ഖത്തര്‍ ലോകകപ്പ്: കൊളോണിയല്‍ മിഥ്യകളെ തകര്‍ക്കുന്നു

ഖത്തര്‍ ലോകകപ്പ്:  കൊളോണിയല്‍ മിഥ്യകളെ  തകര്‍ക്കുന്നു

ചരിത്രമാവുകയാണ് ഖത്തര്‍. ലോകത്തിലെ ഏറ്റവും വലിയ കായികമേളയ്ക്ക് ആതിഥേയത്വം വഹിക്കുന്ന ഏറ്റവും ചെറിയ രാജ്യമായി ഖത്തര്‍ മാറി. ആ പ്രത്യേകതയെ കുറിച്ച് മനസ്സിലാക്കാന്‍ കഴിഞ്ഞ രണ്ടു ലോകകപ്പുകളെ കുറിച്ചോര്‍ക്കുക. അവയ്ക്ക് ആതിഥേയത്വം വഹിച്ചത് വിശാലമായ രണ്ടു രാഷ്ട്രങ്ങളാണ്. റഷ്യയും ബ്രസീലും.

ഖത്തറിന്റെ സ്മാര്‍ട്ട് പവറിനാണ് ഈ ലോകകപ്പ് മനോഹരമായി സംവിധാനിക്കുന്നതിന്റെ ക്രെഡിറ്റ് അവകാശപ്പെട്ടതെങ്കിലും രാഷ്ട്രങ്ങളുമായുള്ള തുറന്ന ബന്ധങ്ങള്‍ക്കും ക്രെഡിറ്റവകാശപ്പെടാനുള്ള അര്‍ഹതയുണ്ട്. എഡ്വേഡ് സെയ്ദിനെ പോലെയുള്ള കൊളോണിയല്‍ പണ്ഡിതന്മാര്‍ വാദിച്ചതു പോലെ പൗരസ്ത്യരായ അല്ലെങ്കില്‍ പാശ്ചാത്യേതര രാഷ്ട്രങ്ങളില്‍ വളരെ കാലമായി നല്ലത് എന്താണെന്ന് നിര്‍ദേശിക്കുന്നത് യൂറോ അമേരിക്കന്‍ ഭാവനകളാണ്. ആ വിവരണങ്ങള്‍ പുനഃക്രമീകരിക്കാനുള്ള സുവര്‍ണാവസരമാണ് ഖത്തറിന് ലോകകപ്പ് നല്‍കുന്നത്.

പതിവിന് വിപരീതമായ എന്തൊക്കെയോ മാന്ത്രികതകള്‍ ഖത്തര്‍ ലോകകപ്പിനുണ്ട്. ലോകകപ്പിന്റെ 22-ാം പതിപ്പിന് ആതിഥേയത്വം വഹിക്കാനുള്ള അവകാശം നേടിയതു മുതല്‍ ദോഹയിലെ വ്യവസായ വരുമാനം രാജ്യത്തിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനാണ് അവര്‍ ഉപയോഗിച്ചത്. റോഡുകളും സാങ്കേതിക വിദ്യകളും നവീകരിച്ചു. പ്രത്യക്ഷത്തില്‍ രാജ്യത്തിന്റെ സൗന്ദര്യത്തെ പ്രദര്‍ശിപ്പിച്ച് ആഗോള ശ്രദ്ധ പിടിച്ചുപറ്റാനുള്ള തയാറെടുപ്പിലാണ് രാജ്യം.

വിവര സാങ്കേതിക വിദ്യ ഫലപ്രദമായി ഉപയോഗിക്കുന്നവരായി ഖത്തറുകാര്‍ രൂപാന്തരപ്പെട്ടു. ദോഹ ദ്രുതഗതിയില്‍ ആധുനികവല്‍ക്കരിക്കപ്പെട്ടു. സ്മാര്‍ട്ട് സിറ്റിയായി ഉയരുന്നു. വ്യത്യസ്ത പ്രവാസി സമൂഹങ്ങളുടെ വീടുകള്‍ വരുന്നു. ഇ-ഗവേണന്‍സ്, ബാങ്കിങ്, ആരോഗ്യം തുടങ്ങിയ മേഖലകളെല്ലാം അത്യാധുനികമായ സാങ്കേതിക വിദ്യയില്‍ സജ്ജീകരിച്ചിരിക്കുന്നു.

