2023 അഞ്ച് പൊതുതെരഞ്ഞെടുപ്പുകള്‍

2023 അഞ്ച്  പൊതുതെരഞ്ഞെടുപ്പുകള്‍

പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനായി ഇന്ത്യ 2024 വരെ കാത്തിരിക്കണമെങ്കിലും അയല്‍രാജ്യമായ പാകിസ്ഥാന്‍ ഉള്‍പ്പെടെയുള്ള ഒരുപിടി രാജ്യങ്ങള്‍ ഇക്കൊല്ലം തെരഞ്ഞെടുപ്പിനെ നേരിടുന്നുണ്ട്.
ദേശീയ തെരഞ്ഞെടുപ്പുകളുടെ ഫലം പ്രവചിക്കുന്നത് കുടം കമഴ്ത്തി വെള്ളമൊഴിക്കുന്നതിന് തുല്യമാണെന്ന് പൊതുവേ പലരും പറയാറുണ്ട്. തെരഞ്ഞെടുപ്പ് ഫലങ്ങളെ മുന്‍കൂറായി പ്രവചിക്കാനുള്ള ശ്രമങ്ങള്‍ പലതും പാളിപ്പോയത് അടുത്ത കാലത്ത് നാം കണ്ടു. തെരഞ്ഞെടുപ്പ് നടക്കുന്നതിന് മാസങ്ങള്‍ക്ക് മുന്‍പേ ജനവികാരം പ്രവചിക്കാന്‍ ശ്രമിക്കുന്നത്, ആ മേഖലയില്‍ വൈദഗ്ധ്യം ഉള്ളവര്‍ക്ക് പോലും ഏതാണ്ട് ബാലികേറാമലയാണെന്ന് തന്നെ പറയേണ്ടിവരും.
ചുരുക്കിപ്പറഞ്ഞാല്‍, ആര്‍ക്കും മുന്‍കൂട്ടി പ്രവചിക്കാനാവാത്ത ഒട്ടേറെ ഘടകങ്ങള്‍ തെരഞ്ഞെടുപ്പ് ചിത്രങ്ങളെ മാറ്റി മറിക്കാറുണ്ട്. തെരഞ്ഞെടുപ്പ് കാലത്തെ സമ്പദ്്‌വ്യവസ്ഥയുടെ നില, അപ്രതീക്ഷിതമായി ഉണ്ടാവുന്ന രാഷ്ട്രീയ അട്ടിമറികള്‍… എന്തിനേറെ വോട്ടെടുപ്പ് നടക്കുന്ന ദിവസത്തെ കാലാവസ്ഥയ്ക്ക് പോലും കാര്യങ്ങളെ മാറ്റി മറിക്കാനുള്ള കെല്‍പുണ്ട്. പരോക്ഷഫലങ്ങളുടെ തേരോട്ടത്തില്‍ 2023 ഉം സ്വന്തം പങ്കു വഹിക്കുന്നുണ്ടാവും എന്നാണ് നിലവില്‍ ലഭ്യമായ വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. ജനാധിപത്യത്തിന്റെ ബാലറ്റ് പരീക്ഷണത്തിനൊരുങ്ങുകയാണ് ചില ലോക രാജ്യങ്ങള്‍. നാണ്യപ്പെരുപ്പവും തൊഴിലില്ലായ്മയും പോലുള്ള സമാന പ്രതിസന്ധികള്‍ സമ്പദ്്‌വ്യവസ്ഥയെ ദുര്‍ബലപ്പെടുത്തിയ ഇടങ്ങളിലാണ് ഇക്കൊല്ലം ജനങ്ങള്‍ വിധിയെഴുതുന്നത്. ഭരണത്തിലിരിക്കുന്ന സര്‍ക്കാരുകളുടെയും ഭരണാധികാരികളുടെയും വിധി ജനങ്ങള്‍ തീരുമാനിക്കുന്നതും ഇതേ പ്രതിസന്ധി കാലത്തെ അവരുടെ പ്രകടനത്തിന്റെ വിലയിരുത്തലായിരിക്കും. 2023ല്‍ നടക്കാനിരിക്കുന്ന സുപ്രധാന പൊതുതെരഞ്ഞെടുപ്പുകളില്‍ വിധി നിര്‍ണയിക്കുന്ന ഘടകങ്ങള്‍ എന്തൊക്കെയാണെന്നും ഈ തെരഞ്ഞെടുപ്പുകള്‍ നടക്കുന്ന രാജ്യങ്ങളിലെ ആഭ്യന്തര യാഥാര്‍ത്ഥ്യങ്ങള്‍ വിശകലനം ചെയ്യാനുമായി “ദ കോണ്‍വര്‍സേഷന്‍’ അഞ്ച് തെരഞ്ഞെടുപ്പ് വിദഗ്ധരുമായി സംസാരിച്ചു. ഈ വിദഗ്ധര്‍ പങ്കുവച്ച തെരഞ്ഞെടുപ്പ് വിശകലനങ്ങളുടെ സംക്ഷിപ്തം ചുവടെ:

നൈജീരിയ (ഫെബ്രുവരി 25)
കാള്‍ ലെവാന്‍, അമേരിക്കന്‍ സർവകലാശാലയിലെ കംപാരറ്റീവ് ആന്റ് റീജിയണല്‍ സ്റ്റഡീസ് വകുപ്പിലെ പ്രൊഫസര്‍.
നൈജീരിയയിലെ രാഷ്ട്രീയ ഗതിവിഗതികളെ സ്ഥിരമായി നിരീക്ഷിക്കുന്നവര്‍ക്ക് അവിടുത്തെ പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇപ്പോള്‍ സജീവ ചര്‍ച്ചയാവുന്ന വിഷയങ്ങള്‍ നേരത്തെ കേട്ടു പരിചയമായവയായിരിക്കും. മുസ്്‌ലിംകള്‍ക്ക് ഭൂരിപക്ഷമുള്ള വടക്കന്‍ നൈജീരിയയും ക്രിസ്തുമത വിശ്വാസികള്‍ക്ക് ഭൂരിപക്ഷമുള്ള തെക്കന്‍ നൈജീരിയയും തമ്മില്‍ നിലനില്‍ക്കുന്ന ഭൂമിശാസ്ത്രപരവും മതപരവുമായ വിഭാഗീയതയാണ് അവിടുത്തെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെയും പ്രധാന ആകര്‍ഷണം. വടക്കന്‍ നൈജീരിയയില്‍ നിന്നുള്ള മുഹമ്മദ് ബുഹാരിയാണ് കഴിഞ്ഞ എട്ട് വര്‍ഷമായി രാജ്യം ഭരിച്ചത്. ഈ തെരഞ്ഞെടുപ്പോടെ അധികാരം വടക്ക് നിന്ന് തെക്കിലേക്ക് മാറ്റേണ്ടതിന്റെ ആവശ്യകതയെ ചുറ്റിപ്പറ്റിയാണ് നൈജീരിയയിലെ തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ ചൂടു പിടിക്കുന്നത്.

