നെടുവീർപ്പിടുക അനീതി സംഭവിച്ചിരിക്കുന്നു

നെടുവീർപ്പിടുക അനീതി സംഭവിച്ചിരിക്കുന്നു

“സംവരണം ഇന്ത്യ ചര്‍ച്ചക്കെടുക്കാറുള്ള സന്ദര്‍ഭം പ്രത്യേകമായി പരിശോധിക്കണം. സംവരണത്തെക്കുറിച്ച് ഇന്ത്യ ചര്‍ച്ച ചെയ്യുന്നത് സംവരണവിരുദ്ധമായ ഒരു മൊമന്റം രൂപം കൊള്ളുമ്പോള്‍ മാത്രമാണ്. അതായത് സംവരണ വിരുദ്ധമായ അന്തരീക്ഷത്തിലാണ്. ശാന്തമായ അന്തരീക്ഷത്തില്‍ അല്ല. ശാന്തമായ ഒരന്തരീക്ഷത്തില്‍, ജനാധിപത്യപരമായ ഒരന്തരീക്ഷത്തില്‍ സംവരണം എന്താണ് എന്ന് ആലോചിക്കുന്ന ഒരു ശീലം ഇന്ത്യക്കില്ല. സംവരണ വിരുദ്ധതയുടെ ഓളം നിലനില്‍ക്കുന്ന ഒരന്തരീക്ഷത്തില്‍ നമ്മള്‍ സംവരണത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ നമ്മള്‍ സംവരണവിരുദ്ധരെയാണ് സംബോധന ചെയ്യുന്നത്. അതായത് സംവരണം എന്ന ആശയത്തില്‍ നമ്മുടെ നാട്ടില്‍ സംവാദങ്ങള്‍ സാധ്യമാകാറില്ല എന്നര്‍ഥം’ സണ്ണി കപിക്കാട് കാലടി സര്‍വകലാശാലയില്‍ നടത്തിയ ഒരു പ്രഭാഷണം തുടങ്ങിയത് ഏതാണ്ട് ഇങ്ങനെയാണ്.
നാമിനി സംസാരിക്കുന്നത് സവര്‍ണ സംവരണത്തിന് സാധുത നല്‍കിയ സുപ്രീം കോടതിയുടെ ഭരണഘടനാ ബഞ്ചിന്റെ ഭൂരിപക്ഷ വിധിയെക്കുറിച്ചാണ്. ആ വിധിയെക്കുറിച്ചുള്ള നമ്മുടെ സംഭാഷണം വാസ്തവത്തില്‍ സംവരണം എന്ന ആശയത്തെക്കുറിച്ചും സംവരണം എന്ന ചരിത്രപ്രധാനമായ പ്രയോഗത്തെക്കുറിച്ചും ആകേണ്ടതാണ്. പക്ഷേ, കപിക്കാട് അടിവരയിട്ടതുപോലെ അന്തരീക്ഷം ഇപ്പോള്‍ സംവരണ വിരുദ്ധ ആഘോഷത്തിന്റേതാണ്. സവര്‍ണ സംവരണം ഭരണഘടനയുടെ ഭാഗമായതല്ല ആ ആഘോഷത്തിന്റെ ഒന്നാം കാരണം. മറിച്ച് സംവരണാര്‍ഹരോട് സവര്‍ണര്‍ കാലങ്ങളായി പുലര്‍ത്തുന്ന മനോഭാവത്തിന്റെ ആഘോഷമാണ്. അതിനാല്‍ നാമിപ്പോള്‍ സംവരണത്തിന്റെ കാതല്‍ സാമ്പത്തികമല്ല എന്നും സാമൂഹികമാണ് എന്നും പറഞ്ഞാല്‍ അവര്‍ സംവാദം കൊട്ടിയടയ്ക്കും. അതിനാല്‍ നമുക്ക് കോടതിയില്‍ നിന്ന് തുടങ്ങാം. ഇന്ത്യ എന്ന ദേശം അതിന്റെ സാമൂഹികതയ്ക്ക് നല്‍കിയ അതിമഹത്തായ ഒരു പ്രയോഗത്തിന്റെ അടിത്തറയിളകിയ ജുഡീഷ്യല്‍ സന്ദര്‍ഭത്തെക്കുറിച്ച് പറയാം. അതിദീര്‍ഘമായ സംവാദങ്ങള്‍ക്കൊടുവില്‍ ഇന്ത്യന്‍ ഭരണഘടനയില്‍ ഇടം പിടിച്ച ഒന്നാണ് സാമൂഹിക സംവരണം. തുല്യതയില്‍ നിന്ന് പുറപ്പെട്ട് വന്ന ഉപനിർദേശമാണത്. അനുച്ഛേദം 15(4), 16(4) എന്നിവ സംവരണത്തെ സാധൂകരിക്കുന്നു.
ആര്‍ട്ടിക്കിള്‍ 15 അവസര സമത്വമാണ്. മതം, വംശം, ജാതി, ലിംഗം, ജന്മസ്ഥലം തുടങ്ങിയ യാതൊരു കാരണത്താലും ഒരു വിവേചനവും പാടില്ല എന്ന്. അതേ അനുച്ഛേദം നാലാം ഇളവായി നടത്തിയ പ്രഖ്യാപനം വായിക്കാം.

