മലയാളികളുടെ ഒത്തിരിപ്പുകൾ

മലയാളികളുടെ  ഒത്തിരിപ്പുകൾ

“നമ്മുടെ മേല്‍വിലാസം മലയാളി എന്നതാണ്. വിശ്വപൗരനായാലും ലോകത്തിന്റെ ഏതു ഭാഗത്ത് ചെന്നാലും “ആരാണ്; എവിടുന്നാണ്’ എന്ന ചോദ്യത്തിനുള്ള ആത്യന്തികമായ ഉത്തരം മലയാളി എന്ന മേല്‍വിലാസമാണ്. വിശ്വോത്തരതയുടെ മഹാകാശത്ത് മുഖത്തെളിമയോടെ ഉയര്‍ന്നുനില്‍ക്കാന്‍ നമുക്ക് മലയാളത്തിന്റേതായ ഇത്തിരി മണ്ണില്‍ ഉറച്ചുനില്‍ക്കുന്ന വേരുകളുണ്ടായേ പറ്റൂ. ആ മണ്ണില്‍ വേരുറപ്പിച്ചാലേ എല്ലാവരുടേതുമായ ആകാശത്ത് പൂവിട്ടുനില്‍ക്കാനാവൂ’ (പ്രഭാവര്‍മ, ദില്‍സെ; ദില്ലി സെ..).

പ്രവാസവും സംഘാടനവും മലയാളികളുടെ ജീനില്‍ അടങ്ങിയിട്ടുള്ളതാണ്. നാലു മലയാളികള്‍ ഒരിടത്ത് ഒത്തുചേര്‍ന്നാല്‍ ആദ്യം അവര്‍ ആലോചിക്കുന്നത് സംഘടന രൂപീകരിക്കുന്നതിനെക്കുറിച്ചാകും. ഡല്‍ഹിയുടെ രാഷ്ട്രീയത്തിലും സാംസ്‌കാരികപ്രവര്‍ത്തനങ്ങളിലും അത്തരത്തിലുള്ള അനേകം മലയാളിമുദ്രകള്‍ പതിഞ്ഞുകിടപ്പുണ്ട്. ജീവസന്ധാരണത്തിനുവേണ്ടി എങ്ങോട്ടെങ്കിലുമൊക്കെ പുറപ്പെട്ടുപോകാനുള്ള മലയാളിയുടെ സഹജവാസന തന്നെയാണ് ഡല്‍ഹിയെയും അഭയമായി കാണാന്‍ വലിയൊരു വിഭാഗത്തെ പ്രേരിപ്പിച്ചത്. വിദഗ്ധരെയും അവിദഗ്ധരെയും ഒരുപോലെ അന്നമൂട്ടി തലസ്ഥാന നഗരം. കച്ചവടത്തിനും ഉപരിപഠനത്തിനുമായി എത്രയോ പേര്‍ ഡല്‍ഹിയിലേക്കെത്തി. സര്‍ക്കാരുദ്യോഗവും സാംസ്‌കാരികചുമതലകളുമായി വന്നെത്തിയവര്‍ ഇതിനുപുറമെയാണ്. തൊഴില്‍തേടി ഭാഗ്യപരീക്ഷണത്തിനിറങ്ങിയ എത്രയോ മലയാളികളുടെ ഹതാശമായ കഥ കൂടിപ്പറയാനുണ്ട് ഈ മഹാനഗരത്തിന്. അങ്ങനെയൊരാളുടെ കഥ പറഞ്ഞു സുഹൃത്ത് പി ടി മുഹമ്മദ് സഖാഫി.
മൊയ്തു- അതാണ് ആളുടെ പേര്. കോഴിക്കോട് ജില്ലക്കാരനാണ്. ഉമ്മയുടെ മരണത്തിനു പിറകെ വീട് വിട്ടിറങ്ങിയതാണ് അദ്ദേഹം. അപ്പോള്‍ പ്രായം 20 വയസ്സ്. കൊല്‍ക്കത്തയിലും മുംബൈയിലും ഡല്‍ഹിയിലുമായി 40 വര്‍ഷം അലഞ്ഞു. ഡല്‍ഹിതെരുവുകളില്‍ ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്യവേയാണ് ത്വയ്ബ പ്രവര്‍ത്തകര്‍ മലയാളം സംസാരിക്കുന്ന ആളെ ശ്രദ്ധിക്കുന്നത്. മുഷിഞ്ഞ വേഷം. നാലു പതിറ്റാണ്ടായി പലേ നാടുകളില്‍ കറങ്ങിയതുകൊണ്ടാകണം ചില മലയാളവാക്കുകളൊക്കെ മറന്നിരിക്കുന്നു. നാട്ടിലേക്ക് എങ്ങനെ പോകും എന്നുപോലുമറിയാത്ത നിസ്സഹായതയിലായിരുന്നു ആ മനുഷ്യന്‍. മഞ്ഞിനോടും തണുപ്പിനോടും കൊതുകിനോടും മാലിന്യങ്ങളോടും മല്ലയുദ്ധം നടത്തിവേണം തെരുവിലെ പകലന്തികള്‍ തള്ളിനീക്കാന്‍. ആ പരിക്ഷീണാവസ്ഥ മൊയ്തുക്കയുടെ ശരീരത്തില്‍ പ്രകടമായിരുന്നു. ഒടുവില്‍ ത്വയ്ബയുടെ സഹായത്തിന് ജ്യേഷ്ഠസഹോദരന്റെ കൈ പിടിച്ച് ഡല്‍ഹിയുടെ മുഷിഞ്ഞ ജീവിതത്തില്‍നിന്നു നാടിന്റെ, സ്‌നേഹസൗരഭ്യങ്ങളിലേക്ക് തിരിച്ചുപോയി മൊയ്തുക്ക. ദേശവും ഭാഷയും മറന്നുപോയ, സ്വന്തം പേരു പോലും ഓര്‍മയില്‍ തെളിയാത്ത എത്രയോ മനുഷ്യരുണ്ടാകും ഓരോ തെരുവിലും. അല്ലെങ്കിലും തെരുവില്‍ അലയുന്നവരെ ആരും പേരു ചൊല്ലി വിളിക്കാറില്ലല്ലോ. എല്ലാവര്‍ക്കും നമ്മള്‍ ഒറ്റപ്പേര് ചാര്‍ത്തിയിട്ടുണ്ട് – തെണ്ടി.

