മുഹ്‌യിദ്ദീൻ മാല; മാപ്പിള സാമൂഹികതക്കും വൈകാരികതക്കുമിടയിൽ

മുഹ്‌യിദ്ദീൻ മാല;  മാപ്പിള സാമൂഹികതക്കും  വൈകാരികതക്കുമിടയിൽ

സ്ഥല-കാല-പരിസര ബന്ധിതമായാണ് ഓരോ സാഹിത്യരചനയും ഉരുവംകൊള്ളുന്നത്. അതുകൊണ്ടാണ് സാഹിത്യം, സാമൂഹിക – സാംസ്കാരിക മൂല്യച്യുതികൾക്കുള്ള പരിഹാരവും രാഷ്ട്രീയ മേധാവിത്വ വാഴ്ചകൾക്കെതിരെയുള്ള പ്രതിഷേധവും അടിച്ചമർത്തപ്പെട്ടവരുടെ ശബ്ദവുമായി അവതരിപ്പിക്കപ്പെട്ടത്. മാപ്പിള സാമൂഹികതയുടെ വീക്ഷണ വ്യതിയാനങ്ങളും ദാർശനിക – രാഷ്ട്രീയ സംഘർഷങ്ങളും അതാത് കാലഘട്ടങ്ങളിലെ സാഹിത്യ നിർമിതികളിൽ പ്രതിഫലിക്കുന്നുണ്ട്. പുണ്യാത്മാക്കളുടെ ജീവചരിത്ര/ (Hagiographic) സാഹിത്യ ഗണത്തിൽപ്പെട്ട മാലപ്പാട്ടുകൾ സ്മരിക്കപ്പെടുന്ന വ്യക്തിയുടെ ജീവിതം അവതരിപ്പിക്കലിലൂടെ വിശ്വാസിയുടെ ആത്മീയതയെ ഉദ്ദീപിപ്പിക്കുക മാത്രമല്ല സാമൂഹികതയോടുള്ള കാലോചിതമായുള്ള അഭിസംബോധന കൂടി അടയാളപ്പെടുത്തുന്നു. സാഹിത്യത്തിന്റെ രൂപം, ശൈലി, സൗന്ദര്യശാസ്ത്രം തുടങ്ങിയവയിൽ പരിമിതപ്പെട്ട സാഹിത്യവൽക്കരണ (Literalisation) പ്രവണതയിൽ നിന്നും വിഭിന്നമായി മാപ്പിള മുസ്‌ലിംകളിൽ പ്രചുര പ്രചാരം നേടിയ മാലസാഹിത്യത്തിലെ മുഹ്‌യിദ്ദീൻ മാലയുടെ സാമൂഹികവും അനുഷ്ഠാനപരവും വൈകാരികവുമായ നിരപ്പിനെ അന്വേഷണത്തിന് വിധേയമാക്കുകയാണ് ഈ ലേഖനം.