ഒരാള്‍ക്ക് തുടര്‍ച്ചയായി പരമാവധി രണ്ട് ടേമുകള്‍ വരെ ഭരണത്തിലിരിക്കാനുള്ള അനുവാദം നൈജീരിയന്‍ ഭരണകൂടം നല്‍കുന്നുണ്ട്. അതനുസരിച്ച് നാലു വര്‍ഷം നീണ്ടു നിന്ന രണ്ട് ഭരണ കാലാവധികള്‍ പൂര്‍ത്തിയാക്കിയാണ് ബുഹാരി ഇത്തവണ പടിയിറങ്ങുന്നത്. ഇത് അവിടുത്തെ തെരഞ്ഞെടുപ്പ് ചിത്രത്തിലും വലിയ മാറ്റങ്ങളുണ്ടാക്കുന്നുണ്ട്. ഭരണത്തുടര്‍ച്ച ലക്ഷ്യമിട്ട് ഇറങ്ങുന്ന പ്രസിഡന്റ് സ്ഥാനാർഥി ഇല്ലാത്തൊരു തെരഞ്ഞെടുപ്പ് 1999 ല്‍ സിവിലിയന്‍ ഭരണത്തിലേക്ക് നൈജീരിയ മാറിയതിന് പിന്നാലെ ഇത് രണ്ടാം തവണയാണ് സംഭവിക്കുന്നത്.
തെരഞ്ഞെടുപ്പ് വിജയം ആവര്‍ത്തിക്കാനെത്തുന്ന പ്രസിഡന്റ് സ്ഥാനാർഥി ഇല്ലാതെ നടക്കുന്ന തെരഞ്ഞെടുപ്പുകളില്‍ വിജയം പലപ്പോഴും പ്രതിപക്ഷ പാര്‍ട്ടിക്കൊപ്പമായിരിക്കുമെന്ന് ആഫ്രിക്കയുടെ തെരഞ്ഞെടുപ്പ് ചരിത്രം വ്യക്തമാക്കുന്നു. 1980കള്‍ക്ക് ശേഷം ഇതാദ്യമായി നൈജീരിയയിലെ മൂന്ന് പ്രധാന വംശീയ ഗ്രൂപ്പുകളും ശക്തരായ പ്രസിഡന്റ് സ്ഥാനാർഥികളെയാണ് രംഗത്തിറക്കിയിരിക്കുന്നത്. ഹൗസ-ഫുലാനി വിഭാഗത്തില്‍ നിന്നുള്ള അറ്റികു അബൂബക്കര്‍, ലാഗോസിലെ മുന്‍ ഗവര്‍ണറും യൊരുബ വിഭാഗക്കാരനുമായ ബൊല റ്റിനുബു, ഇഗ്‌ബോ വിഭാഗാംഗവും മുന്‍ അനംബ്ര ഗവര്‍ണറുമായ പീറ്റര്‍ ഒബി എന്നിവര്‍ തമ്മിലാണ് പ്രധാനമായും മത്സരം നടക്കുന്നത്.
വംശീയ വ്യത്യാസങ്ങള്‍ക്ക് അതീതമായി നിന്ന് തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് വിവിധ പ്രബല ഗ്രൂപ്പുകള്‍ക്കിടയില്‍ സഹകരണം സാധ്യമാവുന്ന വേറിട്ട കാഴ്ച ഇത്തവണ നൈജീരിയയില്‍ നിന്ന് കാണാനാവുമെങ്കിലും രാജ്യത്തെ ഭരണഘടനയുടെ സമവാക്യങ്ങള്‍ക്കനുസരിച്ച് ഒരു പ്രസിഡന്റ് തെരഞ്ഞെടുക്കപ്പെടാനുള്ള സാധ്യതയ്ക്ക് ഇത് മങ്ങലേല്‍പ്പിക്കുന്നുണ്ട് എന്നതാണ് വാസ്തവം. ആകെ പോള്‍ ചെയ്യപ്പെടുന്ന വോട്ടുകളില്‍ രാജ്യത്തെ എല്ലാ വംശീയ വിഭാഗങ്ങളുടെയും ബഹുസ്വരത പ്രതിഫലിക്കണമെന്നും എല്ലാ ഭൂമിശാസ്ത്ര മേഖലകളിൽ നിന്നുള്ളവരുടെയും പിന്തുണ ഉണ്ടായിരിക്കണമെന്നും നൈജീരിയന്‍ ഭരണഘടന അനുശാസിക്കുന്നു. ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത അവസ്ഥ നൈജീരിയയില്‍ ഇതിന് മുന്‍പൊരിക്കലും ഉണ്ടായിട്ടില്ല. ഇത്തവണ അതുണ്ടായാല്‍, കഷ്ടിച്ച് ഒരാഴ്ചത്തെ സമയപരിധിക്കുള്ളില്‍ തുടര്‍ തെരഞ്ഞെടുപ്പ് നടത്തുക എന്ന വെല്ലുവിളി തെരഞ്ഞെടുപ്പ് കമ്മീഷനെ കാത്തിരിക്കുന്നുണ്ട്.

