മുന്നറിയിപ്പില്ലാതെ എത്തുന്ന ബുള്‍ഡോസര്‍ ഡൽഹിയില്‍ വഴിയാധാരമായത് മുപ്പതോളം കുടുംബങ്ങള്‍

മുന്നറിയിപ്പില്ലാതെ എത്തുന്ന ബുള്‍ഡോസര്‍  ഡൽഹിയില്‍ വഴിയാധാരമായത് മുപ്പതോളം കുടുംബങ്ങള്‍

ബുള്‍ഡോസര്‍ രാഷ്ട്രീയം പുതിയ ഇരകളെ തിരഞ്ഞ് തെക്കന്‍ ഡൽഹിയില്‍ സാധാരണക്കാര്‍ തിങ്ങിപ്പാര്‍ക്കുന്ന തെരുവുകളിലൊന്നിലെത്തിയത് ഇക്കഴിഞ്ഞ ഒക്ടോബര്‍ 21-ാം തീയതിയാണ്. അതിദരിദ്രരായ മനുഷ്യർ താമസിക്കുന്ന ഈ തെരുവില്‍ നിന്ന് 27 വീടുകളാണ് ഒറ്റയടിക്ക് പൊളിച്ചു മാറ്റിയത്. വീട്ടുടമകള്‍ക്ക് മുന്‍കൂറായി നോട്ടീസ് നല്‍കാനോ അവരുടെ വാദം കേള്‍ക്കാനോ അവര്‍ക്ക് മറ്റൊരിടത്തേക്ക് മാറാനോ ഉള്ള സാവകാശം പോലും നല്‍കാതെയാണ് ഈ പൊളിച്ചു നീക്കല്‍ നടപടി ഉണ്ടായത്. ഒരു കൂട്ടം കോടതി വിധികളെ കാറ്റില്‍പ്പറത്തിയും ഡൽഹി നഗരത്തിന്റെ സ്വന്തം നിയമങ്ങളെ നിഷ്പ്രഭമാക്കിക്കൊണ്ടുമുള്ള പൊളിച്ചു നീക്കല്‍ നടപടിയായിരുന്നു ഇത്. ഡൽഹി വികസന അതോറിറ്റിക്ക് പ്രസ്തുത ഭൂമിക്കുമേൽ വ്യവഹാരം നടത്താനുള്ള അധികാരം നഷ്ടപ്പെട്ടതിന് പിന്നാലെയാണ് വീടുകള്‍ പൊളിച്ചു നീക്കാനുള്ള ശ്രമം ആരംഭിച്ചത്. എന്നാല്‍ അതേസമയം അവിടുത്തെ വീടുകളെയോ അതിലെ താമസക്കാരെയോ കണക്കിലെടുക്കാതെയായിരുന്നു ഉത്തരവാദപ്പെട്ടവര്‍ നടപടികളിലേക്ക് തിരിഞ്ഞത്.
◆ ◆ ◆
രണ്ട് മാസം പ്രായമുണ്ടായിരുന്ന മകനും കൂടിയായതോടെ തന്റെ വീടൊന്ന് പുതുക്കിപ്പണിത് വലുതാക്കാനായി കുറച്ച് പണം സ്വരുക്കൂട്ടാനുള്ള തയാറെടുപ്പിലായിരുന്നു അന്‍ജും മാലിക്. എന്നാല്‍ ഇക്കഴിഞ്ഞ ഒക്ടോബര്‍ 21-ാം തീയതി അവരുടെ രണ്ട് പ്രതീക്ഷകളും ഒരുമിച്ച് നഷ്ടമായി. തന്റെ കുഞ്ഞും വീടും ഒരേ ദിവസം ഓര്‍മ മാത്രമായി മാറുകയായിരുന്നു. തെക്കന്‍ ഡൽഹിയിലെ ഛത്തര്‍പൂറിലുള്ള ഖരക് സത്ബാരി തെരുവിലാണ് അന്‍ജുമിന്റെ വീടുണ്ടായിരുന്നത്. ഒക്ടോബര്‍ 21-ാം തീയതി അവിടെയെത്തിയ ഡൽഹി വികസന അതോറിറ്റിയും ഡൽഹി പൊലീസും ചേര്‍ന്ന് അന്‍ജുമിന്റെ ഉള്‍പ്പെടെ 27 വീടുകള്‍ പൊളിച്ചുനീക്കി. കഴിഞ്ഞ രണ്ട് വര്‍ഷങ്ങള്‍ക്കിടെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പലയിടത്തും ആവര്‍ത്തിച്ചു കണ്ട പൊളിച്ചു നീക്കല്‍ നടപടികളുടെ പുതിയ പതിപ്പായിരുന്നു ഖരക് സത്ബാരിയിലും അരങ്ങേറിയത്. ഇത്തരം നടപടികളെ പ്രതിരോധിച്ചുകൊണ്ടുള്ള നിരവധി കോടതി വിധികളെയും നിയമങ്ങളെയും നോക്കുകുത്തികളാക്കി കൊണ്ടാണ് പ്രസ്തുത പൊളിച്ചു നീക്കല്‍ നടപടിയുണ്ടായിരിക്കുന്നത്.

