എന്തുകൊണ്ടാണവർ വീടുകൾ ഇടിച്ചുനിരത്തുന്നത്?

എന്തുകൊണ്ടാണവർ വീടുകൾ ഇടിച്ചുനിരത്തുന്നത്?

ഡൽഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കാപിറ്റൽ ബിൽഡേഴ്സ് റിയല്‍ എസ്റ്റേറ്റ് കമ്പനിക്കും ഡി ഡി എയ്ക്കും ഇടയില്‍ നിലനിന്നിരുന്ന നിയമയുദ്ധമാണ് ഖരക് സത്ബാരിയിലെ വീടുകളുടെ പൊളിച്ചു നീക്കലിലേക്ക് നയിച്ചത്. സ്വകാര്യ കെട്ടിട നിര്‍മാതാക്കളായ കാപിറ്റല്‍ ബില്‍ഡേഴ്സിന് അനുകൂലമായി ഡൽഹി ഹൈക്കോടതിയുടെ വിധി വന്നതോടെ ഖരക് സത്ബാരിയിലെ കുടുംബങ്ങള്‍ വഴിയാധാരമാവുകയായിരുന്നു.

ഡി ഡി എയ്ക്കും കേന്ദ്ര സര്‍ക്കാരിനുമെതിരെ 2015-2016 ലാണ് കമ്പനി പരാതിയുമായി രംഗത്തെത്തിയതെന്ന് ഡൽഹിയില്‍ അഭിഭാഷകനായി പ്രവര്‍ത്തിക്കുന്ന എന്‍ എസ് ദലാല്‍ പറയുന്നു. ഈ കേസുമായി ബന്ധപ്പെട്ട് ഖരക് സത്ബാരി നിവാസികള്‍ക്ക് നിയമ സഹായങ്ങള്‍ നല്കിവന്നിരുന്നത് ദലാല്‍ ആയിരുന്നു. ഹൈക്കോടതി ഈ പരാതി സ്വീകരിച്ചെങ്കിലും സുപ്രീം കോടതി അവര്‍ക്ക് എതിരായ വിധിയാണ് പുറപ്പെടുവിച്ചത്.

പിന്നീട്, തങ്ങളുടെ സ്ഥലം കൈയടക്കാന്‍ പ്രദേശവാസികള്‍ ശ്രമിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയും ഇതിനെതിരെ അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടും 2019 ല്‍ കാപിറ്റല്‍ ബില്‍ഡേഴ്സ് പുതിയൊരു പരാതി ഡൽഹി ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. ഇങ്ങനെയൊരു പരാതി കോടതിയിലെത്തിയ കാര്യം ഖരക് സത്ബാരിയിലെ താമസക്കാര്‍ അറിഞ്ഞതു പോലുമില്ലെന്നും ദലാല്‍ പറഞ്ഞു.

തങ്ങളുടെ വീടുകള്‍ ഇടിച്ചുനിരത്തുന്നത് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് 2022 ഒക്ടോബറില്‍ ഇവിടുത്തെ താമസക്കാര്‍ ഹൈക്കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചു. എന്നാല്‍ കോടതി മുന്‍പ് പുറപ്പെടുവിച്ച ഓര്‍ഡര്‍ പുതുക്കിയിട്ടില്ലെന്നും വീടുകള്‍ പൊളിച്ചു മാറ്റണമെന്നുള്ള നിര്‍ദേശം പുതുതായി പുറപ്പെടുവിച്ചിട്ടില്ലെന്നുമായിരുന്നു കോടതിയുടെ മറുപടി. ഡി ഡി എയുടെ നേതൃത്വത്തില്‍ വീടുകള്‍ പൊളിച്ചു മാറ്റിയതിന് പിന്നാലെ പൊലീസിനും ഡി ഡി എയ്ക്കുമെതിരെ ഡൽഹി ഹൈക്കോടതിയില്‍ പുതിയ റിട്ട് ഹര്‍ജി സമര്‍പ്പിച്ചിരിക്കുകയാണ് ദലാല്‍. ഖരക് സത്ബാരി നിവാസികള്‍ക്ക് പറയാനുള്ളത് കേള്‍ക്കണമെന്ന് ആവശ്യപ്പെട്ടും അവര്‍ക്കുണ്ടായ നഷ്ടങ്ങള്‍ക്ക് പരിഹാരം ആവശ്യപ്പെട്ടുമാണ് പുതിയ ഹര്‍ജി ദലാല്‍ നല്‍കിയിരിക്കുന്നത്.