രചന: ഭാഷ്യവും സാമൂഹികതയും
പതിനാറും പതിനേഴും നൂറ്റാണ്ടുകൾ മാപ്പിള മുസ്‌ലിം സമൂഹത്തിന് – സാമൂഹികതക്ക് അകത്ത് നിന്നും പുറത്ത് നിന്നും- സങ്കീർണമായ അനേകം വെല്ലുവിളികൾ അഭിമുഖീകരിക്കേണ്ടിവന്ന സന്ദർഭമാണ്. പ്രാദേശിക നാടുവാഴികളുടെ പ്രേരണയോടെയും പ്രോത്സാഹനത്തോടെയും ഇസ്‌ലാമിലേക്കുള്ള പുതു വിശ്വാസികളുടെ കടന്നുവരവിന്റെ വർധനവ് പരമ്പരാഗതമായ സാമൂഹിക ഘടനയിലെ വർഗ ബന്ധങ്ങളിൽ അസന്തുലിതാവസ്ഥക്ക് കാരണമായതിനെ തുടർന്ന് മുഖ്യധാരയിൽ അവരെ സമന്വയിപ്പിക്കാനുതകുന്ന നേതൃ നിരയുടെയും ഉപാധികളുടെയും ആവശ്യം വന്നു. ആത്മീയ ജീവിതത്തിലാകട്ടെ വിഭിന്ന ത്വരീഖത്തുകളുടെ ആവിർഭാവവും തീരദേശ വാണിജ്യത്തിന്റെ കുത്തകകളായിരുന്ന അറബി വ്യാപാരികളെ ആശ്രയിച്ചുനിൽക്കുന്ന മാപ്പിളമാരുടെ നിലനിൽപ്പിനായുള്ള നിരന്തര പോരാട്ടങ്ങളും ഉൾനാടുകളിലേക്കുള്ള കുടിയിറക്കപ്പെടലുകളും പുതിയ സാഹചര്യങ്ങളുമായുള്ള പൊരുത്തക്കേടും പരിചയക്കുറവും സാമ്പത്തിക പ്രതിസന്ധികളും അമുസ്‌ലിം ചിന്താധാരകളിൽ ശക്തിപ്രാപിച്ചുവന്ന ഭക്തിയുടെയും വൈരാഗ്യത്തിന്റെയും നിരപ്പുകൾ പുതുവിശ്വാസികളിൽ സൃഷ്ടിച്ച മടുപ്പിന്റെയും നിരാസത്തിന്റെയും ഭാവ തലങ്ങളുമായിരുന്നു മാപ്പിള മുസ്‌ലിം സാമൂഹിക പശ്ചാത്തലം. ഈയൊരു സാഹചര്യത്തിൽ (1607) രചന നിർവഹിക്കപ്പെട്ട ഖാളി മുഹമ്മദിന്റെ മുഹ്്യിദ്ദീൻ മാല രാഷ്ട്രീയ – സാമൂഹിക പരിസരങ്ങളിൽ വ്യക്തിക്കുള്ള സംരക്ഷണ കവചത്തെ ഒരുക്കുകയായിരുന്നു. മണ്‍സൂണ്‍ മഴയെ ആശ്രയിക്കേണ്ടിവരുന്ന കര്‍ഷകര്‍ക്കും നദീതട കച്ചവടക്കാര്‍ക്കും ആശ്വാസമാകാന്‍, മഴ-കാറ്റ് തുടങ്ങിയവയില്‍നിന്നും മറ്റു പ്രകൃതിദുരന്തങ്ങളിൽ നിന്നും ശൈഖ് രക്ഷാകവചമാകുന്നു. കാര്‍ഷിക സംബന്ധിയായ മാപ്പിള അവസ്ഥയുടെ സമയ/ കാല ബോധത്തെയും തന്റെ രചനാകാലത്തെ മലയാളം കൊല്ലവര്‍ഷത്തില്‍ തന്നെ അവതരിപ്പിച്ചു കൊണ്ട് ചിട്ടപ്പെടുത്തുന്നുണ്ട് മഹാകവി.

മധ്യകാല മലബാറിലെ മുസ്‌ലിംകളില്‍ നടന്നത് പരിപൂര്‍ണ മതപരിവര്‍ത്തനമായിരുന്നില്ലെന്നും (complete conversion) ഇസ്‌ലാം ആവിഷ്കരിച്ച പുതിയ സാമൂഹിക- ധാര്‍മിക ജീവിതത്തിലേക്കുള്ള മാറ്റം തങ്ങള്‍ ജീവിച്ചിരുന്ന നിയമാവലികളിൽ പരിമിതമായിരുന്നുവെന്നും കാണാൻ കഴിയും. പുതിയ മതത്തിന്റെ ബാഹ്യമായ അവസ്ഥകളിലേക്കുള്ള ഉപരിപ്ലവമായ കര്‍മശാസ്ത്രപരമായ ഒരു പക്ഷമാറ്റം(adhersion) മാത്രമായിരുന്നുവെന്ന് ചുരുക്കം.