ദാരിദ്ര്യവും രാജ്യസുരക്ഷയുമാണ് തെരഞ്ഞെടുപ്പിലെ സജീവ ചര്‍ച്ചാ വിഷയങ്ങള്‍. നൈജീരിയയുടെ സാമ്പത്തിക വളര്‍ച്ച, അഴിമതിയുടെ അന്ത്യം എന്നിവയ്‌ക്കൊപ്പം ലോകത്തെ ഏറ്റവും മാരക കലാപ പ്രസ്ഥാനമായ ബൊക്കൊ ഹറാമിനെ അടിച്ചമര്‍ത്തുക എന്ന വിഷയം കൂടി ഉയര്‍ത്തിക്കാട്ടിയാണ് 2015 ലെ തെരഞ്ഞെടുപ്പ് ബുഹാരി വിജയിക്കുകയും അധികാരത്തിലെത്തുകയും ചെയ്തത്. എന്നിട്ടും നൈജീരിയന്‍ ജനസംഖ്യയുടെ എട്ട് കോടിയോളം വരുന്ന ജനങ്ങള്‍ ഇന്നും കടുത്ത പട്ടിണിയിലാണ്. ആഭ്യന്തര അരക്ഷിതാവസ്ഥ നാള്‍ക്കുനാള്‍ വര്‍ധിക്കുകയുമാണ്. 1970 ല്‍ അവസാനിച്ച ആഭ്യന്തര കലാപത്തിന് ശേഷം രാജ്യം കണ്ടിട്ടില്ലാത്ത വിധത്തില്‍ രൂക്ഷമായ അക്രമ സംഭവങ്ങളാണ് ഇപ്പോള്‍ നൈജീരിയയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഇവയിലേറെയും ഭൂമിശാസ്ത്രപരമായ കാരണങ്ങളാല്‍ ഉണ്ടാവുന്നവയാണെന്ന് ആശങ്ക ഇരട്ടിയാക്കുന്നു. ഇതിനൊക്കെ പുറമേ, സ്വന്തം രാജ്യത്തോടുള്ളതിനേക്കാള്‍ കൂറ് താന്‍ അംഗമായ വംശത്തോട് കാട്ടുന്നവരാണ് നൈജിരിയക്കാരിലേറെപ്പേരും. ആകെ ജനസംഖ്യയുടെ വെറും 15% മാത്രമാണ് വംശത്തെക്കാള്‍ രാജ്യത്തോട് വിധേയത്വം പ്രകടിപ്പിക്കുന്നത്.

ഇക്കാരണങ്ങളെല്ലാം കൊണ്ട് തന്നെ വരുന്ന ഫെബ്രുവരി 23-ാം തിയതി നടക്കാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ ഭീഷണിപ്പെടുത്താനുള്ള സാധ്യതയും വ്യാപക അക്രമ സംഭവങ്ങളും നൈജീരിയയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടാനുള്ള സാധ്യത ഏറെയാണ്. രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മിലും പാര്‍ട്ടികള്‍ക്കുള്ളിലും നടന്ന സംഘര്‍ഷങ്ങളുടെ എണ്ണം വല്ലാതെ വര്‍ധിച്ച വര്‍ഷം കൂടിയാണ് 2022. ഇതൊക്കെയാണെങ്കിലും സാമ്പത്തിക വൈവിധ്യവല്‍ക്കരണവും അഴിമതിരഹിത ഭരണവും നൈജീരിയന്‍ യുവതയ്ക്കുള്ള നൂതന അവസരങ്ങളുമൊക്കെ ഉയര്‍ത്തിക്കാട്ടിക്കൊണ്ട് സ്ഥാനാർഥികളെല്ലാവരും സജീവ തെരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ മുഴുകിയിരിക്കുന്ന കാഴ്ചയാണ് നൈജീരിയയിലുള്ളത്.

തുര്‍ക്കി (ജൂണ്‍ 18)
അഹ്‌മെത് കുരു, സാന്‍ഡിയാഗോ സ്റ്റേറ്റ് സർവകലാശാലയിലെ പൊളിറ്റിക്കല്‍ സയന്‍സ് പ്രൊഫസര്‍.
തുര്‍ക്കിയില്‍ നടക്കുന്ന എല്ലാ പൊതു തെരഞ്ഞെടുപ്പുകളും ചരിത്ര സംഭവങ്ങളാണെന്നാണ് പൊതുവേ പലരും പറയാറുള്ളത്. എന്നാല്‍ ഇക്കൊല്ലത്തെ തുര്‍ക്കി പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പ് എല്ലാ അർഥത്തിലും ഒരു ചരിത്ര സംഭവമായിരിക്കും എന്നുറപ്പാണ്. നിലവിലെ തുര്‍ക്കി പ്രസിഡന്റായ റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ നയിക്കുന്ന ഭരണം തന്നെ തുടര്‍ന്നും തുര്‍ക്കിയുടെ രാഷ്ട്രീയ ഗതി നിശ്ചയിക്കുമോ എന്ന് ഈ തെരഞ്ഞെടുപ്പോടെ വ്യക്തമാവും. “രാഷ്ട്രീയം’ എന്ന പദത്തിന്റെ കേവലവും ഇടുങ്ങിയതുമായ പദാർഥത്തില്‍ മാത്രമല്ല ഇത് വിലയിരുത്തപ്പെടുന്നത്. രാജ്യത്തിന്റെ സാമ്പത്തിക നയങ്ങള്‍, മതം, വിദ്യാഭ്യാസം തുടങ്ങി നിരവധി മേഖലകള്‍ കൂടി ഉള്‍പ്പെടുന്നതാണ് ഈ രാഷ്ട്രീയം.
ഈ വര്‍ഷം നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഉര്‍ദുഗാന്‍ തന്നെ അധികാരത്തിലെത്തുകയാണെങ്കില്‍, തുര്‍ക്കിയുടെ പൊതുമണ്ഡലത്തില്‍ അവശേഷിക്കുന്ന അവസാന എതിര്‍സ്വരങ്ങള്‍ കൂടി നിശബ്ദമാക്കപ്പെടും എന്നുറപ്പാണ്. ഇതിന് മുന്‍പും ഉർദുഗാൻ സ്വീകരിച്ച സ്വോച്ഛാധിപത്യ നിലപാടുകളും തന്നെ എതിര്‍ക്കുന്നവരോട് അദ്ദേഹം കാട്ടിയ പ്രതികാര നടപടികളും ഈ വിശ്വാസത്തെ ഊട്ടിയുറപ്പിക്കുന്നതുമാണ്. ഉര്‍ദുഗാനെതിരെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ സാധ്യതയുള്ളവരെ കുടുക്കാന്‍ ലക്ഷ്യമിട്ടുള്ള നടപടികള്‍ ഇതിനോടകം തന്നെ ആരംഭിച്ചു കഴിഞ്ഞെന്നാണ് ചില സമീപകാല സംഭവങ്ങള്‍ നല്‍കുന്ന സൂചന. ഏറെ ജനപ്രീതി ആര്‍ജിച്ച ഇസ്താംബൂള്‍ മേയര്‍ തുറങ്കിലടയ്ക്കപ്പെട്ടത് ഇക്കഴിഞ്ഞ ഡിസംബര്‍ മാസമാണ്. ജയില്‍വാസവും അതിന്മേലുള്ള നിയമ നടപടികളും അദ്ദേഹത്തെ തെരഞ്ഞെടുപ്പില്‍ മത്സര രംഗത്ത് നിന്ന് അകറ്റി നിര്‍ത്തും എന്ന ദീര്‍ഘവീക്ഷണമാവാം ഇതിന് കാരണം.

