പടിഞ്ഞാറങ്ങാടി ഒറവിൽ അബ്ദുറഹ്മാൻ മുസ്‌ലിയാർ

പടിഞ്ഞാറങ്ങാടി ഒറവിൽ  അബ്ദുറഹ്മാൻ മുസ്‌ലിയാർ

സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ ആദ്യകാല ചരിത്രത്തിൽ നിറഞ്ഞുനിന്നിരുന്ന വ്യക്തിത്വമാണ് ഒറവിൽ അബ്ദുറഹ്മാൻ മുസ്‌ലിയാർ. ജനനം കൊണ്ട് പടിഞ്ഞാറങ്ങാടി സ്വദേശിയായ അദ്ദേഹം കർമം കൊണ്ട് കോഴിക്കോട് വലിയങ്ങാടിയിലെ പ്രശസ്തമായ പള്ളിയിലേക്ക് ചേർത്തി മുദാക്കര ഉസ്താദ് എന്ന് അറിയപ്പെട്ടു. ഒറവിൽ ഹൈദ്രു ഹാജിയുടെ മകനാണ്. ക്രി. 1907ലാണ് ജനനം. അറക്കൽ മൂപ്പരുടെ ഇളയ മകൾ ചുങ്കത്ത് വീട്ടിൽ ഫാത്തിമ എന്ന പാത്തുണ്ണി ഉമ്മയാണ് ഒറവിൽ ഉസ്താദിന്റെ സഹധർമിണി. അൽഫിയ്യയും ഫത്ഹുൽ മുഈനുമൊക്കെ നന്നായി ഓതിപ്പഠിച്ച പണ്ഡിതയായിരുന്ന ഫാതിമ സ്ത്രീകൾക്ക് ദർസ് നടത്തിയിരുന്നു.

വെളിയങ്കോട് തട്ടാങ്കര കുട്ടിയാമു മുസ്‌ലിയാർ തന്റെ മകൾ ഖദീജയെ വത്സല ശിഷ്യൻ പാനായിക്കുളം (എറണാകുളം ആലുവക്കടുത്ത്) കരിവേലി പറമ്പിൽ അബ്ദുറഹ്മാൻ മുസ്‌ലിയാർക്ക് വിവാഹം ചെയ്തുകൊടുത്തു. അബ്ദുറഹ്മാൻ മുസ്‌ലിയാർ വെളിയങ്കോടിന്റെ മാത്രമല്ല; കേരളത്തിന്റെ മുഴുവൻ പുതിയാപ്പിളയായി. ഇർശാദ്, മുർശിദ്, അൽഫിയ്യ, ഫത്ഹുൽ മുഈൻ തുടങ്ങിയ കിത്താബുകൾ പിതാവിൽ നിന്ന് ഓതിപ്പഠിച്ചിട്ടുള്ള ഖദീജ വാചകങ്ങളുടെ പൊരുളുകൾ അപഗ്രഥിക്കാൻ കഴിവുള്ള പണ്ഡിതയും സുന്ദരിയുമായിരുന്നു. തന്റെ ഭർത്താവിന്റെ ശിഷ്യന്മാർക്ക് മഹല്ലിയിലെ ആർത്തവത്തെകുറിച്ചുള്ള അധ്യായം മഹതി ദർസ് നടത്തിയിരുന്നു (ദിറാസത്തുൻ ശഹിയ്യ: പേ:271. പിലാക്കൽ അബ്ദുൽ ബസ്വീർ സഖാഫി).

