പരിചയാണ് ഈ പരിശുദ്ധ അധ്യായം

പരിചയാണ്  ഈ പരിശുദ്ധ അധ്യായം

മനുഷ്യനെ നേര്‍മാര്‍ഗത്തിലേക്ക് ക്ഷണിക്കുകയാണ് ഖുര്‍ആന്‍. മനുഷ്യന്റെ ഉത്ഭവവും സ്വഭാവവും പാമര്‍ശിക്കുന്ന വിശുദ്ധഗ്രന്ഥം സല്‍ഗുണങ്ങള്‍ സ്വീകരിച്ച് സന്‍മാർഗിയാവാനുള്ള വഴികളും വിശദീകരിക്കുന്നുണ്ട്. ഇന്‍സാന്‍ -മനുഷ്യന്‍ എന്നൊരു അധ്യായം തന്നെ കൊണ്ടുവന്ന ദൈവീകഗ്രന്ഥം അവസാനിക്കുന്നത് നാസ്-ജനങ്ങള്‍ എന്ന അധ്യായത്തിലാണ്.മനുഷ്യന്റെ പ്രധാന ശത്രുക്കളെ പരിചയപ്പെടുത്തി അതിനുള്ള പ്രതിവിധിയും ഉണര്‍ത്തി വിശ്വാസി മനസ്സിനെ വെളിച്ചത്തിൽ മുക്കുകയാണ് ആറ് സൂക്തങ്ങളുള്ള ഈ അധ്യായം.

“നബിയേ അങ്ങ് പ്രഖ്യാപിക്കുക. ജനങ്ങളുടെ രക്ഷിതാവും മനുഷ്യരുടെ രാജാവും മനുഷ്യരുടെ ദൈവവുമായിട്ടുള്ളവനോട് ഞാന്‍ കാവല്‍ തേടുന്നു’ (നാസ് 1 – 3).
ഏത് പ്രശ്‌നവും, അവതരിപ്പിക്കേണ്ടത് സ്രഷ്ടാവിനോടാണ്. അവനതില്‍ ഇടപെടുവാനും നിയന്ത്രണ വിധേയമാക്കാനും സാധിക്കും.

അല്ലാഹു എല്ലാവരുടേയും ദൈവവും രാജാവും രക്ഷിതാവുമാണെന്നിരിക്കെ രക്ഷിതാവിനെ മനുഷ്യരിലേക്ക് ചേര്‍ത്തി പ്രയോഗിച്ചത് മനുഷ്യർക്കിടയിൽ രക്ഷിതാവ് എന്ന ബോധ്യം സൃഷ്ടിക്കാനാണ്. നിരന്തരം “നാസ്’ മനുഷ്യൻ എന്ന് പ്രയോഗിച്ചത് മനുഷ്യന് അത്ര മഹത്വം ഉള്ളതുകൊണ്ടാണ്. ഒരോന്നിലേക്കും അല്ലാഹുവിനെ ചേര്‍ത്തി പ്രയോഗിച്ചത് മനുഷ്യന്‍ അല്ലാഹുവിന്റെ ഉല്‍കൃഷ്ട സൃഷ്ടിയായതുകൊണ്ടാണ്.

രക്ഷിതാവ് ദൈവമായിക്കൊള്ളണമെന്നില്ല. ഒരോ വീടിനും സ്ഥാപനങ്ങള്‍ക്കും മേധാവിയും രക്ഷിതാവുമൊക്കെയുണ്ടാവും. ഇവിടെ രക്ഷിതാവ് ദൈവമാണെന്ന് ഉണര്‍ത്തുന്നു. കാര്യങ്ങളവതരിപ്പിക്കാന്‍ മറ്റു രക്ഷിതാക്കളേക്കാള്‍, രാജാക്കന്മാരെക്കാള്‍ കൂടുതല്‍ അര്‍ഹതപ്പെട്ടത് അവനാണെന്ന് വ്യക്തമാക്കുകയാണിവിടെ.