തുര്‍ക്കിയിലെ പ്രതിപക്ഷം ഇതോടെ പ്രതീക്ഷകള്‍ അസ്തമിച്ച് നിരാശരായി മാറിയേക്കാം എന്നതാണ് ഇതിലെ ഏറ്റവും വലിയ അപകടം. തുര്‍ക്കിയുടെ ബൗദ്ധിക മണ്ഡലങ്ങള്‍ ആളൊഴിഞ്ഞ പറമ്പായി മാറുമെന്ന വെല്ലുവിളിയും ഇതിനോടകം ശക്തമായിക്കഴിഞ്ഞു. ഡോക്ടര്‍മാര്‍, അക്കാദമിക് പ്രമുഖര്‍, വാണിജ്യ രംഗത്തെ അതികായര്‍ തുടങ്ങി ഉന്നത വിദ്യാഭ്യാസം നേടിയവരെല്ലാം രാജ്യം വിട്ട് പാശ്ചാത്യ രാജ്യങ്ങളിലേക്ക് ചേക്കേറുകയാണ്. ഇത് തുര്‍ക്കിയുടെ പ്രതിപക്ഷ ശബ്ദങ്ങളെ കൂടുതല്‍ ദുര്‍ബലപ്പെടുത്തുന്നു.

ഉര്‍ദുഗാന്‍ പരാജയപ്പെട്ടാലും ഒട്ടേറെ നാടകീയ സംഭവങ്ങള്‍ തുര്‍ക്കിയെ കാത്തിരിക്കുന്നുണ്ട്. ഉര്‍ദുഗാന്റെ ഭരണ കാലത്ത് നിശബ്ദരാക്കപ്പെട്ട നിരവധി പേര്‍ വീണ്ടും ശബ്ദിച്ചു തുടങ്ങും. തനിക്ക് ഹിതകരമല്ലാത്ത എല്ലാ എതിര്‍സ്വരങ്ങളെയും അടിച്ചമര്‍ത്തുന്നതിന്റെ ഭാഗമായി ആയിരക്കണക്കിന് പേരെയാണ് ഉർദുഗാൻ ജയിലിലടച്ചത്. അദ്ദേഹം ഈ തെരഞ്ഞെടുപ്പില്‍ ഒരുപക്ഷേ പരാജയപ്പെടുകയാണെങ്കില്‍ അദ്ദേഹത്തിനും അദ്ദേഹത്തെ പിന്തുണച്ച് ഒപ്പം നിന്ന ഉദ്യോഗസ്ഥ വൃന്ദത്തിനുമെതിരെ ശക്തമായ നിയമ നടപടികളുണ്ടാവുമെന്ന കാര്യത്തില്‍ സംശയമില്ല. ഉര്‍ദുഗാന്റെ നേതൃത്വത്തില്‍ നടന്ന അധികാര ദുരുപയോഗത്തിനും അഴിമതിയില്‍ മുങ്ങിക്കുളിച്ചുള്ള ചങ്ങാത്ത മുതലാളിത്തത്തിനും പ്രതിപക്ഷം നല്‍കുന്ന മറുപടിയായിരിക്കും അത്.
മതവും സ്റ്റേറ്റും തമ്മിലുള്ള അവിശുദ്ധ ബന്ധത്തിന്റെ ഭാവി നിശ്ചയിക്കാനും ഈ തെരഞ്ഞെടുപ്പ് ഫലം ഇടയാക്കും. തുര്‍ക്കിയിലെ ഏതാണ്ട് 80,000 ത്തോളം വരുന്ന മുസ്്‌ലിം പള്ളികളുടെ നിയന്ത്രണം കൈയാളുന്ന ഡയറക്ടറേറ്റ് ഓഫ് റിലീജിയസ് അഫയേഴ്‌സിന്റെ പിന്തുണയാണ് ഉര്‍ദുഗാന്റെ പ്രധാന പിടിവള്ളി. ഭരണത്തിലുണ്ടാവുന്ന ഏതൊരു മാറ്റവും ഈ ഡയറക്ടറേറ്റിനുള്ള അധികാരങ്ങളുടെ കടയ്ക്കല്‍ കത്തി വയ്ക്കുന്നതിലേക്ക് നയിച്ചേക്കാം.

രാഷ്ട്രീയത്തിനും സാമ്പത്തിക കാര്യങ്ങള്‍ക്കും മതത്തിനും എല്ലാം വലിയ പ്രാധാന്യമുള്ളതാണ് 2023 ലെ തുര്‍ക്കി പൊതു തെരഞ്ഞെടുപ്പ്. വീണ്ടും തെരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ മുസ്തഫ കമാല്‍ അതാതുര്‍ക്കിന് ശേഷം തുര്‍ക്കിയുടെ രണ്ടാം സ്ഥാപകന്‍ താനാണെന്ന് ഉർദുഗാൻ സ്വയം പ്രഖ്യാപിച്ചേക്കും. ഇനിയൊരു പക്ഷേ അദ്ദേഹം തോല്‍വിയുടെ രുചി അറിയുകയാണെങ്കില്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയ, വാണിജ്യ, മത സഖ്യ കക്ഷികള്‍ അധികാരം വിട്ടൊഴിഞ്ഞ് മാറിനില്‍ക്കേണ്ടി വരുന്നതിന്റെ രുചിയും അതോടെ അറിയേണ്ടി വരും.

സിംബാബ്‌വേ (ജൂലൈ-ഓഗസ്റ്റില്‍ തെരഞ്ഞെടുപ്പിന് സാധ്യത)
മൈല്‍സ് തെണ്‍ഡി, ഓക്‌സ്‌ഫോര്‍ഡ് സർവകലാശാലയിലെ പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗത്തിലെ അസോസിയേറ്റ് പ്രൊഫസര്‍.

