ബി ജെ പി മറ്റൊരു ഗുജറാത്ത് നിര്‍മിക്കുന്നു

ബി ജെ പി മറ്റൊരു ഗുജറാത്ത് നിര്‍മിക്കുന്നു

പരിതാപകരമെങ്കിലും ആശ്ചര്യകരമല്ലാത്ത ഒരു നീക്കത്തില്‍ യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്(യു ജി സി) കീഴിലുള്ള സര്‍വകലാശാലകളിലെ ന്യൂനപക്ഷ സമുദായങ്ങളില്‍ നിന്നുള്ള ഗവേഷകര്‍ക്ക് നല്‍കിയിരുന്ന മൗലാന ആസാദ് നാഷണല്‍ ഫെലോഷിപ്പ് നിര്‍ത്തലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അടുത്തിടെ തീരുമാനിച്ചിരിക്കുന്നു.

ഫെലോഷിപ്പ് നിര്‍ത്തലാക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചുകൊണ്ട് കേന്ദ്രഗവണ്‍മെന്റ് പറഞ്ഞത് ഇപ്രകാരമായിരുന്നു: “സര്‍ക്കാര്‍ നടപ്പിലാക്കുന്ന ഉന്നത വിദ്യാഭ്യാസത്തിനുള്ള മറ്റു ഫെലോഷിപ്പ് പദ്ധതിയുടെ ഉപയോക്താക്കള്‍ തന്നെയാണ് മൗലാനാ ആസാദ് ഫെലോഷിപ്പിന്റെയും ഉപയോക്താക്കള്‍. ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ ഇതിനകം തന്നെ അത്തരം പദ്ധതികളുടെ പരിധിയില്‍ വരുന്നതിനാല്‍ 2022-2023 കാലയളവിലെ ആസാദ് ഫെലോഷിപ്പ് സര്‍ക്കാര്‍ നിര്‍ത്തിവെക്കാന്‍ തീരുമാനിക്കുകയായിരുന്നു.’

ഇതാണ് യഥാര്‍ത്ഥ കാരണമെങ്കില്‍, ദളിതര്‍, ആദിവാസികള്‍, മറ്റു ഒ ബി സികള്‍, ഭിന്നശേഷിക്കാര്‍ തുടങ്ങിയ പാര്‍ശ്വവല്‍കൃത സമുദായങ്ങളില്‍ നിന്നുള്ള ഗവേഷണ വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന ഫെലോഷിപ്പിനെക്കുറിച്ചുള്ള സമാനമായ വാദങ്ങള്‍ കേള്‍ക്കാന്‍ സര്‍ക്കാര്‍ തയാറാവണം. ഈ വിഭാഗങ്ങളില്‍ നിന്നുള്ള ഗവേഷക വിദ്യാര്‍ഥികള്‍ ഇതിനകം തന്നെ യു ജി സിയുടെ പ്രധാന ഫെലോഷിപ്പുകളായ ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പ്, സീനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പുകള്‍ക്ക് കീഴില്‍ പ്രവേശനം നേടിയിട്ടുണ്ട്. സര്‍ക്കാരിന് അത് ബോധ്യപ്പെടാവുന്നതേയുള്ളൂ. അക്കാരണത്താല്‍ അവരുടെ ഫെലോഷിപ്പുകള്‍ ഒഴിവാക്കുമെന്ന് ഞാന്‍ കരുതുന്നില്ല. അങ്ങനെ ആവണമെന്ന് ആഗ്രഹവുമില്ല.

ഏറ്റവും പ്രധാനം, ഈ തീരുമാനം ഒറ്റപ്പെട്ട ഒരു തീരുമാനമായി കാണുന്നതാവും ഗുരുതരമായ വീഴ്ച. ഇതിനു സമാനമായി കാണേണ്ട പദ്ധതി നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ ആദ്യമായി ഗുജറാത്തില്‍ നടപ്പാക്കിയ ബി ജെ പിയുടെ ഒളിയജണ്ടകള്‍ നിറഞ്ഞ ഒഴിവാക്കല്‍ പദ്ധതിയായിരിക്കും. വാസ്തവത്തില്‍, മൗലാനാ ആസാദ് നാഷണല്‍ ഫെലോഷിപ്പ് നീക്കം ചെയ്യാനുള്ള പുതിയ തീരുമാനം “ഗുജറാത്ത് മോഡലി’ന്റെ വിപുലീകരണമായേ കാണാനാവൂ.

