ഒരുങ്ങുന്നത് സവര്‍ക്കറുടെ ഇന്ത്യ അതിലില്ല ഗാന്ധി, നമ്മളും

ഒരുങ്ങുന്നത് സവര്‍ക്കറുടെ ഇന്ത്യ അതിലില്ല ഗാന്ധി, നമ്മളും

ആപത്തിന്റെ നിമിഷത്തില്‍ നാം കൈയെത്തിപ്പിടിക്കുന്ന ഓര്‍മകളാണ് ചരിത്രം എന്ന് പറഞ്ഞത് ഫ്രെഡറിക് ജെയിംസണാണ്. അതിന്റെ ഒരര്‍ഥം ചരിത്രം ആയുധവും അഭയവുമാണെന്നാണ്. ആപത്തില്‍ നാം തിരയുക അഭയമാണ്. പ്രതിരോധിക്കേണ്ടും വിധം ആപത്ത് നമ്മെ വന്ന് മുട്ടുമ്പോള്‍ ആയുധവും. ഇത് രണ്ടുമാവാന്‍ ചരിത്രത്തിന് കഴിയും. എന്തെന്നാല്‍ ചരിത്രം നമ്മുടെ ഓര്‍മകളാണ്. ഓര്‍മ എന്നാല്‍ ഭാവനയല്ല. ഓര്‍മ ഒരു ജൈവിക പ്രക്രിയ ആണ്. നമുക്കുള്ളില്‍ മുദ്രിതമായ ഒന്ന്. തലമുറകളുടെ ഓര്‍മകളില്‍ നിന്നാണ്, ആ ഓര്‍മകളെ ശാശ്വതമാക്കാന്‍ അവര്‍ ബാക്കിവെച്ച മുദ്രകളില്‍ നിന്നാണ് നാം ചരിത്രത്തെ അറിയുക.

അപ്പോള്‍ കഴിഞ്ഞു പോയ സംഭവങ്ങളുടെ, കഴിഞ്ഞുപോയ കാലത്തിന്റെ ദിനസരിയാണോ ചരിത്രം? കാലഘട്ടത്തിന്റെ കണക്കെടുപ്പ്? അല്ല. മറിച്ച് എങ്ങനെ സംഭവിച്ചു എന്നുള്ള ആരായല്‍ കൂടിയാണ്. കാര്യമാണ് ചരിത്രം. അതിന്റെ കാരണം തിരയലാണ് ചരിത്രവിജ്ഞാനീയം. കാര്യത്തെ കാരണവുമായി ബന്ധിപ്പിക്കലാണ് ചരിത്ര രചനയുടെ വിജ്ഞാനീയം. മോഹന്‍ജെദാരോയില്‍, ഹാരപ്പയില്‍ കുഴിച്ചപ്പോള്‍ നീണ്ടുവളഞ്ഞ കൊമ്പുള്ള ചെമ്മരിയാടിനെ അനുസ്മരിപ്പിക്കുന്ന ഒരു ശില്‍പം കിട്ടിയല്ലോ? അത് രണ്ട് രീതിയില്‍ രേഖപ്പെടുത്താം. സിന്ധു നാഗരികതയിലെ മനുഷ്യര്‍ ആടിനെ വളര്‍ത്തിയിരുന്നു എന്ന ഒറ്റ വരിയില്‍ എഴുതാം. എന്നാല്‍ അത് ചരിത്ര വിജ്ഞാനീയമല്ല. വിജ്ഞാനീയത്തിലേക്കുള്ള പല താക്കോലുകളില്‍ ഒന്ന് മാത്രമാണ്. മറിച്ച് ആ ആട്ടിന്‍ രൂപത്തില്‍ നിന്നുള്ള അന്വേഷണം അന്നത്തെ കാര്‍ഷിക ജീവിതത്തിലേക്ക് സഞ്ചരിക്കുമ്പോള്‍ അത് വിജ്ഞാനീയമാവും. ആ ആട്ടിന്‍ രൂപം മനുഷ്യരുടെ ഇണക്കിവളര്‍ത്തല്‍ ശീലങ്ങളുടെ കാലപരമായ മാറ്റങ്ങളിലേക്ക് സഞ്ചരിക്കുമ്പോള്‍ അത് വിജ്ഞാനീയമാവും. അങ്ങനെയാണ് ചരിത്രം രൂപപ്പെടുക. ഓര്‍മകളുടെ ആഴങ്ങളിലേക്ക് തുഴഞ്ഞു തുഴഞ്ഞു പോവല്‍.