കേരളീയ മുസ്‌ലിം സ്ത്രീകളുടെ ചരിത്രത്തിൽ ഖദീജ ഒറ്റക്കല്ല: ഫാത്തിമയും ഒപ്പമുണ്ടെന്ന് ചുരുക്കം.
അറക്കൽ മൂപ്പർ, കാടഞ്ചേരി ബാപ്പുട്ടി മുസ്‌ലിയാർ, ചുങ്കത്തറ വീട്ടിൽ കുഞ്ഞാലി മുസ്‌ലിയാർ എന്നിവരുടെ കീഴിലാണ് ഒറവിൽ അബ്ദുറഹ്മാൻ മുസ്‌ലിയാർ ദർസ് പഠനം പൂർത്തിയാക്കിയത്. ഉപരിപഠനത്തിന് ബാഖിയാത്തിൽ ചേർന്നു. ക്രി. 1931 ന് ഒന്നാം റാങ്കോടെ ബാഖവി ബിരുദം നേടി. കക്കിടിപ്പുറം അബൂബക്കർ മുസ്‌ലിയാർ, കാരക്കാട് അബൂബക്കർ മുസ്‌ലിയാർ തുടങ്ങിയവർ അറക്കൽ ദർസിലും വണ്ടൂർ സദഖതുല്ല മുസ്‌ലിയാർ ബാഖിയാത്തിലും സഹപാഠികളായിരുന്നു.
കണ്ണൂർ ദീനുൽ ഇസ്‌ലാം സഭ, മാങ്കടവ്, തളിപ്പറമ്പ് എന്നിവിടങ്ങളിൽ ദർസ് നടത്തിയ ശേഷമാണ് മുദാക്കര പള്ളിയിലെത്തിയത്. മുദാക്കര പള്ളിയിൽ മുപ്പത് വർഷം സേവനമനുഷ്ഠിച്ച പ്രമുഖ പണ്ഡിതനും സമസ്തയുടെ സാരഥിയുമായിരുന്ന ജർമൻ അഹമ്മദ് മുസ്‌ലിയാർ (മരണം ഹി. 1357) അവിടെനിന്ന് പിരിഞ്ഞ ഒഴിവിലേക്കാണ് ഒറവിൽ ഉസ്താദ് നിയമിതനാകുന്നത്. ഖതീബിന്റെയും ഇമാമിന്റെയും സ്ഥാനങ്ങൾ വഹിക്കുന്നതിനു പുറമേ വിപുലമായ ദർസും നടത്തിയിരുന്നു.18 വർഷം അത് തുടർന്നു. മുദാക്കര പള്ളി കേന്ദ്രീകരിച്ച് സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ പ്രവർത്തനങ്ങളിൽ അദ്ദേഹം വ്യാപൃതനായി. യുവാക്കളെ സംഘടിപ്പിച്ച് കോഴിക്കോട് നഗരത്തിലും പരിസരത്തുമായി ബഹുമുഖപദ്ധതികൾ ആവിഷ്കരിച്ച് നടപ്പിൽവരുത്തുകയുണ്ടായി. 1945ൽ കാര്യവട്ട സമ്മേളനം നടക്കുമ്പോൾ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ ജോ: സെക്രട്ടറിയായിരുന്നു ഒറവിൽ ഉസ്താദ്. മീഞ്ചന്ത, വളാഞ്ചേരി, വടകര, താനൂർ സമ്മേളനങ്ങളുടെ വിജയത്തിൽ വലിയ പങ്കുവഹിച്ചു. താനൂരിൽ നടന്ന ഇരുപതാം വാർഷിക സമ്മേളനത്തിൽ സമസ്തക്ക് ഒരു യുവജനപ്രസ്ഥാനം ആവശ്യമാണെന്ന ആലോചന ഉയർന്നു വന്നു. ഇസ്‌ലാഹുൽ ഉലൂം മദ്രസയിൽ രാത്രി ചേർന്ന യോഗത്തിൽ വെച്ച് അഞ്ചംഗ സമിതി രൂപീകരിച്ചു. അതായിരുന്നു സുന്നി യുവജന സംഘത്തിന്റെ പ്രാഗ്്രൂപം. 1954 ഏപ്രിൽ അഞ്ചിനായിരുന്നു അത്.

ആ വർഷം മെയ് 20ന് (ഹി. 1373 റമളാൻ 17 ബദ്ർ ദിനം) കോഴിക്കോട് അൻസ്വാറുൽ മുസ്‌ലിമീൻ ഓഫീസിൽ ചേർന്ന കൺവെൻഷനിൽ വെച്ച് ബി. കുട്ടി ഹസ്സൻ ഹാജി പ്രസിഡണ്ടും കെ എം മുഹമ്മദ് കോയ മാത്തോട്ടം സെക്രട്ടറിയുമായി സുന്നി യുവജന സംഘം രൂപീകരിച്ചു. പ്രധാന പണ്ഡിതന്മാരും പ്രവർത്തകന്മാരും പങ്കെടുത്ത യോഗത്തിന്റെ അധ്യക്ഷൻ പ്രമുഖ പണ്ഡിതനായ ഒ.(ഒറവിൽ)അബ്ദുറഹ്മാൻ മുസ്‌ലിയാരായിരുന്നുവെന്നും അദ്ദേഹം അന്ന് സമസ്തയുടെ ജോ. സെക്രട്ടറിമാരിൽ ഒരാളായിരുന്നുവെന്നും സമസ്തയുടെ ആധികാരിക ചരിത്രരേഖകൾ വ്യക്തമാക്കുന്നു. വിദ്യാഭ്യാസ ബോർഡിന്റെ പ്രഥമ എക്സിക്യൂട്ടീവിലും സിലബസ് കമ്മിറ്റിയിലും അംഗമായിരുന്നു. അൽബയാൻ സഹപത്രാധിപരായി സേവനമനുഷ്ഠിച്ചു. കാമ്പുള്ള ലേഖനങ്ങൾ എഴുതിയിരുന്നു.

