വിജയിക്കാം, ഗുരുത്വം വേണം

വിജയിക്കാം, ഗുരുത്വം വേണം

പല്ലനയാറും പാനൂരിന്റെ ഗ്രാമഭംഗിയും കടന്ന് ഉസ്താദിന്റെയടുത്തെത്തുമ്പോള്‍ ഉള്ളില്‍ ആദരവ് നിറഞ്ഞ പേടിയും നിറഞ്ഞ ആകാംക്ഷയായിരുന്നു. ഉസ്താദ് വിശ്രമത്തിലാണ്. പ്രായത്തിന്റെ ക്ഷീണം ഉണ്ടെങ്കിലും മനസ് ഊര്‍ജസ്വലമാണ്. തന്നെ കാണാന്‍ എത്തുന്നവരെ സന്തോഷത്തോടെ സ്വീകരിക്കുന്നു. അവര്‍ക്ക് വേണ്ടി പ്രാര്‍ഥിക്കുന്നു. ഹദ്്‌യകള്‍ നല്‍കുന്നു. വരുന്നവരോട് ഇടയ്ക്കിടയ്ക്ക് ഭക്ഷണം കഴിച്ചോ എന്ന് ചോദിക്കുന്നു. അതിഥികളെ അത്ഭുതപ്പെടുത്തുന്ന ആ സ്നേഹമാണ് വൈലിത്തറ ഉസ്താദ്.

അകത്തേക്ക് കടക്കുമ്പോള്‍ കേള്‍ക്കുന്നത് തഅ്ജീലുല്‍ ഫുതൂഹായിരുന്നു. സലാം പറഞ്ഞപ്പോഴേ ഇങ്ങോട്ട് പരിചയപ്പെടാന്‍ തുടങ്ങി. ചെറിയ കേള്‍വിക്കുറവുണ്ട്. നല്ല ഉച്ചത്തില്‍ ചോദിക്കണം. ചോദ്യകര്‍ത്താവ് പരാജയപ്പെട്ടാല്‍ ഉസ്താദ് തന്നെ ഖാദിമിനെ വിളിച്ച് അവരെ സഹായിക്കും. സഖാഫിയാണെന്ന് പറഞ്ഞപ്പോള്‍ പെട്ടെന്ന് തന്നെ എ പി ഉസ്താദിനെപ്പറ്റി തിരക്കി. ‘എ പിക്ക് ഇപ്പോള്‍ എങ്ങനെയുണ്ട്. ആകെ പേടിച്ചുപോയി, അസുഖമാണെന്ന് അറിഞ്ഞപ്പോള്‍. ഇവിടെ ഞങ്ങള്‍ ഒരുപാട് ദുആ ചെയ്തു. ഞങ്ങള്‍ തമ്മില്‍ വലിയ ഹൃദയബന്ധമുണ്ട്. എനിക്ക് എ പിയെ വലിയ സ്നേഹമാണ്. എ പിക്ക് എന്നെയും. ആശുപത്രി വിടുന്നു എന്നറിയുമ്പോള്‍ വലിയ സന്തോഷമുണ്ട്. ഞങ്ങളെപ്പോലെ അല്ലല്ലോ, ഒരുപാട് സ്ഥാപനങ്ങളൊക്കെയുള്ള വലിയ നേതാവല്ലേ’. വിനയം നിറഞ്ഞ് കത്തുന്ന ആ വെളിച്ചത്തിനരികിലിരുന്ന് സംസാരിച്ചുതുടങ്ങി.