എന്തടിസ്ഥാനത്തിലാണ് പൊലീസും ഡി ഡി എയും ചേര്‍ന്ന് പ്രദേശത്തെ വീടുകള്‍ പൊളിച്ചുമാറ്റിയതെന്ന് വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ടും ഇത്തരമൊരു വിഷയത്തെ മുന്‍കൂട്ടി അറിയിച്ചു കൊണ്ടുള്ള നോട്ടീസ് താമസക്കാര്‍ക്ക് അയക്കാതിരുന്നത് ചേദ്യംചെയ്തുമാണ് പുതിയ ഹര്‍ജി. പരാതി നല്‍കിയവരില്‍ ആര്‍ക്കും ഒരു തരത്തിലുമുള്ള നോട്ടീസ് ഇതേ വരെ ലഭിച്ചിട്ടില്ലെന്നും ഹര്‍ജി വ്യക്തമാക്കുന്നു. ഈ വിഷയം 2023 മാര്‍ച്ച് 13 ന് കോടതിയുടെ പരിഗണനയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇക്കഴിഞ്ഞ മെയ് മാസത്തില്‍ ഛത്തര്‍പൂരിലെ ജനപ്രതിനിധിയായ ആം ആദ്മി പാര്‍ട്ടി അംഗം കര്‍തര്‍ സിംഗ് തന്‍വാര്‍ ഖരക് സത്ബാരി നിവാസികള്‍ക്ക് ഒരു നോട്ടീസ് പങ്കുവച്ചിരുന്നു. പ്രദേശത്തെ വീടുകള്‍ പൊളിച്ചുനീക്കാനുള്ള ഒരു ശ്രമവും തന്റെ പാര്‍ട്ടി അനുവദിച്ചു കൊടുക്കില്ലെന്നായിരുന്നു ആ നോട്ടീസിന്റെ സംക്ഷിപ്തം. പ്രസ്തുത പൊളിച്ചുനീക്കല്‍ നടക്കുന്നതിന് തൊട്ടുമുന്‍പത്തെ ദിവസം പോലും തന്‍വാര്‍ പ്രദേശവാസികളോട് ഇതേ പ്രസ്താവന ആവര്‍ത്തിച്ചതായും പ്രദേശവാസികള്‍ ചൂണ്ടിക്കാട്ടുന്നു.

