പ്രചാരണവും പ്രതിരോധവും: ഗുജറാത്തിന്റെയും ഹിമാചലിന്റെയും പാഠങ്ങൾ

പ്രചാരണവും പ്രതിരോധവും: ഗുജറാത്തിന്റെയും  ഹിമാചലിന്റെയും പാഠങ്ങൾ

ബി ജെ പി നേട്ടമുണ്ടാക്കുന്ന എല്ലാ തിരഞ്ഞെടുപ്പ് വിജയങ്ങള്‍ക്കും പിന്നാലെ അവരുടെ രാഷ്ട്രീയ പ്രതിയോഗികള്‍ സ്ഥിരം ആവര്‍ത്തിക്കുന്ന ചില പല്ലവികളുണ്ട്. ബി ജെ പി ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളില്‍ കൃത്രിമത്വം കാട്ടി, കാശ് നല്‍കി വോട്ട് പിടിച്ചു, ഹിന്ദുത്വ കാര്‍ഡ് ഇറക്കി തുടങ്ങിയ ആരോപണങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടാണ് ബി ജെ പി വിമര്‍ശകര്‍ എല്ലാ തവണയും സ്വയം സമാധാനപ്പെടുന്നത്. 2014 മുതല്‍ ഇന്ന് വരെയും ഈ പാറ്റേണിന് വലിയ മാറ്റമൊന്നും ഉണ്ടായിട്ടില്ല. തങ്ങള്‍ക്ക് നേട്ടമുണ്ടാക്കാന്‍ പോവുന്നത് ആരാണെന്നതിനെപ്പറ്റി വോട്ടമാര്‍ക്ക് ധാരണ ഇല്ലാത്തതുകൊണ്ട് മാത്രമാണ് ബി ജെ പി വിജയിച്ചതെന്നും അല്ലായിരുന്നെങ്കില്‍ അവര്‍ രാഹുല്‍ ഗാന്ധിക്ക് വോട്ട് ചെയ്‌തേനെ എന്നുമുള്ള വായ്ത്താരിയും കേള്‍ക്കാറുണ്ട്. ബര്‍ത്തോള്‍ഡ് ബ്രഹ്ത് ഒരിക്കല്‍ പറഞ്ഞ “ജനത്തിന് ഭരണകൂടത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു! ജനം നീതി പാലിച്ചില്ലെങ്കില്‍ ഭരണകൂടത്തിന് ജനതയെ മാറ്റേണ്ടി വരും’ എന്ന വചനമാണ് ഈ ആരോപണം കേള്‍ക്കുമ്പോള്‍ ഓർമ വരുന്നത്. ബി ജെ പി വിരുദ്ധ വോട്ടുകളെ ഭിന്നിപ്പിക്കാന്‍ ആം ആദ്മി പാര്‍ട്ടിക്ക് സാധിച്ചതു കൊണ്ട് മാത്രമാണ് ബി ജെ പിക്ക് ഗുജറാത്തില്‍ വിജയിക്കാനായത് എന്ന ആരോപണവും ഇക്കൂട്ടത്തില്‍ കേട്ടിരുന്നു.