“അപ്പൾകുലം പുക്കെ
പുതിയ ഇസ്‌ലാമിനെ
അബ്ദാലൻമാരാക്കി
കൽപ്പിച്ചുവിട്ടോവർ’

പുതുമുസ്‌ലിംകളെ സൂഫികളാക്കി പുനരവതരിപ്പിക്കുകയും വിശ്വാസത്തിൽ പരിപൂർണരാക്കുകയും ചെയ്യുന്ന ശൈഖിനെ അവതരിപ്പിച്ച് വിശ്വാസത്തിന്റെ ദൃഢത പുതുസമൂഹത്തിന് പകർന്നു നൽകുകയും മനഃശാസ്ത്രപരമായ സമീപനത്തിലൂടെ സാമൂഹ്യ ഏകീകരണത്തിന്റെ (social cohesion) കര്‍തൃത്വം ആക്കി മാറ്റുകയുമാണിവിടെ.

തദ്ദേശീയരുടെ പ്രാദേശിക വ്യവഹാര ഭാഷയിൽ തന്നെ രചന നിർവഹിച്ചതിനാൽ വ്യക്തിയുടെ ആത്മ പരിരക്ഷാ മാർഗമായി ശൈഖിനെ അവതരിപ്പിക്കുന്ന രചനാരീതി ഏറെ ഈടുറ്റ പ്രതിഫലനങ്ങൾ സമൂഹത്തിലുണ്ടാക്കി. അതിലൂടെ വ്യക്തിയും ശൈഖും തമ്മിൽ വൈകാരികമായ ബന്ധം സ്ഥാപിക്കുന്നതിനും വഴിയൊരുങ്ങി.

“ഏറും മലക്കൂത്തിൽ
രാജാളി എന്നോവർ’
“ഇരുന്ന ഇരുപ്പിന്നേഴ്
ആകാശം കണ്ടോവർ’

തുടങ്ങിയ വരികളിൽ ഇക്കാര്യം വ്യക്തമാണ്. കൃത്യമായ പദ-ചിഹ്ന- സംസ്‌കാര സന്നിവേശങ്ങള്‍ ചേര്‍ത്തുവെച്ച് അന്നത്തെ സാമൂഹ്യ-സാംസ്‌കാരിക ജീവിതത്തിന് അനുയോജ്യമായ സാഹിത്യ സൃഷ്ടി നടത്തുന്ന രചയിതാവിനെയാണ് മുഹ്‌യിദ്ദീൻ മാലയിലൂടെ കാണാന്‍ കഴിയുന്നത്. 19ാം നൂറ്റാണ്ടോടു കൂടി, പടപ്പാട്ട് കൃതികളിലൂടെ പുറത്തുവന്നത്, ശരീരത്തിനും പൗരുഷത്തിനും അധ്വാനത്തിനും കൂടുതല്‍ പ്രാധാന്യം നല്‍കുന്ന രസങ്ങളുടെ ഊര്‍ജമാണെങ്കില്‍, മുഹ്‌യിദ്ദീൻ മാല ഭക്തി/മോക്ഷം, പ്രണയം എന്നീ രസങ്ങൾക്കും വൈകാരികതക്കും പ്രാധാന്യം കൊടുക്കുന്നു. മാപ്പിളക്കുവേണ്ടി ആത്മീയ സാംസ്‌കാരിക പ്രതലത്തില്‍നിന്നും അവന്റെ സംസാര ഭാഷയിലേക്ക് സന്നിവേശിപ്പിച്ചു ഖാളി മുഹമ്മദ്.

അനുഷ്ഠാനപരതയും വൈകാരികതയും
സാഹിത്യങ്ങൾ സ്വവൈകാരികതയുടെ ഉൽപ്പന്നവും പ്രകടനവും സംബോധകരിൽ സമാന വൈകാരികത സന്നിവേശിപ്പിക്കുന്നതുമാണ്. സംഭവത്തിന്റെയും ഇതിവൃത്തത്തിന്റെയും നിജാവസ്ഥയേക്കാൾ സംഭവ്യതയുടെ സാധ്യത മാനങ്ങൾക്ക് പ്രാധാന്യം നൽകലിലൂടെ സാമൂഹിക വൈകാരികതയിലെ ഗുപ്തമായ ഒരഭിനിവേശത്തിന്റെ പ്രസരണമാണ് സാഹിത്യം ലക്ഷ്യംവെക്കുന്നതെന്ന് ഉഹ്ദ് പടപ്പാട്ടിന്റെ ആഖ്യാനത്തെ പഠനവിധേയമാക്കി ബാലകൃഷ്ണൻ വള്ളിക്കുന്ന് പ്രസ്താവിക്കുന്നുണ്ട്.