ഫുട്‌ബോള്‍ മൈതാനങ്ങള്‍ എപ്പോഴും അന്താരാഷ്ട്ര ഐക്യത്തിനും കായിക മനോഭാവത്തിനും പ്രചോദനം നല്‍കുന്നതാണെങ്കിലും ആഗോള ശ്രദ്ധ പിടിച്ചു പറ്റുന്ന വലിയ മാമാങ്കങ്ങളിലെല്ലാം അപരവത്കരണവും വിവേചനങ്ങളും കാണാറുണ്ട്. ഈ ലോകകപ്പിനു തൊട്ടുമുമ്പുള്ള വര്‍ഷങ്ങളില്‍ ഖത്തറിനെതിരെ പാശ്ചാത്യ രാജ്യങ്ങളില്‍ വംശീയ മുന്‍വിധിയോടെയുള്ള കാമ്പയിനുകള്‍ ആസൂത്രിതമായി നിരന്തരം നടന്നതോര്‍ക്കുക.

മുന്‍വര്‍ഷങ്ങളില്‍ ഒരൊറ്റ രാജ്യവും നേരിടാത്ത ഈ അപകീര്‍ത്തീകരണം ഖത്തര്‍ നേരിടാനുള്ള നിദാനം എന്തായിരിക്കും? ഖത്തറിലെ കാലാവസ്ഥയെ കുറിച്ചല്ല ആശങ്ക. കാരണം, 1954 ലോകകപ്പ് നടന്ന സ്വിറ്റ്‌സര്‍ലാന്റിലെ തീവ്രമായ കാലാവസ്ഥയൊന്നും ഖത്തറിലില്ല. 1994 ലോകകപ്പിന് ആതിഥേയത്വം വഹിച്ച അമേരിക്കയെ പോലെ ഒരു സൂപ്പര്‍ പവര്‍ രാഷ്ട്രമല്ല. ദശാബ്ദങ്ങളെ ഞെട്ടിച്ച ഏറ്റവും വംശീയ കലാപങ്ങള്‍ നടന്ന മുസോളിനിയുടെ ഫാഷിസ്റ്റ് ഭരണകൂടമോ അര്‍ജന്റീനയുടെ സൈനിക ഭരണകൂടവുമോ അല്ല ഖത്തറില്‍. ലോകകപ്പിനെത്തുന്ന ആരാധകരില്‍ നിന്ന് രാജ്യത്തിന്റെ ദാരിദ്ര്യം മറച്ചുപിടിക്കാന്‍ തെരുവുകളിലെ മനുഷ്യരെ പുറത്താക്കിയ ബ്രസീലുമല്ല. വര്‍ധിച്ചുവരുന്ന സ്വവര്‍ഗഭോഗികളുള്ള റഷ്യയുമല്ല. ഈ രാജ്യങ്ങളിലെല്ലാം ലോകകപ്പ് നടന്നപ്പോള്‍ അവരെ ആതിഥേയരായി കാണാന്‍ പാശ്ചാത്യ ഫുട്‌ബോള്‍ പ്രേമികള്‍ക്ക് യാതൊരു സങ്കോചവും തോന്നിയില്ല. അവരുടെ പ്രവര്‍ത്തനങ്ങളെ ആരും വിമര്‍ശിച്ചതു പോലുമില്ല. കാരണം, ഫുട്‌ബോള്‍ അവരുടേതാണെന്ന ധാരണയിലാണവര്‍. പതിവിനു വിപരീതമായി ലോകകപ്പ് നടത്താനുള്ള അവകാശം ഖത്തര്‍ നേടിയതു മുതല്‍ അവജ്ഞയോടെയാണ് പാശ്ചാത്യമനോഭാവം അരങ്ങേറുന്നത്.
മറ്റ് അറബ്, ഏഷ്യന്‍, ആഫ്രിക്കന്‍, ദക്ഷിണ-മധ്യ അമേരിക്കന്‍ നാടുകളെപ്പോലെ ബ്രിട്ടീഷ് കൊളോണിയലിസം വഴിയാണ് ഫുട്‌ബോള്‍ ഖത്തറിലെത്തുന്നത്. ബ്രിട്ടീഷുകാരുടെ മേല്‍നോട്ടത്തില്‍ ആംഗ്ലോ-പേര്‍ഷ്യന്‍ ഓയില്‍ കമ്പനി 1930 കളുടെ അവസാനത്തില്‍ എണ്ണ പര്യവേക്ഷണവും ഉത്പാദനവും ആരംഭിച്ചു. 1940 കളില്‍ ഫുട്‌ബോള്‍ മത്സരങ്ങളും തുടങ്ങി. ഗള്‍ഫ് മേഖലയിലെ പുൽത്തകിടിയുള്ള ആദ്യ ഫുട്‌ബോള്‍ വേദിയാണ് ദോഹ സ്‌റ്റേഡിയം. സ്വാതന്ത്ര്യം നേടുന്നതിന് ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് 1960കളിലാണ് ലീഗ് മത്സരം ആരംഭിക്കുന്നത്.