ഈ പറഞ്ഞ ആരോപണങ്ങളില്‍ പലതിലും ഒരു പരിധി വരെയെങ്കിലും യാഥാര്‍ത്ഥ്യമുണ്ടെന്നതാണ് വസ്തുത. ഇലക്ടറല്‍ ബോണ്ട് എന്ന ഓമനപ്പേരില്‍ ഇന്ന് നിയമവിധേയമാക്കിക്കഴിഞ്ഞ കോര്‍പറേറ്റ് പണാധികാരം തന്നെയാണ് ബി ജെ പിക്ക് ഇന്ന് ലഭിക്കുന്ന ആധിപത്യത്തിന്റെ മുഖ്യകാരണം. ഒരു കാലത്ത് ഇതേ ആധിപത്യം കയ്യാളിയിരുന്നത് കോണ്‍ഗ്രസ് ആയിരുന്നു. ഗുജറാത്തിലെ ബി ജെ പി വിരുദ്ധ വോട്ടുകളെ ഭിന്നിപ്പിക്കാന്‍ ആപ്പിന് കഴിഞ്ഞിട്ടുണ്ടെന്നതും വസ്തുതയാണ്. ഹിന്ദു ഭൂരിപക്ഷ വര്‍ഗീയത പല സാഹചര്യങ്ങളിലും ബി ജെ പിയുടെ തിരഞ്ഞടുപ്പ് വിജയങ്ങള്‍ക്ക് വഴിമരുന്ന് ആയിട്ടുണ്ട്. ആ ഭൂരിപക്ഷവാദത്തെ സാധാരണീകരിക്കുന്നത്, അതിന്റെ വക്താക്കളും അതിന്റെ പേരില്‍ വോട്ട് രേഖപ്പെടുത്തുന്ന സമ്മതിദായകരും വിഭിന്നരല്ല എന്ന വസ്തുത വെളിപ്പെടുത്തുന്നുമുണ്ട്.
ഇത്തരം ആരോപണങ്ങളെല്ലാം നിരന്തരം പറഞ്ഞ് പറഞ്ഞ് അസംബന്ധങ്ങളായി തോന്നിപ്പോവുന്ന അവസ്ഥയിലെത്താറുണ്ട് എന്നുള്ളയിടത്താണ് ഇതിലെ പ്രശ്‌നം തുടങ്ങുന്നത്. തന്മൂലം വസ്തുതകളും കണക്കുകളും സംഭവങ്ങളുമെല്ലാം ഈ അസംബന്ധ ബഹളങ്ങളിൽപെട്ട് നിര്‍വീര്യമായിപ്പോവുന്നു. ഇതിന്റെ ഫലമായി ബി ജെ പിയുടെ ആധിപത്യത്തിന് പിന്നിലുള്ള യഥാര്‍ത്ഥ കാരണങ്ങൾ കണ്ടെത്തി അവരെ കൃത്യമായി നേരിടാന്‍ കഴിയാതെ പോവുന്നു. അതുകൊണ്ട് തന്നെ ഈ കാരണങ്ങളെ വ്യക്തമായി ചോദ്യം ചെയ്യാനോ പ്രശ്‌നവൽകരിക്കാനോ പോലും സാധിക്കാതെ വരുന്നു.
ഇത്തവണത്തെ ഗുജറാത്ത് തിരഞ്ഞെടുപ്പിന്റെ പ്രധാന സവിശേഷത പ്രതിപക്ഷത്തിന്റെ ഭിന്നിപ്പല്ല, മറിച്ച് ബി ജെ പി സമസ്ത മേഖലകളിലും പുലര്‍ത്തിയ ആധിപത്യമായിരുന്നു. കഴിഞ്ഞ 27 വര്‍ഷങ്ങളായി ഗുജറാത്തില്‍ ഭരണം കയ്യാളുന്ന ബി ജെ പിക്ക്, അവരുടെ എക്കാലത്തെയും വലിയ വോട്ട് വിഹിതമാണ് ഇത്തവണ ഗുജറാത്തില്‍ നേടാനായത്. ഗുജറാത്തിലെന്ന് മാത്രമല്ല, ഇന്ത്യയിലെ മറ്റേതൊരു സംസ്ഥാനത്തും ബി ജെ പിക്കുണ്ടായ ഏറ്റവും ഭീമമായ വോട്ട് വിഹിതമായിരുന്നു ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഗുജറാത്തില്‍ ലഭിച്ചത്. പോള്‍ ചെയ്യപ്പെട്ട ആകെ വോട്ടിന്റെ 52.5 ശതമാനവും നിലവില്‍ ഭരണത്തിലിരിക്കുന്ന പാര്‍ട്ടിക്ക് നേടാനാവുമ്പോള്‍ ഒരു പക്ഷേ പ്രതിപക്ഷം സംയോജിതമായി തിരഞ്ഞെടുപ്പിനെ നേരിട്ടിരുന്നെങ്കില്‍പ്പോലും ബി ജെ പിയുടെ വിജയത്തിന് ഇളക്കം തട്ടുമായിരുന്നില്ല എന്നുതന്നെ പറയേണ്ടി വരും. 1980 കളിലെ ഇടതുപക്ഷത്തിന്റെ സുവര്‍ണ കാലത്ത് ബംഗാളില്‍ അവര്‍ക്ക് കിട്ടിയിരുന്ന വോട്ട് വിഹിതവുമായി താരതമ്യം ചെയ്യാവുന്ന ഒന്നാണ് ഗുജറാത്ത് തിരഞ്ഞെടുപ്പിലെ ബി ജെ പിയുടെ വോട്ട് വിഹിതം.

ഗുജറാത്തില്‍ 17 സീറ്റുകളിലാണ് കോണ്‍ഗ്രസ് വിജയിച്ചത്. ഒരു വാദത്തിന് വേണ്ടി കോണ്‍ഗ്രസ് രണ്ടാം സ്ഥാനത്തായിപ്പോയ മണ്ഡലങ്ങളില്‍ ആം ആദ്മി പാര്‍ട്ടിക്കും എഐഎംഐഎമ്മിനും ലഭിച്ച വോട്ടുകള്‍ കൂടി കോണ്‍ഗ്രസിന് ലഭിച്ചിരുന്നെങ്കിൽ അവര്‍ക്ക് ആകെ നേടാമായിരുന്ന സീറ്റുകളുടെ എണ്ണം 33 ആയും ബി ജെ പിയുടെ സീറ്റ് നില 140 ആയും മാറും. അപ്പോഴും ഒരു കണക്കിന് നോക്കിയാല്‍ കോണ്‍ഗ്രസ് ഗുജറാത്തില്‍ കാഴ്ച വച്ച ഏറ്റവും മോശം പ്രകടനങ്ങളിലൊന്ന് തന്നെ ആയിരിക്കും ഇക്കൊല്ലത്തേത് എന്നതിൽ സംശയമില്ല.