അല്ലാഹുവിനെക്കുറിച്ച് പ്രധാനമായും മൂന്ന് വിശേഷണങ്ങളാണിവിടെ പരിചപ്പെടുത്തിട്ടുള്ളത്. അതിലെ ഒരോന്നിന്റേയും അര്‍ത്ഥവ്യാപ്തിക്കപ്പുറം അവ ഉപയോഗിച്ച ക്രമത്തിലും വ്യാഖ്യാതാക്കൾ വലിയ പൊരുളുകള്‍ നിരീക്ഷിക്കുന്നുണ്ട്.

ആദ്യം “രക്ഷിതാവ് ‘ എന്നാണ് അല്ലാഹുവിനെ പരിചയപ്പെടുത്തിയത്.സൃഷ്ടിച്ച് പ്രഥമമായി ബുദ്ധിയും വിവേകവും നല്‍കി പരിപാലിക്കുന്നവന്‍. ഈ അറിവും വിവേകവും വെച്ചാണ് മനുഷ്യൻ താൻ ഒരു ഉടമയുടെ അടിമയാണെന്ന് മനസ്സിലാക്കുന്നത്. അതുകൊണ്ടാണ് രണ്ടാമതായി “ഉടമസ്ഥന്‍’ എന്നു വന്നത്.പിന്നീട് ഈ അടിമ ഉടമ ബന്ധം ആരാധന ആവശ്യപ്പെടുന്നതാണെന്ന് തിരിച്ചറിയുന്നു.ശേഷം യഥാർഥ ആരാധനക്ക് അവന്‍ മാത്രമാണ് അർഹനെന്ന് ബോധ്യപ്പെടുന്നതോടെ യഥാർത്ഥ ആരാധ്യന്‍ ആരാണെന്ന് മനസ്സിലാകുന്നു. അതാണ് അവസാനം “ഇലാഹ് ‘ എന്ന് പരാമർശിക്കാൻ കാരണം.
സ്വയം ഇളകാന്‍ പോലുമാകാത്ത പ്രതിഷ്ഠകളുടെ അന്തസത്ത പൊളിച്ചെഴുതുക കൂടിയാണ് യഥാർഥ ആരാധ്യന്റെ വ്യത്യസ്ത വിശേഷണങ്ങള്‍ പരിചയപ്പെടുത്തിയുള്ള പരാമര്‍ശങ്ങളിലൂടെ ഖുർആൻ ലക്ഷ്യമിടുന്നത്.

“റബ്ബ് ‘ എന്ന വാക്കില്‍ നിന്ന് മനുഷ്യന് ലഭിച്ച പ്രത്യക്ഷവും പരോക്ഷവുമായ അനുഗ്രഹങ്ങള്‍ വായിച്ചെടുക്കുകയും ഇത് അവന് വഴിപ്പെടാനുള്ള നിമിത്തമാണെന്ന് തിരിച്ചറിയുകയും ചെയ്യുന്നു . സൃഷ്ടിക്കാന്‍ അവന്‍ മാത്രമേ കഴിയൂ എന്ന് മനസ്സിലാക്കുമ്പോള്‍ അവനാണ് ഉടമസ്ഥന്‍ എന്ന് ബോധ്യമാവുന്നു.

ഉടമയെ മറ്റുള്ളവര്‍ ആശ്രയിച്ചേ തീരൂവെന്നും അവന്‍ നിരാശ്രയനാണെന്നുമുളള അര്‍ത്ഥതലങ്ങള്‍ മനസ്സിലാക്കുമ്പോള്‍ വിശ്വാസി മനസ് അവന്റെ മഹത്തായ ഔന്നിത്യത്തെ മനസ്സിലാക്കുന്നു.
രക്ഷിതാക്കളും രാജാക്കളും ഒരുപാടുണ്ടാവും .എന്നാല്‍ അവക്ക് ശേഷം ‘ഇലാഹ്’ ആരാധ്യൻ എന്ന് പരാമർശിച്ച ഏകനായ രക്ഷിതാവും രാജാവും എന്ന സാരം കൂടി അതിനകത്ത് കൊണ്ടുവരുന്നു.
നസ്രാണികള്‍ അവരുടെ പുരോഹിതരെ യഥാർത്ഥ രക്ഷിതാവായി കണ്ട് ആരാധിച്ചിരുന്നു. ഖുര്‍ആന്‍ പറയുന്നു: “അവരുടെ പണ്ഡിതരേയും പുരോഹിരേയും മര്‍യമിന്റെ മകനായ മസീഹിനേയും അല്ലാഹുവിന് പുറമേ അവര്‍ രക്ഷിതാവായി സ്വീകരിച്ചു. എന്നാല്‍ ഏക ദൈവത്തെ ആരാധിക്കാന്‍ മാത്രമായിരുന്നു അവര്‍ നിർദേശിക്കപ്പെട്ടത്. അവനല്ലാതെ ഒരു ദൈവവുമില്ല.അവര്‍ പങ്കുചേര്‍ത്തതില്‍ നിന്ന് അവനെത്ര പരിശുദ്ധന്‍ (തൗബ 31).