ശിക്ഷയാണ് പൊളിച്ചു നീക്കൽ
കലാപ ശ്രമം നടത്തിയെന്ന് ആരോപിച്ചും മറ്റ് സാങ്കേതിക കാരണങ്ങള്‍ പറഞ്ഞും മുന്‍പ് ഡൽഹിയിലും മധ്യപ്രദേശിലും ഗുജറാത്തിലുമെല്ലാം മനുഷ്യരുടെ വീടുകളും മറ്റു സ്വത്ത് വകകളും പൊളിച്ചുമാറ്റുകയും നശിപ്പിക്കുകയും ചെയ്ത സംഭവങ്ങളുണ്ടായിട്ടുണ്ട്. ഇവയെല്ലാം തന്നെ ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളോ ബി ജെ പിയുടെ സ്വാധീനമുള്ള സംസ്ഥാനങ്ങളോ ആണെന്നത് ശ്രദ്ധേയമാണ്. സമാന സ്വഭാവമുള്ള ഇത്തരം സംഭവങ്ങളിലെല്ലാം തന്നെ ഒരു ഗ്രൂപ്പിനെ മുഴുവനായി ലക്ഷ്യംവെച്ചുകൊണ്ടുള്ള പ്രതികാര നടപടികളാണ് ബന്ധപ്പെട്ടവര്‍ സ്വീകരിച്ചിരിക്കുന്നത്.
ഖരക് സത്ബാരിയുടെ കാര്യത്തില്‍ സംഭവിച്ചത് പോലെ ഈ സംസ്ഥാനങ്ങളിലെല്ലാം വീടും സ്വത്തുകളും നഷ്ടമായത് മുസ്‌ലിംകള്‍ക്കായിരുന്നു. ഇതിനായി അധികൃതര്‍ സ്വീകരിച്ച നടപടികള്‍ നിയമവിരുദ്ധവും കോടതി വിധികളെ കണക്കിലെടുക്കാതെയുള്ളവയുമായിരുന്നു. 2009 ല്‍ ഒരു പ്രതിഷേധ പരിപാടിയ്ക്കിടെ സ്വത്തുവകകള്‍ കണ്ടുകെട്ടാന്‍ അധികൃതര്‍ നടത്തിയ നിയമവിരുദ്ധ ശ്രമങ്ങളെ നീതീകരിച്ചു കൊണ്ട് സുപ്രീം കോടതി നടത്തിയ വിധി ന്യായം മാത്രമാണ് ഇതിന് അപവാദമായുള്ളത്.

1985 ലും 2017 ലും സുപ്രീം കോടതി നടത്തിയ നിര്‍ണായക വിധിപ്രസ്താവനകളെ അവഗണിച്ചുകൊണ്ട് നടത്തിയ പൊളിച്ചുനീക്കലുകളുടെ ഒരു പരമ്പര തന്നെ അടുത്ത കാലത്തുണ്ടായി. ഭൂമിയില്‍ നിന്ന് കുടിയൊഴിപ്പിക്കുന്നതിനും വീടുകളും സ്വത്തുകളും പൊളിച്ചുനീക്കുന്നതിനും മുന്‍പ്, അതില്‍ ബാധിക്കപ്പെടുന്ന വ്യക്തികളുമായി സംസാരിച്ചും അവരുടെ ആശങ്കകള്‍ പരിഹരിച്ചും നടപടികളിലേക്ക് കടക്കണമെന്നും സുതാര്യവും നീതിപൂർവവും കാര്യ കാരണസഹിതവുമായി അവ പൂര്‍ത്തിയാക്കണമെന്നും ജീവിച്ചിരിക്കാനും അന്തസോടെ കഴിയാനുമുള്ള അവകാശങ്ങളെ സംരക്ഷിച്ചുകൊണ്ട് വേണം നടപടി ക്രമങ്ങളിലേക്ക് കടക്കേണ്ടതെന്നുമാണ് ഈ വിധി ന്യായങ്ങള്‍ വ്യക്തമാക്കിയത്.

ബി ജെ പിയുടെ തിരഞ്ഞെടുപ്പ് രാഷ്ട്രീയ ചിത്രത്തിലെ നിര്‍ണായകമായൊരു ഘടകമായി ബുള്‍ഡോസര്‍ രാഷ്ട്രീയം മാറിക്കഴിഞ്ഞു. “ബുള്‍ഡോസര്‍ ബാബ’ എന്ന വിളിപ്പേരുമായി 2022 മാര്‍ച്ചില്‍ ഉത്തര്‍പ്രദേശ് നിയമസഭ തിരഞ്ഞെടുപ്പ് ഗോദയിലേക്ക് രണ്ടാമതും ഇറങ്ങിയ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വന്‍ വിജയം ഉണ്ടാക്കിയിരുന്നു. “ബുള്‍ഡോസര്‍ ബാബ’, എന്നും “ജയ്ശ്രീ റാം’ എന്നും വിശേഷിപ്പിച്ചു കൊണ്ടാണ് ഇക്കഴിഞ്ഞ നവംബര്‍ 19 ന് ഗുജറാത്തിലെ മോര്‍ബിയില്‍ എത്തിയ ആദിത്യനാഥിനെ അവിടുത്തെ ബി ജെ പി പ്രവര്‍ത്തകര്‍ വരവേറ്റത്.