നരേന്ദ്ര മോഡി പ്രധാനമന്ത്രി പദവിയില്‍ ഇരിക്കുന്നിടത്തോളം കാലം ഒറ്റപ്പാര്‍ട്ടി ആധിപത്യമുള്ള സംസ്ഥാനം എന്ന വിളിപ്പേരിന് ഏറ്റവും യോഗ്യതയുള്ള സംസ്ഥാനം ഗുജറാത്തായിരിക്കും. ആന്ധ്രാപ്രദേശ്, ഒഡീഷ സംസ്ഥാനങ്ങളെക്കാള്‍ ഒറ്റപ്പാര്‍ട്ടി ആധിപത്യം ഇന്ന് കൂടുതല്‍ ദൃശ്യമായിരിക്കുന്നത് ഗുജറാത്തിലാണെന്ന് പറയേണ്ടി വരും. ഹിന്ദുത്വത്തിന്റെയും ഗുജറാത്തി ഉപദേശീയതയുടെയും കൃത്യമായ സംയോജനത്തോടൊപ്പം ഏറ്റവും അഭിമതനായൊരാള്‍ പ്രധാനമന്ത്രി പദവിയിലിരിക്കുന്നതും ഗുജറാത്തിന്റെ മകനായിരുന്നു കൊണ്ട് മോഡി കാഴ്ചവയ്ക്കുന്നതായി പാർട്ടി പ്രവർത്തകർ കരുതുന്ന നേതൃപാടവവുമെല്ലാം സമാനതകളില്ലാത്ത വിധം ഗുജറാത്തിലെ രാഷ്ട്രീയ ചിത്രം വരച്ചുകാട്ടുന്നതാണ്. ഗുജറാത്തിലെ ഹൈന്ദവ സമൂഹത്തിനിടയില്‍ ബി ജെ പിക്ക് ഉള്ള അനിതരസാധാരണമായ ആധിപത്യവും ഈ രാഷ്ട്രീയ ചിത്രത്തില്‍ നിര്‍ണായകമാണ്.
ജനങ്ങള്‍ക്കിടയില്‍ വ്യാപകമായ അസംതൃപ്തി ഉണ്ടായിട്ടും ബി ജെ പിക്ക് ഉജ്ജ്വല വിജയം ഗുജറാത്തില്‍ നേടാന്‍ സാധിച്ചു എന്നാണ് തിരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട് പുറത്തുവന്ന പല വാര്‍ത്തകളും നല്കിയ സൂചന. ഈ അസംതൃപ്തിയെ നേരിടാനായി ബി ജെ പി എന്ന രാഷ്ട്രീയ പാര്‍ട്ടി തിരഞ്ഞെടുപ്പ് പ്രചാരണത്തിലുടനീളം നടത്തിയ കരുതലിനെപ്പറ്റി പക്ഷേ അധികം പറഞ്ഞു കേട്ടില്ല. 2021 സെപ്റ്റംബറില്‍ വിജയ് റുപാനിയെ മാത്രമല്ല, അദ്ദേഹത്തിന്റെ മന്ത്രിസഭയെ അപ്പാടെ ബി ജെ പി കേന്ദ്ര നേതൃത്വം പിരിച്ചുവിട്ടിരുന്നു. ഒറ്റപ്പാര്‍ട്ടി ഭരണകൂടങ്ങളില്‍ വലിയ ഹിംസയൊന്നും കൂടാതെ നടത്തുന്ന ശുദ്ധീകരണ പ്രക്രിയയായി പലപ്പോഴും കണ്ടുവരാറുള്ള ഒരു നടപടിയാണിത്. മോഡി എന്ന ഒരേയൊരു രാഷ്ട്രീയ നേതാവ് മാത്രമാണുള്ളതെന്നും അയാളില്‍ ജനങ്ങള്‍ക്ക് വിശ്വാസമുള്ളടത്തോളം കാലം ഭരണത്തിന്റെ ഉത്തരവാദിത്വം അയാളുടെ കൈകളില്‍ മാത്രമായിരിക്കുമെന്നുമുള്ള സന്ദേശം നല്കാനാണ് ഈ പിരിച്ചു വിടലിലൂടെ പാര്‍ട്ടി ശ്രമിച്ചത്.