വയലില്‍ തറയും ഉപ്പയും
വൈലിത്തറ വയലില്‍ തറയാണ്. ചുറ്റുഭാഗത്തും വയലായിരുന്നു അന്ന്. ഇടയില്‍ തുരുത്തുപോലെ ഒരു പ്രദേശം, അതാണ് വയലില്‍ തറ. പിന്നീടത് വൈലിത്തറയായി.
ഉപ്പയാണ് ആദ്യഗുരു. സൂഫിവര്യനും പണ്ഡിത ശ്രേഷ്ഠനുമായിരുന്നു. പിതാവിന്റെ അതേ പേര് തന്നെയാണ് എനിക്കും. വൈലിത്തറ മുഹമ്മദ് കുഞ്ഞി മുസ്‌ലിയാര്‍, ആ പേര് ഏവര്‍ക്കും സുപരിചിതമായിരുന്നു. ഖുതുബി മുഹമ്മദ് മുസ്‌ലിയാര്‍, ഓച്ചിറ ഉസ്താദ് തുടങ്ങിയ മഹത്തുക്കളുടെ ശിഷ്യനുമാണ്. മക്കള്‍ക്ക് ദീനി വിദ്യാഭ്യാസം നല്‍കുന്നതില്‍ ഉപ്പ നല്ല ശ്രദ്ധ കാണിച്ചിരുന്നു. ചെറുപ്പകാലത്ത് തന്നെ ഖുര്‍ആന്‍ മനോഹരമായി പാരായണം ചെയ്യുന്നത് പരിശീലിപ്പിക്കാന്‍ വേണ്ടി വീട്ടില്‍ നല്ല ഖാരിഉകളെ(ഖുര്‍ആന്‍ പാരായണത്തില്‍ പ്രാവീണ്യമുള്ളവര്‍) ഏര്‍പ്പാടാക്കിയിരുന്നു. അങ്ങനെ കുട്ടിക്കാലത്ത് തന്നെ ഖുര്‍ആന്‍ പഠിക്കാനുള്ള ഭാഗ്യമുണ്ടായി.

പഠനം
വീട്ടിലെ പ്രാഥമിക പഠനങ്ങള്‍ക്കുശേഷം അമ്പലപ്പുഴയില്‍ തകഴി മുഹമ്മദ് മുസ്‌ലിയാര്‍, ഓച്ചിറ ഉസ്താദ്, കണിയാപുരം കോട്ടക്കര ഇബ്‌റാഹിം മുസ്‌ലിയാര്‍ കുട്ടിഹസന്‍ മുസ്‌ലിയാര്‍, വമ്പേനാട് എം സി മുഹമ്മദ് മുസ്‌ലിയാര്‍ തുടങ്ങിയ വലിയ പണ്ഡിതന്മാരുടെ ശിഷ്യത്വം നേടാന്‍ സാധിച്ചു.
ഓച്ചിറ ദര്‍സില്‍ നിന്നൊഴിഞ്ഞ് പഠനത്തില്‍ നിന്ന് ഇടക്കാലത്ത് വിട്ടുനിന്നിരുന്നു. പിതാവിനും പിതാവിനെ സ്നേഹിക്കുന്നവര്‍ക്കും അത് വലിയ വേദനയായിരുന്നു. ആ ഇടയ്ക്കാണ് ഇടക്കഴിയൂര്‍കാരന്‍ അഹമ്മദ് മുസ്‌ലിയാര്‍ എന്നെ സമീപിച്ച് വേമ്പനാട്ടില്‍ ദര്‍സില്‍ ചേര്‍ത്തിത്തരാമെന്ന് പറയുന്നത്. ഇംഗ്ലീഷ് പഠിക്കാനും മറ്റുമൊക്കെ അവിടെ സൗകര്യമുണ്ടെന്ന വിവരം എന്നെ കൂടുതല്‍ ആകര്‍ഷിച്ചു. അങ്ങനെ വീണ്ടും ദര്‍സില്‍ ചേരാനുള്ള ആഗ്രഹം ഉമ്മയെ അറിയിച്ചു. ഉമ്മാക്ക് വലിയ സന്തോഷമായി. വലിയുപ്പ വസ്ത്രം വാങ്ങി തയ്പിച്ച് എന്നെ ഒരുക്കി അയച്ചു. ഒരു കൊച്ചു പരിഷ്‌കാരി പോലെ ഒക്കെ ആയിരുന്നു അന്ന് ഞാന്‍. പക്ഷേ വമ്പേനാട് ഉസ്താദ് സന്തോഷത്തോടെ എന്നെ സ്വീകരിച്ചു. ആറുമാസം കഴിഞ്ഞാണ് പിന്നെ വീട് കാണുന്നത് തന്നെ. അത്രമാത്രം ദര്‍സുമായും ഉസ്താദുമായും അടുത്തു. ജീവിതത്തിലെ പല പ്രധാന മേഖലയിലേക്കും തിരിയുന്നത് അവിടെ നിന്നാണ്. അവിടെ വെച്ച് പല കാര്യങ്ങളുടെയും മേല്‍നോട്ടത്തിന് ഉസ്താദ് എന്നെ നിയോഗിച്ചിരുന്നു. അവിടെ പഠിക്കുമ്പോഴാണ് പ്രസംഗകലയിലേക്ക് കൂടുതല്‍ ശ്രദ്ധിക്കുന്നതും അവസരങ്ങള്‍ തുറക്കുന്നതും.

