പഠിക്കണം ശൈഖിന്റെ കാലം

പഠിക്കണം  ശൈഖിന്റെ കാലം

ചരിത്ര സ്രോതസ്സുകൾ നോക്കുമ്പോൾ റബീഉൽആഖിർ മാസത്തിൽ ഒരു ചടങ്ങ് നിർവഹിക്കുന്നതുപോലെ പരാമർശിച്ചുപോകേണ്ട ഒരു വ്യക്തിത്വമല്ല ശൈഖ് മുഹ്്യിദ്ദീൻ അബ്ദുൽഖാദിർ ജീലാനി(ഖ.സി). കൂടുതൽ സമയമെടുത്ത് നാം ആലോചിക്കേണ്ട ഒരുപാട് കാര്യങ്ങളുണ്ട്. ഒന്ന്: എന്താണ് മുഹ്്യിദ്ദീൻ ശൈഖിനെ കുറിച്ചുള്ള വർത്തമാനകാല സമൂഹത്തിന്റെ കാഴ്ചപ്പാട്? അല്ലെങ്കിൽ അവർ എങ്ങനെയാണ് കാര്യങ്ങൾ വീക്ഷിക്കുന്നത് എന്ന് വിലയിരുത്തേണ്ടതുണ്ട്. ഒരുപാട് ചോദ്യങ്ങളും സംശയങ്ങളുമാണ് അധികപേർക്കുമുണ്ടാവുക. ഈ മാസം വരുമ്പോൾ ശൈഖിന് ലഭിച്ചിട്ടുള്ള കുറച്ച് ബഹുമതികൾ(കറാമതുകൾ) പറയും. പലതും അതിവായനകളാണോയെന്ന് ജനങ്ങൾക്ക് തോന്നിപ്പോകും. അന്നദാനങ്ങളും മറ്റു പരിപാടികളുമൊക്കെ നടക്കുകയും ചെയ്യും. അതിൽ പങ്കെടുക്കുന്നവരിൽ കുറഞ്ഞ ആളുകൾക്ക് മാത്രമാണ് മാനസികമായി എന്തെങ്കിലും പരിവർത്തനം കിട്ടുന്നത്. ശൈഖിനെ പോലെ വലിയ വ്യക്തിത്വങ്ങളെ കുറിച്ച് പഠിക്കുമ്പോൾ ഒന്നാമതായി അവർ ജീവിച്ച കാലത്തെയാണ് വായിക്കേണ്ടത്. അന്നത്തെ ചുറ്റുപാട് എന്തായിരുന്നു എന്നാണ് ആദ്യം പരിശോധിക്കേണ്ടത്. അതു മനസ്സിലാക്കുമ്പോഴേ അവരുടെ ദൗത്യം എന്തായിരുന്നുവെന്ന് നമുക്ക് മനസ്സിലാവൂ.

വളരെ കലുഷമായ കാലഘട്ടമായിരുന്നു അത്. ഭരണകർത്താക്കൾ ഉണ്ടാക്കിത്തീർക്കുന്ന പ്രശ്നങ്ങൾ, തെമ്മാടിക്കൂട്ടങ്ങൾ, കവർച്ചക്കാർ, കൊലപാതകികൾ, വിശ്വാസത്തിൽ ഗുരുതരമായ വ്യതിയാനം സംഭവിച്ചവർ; ഇങ്ങനെ പല തരം വെല്ലുവിളികൾ. വിശ്വാസിയെ സംബന്ധിച്ചിടത്തോളം പിടിച്ചുനിൽക്കാൻ പ്രയാസപ്പെടുന്ന കാലം. ഇതോടൊപ്പം സാമ്പത്തികമായ പ്രയാസങ്ങൾ സമൂഹം അനുഭവിക്കുന്നുണ്ട്.

