മൊറോക്കോ മടങ്ങി, ഇനി പറയൂ ഫുട്‌ബോള്‍ വെറും കളിയായിരുന്നോ?

മൊറോക്കോ മടങ്ങി, ഇനി പറയൂ ഫുട്‌ബോള്‍ വെറും  കളിയായിരുന്നോ?

ഭൂമിയില്‍ മനുഷ്യരാല്‍ ഏറ്റവും കൂടുതല്‍ ആലോചിക്കപ്പെട്ട, എഴുതപ്പെട്ട കായിക വിനോദം ഫുട്‌ബോള്‍ ആണ്. ഒരു തുകല്‍ പന്തിന് പിന്നാലെ 20 പേരുടെ പല താളങ്ങള്‍ അന്തരാ വഹിച്ചുള്ള പാച്ചില്‍, രണ്ടുപേരുടെ ഏകാന്തവും സംഭ്രമഭരിതവുമായ കാവല്‍, കളത്തിന് പുറത്ത് പലദേശങ്ങളെ, പല വൈകാരികതകളെ ആവാഹിച്ച് ആര്‍ത്തലയ്ക്കുന്ന കാണികള്‍… ഉഗ്രപ്രതിഭയുടെ ഒരു നിമിഷത്തെ മിന്നലാട്ടത്തില്‍ ഗതിതിരിയാന്‍ വെമ്പുന്ന കളി… അങ്ങനെ പലതുമുണ്ട് ഫുട്‌ബോളിനെ ഇത്ര ജനപ്രിയമാക്കിയതിന് പിന്നില്‍. അതു മാത്രമാണോ? അല്ല. അതേക്കുറിച്ച് പറയാനാണ് ഈ ലോകകപ്പ് ആഘോഷത്തിന്റെ നാളുകളില്‍ ഈ പംക്തി പതിവ് വഴികള്‍ വിട്ട് സഞ്ചരിക്കുന്നത്.
ഫുട്‌ബോള്‍ 22 മനുഷ്യരും ഒരു തുകല്‍പ്പന്തും ചേര്‍ന്ന കളി മാത്രമല്ല, അങ്ങനെയെങ്കില്‍ ഒരു വയലിന്‍ എന്നത് കമ്പികളും മരക്കട്ടയും എന്ന് കാണേണ്ടി വരും. പക്ഷേ, അങ്ങനെയല്ലെന്ന് വയലിന്‍ കേട്ടവര്‍ക്കും ഫുട്‌ബോള്‍ കണ്ടവര്‍ക്കും അറിയാം.