Nothing in this article or in clause(2) of article 29 shall prevent the state from making any special provision for the advancement of any socially and educationally backward classes of citizens or for the Scheduled Caste and the Scheduled Tribes. എന്നുവെച്ചാല്‍ സംവരണം ആവാം എന്ന്. സംവരണം സ്‌റ്റേറ്റിന് നടപ്പാക്കാം എന്ന്.
ഇനി 16 വായിക്കാം. There shall be equality of opportunity for all citizens in matters relating to employment or appointment to any office under state എന്നുവെച്ചാല്‍ അവസര സമത്വം. 16-ാം ആര്‍ട്ടിക്കിളിനുമുണ്ട് ഒരു നാലാം ക്ലോസ്.

Nothing in this article shall prevent the State from making any provision for the reservation of appointments or posts in favour of any backward class of citizens which, in the opinion of the State, is not adequately represented in the services under the State. പ്രാതിനിധ്യം കുറവുള്ള വിഭാഗങ്ങള്‍ക്ക് അതുണ്ടാക്കാന്‍ സംവരണം നല്‍കാം.
ലളിതമായി പറഞ്ഞുപോകേണ്ടതല്ല ഈ രണ്ട് ഉപ വകുപ്പുകളും. നിരവധി നൂറ്റാണ്ടുകള്‍ ഒരു ജനത അനുഭവിച്ച കൊടിയ അനീതികളുടെ ചോരയും കണ്ണീരും തളംകെട്ടി നില്‍പുണ്ട് ആ വരികളില്‍. ജന്മം മാത്രം കാരണമായി അടിച്ചമര്‍ത്തപ്പെട്ട മനുഷ്യര്‍. മുഖ്യധാരയിലേക്ക് വരാന്‍ കഴിയാത്ത മനുഷ്യര്‍. വെളിച്ചം നിഷേധിക്കപ്പെട്ടവര്‍. അതുമാത്രമല്ല ഭാഷാ ന്യൂനപക്ഷമായതിനാല്‍, മത ന്യൂനപക്ഷമാതിനാല്‍ അവസര സമത്വം പോയിട്ട് അവസരം പോലും നിഷേധിക്കപ്പെട്ട മനുഷ്യര്‍. അവര്‍ക്ക് കാലം ഒരു ദേശത്തെക്കൊണ്ട് നടത്തിയ പ്രായച്ഛിത്തം.