2022 ല്‍ ബി ജെ പി ഭരണത്തിലുള്ള രാജ്യത്തെ നാല് സംസ്ഥാനങ്ങളില്‍ നടന്ന വര്‍ഗീയ ലഹളകള്‍ക്ക് പിന്നാലെ മുസ്‌ലിംകളുടെ വീടും സ്വത്തുവകകളും അവിടുത്തെ സര്‍ക്കാരുകള്‍ പൊളിച്ചുമാറ്റിയ സംഭവങ്ങള്‍ ആവര്‍ത്തിച്ചിരുന്നു. മുസ്‌ലീമേതര വിഭാഗത്തില്‍പ്പെട്ടവരുടെ വസ്തുവകകളും ഇടിച്ചു നിരത്തിയവയുടെ കൂട്ടത്തില്‍ ഉള്‍പ്പെടുമെങ്കിലും അവയില്‍ ഏറിയ പങ്കും മുസ്‌ലിംകളുടേത് തന്നെയായിരുന്നു. ഈ സംഭവങ്ങള്‍ 2022 ഏപ്രിലില്‍ ആര്‍ട്ടിക്കിള്‍ 14 റിപ്പോര്‍ട്ട് ചെയ്തിട്ടുമുണ്ട്.
2022 ഏപ്രിലില്‍ മധ്യപ്രദേശിലെ ഖര്‍ഗോണില്‍ നടന്ന വര്‍ഗീയ ലഹളയുടെ ഭാഗമായി “”കല്ലേറില്‍ ഏര്‍പ്പെടുന്ന വീടുകളെ കല്ഭവനങ്ങളാക്കി മാറ്റും” എന്ന് ഭീഷണി മുഴക്കിയാണ് മധ്യപ്രദേശിന്റെ ആഭ്യന്തര മന്ത്രിയായിരുന്ന നരോത്തം മിശ്ര പ്രതികരച്ചത്.

സമീപകാല പൊളിച്ചുമാറ്റലുകളും കോടതികളും
“”ഭൂരിപക്ഷ സമുദായങ്ങള്‍ അവരുടെ രാഷ്ട്രീയബലം തെളിയിക്കാന്‍ പുറത്തെടുക്കുന്ന തുറുപ്പു ചീട്ടാണ് ബുള്‍ഡോസര്‍ രാഷ്ട്രീയം. ഭരണഘടനയുടെയും നിയമവ്യവസ്ഥയുടെയും കവചങ്ങള്‍ മാറ്റിവെച്ചുകൊണ്ട് മുസ്‌ലിം മത ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ക്ക് മേല്‍ കടന്നുകയറ്റം നടത്താന്‍ സ്റ്റേറ്റിന് കഴിയും എന്ന് ബുള്‍ഡോസര്‍ നീതി വ്യക്തമാക്കിത്തരുന്നു. ഭരണഘടനാവകാശങ്ങള്‍ക്ക് കുറുകേ വരച്ചിരിക്കുന്ന ചുവന്ന വര കടക്കുകയാണ് ഇതിലൂടെ സ്റ്റേറ്റ് ചെയ്യുന്നത്,” മന്ദര്‍ പറയുന്നു.
തെക്കന്‍ ഡൽഹി ഭാഗത്ത് നിയമവിരുദ്ധമായി പണിത കെട്ടിടങ്ങള്‍ ഇടിച്ചുനിരത്താനായി 2022 ല്‍ തങ്ങള്‍ ഒരു “ബൃഹത് പൊളിച്ചു നീക്കല്‍ മാമാങ്കം’ സംഘടിപ്പിച്ചതായി ഡൽഹി മുന്‍സിപ്പല്‍ കോര്‍പറേഷന്‍ പ്രഖ്യാപിച്ചത് കഴിഞ്ഞ ഓഗസ്റ്റ് 26-ാം തിയതിയായിരുന്നു. തുടര്‍ന്ന് പുറത്തിറക്കിയ പ്രസ്താവനയില്‍ ഇത്തരം പൊളിച്ചുനീക്കല്‍ ശ്രമങ്ങള്‍ കൂടുതല്‍ വ്യാപിപ്പിക്കും എന്ന് കോര്‍പറേഷന്‍ വ്യക്തമാക്കിയിരുന്നു.