സ്പെയിനിലെ റയല്‍ മാഡ്രിഡും എഫ്‌സി ബാഴ്‌സലോണയും ഫുട്‌ബോള്‍ കാണുന്നവര്‍ക്ക് അപരിചിതരല്ല. അവര്‍ തമ്മിലെ ശത്രുത അറിയാത്തവരുണ്ടാകുമോ? അതെങ്ങനെ വന്നുചേര്‍ന്ന ശത്രുതയാണെന്ന് ഇപ്പോള്‍ ആമുഖമായി ഓര്‍ക്കാം. എല്‍ ക്ലാസിക്കോ പോരാട്ടങ്ങളെക്കുറിച്ചാണ്. ധ്രുവങ്ങളുടെ അകലമുണ്ട് ഈ രണ്ട് ക്ലബുകള്‍ തമ്മില്‍. റയല്‍ മാഡ്രിഡ് സ്പാനിഷ് ദേശീയതയുടെയും ബാഴ്സ കാറ്റലന്‍ ദേശീയതയുടെയും ചിഹ്നങ്ങളായിരുന്നു. 1920-കളില്‍, റയല്‍ മാഡ്രിഡ് ഏകാധിപതിയുടെ വക്താവായിരുന്നു. ബാഴ്സലോണ ഏകാധിപത്യത്തോടുള്ള കാറ്റലന്‍ ചെറുത്തുനില്‍പിന്റെ പ്രതീകവും. റിവേറ എന്ന സ്വേച്ഛാധിപതിയുടെ വാഴ്ചക്കാലത്ത് ഈ കളിവൈരം അതിന്റെ പാരമ്യം പൂണ്ടു. ബാഴ്സലോണയില്‍വെച്ച് നടന്ന ഒരു റയല്‍-ബാഴ്സ മല്‍സരത്തിനിടെ തുടക്കത്തില്‍, സ്പാനിഷ് ദേശീയ ഗാനത്തെ കാണികള്‍ കൂവി പരിഹസിച്ചു. ബാഴ്സലോണ കാറ്റലന്‍ ദേശീയതയെ പ്രോത്സാഹിപ്പിക്കുകയാണെന്ന് ആരോപിച്ച് ക്ലബ്ബിന്റെ കളിസ്ഥലങ്ങള്‍ ആറുമാസത്തേക്ക് അടച്ചുപൂട്ടി. പിന്നീടത് മൂന്നു മാസമാക്കി ചുരുക്കിയെങ്കിലും,ബാഴ്‌സ പ്രസിഡന്റിനെ രാജിവെപ്പിച്ച് അദ്ദേഹത്തെ രാജ്യഭ്രഷ്ടനാക്കി. ബാഴ്സ ക്ഷയിച്ചു. രാജ്യം നഷ്ടപ്പെട്ട ബാഴ്‌സ പ്രസിഡന്റ് ആത്മഹത്യ ചെയ്തു. നോക്കൂ, ഒരു നൂറ്റാണ്ടിനിപ്പുറം ബാഴ്‌സയുടെയും റയല്‍ മാഡ്രിന്റെയും കളി നടക്കുന്ന മൈതാനങ്ങളെ കാണൂ. ആ കളികളില്‍ എരിയുന്ന ഒരു കനല്‍ ഇല്ലേ, അതാണ് ഫുട്‌ബോള്‍ ഒരിക്കലും ഒരു കളിയായി മാത്രം നിലനിന്ന ഒന്നല്ല എന്ന് പറഞ്ഞത്.
1986-ലെ ലോകകപ്പ് ഓര്‍ക്കാം. ഡീഗോ മറഡോണ എന്ന അസാധാരണ പ്രതിഭ ഉജ്ജ്വലിച്ച കാലം. ഇംഗ്ലണ്ടിനെതിരായ നിര്‍ണായക മല്‍സരത്തിന് മാറഡോണയുടെ അര്‍ജന്റീന ഒരുങ്ങുന്നു. അക്ഷരാര്‍ഥത്തില്‍ നിശ്ചലമായി അര്‍ജന്റീന എന്ന രാഷ്ട്രം. അന്നത്തെ അര്‍ജന്റീനിയന്‍ മാധ്യമങ്ങള്‍ അക്കളിയെ കളിയായല്ല എഴുതിയത്. അര്‍ജന്റീനയില്‍ ബ്രിട്ടണ്‍ നടത്തിയ ഫോക്‌ലാന്‍ഡ് കൂട്ടക്കുരുതിക്കുള്ള വംശാനന്തര പ്രതികാരമായി അർജന്റീന എണ്ണി, എഴുതി. ഗോളടിച്ച് ഇംഗ്ലണ്ടിനെ തോല്‍പിച്ചപ്പോള്‍ കളിക്കമ്പത്തിന്റെ ആയിരമിരട്ടി അര്‍ജന്റീനയില്‍ വിജൃംഭിച്ചത് ചരിത്രത്തിലെ ചോരപ്പാടുകളെക്കുറിച്ചുള്ള ഓര്‍മയായിരുന്നു. ഇന്നും അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ എഴുത്തുകളില്‍ അക്കളിയെ സാമ്രാജ്യത്വത്തിനെതിരില്‍ നടത്തിയ കൊടുംപോരാട്ടമായി എഴുതുന്നത് കാണാം. അതുകൊണ്ടുമാണ് പറഞ്ഞത് ഫുട്‌ബോള്‍ ഒരു കളിമാത്രമായി എണ്ണപ്പെടുന്നില്ലെന്ന്. അത് ദേശീയതയുടെ, ദേശാഭിമാനത്തിന്റെ, യുദ്ധത്തിന്റെ, ചൂഷണത്തിന്റെ, ചെറുത്തുനില്‍പിന്റെ, അതിജീവനത്തിന്റെ ഓര്‍മകളെ ഉള്‍വഹിക്കുന്ന ഒന്നാണ്. സിനദിന്‍ സിദാന്‍ എന്ന ലോകോത്തരന്‍, ഇറ്റാലിയന്‍ മറ്റരാസിയുടെ പ്രകോപനത്തില്‍ പതറി കളംവിട്ട നിമിഷത്തില്‍ നാമോര്‍ത്തത് സിദാന്‍ എന്ന കളിക്കാരനെ മാത്രമല്ല, ഒരു വലിയ ജനതയുടെ അലച്ചിലിന്റെ, ദേശനഷ്ടത്തിന്റെ, കുടിയേറ്റത്തിന്റെ ഓര്‍മകളെയാണ്. ഫുട്‌ബോളില്‍ നിറയുന്നത് ചരിത്രം കൂടിയാണ്. അതിനാലാണ് കളിയെഴുത്തുകള്‍ ദേശീയതയുടെ പ്രകമ്പനം കൊള്ളുന്ന ആഘോഷങ്ങളാല്‍ വിറകൊള്ളുന്നത്. കളിയുടെ ചരിത്രത്തില്‍ ആ വിറകൊള്ളലുകള്‍ അപഹസിക്കപ്പെട്ടിട്ടില്ല. ഒരു ദേശമെന്നത് ചരിത്രത്തിന്റെ ഒരു നിര്‍മിതിയാണ്. ചരിത്രം എന്നത് ആ ദേശം ജീവിച്ച, ജീവിക്കുന്ന നാനാതരം ബലങ്ങളുടെ കഥയാണ്. ആ ബലങ്ങളെയാണ് ഓരോ ദേശവും ദേശീയതയായി, ദേശസ്വത്വമായി കൊണ്ടാടുക. യു എസ് എസ് ആറിന്റെ കളിക്കാലത്ത് അവരുടെ ദേശീയത കമ്യൂണിസമായിരുന്നു എന്നും അവരുടെ ആനന്ദഗാനം കമ്യൂണിസ്റ്റ് ഇന്റര്‍നാഷണല്‍ ഗീതമായിരുന്നെന്നും നാം ഓര്‍ക്കാതിരിക്കരുത്.

