മലയോര മനുഷ്യരാണ്, അതിജീവിച്ചവരാണ്, പേടിപ്പിക്കരുത്

മലയോര മനുഷ്യരാണ്,  അതിജീവിച്ചവരാണ്,  പേടിപ്പിക്കരുത്

കാലഹരണം സംഭവിച്ചേക്കാവുന്ന ഒരു കുറിപ്പാണിത്. അഥവാ കാലഹരണപ്പെടണം എന്ന് ആഗ്രഹിക്കുന്ന ഒന്ന്. ഇതെഴുതുമ്പോള്‍ കേരളത്തിലെ മലയോര മേഖലകളില്‍ ചില്ലറ സമരങ്ങള്‍ അരങ്ങേറുന്നുണ്ട്. പ്രക്ഷോഭം എന്ന് പേരിടാന്‍ മാത്രം മുന്തിയതല്ല ഒന്നും. പക്ഷേ, ഏതു നിമിഷവും ആളിക്കത്താവുന്ന വൈകാരികത ഈ സമരങ്ങളുടെ അടിത്തട്ടിലുണ്ട്. അത് കത്തിക്കാനുള്ള അതിതീവ്ര ശ്രമങ്ങള്‍ എമ്പാടുമുണ്ട് താനും. പക്ഷേ, ഈ കുറിപ്പ് നിങ്ങളില്‍ എത്തുമ്പോഴേക്കും ആ സമരങ്ങള്‍ ശമിക്കും എന്ന് കരുതുന്നു. അങ്ങനെ ആഗ്രഹിക്കുന്നു.

ബഫര്‍ സോണിനെക്കുറിച്ചാണ്. നിങ്ങള്‍ക്ക് അറിയുന്നതുപോലെ അതൊരു പുതിയസംഗതിയല്ല. കേരളത്തിലും ഒട്ടും പുതുതല്ല. വന്യജീവി സങ്കേതങ്ങളും ദേശീയോദ്യാനങ്ങളും ഉള്‍പ്പെടെയുള്ള സംരക്ഷിത പ്രദേശങ്ങള്‍ക്ക് ചുറ്റും ഒരു കരുതല്‍ മേഖല നിശ്ചയിക്കലാണത്. ഇത് കേരളത്തിലോ ഇന്ത്യയിലോ മാത്രമുള്ള ഒരു സംഗതിയല്ലെന്ന് നമുക്കറിയാം. 1972-ലെ സ്‌റ്റോക്ക് ഹോം കണ്‍വെന്‍ഷന്‍ നമ്മുടെ പാരിസ്ഥിതിക ചരിത്രത്തിലെ സുപ്രധാന ഏടാണ്. മനുഷ്യര്‍- പരിസ്ഥിതി എന്നീ പ്രമേയങ്ങളെ രണ്ട് വ്യത്യസ്ത അസ്തിത്വങ്ങളായി പരിഗണിക്കുന്നു എന്ന പരിമിതി ഉള്ളപ്പോള്‍ തന്നെ സ്‌റ്റോക്ക്‌ഹോം കണ്‍വെന്‍ഷന്‍ മനുഷ്യര്‍ പരിസ്ഥിതിയില്‍ നടത്തുന്ന ഇടപെടലുകളുടെ ദൂരവ്യാപക പ്രത്യാഘാതങ്ങളെ ഒന്നൊന്നായി രേഖപ്പെടുത്തി. അന്ന് പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി നേരിട്ട് പങ്കെടുത്ത സ്‌റ്റോക് ഹോം കണ്‍വെന്‍ഷനാണ് പരിസ്ഥിതി എന്ന പ്രമേയത്തെ ഐക്യരാഷ്ട്ര സഭയുമായി വിളക്കിച്ചേര്‍ക്കുന്നത്. ഒരേയൊരു ഭൂമി എന്ന ആശയത്തെ മുന്‍നിര്‍ത്തിയായിരുന്നു വിഖ്യാതമായ സ്‌റ്റോക് ഹോം പ്രഖ്യാപനം. അതിനെത്തുടര്‍ന്നുള്ള ചലനങ്ങളുടെ ഇങ്ങേയറ്റത്തെ പ്രകമ്പനമാണ് ഇപ്പോള്‍ ചര്‍ച്ചയായ ബഫർ സോണ്‍.