ഇടുങ്ങിയ, വീതി കുറഞ്ഞ തെരുവിന് ഇരുവശത്തുമായി പ്ലാസ്റ്ററും വില കുറഞ്ഞ ടൈലുകളും കൊണ്ട് നിർമിച്ച രണ്ടോ മൂന്നോ നിലയുള്ള വീടുകള്‍ തീപ്പെട്ടി അടുക്കി വെച്ചത് പോലെ നിരന്നിരിക്കുന്ന തെരുവാണ് ഖരക് സത്ബാരി. ഇവിടുത്തെ താമസക്കാരില്‍ ബഹുഭൂരിപക്ഷവും (70%) മുസ്‌ലിംകളുമാണ്. തെരുവു കച്ചവടക്കാര്‍, ചെറിയ കച്ചവടങ്ങള്‍ നടത്തുന്നവര്‍, വീട്ടുജോലിക്കാര്‍, കെട്ടിടം പണിയിലേര്‍പ്പെട്ടിരിക്കുന്നവര്‍, സ്വന്തമായി ബിസിനസിലേര്‍പ്പെട്ടിരിക്കുന്ന ചുരുക്കം ചിലര്‍ എന്നിങ്ങനെ വളരെ സാധാരണ നിലയില്‍ ജീവിക്കുന്ന മനുഷ്യരാണ് ഇവിടുത്തെ താമസക്കാരില്‍ ഏറെ പേരും. മുപ്പത് വഷത്തോളമായി ഈ തെരുവില്‍ ജീവിക്കുന്നവരുമുണ്ട്.

തങ്ങളുടെ വീടുകള്‍ നാമാവശേഷമായി ഒരു മാസം കഴിഞ്ഞിട്ടും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ഉപയോഗിക്കാനാവുന്ന എന്തെങ്കിലും കിട്ടുമോ എന്ന് അന്വേഷിച്ച് നടക്കുകയാണ് ഈ കുടുംബാംഗങ്ങളില്‍ പലരുമിന്ന്. പതിറ്റാണ്ടുകളെടുത്ത് നിർമിച്ച വീടുകള്‍ ഒരു നിമിഷാര്‍ധത്തില്‍ നിലംപതിച്ചതോടെ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനാവാതെ അവര്‍ പകച്ചു നില്‍ക്കുന്ന കാഴ്ചയാണ് കാണാനാവുന്നത്. പൊളിച്ചു മാറ്റിയതിന്റെ ബാക്കിയായി അവിടെ അവശേഷിക്കുന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ തന്നെയാണ് പലരും തുടര്‍ന്നും ജീവിക്കുന്നത്.
തന്റെ കുഞ്ഞിന് ഹൃദയസംബന്ധമായ ബുദ്ധിമുട്ടുകളുണ്ടായിരുന്നെന്ന് 32 വയസുകാരിയായ അൻജും മാലിക് പറയുന്നു. ഉറക്കമില്ലാതെ കണ്ണ് കുഴിഞ്ഞിരുന്ന മാലിക് ആകെ ക്ഷീണിച്ചാണ് സംസാരിച്ചത്. വീട് പൊളിച്ചുനീക്കുന്നതിന് തൊട്ടു മുന്‍പുള്ള ദിവസങ്ങളിലെപ്പൊഴോ തന്റെ കുഞ്ഞിന് പനി ബാധിച്ചിരുന്നെന്നും അതിന്റെ ബുദ്ധിമുട്ടുകളില്‍ നിന്ന് കഷ്ടിച്ച് കുഞ്ഞ് രക്ഷപ്പെട്ടു വരുന്നതിനിടെയാണ് വീട് പൊളിക്കാന്‍ ആളുകളെത്തിയതെന്നും അവർ ഓര്‍ക്കുന്നു.
“അവന് ജലദോഷം പിടിച്ചതാണോ അതോ പെട്ടെന്നുണ്ടായ ഞെട്ടല്‍ കാരണമാണോ, എന്താണെന്ന് എനിക്കറിയില്ല. പക്ഷേ അന്ന് മുഴുവനും എന്റെ കുഞ്ഞ് നിര്‍ത്താതെ കരയുകയായിരുന്നു. ഞങ്ങള്‍ അവനെയും വാരിയെടുത്ത് വേഗം അടുത്തുള്ളൊരു ആശുപത്രിയിലേക്ക് ഓടി. അവിടെയെത്തിയ ഉടനെ കുഞ്ഞിനെ വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും നിമിഷങ്ങള്‍ക്കകം അവന്‍ മരണപ്പെട്ടു…’ മാലിക് പറഞ്ഞു.