മുന്‍ രാഷ്ട്രീയ നേതാവായിരുന്ന റോബര്‍ട്ട് മുഗാബയുടെ പതനത്തിന് ശേഷം സിംബാബ്‌വേ നേരിടുന്ന രണ്ടാമത്തെ പൊതു തെരഞ്ഞെടുപ്പാണ് ഇക്കൊല്ലം നടക്കാന്‍ പോവുന്നത്. 37 വര്‍ഷം നീണ്ടു നിന്ന മുഗാബേയുടെ സ്വോച്ഛാധിപത്യ ഭരണത്തിന് സൈനീക അട്ടിമറിയിലൂടെ അവസാനമുണ്ടായതിന് ശേഷം, 2018 ലാണ് സിംബാബ്‌വേ ഇതിന് മുന്‍പ് ഒരു പൊതു തെരഞ്ഞെടുപ്പിനെ നേരിട്ടത്. തര്‍ക്കങ്ങളാലും അക്രമ സംഭവങ്ങളാലും കുപ്രസിദ്ധമായ തെരഞ്ഞെടുപ്പ് ചരിത്രത്താല്‍ സമ്പന്നരായ സിംബാബ്‌വേക്കാരുടെ തലവിധി മാറ്റിയെഴുതുമെന്ന് അന്നാട്ടുകാരും വിദേശ സര്‍ക്കാരുകളും പ്രതീക്ഷിച്ച ഒരു തെരഞ്ഞെടുപ്പായിരുന്നു 2018 ലേത്. എന്നാല്‍ പ്രബലവും സാമ്പ്രദായികവുമായി നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാതെയുള്ള പരിഹാര ശ്രമങ്ങളെല്ലാം വൃഥാവിലാവുമെന്ന് ആ തെരഞ്ഞെടുപ്പ് പഠിപ്പിച്ചു. ഭരണപ്പാര്‍ട്ടിയായിരുന്ന സാനു പിഎഫിനും (ZANU PF) സ്റ്റേറ്റിനും ഉണ്ടായിരുന്ന പല തരത്തിലുള്ള ആശയക്കുഴപ്പങ്ങളാല്‍ വികലമായിത്തീര്‍ന്ന പൊതു തെരഞ്ഞെടുപ്പായിരുന്നു 2018ലേത്.

ആധികാരികമെന്ന് എല്ലാവരും ഒരേ സ്വരത്തില്‍ പറയുന്ന ഒരു തെരഞ്ഞെടുപ്പ് സംഘടിപ്പിക്കാന്‍ സിംബാബ്‌വേയ്ക്ക് സാധിക്കുമോ എന്നതാണ് 2023 ലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ലോകം ഉറ്റുനോക്കുന്ന പ്രധാന സംഗതി. ആധികാരികമായി തെരഞ്ഞെടുപ്പ് നടത്തി ഫലം പ്രഖ്യാപിക്കാന്‍ സാധിക്കുന്നതിലൂടെ തന്നെ രാഷ്ട്രീയവും സാമ്പത്തികവും സാമൂഹികവുമായ പുതു പരിഷ്‌ക്കരണങ്ങളെ പ്രതിരോധിക്കാനാവും. സുതാര്യമായൊരു തെരഞ്ഞെടുപ്പ് നടത്താന്‍ സിംബാബ്‌വേയ്ക്ക് സാധിക്കുമോ എന്നത് തന്നെയാണ് പാശ്ചാത്യ രാജ്യങ്ങളും അന്താരാഷ്ട്ര നാണ്യ നിധി പോലുള്ള സാമ്പത്തിക സ്ഥാപനങ്ങളും ഉറ്റുനോക്കുന്നത്. വര്‍ഷങ്ങള്‍ നീണ്ടുനിന്ന അനിശ്ചിതത്വങ്ങളാല്‍ വികലമായിക്കഴിഞ്ഞവയാണ് സിംബാവേയുടെ അന്താരാഷ്ട്ര ബന്ധങ്ങള്‍. സിംബാബ്‌വേയുമായുള്ള സാമ്പത്തികവും നയപരവുമായ ബന്ധങ്ങള്‍ പുനഃസ്ഥാപിക്കുന്നതിന് സുതാര്യമായൊരു തെരഞ്ഞെടുപ്പ് സംഘാടനം കൂടിയേ തീരൂവെന്ന് ഐഎംഎഫ് പോലുള്ള രാജ്യാന്തര സംഘടനകള്‍ ശഠിക്കുന്നു.

സ്ത്രീകളുടെ രാഷ്ട്രീയ അവകാശങ്ങളില്‍ എന്തെങ്കിലും പുരോഗതി ഉണ്ടാക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയും സിംബാബ്‌വേ തെരഞ്ഞെടുപ്പിനെ നിരീക്ഷിക്കുന്ന പലരും പങ്കുവയ്ക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിലും സമ്മതിദായക അവകാശം വിനിയോഗിക്കുന്നതിലും രാഷ്ട്രീയ നേതൃത്വങ്ങളിലും അക്രമസംഭവങ്ങളിലുമെല്ലാം നിഴലിക്കുന്ന സ്ത്രീവിരുദ്ധത, സിംബാബ്‌വേ രാഷ്ട്രീയത്തില്‍ സ്ത്രീകളുടെ പ്രാതിനിധ്യത്തെ ദുര്‍ബലപ്പെടുത്തി. 2018 ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ആകെയുണ്ടായിരുന്ന 210 മണ്ഡലങ്ങളില്‍ വെറും 26 എണ്ണത്തില്‍ മാത്രമാണ് സ്ത്രീകള്‍ തെരഞ്ഞെടുക്കപ്പെട്ടത്. അതേ വര്‍ഷം പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ നാല് സ്ത്രീകള്‍ മത്സരിച്ചുവെങ്കിലും 4% ത്തിന് അപ്പുറം വോട്ട് വിഹിതം നേടാന്‍ അവരില്‍ ഒരാള്‍ക്ക് പോലും സാധിച്ചില്ലെന്നതും ഇതിനോടൊപ്പം പ്രസക്തമാണ്.

പ്രതിപക്ഷ രാഷ്ട്രീയം പറയുന്നവരുടെ ഭാവി എന്തെന്നറിയാനും ഇത്തവണത്തെ തെരഞ്ഞെടുപ്പ് കഴിയും വരെ കാത്തിരിക്കേണ്ടി വരും. സ്റ്റേറ്റിന്റെ ഭാഗത്ത് നിന്നുണ്ടാവുന്ന ക്രൂരമായ അടിച്ചമര്‍ത്തലുകളും ആഭ്യന്തര വിഭാഗീയതകളും സാമ്പത്തികശേഷി ഇല്ലായ്മയും ഉള്‍പ്പെടെയുള്ള കടുത്ത പ്രതിസന്ധികള്‍ക്കിടയിലാണ് മുഖ്യ പ്രതിപക്ഷ കക്ഷിയായ മൂവ്‌മെന്റ് ഫോര്‍ ഡെമോക്രാറ്റിക് ചെയ്ഞ്ച് (MDC) തെരഞ്ഞെടുപ്പിനെ നേരിടുന്നത്. 2018 ലെ പൊതു തെരഞ്ഞെടുപ്പിന് ശേഷം തെരഞ്ഞെടുപ്പ് രജിസ്റ്ററിലേക്ക് പുതിയ വോട്ടര്‍മാരെ കാര്യമായി ചേര്‍ക്കാന്‍ പോലും എംസിഡിക്ക് സാധിച്ചിട്ടില്ല.