വന്യമൃഗ സങ്കേതങ്ങള്‍, നാഷനല്‍ പാര്‍ക്കുകള്‍ തുടങ്ങിയ സംരക്ഷിത വനങ്ങളുടെ പുറം അതിരില്‍ നിന്നും ഒരു കിലോമീറ്റര്‍ വീതിയില്‍ Eco Sensitive Zone എന്ന സുരക്ഷിത മേഖല നിര്‍ണയിക്കുക എന്നതാണ് ഇപ്പോഴത്തെ ബഫര്‍ സോണ്‍ നിർദേശം. 2022 ജൂണ്‍ മൂന്നിന് സുപ്രീംകോടതി പുറപ്പെടുവിച്ച ഒരു വിധിന്യായമാണ് ഒന്നരപ്പതിറ്റാണ്ടായി പലഘട്ടങ്ങളിലായി സജീവമായിരുന്ന ഈ ബഫർ സോണിനെ സമരകേന്ദ്രമാക്കിയത്. ടി എന്‍ ഗോദവര്‍മന്‍ തിരുമുല്‍പ്പാട് v/s യൂണിയന്‍ ഓഫ് ഇന്ത്യാകേസ് തീര്‍പ്പാക്കിയാണ് വിധി. വിധിയിലെ ആദ്യവാചകം ഇതാണ്: “”Each protected forest, that is national park or wildlife sanctuary must have an ESZ of minimum one kilometer measured from the demarcated boundary of such protected forest in which the activities proscribed and prescribed in the Guidelines of 9th February 2011 shall be strictly adhered to.” അതായത് സംരക്ഷിത വനമേഖലയില്‍ ഒരു കിലോമീറ്റര്‍ എങ്കിലും പാരിസ്ഥിതിക ദുര്‍ബല പ്രദേശമായി( ESZ) രേഖപ്പെടുത്തണം. 2011 ഫെബ്രുവരി ഒമ്പതിലെ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിച്ച് അവിടങ്ങളിലെ പ്രവര്‍ത്തികള്‍ നിയന്ത്രിക്കണം. ഇതാണ് കോടതി വിധിയുടെ സാരം.