ഗുജറാത്തില്‍ ആര് രണ്ടാം സ്ഥാനത്ത് എത്തുമെന്നുള്ള ചോദ്യമായിരുന്നു തിരഞ്ഞെടുപ്പിന് മുമ്പ് പലരുടെയും വായില്‍ നിന്ന് വീണതെങ്കില്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ആം ആദ്മി പാര്‍ട്ടിയുടെ പ്രകടനത്തെ എങ്ങനെ വിലയിരുത്തണം എന്ന കുഴപ്പിക്കുന്ന ചോദ്യമാണ് പലരുടെയും ഉള്ളിലുള്ളത്. അഞ്ച് സീറ്റുകളിലെ വിജയവും ആകെ വോട്ടിന്റെ 13 ശതമാനം വിഹിതവും ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ ആപ്പ് ഉയര്‍ത്തിയ അവകാശവാദങ്ങള്‍ക്ക് അടുത്തു പോലും എത്തുന്നതല്ലായിരുന്നു. മാത്രവുമല്ല, ആപ്പ് തങ്ങള്‍ക്കൊരു വെല്ലുവിളിയേ അല്ല എന്ന ബി ജെ പിയുടെ വാദത്തെ ശരി വയ്ക്കുന്നതുമായിരുന്നു. ദില്ലി മാധ്യമങ്ങളാണ് ആപ്പിന്റെ സ്വാധീനത്തെ ഏറ്റവും കൊണ്ടാടിയിരുന്നത്.
അതേസമയം ഈ കണക്കുകളെ ഓരോന്നായി ഇഴപിരിച്ച് പരിശോധിക്കേണ്ടതുണ്ട്. ഗുജറാത്തിലെ ഏതാനും ചില ഭാഗങ്ങളില്‍ മാത്രം സാന്നിധ്യമുള്ളൊരു പാര്‍ട്ടിയാണ് നിലവില്‍ ആപ്പ്. ആപ്പ് ആദ്യ സ്ഥാനത്തോ രണ്ടാം സ്ഥാനത്തോ വന്നിട്ടുള്ള ഏകദേശം 40ല്‍പ്പരം സീറ്റുകളും ഒന്നുകില്‍ മുഴുവനായോ ഭാഗികമായോ നഗര സ്വഭാവമുള്ള മേഖലകളോ (സൂററ്റ്, ഭാവ്‌നഗര്‍, ജാംനഗര്‍, രാജ്‌കോട്ട്) അല്ലെങ്കില്‍ ആദിവാസി വിഭാഗത്തില്‍പ്പെട്ടവര്‍ താമസിക്കുന്ന പ്രദേശങ്ങളോ ആണ്. നേരെ മറിച്ച്, ആം ആദ്മി പാര്‍ട്ടിയുടെ സാന്നിധ്യം പോലുമില്ലാത്ത പ്രദേശങ്ങളാണ് സംസ്ഥാനത്തിന്റെ ഭൂരിഭാഗവും. 51 സീറ്റുകളില്‍ ആകെ പോള്‍ ചെയ്യപ്പെട്ട വോട്ടിന്റെ 5 ശതമാനം മാത്രം ആപ്പിന് കിട്ടിയപ്പോള്‍ 19 സീറ്റുകളില്‍ 2 ശതമാനം വോട്ടാണ് അവര്‍ക്ക് നേടാനായത്.

ഒരു വലിയ സംസ്ഥാനത്ത് ആദ്യമായി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ ഭാഗമാവാന്‍ ശ്രമിച്ചൊരു പാര്‍ട്ടിക്ക് സംഭവിക്കാവുന്നത് മാത്രമേ ആപ്പിനും സംഭവിച്ചിട്ടുള്ളൂ. ഗുജറാത്തിലുടനീളം സ്വാധീനമുള്ള ഒരു പാര്‍ട്ടി സംവിധാനം പോലും അവര്‍ക്ക് ആയിട്ടില്ല. തിരഞ്ഞെടുപ്പിന് മുന്‍പ് അരവിന്ദ് കെജ്്രിവാള്‍ പ്രകടിപ്പിച്ച വിജയ പ്രതീക്ഷകളെ കൊടുംപാപമായി ഇപ്പോള്‍ വിലയിരുത്തുന്നത് അനാവശ്യമാണ്. അതിനെ വളരെ അടിസ്ഥാനപരമായൊരു വിജയ പ്രതീക്ഷയായി മാത്രമേ കാണേണ്ടതുള്ളൂ. തങ്ങള്‍ക്ക് ഇപ്പോഴും കാര്യമായ അടിത്തറയില്ലാത്ത ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അഞ്ചില്‍ നാലെണ്ണത്തിലും പഞ്ചാബിലുമൊക്കെ ബി ജെ പിക്ക് ഇതിനോടകം ചെയ്യാന്‍ സാധിച്ചതിലുമേറെ കാര്യങ്ങള്‍ ആപ്പ് ഈ ചെറിയ കാലത്തിനിടയില്‍ ഗുജറാത്തില്‍ ചെയ്തു കഴിഞ്ഞു എന്നതും ശ്രദ്ധേയമാണ്.