നിലവില്‍ ഭരണം കൈയാളുന്ന സാനു പിഎഫ് പാര്‍ട്ടിക്ക് അവര്‍ പ്രതീക്ഷിക്കുന്നത് പോലുള്ളൊരു വലിയ വിജയം സിംബാബ്‌വേയില്‍ നേടാനായാല്‍, ഇപ്പോള്‍ത്തന്നെ വിഷമവൃത്തത്തിലായ പ്രതിപക്ഷം കൂടുതല്‍ ജീര്‍ണമായേക്കും. പ്രതിപക്ഷത്തിനുള്ളിലെ വിഭാഗീയതയും മോഹഭംഗങ്ങളും കൂടുതല്‍ രൂക്ഷമാവാനും ഇടയുണ്ട്. ഇതിന്റെ ഫലമായി കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി മികച്ച പ്രതിപക്ഷ രാഷ്ട്രീയം പറഞ്ഞുകൊണ്ടും പ്രവര്‍ത്തിച്ചുകൊണ്ടുമിരുന്ന എംഡിസി പോലുള്ളൊരു പാര്‍ട്ടിയുടെ നിലനില്‍പ്പ് തന്നെ ചോദ്യംചെയ്യപ്പെടാനാണ് സാധ്യത. കൃത്യമായൊരു പ്രതിപക്ഷം ഇല്ലാതാവുന്നതും തങ്ങള്‍ വിമര്‍ശനാതീതരാണെന്ന ബോധ്യം ഭരണപാര്‍ട്ടിയായ സാനു പിഎഫിന് ഉണ്ടാവുകയും ചെയ്യുന്നതോടെ സിംബാബ്‌വേയില്‍ ഏകാധിപത്യത്തിന് തിരശീല ഉയരും.

അര്‍ജന്റീന (ഒക്ടോബര്‍ 29)
എഡ്വോര്‍ഡോ ഗമാറ, ഫ്‌ളോറിഡ അന്താരാഷ്ട്ര സർവകലാശാലയിലെ പൊളിറ്റിക്‌സ് ആന്റ് ഇന്റര്‍നാഷണല്‍ റിലേഷന്‍സ് പ്രൊഫസര്‍ .

ഫുട്‌ബോള്‍ ലോകകപ്പ് വിജയത്തിന്റെ ആഹ്ലാദാരവങ്ങള്‍ക്കിടയിലും 2023ല്‍ തങ്ങളെ കാത്തിരിക്കുന്ന പൊതു തെരഞ്ഞെടുപ്പിനെ തികച്ചും മ്ലാനതയോടെയാണ് പല അര്‍ജന്റീനക്കാരും നേരിടാന്‍ ഒരുങ്ങുന്നത്. അതിന് അവര്‍ക്ക് കൃത്യമായ കാരണങ്ങളുമുണ്ട്. അര്‍ജന്റീനയുടെ സാമ്പത്തിക സ്ഥിതി കഴിഞ്ഞ കുറേ കാലമായി ഏറെ മോശം അവസ്ഥയിലൂടെയാണ് കടന്നു പോവുന്നതെന്ന് മാത്രമല്ല, ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ ഏറ്റവുമധികം ആളോഹരി കടബാധ്യതയുള്ള രാജ്യങ്ങളിലൊന്ന് കൂടിയാണ് അര്‍ജന്റീന. ഇതിന് പുറമേ മാനം മുട്ടാനൊരുങ്ങുന്ന പണപ്പെരുപ്പവും വേതനത്തിലെ ഇടിവും സാമ്പത്തിക വളര്‍ച്ചയില്ലായ്മയും എല്ലാം അര്‍ജന്റീനയുടെ നില പരുങ്ങലിലാക്കുന്നുണ്ട്. കോവിഡ്-19 മഹാമാരിയെ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാര്‍ വരുത്തിയ വീഴ്ചകളാണ് അര്‍ജന്റീനയുടെ സ്ഥിതി ഇത്രയും പരിതാപകരമാക്കിയത്.

പെറോണിസ്റ്റ് പാര്‍ട്ടിയുടെ ഇടത് ആഭിമുഖ്യമുള്ള വിഭാഗത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് ആല്‍ബര്‍ട്ടോ ഫെര്‍ണാണ്ടസിന്റെയും അദ്ദേഹത്തിന്റെ ശക്തയായ വൈസ് പ്രസിഡന്റ് ക്രിസ്റ്റിന ഫെര്‍ണാണ്ടസ് ഡെ കിര്‍ച്ച്‌നെറുടെയും മാത്രം കുറ്റം കൊണ്ടല്ല അര്‍ജന്റീനയുടെ സാമ്പത്തിക നില മോശമായത്. 2019 ലെ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട് പുറത്താവുന്നതിന് മുന്‍പേ തന്നെ അന്താരാഷ്ട്ര നാണ്യനിധിയില്‍ നിന്ന് ഭീമമായി കടമെടുത്ത് രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ച മുന്‍ പ്രസിഡന്റ് മൗറീഷ്യോ മാക്രിക്കും ഇതില്‍ വലിയ പങ്കുണ്ട്. അതേസമയം ഫെര്‍ണാണ്ടസിനും ഫെര്‍ണാണ്ടസ് ഡെ കിര്‍ച്ച്‌നെര്‍ക്കും ഈ കടബാധ്യതയില്‍ നിന്ന് അര്‍ജന്റീനയെ കരകയറ്റാന്‍ സാധിച്ചില്ല എന്നതും എടുത്ത് പറയേണ്ടതുണ്ട്.