ആദ്യത്തെ പ്രസംഗം
1948 ലാണത്. അന്ന് വയസ്സ് 18. പാനൂരിലെ ഒരു വായനശാല ഉദ്ഘാടന വേദിയാണ് രംഗം. വിജ്ഞാനപ്രദായിനി ഗ്രന്ഥശാല. അധ്യക്ഷന്‍ ആര്യഭട്ട സ്വാമിയായിരുന്നു. ഒരുപാട് പ്രമുഖരും വേദിയിലുണ്ട്. എന്നെ വിളിച്ചു.

കൊച്ചാപ്പ ഒരു പ്രസംഗം എഴുതിത്തന്നിരുന്നു. അത് നന്നായി പഠിച്ചിരുന്നു. അരമണിക്കൂറോളം സംസാരിച്ചു. സദസും വേദിയും സംസാരം നന്നായി ശ്രദ്ധിച്ചു. അധ്യക്ഷനായ സ്വാമി ഉള്‍പ്പെടെ പലരും അഭിനന്ദിച്ചു. നല്ല ഭാവി ആശംസിച്ചു. വമ്പേനാട് ദര്‍സിലെ സാഹിത്യ സമാജങ്ങള്‍ പ്രസംഗരംഗത്ത് ഒരുപാട് സഹായം ചെയ്തു. പഠനത്തില്‍ ഒരു വീഴ്ചയും വരുത്താതെയുള്ള സമാജങ്ങള്‍ക്കേ ഉസ്താദ് സമ്മതം മൂളൂ.അതിനിടയില്‍ നല്ലൊരു അനുഭവം ഉണ്ടായി. നാട്ടിലെ പള്ളിയില്‍ ജുമുഅക്ക് ശേഷം പ്രസംഗിക്കാനുള്ള അവസരമുണ്ടായി. എന്റെ വീട്ടുകാര്‍ക്കും പ്രസംഗം നന്നായി പിടിച്ചു. ഒരുപാട് പേര്‍ നല്ല വാക്കുകള്‍ പറഞ്ഞു. പലരുടെയും കണ്ണുകള്‍ നനഞ്ഞു. ഞാന്‍ പ്രസംഗിച്ചപ്പോള്‍ അവര്‍ക്ക് പിതാവിനെ ഓര്‍മ വന്നു.

ഇത്തരം പ്രോത്സാഹനങ്ങളാണ് പ്രസംഗകല വികസിപ്പിക്കാനുള്ള വഴിയൊരുക്കിയത്. ഹരിപ്പാടാണ് ആദ്യ പരമ്പര നടത്തിയത്. 12 ദിവസം നീണ്ടുനിന്ന പരിപാടി. പിന്നെ പരിസര പ്രദേശങ്ങളില്‍ പരിപാടികളായി.

പ്രഭാഷണത്തിലെ പ്രചോദനങ്ങള്‍
ഉസ്താദുമാരുടെ പ്രചോദനമായിരുന്നു എപ്പോഴും മനസ്സില്‍ നിറഞ്ഞു നിന്നിരുന്നത്. അതുപോലെ ഒരുപാട് സ്നേഹജനങ്ങളും പ്രോത്സാഹിപ്പിച്ചിരുന്നു. പത്രങ്ങളിലും മാഗസിനുകളിലും പ്രസംഗത്തെ സംബന്ധിച്ച് ഫീച്ചറുകള്‍ വന്നത് സാധുവായ എന്റെ സംസാരങ്ങളിലൂടെ ദീന്‍ പല മേഖലയിലും എത്താനും പ്രഭാഷണം ഒരുപാട് പേര്‍ കേള്‍ക്കാനും വഴിയൊരുക്കിയിരുന്നു. അന്ന് പ്രസിദ്ധനായ കെ കെ വാസുദേവന്‍ നായര്‍ എന്റെ പ്രഭാഷണം കേള്‍ക്കാന്‍ ഇടയാവുകയും 1964ല്‍ “മലയാള രാജ്യത്തില്‍’ അദ്ദേഹം അതിനെ സംബന്ധിച്ച് നീണ്ട ലേഖനം എഴുതുകയും ചെയ്തു.

