്ത്യയിലെ സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ട് എന്നതാണ് ഇത് അര്‍ഥമാക്കുന്നത്. എല്ലാ മതങ്ങള്‍ക്കും ഒരുപോലെ ബാധകമാണെങ്കില്‍ തുല്യത എന്ന ഭരണഘടനാ തത്വത്തിന് വിഘാതമാകില്ലെന്നാണ് വാദം. എല്ലാത്തിനുമുപരി, ഭരണകൂടം, മതപരമായ ഒരു ആവിഷ്‌കാരവും അനുവദിക്കാതെ എല്ലാവരേയും തുല്യമായി പരിഗണിക്കുന്നുവെന്നും.
എന്നാല്‍, പ്രവര്‍ത്തനക്ഷമമാക്കുന്നതും പ്രവര്‍ത്തനരഹിതമാക്കുന്നതും തമ്മിലുള്ള വ്യത്യാസമിതാണ്. ഇവിടെ ചോദിക്കേണ്ട പ്രധാന ചോദ്യമിതാണ്; ഈ സ്ഥാപകര്‍ ഇന്ത്യയെ സെക്യുലര്‍ ആക്കുകയാണോ ചെയ്തത്? ഇന്ത്യയുടെ മതവൈവിധ്യവും ബഹുസ്വരതയും സംരക്ഷിക്കുന്ന നിലപാടാണോ സ്വീകരിച്ചത്, അതല്ല, മതത്തിനെതിരായി മതവൈവിധ്യത്തെയും ബഹുസ്വരതയെയും തകര്‍ക്കുകയാണോ ചെയ്തത്? വര്‍ഷങ്ങളായുള്ള ജുഡീഷ്യല്‍ വ്യാഖ്യാനങ്ങളില്‍ നിന്ന് ഇത് മനസ്സിലാക്കിയെടുക്കാവുന്നതേ ഉള്ളൂ.
ഇവിടെ ഒരു സുപ്രധാന കാര്യമുണ്ട്. മുസ്‌ലിം വിദ്യാര്‍ഥിനികളുടെ ഹിജാബ് ധരിക്കാനുള്ള അവകാശത്തെ ഇല്ലാതാക്കുക മാത്രമല്ല, സ്‌കൂളില്‍ പോകുന്ന ഓരോ കുട്ടിയുടെയും മതപരമായ സ്വത്വം പ്രകടിപ്പിക്കാനുള്ള അവകാശത്തെ ഒറ്റയടിക്ക് നിഷേധിക്കുക കൂടിയാണ്. പൊതുവെ നിഷ്പക്ഷമെന്ന് തോന്നിക്കുമെങ്കിലും ഈ നിയമം വ്യക്തികളുടെ മേലുള്ള ഭരണകൂടത്തിന്റെ കടന്നുകയറ്റമാണ് വ്യക്തമാക്കുന്നത്.

ഒരു ഏകീകൃത സാംസ്‌കാരിക ഐഡന്റിറ്റി ആവശ്യപ്പെടുന്ന ലെസിറ്റേ എന്ന ആശയം പിന്തുടരാനുള്ള രാജ്യത്തിന്റെ ഉത്തരവാദിത്വം ചൂണ്ടിക്കാട്ടി 2004 ല്‍ പൊതുവിദ്യാലയങ്ങളില്‍ ഹിജാബ് ധരിക്കുന്നത് നിരോധിച്ച ഫ്രാന്‍സിലാണ് ഈ നിയമത്തിന്റെ ഒരു സമാനത വായിക്കാനാവുന്നത്. എല്ലാ പൊതുഇടങ്ങളിലും ശിരോവസ്ത്രം ധരിക്കുന്നത് നിയമപരമായ നിരോധിക്കാനുള്ള ശ്രമങ്ങള്‍ തുടര്‍ച്ചയായി അവിടെ നടന്നിരുന്നു.

സാമൂഹിക-രാഷ്ട്രീയ പരിണത ഫലങ്ങള്‍
മുസ്‌ലിം സാംസ്‌കാരിക അടയാളങ്ങളെ ലക്ഷ്യംവെച്ചുള്ള ഈ പ്രവര്‍ത്തനങ്ങള്‍ ആഫ്രിക്കയിലെ ക്രൂരമായ ഫ്രഞ്ച് കോളനിവത്കരണവുമായാണ് ബന്ധപ്പെട്ടുകിടക്കുന്നത്. നിലവില്‍ ഇന്ത്യയില്‍ ഉന്നയിക്കപ്പെടുന്ന ചില വാദങ്ങള്‍ക്ക് സമാന്തരമായ വിവരണങ്ങള്‍ അവിടെ കാണാനാവും. അള്‍ജീരിയയില്‍ മുസ്‌ലിം സ്ത്രീകള്‍ അടിച്ചമര്‍ത്തപ്പെട്ടവരാണെന്ന് ഫ്രഞ്ചുകാര്‍ അവകാശപ്പെടുകയും അവരുടെ വിമോചനത്തിനായി മുസ്‌ലിം ആചാരങ്ങളില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള ഒരു തന്ത്രമായി ഉപയോഗിക്കുകയും ചെയ്തു.