എന്നാല്‍ സൂറത്തു നാസിലെ പ്രയോഗങ്ങള്‍ ഇത്തരം ബഹുദൈവ ആരാധനയെ പൊളിക്കുകയാണ്. രക്ഷിതാക്കളും രാജാക്കന്മാരും പലരുമുണ്ടാകും. എന്നാല്‍ പ്രപഞ്ചത്തിലെ ഒന്നിനോടും തുല്യനല്ലാത്ത ഏകനായ രക്ഷിതാവും രാജാവുമായവനാണ് അല്ലാഹു എന്നും ആരാധ്യന്‍ അവനാണെന്നും പരിചയപ്പെടുത്തുകയാണ് “ഇലാഹ്’ എന്ന വാക്കിലൂടെ. ഇവിടെ ഉപയോഗിച്ച റബ്ബ്, മലിക്, ഇലാഹ് എന്നിവയോരോന്നും അല്ലാഹുവിന്റെ വിവിധ വിശേഷണങ്ങളുടെ സത്തയാണ്. കഴിവുള്ളവന്‍, സൃഷ്ടിക്കുന്നവന്‍ തുടങ്ങി നന്മയും കരുണയും ചൊരിയുന്ന നിരവധി വിശേഷങ്ങളെ ഉള്‍വഹിക്കുന്നതാണ് റബ്ബ് എന്ന വാക്ക്. മലിക് – രാജാവ് എന്നത് കല്‍പിക്കുന്നവന്‍, നിരോധിക്കുന്നവന്‍ തുടങ്ങിയ ഏകാധിപത്യത്തിന്റേയും ഔ ന്നിത്യത്തിന്റേയും ആശയങ്ങള്‍ ഉള്‍ചേര്‍ന്നതാണ്. മൂന്നാമതായി പ്രയോഗിച്ച “ഇലാഹ്’ പരിപൂര്‍ണ്ണതയുടെ മുഴുവന്‍ വിശേഷണങ്ങളും ഒരുമിച്ച് കൂട്ടിയ നാമവുമാണ്.

ആരോടാണ് ശരണം തേടേണ്ടതെന്ന് വ്യക്തമാക്കിയതിന് ശേഷം എന്തില്‍ നിന്നാണ് കാവല്‍ തേടേണ്ടത് എന്ന് വ്യക്തമാക്കുന്നു: “മനുഷ്യ ഹൃദയങ്ങളില്‍ ദുര്‍ബോധനം നടത്തി പിന്മാറിക്കളയുന്ന ,മനുഷ്യരിലും ഭൂതങ്ങളിലും പെട്ട ദുര്‍ബോധകരുടെ കെടുതിയില്‍നിന്ന്’ (നാസ് 4-6). മരണമല്ലാത്ത എല്ലാ രോഗങ്ങള്‍ക്കും അല്ലാഹു മരുന്ന് സൃഷ്ടിച്ചിട്ടുണ്ട്. മനുഷ്യനെ നന്മയിലെത്തിക്കുന്നതിന് വലിയ തടസ്സമായ പിശാചിന്റെ ദുര്‍ബോധനത്തില്‍ നിന്നും ശമനം ലഭിക്കാനുള്ള ചികിത്സ വിശദീകരിക്കുകയാണ് ഈ കൊച്ചു അധ്യായത്തില്‍. അല്ലാഹുവിന്റെ നാമം പറയുക, ഓര്‍ക്കുക തുടങ്ങിയവയാണ് അതിനുള്ള പ്രതിവിധി. ദൈവീക വിചാരങ്ങളോളം പിശാചിന് ശല്യമാകുന്ന മറ്റൊന്നില്ല.ദിക്‌റിന്റെ സന്ദർഭങ്ങളില്‍ അവന്‍ സ്ഥലം വിട്ടോടുമത്രെ. ജനിച്ച കുഞ്ഞിന്റെ കാതില്‍ ബാങ്ക് വിളിക്കുന്നതിന്റെ സുപ്രധാന ലക്ഷ്യങ്ങളിലൊന്ന് പൈശാചികബാധ ഏല്‍ക്കാതിരിക്കലാണ്. വിശ്വാസിയുടെ കൂടെയുള്ള പിശാച് മെലിഞ്ഞൊട്ടുമെന്ന് ആധ്യാത്മിക ഗ്രന്ഥങ്ങളില്‍ വായിക്കാം. അവരുടെ ദുര്‍ബോധന ജോലി വിശ്വാസിക്കടുത്ത് വില പോകില്ല.