അപ്പോള്‍ പന്ത് പാഞ്ഞു ചെല്ലുന്നത് 2011-ലെ മാര്‍ഗനിര്‍ദേശങ്ങളിലേക്കാണ്. അത് പുറപ്പെടുവിച്ചത് അന്നത്തെ പരിസ്ഥിതി മന്ത്രാലയമാണ്. മന്‍മോഹന്‍ സിങ് മന്ത്രിസഭയുടെ കാലമാണ്. ജയ്‌റാം രമേഷാണ് വകുപ്പിന്റെ മന്ത്രി. ആ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നാണ് വിധി. ആരു പാലിക്കണം? വിധിയുടെ മൂന്നാം ഖണ്ഡികയിലുണ്ട്, വായിക്കാം: “”The Principal Chief Conservator of Forests as also the Home Secretary of each State and Union Territory shall remain responsible for proper compliance of the said Guidelines as regards nature of use within the ESZ of all national parks and sanctuaries within a particular State or Union Territory. The Principal Chief Conservator of Forests for each State and Union Territory shall also arrange to make a list of subsisting structures and other relevant details within the respective ESZs forthwith and a report shall be furnished before this Court by the Principal Chief Conservator of Forests of each State and Union Territory within a period of three months. For this purpose, such authority shall be entitled to take assistance of any governmental agency for satellite imaging or photography using drones. പ്രിന്‍സിപ്പ്ള്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റാണ് സംസ്ഥാനങ്ങളില്‍ കാര്യങ്ങള്‍ ചെയ്യേണ്ടത്. നിലവില്‍ ഈ ബഫര്‍സോണിലുള്ള നിര്‍മിതികളുടെ വിവരങ്ങളും മറ്റു വിശദാംശങ്ങളും മൂന്ന് മാസത്തിനുള്ളില്‍ സമര്‍പ്പിക്കണം. ഉപഗ്രഹങ്ങളോ ഡ്രോണോ ഉപയോഗിച്ച് കാര്യം നടത്താം. അതായത് ഒരു കിലോമീറ്റര്‍ ബഫർ സോണില്‍ ഉള്ള നിര്‍മിതികളും മറ്റു വിശദാംശങ്ങളുമാണ് നല്‍കേണ്ടത്. ഉപഗ്രഹ സര്‍വേയും കോടതിയുടെ നിര്‍ദേശമാണ്.
വിധിയിലെ ഈ ഭാഗമാണ് കേരളത്തിലെ മലയോരത്ത് ആശങ്ക ഉയര്‍ത്തിയത്. കാരണം കേരളത്തിലെ മലയോര-വനാതിര്‍ത്തി മനുഷ്യര്‍ക്ക് നമ്മുടെ വനംവകുപ്പിനെ നല്ല “പരിചയ’മാണ്. ഇന്ത്യയില്‍ മിക്കയിടങ്ങളിലും വനംവകുപ്പ് ഇങ്ങനെ തന്നെയാണ് ജനങ്ങളോട് പെരുമാറുന്നതെന്ന് മാധവ് ഗാഡ്ഗില്‍ പലവുരു പറയുന്നത് കേട്ടിട്ടുണ്ട്. പക്ഷേ, സുപ്രീം കോടതി ഈ സംഗതി ഏല്‍പിച്ചത് വനംവകുപ്പിനെയാണ്. അതോടെ ഭീതിയായി. കാടിനും കടലിനും ഇടയ്ക്ക് നേര്‍രേഖ പോലൊരു തുണ്ടാണല്ലോ നമ്മുടെ കേരളം. കടലും കാടുമില്ലാതെ നമ്മുടെ ആവാസമില്ല. ഇടുക്കിയും വയനാടും കോഴിക്കോടിന്റെ കിഴക്കന്‍ മേഖലയും കൊച്ചിയിലെ ചില ഭാഗങ്ങളും എന്നുവേണ്ട ആലപ്പുഴ ഒഴികെ മിക്കവാറും ജില്ലകളില്‍ കാടുണ്ട്. മനുഷ്യര്‍ വളരെക്കൂടുതലുള്ള ദേശമാണ്. പലതരം തകര്‍ച്ചകളെ നേരിട്ട ജനത. അന്‍പതുകളില്‍ പടര്‍ന്ന കാര്‍ഷികത്തകര്‍ച്ച മനുഷ്യരെ കുടിയേറ്റക്കാരാക്കിയതില്‍ വലിയ പങ്കുവഹിച്ചു. മഹാരോഗങ്ങളോട് മല്ലിട്ട്, മരണത്തെ പുറത്തു നിര്‍ത്തി മനുഷ്യര്‍ അതിജീവിക്കാനായി നടത്തിയ കൂട്ടപ്പാച്ചിലിന്റെ പേരാണ് കേരളത്തിലെ കുടിയേറ്റം. ഒന്നും വെട്ടിപ്പിടിക്കാന്‍ വന്നതല്ല. കാട്ടിലെ ഖനി തേടി നഗരത്തില്‍ നിന്ന് ഇടക്കാലത്തേക്ക് വന്നതുമല്ല. കാട്ടുവാസികളെ ആയുധങ്ങളുമായി ചെന്ന് വംശഹത്യ നടത്തി കാട്ടുദേശങ്ങള്‍ കീഴടക്കിയതുമല്ല. വന്ന് പാര്‍ത്തതാണ്. മണ്ണിനെ ഇളക്കി വിതച്ചതാണ്. ആ വിളവില്‍ ജീവിതവും പെടും. കേരളത്തില്‍ നടന്ന കുടിയേറ്റത്തിന്റെ അത്തരം ചരിത്രം രേഖപ്പെടണം.