ഇക്കാര്യങ്ങൾ നന്നായി പഠനവിധേയമാക്കുകയാണെങ്കിൽ ആ കാലത്ത് ശൈഖ് എന്തുമാറ്റമാണ് വരുത്തിയതെന്ന് കണ്ടെത്താനാവും. അതിലൂടെ ശൈഖ് ആരായിരുന്നുവെന്നും എങ്ങനെയാണ്ആശയപരമായി മനുഷ്യർക്ക് ജീവൻ നൽകിയത്(മുഹ്്യിദ്ദീൻ ആയത്) എന്ന് മനസ്സിലാക്കാനാവും. വളരെ സൂക്ഷ്മമായി ചരിത്രം വിശകലനം ചെയ്താൽ ഇത്തരത്തിൽ ശൈഖിനെ കുറിച്ച് ആഴമേറിയ പഠനങ്ങൾ നിർവഹിക്കാനാവും.

ശൈഖിൽനിന്ന് പ്രകടമായിട്ടുള്ള ധാരാളം അത്ഭുതസിദ്ധികൾ നാം പറയാറുണ്ട്. അതിൽ ഓരോന്നിനും ഓരോ കാരണങ്ങളുണ്ടാകും. ആ കാരണാനന്തരമാണ് സിദ്ധികൾ പ്രകടമാകുന്നത്. ആ സന്ദർഭത്തിലുള്ളവരുടെ സംശയങ്ങൾ ദൂരീകരിക്കുകയെന്ന ലക്ഷ്യമുണ്ടാവുമതിന്. കറാമതിന് മലയാളത്തിൽ ബഹുമതി എന്നാണ് പറയുക. ഏറ്റവും വലിയ ബഹുമതി ഇസ്തിഖാമയാണ്. അഥവാ, ദീനിന്റെ വിധിവിലക്കുകൾ പൂർണമായി അനുസരിച്ച് ജീവിക്കുക. അതുകഴിഞ്ഞിട്ടേ ബാക്കിയുള്ള ബഹുമതികൾക്ക് സ്ഥാനമുള്ളൂ. നബിയുടെ(സ്വ) മുഅ്ജിസത്തിനെ കുറിച്ച് നമുക്ക് ആലോചിച്ചുനോക്കാം. ഒരിക്കൽ മദീനയിൽ വിശ്വാസമില്ലാത്ത ആളുകൾക്കൊപ്പം ഇരിക്കുമ്പോൾ “ആ മരം ഇങ്ങോട്ട് വന്നാൽ വിശ്വസിച്ചോളാം’ എന്ന് അവർ പറയുന്ന സംഭവം ഉണ്ട്. അലിയൊക്കെ(റ) സദസ്സിലുണ്ടായിരുന്നു. നബി(സ്വ) മരത്തെ വിളിച്ചു. മരം കടപുഴകി വന്നു. മരം ആഞ്ഞാഞ്ഞുനിന്നിട്ട്, വേര് മേല്പോട്ടു വെച്ച് സാവധാനം നടന്നുവന്നു. ചില്ലകളൊക്കെ ഒതുക്കിപ്പിടിച്ചാണതു വന്നത്. അലിയുടെ(റ) ശരീരത്തിൽ അതിന്റെ ചില്ലകൾ ചാഞ്ഞുകിടന്നു. ശേഷം നബി(സ്വ) മരത്തോട് തിരിച്ചുപോകാൻ പറഞ്ഞു. അത് അതേ സ്ഥാനത്ത് പോയി നിൽക്കുകയും ചെയ്തു. അവിടെ കൂടിയിരുന്ന ഒരുപാട് അവിശ്വാസികളിൽ ഈ മുഅ്ജിസത് കണ്ടിട്ടും വിശ്വസിക്കാത്തവരുണ്ടായിരുന്നു. അതൊക്കെ മാരണമാണെന്നായിരുന്നു ദുർന്യായം. പക്ഷേ ആ സിദ്ധി ഉണ്ടായ സന്ദർഭം വിവരിക്കുമ്പോഴാണ് അതിന്റെ ആവശ്യകത നമുക്ക് മനസ്സിലുണ്ടാകുന്നത്. അതുപോലെയാണ് ശൈഖിന്റെ അമാനുഷിക സിദ്ധികളും.