രാജ്യത്തുണ്ടായിരുന്ന മറ്റ് പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി കൂടുതല്‍ സമയം മാറ്റിവയ്‌ക്കേണ്ട അവസ്ഥയിലായിരുന്നു ഇരു നേതാക്കളും. മുന്‍പുണ്ടായിരുന്നത് പോലെ രാഷ്ട്രീയ രക്ഷാകര്‍തൃത്വം മൂലമുണ്ടാവുന്ന അഴിമതിയും ലഹരികടത്ത് കാരണം പുതുതായി സൃഷ്ടിക്കപ്പെടുന്ന വെല്ലുവിളികളും ഒരുപോലെ കൈകാര്യം ചെയ്യേണ്ട സാഹചര്യം പ്രസിഡന്റിനും വൈസ് പ്രസിഡന്റിനുമുണ്ടായി. കൂടാതെ സര്‍ക്കാര്‍ കരാറുകള്‍ വഴിവിട്ട മാര്‍ഗങ്ങളിലൂടെ സുഹൃത്തിന് നല്കുകയും അതുവഴി അഴിമതിയിലേര്‍പ്പെടുകയും ചെയ്തതിന്റെ പേരില്‍ വൈസ് പ്രസിഡന്റ് ക്രിസ്റ്റിന ഫെര്‍ണാണ്ടസ് ഡെ കിര്‍ച്ച്‌നെര്‍ 2022 ഡിസംബര്‍ 6 ന് ആറ് വര്‍ഷത്തെ ജയില്‍ശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരുന്നു.
കഴിഞ്ഞ 70 വര്‍ഷത്തിലേറെയായി അജന്റീനയുടെ രാഷ്ട്രീയ ഭരണത്തിന്റെ കടിഞ്ഞാണ്‍ കൈയാളിയിരുന്ന പെറോണിസം എന്ന രാഷ്ട്രീയ തത്വശാസ്ത്രത്തിന് അന്ത്യം കുറിക്കാന്‍ തന്നെ ഇത്തവണത്തെ തെരഞ്ഞെടുപ്പ് ഇടയാക്കും എന്ന് വിശ്വസിക്കുന്നവരുമുണ്ട്, രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി കൈകാര്യം ചെയ്യുന്നതിലുണ്ടായ അലംഭാവവും അഴിമതിയുമെല്ലാം പെറോണിസത്തിന്റെ അന്ത്യവിസില്‍ മുഴക്കാന്‍ ഇടയാക്കുമെന്ന് വിശ്വസിക്കുന്നവര്‍ ഏറെയാണ്. മാത്രവുമല്ല, തെരഞ്ഞെടുപ്പ് കാലത്തുടനീളം ഒരു നേതാവില്‍ മാത്രമായി രാഷ്ട്രീയ ശ്രദ്ധ ഏകീകരിക്കുന്ന രീതി പെറോണിസത്തെ കാര്യമായി ദുര്‍ബലപ്പെടുത്തുന്നുമുണ്ട്.

മുന്‍ പ്രസിഡന്റായി മൗറീഷ്യോ മാക്രിയുടെ പാര്‍ട്ടിയും വിവിധ തരം വിഭാഗീയതകളാല്‍ നട്ടം തിരിയുന്ന സാഹചര്യത്തിലാണ് ഇപ്പോഴുള്ളത്. സ്വന്തം പാര്‍ട്ടിയില്‍ നിന്നു തന്നെ മൗറീഷ്യോയ്ക്ക് കടുത്ത വെല്ലുവിളികള്‍ നേരിടുന്ന സ്ഥിതിയാണുള്ളത്.

രാഷ്ട്രീയവും സാമ്പത്തികവുമായ ഈ ഘടകങ്ങള്‍ ഫലത്തില്‍ ഗുണം ചെയ്യാന്‍ പോവുന്നത് ഇവര്‍ രണ്ടു പേരുമല്ലാത്ത മൂന്നാമതൊരു സ്ഥാനാർഥിയായ ജാവിയേര്‍ മിലേയിയ്ക്കാണ്. പ്രമുഖ ലിബര്‍ട്ടേറിയന്‍ നേതാവായ ജാവിയേറിന് തെരഞ്ഞെടുപ്പിന്റെ സാധ്യത പ്രവചനങ്ങളിലെല്ലാം മുന്‍തൂക്കം ലഭിച്ചു കഴിഞ്ഞു. കൂടാതെ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് റൊണാള്‍ഡ് ട്രംപിന്റെ പരുഷവും ചടുലവുമായ ശൈലിയോട് സാമ്യമുള്ള രീതിക്കാരനാണ് ജാവിയോര്‍ എന്നും പലരും നിരീക്ഷിക്കുന്നു.

പാകിസ്ഥാന്‍ (2023ന്റെ അവസാനം)
അയേഷ ജലാല്‍, ടുഫ്റ്റ്‌സ് സർവകലാശാലയിലെ ചരിത്ര പ്രൊഫസര്‍.
പാകിസ്ഥാന്‍ തെരഞ്ഞെടുപ്പുകളെല്ലാം ബല പരീക്ഷണങ്ങളാണ്. പുറത്താക്കപ്പെട്ട ഭരണത്തിലിരിക്കുന്ന പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ അവകാശപ്പെടുന്നത് പോലുള്ള മൂന്നില്‍ രണ്ട് ഭൂരിപക്ഷം വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന് നേടാനാവുമോയെന്നാണ് പലരും ഉറ്റുനോക്കുന്നത്. മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തില്‍ കുറഞ്ഞ ഏതൊരു തെരഞ്ഞെടുപ്പ് ഫലവും മുന്‍ ദേശീയ ക്രിക്കറ്റ് താരം കൂടിയായിരുന്ന ഇമ്രാന്‍ ഖാനെ തൃപ്തിപ്പെടുത്തിയേക്കില്ല.