ബ്രസീലിലെ സാവോപോളോയിലെ പെലെ മുതല്‍ ജമൈക്ക കിംഗ്സ്റ്റണിലെ റഹീം സ്റ്റെര്‍ലിംഗ് വരെയുള്ള പ്രമുഖ താരങ്ങളെ, ലോകത്തിന്റെ നാനാഭാഗത്തുമുള്ള കോളനി രാഷ്ട്രങ്ങളില്‍ നിന്ന് സൃഷ്ടിച്ചിട്ടുണ്ടെങ്കിലും പോസ്റ്റ് കൊളോണിയലിസത്തിന്റെ പഠനങ്ങള്‍ക്ക് ഫുട്‌ബോളിനെ കുറിച്ച് കാര്യമായൊന്നും പറയാനില്ല. അള്‍ജീരിയയുടെ റബാഹ് മദ്‌ജെറും ഈജിപ്തിന്റെ മുഹമ്മദ് സലാഹും പോലെ നിരവധി അറബ് കളിക്കാര്‍ യൂറോപ്പിലെ സമ്പന്ന ക്ലബ്ബുകളിലേക്ക് സമാനമായ യാത്രകള്‍ നടത്തിയിട്ടുണ്ട്.

മുന്‍ കൊളോണിയല്‍ ശക്തികളുടെ സാംസ്‌കാരിക അനുകരണത്തിന്റെ പുതിയ രൂപത്തിലുള്ള ഒരു വ്യായാമം മാത്രമാവരുത് ഫുട്‌ബോള്‍ ലോകകപ്പ്. പാശ്ചാത്യ രാജ്യങ്ങളില്‍ ഫുട്‌ബോള്‍ കളിക്കിടയിലും പുറത്തും വംശീയമായ ചേരിതിരിവുകളെ നേരിടാന്‍ പ്രയാസപ്പെടുമ്പോഴും ലോകകപ്പിന്റെ ഖത്തര്‍ പതിപ്പ് അറബ്, മുസ്‌ലിം സമൂഹങ്ങള്‍ അവരുടെ വൈവിധ്യമാര്‍ന്ന പൈതൃകങ്ങള്‍ ഉപയോഗിച്ച് ഐക്യമനോഭാവം പ്രകടിപ്പിക്കുന്നത് ഫുട്‌ബോളിന്റെ ആഗോള അനുഭവമായിരിക്കും. ബ്രസീലിയന്‍ താരം റിച്ചാര്‍ലിസണ്‍ അടുത്തിടെ പാരീസ് സൗഹൃദ മത്സരത്തില്‍ താന്‍ അനുഭവിച്ച വംശീയതയെ കുറിച്ച് പറഞ്ഞതോര്‍ക്കുക.