നിശ്ചിതമായ ഭക്തിയുടെ നൈരന്തര്യം വൈകാരികമായ പ്രണയത്തിന് വഴിയൊരുക്കുന്നുവെന്ന് മനുഷ്യവൈകാരികതയെയും സാമൂഹികതയെയും പഠനവിധേയമാക്കിയ തൻവിയും മർഗ്രിറ്റ് പൂർണയും നിരീക്ഷിക്കുന്നു. നിർബന്ധിത കർമമല്ലാത്തവയെ സൂക്ഷ്മമായ അനുഷ്ഠാനമായി അനുവർത്തിക്കലിലൂടെ “എല്ലാ മനുഷ്യനിലും സ്വാതന്ത്ര്യത്തിനായുള്ള കാമനയുണ്ടെ’ന്ന മനുഷ്യ പ്രകൃതത്തെ കുറിച്ചുള്ള ലിബറൽ ധാരണകളുടെ നിരർഥകത വ്യക്തമാക്കുകയും സബാ മഹ്മൂദ് അവതരിപ്പിക്കുന്ന നൈസർഗികമായ ദൈവിക വിധേയത്വത്തിലൂടെയുള്ള വ്യക്തിത്വ രൂപീകരണം (Formulation of Self) സാധ്യമാക്കുകയും ചെയ്യുകയാണ് സാഹിത്യം. പതിനേഴാം നൂറ്റാണ്ടോടുകൂടി കാര്‍ഷിക വ്യവഹാരങ്ങളുടെയും അതുമായി ബന്ധപ്പെട്ട ജീവിതവ്യവസ്ഥയുടെയും ബന്ധങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും ഒക്കെ ശക്തമായ ഭാഗമായി മാറുന്നുണ്ട് മുഹ്‌യിദ്ദീൻ മാല. ഖുര്‍ആന്‍, ഹദീസ്, ഫിഖ്ഹ്, സാഹിത്യങ്ങള്‍ തുടങ്ങിയവയുടെ പഠന-പാരായണങ്ങള്‍ക്ക് ആവശ്യമായ ശ്രേണീ ബദ്ധതയോ ശുദ്ധീകരണ/അനുഷ്ഠാനങ്ങളോ പഠന സംവിധാനങ്ങളോ ഗുരു-ശിഷ്യ ബന്ധങ്ങളോ ആവശ്യമില്ലാത്തത് കൊണ്ട് അത് എളുപ്പവുമായിരുന്നു. അതുകൊണ്ടുതന്നെ അറബ് ഗ്രന്ഥ സംസ്‌കൃതി കൊണ്ടുവന്ന വായന/അനുഷ്ഠാനപരതയോടൊപ്പം, സഞ്ചരിക്കുന്ന ഒരു തദ്ദേശീയ അനുഷ്ഠാനപരതക്കു (verbacular ritualistics) ജന്മം കൊടുക്കുകയായിരുന്നു മാല. മാല പകര്‍ത്തിയെഴുതുമ്പോള്‍ തെറ്റുകള്‍ വരുത്താതിരിക്കാനും നിരന്തരമായി ചൊല്ലുവാനും ശൈഖിനെ പിന്തുടരാനും മാല ഉറപ്പുവരുത്തുന്ന സ്വര്‍ഗ പ്രവേശനത്തെ പറ്റിയും ഭൗതിക നേട്ടങ്ങളെ പറ്റിയും മുഹ്്യിദ്ദീൻ മാലയിലൂടെ കണക്കുതീര്‍ത്തു പറയുന്ന ഖാളി ഉദ്ദേശിച്ചത് ഒരു സ്ഥിരം അനുഷ്ഠാന തലത്തെ തന്നെയാണ്.