മതപരമായ ആവിഷ്‌കാരങ്ങളും അതിന്റെ അനന്തരമായി ഭരണഘടനാപരമായ അവകാശങ്ങളും പൂര്‍ണമായും സസ്പെന്‍ഡ് ചെയ്യപ്പെടുന്ന അവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഭരണകൂടത്തെ അനുവദിക്കുന്നതില്‍ രൂക്ഷമായ ഒരു പ്രശ്നമുണ്ട്. ഭരിക്കുന്ന ഭരണസംവിധാനം പ്രബലമായ മതവുമായി ബന്ധപ്പെടുത്തുകയും അനുഭാവം പ്രകടിപ്പിക്കുകയും ചെയ്യുമ്പോള്‍, ന്യൂനപക്ഷ അവകാശങ്ങളെ അടിച്ചമര്‍ത്താന്‍ കര്‍ശനമായ മതനിരപേക്ഷത ഉപയോഗിക്കുമ്പോള്‍, പ്രസ്തുത മതത്തിന്റെ സ്വത്വം മാത്രം പ്രകടിപ്പിക്കാന്‍ അനുവദിക്കുന്നതിനുള്ള വഴികള്‍ അവര്‍ കണ്ടെത്തും. ഫ്രാന്‍സില്‍ തന്നെ നോക്കുക, പൊതുഇടങ്ങളിലെ മുസ്‌ലിം സ്വത്വപ്രകാശനങ്ങള്‍ മാത്രമാണ് അവര്‍ക്ക് പ്രശ്‌നമായി തോന്നിയതും നടപടിയെടുത്തതും. ക്രിസ്ത്യന്‍ സ്വത്വപ്രകാശനങ്ങള്‍ അവര്‍ക്ക് ഒരു പ്രശ്‌നമായി തോന്നിയതു പോലുമില്ല.

മതപരമായ കാര്യങ്ങളില്‍ ഭരണകൂടത്തിന് ഒരഭിപ്രായമുണ്ടാകരുത് എന്നല്ല ഇതിനര്‍ഥം. ഇന്ത്യന്‍ ഭരണഘടനയില്‍ സംസ്ഥാനത്തിന് വ്യക്തമായ പങ്കുനല്‍കുന്നുണ്ട്. മതവും ഭരണകൂടവും തമ്മിലുള്ള സന്തുലിതാവസ്ഥ സൃഷ്ടിക്കുകയും ചെയ്യുന്നു. ജസ്റ്റിസ് ധൂലിയ അഭിപ്രായപ്പെട്ടത് ഗുപ്തയുടെ അഭിപ്രായത്തില്‍ തീര്‍ത്തും വ്യത്യസ്തമായായിരുന്നു. ക്ലാസ് മുറികളില്‍ ശിരോവസ്ത്രം അനുവദിക്കണമെന്ന മുസ്‌ലിം ആവശ്യം ന്യായമാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി. സമൂഹത്തിലെ അസാധാരണമായ മതവൈവിധ്യം കണക്കിലെടുത്ത് ഇന്ത്യയ്ക്ക് മതേതരത്വത്തില്‍ സ്വന്തമായ മാതൃകയുണ്ട് എന്നതാണ് കാരണം. ജസ്റ്റിസ് ഗുപ്തയുടെ വിധി ആഴത്തില്‍ പരിശോധിക്കുമ്പോള്‍ അടിസ്ഥാനപരമായ ഈ മാതൃകയെ നിഷേധിക്കുകയാണ് ചെയ്യുന്നത്. സംരക്ഷിക്കുകയല്ല.

(വിയന്ന സെന്‍ട്രല്‍ യൂറോപ്യന്‍ യൂണിവേഴ്‌സിറ്റിയില്‍ ഭരണഘടന നിയമ താരതമ്യപഠനത്തില്‍ ഡോക്ടറല്‍ കാന്‍ഡിഡേറ്റാണ് ലേഖകന്‍)
കടപ്പാട് : സ്‌ക്രോള്‍.ഇന്‍
വിവ. എബി

You must be logged in to post a comment Login