ചരിത്രത്തെക്കുറിച്ചുള്ള ഈ പ്രാഥമിക വിചാരങ്ങള്‍ ഇപ്പോള്‍ ഓര്‍ക്കാന്‍ കാരണം രണ്ട് പ്രസ്താവനകളാണ്. സമകാലിക ഇന്ത്യയിലെ രണ്ട് അതിശക്തര്‍ രണ്ട് സാഹചര്യങ്ങളില്‍ നടത്തിയ പ്രസ്താവന. ഒന്ന് നരേന്ദ്രമോഡിയാണ്. ഇന്ത്യാ ചരിത്രം ഏകപക്ഷീയമായി എഴുതപ്പെട്ട ഒന്നാണെന്നും സാമ്രാജ്യത്വത്തിനെതിരെ വീറോടെ പോരാടിയ ഇന്ത്യന്‍ ഗാഥകള്‍ അതിലില്ലെന്നും അത് എഴുതിച്ചേര്‍ക്കണം എന്നുമായിരുന്നു മോഡിയുടെ വാക്കുകള്‍. യഥാര്‍ഥ ചരിത്രത്തില്‍ നാം ഭാരതീയര്‍ പോരാളികളാണ്. ഇപ്പോള്‍ പഠിക്കപ്പെടുന്ന ചരിത്രത്തില്‍ പോരാളികളില്ല തുടങ്ങി സമ്പൂര്‍ണമായി ഇന്ത്യാ ചരിത്രം മാറ്റിയെഴുതാനുള്ള കാരണങ്ങള്‍ വിശദീകരിച്ചു മോഡി. രണ്ടാമത്തേത് അമിത് ഷായാണ്. Rewrite history afresh, not just complain that it is distorted എന്നായിരുന്നു ആ ആഹ്വാനം. നവംബര്‍ 25ലെ ദ ഹിന്ദുവില്‍ വിജയ്ത സിംഗിന്റെ റിപ്പോര്‍ട്ട് വായിക്കാം. Home Minister Amit Shah on Thursday said that it was not enough to complain that history has been distorted, adding that the time had come to rewrite it. He urged scholars and students to come forward and research at least 30 kingdoms that ruled any part of India for more than 150 years. ഇനി ഷായുടെ വാക്കുകള്‍ ഹിന്ദു റിപ്പോര്‍ട്ട് ചെയ്തത് അതേപടി കേള്‍ക്കാം. ‘I often hear that our history has been distorted, that it has been twisted and written inaccurately. Maybe it’s true. But who has stopped us now from presenting a glorious history to the world? We will have to work hard, make amends,’ (നമ്മുടെ ചരിത്രം വികലമാക്കി എന്ന പരിദേവനം ഞാന്‍ കേള്‍ക്കാറുണ്ട്. അത് വഴിതെറ്റിച്ചു എന്നും അസൂക്ഷ്മമായി എഴുതി എന്നും മറ്റും. നമ്മുടെ മഹത്തായ ചരിത്രത്തെ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുന്നതില്‍ നിന്ന് ആരാണ് നമ്മെ തടയുന്നത്? നമ്മള്‍ ചരിത്രം മാറ്റിയെഴുതാന്‍ കഠിനാധ്വാനം ചെയ്യണം).