വസ്്വാസ് എന്നതുകൊണ്ട് ഉദ്ദേശ്യം പിശാചാണ്. അവന്‍ സ്വയം ദുര്‍ബോധനം നടത്തുകയും അതിനു മാത്രമായി യത്‌നിക്കുകയും ചെയ്യുന്നതു കൊണ്ടാണ് വസ്്വാസ് എന്ന് പരിചയപ്പെടുത്തിയത്. വുളൂ ആചരിക്കുമ്പോൾ മാത്രം വസ് വാസുണ്ടാക്കുന്ന പിശാചുണ്ടെന്നും പേര് വലഹാന്‍ എന്നാണെന്നും നബി വചനത്തിലുണ്ട്. ഇങ്ങനെ ഒരോ സ്ഥലത്തും സന്ദർഭങ്ങളിലും പിശാചുണ്ട്. രക്തയോട്ടമുള്ള ഇടത്തെല്ലാം പിശാച് സഞ്ചരിക്കും എന്നും ഒരിക്കൽ നബി തിരുമേനി(സ്വ) ഓർമപ്പെടുത്തി.

ഖന്നാസ് (പിന്മാറിക്കളയുന്നവന്‍) എന്നതുമായി ബന്ധപ്പെട്ട് വന്ന നിവേദനങ്ങളില്‍ നിന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നത് ഇതൊരു തരം പൈശാചിക സ്വാധീനമാണെന്നാണ്. മനുഷ്യഹൃദയങ്ങളിലാണതിന്റെ ഇടം. അവസരം കിട്ടുമ്പോഴൊക്കെ ദുശിച്ച ചിന്തകള്‍ കൈമാറും.എന്നാല്‍ അടിമ നാഥനെയോര്‍ത്താല്‍ പിന്നെയവന്റെ ദുർബോധനങ്ങള്‍ അപ്രസക്തമാവും.അശ്രദ്ധനായാല്‍ വീണ്ടും അവനെത്തി ദുര്‍ബോധനം തുടങ്ങും.

അതു കൊണ്ടായിരിക്കാം ആധ്യാത്മിക ഗുരുക്കള്‍ നിരന്തരം ദിക്‌റിലായിരിക്കും.അധികമായി ദിക്‌റ് ചെയ്യുന്നവര്‍ എന്നാണവരെ ക്കുറിച്ച് ഖുര്‍ആന്‍ (അഹ്‌സാബ് 35 ) പരിചയപ്പെടുത്തിയത്. ദുശ്്ചിന്തകള്‍ക്ക് അവസരം കൊടുക്കാത്ത വിധം ദൈവിക വഴിയില്‍ മുഴുകിയപ്പോള്‍ നന്മകളൊരുപാട് അവര്‍ക്ക് ചെയ്യാനായി.