2008-ല്‍ രാജ്യത്ത് ന്യൂനപക്ഷ സമുദായങ്ങളിലെ വിദ്യാര്‍ഥികള്‍ക്കായി ആരംഭിച്ച പ്രീ-മെട്രിക്കുലേഷന്‍ സ്‌കോളര്‍ഷിപ്പ് പദ്ധതി വിവേചനപരമെന്ന് വിശേഷിപ്പിച്ച് നടപ്പാക്കാന്‍ മോഡി മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഗുജറാത്ത് സര്‍ക്കാര്‍ വിസമ്മതിച്ചത് ഇവിടെ പ്രത്യേകം ഓര്‍ക്കേണ്ടതാണ്. 2013-ലെ ഹൈക്കോടതി ഉത്തരവിനുശേഷം, ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യാന്‍ സുപ്രീം കോടതി വിസമ്മതിച്ചതിനെ തുടര്‍ന്നാണ് പദ്ധതി നടപ്പാക്കാന്‍ മോഡിയുടെ നേതൃത്വത്തിലുള്ള അന്നത്തെ സംസ്ഥാന സര്‍ക്കാര്‍ തയാറായത്.

ഗുജറാത്ത് ന്യൂനപക്ഷ കോര്‍ഡിനേഷന്‍ കമ്മിറ്റി(എം സി സി) പ്രവര്‍ത്തകരും ഗ്രൂപ്പുകളും ദീര്‍ഘകാലമായി ആവശ്യപ്പെടുന്നുണ്ടെങ്കിലും, സംസ്ഥാനത്തിന് ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രാലയമോ ന്യൂനപക്ഷ കമ്മീഷനോ ഇല്ല എന്നതും അതിശയമല്ല. കേന്ദ്രമന്ത്രിസഭയെപ്പോലെ സംസ്ഥാന സര്‍ക്കാരിലും ഒരു മുസ്‌ലിം മന്ത്രി പോലുമില്ല എന്നത് ശ്രദ്ധേയമാണ്. വാസ്തവത്തില്‍, ഈയിടെ സമാപിച്ച സംസ്ഥാന തിരഞ്ഞെടുപ്പില്‍, സംസ്ഥാനത്തെ ജനസംഖ്യയുടെ ഏകദേശം 10% മുസ്‌ലിം സമുദായം ഉണ്ടായിരുന്നിട്ടും ഒരു മുസ്‌ലിം സ്ഥാനാര്‍ഥിക്ക് പോലും ബി ജെ പി അവസരം നല്‍കിയില്ല.

കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയം ഇല്ലാതാക്കാന്‍ പദ്ധതിയുണ്ടെന്ന വാദം സര്‍ക്കാര്‍ നിഷേധിച്ചിട്ടുണ്ടെങ്കിലും, നിലവിലെ ഭരണത്തിന്റെ കാഴ്ചപ്പാടിനനുസൃതമായി പരിശോധിക്കുമ്പോള്‍ ഇല്ലാതാക്കുക എന്നതു തന്നെയായിരിക്കും അവരുടെ ഉദ്ദേശ്യം. കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയത്തെ ഇല്ലാതാക്കുന്നതിന് മുന്നോട്ടുവെച്ച വാദങ്ങള്‍ തന്നെയാണ് ഇപ്പോള്‍ ഫെലോഷിപ്പ് ഒഴിവാക്കിയതിനും മുന്നോട്ടുവെച്ചതെന്നത് ശ്രദ്ധിക്കേണ്ടതാണ്. ആ ഒരു കാരണം കൊണ്ടുതന്നെ രണ്ടു പദ്ധതിയുടെയും ഉദ്ദേശ്യലക്ഷ്യങ്ങള്‍ നമുക്ക് വായിച്ചെടുക്കാവുന്നതാണ്.