“മൊളി ഒന്നും ഫിളയാതെ
കളയാതെ ചൊന്നോർക്ക്
മണിമാടം സ്വർഗത്തിൽ
നായൻ കൊടുക്കുമെ,
അല്ലാടെ റഹ്മത്ത്
ഇങ്ങനേ ചൊന്നോർക്കും
ഇതിനെ പാടുന്നോർക്കും
മേലെ കേക്കുന്നോർക്കും’.

മാലകൾ സാമൂഹികമോ സാമുദായികമോ ആയ അസന്നിഗ്ധ ഘട്ടങ്ങളിൽ വിരചിതമായതുകൊണ്ടുതന്നെ സമാന സാഹചര്യങ്ങൾ പിൽക്കാലത്ത് ആവർത്തിക്കപ്പെടുമ്പോഴും വ്യക്തിയുടെയും സമൂഹത്തിന്റെയും പ്രത്യേക ഉദ്ദേശ്യലക്ഷ്യങ്ങൾ നിറവേറ്റപ്പെടാനും ഇത് ഒരു ഔപചാരിക കർമമായി അനുഷ്ഠിക്കപ്പെടുന്നു. ആൺ പെൺ വ്യത്യാസമില്ലാതെ മാപ്പിള കുടിലുകളിലെ ദൈനംദിന അനുഷ്ഠാനമായിരുന്നു മുഹ്‌യിദ്ദീൻ മാലയുടെ അവതരണങ്ങൾ. അതിഥി സൽക്കാരത്തിനിടയിലും ചുറ്റുപാടുകളിലെ ശബ്ദ കോലാഹലങ്ങൾ അലോസരപ്പെടുത്താതെ മുഹ്‌യിദ്ദീൻ മാല പാരയണം ചെയ്യുകയും പാരായണാനന്തര ചർച്ചകളിൽ “തിരക്കുകൾക്കിടയിലും മാറ്റിനിർത്തപ്പെടേണ്ടതല്ല അനുഷ്ഠാനങ്ങൾ’ എന്ന കാർക്കശ്യ നിലപാട് സ്വീകരിക്കുകയും ചെയ്ത കുഞ്ഞറമുട്ടിയെ മാപ്പിള വൈകാരികതയുടെ പ്രതീകമായി കെ എ ജലീൽ തന്റെ എത്നോഗ്രാഫിക് പഠനത്തിലൂടെ അവതരിപ്പിക്കുന്നുണ്ട്.