ഉദാഹരണമായി, ലോകകപ്പിനായി തയാറാക്കിയ ഖത്തറിലെ മദ്യരഹിത സ്റ്റേഡിയങ്ങള്‍ പാശ്ചാത്യര്‍ക്ക് മാതൃകയാക്കാവുന്നതാണ്. മദ്യം കഴിച്ച് അക്രമങ്ങളും കടുത്ത വര്‍ഗീയവും വംശീയവുമായ അസഭ്യമായ ഭാഷാ പ്രയോഗങ്ങള്‍ നിറഞ്ഞ സ്‌റ്റേഡിയങ്ങളിലെ ഫുട്‌ബോളിന് എങ്ങനെ ഐക്യത്തിന്റെ സന്ദേശമാകാനാവും? ലോകമെമ്പാടുമുള്ള കളിപ്രിയര്‍ക്ക് മദ്യമോ വംശീയ അസഭ്യങ്ങളോ ഇല്ലാതെ അക്രമത്തെ കുറിച്ച് ആകുലപ്പെടാതെ നന്നായി കളി ആസ്വദിക്കാനും നന്മയുടെയും ഐക്യത്തിന്റെയും സന്ദേശമാകാനും കഴിയുമെന്നാണ് ഖത്തര്‍ കാട്ടിത്തരുന്നത്. പ്രദേശിക മൂല്യങ്ങള്‍ അവഗണിക്കാതെ, ഒരു ഫുട്‌ബോള്‍ പ്രിയരാജ്യമെന്ന നിലയില്‍ സാംസ്‌കാരിക അധഃപതനമില്ലാത്ത ഒരു കായികാസ്വാദന ബദലാണ് ഖത്തര്‍ മുന്നോട്ടുവെക്കുന്നത്.
ഖത്തറുകാര്‍ വിദേശികളോടൊപ്പം ജീവിക്കാന്‍ ശീലിച്ചവരാണ്. ഖത്തര്‍ ദേശീയ ടീമിനെ വംശീയ വിദ്വേഷമുള്ള കാര്‍ട്ടൂണുകളിലൂടെ ചിത്രീകരിച്ചിരുന്നു ഫ്രഞ്ച് മാധ്യമങ്ങള്‍. “മതഭ്രാന്തന്‍ മുസ്‌ലിം’ എന്ന പാശ്ചാത്യ മനോഭാവത്തെ പ്രതിരോധിക്കാനും ബഹു സംസ്‌കാരങ്ങളെ ഉൾക്കൊള്ളുന്നത് തുറന്നു കാണിക്കാനുള്ള അവസരമാണ് ഈ ലോകകപ്പ്.

മുസ്‌ലിം ലോകത്തെയും ഫുട്‌ബോളിനെയും പാശ്ചാത്യ രാജ്യങ്ങള്‍ വീക്ഷിക്കുന്ന രീതി തെറ്റാണ് എന്ന് വിളിച്ചുപറയാനും കായിക ഭാഷയെ അപകോളനീകരിക്കാനും ഈ ലോകകപ്പ് സഹായകരമാകും. യൂറോപ്യന്‍ ഫുട്‌ബോള്‍ വെളുത്തതല്ല. ആഫ്രിക്കന്‍, അറബ് ഫുട്‌ബോളിനും നിറത്തിന്റെയോ വംശീയതയുടെയോ അടയാളങ്ങളില്ല. എന്നിട്ടും ഈ ലേബലുകള്‍ വംശീയതക്കായി പലപ്പോഴും ഉപയോഗിക്കപ്പെടാറുണ്ട്. അവിടെയാണ് പോസ്റ്റ് കൊളോണിയലിസത്തിന് ഒരു മറുമരുന്നായി വര്‍ത്തിക്കാന്‍ കഴിയുന്നത്.

അറബ് ലോക സാഹിത്യം അസമത്വങ്ങള്‍ക്കെതിരായ ഏറ്റുമുട്ടലുകളെയും തങ്ങളുടെ മേല്‍ അടിച്ചേല്‍പിക്കപ്പെട്ട പ്രതിനിധാനങ്ങളെയും കൈകാര്യം ചെയ്തിട്ടുണ്ട്. മിടുക്കനായ സൗദി അറേബ്യന്‍ നോവലിസ്റ്റ് അബ്ദുല്‍ റഹ്മാന്‍ മുനിഫ് ഒരു പ്രത്യേക പദം തന്നെ സൃഷ്ടിച്ചിട്ടുണ്ട്. അല്‍-തീഹ് നഷ്ടം, ആശയക്കുഴപ്പം എന്നൊക്കെയാണ് ആശയം. അഞ്ചു കഥകളുള്ള അദ്ദേഹത്തിന്റെ ക്ലാസിക് നോവല്‍, സിറ്റീസ് ഓഫ് സാള്‍ട്ട് (1984 ല്‍ പ്രസിദ്ധീകരിച്ചത്) പോസ്റ്റ് കൊളോണിയല്‍ സാഹിത്യപഠനങ്ങളുടെ മികച്ച ഉദാഹരണമാണ്. നവ കോളനിവത്കരണവും (അമേരിക്കന്‍ മുതലാളിത്തം) നവ കോളനിവത്കൃതരും (ഗള്‍ഫ്) കണ്ടുമുട്ടുമ്പോള്‍ ഉണ്ടാകുന്ന രാഷ്ട്രീയ, സാമ്പത്തിക, പാരിസ്ഥിതിക, സാംസ്‌കാരിക നാശത്തിന്റെ കഥയാണ് ഈ പുസ്തകം പറയുന്നത്. സുഡാനീസ് എഴുത്തുകാരനായ തയേബ് സാലിഹിന്റെ 1966 ല്‍ പുറത്തിറങ്ങിയ സീസണ്‍ ഓഫ് മൈഗ്രേഷന്‍ ടു ദ നോര്‍ത്ത് എന്ന പുസ്തകവും ഈയിനത്തില്‍ കാണാവുന്നതാണ്.