പലരൂപത്തിലും കോലത്തിലും നെഗറ്റീവ് ചിന്തകള്‍ പിശാച് മനുഷ്യ മനസിൽ സന്നിവേശിപ്പിക്കും. ഇമാം റാസി വിശദീകരിക്കുന്നു. പിശാച് ചിലപ്പോള്‍ നന്മയിലേക്ക് ക്ഷണിക്കും. പക്ഷേ അതുകൊണ്ടുള്ള ലക്ഷ്യം തിന്മയിലേക്ക് വലിച്ചിഴക്കലാവും. അതിന്റെ വിവിധ രൂപങ്ങളിങ്ങനെയാണ്; ഏറ്റവും ഉത്തമമായതില്‍ നിന്ന് കേവലം ശ്രേഷ്ടമായതിലേക്ക് നയിക്കും. എന്നാലതില്‍ നിന്ന് തിന്മയിലേക്കെത്തിക്കുക എളുപ്പമാണ്. ചിലപ്പോള്‍ സുഖമുള്ള സല്‍കർമത്തില്‍ നിന്ന് കഠിനമായ സല്‍ര്‍കർമത്തിലേക്ക് ആകർഷിക്കും. ഇത് മുഖേന ആരാധനയില്‍ വെറുപ്പും മടിയും വരും (തഫ്‌സീറുല്‍ കബീര്‍). ഏറ്റവും പുണ്യമുള്ള പഠനം കട്ട് ചെയ്ത് ബുര്‍ദക്കും പാട്ടിനും പോകുന്ന വിദ്യാർഥികളോട് അധ്യാപകർ ഈ വിഷയം ഉണര്‍ത്താറുണ്ട്.

പിശാച് ക്ഷണിച്ച് കൊണ്ടുപോകുന്നത് ഏഴ് നിലവാരത്തിലേക്കാണ്. ഇസ്മാഈലുല്‍ ഹിഖി (റ) കുറിക്കുന്നു: ഏറ്റവും വലിയ പാപമായ സത്യനിഷേധത്തിലേക്കും ബഹുദൈവ ആരാധനയിലേക്കുമാണ് ആദ്യം ക്ഷണിക്കുക. അതിന് സാധിക്കാതെ വന്നാല്‍ രണ്ടാം സ്ഥാനമായ നവീന ആശയത്തിലേക്ക് വിളിക്കും. മറ്റു തെറ്റുകളേക്കാള്‍ ഇബ്്ലീസിന് ഏറ്റവും പ്രിയപ്പെട്ടതാണിത്. തെറ്റ് ചെയ്താല്‍ മനുഷ്യന്‍ പശ്ചാതപിച്ച് മുക്തനാവും.എന്നാല്‍ നവീനവാദം അങ്ങനെയല്ല; സ്വയം ശരിയാണെന്ന് തെറ്റിദ്ധരിച്ച് പൊറുക്കല്‍ തേടാൻ മനസ് വരാതെ പാപം പേറിക്കഴിയും. അതിനും വഴിപ്പെടുന്നില്ലെന്ന് കണ്ടാല്‍ മൂന്നാം സ്ഥാനമായ വ്യത്യസ്ത വന്‍പാപങ്ങളിലേക്ക് വിളിക്കും. അതും സാധിക്കാതെ പോയാൽ നാലാം സ്ഥാനത്തേക്കായി ക്ഷണം; ചെറുപാപങ്ങളിലേക്ക് ക്ഷണിക്കും. ചെറുകൊള്ളികളാല്‍ തീകത്തിക്കുന്നതു പോലെ പെരുത്ത ചെറുപാപങ്ങള്‍ മനുഷ്യനെ ദുശിപ്പിക്കും. ഇവിടെയും പരാജയപ്പെട്ടാല്‍ പിശാച് അഞ്ചാംസ്ഥാനമായ പ്രതിഫലമോ പ്രതികാരമോ ഇല്ലാത്ത അനുവദനീയ കാര്യങ്ങളിലേര്‍പ്പെടുന്നതിന് പ്രേരിപ്പിക്കും.ഇത് നല്ല കാര്യങ്ങളിലേര്‍പ്പെടുന്നത് തടസ്സപ്പെടുത്തി അതിലൂടെ നേടാവുന്ന പ്രതിഫലം നഷ്ടപ്പെടുത്തും. അതിന്റെ മുന്നിലും മുട്ട് മടക്കേണ്ടി വന്നാല്‍ പിശാച് അവസാനമായി പയറ്റുന്നതാണ് ആറാം സ്ഥാനം. കൂടുതല്‍ പ്രതിഫലമുള്ള കർമം വിട്ട് കുറഞ്ഞ ഫലമുള്ള കാര്യത്തില്‍ ഏര്‍പ്പെടാന്‍ പ്രേരിപ്പിക്കും (റൂഹുല്‍ ബയാന്‍).
പിശാചില്‍ മനുഷ്യരും ഭൂതങ്ങളുമുണ്ട്. “മനുഷ്യ, ഭൂത പിശാചുക്കള്‍’ എന്നൊരു ഖുര്‍ആന്‍ (അന്‍ആം 112) പ്രയോഗം തന്നെയുണ്ട്. അബൂ ദറ് (റ ) ഒരാളോട് ചോദിച്ചു: നീ മനുഷ്യ, ഭൂതങ്ങളിലെ പിശാചുക്കളില്‍ നിന്ന് കാവല്‍തേടിയോ? അപ്പോഴദ്ദേഹം ചോദിച്ചു: മനുഷ്യരിലും പിശാചോ? അന്നേരം അബുദറ് ഖുര്‍ആനോതി വിശദീകരിച്ചു. അപ്രകാരം എല്ലാ ഓരോ നബിമാര്‍ക്കും നാം ഭൂത മനുഷ്യരില്‍ നിന്നുള്ള പിശാചുക്കളെ ശത്രുവാക്കി (അന്‍ആം 112).