പണ്ഡിതന്മാരെയും കഷ്ടപ്പെടുന്നവരെയും സഹായിക്കാനും സമസ്തയുടെ പ്രവർത്തനങ്ങൾ വിജയിപ്പിക്കാനും മുന്നിട്ടിറങ്ങിയിരുന്ന ഒറവിൽ ഉസ്താദ് തദാവശ്യാർത്ഥം ഫണ്ട് ശേഖരിക്കാൻ ഇറങ്ങിയിരുന്നു. ത്യാഗപൂർണമായ ഒരു യജ്ഞമായിരുന്നു അന്ന് പിരിവ് നടത്തൽ.നൂറുൽ ഉലമ എം എ ഉസ്താദ് അയവിറക്കുന്ന ഒരു രംഗം കാണുക: (ഒറവിൽ ഉസ്താദ് അതിലില്ല)
“മുത്തന്നൂർ പള്ളി കേസ്, കോഴിക്കോട് മൊയ്തീൻ പള്ളി കേസ് മുതലായ പ്രശ്നങ്ങളിൽ സുന്നത്ത് ജമാഅത്തിന്റെ ഭാഗം വാദിക്കാനായി വക്കീൽ ഫീസിനും മറ്റുമായി കേരളത്തിന്റെ മുക്കുമൂലകളിൽ ബേപ്പൂർ ഖാളി (പി പി മുഹമ്മദ് കോയ മുസ്‌ലിയാർ (മരണം ക്രി. 1969. സമസ്തയുടെ ഖജാഞ്ചിയായിരുന്നു) ചുറ്റിനടന്നത് ഓർക്കുമ്പോൾ ഇന്നും രോമാഞ്ചം ഉണ്ടാക്കുന്നു.’

“വാഹന സൗകര്യം ഇല്ലാത്ത ആ കാലത്ത് തലശ്ശേരിയിൽ നിന്ന് അതിരാവിലെ തീവണ്ടി കയറി തൃക്കരിപ്പൂരിലിറങ്ങി രണ്ടു കിലോമീറ്ററോളം നടന്നായിരുന്നു ബേപ്പൂർ ഖാളിയും കുഞ്ഞറമുട്ടി മുസ്‌ലിയാരും ഞാൻ ദർസ് നടത്തിയിരുന്ന മെട്ടമ്മൽ ജുമുഅത്ത് പള്ളിയിലേക്ക് വന്നത്. ചായ പോലും കഴിക്കാതെ അവർ നടന്നുവന്ന കാഴ്ച ഇന്നും സമൃതിപഥത്തിൽ മായാതെനിൽക്കുന്നു. പിറ്റേ ദിവസം മൊയ്തീൻ പള്ളി കേസിന് വക്കീൽ ഫീസ് കൊടുക്കാനില്ലാത്ത വിഷമം പേറിയായിരുന്നു പ്രസ്തുത ത്യാഗയാത്ര’ (സംയുക്ത കൃതികൾ 1/711).

പരിസരത്തുള്ളവരിലേക്ക് വെളിച്ചം പ്രസരിപ്പിക്കാൻ സ്വയം കത്തിയുരുകി കണ്ണു ചിമ്മുന്ന മെഴുകുതിരി പോലെയായിരുന്നു പൂർവസൂരികൾ. അമ്പതുകളിൽ സമസ്തയുടെ മുഖപത്രമായ അൽബയാൻ മാസികയും പ്രസ്സും അബ്ദുൽ ബാരി ഉസ്താദിന്റെ സാമ്പത്തിക സഹായത്തോടെ വാളക്കുളത്തായിരുന്നു സ്ഥാപിച്ചിരുന്നത്. അന്നത്തെ രണ്ടര ലക്ഷം രൂപയുടെ കുടുംബ സ്വത്തിന്റെ അവകാശിയായിരുന്ന മൗലാന മരണപ്പെടുമ്പോൾ 83 പൈസയുടെ ഉടമയായിരുന്നു; സമസ്തയുടെ ചരിത്രത്തിലെ ഒരു കാലഘട്ടത്തെയും അതിലെ നായകനെയും കെ എ മുഹമ്മദ് കോയ മാത്തോട്ടം അനുസ്മരിക്കുകയാണ്.