അത്ര എളുപ്പമായിരുന്നില്ല അത്. ജാത്യാധികാരം അത്ര ചെറിയ അധികാരമല്ലല്ലോ? സംവരണത്തിനെതിരെ പലതരം അട്ടിമറി നീക്കങ്ങളുണ്ടായി. പക്ഷേ, സംവരണം നാമിന്ന് കാണുന്നതുപോലെ അതിജീവിച്ചു. കാര്യങ്ങള്‍ മാറാന്‍ തുടങ്ങിയത് നമുക്കറിയുന്നതുപോലെ ഹിന്ദുത്വയുടെ അധികാരാര്‍ജനത്തിലൂടെയാണ്. പ്രത്യക്ഷത്തില്‍ ഹിന്ദുത്വയോ അവരുടെ പ്രഭവസ്ഥാനമായ ആര്‍ എസ് എസോ ഒരു ഘട്ടത്തിലും സംവരണത്തെ തള്ളിപ്പറഞ്ഞതായി രേഖകളില്‍ ഇല്ല. പക്ഷേ, ഹിന്ദുത്വയുടെ അടിവേരില്‍ പിളര്‍പ്പിന്റെ ബലങ്ങളുണ്ട്. ആ പിളര്‍പ്പ് ജാതീയമാണ്. ഭൂവുടമാപരമാണ്. സാമൂഹിക പദവിപരമാണ്. ഇത്തരം പിളര്‍പ്പുകളെ മറികടക്കാനുള്ള ഭരണഘടനാപരമായ, രാഷ്ട്രീയമായ, സാമൂഹികമായ എഞ്ചിനീയറിംഗാണല്ലോ സംവരണം. സ്വാഭാവികമായും സംവരണത്തിന്റെ അന്തസത്തയെ റദ്ദാക്കല്‍ അവരുടെ വെളിപ്പെടുത്താത്ത നയവുമാവും. എല്ലാറ്റിലുമുപരി സവര്‍ണ വോട്ട് എന്ന സ്ഥിര നിക്ഷേപം നല്‍കുന്ന പ്രലോഭനവും. അങ്ങനെയാണ് സാമൂഹിക നീതിയില്‍ അധിഷ്ഠിതമായ, പൂര്‍ണമായും സോഷ്യല്‍ എഞ്ചിനീയറിംഗായ സംവരണത്തിലേക്ക് സാമ്പത്തിക നീതിയുടെ ആശയത്തെ പ്രക്ഷേപണം ചെയ്യാനുള്ള നീക്കങ്ങള്‍ ഉണ്ടായത്.

നിര്‍ഭാഗ്യവശാല്‍ ചരിത്രപരമായ ഈ ചതിക്ക് ഇടതുപക്ഷവും അവര്‍ക്ക് ഭരണമുള്ള കേരളവും നിര്‍ലജ്ജം കൂട്ടുനിന്നു. ഇടതിനെ നയിക്കുന്ന സി പി എമ്മിന്റെ അടിസ്ഥാന ദര്‍ശനം സാമ്പത്തിക വാദപരമാണല്ലോ? ജാതി എന്ന ഭൗതിക ശക്തിയെപോലും മാര്‍ക്‌സിസ്റ്റ് വിരുദ്ധമായാണ് ഇന്ത്യയിലെ സി പി എം തത്വത്തില്‍ മനസിലാക്കുന്നത്. നൂറ്റാണ്ടുകളായി തുടര്‍ന്ന് ജനിതകം പോലെ ഉറച്ച ജാതിയെ കേവലം തൊഴില്‍ വിഭജനമായാണ് അവര്‍ മനസിലാക്കുന്നത്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസാകട്ടെ അവരുടെ ഡി എന്‍ എയില്‍ ആഴത്തിലുള്ള സവര്‍ണ താല്‍പര്യത്താല്‍ പ്രചോദിതരായി സംവരണത്തെ സാമ്പത്തിക നീതിയാക്കാന്‍ കൂട്ടും നിന്നു. അങ്ങനെ 2019-ല്‍ ഇന്ത്യന്‍ പാര്‍ലമെന്റ് സംവരണം എന്ന ആശയത്തിന്റെ ഏഴ് പതിറ്റാണ്ട് പഴക്കമുള്ള കാതലില്‍ ഭേദഗതിയിലൂടെ കത്തിവെച്ചു. അതായിരുന്നു 103-ാം ഭേദഗതി. ആര്‍ട്ടിക്കിള്‍ 15-ലും 16-ലും 15(6), 16(6) എന്നിങ്ങനെ ആയിരുന്നു കൂട്ടിച്ചേര്‍ക്കല്‍. provide up to 10 per cent reservation to the economically weaker sections (EWS) among non-OBC and non-SC/ST sections of the population എന്ന്. അതായത് മുന്നോക്ക സമുദായത്തിലെ സാമ്പത്തികമായി പിന്നോക്കം നിക്കുന്ന വിഭാഗത്തിന് (EWS) 10 ശതമാനം സംവരണം. സാമൂഹികവും വിദ്യാഭ്യാസപരവുമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്കുവേണ്ടി പ്രത്യേക നടപടികള്‍ സ്വീകരിക്കാം എന്ന ഭരണഘടനയുടെ ലക്ഷ്യത്തോട് സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെക്കൂടി കൂട്ടിച്ചേര്‍ത്തു. അങ്ങനെ സാമ്പത്തിക പിന്നോക്കാവസ്ഥ ഉള്ളവര്‍ക്ക് പത്ത് ശതമാനം സംവരണം വന്നു. ആ പത്തു ശതമാനത്തില്‍ നിന്ന് ഇപ്പോള്‍ സംവരണം ലഭ്യമായ എസ് സി/എസ് ടി/ ഒ ബി സി വിഭാഗത്തില്‍ പെട്ടവരെ ഒഴിവാക്കുകയും ചെയ്തു. അതായത് സവര്‍ണരായ ദരിദ്രര്‍ക്ക് സംവരണം എന്ന നില വന്നു.
ഈ ദരിദ്രരുടെ മാനദണ്ഡം നിങ്ങളെ അമ്പരപ്പിക്കും. മാസം 65000 രൂപ വരെ വരുമാനമുള്ളവര്‍ ദരിദ്രരാണ്. കേരളത്തില്‍ ആകട്ടെ ഗ്രാമപ്രദേശങ്ങളില്‍ 75 സെന്റ് സ്ഥലം ഉള്ളവരും കോര്‍പ്പറേഷനില്‍ 50 സെന്റ് വരെ സ്ഥലമുള്ളവരും ദരിദ്രരാണ്. നോക്കൂ, കൊച്ചി കോർപ്പറേഷനില്‍ 50 സെന്റ് സ്ഥലം ഉള്ളയാളുടെ ദാരിദ്ര്യം! എന്താണ് ഈ ഭേദഗതിയുടെ ലക്ഷ്യം എന്ന് വ്യക്തമല്ലേ? സാമ്പത്തിക സംവരണം എന്ന ലേബലൊട്ടിച്ച സവര്‍ണ സംവരണം എന്നല്ലാതെ എന്തുപറയണം?