ദേശീയതയെ മറികടക്കുന്ന മഹാസൗഹൃദങ്ങളും സമ്മാനിക്കുന്നുണ്ട് ഫുട്‌ബോള്‍ ഉള്‍പ്പടെയുള്ള കായിക മേളകള്‍. നാസി കാലത്തെ, 1936-ലെ ബെര്‍ലിന്‍ ഒളിംപിക്‌സ് ഓര്‍ക്കുക. ഹിറ്റ്‌ലറുടെ തോക്കിന്‍ മുനയില്‍ നടന്ന മല്‍സരങ്ങള്‍. ജര്‍മനിയുടെ നിത്യവൈരിയായ അമേരിക്കയുടെ ജെസ്സി ഓവന്‍സ് എന്ന നൂറ്റാണ്ടിന്റെ ചാട്ടക്കാരനെ ബെര്‍ലിന്‍ ഒളിംപിക്‌സില്‍ സ്വര്‍ണമെഡലിലേക്ക് കൈപിടിച്ച് നടത്തിയത് കളിക്കളത്തില്‍ ഓവന്‍സിന്റെ എതിരാളിയായ ജര്‍മന്‍ ചാട്ടക്കാരന്‍ ലസ് ലോംഗ് ആയിരുന്നു. നാസി പടയാളിയായിരുന്നു ലസ് ലോംഗ്. രണ്ടാം ലോകയുദ്ധത്തില്‍ നാസികള്‍ക്കായി പോരാടി കൊല്ലപ്പെട്ടു. ആമരണം സുഹൃത്തുക്കളായി തുടര്‍ന്നു ഓവന്‍സും ലസ് ലോംഗും. ഓവന്‍സ് എഴുതുന്നു: “It took a lot of courage for him to be friend me in front of Hitler… I would melt down all the medals and cups I have and they wouldn’t be a plating on the twenty-four karat friendship that I felt for Luz Long at that moment.” ഇങ്ങനെ വ്യക്തി സ്വത്വത്തിന്റെ, കുടുംബം ഉള്‍പ്പടെയുള്ള സ്വകാര്യ ആനന്ദങ്ങളുടെ, മതവിശ്വാസത്തിന്റെ, രാഷ്ട്രീയ വിചാരത്തിന്റെ, പ്രതിഷേധത്തിന്റെ എല്ലാം കൊണ്ടാടലുകള്‍ ഉള്‍ച്ചേര്‍ന്നതാണ് കായിക കല; പ്രത്യേകിച്ചും ലോകത്ത് ഏറ്റവുമധികം ആസ്വാദകരുള്ള ഫുട്‌ബോള്‍. ബ്രസീലിയന്‍ ഇതിഹാസങ്ങളായ റൊമാരിയോയും റോയ് ബെബറ്റോയും റിവാള്‍ഡോയും ഗോളാനന്തരം കാണികള്‍ക്ക് നേരെ നടത്തിയ തൊട്ടിലാട്ടം മനുഷ്യാഹ്ലാദത്തിന്റെ പ്രതീകമായല്ലേ കൊണ്ടാടപ്പെട്ടത്. ഓരോ ഗോളിനു ശേഷവും ആകാശത്തേക്ക് മിഴിയുയര്‍ത്തുന്ന കളിക്കാരന്‍ അയാളുടെ ദൈവത്തോടല്ലേ അഗാധമായ നന്ദി പറയുന്നത്. മേലാസകലം നിറഞ്ഞു നില്‍ക്കുന്ന മെസിയുടെ ടാറ്റുകള്‍ അയാള്‍ ബന്ധിപ്പിക്കപ്പെട്ട ഓര്‍മകളുടെ ആഘോഷമല്ലാതെ മറ്റെന്താണ്? കളിയനന്തരം മൊറോക്കോ ഫലസ്തീന്‍ പതാകവീശുന്നത് അവരുടെ രാഷ്ട്രീയത്തിന്റെ, അവരുടെ നിലപാടിന്റെ സ്‌നേഹനിര്‍ഭരമായ പ്രകാശനമല്ലേ?
ആ കൊണ്ടാടലുകള്‍ മനുഷ്യവിരുദ്ധവും ഹിംസാത്മകവുമല്ലാത്തിടത്തോളം അപഹസിക്കപ്പെട്ടുകൂടാ. മൊറോക്കോ ആയാലും സൗദി അറേബ്യ ആയാലും ബ്രസീല്‍ ആയാലും ജര്‍മനി ആയാലും ആരായാലും. അതിനാലാണ് മൊറോക്കന്‍ കളിക്കാരുടെ വിശ്വാസ സ്വത്വത്തിന്റെ ആനന്ദപ്രകാശനങ്ങള്‍ ചില കോണുകളില്‍ സൃഷ്ടിച്ച അലോസരങ്ങളെക്കുറിച്ച് കളിബാഹ്യമായി നാം ഇപ്പോള്‍ ആലോചിക്കുന്നത്.