പാശ്ചാത്യവത്കരിക്കപ്പെട്ട ജീവിതങ്ങള്‍ ഉയര്‍ത്തിക്കാണിക്കാനുള്ള വലിയ അവസരമായാണ് ഫിഫ ലോകകപ്പ് നടത്തുന്നതെന്ന് ഈ എഴുത്തുകാര്‍ ഓര്‍മിപ്പിക്കുന്നുണ്ട്. കൊളോണിയല്‍ കാലത്ത് അറബികള്‍ കൊളോണിയല്‍ വിരുദ്ധ പ്രതിരോധം വളര്‍ത്തിയെടുത്തു. കൊളോണിയല്‍ ഉത്പന്നങ്ങള്‍ക്കു പകരം തദ്ദേശീയ ഉത്പന്നങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കി. പ്രാദേശിക വസ്ത്രങ്ങള്‍ ധരിക്കുകയും പരമ്പരാഗത സംസ്‌കാരം സംരക്ഷിക്കുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്തു. ഇന്ന് അവര്‍ ജപ്പാനില്‍ നിന്നുള്ള തുണികൊണ്ട് നിര്‍മിച്ച അറബ് “തോബ്’ (കണങ്കാല്‍ വരെ നീളമുള്ള കുപ്പായം) ധരിക്കുന്നു. അത് ആഗോളവും പ്രാദേശികവുമായ സാംസ്‌കാരിക സമന്വയത്തെയാണ് പ്രതിഫലിപ്പിക്കുന്നത്.

ഫിഫ ലോകകപ്പ് സവര്‍ണതയോ കൊളോണിയലോ അല്ലാത്ത ഒരു പുതിയ ആധുനികത പങ്കിടുന്ന ഇടമായിരിക്കണം. സഹിഷ്ണുത, മനുഷ്യാവകാശം, സദ്ഭരണം എന്നിവയുടെ അറബ്, ഏഷ്യന്‍, ആഫ്രിക്കന്‍, തദ്ദേശീയ, ലാറ്റിന്‍ മൂല്യങ്ങളോട് സംസാരിക്കുകയും ആഗോളതലത്തില്‍ പലപ്പോഴും അടിച്ചേല്‍പ്പിക്കുന്ന സ്റ്റീരിയോടൈപ്പുകളെ വെല്ലുവിളിക്കുകയും ചെയ്യുന്ന തരത്തിലുള്ള ഒരു ആധുനികത.

കൂടുതല്‍ നീതിനിഷ്ഠവും നീതിയുക്തവും അപകോളനിവല്‍ക്കരിക്കപ്പെട്ടതുമായ ലോകത്തെ തേടുന്ന, നവ കോളനിവല്‍ക്കരണ ശ്രേണികളെ ചോദ്യംചെയ്യുകയും ചെറുക്കുകയും ചെയ്യുന്ന, സാംസ്‌കാരിക സ്വയം നിര്‍ണയത്തിനുള്ള അവകാശങ്ങള്‍ ആവശ്യപ്പെടുന്ന, പരസ്പര ബഹുമാനത്തിന്റെ അടിസ്ഥാനത്തില്‍ അനുഭവങ്ങള്‍ പങ്കിടുന്ന ഒരു നവ ആധുനികത.
നമ്മുടെ ബഹുസ്വര ലോകത്തില്‍ കോളനിവല്‍ക്കരണ പ്രവണതകളെയും സാംസ്‌കാരിക നാര്‍സിസത്തെയും അട്ടിമറിക്കാന്‍ ഖത്തര്‍ ലോകകപ്പ് സഹായിക്കുമെന്ന് പ്രത്യാശിക്കുക.

കടപ്പാട്: അല്‍ ജസീറ
വിവ. എബി

ലാര്‍ബി സാദികി

You must be logged in to post a comment Login