മലബാര്‍ അനുഭവങ്ങള്‍
മലബാറില്‍ ആദ്യമായി വടകരയിലാണ് പ്രസംഗിക്കുന്നത്. ബുസ്താനുല്‍ ഉലൂം മദ്‌റസയിലെ പരിപാടിയായിരുന്നു. പിന്നീട് കോഴിക്കോട് കുറ്റിച്ചിറയില്‍ 17 ദിവസം നീണ്ടുനിന്ന പരമ്പര നടത്തി. മലപ്പുറം, വയനാട് ഭാഗങ്ങളില്‍ നിന്നുവരെ ഒരുപാട് പേര്‍ അവിടേക്ക് എത്തിയത് ഏറെ സന്തോഷം നല്‍കിയിരുന്നു. ആ 17 ദിവസവും ഒരു ഉറൂസിന്റെ പ്രതീതി ആയിരുന്നു. പാലക്കാട്, കണ്ണൂര്‍, കാസര്‍ഗോഡ് പ്രദേശങ്ങളിലും നീണ്ട പരമ്പരകള്‍ നടന്നിരുന്നു. പാലക്കാട് കല്‍മണ്ഡപത്തില്‍ നടന്ന പരിപാടിയില്‍ വലിയ ജനത്തിരക്കായിരുന്നു. വേദിയില്‍ ജനങ്ങളെ ഉള്‍ക്കൊള്ളാത്തതു കൊണ്ട് അവര്‍ ഗ്യാലറി തയാറാക്കിയത് ഓര്‍മയിലുണ്ട്.

നിഷ്ഠയും മാതൃകയും
ബദ്്രിയ്യത്ത് ഹംസിയ്യ ചൊല്ലി മാത്രമേ ഞാന്‍ പ്രസംഗിച്ചിട്ടുള്ളൂ. വഅള് തുടങ്ങുന്നതിനു മുമ്പ് എപ്പോഴെങ്കിലും ചൊല്ലിത്തീര്‍ക്കും. അവരുടെ കാവല്‍ ആയിരുന്നു എനിക്ക് ലഭിച്ചിരുന്നത്. പിന്നെ എവിടെയും വിജയിക്കാന്‍ ഉസ്താദുമാരുടെ പൊരുത്തം ആവശ്യമാണ് എന്ന വലിയ വിശ്വാസവും ഉണ്ട്. ഓരോ വിഷയവും അതിന്റെ ആഴത്തില്‍ തന്നെ പഠിക്കാന്‍ ശ്രമിച്ചിരുന്നു. വിഷയങ്ങള്‍ പറയുമ്പോഴും അതിലുള്ള ആയത്തുകളും ഹദീസുകളും നന്നായി അന്വേഷിച്ച് കണ്ടെത്തി പറയുമായിരുന്നു. വിഷയങ്ങളെ പൊതുവായും സമീപിച്ചു. ശ്രോതാക്കള്‍ മാറുന്നതിനനുസരിച്ച് ഇംഗ്ലീഷും സാഹിത്യവും കവിതയുമെല്ലാം ആശയങ്ങള്‍ സമര്‍ഥിക്കാന്‍ ഉപയോഗിച്ചു. പാഠമുള്ള ഫലിതങ്ങളും പ്രഭാഷണത്തെ സഹായിക്കുമായിരുന്നു.

ആരെയും മാതൃകയാക്കാനും അനുകരിക്കാനും ശ്രമിച്ചിട്ടില്ല. സ്വന്തം നിലയ്ക്ക് അങ്ങ് പ്രസംഗിക്കല്‍ ആയിരുന്നു. ചെറുപ്പകാലത്ത് ഉപ്പയുടെ പ്രഭാഷണങ്ങള്‍ കേട്ടിട്ടുണ്ട്. അത് കേള്‍ക്കുന്നവര്‍ക്ക് പിന്നെ അത് മതിയായിരുന്നു. അത്ര സമ്പന്നമായിരുന്നു ആ പ്രസംഗങ്ങള്‍.