1965ൽ പട്ടിക്കാട് ജാമിഅയിൽ നിന്ന് ഫൈസി ബിരുദം നേടിയ ഒറവിൽ അബ്ദുല്ല മുസ്‌ലിയാർ(ഉണ്ണി മുസ്‌ലിയാർ), ഒറവിൽ ഹൈദർ മുസ്‌ലിയാർ എന്നിവർ ഒ അബ്ദുറഹ്മാൻ മുസ്‌ലിയാരുടെ മക്കളാണ്. സ്വദേശത്തെ പഠനത്തിന് ശേഷം ചെറുകുന്നിൽ ഏഴര വർഷം മമ്മിക്കുട്ടി മുസ്‌ലിയാരുടെ ദർസിൽ പഠിച്ച ഹൈദർ മുസ്‌ലിയാർ സുന്നീ സ്ഥാപനങ്ങളുടെയും സംഘടനയുടെയും നായകത്വം വഹിക്കുന്നു.
സമസ്ത അറുപതാം വാർഷിക സുവനീറിൽ ഒ അബ്ദുർറഹ്മാൻ മുസ്‌ലിയാരെ കുറിച്ച് കെ എം മുഹമ്മദ്കോയ എഴുതിയതിന്റെ പ്രസക്തഭാഗം:

“…സമസ്തയുടെ പ്രവർത്തന കേന്ദ്രം മുദാക്കര പള്ളിയായത് അബ്ദുറഹ്മാൻ മുസ്‌ലിയാരുടെ കാലത്തായിരുന്നു… ഏത് പ്രക്ഷുബ്ദ ഘട്ടങ്ങളും തരണംചെയ്യാൻ ശാന്തശീലനായ അബ്ദുറഹ്മാൻ മുസ്‌ലിയാർക്ക് നിഷ്പ്രയാസം സാധിച്ചിരുന്നു. യുവസഹജമായ ആവേശം കൊണ്ടു ഈയുള്ളവൻ അദ്ദേഹത്തോട് തട്ടിക്കയറി സംസാരിക്കാറുണ്ടായിരുന്നു. അതെല്ലാം ഒരു പുഞ്ചിരിയോടെ കേട്ടിരിക്കും.”കുറച്ചു കഴിഞ്ഞു നിങ്ങളൊന്ന് ഇവിടെ വരണം’ എന്ന് പറഞ്ഞു പിരിയും. അതനുസരിച്ച് വീണ്ടും ചെന്നാൽ സന്തോഷത്തോടെ സ്വീകരിച്ചിരുത്തി ആദ്യം ഞാൻ തട്ടിക്കയറിയ വിഷയത്തെക്കുറിച്ച് സമാധാനപൂർവം പറഞ്ഞു തുടങ്ങും. അപ്പോൾ മാത്രമേ ഞാൻ ഉന്നയിച്ച അഭിപ്രായങ്ങളിലെ ഭവിഷ്യത്തുകളും അനന്തരഫലങ്ങളും ബോധ്യപ്പെടുകയുള്ളൂ. എന്നിട്ടിങ്ങനെ പറയും:”നിങ്ങൾ തട്ടിക്കയറുന്നത് ഒരു നല്ല ഉദ്ദേശ്യം വെച്ചു കൊണ്ടാണെന്നറിയാം. അതുകൊണ്ടുതന്നെ ആ കാര്യം ശാന്തമായ ശേഷം പറഞ്ഞുതന്നാലേ നിങ്ങൾക്ക് മനസ്സിലാക്കാൻ സാധിക്കുകയുള്ളൂ. അതിനാണ് അൽപം കഴിഞ്ഞ് നിങ്ങളോട് വരാൻ പറഞ്ഞത്.’ പരേതന്റെ ഈ വിധത്തിലുള്ള ശിക്ഷണം പലതവണ എനിക്കനുഭവപ്പെട്ടിട്ടുണ്ട്.

(തുടരും)

യൂസുഫ് ഫൈസി കാഞ്ഞിരപ്പുഴ

You must be logged in to post a comment Login