പരിശുദ്ധ പ്രവാചകന്റെ കാൽവശിയിൽ

പരിശുദ്ധ പ്രവാചകന്റെ കാൽവശിയിൽ

അല്ലാഹുവിനോടുള്ള കലർപ്പില്ലാത്ത സ്നേഹം എങ്ങനെ സാധ്യമാകും? ഇതിന്റെ ഉത്തരം ഖുർആനിലുണ്ട്. “പറയൂ പ്രവാചകരേ, നിങ്ങൾ അല്ലാഹുവിനെ സ്നേഹിക്കുന്നുവെങ്കിൽ എന്നെ പിന്തുടരുക. അല്ലാഹു നിങ്ങളെ സ്നേഹിക്കും.’ ഈശ്വരപ്രീതിക്ക് പ്രവാചകരെ പകർത്തണമെന്നാണ് ആഹ്വാനം. വാക്കിലും പ്രവൃത്തിയിലും ചിന്തയിലും പ്രവാചകനെ നോക്കി ജീവിച്ചതുകൊണ്ടാണ് ശൈഖ് അബ്ദുൽ ഖാദിർ ജീലാനിയുടെ ഓർമകൾ അനശ്വരമായത്. ശൈഖ് തന്നെ ഒരിക്കൽ പറഞ്ഞു:
“ഓരോ സാധകനും ഓരോ കാൽപ്പാദത്തെ പിന്തുടരുന്നുണ്ട്. ഞാൻ പൂർണചന്ദ്രനായ പരിശുദ്ധ പ്രവാചകന്റെ തൃപ്പാദത്തെയാണ് പിന്തുടരുന്നത്’ എന്ന്. മറ്റൊരിക്കൽ ഇങ്ങനെയും കേട്ടു: “ഓരോ സാധകനും ഓരോ മനോഭാവമുണ്ട്. എന്റെ മനോഭാവം പരിശുദ്ധ പ്രവാചകൻ മുഹമ്മദ് നബിയുടെതാണ്(സ്വ).’