നിങ്ങള്‍ക്കും പ്രസംഗിക്കാം, പക്ഷേ
പള്ളിക്കൂടത്തിന്റെ വരാന്ത കണ്ടിട്ടില്ലാത്ത ആളാണ് ഞാന്‍. പക്ഷേ, പ്രഭാഷണം നടത്തണമെങ്കില്‍ നന്നായി പഠിക്കണം. കേരളം പോലെയുള്ള അഭ്യസ്തവിദ്യരുടെ നാട്ടിലാകുമ്പോള്‍ വിഷയങ്ങള്‍ ആഴത്തില്‍ പഠിച്ചു മാത്രമേ പറയാവൂ. ഭാഷയില്‍ നല്ല കഴിവ് വേണം. എല്ലാ മതങ്ങളെക്കുറിച്ചും പഠിക്കണം. ഇന്ത്യന്‍ നിയമങ്ങള്‍ പഠിക്കണം. മതസൗഹാര്‍ദത്തെപ്പറ്റി പറയുമ്പോള്‍ ഇന്ത്യന്‍ പീനല്‍ കോഡ് പരാമര്‍ശിക്കാതെ പറയാന്‍ കഴിയുമോ?

പഠിച്ച് പറയുക- അതാണ് പ്രധാനം. ഭരണഘടനയെപ്പറ്റിയും നല്ല ധാരണ വേണം. നല്ല പ്രഭാഷകര്‍ക്ക്, ജനങ്ങള്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന തെറ്റിദ്ധാരണകളുടെ അതിരുകള്‍ മായ്ക്കാന്‍ കഴിയും. വളരെ നല്ല സൗഹൃദത്തിലാണ് മുമ്പ് ഇവിടെ വിവിധ മതങ്ങള്‍ കഴിഞ്ഞിരുന്നത്. ഇപ്പോഴും അങ്ങനെ തന്നെ. കുറഞ്ഞ ചില ആളുകള്‍ മാത്രമാണ് പ്രശ്നക്കാര്‍.

ഇടപ്പള്ളി രാജാവിന്റെ അധീനതയിലുള്ള സ്ഥലത്ത് 400 ഹൈന്ദവ കുടുംബങ്ങള്‍ക്കിടയിലെ ഏക മുസ്‌ലിം കുടുംബം ആയിരുന്നു ഞങ്ങളുടെ ചെറുവാപറമ്പില്‍ വീട് എന്ന തറവാട്. അവിടുള്ള ഹൈന്ദവ കുടുംബങ്ങള്‍ ഒരുപാട് സ്നേഹത്തിലും സൗഹാര്‍ദത്തിലും ആയിരുന്നു ഞങ്ങളോട് ഇടപെട്ടിരുന്നത്. സ്‌കൂളില്‍ പോയി പഠിക്കാനുള്ള അവസരം ഇല്ലായിരുന്നു. അക്ഷരം പഠിപ്പിച്ചത് ചൊല്ലിക്കാട്ടില്‍ ഗോവിന്ദന്‍ ആശാന്‍ ആയിരുന്നു. എനിക്ക് ഒരുപാട് ഹിന്ദു സുഹൃത്തുക്കള്‍ ഉണ്ട്. വൈലിത്തറ വീട്ടിലേക്ക് അങ്ങനെ ഒരുപാട്പേര്‍ വരും. അവര്‍ക്ക് യഥാര്‍ഥ ഇസ്‌ലാം എന്താണെന്ന് നമുക്ക് ജീവിതം കൊണ്ട് കാട്ടിക്കൊടുക്കാന്‍ കഴിയുമായിരുന്നു.