പാകിസ്ഥാനില്‍ എന്ന് തെരഞ്ഞെടുപ്പ് നടക്കും എന്നതാണ് പ്രധാന ചോദ്യം. ഭരണത്തിലിരിക്കുന്ന സര്‍ക്കാരിന്റെ മേല്‍നോട്ടത്തില്‍ പൊതു തെരഞ്ഞെടുപ്പ് സംഘടിപ്പിക്കുന്ന രീതി പാകിസ്ഥാനില്‍ പൊതുവേ ഇല്ല. സാങ്കേതിക വൈദഗ്ധ്യമുള്ള ഭരണാധികാരികള്‍ ചേര്‍ന്ന് രൂപം നല്കുന്ന ഇടക്കാല സര്‍ക്കാരിന്റെ നേതൃത്വത്തിലാണ് തെരഞ്ഞെടുപ്പുകള്‍ നടക്കാറുള്ളത്. ഇടക്കാല സര്‍ക്കാര്‍ അധികാരത്തിലെത്തി 90 ദിവസത്തിനുള്ളില്‍ തെരഞ്ഞെടുപ്പ് നടത്തിയിരിക്കണം എന്നതാണ് ചട്ടം.
എന്നാല്‍ സാധിക്കുന്നത്ര കാലം അധികാരത്തില്‍ തുടരാനാണ് നിലവിലെ സര്‍ക്കാരിന്റെ താല്പര്യം എന്ന് വ്യക്തമാണ്. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയും പ്രകൃതി ദുരന്തങ്ങളും നേരിടുകയും ഭരണാധികാരികളോടുള്ള ജനങ്ങളുടെ വിശ്വാസ്യതയ്ക്ക് മങ്ങലേല്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് അധികാരത്തില്‍ കടിച്ചു തൂങ്ങാന്‍ നിലവിലെ സര്‍ക്കാര്‍ വെമ്പല്‍ കൊള്ളുന്നതെന്ന കൗതുകവുമുണ്ട്. ദേശീയ അസംബ്ലി എപ്പോള്‍ പിരിച്ചു വിടുമെന്നോ ഇടക്കാല സര്‍ക്കാര്‍ എന്ന് അധികാരത്തിലെത്തുമെന്നോ നിലവിലെ സാഹചര്യത്തില്‍ ആര്‍ക്കും വ്യക്തതയില്ല. അതുകൊണ്ടുതന്നെ പൊതു തെരഞ്ഞെടുപ്പ് പരമാവധി നീട്ടിവയ്ക്കാനാണ് സാധ്യത. അങ്ങനെയെങ്കില്‍ ഇക്കൊല്ലം അവസാനമായിരിക്കും പാകിസ്ഥാന്‍ തെരഞ്ഞെടുപ്പിനെ നേരിടുക.
എന്തു തന്നെയായാലും പാകിസ്ഥാനെ കാത്തിരിക്കുന്നത് ഒട്ടേറെ നാടകീയതകള്‍ നിറഞ്ഞൊരു തെരഞ്ഞെടുപ്പാണ്. ഇമ്രാന്‍ഖാന്റെ സ്വന്തം പാര്‍ട്ടിയായ തെഹ്രീക് – ഇ – ഇന്‍സാഫിനെ സഖ്യത്തില്‍ നിന്ന് പുറത്താക്കിയ കൂട്ടുമന്ത്രിസഭയാണ് നിലവില്‍ പാകിസ്ഥാന്‍ ഭരിക്കുന്നത്. നിരവധി പാര്‍ട്ടികളുടെ ഒരു കൂട്ടമാണ് ഇത് എന്നതു കൊണ്ടുതന്നെ അധികാരത്തില്‍ തുടരാന്‍ സഖ്യകക്ഷികള്‍ക്ക് സാധിക്കുമോ എന്ന് കണ്ടറിയണം.

താന്‍ ഭരണഘടനയില്‍ മാറ്റങ്ങള്‍ വരുത്താന്‍ ആഗ്രഹിക്കുന്നുണ്ടെന്നും അത് സാധ്യമാവണമെങ്കില്‍ തനിക്ക് മൂന്നില്‍ രണ്ട് ഭൂരിപക്ഷം ആവശ്യമാണെന്നും ഖാന്‍ അഭിപ്രായപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ അത്തരമൊരു ഭൂരിപക്ഷം ലഭിക്കാതെ വന്നാല്‍ ഖാന്‍ സംതൃപ്തനാവുമോ എന്ന ചോദ്യം അവശേഷിക്കുന്നു.

എന്തുതന്നെയായാലും പാകിസ്ഥാന്‍ നേരിട്ടുകൊണ്ടിരിക്കുന്ന ദുരിതങ്ങള്‍ അകറ്റാന്‍ പുതുതായി തെരഞ്ഞെടുക്കപ്പെടുന്ന സര്‍ക്കാരിന് സാധിക്കുമെന്ന പ്രതീക്ഷയ്ക്ക് അടിസ്ഥാനമില്ല. പുതുതായി വരുന്ന സര്‍ക്കാരിന്റെ പ്രധാന ദൗത്യം രാജ്യത്തിന്റെ സാമ്പത്തിക അസ്ഥിരതയ്ക്ക് പരിഹാരം കാണുക എന്നതായിരിക്കും. അതിനായി അന്താരാഷ്ട്ര നാണയനിധിയുടെ സഹായം തേടുക എന്ന മാര്‍ഗമാണ് മുന്‍പിലുള്ളത്. അടിയന്തര സാമ്പത്തിക സഹായത്തോടെയല്ലാതെ പാകിസ്ഥാന് മുന്‍പോട്ട് പോവാനുള്ള ത്രാണിയുണ്ടാവില്ല എന്നതാണ് വാസ്തവം.
തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടക്കാനിടയുള്ള കലാപങ്ങളുടെ സാധ്യതയും തള്ളിക്കളയാനാവില്ല. ഏതൊരാള്‍ക്കും തോക്ക് കൈവശം വയ്ക്കാനുള്ള അവകാശം നല്‍കിയതോടെ രാജ്യമെമ്പാടും തോക്കിന്റെ ഒഴുക്കും കടുത്ത ധ്രുവീകരണവും രൂക്ഷമായിരിക്കുകയാണ്. 2013 ലെ തെരഞ്ഞെടുപ്പ് കാലത്ത് നിരവധി അക്രമ സംഭവങ്ങള്‍ പാകിസ്ഥാനില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. വടക്കന്‍ പാക് മേഖലയില്‍ അടുത്തിടെ വ്യാപക അക്രമങ്ങളുണ്ടായതും ഒരു റാലിക്കിടെ ഇമ്രാന്‍ ഖാന് വെടിയേറ്റതും തെരഞ്ഞെടുപ്പിനിടെയുള്ള അക്രമ സാധ്യതയുടെ ബലം കൂട്ടുന്നതാണ്.

തെരഞ്ഞെടുപ്പ് കാലയളനിവിനിടയില്‍ നടക്കാന്‍ സാധ്യതയുള്ള അക്രമങ്ങളെ പ്രതിരോധിക്കാന്‍ പാകിസ്ഥാന്‍ സുരക്ഷാ സേനയ്ക്ക് സാധിക്കുമെന്ന പ്രതീക്ഷ മാത്രമാണ് അവശേഷിക്കുന്നത്.

കടപ്പാട്: ദ കോൺവെർസേഷൻ

You must be logged in to post a comment Login