അങ്ങനെ നോക്കിയാല്‍ 2027ലെ ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ ആപ്പ് എന്ത് പ്രകടനം കാഴ്ചവയ്ക്കുന്നു എന്നതാണ് ഉറ്റുനോക്കേണ്ടത്. ദില്ലിയിലും പഞ്ചാബിലും ആപ്പിനെ തുടക്കത്തില്‍ എല്ലാവരും എഴുതിത്തള്ളിയിരുന്നു. അവരുടെ പ്രതീക്ഷകളും അധികാരത്തിലിരിക്കാനുള്ള ആഗ്രഹവും ചോദ്യം ചെയ്യപ്പെടേണ്ടതേയല്ല. എങ്കിലും ഗുജറാത്തില്‍ ആപ്പിന് നേടാനാവുന്നതിന്റെ പരിധി എത്ര മാത്രമാണെന്ന് കൂടി യാഥാര്‍ത്ഥ്യ ബോധത്തോടെ മനസ്സിലാക്കേണ്ടതുണ്ട്. മോഡി അധികാരത്തിലുള്ളിടത്തോളം കാലം ബി ജെ പിക്ക് ഗുജറാത്തില്‍ ഉണ്ടാവാനിടയുള്ള ആധിപത്യമാണ് ഒന്നാമത്തെ ഘടകം. രണ്ടാമതായി, ഹിന്ദുത്വം പറഞ്ഞുകൊണ്ട് വോട്ട് പിടിക്കാനായി തങ്ങള്‍ക്കും സാധിക്കും എന്ന് തെളിയിക്കുന്നതിനായി ഏതറ്റം വരെയും പോവാന്‍ തയ്യാറാവുന്ന അരവിന്ദ് കെജ്്രിവാള്‍ ഉള്‍പ്പെടെയുള്ള ആപ്പ് നേതാക്കളുടെ മനോഭാവം. കറന്‍സി നോട്ടില്‍ ദൈവങ്ങളുടെ ചിത്രം ഉള്‍പ്പെടുത്തണമെന്ന ആവശ്യം ഉന്നയിച്ച കെജ്്രിവാളിന്റെ മനോഭാവം ആ പാര്‍ട്ടി ഇന്നെത്തി നില്‍ക്കുന്ന ഹിന്ദുത്വ പ്രീണനത്തിന്റെ ദുരവസ്ഥ വിവരിക്കുന്നുണ്ട്.

ഒരു കാലത്ത് ബി ജെ പി/ ജനസംഘം ചെയ്തിരുന്നതുപോലെ പതുക്കെ പതുക്കെ ഓരോ സംസ്ഥാനത്തായി പിടിമുറുക്കുക എന്ന ലക്ഷ്യത്തോടെ തന്നെയാണ് ആപ്പും ഇപ്പോള്‍ മുന്‍പോട്ട് പോവുന്നത്. ഞെട്ടിക്കുന്ന വേഗതയിലോ ഒരു പ്രത്യയശാസ്ത്ര പരിപാടിയുടെ പിന്‍ബലം ഇല്ലാതെയോ ഒരു സാമൂഹിക പ്രസ്ഥാനത്തിന്റെ വിഭവങ്ങള്‍ കയ്യിലില്ലാതെയോ ആണ് അവര്‍ മുന്നോട്ടുപോവുന്നത് എന്നതാണ് ഇതിലെ പ്രധാന വ്യത്യാസങ്ങള്‍. നിലവില്‍ ഭരണത്തിലിരിക്കുന്ന സര്‍ക്കാരുകള്‍ നടപ്പാക്കിയ വികസന പദ്ധതികളില്‍ ജനങ്ങള്‍ക്ക് പൂര്‍ണ സംതൃപ്തിയുള്ള സംസ്ഥാനങ്ങളില്‍ ആപ്പ് ഉയത്തുന്ന വികസനത്തിന്റെ രാഷ്ട്രീയം കാര്യമായ സ്വാധീനം ചെലുത്താന്‍ ഇടയില്ല. അമിതമായി വാഗ്ദാനങ്ങള്‍ നല്കിക്കൊണ്ടുള്ള തിരഞ്ഞെടുപ്പ് പ്രചരണവും ആപ്പിന് വലിയ പ്രതിസന്ധികള്‍ ഭാവിയില്‍ സൃഷ്ടിക്കാന്‍ ഇടയുണ്ട്.