പണ്ഡിതന്മാര്‍ വരട്ടെ
പഠിക്കുക, പഠിക്കുക, പഠിക്കുക. ആഴത്തിലുള്ള പഠനമാണ് ഏറെ പ്രധാനം. ഇന്ന് വളരെവേഗം കിതാബുകള്‍ ഓതിത്തീര്‍ക്കുന്ന പ്രവണത വര്‍ധിച്ചുവരികയാണ്. പഴയ ശൈലിയിലെ പ്രധാനപ്പെട്ട കാര്യങ്ങള്‍ പലതും വിസ്മൃതമാകുന്നു. ഒന്നോ രണ്ടോ കൊല്ലം കൊണ്ടാണ് ഫത്ഹുല്‍ മുഈനും അല്‍ഫിയയും ഓതിത്തീര്‍ക്കുന്നത്. അത് എങ്ങനെ അംഗീകരിക്കാനാകും. ഓച്ചിറ ഉസ്താദിന്റെ ദര്‍സില്‍ പത്തുവര്‍ഷമായിരുന്നു ഫത്ഹുല്‍ മുഈന്‍ പിരീഡ്. ഫത്ഹുല്‍ മുഈന്‍ ഓതിക്കഴിയുമ്പോഴേക്കും തുഹ്ഫ, നിഹായ, റൗള തുടങ്ങിയ കര്‍മശാസ്ത്ര ഗ്രന്ഥങ്ങളോടൊക്കെ അന്നത്തെ വിദ്യാര്‍ഥിക്ക് അടുപ്പം ഉണ്ടാകുകയും ഫിഖ്ഹ് വിഷയത്തില്‍ നല്ല അവഗാഹം നേടുകയും ചെയ്യുമായിരുന്നു. ഈ ആധികാരിക പഠനം ഇന്ന് ഇല്ല. അതുകൊണ്ടുതന്നെ പുതിയ പണ്ഡിതരുടെ മൂല്യം കുറയുകയാണ്.

ആധികാരികമായി മതവിധി പറയാന്‍ കെല്‍പുള്ള പണ്ഡിതന്മാര്‍ പുതിയ തലമുറയില്‍ കുറവാണ്. ഫത്ഹുല്‍ മുഈന്‍ പഠനത്തില്‍ വരുന്ന ഈ അലംഭാവം അവരുടെ കര്‍മശാസ്ത്ര അറിവിനെ ബാധിക്കും. ഇസ്‌ലാമിക കര്‍മശാസ്ത്രമാണല്ലോ മനുഷ്യന്റെ ദൈനംദിന ജീവിതത്തെ കൂടുതല്‍ സ്പര്‍ശിക്കുന്നത്. പുതിയ പ്രശ്നങ്ങള്‍ ഉടലെടുക്കുമ്പോള്‍ അതിന്റെ ഇസ്‌ലാമിക വീക്ഷണം ജനങ്ങള്‍ക്ക് ബോധ്യപ്പെടുത്തേണ്ടത് പണ്ഡിതന്മാരാണ്. ജനങ്ങളുടെ മതജീവിതത്തെ നിയന്ത്രിക്കുന്ന വിജ്ഞാനശാഖ കൂടിയായ കര്‍മശാസ്ത്രം എങ്ങനെ അവഗണിക്കാന്‍ കഴിയും. ഏറ്റവും പ്രഗല്‍ഭരായ പണ്ഡിതന്മാരാണ് ഫത്ഹുല്‍ മുഈന്‍ എടുക്കേണ്ടത്. പക്ഷേ പല ദര്‍സുകളിലും സീനിയര്‍ വിദ്യാര്‍ഥികളെ ഏല്‍പ്പിക്കുന്നത് കാണുന്നുണ്ട്.

കുടുംബം
വലിയ പണ്ഡിതനും സൂഫിവര്യനും ആയിരുന്ന വേണാട്ട് ഹൈദ്രോസ് മുസ്‌ലിയാരുടെ പുത്രി ഖദീജയാണ് ഭാര്യ. വേമ്പനാട് പഠിക്കുന്ന കാലത്താണ് വിവാഹം നടന്നത്. മക്കള്‍ അഡ്വ. മുജീബ് റഹ്‌മാന്‍, സുഹൈലു റഹ്‌മാന്‍, സഹ് ലുറഹ്‌മാന്‍, യാസ്മീന്‍, തസ്നീം.
പ്രായത്തിന്റെ അവശതകള്‍ ഉണ്ടെങ്കിലും അറിവ് തേടാനുള്ള ആ മനസ്സ് നമ്മെ അദ്ഭുതപ്പെടുത്തും; ആ വിനയവും. ഒരു നല്ല പ്രഭാഷണകാലത്തിന്റെ ജീവിതപാഠം കൂടിയാണ് വൈലിത്തറ മുഹമ്മദ് കുഞ്ഞി മുസ്‌ലിയാര്‍.

സംസാരം/ വൈലിത്തറ മുഹമ്മദ് കുഞ്ഞി മൗലവി
തയാറാക്കിയത്: അല്‍വാരിസ് മുഹമ്മദ് ജൗഹരി കടക്കല്‍

You must be logged in to post a comment Login