ഒരു സ്വകാര്യ നിർമാണ കമ്പനിയും ഡൽഹി വികസന അതോറ്റിയും (ഡിഡിഎ) തമ്മിലുണ്ടായിരുന്ന ഭൂമി തര്‍ക്കത്തില്‍ അതോറിറ്റിക്ക് എതിരെ വിധി വന്നതോടെയാണ് തങ്ങള്‍ക്ക് ഖരക് സത്ബാരിയിലെ വീടുകള്‍ പൊളിച്ചു നീക്കേണ്ടി വന്നതെന്നാണ് ഡിഡിഎ നല്കുന്ന വിശദീകരണം.
രാജ്യ തലസ്ഥാനത്ത് ഇതിന് മുന്‍പ് നടന്ന സമാന പൊളിച്ചു നീക്കല്‍ സംഭവങ്ങളിലേതു പോലെ ഇവിടെയും സുപ്രീം കോടതി നിര്‍ദേശങ്ങളെ അവഗണിച്ചും ഡൽഹി മുന്‍സിപ്പല്‍ അതോറിറ്റിയുടെ തന്നെ നിയമങ്ങളെ ധിക്കരിച്ചുമാണ് അധികൃതര്‍ നടപടികളെടുത്തിരിക്കുന്നത്.
അനധികൃത നിര്‍മ്മാണം ആരോപിച്ച് ഏതൊരു കെട്ടിടവും പൊളിച്ചു നീക്കുന്നതിന് മുന്‍പ് കെട്ടിടമുടമയുടെ വാദം കേള്‍ക്കണമെന്ന ദില്ലി ഹൈക്കോടതിയുടെ 2022 സെപ്തംബറിലെ പരാമര്‍ശവും ഖരക് സത്ബാരിയിലെ പൊളിച്ചു നീക്കല്‍ നടപടികളെ ബാധിച്ചില്ല.
ഖരക് സത്ബാരിയില്‍ വീടുകള്‍ പൊളിച്ചു നീക്കുന്നതിന് മുന്നോടിയായി പൂര്‍ത്തിയാക്കേണ്ട നടപടി ക്രമങ്ങള്‍ അധികൃതര്‍ പേരിന് പോലും പാലിച്ചില്ലെന്ന് മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനും മനുഷ്യാവകാശ പ്രവര്‍ത്തകനും എഴുത്തുകാരനുമായ ഹര്‍ഷ് മന്ദര്‍ ചൂണ്ടിക്കാട്ടുന്നു. മാത്രവുമല്ല, ഡൽഹിയില്‍ ഭൂമിയുടെ അധികാരം ഡൽഹി വികസന അതോറിറ്റി, പ്രാദേശിക നിയമസംവിധാനങ്ങള്‍, മുന്‍സിപ്പല്‍ ചട്ടങ്ങള്‍ എന്നീ അധികാര കേന്ദ്രങ്ങളിലായി വിഭജിക്കപ്പെട്ടിരിക്കുന്നത് കാരണം ഭൂമിയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ നീതി ലഭിക്കുക എന്നത് ഏറെക്കുറെ സങ്കീര്‍ണമാണ്.