വയോജന പെന്‍ഷന്‍ പോലെ രാഷ്ട്രീയാർഥത്തില്‍ നേട്ടമുണ്ടാക്കുന്നതും സാമ്പത്തികാർഥത്തില്‍ കോട്ടം ഉണ്ടാക്കുന്നതുമായ നയങ്ങള്‍ അമിത വാഗ്ദാനങ്ങള്‍ക്ക് ഉദാഹരണമാണ്. ഹിമാചലില്‍ ഇതേ വാഗ്ദാനം നല്കിയാണ് കോണ്‍ഗ്രസ് ഇപ്പോള്‍ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നതും. കോണ്‍ഗ്രസിന്റെ ഹിമാചല്‍ വിജയത്തെ ഒട്ടും വില കുറച്ച് കാണുന്നില്ല. വിമര്‍ശകര്‍ പോയിട്ട്, കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളിലുള്ളവര്‍ പോലും ഒരു വിജയം ഒരിടത്തും പ്രതീക്ഷിക്കാതിരുന്ന സമയത്താണ് കോണ്‍ഗ്രസ് ഹിമാചലില്‍ വിജയിച്ചിരിക്കുന്നത്. ശക്തമായ ഭരണവിരുദ്ധ വികാരവും തീരെ ജനപ്രീതി ഇല്ലാതെ പോയ ഒരു മുഖ്യമന്ത്രിയുമായിരുന്നു ഹിമാചലിലേത്. ഉത്തരാഖണ്ഡിലും ഇതേ അവസ്ഥ തന്നെയായിരുന്നു എന്നതും വിസ്മരിക്കുന്നില്ല.

തികച്ചും വിജയസാധ്യതയുള്ള ഇടത്ത് പോലും അവസരം മുതലാക്കാനാവാതെ പരാജയം ഏറ്റുവാങ്ങുന്നതില്‍ പ്രാഗത്ഭ്യമുള്ള ഒരു പാർട്ടിക്കുള്ള മറുപടിയാണ് ഉത്തരാഖണ്ഡ് നല്കിയതെങ്കില്‍, കോണ്‍ഗ്രസിന് ഇനിയും സാധ്യത മങ്ങിയിട്ടില്ലാത്ത ഇടങ്ങളെ കാണിച്ചു കൊടുക്കാന്‍ ഹിമാചലിന് കഴിഞ്ഞു. 2014 മുതലേ തന്നെ സംസ്ഥാന തിരഞ്ഞെടുപ്പുകളില്‍ ബി ജെ പി പുലര്‍ത്തിയ അജയ്യത നമ്മള്‍ കാണുകയാണല്ലോ. 2015ന്റെ തുടക്കം മുതലേ അസംബ്ലി തിരഞ്ഞെടുപ്പുകളില്‍ ബി ജെ പിക്കുള്ള വിജയ സാധ്യത ഏതാണ്ട് 50 ശതമാനത്തിനടുത്ത് വരും. ബി ജെ പിക്ക് തീരെ അധികാര സാധ്യത ഇല്ലാത്ത സംസ്ഥാനങ്ങളൊഴികെ ഉള്ളവയുടെ അവസ്ഥയാണിത്. ബി ജെ പി മത്സരിക്കുന്നത് കോണ്‍ഗ്രസിന് എതിരെയാവുന്ന സാഹചര്യങ്ങളില്‍ ഈ വിജയ സാധ്യത പിന്നെയും വർധിക്കുന്നു. സംഘടനാപരമായ നിരവധി ദൗബല്യങ്ങള്‍ കോണ്‍ഗ്രസിന് ഉള്ളതും ബി ജെ പിയെപ്പോലെ തന്നെ കോണ്‍ഗ്രസും ദേശീയ പാര്‍ട്ടി ആയതിനാല്‍ ഒരു സംസ്ഥാന തിരഞ്ഞെടുപ്പിനെ ദേശീയവൽകരിക്കാനുള്ള കൂടുതല്‍ സാധ്യത ലഭിക്കുന്നു എന്നതും അതിന് കാരണമാണ്.
സംഘടനാപരമായി കൂടുതല്‍ ശേഷിയാര്‍ജ്ജിച്ച കോണ്‍ഗ്രസിനെയാണ് ഹിമാചല്‍ തിരഞ്ഞെടുപ്പില്‍, കുറഞ്ഞത് ഫലം വരുന്ന ദിവസം വരെയെങ്കിലും കാണാനായത്. ഉള്‍പാര്‍ട്ടി പ്രശ്‌നങ്ങളെ നിയന്ത്രിച്ച് നിര്‍ത്താനും വിജയസാധ്യതയുള്ള സീറ്റുകളില്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കാനും (വോട്ടുകളെ സീറ്റാക്കുന്നതില്‍ ബി ജെ പിയെക്കാള്‍ കൂടുതല്‍ പാടവമുള്ളത് കോണ്‍ഗ്രസിനാണെന്നാണ് പൊതുസംസാരം) എല്ലാറ്റിനുമുപരി ഹിമാചല്‍ തിരഞ്ഞെടുപ്പിനെ വളരെ പ്രാദേശികമായിത്തന്നെ സമീപിക്കുന്നതില്‍ ജാഗ്രത പുലര്‍ത്താനും അവര്‍ക്ക് സാധിച്ചു. പ്രധാനമന്ത്രിക്ക് പകരം മുഖ്യമന്ത്രിയില്‍ പ്രചാരണം കേന്ദ്രീകരിക്കാനാണ് അവര്‍ ശ്രദ്ധിച്ചത്. ഈ നടപടികളെല്ലാം തന്നെ കര്‍ണാടക കോണ്‍ഗ്രസിനുള്ള പാഠങ്ങളാണ്. ഹിമാചലിലെ കോണ്‍ഗ്രസിന്റെ വിജയത്തിന് കാരണം പ്രിയങ്ക ഗാന്ധി ആണെന്ന് പ്രഖ്യാപിക്കാന്‍ മണിയടിക്കാര്‍ തിരക്ക് കൂട്ടുന്ന കാഴ്ചയാണ് ഫലം പുറത്തു വന്നയുടനെ ട്വിറ്ററില്‍ കണ്ടത്. സത്യത്തില്‍ ‘ഭാരത് ജോഡോ യാത്ര’യില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ഹൈക്കമാന്റിന് ഹിമാചല്‍ വിജയത്തില്‍ അവകാശപ്പെടാന്‍ യാതൊന്നുമില്ല. ഹിമാചലിലേക്ക് എല്ലാ അർഥത്തിലും പ്രാദേശിക നേതൃത്വത്തിന്റെ വിജയമാണ്.