പ്രബലന്‍മാരായ പോര്‍ച്ചുഗലിനെ തകര്‍ത്ത് സെമിഫൈനലില്‍ കടന്ന മൊറോക്കോയെ അഭിനന്ദിക്കാന്‍ ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്ന് പുറപ്പെട്ട സന്ദേശങ്ങളില്‍ ചിലതാണ് കേരളത്തിലെ ലിബറല്‍ മനുഷ്യര്‍ക്കുള്‍പ്പടെ അസ്വസ്ഥതയുണ്ടാക്കിയത്. ഭൂഖണ്ഡപരമായി സെമിയില്‍ എത്തുന്ന ആദ്യത്തെ ആഫ്രിക്കന്‍ രാജ്യമാണ് മൊറോക്കോ. അതുണ്ടാക്കിയ ചില പ്രതികരണങ്ങള്‍ അതേഭാഷയില്‍ വായിക്കാം: “”CONTINENTAL HISTORY!… What an achievement by the Atlas Lion” എന്നായിരുന്നു ആഫ്രിക്കന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്റെ ട്വീറ്റ്. “This time for Africa!!’ എന്ന് വിഖ്യാത ഗായിക ഷാക്കിറ.

( You’re a good soldier,
choosing your battles
Pick yourself up and dust yourself off,
get back in the saddle
You’re on the frontline,
everyone’s watching
You know it’s serious,
we’re getting closer, this isn’t over
The pressure’s on, you feel it
But you got it all, believe it
When you fall get up, oh, oh
And if you fall get up, eh, eh
Tsamina mina zangalewa
“cause this is Africa
Tsamina mina, eh, eh
Waka waka, eh, eh
Tsamina mina zangalewa
This time for Africa എന്ന
ആ ഷാക്കിറ ഗാനവും ഓര്‍ക്കാം.)