“മൂന്ന് സാധ്യതകളിലേക്ക് ശ്രദ്ധ തിരിച്ചു കൊണ്ടാണ് ഈ പൊളിച്ചു നീക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്; ദരിദ്രരും സാധാരണക്കാരുമായ മനുഷ്യര്‍ക്ക് അടച്ചുറപ്പുള്ളൊരു ഭവനം ഉണ്ടാവാന്‍ ഒരു കാലത്തും മുന്‍കൈ എടുത്തിട്ടില്ലാത്ത സര്‍ക്കാര്‍ നടത്തിയ സാധാരണക്കാര്‍ക്കെതിരെയുള്ള നടപടിയാണ്. കെട്ടിട നിർമാതാക്കളെയും ബിസിനസുകാരെയും പിന്തുണയ്ക്കുന്ന നടപടിയായും കൂടാതെ വർഗീയ താല്പര്യങ്ങളെ പൊലിപ്പിക്കാനുള്ള നടപടിയായും ഇതിനെ കാണാവുന്നതാണ്. ഈ താല്പര്യങ്ങളെല്ലാം ഒരു കുടക്കീഴില്‍ അണിനിരക്കുന്നതോടെ സാധാരണക്കാരും ദരിദ്രരുമായ മനുഷ്യരുടെ നിലനില്പിനെയാണ് ആത്യന്തികമായി അത് ബാധിക്കുന്നത്.’ – മന്ദര്‍ പറയുന്നു.
ചില സമയങ്ങളില്‍ തന്നെത്തന്നെ കൊന്നു കളയാന്‍ തോന്നാറുണ്ടെന്ന് പറഞ്ഞാണ് മാലിക് തന്റെ അഗാധമായ വിഷമം പ്രകടപ്പിക്കാന്‍ ശ്രമിച്ചത്.

ഡൽഹി നിയമങ്ങളുടെ ലംഘനം
കെട്ടിടത്തിന്റെ ഉടമയ്ക്ക് മുന്‍കൂറായി നോട്ടീസ് നല്‍കാതെ യാതൊരുവിധ പൊളിച്ചു നീക്കല്‍ നടപടികളിലേക്കും കടക്കരുതെന്ന് 1994ല്‍ നിലവില്‍ വന്ന ന്യൂഡൽഹി മുന്‍സിപ്പല്‍ കൗണ്‍സില്‍ നിയമത്തിന്റെ 247-ാം വകുപ്പ് വ്യക്തമാക്കുന്നു. എന്തുകൊണ്ട് കെട്ടിടം പൊളിച്ചു നീക്കാന്‍ പാടില്ലെന്ന് ഉടമയ്ക്ക് വിശദീകരിക്കാനുള്ള അവസരം തീര്‍ച്ചയായും ഉണ്ടായിരിക്കണമെന്നാണ് ഈ നിയമം അനുശാസിക്കുന്നത്. അതുപോലെ, 1957 ലെ ന്യൂഡൽഹി മുന്‍സിപ്പല്‍ കോര്‍പറേഷന്‍ നിയമത്തിലെ 368-ാം വകുപ്പനുസരിച്ച് ഇനിയൊരു പക്ഷേ കെട്ടിടം പൊളിച്ചു നീക്കാന്‍ കമ്മീഷണര്‍ ഉത്തരവ് ഇറക്കിയാൽപോലും കുറഞ്ഞത് മുപ്പത് ദിവസത്തെയെങ്കിലും സാവകാശം കെട്ടിടം ഉടമയ്ക്ക് നൽകണമെന്ന് വ്യക്തമാണ്. ഈ കാലയളവില്‍ കെട്ടിടം ഉടമയ്ക്ക് സ്ഥലം ഒഴിയാനുള്ള സാവകാശം ലഭിക്കുമെന്നതാണ് സൗകര്യം ഈ നോട്ടീസ് പിരീഡ് പൂര്‍ത്തിയായി, ആറ് ആഴ്ചയ്ക്കുള്ളില്‍ കെട്ടിടം പൊളിച്ചു നീക്കണമെന്നും ഉത്തരവില്‍ നിര്‍ദേശമുണ്ട്.

മനുഷ്യര്‍ക്ക് വാസയോഗ്യമല്ലാത്ത വിധത്തില്‍ അപകടത്തിലായൊരു കെട്ടിടമാണ് ഒഴിപ്പിക്കാന്‍ ഉദ്ദേശിക്കുന്നതെങ്കിൽപോലും 1956 ലെ ചേരി ഒഴിപ്പിക്കല്‍ നിയമത്തിലെ നിര്‍ദേശങ്ങള്‍ പ്രകാരം താമസക്കാര്‍ക്ക് 30 ദിവസത്തെയെങ്കിലും സാവകാശം നല്‍കിക്കൊണ്ടുള്ള നോട്ടീസ് പിരീഡ് ഉണ്ടായിരിക്കണമെന്നും അതു കഴിഞ്ഞുള്ള നിര്‍ദിഷ്ട കാലയളവിനുള്ളില്‍ പൊളിച്ചുനീക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കിയിരിക്കണം എന്നും വ്യക്തമാണ്.