അതേസമയം കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് സംബന്ധമായ സാമൂഹിക മാധ്യമ ഇടപെടലുകള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന സുപ്രിയ ശ്രീനാഥ് തിരഞ്ഞെടുപ്പ് ഫലം വന്ന ദിവസം ട്വീറ്റ് ചെയ്ത വാചകം വളരെ കൗതുകകരമായി തോന്നിയിരുന്നു. അസംബ്ലി തിരഞ്ഞെടുപ്പുകളും ഭാരത് ജോഡോ യാത്രയും തമ്മില്‍ ബന്ധിപ്പിക്കരുതെന്ന് തുടക്കം മുതലേ ആവര്‍ത്തിച്ചുകൊണ്ടിരുന്ന അവര്‍, ഹിമാചലിലെ തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ “വരൂ 2023, നമുക്ക് തിരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തില്‍ത്തന്നെ ഈ ഭാരത് യാത്രയെയും വിലയിരുത്താം’ എന്നാണ് ട്വിറ്ററില്‍ കുറിച്ചത്. കര്‍ണാടകയിലും രാജസ്ഥാനിലും മധ്യപ്രദേശിലും കോണ്‍ഗ്രസ് നടത്തിയ പ്രകടനങ്ങളെയാണ് ഇതിലൂടെ അവര്‍ ഉദ്ദേശിച്ചത്.
ഗുജറാത്തിലും ഹിമാചലിലും വിജയിച്ച രാഷ്ട്രീയ പാര്‍ട്ടികളുടെ വ്യക്തിത്വം മാത്രം നോക്കിയല്ല ഇരു സംസ്ഥാനങ്ങളിലെയും തിരഞ്ഞെടുപ്പ് ഫലങ്ങളുടെ വൈരുധ്യം മനസിലാക്കേണ്ടത്. ഇരു സംസ്ഥാനങ്ങളിലെയും ബി ജെ പി മുഖ്യമന്ത്രിമാരുടെ രാഷ്ട്രീയ പ്രാധാന്യത്തെപ്പറ്റി അവര്‍ എന്തൊക്കെ പറയുന്നു എന്നതിനെ കൂടി ആശ്രയിച്ചാണ് ഈ വൈരുധ്യം മനസ്സിലാക്കേണ്ടത്. ഭൂപേന്ദ്ര പട്ടേല്‍ എന്ന, ആദ്യമായി എംഎല്‍എ പദത്തിലെത്തിയ, അധികമാര്‍ക്കും അറിയാത്തൊരു രാഷ്ട്രീയക്കാരനെ അഥവാ, സ്വന്തമായി യാതൊരു രാഷ്ട്രീയ അടിത്തറയും കെട്ടിപ്പടുക്കാത്ത ഒരാളെ ഗുജറാത്തില്‍ മുഖ്യമന്ത്രി പദവിയിലെത്തിക്കുക എന്ന നയമാണ് ബി ജെ പി ഹൈക്കമാന്റ് സ്വീകരിച്ചത്. ഇതിന് മുന്‍പ് ഹരിയാന, ഉത്തരാഖണ്ഡ്, ജാര്‍ഖണ്ഡ്, ഹിമാചല്‍, കര്‍ണാടക എന്നീ സംസ്ഥാനങ്ങളുടെ കാര്യത്തിലും ബി ജെ പി കേന്ദ്രനേതൃത്വം ഇതേ നയം സ്വീകരിച്ചിരുന്നു. ഇന്ദിരാഗാന്ധിയുടെ കാലത്തെ കോണ്‍ഗ്രസ് വാഴ്ചയിലും സമാനമായ രീതി കാണാനാവും.