ന്യൂനപക്ഷകാര്യങ്ങള്‍ക്ക് ഒരു സ്വതന്ത്ര മന്ത്രാലയം ആവശ്യമില്ലെന്നാണ് ബി ജെ പി നേതൃത്വത്തിലുള്ള എന്‍ ഡി എ സര്‍ക്കാരിന്റെ നിലപാട്. യു പി എ ഭരണകാലത്ത് ന്യൂനപക്ഷ പ്രീണന നയത്തിന്റെ ഭാഗമായാണ് അത്തരം മന്ത്രാലയങ്ങള്‍ രൂപീകരിച്ചതെന്ന് അവര്‍ വിശ്വസിക്കുന്നു. ഇപ്പോള്‍, മോഡി സര്‍ക്കാര്‍ അതിനെ ‘ന്യൂനപക്ഷ കാര്യ വകുപ്പ്’ എന്ന പേരില്‍ സാമൂഹ്യനീതി ശാക്തീകരണ മന്ത്രാലയത്തിന് കീഴില്‍ തിരികെ കൊണ്ടുവരാനാണ് ആഗ്രഹിക്കുന്നത്. ഇത് ന്യൂനപക്ഷ മന്ത്രാലയം ഇല്ലാതാക്കാനുള്ള സര്‍ക്കാരിന്റെ പദ്ധതിയാണെന്ന് സുതരാം വ്യക്തമാകുന്നു.
ഗവേഷണത്തിലും അക്കാഡമിക്സിലും താല്‍പ്പര്യമുള്ള ന്യൂനപക്ഷ സമുദായങ്ങളിലെ വിദ്യാര്‍ഥികള്‍ക്കുള്ള മൗലാനാ ആസാദ് നാഷണല്‍ ഫെലോഷിപ്പ് സ്‌കീം നിര്‍ത്തലാക്കുന്നതിന്റെ പ്രത്യാഘാതങ്ങള്‍ക്കു പുറമെ, ഈ തീരുമാനം നിലവിലെ ഭരണകൂടത്തിന്റെയും അവരുടെ പ്രത്യയശാസ്ത്രവുമായി പൊരുത്തപ്പെടുന്ന എല്ലാവരുടെയും രണ്ട് ഉദ്ദേശ്യങ്ങള്‍ കൂടി നിറവേറ്റുന്നുണ്ട്. ഒന്നാമതായി, ഇരകളെ കുറ്റപ്പെടുത്തുന്നതില്‍ ഹിന്ദുത്വ പ്രവര്‍ത്തകരെ കൂടുതല്‍ സഹായിക്കുമെന്നതാണ്. ഫെലോഷിപ്പ് സ്‌കീം നിര്‍ത്തലാക്കുന്നത് മുസ്‌ലിം സമുദായത്തിലെ ഗണ്യമായ എണ്ണം വിദ്യാര്‍ഥികളെ ഉന്നത വിദ്യാഭ്യാസം നേടാനുള്ള അവരുടെ പദ്ധതികള്‍ ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരാക്കും. അതിനാല്‍, സമുദായത്തിലെ വിദ്യാര്‍ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തില്‍ താല്പര്യമില്ലെന്ന് വാദിക്കാന്‍ മുസ്‌ലിം വിരുദ്ധര്‍ക്ക് എളുപ്പമാകും.
വിദ്യാഭ്യാസ നിലവാരം വര്‍ധിക്കുന്നതിനനുസരിച്ച് മുസ്‌ലിംകളും മറ്റു സാമൂഹിക മത വിഭാഗങ്ങളും തമ്മിലുള്ള അന്തരം വര്‍ധിക്കുന്നുവെന്നും മുസ്‌ലിം ബിരുദധാരികള്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് മറ്റു ന്യൂനപക്ഷ വിഭാഗങ്ങളില്‍ ഉള്ളതിനെക്കാള്‍ ഏറ്റവും ഉയര്‍ന്നതാണെന്നുമുള്ള സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്(2006) ശേഷം, അതിനു പരിഹാരങ്ങളായി കൊണ്ടുവന്ന പദ്ധതികളില്‍ പെട്ടതാണ് മൗലാനാ ആസാദ് നാഷണല്‍ ഫെലോഷിപ്പ്. ഈ ഫെലോഷിപ്പ് എടുത്തുകളഞ്ഞ കാരണത്താല്‍ തന്നെ മുസ്‌ലിംകള്‍ക്കിടയിലെ ഉന്നത വിദ്യാഭ്യാസ പ്രവേശനത്തില്‍ കുത്തനെ ഇടിവുണ്ടായാല്‍ അത്ഭുതപ്പെടാനില്ല. കാരണം, സാമ്പത്തിക സഹായമില്ലാതെ വിദ്യാഭ്യാസ-ഗവേഷണ മേഖലയില്‍ തുടരാന്‍ സമുദായത്തില്‍പ്പെട്ട പലര്‍ക്കും കഴിയില്ല. മറ്റു ന്യൂനപക്ഷ സമുദായങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളുടെയും പ്രത്യേകിച്ച് സ്ത്രീകളുടെ അവസ്ഥയും ഏറെക്കുറെ ഇങ്ങനെത്തന്നെയാണ്.
രണ്ടാമതായി, ഇത്തരം തീരുമാനങ്ങള്‍ ന്യൂനപക്ഷ സമുദായങ്ങളെ, പ്രത്യേകിച്ച് മുസ്‌ലിംകളെ കൂടുതല്‍ ഇടങ്ങളില്‍ നിന്നും ഒഴിവാക്കാനാണ് നിമിത്തമാകുക. കാരണം, ഒരു പാര്‍ട്ടിയും ഒരു സര്‍ക്കാരും ന്യൂനപക്ഷത്തെ പ്രീണിപ്പിക്കുന്നതായി കാണാന്‍ ആഗ്രഹിക്കുന്നില്ല. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ എതിരാളികളായി കണക്കാക്കപ്പെടുന്ന ഒഡീഷ, പഞ്ചാബ് ഉള്‍പ്പെടെ പകുതിയോളം സംസ്ഥാന സര്‍ക്കാരുകളില്‍ മുസ്‌ലിം മന്ത്രിമാരില്ലെന്നോര്‍ക്കുക. ഹിമാചലില്‍ പുതുതായി രൂപീകരിക്കുന്ന കോണ്‍ഗ്രസ് സര്‍ക്കാരില്‍ മുസ്‌ലിം പ്രാതിനിധ്യമുണ്ടാകുമോയെന്ന് കണ്ടറിയണം. അവിടെ രണ്ടു ശതമാനത്തിലധികം മുസ്‌ലിം ജനസംഖ്യയുണ്ട്.