നവംബര്‍ 24 ന് പാറ്റ്ന ഹൈക്കോടതിയില്‍ നടന്ന ഒരു വാദത്തിനിടെ ജസ്റ്റിസ് പ്രദീപ് കുമാര്‍ ബിഹാര്‍ പൊലീസിനെ ശകാരിച്ചതും ഇതോടൊപ്പം പരമാര്‍ശിക്കേണ്ടതുണ്ട്. “”ഇവിടെയും ബുള്‍ഡോസറുകള്‍ ഉരുണ്ടു തുടങ്ങിയോ? ഇയാളുടെ സ്ഥലത്ത് ബുള്‍ഡോസര്‍ ഇറക്കി നശിപ്പിക്കാന്‍ അധികാരമുള്ള ഈ പ്രബല വ്യക്തി ആരാണ്? നിങ്ങള്‍ ആരെയാണ് പ്രതിനിധീകരിക്കുന്നത്? സര്‍ക്കാരിനെയോ അതോ ഏതെങ്കിലും സ്വകാര്യ വ്യക്തിയെയോ? ആര്‍ക്ക് വേണമെങ്കിലും ആരുടെ വീട് വേണമെങ്കിലും ഇത്തരത്തില്‍ ഒരു ബുള്‍ഡോസര്‍ കൊണ്ടുവന്ന് ഇടിച്ചു നശിപ്പിക്കാം എന്നതിന് തെളിവാണ് ഈ സംഭവം,” എന്നീ വിമര്‍ശനങ്ങളാണ് പൊലീസിനെതിരെ ജസ്റ്റിസ് ഉന്നയിച്ചത്. ആക്ഷേപം ഉന്നയിക്കപ്പെട്ട വീട് കൃത്യമായ നടപടി ക്രമങ്ങളൊന്നും പാലിക്കാതെയാണ് സര്‍ക്കാര്‍ പൊളിച്ചുനീക്കിയതെന്ന് കോടതി നിരീക്ഷിച്ചിരുന്നു.