മോഡി- ഷാമാരുടെ ആഹ്വാനത്തിന് തൊട്ടുപിന്നാലെ വന്ന ഒരു വാര്‍ത്ത കൂടി വായിക്കാം: “New Delhi, Nov 29 (PTI) The Indian Council of Historical Research (ICHR) has embarked on a project to compile the history of science and technology, and economics in the country from ancient times to present, a senior official said.
The move is part of efforts to compile a comprehensive history of India from the Indian perspective based on a cross-section of sources spanning different regions and local languages, ICHR Secretary Umesh Ashok Kadam told PTI. He said the present comprehensive history of India has been influenced by the medieval Islamic period and the colonial rule, while the post-Independence writings have a pronounced Marxist perspective. For the project titled “History of Indian Science and Technology’, the ICHR has approached the Indian Space Research Organisation (ISRO) and sent a concept note to S Somanath, the chairman of the space agency. Kadam said the Education Ministry has sanctioned Rs 25 lakh for the project on science and technology and the Council would soon include scientists, historians and subject matter experts in this regard.The History of Science and Technology will be compiled in six volumes with two volumes each dedicated to ancient history, medieval history and modern era. The first volume is expected to be ready in five months with the aim to release it by March 22 next year, Kadam said. A similar structure would be followed in the compilation of economic history of the country. The Comprehensive History of India project is expected to cost Rs 5 crore. Kadam said the ICHR was also working on a project to create a digital library of sources in diverse languages related to Indian culture and history. “There is a lot of reference material and rich information linked to India’s history in local languages in different parts of the country. This is available in ancient Telugu, Tamil, Prakrit, Magahi, Kashmiri, Braj and other local languages,’ he said. Kadam said some private institutions and libraries too have some material that can be compiled, digitised and made available on the ICHR website for future reference.He also claimed that the role of ICHR in this regard was not political but an academic pursuit to present the real picture.’

(ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഹിസ്‌റ്റോറിക്കല്‍ റിസര്‍ച്ച്, പുരാതനകാലം മുതല്‍ സമകാലം വരെയുള്ള ഇന്ത്യയുടെ ശാസ്ത്രസാങ്കേതിക, സാമ്പത്തിക ചരിത്രം രചിക്കാനുള്ള പദ്ധതിക്ക് രൂപം നല്‍കി. വിവിധ പ്രാദേശിക ഭാഷാ സമൂഹങ്ങളിലായി ചിതറിക്കിടക്കുന്ന വസ്തുതകള്‍ ക്രോഡീകരിച്ച് ഇന്ത്യന്‍ വീക്ഷണകോണില്‍ നിന്നുള്ള ചരിത്ര രചനയാണ് ലക്ഷ്യംവെക്കുന്നത്. ഇപ്പോള്‍ നിലവിലുള്ള ചരിത്ര പാഠങ്ങള്‍ മധ്യകാല ഇസ്‌ലാം- കൊളോണിയല്‍ വാഴ്ചയുടെ സ്വാധീനമുള്ളതാണ്. സ്വാതന്ത്ര്യാനന്തര ചരിത്രപാഠമാകട്ടെ മാര്‍ക്‌സിസ്റ്റ് പരിപ്രേക്ഷ്യമുള്ളതും. പദ്ധതിക്കായി ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്റെ സഹകരണം ഉറപ്പാക്കും. പദ്ധതിയുടെ രൂപരേഖ ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ എസ്. സോമനാഥിന് കൈമാറി. പദ്ധതിക്കായി വിദ്യാഭ്യാസ വകുപ്പ് 25 ലക്ഷം അനുവദിച്ചു. ശാസ്ത്രജ്ഞരെയും ചരിത്രകാരന്‍മാരെയും വിഷയ വിദഗ്ധരെയും ഉള്‍പ്പെടുത്തി ഒരു പാനല്‍ തയാറാക്കും. ആറ് വോള്യങ്ങളുള്ള ഗ്രന്ഥ സമുച്ഛയമാണ് ലക്ഷ്യം. പൗരാണികമധ്യകാല ആധുനിക ചരിത്രത്തിനായി രണ്ട് വോള്യങ്ങള്‍ വീതമുണ്ടാകും. അടുത്ത വര്‍ഷം മാര്‍ച്ച് 22 ന് ആദ്യ വോള്യം പുറത്തിറക്കും. ഇതേ ഘടനയില്‍ ഇന്ത്യയുടെ സാമ്പത്തിക ചരിത്രവും തയാറാക്കും. ഇന്ത്യയുടെ സമഗ്ര ചരിത്രം രചിക്കുക എന്ന ഈ പദ്ധതിക്ക് അഞ്ച് കോടിയാണ് ചിലവ് പ്രതീക്ഷിക്കുന്നത്. ഇതാണ് വാര്‍ത്താ സംഗ്രഹം). വാര്‍ത്തകള്‍ അതേപടി ഉദ്ധരിച്ചതിന്റെ താല്‍പര്യം ലളിതമാണ്. വാര്‍ത്തകള്‍ വായിക്കണം എന്ന് ഓര്‍മിപ്പിക്കല്‍.