ഏതൊരു കുടിയൊഴിപ്പിക്കല്‍ പ്രക്രിയയ്ക്കും മുന്നോടിയായി വീടും സ്ഥലവും ഒഴിഞ്ഞു പോവേണ്ട മനുഷ്യരുടെ ആവശ്യങ്ങള്‍ കൂടി പരിഗണിച്ചു കൊണ്ട് മെച്ചപ്പെട്ട പുനരധിവാസ പദ്ധതി ആസൂത്രണം ചെയ്യേണ്ടത് സര്‍ക്കാരിന്റെ ചുമതലയാണെന്നും അതിനായി ഇരകൾക്കിടയിൽ സർവേ നടത്തണമെന്നും 2010 ലെ സുധമ സിംഗും മറ്റുള്ളവരും v/s ഡൽഹി സര്‍ക്കാര്‍ കേസ് പരിഗണിക്കവേ ഡൽഹി ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.

മേൽപറഞ്ഞ നിര്‍ദേശങ്ങളോ നടപടിക്രമങ്ങളോ ഖരക് സത്ബാരിയിലെ പൊളിച്ചു നീക്കല്‍ പ്രക്രിയയ്ക്ക് മുന്നോടിയായി നടന്നിട്ടുള്ളതിന് യാതൊരു തെളിവുമില്ല. വീട് നഷ്ടപ്പെട്ട കുടുംബങ്ങളിലുള്ളവര്‍ക്കിടയില്‍ സര്‍ക്കാര്‍ മുന്‍കൈ എടുത്ത് സർവേ നടത്തുകയോ ഈ വീടുകളില്‍ താമസിച്ചിരുന്നവര്‍ക്ക് മുന്‍കൂറായി നോട്ടീസ് അയക്കുകയോ ചെയ്തിട്ടില്ല.

നിയമപ്രകാരമുള്ള നോട്ടീസ് എന്തുകൊണ്ട് അയച്ചില്ല
“”ഞങ്ങളുടെ വീടുകള്‍ പൊളിച്ചുനീക്കുന്നതിനുള്ള നോട്ടീസ് കാണിച്ചുതരാന്‍ പലവട്ടം ഞാന്‍ പൊലീസുകാരോട് ആവശ്യപ്പെട്ടിരുന്നു. അവരുടെ കൈയില്‍ അങ്ങനെ നോട്ടീസ് ഒന്നുമില്ലെന്നും ഇനിയുണ്ടെങ്കില്‍ത്തന്നെ അത് ഞങ്ങളെ കാണിക്കില്ലെന്നുമാണ് പൊലീസ് മറുപടി നല്‍കിയത്.” – 38 വയസുകാരിയായ രേഷ്മ പര്‍വീണ്‍ ആര്‍ട്ടിക്കിള്‍ 14 നോട് പറഞ്ഞു. ഖരക് സത്ബാരിയിലെ താമസക്കാരായ മറ്റുള്ളവരും തങ്ങള്‍ക്ക് നോട്ടീസ് ലഭിച്ചിരുന്നില്ലെന്ന മറുപടിയാണ് നല്‍കിയത്. തങ്ങളുടെ വസ്ത്രങ്ങളും മരുന്നുകളും പ്രധാനപ്പെട്ട രേഖകളും പണവും പലചരക്ക് സാധനങ്ങളും ഉള്‍പ്പെടെ വേണ്ടതെല്ലാം തകര്‍ന്നു കിടക്കുന്ന കെട്ടിടാവശിഷ്ടങ്ങളുടെ ഉള്ളിലാണെന്ന് നിറഞ്ഞ കണ്ണുകളോടെ അവര്‍ വെളിപ്പെടുത്തി.