അലഹബാദ് ഹൈക്കോടതി കഴിഞ്ഞ നവംബര്‍ 30ന് സമാന രീതിയില്‍ ഉത്തര്‍പ്രദേശിലെ അമേഠി ജില്ലാ ഭരണകൂടത്തെയും രൂക്ഷമായി വിമര്‍ശിച്ചിരുന്നു. നിരവധി പ്രഥമ വിവര റിപ്പോര്‍ട്ടുകള്‍ (FIR) സമര്‍പ്പിക്കുകയും ജില്ലാ ബാര്‍ അസോസിയേഷന്‍ അംഗമായ അഭിഭാഷകന്റെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങള്‍ പൊളിച്ചുനീക്കിയതുമായും ബന്ധപ്പെട്ടാണ് കോടതി ജില്ലാ ഭരണകൂടത്തെ വിമര്‍ശിച്ചത്. കെട്ടിടങ്ങള്‍ പൊളിക്കാനായി ജില്ലാ ഭരണകൂടം കാട്ടിയ വ്യഗ്രത, അവരുടെ അനാവശ്യ തിടുക്കം വ്യക്തമാക്കുന്നുവെന്ന് മാത്രമല്ല കഷ്ടിച്ച് ഒരാഴ്ചയ്ക്കിടയില്‍ എത്തിയ പരാതികളിലൂടെ ജില്ലാ ഭരണകൂടത്തിന്മേലുള്ള വിശ്വാസ്യത തന്നെ ചോദ്യ ചിഹ്നത്തിലായെന്നും കോടതി നിരീക്ഷിച്ചു.
സുപ്രീം കോടതി സ്റ്റേ ഓര്‍ഡറിനെപ്പോലും കാറ്റില്‍പ്പറത്തിയാണ് 2022 ഏപ്രിലില്‍ വടക്കു പടിഞ്ഞാറന്‍ ഡൽഹിയിലെ ജഹാംഗിര്‍പുരിയില്‍ വ്യാപകമായ പൊളിച്ചുമാറ്റല്‍ പ്രക്രിയ ഭരണകൂടം നടത്തിയത്. ബജ്റംഗ്ദൾ സംഘടിപ്പിച്ച ഹനുമാന്‍ ജയന്തിയ്ക്ക് പിന്നാലെ ജഹാംഗിര്‍പുരിയില്‍ വ്യാപകമായ വര്‍ഗീയ സംഘഷങ്ങള്‍ നടന്നിരുന്നു. അതിന്റെ ഭാഗമായി പൊലീസ് അറസ്റ്റ് ചെയ്തവരിലേറെയും മുസ്‌ലിംകളായിരുന്നു.

ഇതിന് പിന്നാലെ, കലാപശ്രമം നടത്തുന്ന സാമൂഹിക വിരുദ്ധരുടെ അനധികൃത കെട്ടിടങ്ങളും നുഴഞ്ഞുകയറ്റങ്ങളും ബുള്‍ഡോസറുപയോഗിച്ച് ഇടിച്ചു നിരത്തണമെന്ന് ആഹ്വാനം ചെയ്തു കൊണ്ട് ബി ജെ പിയുടെ ദില്ലി അധ്യക്ഷനായ അദേഷ് ഗുപ്ത വടക്കന്‍ ദില്ലി മുന്‍സിപ്പല്‍ കോര്‍പറേഷന് കത്തെഴുതി. ഹനുമാന്‍ ജയന്തി പ്രദക്ഷിണത്തിന് നേരെ കല്ലെറിഞ്ഞ “കലാപകാരി’കള്‍ക്ക് നേരെ നടപടി എടുക്കണമെന്നായിരുന്നു ഗുപ്തയുടെ ആവശ്യം.

മെയ് മാസത്തില്‍ തെക്കന്‍ ഡൽഹി മുന്‍സിപ്പല്‍ കോര്‍പറേഷന്റെ ബുള്‍ഡോസറുകള്‍ ഷഹീന്‍ബാഗിലെത്തിയെങ്കിലും പ്രദേശവാസികളുടെ ശക്തമായ പ്രതിഷേധ സമരങ്ങളെത്തുടര്‍ന്ന് അവര്‍ക്ക് മടങ്ങിപ്പോവേണ്ടി വന്നു.

ഒക്ടോബര്‍ 14 ന് പടിഞ്ഞാറന്‍ ഡൽഹിയിലെ ശകുന്‍ ബസ്തിയില്‍ എഴുപതോളം കുടിലുകളാണ് ഉത്തരമേഖലാ റെയില്‍വേ അധികൃതരെത്തി പൊളിച്ചു മാറ്റിയത്. അതേ മാസം 18-ാം തിയതി ജാമിഅ നഗറിനടുത്തുള്ള ബട്്ല ഹൗസിലും ഡൽഹി മുന്‍സിപ്പല്‍ കോര്‍പറേഷന്‍ അധികൃതര്‍ വ്യാപകമായി പൊളിച്ചുനീക്കല്‍ നടത്തിയിരുന്നു.