മുസ്‌ലിം ലീഗ്, ഉവൈസി എന്നീ ദുര്‍ബലമായ എതിര്‍പ്പുകളെ മറികടന്ന് നിയമം പാര്‍ലമെന്റ് കടന്നു. സ്വാഭാവികമായും കോടതിയിലെത്തി. ഭരണഘടനയുടെ അന്തസത്തയും ഭരണഘടനാശില്‍പികളുടെ സാമൂഹ്യ ഭാവനയും തിരിച്ചറിഞ്ഞ് സംവരണത്തിന്റെ സത്തയെ സംരക്ഷിക്കേണ്ട ബാധ്യത അങ്ങനെ സുപ്രീം കോടതിക്കായി.

പാര്‍ലമെന്റ് പാസാക്കിയ ഈ നിയമം ഭരണഘടനാ വിരുദ്ധമാണോ എന്നായിരുന്നു പരിശോധിക്കേണ്ടത്. കേശവാനന്ദ ഭാരതി കേസിലെ സുപ്രധാനമായ വിധി നമുക്ക് മാര്‍ഗരേഖയായി ഉണ്ട്. ഭരണഘടനയുടെ കാമ്പില്‍ ഭേദഗതി പാടില്ല. അപ്പോള്‍ കോടതിക്ക് മുന്നിലുള്ള വിഷയം ആര്‍ട്ടിക്കിള്‍ 15ഉം 16ഉം കാമ്പാണോ, ഇളക്കാന്‍ പാടില്ലാത്തതാണോ എന്നാണ്. അഞ്ചംഗ ഭരണഘടനാ ബെഞ്ച് പരിശോധിച്ചതും അതാണ്. പൂര്‍ണമായ ന്യായാധിപരുടെ സാമൂഹിക ഉള്‍ക്കാഴ്ചക്ക് നിര്‍ണായക പങ്കുള്ള ഒരു വ്യവഹാരം. പക്ഷേ, അഞ്ചംഗ ബെഞ്ചില്‍ മൂന്നുപേര്‍ ഈ ഭേദഗതി ഭരണഘടനാ വിരുദ്ധമല്ല എന്ന് വിധിച്ചു. അങ്ങനെ വിധിച്ച ഒരാള്‍ ജസ്റ്റിസ് ജെ ബി പാര്‍ഡിവാലയാണ്. സംവരണത്തോടുള്ള തന്റെ വിയോജിപ്പ് പലഘട്ടങ്ങളില്‍ വെളിവാക്കിയിട്ടുണ്ട് അദ്ദേഹം. സംവരണത്തേയും അഴിമതിയേയും രാജ്യത്തിന്റെ എതിരാളിയായി കണക്കാക്കുന്ന ഒരാളാണെന്ന് അദ്ദേഹം പലപ്പോഴും വ്യക്തമാക്കിയിട്ടുമുണ്ട്. ഈ വിധിയിലും അതേ നിലപാട് അദ്ദേഹം തുടര്‍ന്നു. “പത്ത് വര്‍ഷം കഴിയുമ്പോള്‍ സംവരണം നിര്‍ത്തലാക്കി സാമൂഹിക മൈത്രി കൊണ്ടുവരണം എന്നായിരുന്നു അംബേദ്കറുടെ ആശയം. എന്നാല്‍ ഇത് ഏഴ് പതിറ്റാണ്ട് കഴിഞ്ഞും തുടര്‍ന്ന് പോകുന്നു. സ്വാർഥ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി, അനന്തകാലത്തേക്ക് ഇത് തുടരാന്‍ കഴിയില്ല.’ എന്ന് എഴുതിച്ചേര്‍ത്തു. ജാത്യാടിസ്ഥാനത്തിലുള്ള സംവരണം നിര്‍ത്തലാക്കുന്നതിന്റെ ആദ്യ പടിയായി ഈ ഭേദഗതിയെ അദ്ദേഹം വ്യാഖ്യാനിച്ചു. ഭേദഗതിയെ അനുകൂലിച്ച രണ്ടാമത്തെ ജഡ്ജി ജസ്റ്റിസ് ബേല ത്രിവേദിയാണ്. സ്വാതന്ത്ര്യത്തിന്റെ 75-ാം വര്‍ഷത്തില്‍ നമ്മള്‍ സംവരണത്തെ പുനഃപരിശോധിക്കേണ്ടതുണ്ട് എന്നായിരുന്നു വിധി. “ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 38, 39, 46 വിശദീകരിക്കുന്ന നിർദേശക തത്വങ്ങള്‍ പ്രകാരം സാമ്പത്തിക നീതി സമൂഹത്തില്‍ കൊണ്ടുവരുന്നതിന് ഗവണ്‍മെന്റ് സ്വീകരിക്കുന്ന നടപടികള്‍ക്ക് എതിരെ “അടിസ്ഥാനഘടനാ തത്വം’ പ്രയോഗിക്കാന്‍ കഴിയില്ല. കാരണം അനുഛേദം പതിനഞ്ചിന്റെയും പതിനാറിന്റെയും ഭാഗമായി വരുന്ന സംവരണം, തുല്യതാ തത്വത്തിന് വിരുദ്ധമായ ഒരു ആനുകൂല്യം ആയതുകൊണ്ട് തന്നെ അതിനെ അടിസ്ഥാന ഘടനയുടെ ഭാഗമായി കണക്കാക്കാന്‍ കഴിയില്ല.” എന്ന് ജസ്റ്റിസ് ദിനേശ് മഹേശ്വരിയും വിധിച്ചു. വിധിയില്‍ വിയോജിച്ച് ജസ്റ്റിസ് എസ് ആര്‍ ഭട്ട് നടത്തിയ നിരീക്ഷണങ്ങള്‍ വായിക്കാം. “സംവരണത്തിന് സാമ്പത്തിക മാനദണ്ഡം കൊണ്ടുവരുന്നത് അനുവദനീയമാണ്. എന്നാല്‍ അതില്‍ നിന്ന് സാമൂഹ്യമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങളെ മാറ്റി നിര്‍ത്തുന്നത്, അതായത് അവര്‍ക്ക് വേറെ സംവരണം ഉണ്ട് എന്നതിന്റെ പേരില്‍, അനീതിയാണ്.’ ഫലത്തില്‍ സംവരണം ഒരു സാമ്പത്തിക നീതി നടപ്പാക്കല്‍ അല്ല എന്ന പ്രധാന നിഗമനത്തിലേക്ക് വിയോജിച്ച ന്യായാധിപനും എത്തുന്നില്ല എന്ന് കാണാം. വിയോജിച്ച രണ്ടാമന്‍ ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡാണ്. അദ്ദേഹമാകട്ടെ നിരീക്ഷണങ്ങള്‍ നടത്തിയിട്ടുമില്ല.