കറാമതുകൾ മാത്രം എടുത്തുപറയുന്നതിനു പകരം അതിന്റെ സാഹചര്യം കൂടെ വ്യക്തമാക്കണം. അപ്പോൾ മാത്രമേ കെട്ടിയുണ്ടാക്കിയത് എന്ന ആരോപണത്തിൽനിന്ന് ഒരുപരിധിവരെ രക്ഷപ്പെടാനാവൂ.

മറ്റൊന്ന്, മഹാത്മാക്കളുടെ ജീവിതത്തിൽ നമുക്ക് ഒതുക്കിപ്പറയാൻ പറ്റുന്ന രണ്ട് കാര്യങ്ങളുണ്ട്. ഒന്ന്, സിദ്ഖ്. മറ്റൊന്ന് വഫാഅ്. രണ്ടും വളരെ വിശാലമാണ്. വിശ്വാസം മുതൽ വാക്കിലും ചിന്തയിലും പ്രവൃത്തിയിലും പ്രകടമാകുന്നതാണ് സ്വിദ്ഖ്- സത്യസന്ധത. അല്ലാഹു എന്ന യാഥാർത്ഥ്യത്തെ സമ്പൂർണമായി ഉൾക്കൊള്ളുന്നതാണ് സ്വിദ്ഖിന്റെ പ്രധാന തലം. മനുഷ്യനെപ്പോഴും അനുസരണയും തിരസ്കാരവുമുണ്ട്. തിരസ്കരണമാണ് കുഫ്റ്. അനുസരണ അല്ലെങ്കിൽ വിധേയത്വത്തിന്റെ ഉയർന്ന തലമാണ് സ്വിദ്ഖ്. അല്ലാഹുവിനെ അംഗീകരിക്കുക. ശേഷം അവന്റെ എല്ലാ കാര്യങ്ങളും അംഗീകരിക്കുക എന്നതാണത്. എല്ലാ കാര്യങ്ങളുമെന്നാൽ അവന്റെ നടപടിക്രമങ്ങൾ എന്നർഥം. അത് മനസ്സിലാക്കിയാൽ ഒരുപാട് സംശയങ്ങൾ നീങ്ങും. അപ്പോഴും എന്തുകൊണ്ടിങ്ങനെ എന്ന ചോദ്യം നമ്മുടെ മനസ്സിലുണ്ടാവും; അത് പൂർണമായും നീങ്ങിപ്പോകുന്ന അവസ്ഥയാണ് സ്വിദ്ഖ്. നമ്മുടെ മനസ്സ് ഏതുസമയത്തും സംഭവങ്ങളോട് കലഹിച്ചുകൊണ്ടിരിക്കും. ആ കലഹമില്ലാത്ത ശാന്തമായ അവസ്ഥയിലേക്ക് എത്തിച്ചേരുന്നതാണ് സ്വിദ്ഖിന്റെ പൂർത്തീകരണം.

വഫാഅ് എന്നാൽ മനുഷ്യന്റെ ധർമമാണ്. സ്വിദ്ഖിനെ തുടർന്നാണ് അതുണ്ടാകുന്നത്. എല്ലാ കാര്യങ്ങളും അതിൽ പെടും. വെറും കരാർ പൂർത്തീകരണം എന്നല്ല അർഥം. സമ്പൂർണമായ സമർപ്പണമാണത്. ഈ രണ്ടുകാര്യങ്ങളാണ് സൂഫികളുടെ ജീവിതത്തിൽ കാണാൻ പറ്റുന്നത്. രണ്ടു സംഭവങ്ങളും മനസ്സിലാക്കി അവതരിപ്പിക്കാൻ ശ്രമിച്ചാൽ അതായിരിക്കും ശൈഖിന് കാലം നൽകുന്ന വലിയ സ്മരണ.

പി പി അബ്ദുറസാഖ് ദാരിമി

You must be logged in to post a comment Login