കാടുമായി സംഘര്‍ഷപ്പെട്ടില്ല എന്നല്ല. പക്ഷേ, അത് വലുതായിരുന്നില്ല. മാത്രവുമല്ല ജീവിതം വലുതായിരുന്നു താനും. അങ്ങനെ തലമുറകളായി സൃഷ്ടിക്കപ്പെട്ട ഒരാവാസവ്യവസ്ഥയില്‍ തങ്ങള്‍ അന്യരായി മാറുന്നു എന്ന തോന്നല്‍ അവരില്‍ സൃഷ്ടിക്കുന്ന പരിഭ്രാന്തി അവരല്ലാത്ത കേരളത്തിന് എളുപ്പത്തില്‍ മനസ്സിലാകണമെന്നുമില്ല. ഗാഡ്ഗില്‍ സമിതി പശ്ചിമഘട്ട സംരക്ഷണത്തെ മുന്‍നിര്‍ത്തി നല്‍കിയ നിര്‍ദേശങ്ങളോടും പിന്നീട് വന്ന കസ്തൂരിരംഗന്‍ സമിതിയോടും മലയോരം വൈകാരികമായി പ്രതികരിച്ചതിന്റെ കാരണവും മറ്റൊന്നല്ല. ഇപ്പോള്‍ ബഫർ സോണുമായി ബന്ധപ്പെട്ട് ആ മനുഷ്യര്‍ക്കുള്ള ആശങ്കകളും ന്യായമാണെന്നര്‍ഥം.

എന്നാല്‍ ആ ആശങ്കകളെ ഈ രീതിയില്‍ ജ്വലിപ്പിക്കുന്നതാണോ ന്യായം? അല്ലേയല്ല. മുഖത്തുവന്ന് മുട്ടും എന്ന് ഭയക്കുന്ന ഒന്നിനോട് മനുഷ്യര്‍ പരിഭ്രാന്തരായി പ്രതികരിക്കുമ്പോള്‍ പരിഭ്രാന്തപ്പെടൂ എന്നാണോ അവരോട് പറയേണ്ടത്? അല്ല. മറിച്ച് എന്താണ് സംഗതി എന്നും എന്താണ് പരിഹാരം എന്നും അവരോട് പറയുന്നതല്ലേ ഗുണകരം. വോട്ട് രാഷ്ട്രീയത്തെ മുന്‍നിര്‍ത്തി മനുഷ്യരുടെ ജീവിത പ്രശ്‌നങ്ങളെ, നിലനില്‍പിനെതിരായ ഭീഷണികളെ കൈകാര്യം ചെയ്യാമോ? പാടില്ല. നിര്‍ഭാഗ്യവശാല്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ എന്നതുപോലെ മനുഷ്യരുടെ അജ്ഞതയെ ചൂഷണം ചെയ്യാനും ഭയത്തെ ഉപയോഗിക്കാനുമുള്ള ശ്രമങ്ങളാണ് ബഫർ സോണിലും വ്യാപകമായി കാണുന്നത്. വിശദീകരിക്കാം.
സുപ്രീം കോടതി ഉത്തരവിന്റെ അഞ്ചാം ഖണ്ഡിക വായിക്കുക. The minimum width of the ESZ may be diluted in overwhelming public interest but for that purpose the State or Union Territory concerned shall approach the CEC and MoEF&CC and both these bodies shall give