ഭൂതത്തില്‍ നിന്നുള്ളവര്‍ കൂടുതല്‍ പെശാചികവൃത്തികള്‍ ചെയ്യുന്നവരാണെന്നും പ്രശ്‌നങ്ങളുടെ വാക്താക്കളാണ് മനുഷ്യരില്‍ നിന്നുള്ള പിശാചുക്കളെന്നും ഖത്തീബുശ്ശീര്‍ബീനി സിറാജുല്‍ മുനീറില്‍ പറയുന്നുണ്ട്. ഈ ശത്രുക്കളെയെല്ലാം അതിജീവിച്ചാണ് പ്രവാചകന്മാർ മാതൃകാ ജീവിതം നയിച്ചത്. മനുഷ്യരോരുത്തരും ഈ പൈശാചികതകളെ തരണം ചെയ്യുമ്പോഴാണ് മനസ് പ്രകാശിക്കുന്നത്. മാലാഖമാരേക്കാള്‍ ഉന്നതി പ്രാപിക്കാനാകുന്നത്.

മനുഷ്യനെ പരാജയത്തിലേക്ക് നയിക്കുന്ന പിശാചിന്റെ വലയില്‍ നിന്ന് കാവല്‍ തേടാന്‍ പറ്റിയ “അധ്യായമാണ്’ നാസ്. ഉഖ്ബത്തു ബിന്‍ ആമിറിൽ നിന്ന് (റ) നിവേദനം. അദ്ദേഹത്തോട് തിരുനബി(സ്വ) ചോദിച്ചു: കാവല്‍ ചോദിക്കുന്നവന് ശരണം തേടാന്‍ പറ്റിയ ഏറ്റവും ശ്രേഷ്ടമായ ഒരുകാര്യം നിനക്ക് പറഞ്ഞുതന്നാലോ? “അതെ നബിയെ’- ഉഖ്ബ പ്രതിവചിച്ചു. അപ്പോള്‍ സൂറത്തുല്‍ ഫലഖും നാസുമാണ് അവിടുന്ന് നിർദ്ദേശിച്ചത്. കാവല്‍ തേടുന്ന രണ്ടെണ്ണം (മുഅവിദതൈന്‍) എന്ന പേരില്‍ ഇരു അധ്യായങ്ങളും പ്രശസ്തമാണ്. പിശാച് സേവയാല്‍ നടത്തുന്ന മാരണത്തിനും ഈ അധ്യായങ്ങൾ തന്നെ ശരണം.

കെ എം സുഹൈല്‍ സഖാഫി എലമ്പ്ര
അവലംബം
മഫാതീഹുല്‍ ഗൈബ്, സിറാജുല്‍ മുനീര്‍, റൂഹുല്‍ ബയാന്‍, ബൈളാവി, ജലാലൈൻ.

You must be logged in to post a comment Login