No voice is louder than Morocco’s in the World Cup! എന്ന് ദുബായ് ഭരണാധികാരി മുഹമ്മദ് ബിന്‍ റാഷിദ്. .I congratulate @EnMaroc, the #AtlasLions, on their win today and becoming the first African and Arab team to ever reach the semi-finals of the @FIFAWorldCup. എന്ന് യു എസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൺ. “We rejoice when the Arabs rejoice,’ എന്ന് ഫലസ്തീന്‍ പ്രധാനമന്ത്രി മുഹമ്മദ് ഷതായേ. “Great to see such a fairytale is still possible in modern football’ എന്ന് പ്രതികരിച്ച ജര്‍മന്‍ കളിക്കാരന്‍ മെസൂട്ട് ഓസില്‍ ഇങ്ങനെയും അടിവരയിട്ടു: “Proud… What a team! …What an achievement for the African continent and the Muslim world…’
ഓസിലിന്റെ വാചകത്തിലെ മുസ്‌ലിം എന്ന പദം പക്ഷേ, ആഹ്ലാദത്തോടെ സ്വീകരിക്കപ്പെട്ടില്ല. ഇങ്ങ് കേരളത്തില്‍ ഓസിലിനെ മുന്‍നിര്‍ത്തി നടന്ന സംവാദങ്ങള്‍ ലോകത്തെമ്പാടും നടന്ന പ്രചാരണങ്ങളുടെ ഒരു ലിറ്റ്മസ് ടെസ്റ്റായിരുന്നു. ഫുട്‌ബോളില്‍ മതം കലക്കുന്നു എന്നായിരുന്നു വിമര്‍ശനം.

“ഇന്നിപ്പോ അതേ മതവാദി ഓസില്‍ ഇറങ്ങിയിട്ടുണ്ട്: മൊറോക്കന്‍ വിജയം ആഫ്രിക്കയുടെയും “മുസ്‌ലിം ലോകത്തിന്റെയും’ നേട്ടമാണ് എന്നാണ് കണ്ടുപിടുത്തം. കളിയില്‍ മതവിഷം കലര്‍ത്തുന്ന ഇമ്മാതിരി കീടങ്ങളെയും അതിന്റെ ലോക്കല്‍ പ്രചാരകരെയും കേരളത്തില്‍ ആ കായികരൂപത്തിന്റെ ആരാധകര്‍, പ്രത്യേകിച്ച് ചെറുപ്പക്കാര്‍, പണ്ടേ ഇരുത്തേണ്ടിടത്തു ഇരുത്തിയതാണ്. അപ്പോഴും ഒരു ആഫ്രിക്കന്‍ രാജ്യത്തിന്റെ നേട്ടം നമ്മള്‍, കറുത്ത മനുഷ്യര്‍, ആഘോഷിക്കും. മതമില്ലാതെതന്നെ. നമ്മള്‍ കേരളമാകുന്നത്, ഇവിടെ ജീവിക്കുന്നവര്‍ മെച്ചപ്പെട്ട മനുഷ്യരാകുന്നത്, ഇങ്ങനെയൊക്കെയാണ്.’ എന്നത് ഒരു സാംപിള്‍.