“ഓരോ വലീകളും ഓരോ നബീ വശി. ഞാനെന്റെ സീബാവാ കാൽവശീ എന്നോവർ’ – മുഹ്്യിദ്ദീൻ മാലയിൽ ഖാളീ മുഹമ്മദ് ഈ ആശയം ഇങ്ങനെയാണ് കോർത്തിട്ടുള്ളത്. ശൈഖ് ജീലാനി പരിശുദ്ധ പ്രവാചകന്റെ കാൽവശികളിൽ തന്റെ ജീവിതം സമർപ്പിക്കുകയായിരുന്നു.
പഠിക്കുക, പ്രവർത്തിക്കുക. ഇക്കാര്യത്തിൽ പരിശുദ്ധ പ്രവാചകനായിരിക്കണം മാതൃക. അതാണ് ഒരാൾ ഇസ്‌ലാം അനുവർത്തിക്കുന്നുവെന്നതിന്റെ പ്രധാന അടയാളം. വൈജ്ഞാനികമായ ശൈഖിന്റെ നില എന്തായിരുന്നു? ഉന്നത സോപാനങ്ങളിലായിരുന്നു ശൈഖിന്റെ വൈജ്ഞാനിക പദവി. സമശീർഷരിലാരും അറിവിൽ ശൈഖിന്റെ അടുത്തെത്തിയില്ല. അന്നത്തെ പണ്ഡിത ലോകം ശൈഖിനെ ആശ്രയിച്ചു. എഴുപതിനായിരത്തോളം ആചാര്യന്മാർ തന്നെ ശൈഖിന്റെ പ്രഭാഷണ സദസിലെത്തി. 400 മഷിക്കുപ്പികൾ ആ പ്രഭാഷണം കുറിച്ചെടുക്കാൻ വേണ്ടി സർവസജ്ജമായിരുന്നു. പ്രഭാഷണ മധ്യേ ധാരാളം പേർ കലിമ ചൊല്ലി ഇസ്‌ലാമിൽ തൃപ്തരായി. പല ഭക്തരുടെയും മാനസികാവസ്ഥയിൽ സ്ഫോടനാത്മക പരിവർത്തനമുണ്ടായി. 33 വർഷം ബഗ്ദാദിലെ വലിയൊരു ജ്ഞാന നികേതനത്തിന്റെ ജീവനാഡിയായി നിലകൊണ്ടു. പ്രിയപ്പെട്ട ഗുരു ഏല്പിച്ചതായിരുന്നു ആ ചുമതല. ഇരുപതിനായിരത്തോളം വരുന്ന ശിഷ്യന്മാരെ ഓരോ വർഷവും ലോകത്തിന് നൽകി. വിയോഗ കാലമാകുമ്പോഴേക്ക് ഒരു ലക്ഷത്തോളം പ്രബുദ്ധരായ ശിഷ്യന്മാർ ശൈഖിനുണ്ടായിരുന്നു. ഒരു ലക്ഷത്തി ഇരുപത്തിനാലായിരം ശിഷ്യന്മാരാണല്ലോ പരിശുദ്ധ പ്രവാചകർക്കുണ്ടായിരുന്നത്.
ജ്ഞാനം മാത്രമായി ഒരു ദൗത്യവും നിർവഹിക്കുന്നില്ല. അറിവ് ജീവിതാനുഭവങ്ങളുമായി മുഖാമുഖം വരുമ്പോൾ ജ്ഞാനി ഏതു വഴി സ്വീകരിക്കുന്നു എന്നതാണ് നിലപാട്. അറിവായിരിക്കണം നിലപാട് നിർണയിക്കുന്നത്. ആചാരവും അനുഷ്ഠാനവും ജ്ഞാന പ്രോക്തമാകണം. ജ്ഞാനത്താൽ നിർണയിക്കപ്പെടാതെ ജീവിതത്തിൽ ഒരു അണുമണി പോലും പാഴായിപ്പോകരുത്.
നിർബന്ധ കർമങ്ങൾ ഒരാൾ ചെയ്യുന്നുവെന്നത് കടമയാണ്. നിർബന്ധത്തിന് പുറത്ത് അയാൾക്കെത്ര മാത്രം പ്രതിബദ്ധതയുണ്ട് എന്നു നോക്കിയാണ് സ്നേഹം വിലയിരുത്തുക. ദൈവസാമീപ്യത്തിന്റെ കുളിർതെന്നൽ തഴുകുന്നതപ്പോഴാണ്. പരിശുദ്ധ പ്രവാചകന്റെ നിശാനിസ്കാരങ്ങളെ ഖുർആൻ പരാമർശിക്കുന്നുണ്ട്. എഴുന്നേൽക്കുക. കുറച്ച് മാത്രം ഉറങ്ങുക. കുറേയേറെ നിസ്കരിക്കുക. പരിശുദ്ധ പ്രവാചകന്റെ കാലിൽ നീര് വന്ന് മുട്ടിയിരുന്നു. തഹജ്ജുദും ഖിയാമുല്ലൈലുമായിരുന്നു ഈ നിലയിൽ പ്രവാചകൻ നിസ്കരിച്ചിരുന്നത്. ശൈഖിന്റെ രാത്രികളും സമാനമായിരുന്നു. രാവിനെ പകലാക്കി ശൈഖ് നിസ്കാരത്തിൽ നിർവൃതികൊണ്ടു. രാത്രി ഉറക്കൊഴിച്ച് പ്രണയിക്കാത്തവന് ദിവ്യമായ ഉന്നത പദവികൾ ലബ്ധമാകില്ല.