ഈ തന്ത്രത്തിന്റെ ആവര്‍ത്തനം തന്നെയാണ് ഗുജറാത്തിലും കണ്ടത്. ഹിമാചലിലാവട്ടെ അതിന്റെ നിരാകരണവും. എങ്കിലും ഹിമാചല്‍ നമുക്ക് നല്കുന്ന പാഠങ്ങള്‍ക്ക് കുറേക്കൂടി പൊതുസ്വഭാവമുണ്ട്. ചെറിയൊരു പർവത സംസ്ഥാനം മാത്രമായി ഹിമാചലിനെ നിസ്സാരവൽകരിക്കാന്‍ എളുപ്പമാണ്. ഒരു ബി ജെ പി മുഖ്യമന്ത്രി എന്ന വിശേഷണം ഗുജറാത്തിനോളം പ്രസക്തമാവുന്നൊരു സംസ്ഥാനം വേറെയുണ്ടോ എന്നു തന്നെ സംശയമാണ്. നാമനിര്‍ദേശ പത്രികയിലെ പേര് എന്തു തന്നെയായാലും ജനങ്ങള്‍ അവര്‍ക്ക് ലഭിക്കുന്ന ബാലറ്റ് പേപ്പറിന്റെ തലപ്പത്ത് മോഡിയുടെ മുഖം മാത്രം കാണുന്ന അവസ്ഥയാണ് ഗുജറാത്തിലേത്.

സംസ്ഥാന തലങ്ങളില്‍ ഇന്ത്യന്‍ രാഷ്ട്രീയം ഇനിയും മത്സരോന്മുഖം തന്നെയായിരിക്കും. നരേന്ദ്ര മോഡിയുടെ വ്യക്തിപ്രഭാവം ബി ജെ പി എന്ന പാര്‍ട്ടിയുടെ ആകെ മുഖച്ഛായ മെച്ചപ്പെടുത്താന്‍ ഗുജറാത്ത് പോലുള്ള സംസ്ഥാനങ്ങളിലും ലോക്‌സഭ തെരഞ്ഞെടുപ്പിലും സഹായിക്കും. എന്നാല്‍ അതേസമയം മിക്ക സംസ്ഥാനങ്ങളിലും പാര്‍ട്ടി നേതൃത്വത്തിന്റെ ആവശ്യങ്ങളോട് വേഗം വഴങ്ങുന്ന, കാര്യമായ നേതൃത്വപാടവമോ മുഖച്ഛായയോ ഇല്ലാത്ത നേതാക്കന്മാരെ അഥവാ മുഖ്യമന്ത്രിമാരെ മുന്‍നിര്‍ത്തി മുമ്പോട്ട് പോവാനുള്ള ബി ജെ പി ഹൈക്കമാന്റിന്റെ താല്പര്യം ഗുണത്തെക്കാളേറെ ദോഷം ചെയ്യും എന്നതാണ് വാസ്തവം. ഈ നയതന്ത്രത്തില്‍ നിന്ന് ബി ജെ പി നിര്‍ണായകമായി പിന്നോട്ടുപോയ ഒരേയൊരു സംസ്ഥാനമായ ഉത്തര്‍പ്രദേശിലെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ അവര്‍ക്ക് സമാനതകളില്ലാത്ത നേട്ടമുണ്ടാക്കാനായി എന്നതും ആകസ്മികതയല്ല.

(സാഹിത്യത്തെപ്പറ്റിയും രാഷ്ട്രീയത്തെപ്പറ്റിയും എഴുതുന്ന കേശവ ഗുഹ “ആക്‌സിഡന്റല്‍ മാജിക്’ എന്ന കൃതിയുടെ രചയിതാവ് കൂടിയാണ്).

കേശവ ഗുഹ

You must be logged in to post a comment Login