അടുത്തിടെ കഴിഞ്ഞ ഗുജറാത്ത് തിരഞ്ഞെടുപ്പില്‍, മുസ്‌ലിം സ്ഥാനാര്‍ഥികള്‍ക്ക് ടിക്കറ്റ് നല്‍കില്ലെന്ന് ബി ജെ പി തീരുമാനിച്ചപ്പോള്‍, ആറ് ടിക്കറ്റ് മാത്രമാണ് കോണ്‍ഗ്രസ് മുസ്‌ലിംകള്‍ക്ക് നല്‍കിയത്. സംസ്ഥാനത്തെ മുസ്‌ലിം ജനസംഖ്യാനുപാതത്തില്‍ ഏറെ കുറവാണത്. ജനസംഖ്യാനുപാതികമായി നല്‍കാതിരിക്കാനുള്ള പ്രധാന കാരണം, കൂടുതല്‍ ടിക്കറ്റ് നല്‍കിയാല്‍, മതേതര കക്ഷികള്‍ എന്ന് വിളിക്കപ്പെടുന്നവരുടെ ന്യൂനപക്ഷ പ്രീണനമാണെന്ന് ആരോപിക്കപ്പെടും. അതിനാല്‍ വരുന്ന വലിയ അപകട സാധ്യത ഏറ്റെടുക്കാന്‍ അവര്‍ ഒരിക്കലും തയാറാവില്ല. ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ക്ക് നല്‍കേണ്ട അവകാശങ്ങള്‍ നല്‍കുന്നത് എങ്ങനെ ന്യൂനപക്ഷ പ്രീണനമാവുമെന്ന ചോദ്യങ്ങള്‍ ഉയര്‍ത്താനും ഭരണഘടനാപരമായി ഈ ആരോപണം നിലില്‍ക്കില്ലെന്ന് വ്യക്തമാക്കാനും സാധ്യമാണെങ്കില്‍ പോലും, അത്തരം റിസ്‌ക് ഏറ്റെടുക്കാന്‍ അവര്‍ ഒരിക്കലും തയാറാവില്ല.

മെഹ്താബ് ആലം

കടപ്പാട്: ദ വയര്‍
വിവ. എബി

You must be logged in to post a comment Login