എന്താണ് ഈ മൂന്ന് വാര്‍ത്തകളിലേയും പുതുമ? ഉണ്ട്. 2014 മുതല്‍, അതായത് വ്യക്തവും ദീര്‍ഘകാല പ്രഭാവമുള്ളതുമായ അധികാരാര്‍ജനം സംഭവിച്ചതുമുതല്‍ ഇത്തരം വാക്കുകള്‍ പുറത്തുവരുന്നുണ്ട്. പലയിടങ്ങളില്‍, പല രീതികളില്‍. വളരെ ജാഗ്രതയുള്ള ചില മാധ്യമങ്ങള്‍ അത് വാര്‍ത്തയാക്കാറുണ്ട്. ആദ്യകാലങ്ങളില്‍ ഇത്തരം പ്രസ്താവനകളോട് ഗൗരവമായ പ്രതികരണങ്ങള്‍ വന്നിരുന്നത് ഓര്‍ക്കുന്നു. എന്താണ് ചരിത്രമെന്ന് വിശദീകരിക്കാനുള്ള ശ്രമങ്ങളും നടന്നു. പിന്നെ പ്രസ്താവനകള്‍ തുടര്‍ക്കഥ ആയപ്പോള്‍ ആ ഗൗരവം ചോരാന്‍ തുടങ്ങി. ആ ജാഗ്രത പോയ്മറഞ്ഞു.

ഇപ്പോള്‍ അന്നത്തെ ആ പ്രസ്താവനകള്‍ ആശയം എന്നതില്‍ നിന്ന് ഭൗതികരൂപമാര്‍ജിക്കുകയാണ്. ഇന്ത്യാ ചരിത്രം പൊളിച്ചെഴുതി പുസ്തകമാക്കുകയാണ്. സവര്‍ക്കറെ വീര നായകനാക്കിയതിന് പ്രതിഫലമായി പല പുരസ്‌കാരങ്ങളും കിട്ടിയ രഘുവേന്ദ്ര തന്‍വറാണ് ഇപ്പോള്‍ ഐ.സി.എച്ച്. ആറിന്റെ അധ്യക്ഷന്‍. ആ ഐ.സി.എച്ച്.ആര്‍ സമഗ്രമായൊരു ചരിത്ര രചനയ്ക്ക് കോപ്പു കൂട്ടുകയാണ്. ശാസ്ത്ര ചരിത്രമെഴുതാന്‍ ഐ.എസ്.ആര്‍.ഒ ആണ് കൂട്ടാളി. ആരാണ് മാര്‍ഗ നിര്‍ദേശമെന്ന് പറയേണ്ടതില്ല. അതാണല്ലോ അമിത് ഷാ പറഞ്ഞത്. അതാണല്ലോ മോഡി ഓര്‍മിപ്പിച്ചത്.