their respective opinions/recommendations before this Court. On that basis, this Court shall pass appropriate order. ബഫർ സോണിന്റെ വ്യാപ്തി ജനങ്ങളുടെ ആവശ്യപ്രകാരം കുറയ്ക്കാം. പക്ഷേ, ആവശ്യം വസ്തുനിഷ്ഠമായി ബോധ്യപ്പെടുത്തണം. ആരെ ബോധ്യപ്പെടുത്തണം? കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയത്തേയും ഉന്നതാധികാര സമിതിയേയും. അത് പരിശോധിച്ച് കോടതി ഉചിതമായ ഉത്തരവ് നല്‍കും. അതായത് ജൂണിലെ ബഫർ സോണ്‍ വിധി അന്തിമമല്ല എന്ന്. നമ്മുടെ നാടിന്റെ വനാതിര്‍ത്തി ആവാസം സംബന്ധിച്ച വിവരങ്ങള്‍ സര്‍വേയിലൂടെ എടുക്കണമെന്നര്‍ഥം. സര്‍ക്കാര്‍ അതാണ് ചെയ്തത്. അതില്‍ കാലതാമസം വന്നു എന്നതും തെറ്റുകള്‍ കടന്നുകൂടി എന്നതും വസ്തുതയാണ്. അതിനെന്താ പരിഹാരം? അത് ചൂണ്ടിക്കാട്ടുക. തിരുത്തുക. കോടതി വിധി അലസമായി വായിച്ചാല്‍ പോലും മനസിലാവും മനുഷ്യരെ ദ്രോഹിക്കാനുള്ള ഒരു മോട്ടീവ് അതില്‍ ഇല്ല എന്ന്. മനുഷ്യരെ പരിഗണിക്കാതുള്ള വനസ്‌നേഹവും അതിലില്ല. കുടിയേറ്റ കര്‍ഷകരെ ഇറക്കിവിടാനുള്ള ഒന്നും ആ വിധിയിലില്ല. അത് അവരോട് പറയുക എന്നതാണ് ഉത്തരവാദിത്തം. നിര്‍ഭാഗ്യവശാല്‍ അത് നിര്‍വഹിക്കപ്പെടുന്നില്ല. എരിതീയില്‍ വീണ മറ്റൊരെണ്ണ ആയിരുന്നു പാകപ്പിഴവുകള്‍ ഏറെയുള്ള ഉപഗ്രഹസര്‍വേ. പക്ഷേ, അതിനും പരിഹാരമുണ്ട്.

2002 മുതല്‍ ബഫർ സോണ്‍ എന്ന സംഗതി നമുക്ക് മുന്നിലുണ്ട്. അതിന് മുന്നേ അതിരപ്പിള്ളിയുടെ ബഫർ സോണാണ് പാത്രക്കടവ് എന്ന് കേരളം വാദിച്ച് ജയിച്ചതും കടവൂര്‍ ശിവദാസന്‍ കൊണ്ടുവരാന്‍ ശ്രമിച്ച പാത്രക്കടവ് പദ്ധതി ഉപേക്ഷിച്ചതും ഓര്‍ക്കുക. കേന്ദ്ര വന്യജീവി സംരക്ഷണ ബോര്‍ഡ് 2002-ല്‍ വന്യജീവി സങ്കേതങ്ങളുടെ പത്ത് കിലോമീറ്റര്‍ ചുറ്റളവ് ബഫർ സോണായി പ്രഖ്യാപിച്ചത് ഓര്‍ക്കുക. അന്ന് അത് വെറും വാര്‍ത്ത ആയിരുന്നു. 2010-ല്‍ ഓഖ്‌ല വന്യജീവി സങ്കേതത്തിന്റെ കേസിലാണ് സുപ്രീംകോടതി ബഫര്‍സോണില്‍ കനത്ത കൈ വെക്കുന്നത്. അതിന് മുന്നേ ഗോവ ഫൗണ്ടേഷന്‍ കേസിലും. കൃത്യമായ മാനദണ്ഡം പുറത്തിറക്കാനായിരുന്നു നിര്‍ദേശം. തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാര്‍ പ്രൊനാബ് സെന്‍ സമിതിയെ നിയമിക്കുന്നത്. മാധവ് ഗാഡ്ഗിലിന്റെ സഹപ്രവര്‍ത്തകന്‍ കൂടിയാണ് പ്രൊനാബ് സെന്‍. ഓരോ പ്രദേശത്തിന്റെയും വൈവിധ്യം മനസിലാക്കി പാരിസ്ഥിതിക ലോലത നിശ്ചയിക്കണമെന്നായിരുന്നു റിപ്പോര്‍ട്ട്. ഒരര്‍ഥത്തില്‍ സെന്‍ സമിതിയുടെ തുടര്‍ച്ചയാണ് ഇപ്പോഴുള്ള കോടതി ഉത്തരവ്. ഇക്കാര്യങ്ങള്‍ ഗൗരവത്തോടെയും മലയോരത്തെ വിശ്വാസത്തിലെടുത്തും കാണുന്നതില്‍ കേരളത്തിന് വീഴ്ചപറ്റി എന്നത് വസ്തുതയുമാണ്. 2013-ല്‍ അന്നത്തെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ (2013 മെയ് 08) കൈക്കൊണ്ട നിലപാട് നോക്കുക. “വനപ്രദേശത്തിന് പുറത്തുള്ള ജനവാസകേന്ദ്രങ്ങള്‍ പൂര്‍ണമായും ഒഴിവാക്കി സംരക്ഷിത മേഖലകള്‍ക്ക് ചുറ്റും 0-12 കിലോമീറ്റര്‍ വരെ പാരിസ്ഥിതിക സംവേദക മേഖലകളാക്കി വിജ്ഞാപനം ചെയ്യുവാന്‍ തീരുമാനിച്ചു.’ വേണ്ടത്ര ചര്‍ച്ചയോ ഇടപെടലോ നടത്താത്ത ഒഴുക്കന്‍ നിലപാടായിരുന്നു ഇതും. ഒന്നുരണ്ട് പതിറ്റാണ്ടായി നടക്കുന്ന പലമട്ടിലുള്ള ഇടപെടലുകളും തീരുമാനങ്ങളും കടന്നാണ് ഇപ്പോഴത്തെ വിവാദം രംഗത്ത് വന്നത് എന്ന് ചുരുക്കം.