ശൈഖ് തന്നെ പറയുന്നുണ്ട്: നാല്പതു കൊല്ലം ഇശാ പ്രാർഥനക്ക് ആചരിച്ച വുളു കൊണ്ടായിരുന്നു സുബ്ഹ് നിസ്കരിച്ചത് എന്ന്. “നിലവേറും ഇശാ തൊളുതൊരു വുളൂവാലേ, നാല്പതിറ്റാണ്ടോളം സുബ്ഹ് തൊളുതോവർ’ എന്ന് മുഹ്്യിദ്ദീൻ മാലയിൽ ഖാളീ മുഹമ്മദ് വരി കോർത്തിരിക്കുന്നു.
നാല്പതു കൊല്ലം രാത്രി കാലത്ത് ഉറക്കില്ലായിരുന്നു. ഉറക്കിനോട് പിണക്കമായിരുന്നു. പുണരാൻ വരുന്ന നിദ്രയെ മാറ്റിനിർത്താൻ ഒരു കാലിന്മേൽ നിന്ന് ഖുർആൻ മുഴുവനായി ഓതിത്തീർത്തു ശൈഖ്. എന്നാൽ പകലുകളിൽ ഉറക്കില്ലാ രാത്രികൾ വീണ്ടെടുത്തോ, അതുമുണ്ടായില്ല. പകൽ സമയത്ത് പ്രഭാഷണവും അധ്യാപനവും കൊണ്ട് സജീവമായി. പലപ്പോഴും പകൽ സമയത്തും ഖുർആൻ പാരായണം ചെയ്തു. എല്ലാ ദിവസവും ളുഹ്ർ പ്രാർഥന കഴിഞ്ഞാൽ ഖുർആൻ പാരായണമുണ്ട്.
അറിവുകൾ ആരെയും അനശ്വരനാക്കുന്നില്ല. ആചാര്യനാക്കുന്നുമില്ല. സൂക്ഷ്മതയോടെ, കരുതലോടെ ആചരിക്കാൻ കഴിയണം. ഇസ്‌ലാമിന്റെ മൂന്നിൽ രണ്ടും ഈ കരുതലാണെന്ന് ഇമാം അഹ്മദ് കുറിച്ചുവെച്ചിട്ടുണ്ട്. ഇലാഹീ പ്രീതി ഉറപ്പുവരുത്തി ജീവിക്കുന്നതാണ് സൂക്ഷ്മത. വറഅ് എന്നാണ് ഈ കരുതൽജീവിതം ആചാര്യന്മാർക്കിടയിൽ അറിയപ്പെടുന്നത്. വാക്കിലും ചിന്തയിലും പ്രവൃത്തിയിലും ഈ കരുതൽ വേണം. ആചാര്യന്മാർ ദിവ്യഹിതത്തിന് വിരുദ്ധമായി നാക്കെടുത്തില്ല. കൈയനക്കിയില്ല. ആലോചിച്ചതേയില്ല. അല്ലാഹുവിൽ നിന്നുള്ള പ്രത്യേക നിർദേശപ്രകാരമാണ് (മുകാശഫ) സംസാരിച്ചത്. ഇതുകൊണ്ടാണ് ശൈഖ് ഇന്നും നമ്മുടെ മനസ്സിൽ ജീവിക്കുന്നത്. ഈ കെട്ടകാലത്ത് ഗുരുവിൽ നിന്ന് പഠിക്കാനുള്ള പാഠങ്ങളിൽ പ്രധാനം ഈ കരുതലാണ്. അറിവ് നേടാനുള്ള വ്യഗ്രത നമുക്കുണ്ട്. മതമാവട്ടെ, ശാസ്ത്രമാകട്ടെ നമ്മളത് നേടുന്നുണ്ട്. പക്ഷേ അറിവ് നമ്മെ ആചരിക്കാൻ പ്രേരിപ്പിക്കുന്നില്ലെങ്കിൽ അവ പൊയ്ക്കാലിലാണ് നിൽക്കുന്നത്. ദൃഷ്ട സ്വഭാവങ്ങളെ കുറിച്ച് ആഴത്തിൽ അപഗ്രഥിക്കാൻ നമുക്കറിയാം. മഹദ്്വചനങ്ങളും കുറവല്ല. പക്ഷേ മനസ്സിൽ ആ മഹദ്്വചനങ്ങൾ ഒരു ചെറുകാറ്റ് പോലും സൃഷ്ടിക്കുന്നില്ലെങ്കിലോ, അവ ആർക്ക് ഉപകാരപ്പെടാനാണ്? ജീവനില്ലാത്ത അറിവ് എന്നേ അതേക്കുറിച്ച് പറയാനാകൂ. അറിവിന് ജീവൻ പകരുന്ന മുഹ്്യിദ്ദീൻ ആകുവാനായിരിക്കട്ടെ നമ്മുടെ പ്രാർഥനയും പ്രവർത്തനവും.

സയ്യിദ് സ്വലാഹുദ്ദീൻ ബുഖാരി

You must be logged in to post a comment Login