സാഹിത്യ വീക്ഷണങ്ങൾ
സമുദായത്തിനകത്ത് നിലനിന്ന വർഗ മേധാവിത്വവും കീഴാള അടിച്ചമർത്തലുകളും അന്യവൽക്കരണവും വിമർശനങ്ങൾക്ക് വിധേയമാക്കുന്ന മുഹ്‌യിദ്ദീൻ മാല സാമൂഹികതക്ക് പ്രാധാന്യം നൽകുന്ന സമകാലിക സാഹിത്യ വീക്ഷണങ്ങൾ കൂടി ദ്യോതിപ്പിക്കുന്നതാണ്. ചരിത്രത്തെയും വർത്തമാനത്തെയും അതതുകാലത്തെ സമ്പൂർണ കേന്ദ്രപുരുഷനിലേക്ക് ബന്ധിപ്പിക്കുക എന്ന മധ്യകാല സാഹിത്യ പാരമ്പര്യത്തിന്റെ തുടർച്ച മുഹ്‌യിദ്ദീൻ മാലയിലുമുണ്ട്. ഒരേസമയം ശുദ്ധ ഗ്രന്ഥങ്ങളെയും ജനകീയ-സംസ്കാരിക അംശങ്ങളെയും എഴുത്തുകളിൽ ഉപയോഗിക്കുന്നത് ബാഗ്ദാദി സൂഫി പാരമ്പര്യത്തിന്റെ ഒരു രീതിയാണെന്ന് സൂഫി ചരിത്രകാരൻ നൈൽ ഗ്രീൻ Sufism in global history എന്ന തന്റെ പുസ്തകത്തിൽ പറയുന്നുണ്ട്. മധ്യകാലയുഗത്തിൽ ക്രി.14,15 നൂറ്റാണ്ടുകളിൽ ലോക സാഹിത്യ വീക്ഷണത്തിന്റെ കേന്ദ്രമായിരുന്ന ദൈവശാസ്ത്രത്തിന് മാറ്റം വരികയും പതിനാറാം നൂറ്റാണ്ടോടെ മതകീയ കലാ ദർശനങ്ങളോടൊപ്പം മാനവിക മൂല്യങ്ങൾ സന്നിവേശിക്കപ്പെടുകയുമുണ്ടായി. ഇതോടെ മതകീയ ചിഹ്നങ്ങൾ സാമൂഹികതയിൽ സ്വീകാര്യത നേടുകയും പുതിയ അർഥവിധാനങ്ങൾ രൂപപ്പെടുകയും ചെയ്തു. ഈ ഒരു ഗതിമാറ്റമാണ് ഭാരതീയ ഭക്തിപ്രസ്ഥാനങ്ങളുടെ മുന്നേറ്റങ്ങളിലും ആത്മീയ കാവ്യങ്ങളിലും ദൃശ്യമാകുന്നത്. ഇസ്‌ലാമിക സമൂഹത്തിലെ രാഷ്ട്രീയ അധികാര-ശാക്തിക മത്സരങ്ങൾ പുതിയ രീതികളിലേക്ക് രൂപാന്തരപ്പെട്ടപ്പോഴാണ് ആദ്യകാല സൂഫി കൃതികൾ രൂപപ്പെട്ടതും പുതിയ രാഷ്ട്രീയ ഭൂമിശാസ്ത്ര മേച്ചിൽപുറങ്ങൾ കണ്ടെത്തി ദൈവികതയെ പുതിയ രീതിയിൽ അവതരിപ്പിച്ചതും. “മേധാവിത്വത്തോടുള്ള കീഴാള പ്രതിലോമതയുടെ യുക്തി’ (inverse logic of subaltern) ആദ്യകാല സൂഫി പാരമ്പര്യത്തിൽ തന്നെ തുടങ്ങിയതാണ്. മധ്യകാല യൂറോപ്യൻ ചരിത്രരചനയിൽ അവഗണിക്കപ്പെട്ടവരായി മാറിയ “കുട്ടികൾ’ക്ക് ശക്തമായ സാമൂഹിക ഇടം നൽകുന്ന ചരിത്ര സാഹിത്യത്തിന്റെ ഭാഗമായാണ് ഖാളി മുഹമ്മദ് മുഹ്്യിദ്ദീൻ മാലയിൽ ശൈഖിന്റെ കുട്ടിക്കാലം അടയാളപ്പെടുത്തിയത് എന്ന് പണ്ഡിതന്മാർ നിരീക്ഷിച്ചിരുന്നതായി കാണാം. മാപ്പിള സാഹിത്യത്തിന്റെ വ്യതിരിക്ത ജീവിത ദർശനത്തിന്റെ തുടക്കം മുഹ്്യിദ്ദീൻ മാലയിലൂടെയും അതിന്റെ തുടർച്ച പിൽക്കാല മാപ്പിള സാഹിത്യ രചനകളുടെ ചാലകശക്തിയായി വർത്തിക്കുകയും ചെയ്തു. ഈയൊരു തുടർച്ചയുടെ ഭാഗമായിരുന്നു പിൽക്കാലത്ത് നിരവധിയായി രചിക്കപ്പെട്ട മാലകളും ഇതര മാപ്പിള സാഹിത്യങ്ങളും.

ശാഹിദ് പി മോങ്ങം

You must be logged in to post a comment Login