അതായത് സംവരണം എന്ന സാമൂഹിക നീതി സങ്കല്‍പം സാമ്പത്തിക സഹായം എന്ന താല്‍ക്കാലിക ഭരണ നടപടിയായി വായിക്കാന്‍ തുടങ്ങിയിരിക്കുന്നു. പിന്നോക്ക ജാതിക്കാര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും തൊഴിലും സ്‌റ്റൈപ്പന്റും കൊടുക്കുന്ന ഒരു ഔദാര്യ പദ്ധതിയായി സംവരണം എന്ന മഹത്തായ പ്രയോഗത്തെ അധഃപ്പതിപ്പിച്ചിരിക്കുന്നു.

ഏഴ് പതിറ്റാണ്ടായി സംവരണം നിലനില്‍ക്കുന്നു. സണ്ണി കപിക്കാട് ചൂണ്ടിക്കാണിച്ച ഒരുദാഹരണമുണ്ട്്. നിരവധി എം എല്‍ എമാര്‍ സംവരണ വിഭാഗത്തില്‍ നിന്ന്, ദളിതരില്‍ നിന്ന് കേരള നിയമസഭയില്‍ എത്തിയിട്ടുണ്ട്. അതെല്ലാം സംവരണ സീറ്റില്‍ നിന്നാണ്. സംവരണമില്ലാത്ത ഒന്നാണ് രാജ്യസഭാ സീറ്റ്. ഏഴു പതിറ്റാണ്ടിനിടെ കേരളത്തില്‍ നിന്ന് ഒരു ദളിതനും രാജ്യസഭ കണ്ടില്ല. ഈ ഉദാഹരണത്തിലുണ്ട് സംവരണം എന്തിനെന്ന ചോദ്യത്തിനുള്ള ഉത്തരം. കേരളത്തിലെ നിരവധിയായ എയിഡഡ് കോളജുകളില്‍ വിരലില്‍ എണ്ണാന്‍ പോലും ദളിത് അധ്യാപകരില്ല. എയിഡഡ് നിയമനത്തില്‍ സംവരണമില്ല. പ്രാതിനിധ്യമില്ല എന്നത് ചെറിയ കാര്യമല്ല. സച്ചാര്‍ സമിതി റിപ്പോര്‍ട്ട് നമുക്ക് മുന്നിലുണ്ട്. അമ്പരപ്പിക്കുന്നതാണ് മുസ്‌ലിമിന്റെ പ്രാതിനിധ്യമില്ലായ്മ. നീതിപീഠം കാണാതെ പോയത് അവസര സമത്വത്തിന്റെ ഈ അഗാധമായ ഇല്ലായ്മയാണ്. അനീതി സംഭവിച്ചിരിക്കുന്നു എന്ന് നെടുവീര്‍പ്പിടുകയാണ് പോംവഴി.

പത്തു ശതമാനം മുന്നോക്കത്തിലെ ദുര്‍ബലര്‍ക്ക് സംവരണം കൊടുത്താല്‍ എന്താണ് പ്രശ്‌നം? ഇപ്പോഴത്തെ സംവരണീയര്‍ക്ക് തരിമ്പും കുറയുന്നില്ലല്ലോ എന്നാണല്ലോ വാദം. സാങ്കേതികമായി പോലും ആ വാദം നില്‍ക്കില്ല. കുറയും എന്നതാണ് കണക്ക്. അത് പോട്ടെ, പ്രശ്‌നം അതല്ല. സംവരണത്തിന്റെ കൂടാരത്തിലെ ഒട്ടകമാണ് സാമ്പത്തിക യുക്തി. നമുക്ക് കാത്തിരുന്ന് കാണേണ്ടി വരും.

കെ കെ ജോഷി

You must be logged in to post a comment Login