കയ്യൂക്ക് കാണിക്കുന്ന പൊലീസ് മുറകള്‍
കഴിഞ്ഞ 15 വര്‍ഷമായി ഖരക് സത്ബാരിയില്‍ താമസിച്ചു വരുന്നയാളാണ് സീമ ശർമ എന്ന 34 വയസുകാരി. പ്രദേശത്തെ വീടുകള്‍ പൊളിച്ചുനീക്കുന്നത് കണ്ടുനില്‍ക്കേണ്ടി വന്ന സ്ത്രീകള്‍ അലറിക്കരയുകയും ദേഷ്യപ്പെടുകയും ചെയ്തതായി സീമ ഓര്‍ക്കുന്നു. തങ്ങളെ ചോദ്യംചെയ്യാന്‍ ശ്രമിച്ചവരെ കായികമായി നേരിടാനാണ് പൊലീസ് ശ്രമിച്ചതെന്നും സീമ പറഞ്ഞു. പ്രദേശത്തേക്കുള്ള റോഡുകള്‍ തടഞ്ഞുവച്ചും ജോലിക്കായി പുറത്തു പോയിരുന്ന പുരുഷന്മാരെ തിരികെ വന്നപ്പോള്‍ വഴിയില്‍ തടഞ്ഞുമാണ് പൊലീസ് തങ്ങളുടെ കായികബലം പുറത്തെടുത്തത്. സ്‌കൂളില്‍ നിന്ന് മടങ്ങിയ കുട്ടികളുമായെത്തിയ ബസുകളും ടെംപോകളും റോഡിനപ്പുറം തടയപ്പെട്ടു.
തങ്ങളുടെ വീടുകള്‍ നാമാവശേഷമാവുന്നതിനു മുന്‍പ് അകത്തു കയറി കുറച്ച് തുണികളെങ്കിലും എടുക്കാന്‍ അനുവദിക്കണമെന്ന് സ്ത്രീകള്‍ പലരും പൊലീസിനോട് അപേക്ഷിച്ചെങ്കിലും അവരത് കേട്ടഭാവം പോലും നടിച്ചില്ലെന്ന് പ്രദേശവാസിയായ 35 വയസുകാരി നര്‍ഗീസ് കുറ്റപ്പെടുത്തി. തണുപ്പുകാലം ആയതുകൊണ്ടു തന്നെ കുറച്ച് വസ്ത്രമെങ്കിലും കൈയില്‍ കരുതാം എന്ന് പ്രതീക്ഷിച്ചാണ് പൊലീസിനോട് അങ്ങനെ ചോദിച്ചതെന്നും നര്‍ഗീസ് കൂട്ടിച്ചേര്‍ത്തു.
തന്റെ ബന്ധുക്കളിലൊരാളെ പൊലീസ് മർദിക്കുകയും അറസ്റ്റ് ചെയ്ത് മൈദാന്‍ ഗര്‍ഹി സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും ചെയ്തതായി നര്‍ഗീസ് പറഞ്ഞു. രാത്രിയോടെ മാത്രമാണ് അയാളെ പൊലീസ് വിട്ടയച്ചത്. ഇതേപ്പറ്റിയുള്ള ചോദ്യത്തിന് മറുപടി തരാനും മൈദാന്‍ ഗര്‍ഹിയിലെ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ഇതുവരെ തയാറായിട്ടില്ല.