“മിക്ക സ്ത്രീകളെയും അവര്‍ കുറച്ച് വീടുകള്‍ക്കകത്താക്കി പുറത്തു നിന്ന് പൂട്ടി. കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റുന്നതിനിടെ സ്ത്രീകള്‍ തടസ്സം നില്‍ക്കാതിരിക്കാനാണ് ഇങ്ങനെ ചെയ്തത്.’ പത്ത് വര്‍ഷമായി ഇതേ തെരുവില്‍ താമസിക്കുന്ന പര്‍വീണ്‍ പറഞ്ഞു. ഡിഡിഎ ഉദ്യോഗസ്ഥരും പൊലീസും ചേര്‍ന്ന് പലരുടെയും കൈകളില്‍ നിന്ന് മൊബൈല്‍ ഫോണുകള്‍ ബലമായി പിടിച്ചെടുത്തുവെന്നും എല്ലാം കഴിഞ്ഞതിന് ശേഷം മാത്രമേ അവ തിരികെ കൊടുത്തുള്ളൂവെന്നും പര്‍വീണ്‍ കൂട്ടിച്ചേര്‍ത്തു. തങ്ങള്‍ വീടിന്റെ മട്ടുപ്പാവില്‍ നിന്ന് ഇതെല്ലാം കാണുന്നുണ്ടായിരുന്നു എന്നാണ് പർവീണ്‍ പറഞ്ഞത്.
ഒക്ടോബര്‍ 21-ാം തീയതി രാവിലെ ഏകദേശം 11 മണിയോടെയാണ് വീടുകള്‍ പൊളിച്ചു നീക്കുന്നതിനായുള്ള ബുള്‍ഡോസറുകള്‍ ഖരക് സത്ബാരിയിലെത്തിയത്. ഇവിടെ താമസിക്കുന്ന 45 കുടുംബങ്ങളില്‍ നിന്നുള്ള പകുതിയിലേറെ മനുഷ്യരും ഇടിച്ചുനിരത്തലിനെതിരെ മണിക്കൂറുകളോളം തെരുവില്‍ നിന്ന് പ്രതിഷേധിച്ചിരുന്നു.

പ്രദേശവാസികളില്‍ ചിലരെ പൊലീസ് വലിച്ചിഴയ്ക്കുന്നതും ലാത്തി കൊണ്ട് അടിക്കുന്നതുമായുള്ള മൊബൈല്‍ ദൃശ്യങ്ങളും ഞങ്ങൾക്ക് ലഭിച്ചു. ഇതിനോടുള്ള പൊലീസിന്റെ പ്രതികരണം എന്താണെന്ന് അന്വേഷിച്ച് ഇക്കഴിഞ്ഞ നവംബര്‍ 19 നും 21 നും മൈദാന്‍ ഗര്‍ഹി പൊലീസ് സ്റ്റേഷനിലെ സ്റ്റേഷന്‍ ഹൗസ് ഓഫീസറെ ഫോണിലൂടെയും മെസേജിലൂടെയും ബന്ധപ്പെടാന്‍ ആര്‍ട്ടിക്കിള്‍ 14 ശ്രമിച്ചെങ്കിലും അദ്ദേഹം മറുപടി തരാതെ ഒഴിഞ്ഞു മാറി.

കൂടാതെ നവംബര്‍ 24 നും ഡിസംബര്‍ 7 നും തെക്കന്‍ ഡൽഹിയിലെ ഡെപ്യൂട്ടി കമ്മീഷണറെ ബന്ധപ്പെട്ടു കൊണ്ട് ഇതേപ്പറ്റി സംസാരിക്കാന്‍ ഞങ്ങൾ ശ്രമിച്ചിരുന്നു. മറുപടി ലഭിക്കാത്തതിനെത്തുടര്‍ന്ന് ഡിസംബര്‍ 14 ന് വീണ്ടും വിളിക്കുകയും മെസേജ് അയക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിനോടൊന്നും ബന്ധപ്പെട്ടവര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഡൽഹി വികസന അതോറിറ്റിയുടെ പ്രതികരണം ചോദിച്ചറിയാനായി നവംബര്‍ 10-16 തീയതികള്‍ക്കിടയില്‍ പല വട്ടവും പിന്നീട് ഡിസംബര്‍ 16-19 തീയതികള്‍ക്കിടയിലും ബന്ധപ്പെട്ടിരുന്നെങ്കിലും അവിടെ നിന്നും സമാനമായ പ്രതികരണമാണ് ഉണ്ടായത്.

റിപ്പോർട്ട്/ അലിസാ നൂർ
വിവ. സിന്ധു മരിയ നെപ്പോളിയ

കടപ്പാട്: Article 14

You must be logged in to post a comment Login