ഗ്രൗണ്ടില്‍ വിശ്വാസത്തെ മറച്ചുവെക്കാത്ത ഒരു ടീമാണ് മൊറോക്കോ. നാമിഷ്ടപ്പെട്ടാലും ഇല്ലെങ്കിലും മൊറോക്കോയുടെ ഔദ്യോഗിക മതം ഇസ്‌ലാമാണ്. ജനസംഖ്യയില്‍ 99.6 ശതമാനം ഇസ്‌ലാം വിശ്വാസികള്‍. സ്വഭാവികമായും ഇസ്‌ലാമാണ് അവരുടെ ജീവിത പദ്ധതി. ഭാഗികമായ ഇസ്‌ലാം എന്ന ഒന്നില്ല. കളിക്കുമ്പോള്‍ ഞങ്ങള്‍ ഇസ്‌ലാമല്ല എന്ന് പറയാന്‍ കഴിയില്ല എന്നര്‍ഥം. ഒരു മുസ്‌ലിമിന്റെ എല്ലാ ആവിഷ്‌കാരങ്ങളിലും അവരുടെ വിശ്വാസത്തിന്റെ സുവ്യക്ത അടയാളങ്ങള്‍ ഉണ്ടാകും. അതെങ്ങനെയാണ് അലോസരമാവുക? ഓസില്‍ മതഭ്രാന്തനോ ആരോ ആവട്ടെ, അയാള്‍ മൊറോക്കന്‍ വിജയത്തെ മുസ്‌ലിം ലോകത്തിന്റെ നേട്ടമായി കണ്ടാല്‍ എങ്ങനെ കുറ്റമാരോപിക്കും? കളിക്കളങ്ങളില്‍ വലിയ ചരിത്രമില്ലാത്ത, അധികകാലത്തെ കളിപാരമ്പര്യമില്ലാത്ത മുസ്‌ലിം രാജ്യങ്ങള്‍ വന്ന് കളിച്ച് നേട്ടം കൊയ്തത് മുസ്‌ലിം രാജ്യത്തിന്റെ നേട്ടമായി ആഘോഷിച്ചാല്‍ എന്താണ് ഒരു മതേതരപ്രശ്‌നം? മതമില്ലാത്ത, അതിര്‍ത്തികളില്ലാത്ത രാജ്യം വരട്ടെ എന്ന് ആര്‍ക്കും ആശിക്കാം. പക്ഷേ, ഇപ്പോള്‍ മതമുള്ള രാഷ്ട്രങ്ങള്‍ എമ്പാടുമുണ്ട്. മതമുള്ള മനുഷ്യര്‍ മഹാഭൂരിപക്ഷവുമാണ്. ഗാര്‍ഡിയന്‍ എഴുതുന്നു: “Morocco is a Muslim country, and before the last-16 penalty shootout against Spain, the players recited Surah al-Fatiha, the first chapter of the Qur’an. Then, after securing passage to the quarter-final and also after winning it, the squad ran to their fans and prostrated themselves in prayer – in the process, declaring to the planet not only their pride in being Moroccan but their pride in Islam, inspiring ecstatic celebrations throughout the Muslim world.” ഗാര്‍ഡിയനാണ് സംശയിക്കേണ്ട. ഫലസ്തീന്‍ പ്രശ്‌നം പ്രാഥമികമായി ഒരു മുസ്‌ലിം പ്രശ്‌നമാണെന്നും മൊറോക്കോ ഫലസ്തീന്‍ പതാക വീശിയപ്പോള്‍ നാം കൈയടിച്ചെന്നും കൂടി ഓര്‍ക്കുക.
അതിനാല്‍ കളിപാരമ്പര്യത്തില്‍, കളിത്തഴക്കത്തില്‍ വമ്പന്‍മാരായ ഫ്രാന്‍സിനോട് വീരോചിതം പോരാടി ഫൈനൽ കാണാതെ മടങ്ങിയ, ഫിഫ ലോകകപ്പില്‍ സെമി ഫൈനലിലെത്തിയ ആദ്യത്തെ ആഫ്രിക്കന്‍, ആദ്യത്തെ അറബ് രാജ്യം മൊറോക്കോയെ നമുക്ക് അഭിവാദ്യം ചെയ്യാം. അവരുടെ സ്വത്വപ്രകാശനങ്ങളെ സാഹോദര്യത്തോടെ നോക്കാം. അവര്‍ വലിയൊരു ജനതയുടെ മേല്‍ ആരോപിതമായ പലതിനെയും ഫുട്‌ബോളാനന്ദത്തിന്റെ ചിറകില്‍ മായ്ച്ചുകളയാന്‍ ശ്രമിച്ചവരാണ്. കളിക്കളത്തിലെ അവരുടെ വിശ്വാസപ്രകടനങ്ങള്‍ അവരുടെ ആത്മാനന്ദത്തിന്റെ സ്വാഭാവിക പ്രവാഹമാണ്. അവര്‍ അവരുടെ ജനതയ്ക്ക്, ആ ജനതയുടെ പലപാട് തകര്‍ക്കപ്പെട്ട സ്വത്വത്തിന് മരുന്നുപുരട്ടാന്‍ ശ്രമിക്കുകയാണ്. അതിനോട് അസഹിഷ്ണുത തോന്നുന്നുവെങ്കില്‍ നാം രോഗബാധിതരാണ്. ഇന്ന് ലോകത്തെ ബാധിച്ച ഒരു വലിയരോഗത്തിന്റെ അടിമകള്‍.
കളിയും കളിയാനന്ദവും ജനാധിപത്യത്തിലാണ് വേര് തേടേണ്ടത്. ജനാധിപത്യമെന്നാല്‍ അപരനെ പരിഗണിക്കുക എന്നുകൂടിയാണ്. അപരത്വത്തെ സാഹോദര്യമായി കാണുക എന്നതാണ്.

കെ കെ ജോഷി

You must be logged in to post a comment Login