2001 മുതലേ ഔദ്യോഗികമായി ഖരക് സത്ബാരിയില്‍ സ്ഥിതി ചെയ്തിരുന്ന കോളനിയാണിത്. ഇവിടുത്തെ താമസക്കാര്‍ക്ക് സര്‍ക്കാര്‍ വകയായുള്ള ജല, വൈദ്യുതി കണക്ഷനുകളുണ്ടെന്ന് മാത്രമല്ല, സര്‍ക്കാര്‍ തന്നെ സ്ഥാപിച്ച സി സി ടി വിയും ഇവിടെ കാണാനാവും. ഇത്തരം സൗകര്യങ്ങളെല്ലാം കോളനിയിലെ താമസക്കാര്‍ക്കായി ഒരുക്കിക്കൊടുക്കാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുത്തിട്ടുണ്ടെങ്കില്‍ ഇവിടുത്തെ വീടുകൾ തകര്‍ക്കാതെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വവും അധികൃതര്‍ക്ക് ഉണ്ടായിരുന്നതായി കോടതിയില്‍ സമര്‍പ്പിച്ച റിട്ട് ഹര്‍ജിയില്‍ പറയുന്നു. പ്രസ്തുത തര്‍ക്കഭൂമിയില്‍ പണിത വീടുകളുടെയും മറ്റു കെട്ടിടങ്ങളുടെയും ഉടമസ്ഥാവകാശം താമസക്കാരുടെ പേരില്‍ സര്‍ക്കാര്‍ തന്നെ നല്കിയിട്ടുണ്ടെന്നതിന് തെളിവ് റവന്യൂ രേഖകള്‍ പരിശോധിച്ചാല്‍ ലഭിക്കുമെന്നും ഹര്‍ജിക്കാര്‍ വാദിക്കുന്നു.

ഖരക് സത്ബാരി ഉള്‍പ്പെടുന്ന പ്രദേശത്തിന്റെ വികസനവുമായി ബന്ധപ്പെട്ടുള്ള, ജെ ജെ ബസ്തി ഖരക് റിവാര എന്ന ഒരു ആസൂത്രണ രേഖ ഡൽഹി നഗര വികസന മന്ത്രാലയത്തിന് കീഴിലുള്ള നാഷണല്‍ കാപിറ്റല്‍ ടെറിട്ടറി ഓഫീസില്‍ 2012 ല്‍ സമര്‍പ്പിച്ചതിനും തെളിവുണ്ട്.

തര്‍ക്കമുണ്ടായാലും ഇല്ലെങ്കിലും കെട്ടിടങ്ങള്‍ പൊളിച്ചു നീക്കാനുള്ള തീരുമാനം ഇവിടെ താമസിക്കുന്നവരെ മുന്‍കൂട്ടി അറിയിക്കേണ്ടത് തന്നെയായിരുന്നു എന്ന് ദലാല്‍ അഭിപ്രായപ്പെട്ടു. പ്രദേശവാസികളോട് ഇക്കാര്യം നോട്ടീസ് മുഖാന്തിരം മുന്‍കൂട്ടി അറിയിക്കേണ്ടതിന്റെ ചുമതല ഉണ്ടായിരുന്നത് ഡി ഡി എ യ്ക്കോ മുന്‍സിപ്പാലിറ്റിക്കോ ആയിരുന്നെന്ന്, ദക്ഷിണ ഡൽഹി ഡി സി പി ഓഫീസില്‍ നിന്നുള്ള, പേര് പുറത്തറിയാൻ ആഗ്രഹിക്കാത്ത ഒരു ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തുന്നു. ഉദ്യോഗസ്ഥരുടെ സുരക്ഷയ്ക്ക് വേണ്ടി അവരെ അനുഗമിക്കുക മാത്രമാണ് പൊലീസിന്റെ ജോലി എന്നും കെട്ടിടങ്ങള്‍ പൊളിച്ചുനീക്കുന്നതുമായി ബന്ധപ്പെട്ട് അവര്‍ക്ക് മറ്റ് ഉത്തരവാദിത്വങ്ങള്‍ ഒന്നുമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അലിസാ നൂർ
വിവ. സിന്ധു മരിയ നെപ്പോളിയൻ

You must be logged in to post a comment Login