ബഫർ സോണില്‍ വനനിയമങ്ങള്‍ക്ക് പ്രാമുഖ്യം വരും എന്നതാണ് ആശങ്കയുടെ കാതല്‍ എന്ന് പറഞ്ഞുവല്ലോ? അത് പരിഹരിക്കേണ്ടതും വനംവകുപ്പിനെ മനുഷ്യസൗഹാര്‍ദമാക്കേണ്ടതും സംസ്ഥാന സര്‍ക്കാരാണ്. ഗോദവര്‍മന്‍ കേസിന്റെ നാള്‍വഴികള്‍ തിരഞ്ഞാല്‍ വന്‍കിട ഖനനങ്ങള്‍ക്ക് പൂട്ടിടുക മാത്രമാണ് സുപ്രീംകോടതിയുടെ താല്‍പര്യം എന്നും വ്യക്തമാണ്.

കുറച്ച് ചോദ്യങ്ങളും ഉത്തരങ്ങളും നോക്കാം.
ബഫര്‍സോണ്‍ യാഥാർത്ഥ്യമായാല്‍ മലയോരത്ത് കുടിയിറക്ക് ഉണ്ടാകുമോ?
ഇല്ല.
നിര്‍മിതികള്‍ പൊളിക്കേണ്ടി വരുമോ?
ഇല്ല.
കൃഷിയെ ബാധിക്കുമോ?
ഇല്ല.
വന്‍കിട രാസ ഫാക്ടറികള്‍ തുടങ്ങാന്‍ പറ്റുമോ?
ഇല്ല (മലയോരവാസികള്‍ക്ക് എവിടെയാണ് ഫാക്ടറി?)
വന്‍കിട ഖനനം സാധ്യമാവുമോ?

ഇല്ല. (മലയോര മനുഷ്യരുടേതാണോ ഇപ്പോള്‍ മലകളെ തുരന്ന് തിന്നുന്ന ഖനന കേന്ദ്രങ്ങള്‍? നിലവില്‍ ഉള്ള നിയമം കര്‍ശനമാക്കിയാല്‍ പോലും കാട്ടില്‍ ഖനനം തടയപ്പെടും)
അതിനാല്‍ കേരളം രൂപപ്പെടുത്തിയ, കേരളത്തെ രൂപപ്പെടുത്തിയ മലയോര മനുഷ്യരെ ഭയപ്പെടുത്തരുത്. മറിച്ച് അവര്‍ക്ക് സ്വാഭാവികമായി ഉള്ള ഭയത്തെ ശമിപ്പിക്കണം. അതിജീവിച്ച മനുഷ്യരാണ്. അവരെ പരീക്ഷിക്കരുത്. സമാധാനപരമായ സര്‍വേകള്‍ നടക്കട്ടെ. പരാതികള്‍ കേള്‍ക്കട്ടെ. പരിഹരിക്കട്ടെ. തുറന്ന വാതിലാണ്. അടഞ്ഞുകിടക്കുകയാണെന്ന അഭ്യൂഹം പരത്തരുത്.

കെ കെ ജോഷി

You must be logged in to post a comment Login