അങ്ങനെ എഴുതിയാലെന്താ എന്നല്ലേ അടുത്ത ചോദ്യം. കാര്യമുണ്ട്. എന്താണ് ഭരണകൂടം നിലവിലുള്ള ചരിത്ര പാഠങ്ങള്‍ക്ക് മേല്‍ ചുമത്തുന്ന കുറ്റം? അത് ഇന്ത്യന്‍ പാരമ്പര്യത്തെ പിന്‍പറ്റുന്നില്ല. അത് മധ്യകാല ഇസ്‌ലാമിന്റെ സ്വാധീനമുള്ളതാണ് അത് മാര്‍ക്‌സിസ്റ്റ് പരിപ്രേക്ഷ്യമുള്ളതാണ്. അത് മുഗളരെ വൈദേശിക ശക്തികളായി കാണുന്നില്ല. അത് ഇന്ത്യന്‍ വീരന്‍മാരെക്കുറിച്ച് എഴുതുന്നില്ല.
ഇപ്പോള്‍ വ്യക്തമാണല്ലോ? അപ്പോള്‍ ഇനി എഴുതപ്പെടുന്ന ഔദ്യോഗിക ചരിത്രത്തിന്റെ ഉള്ളടക്കം എന്തായിരിക്കും? അത് ഇന്ത്യന്‍ നാട്ടുരാജാക്കന്‍മാര്‍ എല്ലാ അധിനിവേശകരെയും വാളിനാല്‍ തുരത്തിയ അമര്‍ചിത്രകഥയായിരിക്കും. പഞ്ചായത്തിനേക്കാള്‍ ചെറിയ നാട്ടുരാജ്യങ്ങള്‍ സാമ്രാജ്യങ്ങളെന്ന് കഥകളാക്കും. തൊട്ടടുത്ത നാട്ടുരാജ്യത്തിനോടുള്ള കുടിപ്പകയും കുശുമ്പും മൂത്ത് ബ്രിട്ടന് ദാസ്യവേല ചെയ്തവര്‍ വീരപോരാളികളാവും. യുദ്ധം ചെയ്ത് നേടിയ സ്വാതന്ത്ര്യം, ശിവജി വാളിനാല്‍ കോര്‍ത്തെടുത്ത സ്വാതന്ത്ര്യം എന്നെല്ലാം കഥകള്‍ വരും. വന്നോട്ടെ എന്നാണോ? വന്നാല്‍ എന്താ കുഴപ്പം മറ്റ് ചരിത്ര പാഠങ്ങള്‍ ആരും നിരോധിച്ചിട്ടില്ലല്ലോ എന്നാണോ? കുഴപ്പമുണ്ട്. നമ്മുടെ കുഞ്ഞുങ്ങള്‍ ഇനി പഠിക്കുക അതായിരിക്കും. കുഞ്ഞിലേ പഠിക്കുന്ന ചരിത്രത്തില്‍ ഇന്ത്യയെ അക്രമിച്ച ഭീകരരായി മുഗളന്‍മാരും അവരുടെ പിന്‍മുറയായി മുസ്‌ലിംകളും അടയാളപ്പെടും. പതിയെ സർവകലാശാലകളില്‍ ആ ചരിത്ര പാഠങ്ങള്‍ മാത്രം അവശേഷിക്കും. രാമായണത്തിലെ അമ്പുകള്‍ മിസൈലുകളുടെ ആദ്യ രൂപമെന്ന് ഐ.എസ്.ആര്‍.ഓ യുടെ കൈയൊപ്പോടു കൂടി ശാസ്ത്ര ചരിത്രം വന്നാല്‍? ഇപ്പോള്‍ത്തന്നെ ഒരു ഹിന്ദു ക്ഷേത്രത്തിന്റെ മട്ടും മാതിരിയും ഉണ്ട് ഐ.എസ്.ആര്‍.ഓയ്ക്ക്. അവിടെ നിന്ന് അതല്ലാതെ പുറപ്പെടില്ല.

ചരിത്രം ഒരു സമൂഹത്തിലെ അദൃശ്യമായ രാസത്വരകമാണ്. അത് ഒരു സര്‍വകലാശാല വിഷയം മാത്രമല്ല. അത് പഠിക്കുന്നവരുടെ മാത്രം പരിഗണനയുമല്ല. ചരിത്രമായി പ്രചരിക്കുന്ന സംഗതികളാണ് സാമൂഹികമായി വികസിക്കുക. സ്വാതന്ത്ര്യസമരത്തിന്റെ ചരിത്രത്തില്‍ ഗാന്ധി ഉള്ളതുകൊണ്ടാണ് ഗാന്ധി എന്ന ജീവിതമൂല്യം ഇന്ത്യയില്‍ ബാക്കിയുള്ളത്. അതോര്‍ക്കണം. സ്വാതന്ത്ര്യ സമരത്തിന്റെ പുതിയ ചരിത്രം സവര്‍ക്കറുടെ കഥയാണ് പറയുന്നതെങ്കില്‍ പതിറ്റാണ്ട് കഴിഞ്ഞാല്‍ സവര്‍ക്കറുടെ ഇന്ത്യ വരും.

വരാതിരിക്കാന്‍ നാം കൊടുക്കേണ്ട വില ജാഗ്രതയാണ്. നമ്മുടെ തെരുവുകളിലേക്ക് യഥാര്‍ഥ ചരിത്രം മികവുള്ള ഭാഷയില്‍ ഒഴുകട്ടെ. ആപത്തിന്റെ നിമിഷത്തില്‍ നമുക്ക് ശരിയായ ഓര്‍മകളെ കൈയെത്തിപ്പിടിക്കാം.

കെ കെ ജോഷി

You must be logged in to post a comment Login