ഡല്‍ഹിയുടെ സാംസ്‌കാരിക ചരിത്രത്തില്‍ മലയാളികള്‍ക്ക് എന്നും ഒരിടമുണ്ട്. സര്‍ദാര്‍ കെ എം പണിക്കര്‍, വി കെ മാധവന്‍ കുട്ടി, എം പി നാരായണപ്പിള്ള, വി കെ എന്‍, ഒ വി വിജയന്‍, ആനന്ദ്, സച്ചിദാനന്ദന്‍, മുകുന്ദന്‍, കാക്കനാടന്‍, ടി എന്‍ ഗോപകുമാര്‍… അങ്ങനെയങ്ങനെ നീണ്ടുപോകുന്നതാണ് പട്ടിക. ഡല്‍ഹിയെ കഥാദേശമാക്കി ഏറ്റവും കൂടുതല്‍ എഴുതിയത് എം മുകുന്ദനായിരിക്കും. കഥയായും നോവലായും അവ വെളിച്ചം കണ്ടു. “ഡല്‍ഹി 1981′ കഥ വായിച്ച് പതിറ്റാണ്ടുകള്‍ക്കിപ്പുറവും നമ്മള്‍ നടുങ്ങുന്നുണ്ട്. ആ ഡല്‍ഹിയില്‍ നിന്ന് നിര്‍ഭയയുടെ ഡല്‍ഹിയിലേക്ക് ഒട്ടും ദൂരമില്ലെന്ന് നമ്മള്‍ തിരിച്ചറിയുന്നുമുണ്ട്. നഗരങ്ങള്‍ 1981 ലും 2023 ലും ഒരുപോലെ. മഹാമാരികളിലൂടെ, കലാപങ്ങളിലൂടെ, കുടിയൊഴിപ്പിക്കലിലൂടെ, ബലാത്സംഗത്തിലൂടെ, പ്രകൃതിദുരന്തങ്ങളിലൂടെ, അക്രമങ്ങളിലൂടെ അത് സ്വന്തം മക്കളെ കൊന്നുതിന്നുന്നു.

ഡല്‍ഹി മലയാളികളുടെ ആദ്യത്തെ സാംസ്‌കാരിക കൂട്ടായ്മ കേരള ക്ലബ് ആയിരിക്കാനാണ് സാധ്യത. നയതന്ത്ര വിദഗ്ധനും എഴുത്തുകാരനുമായിരുന്ന വി പി മേനോന്‍ (വാപ്പാല പങ്കുണ്ണി മേനോന്‍) ആയിരുന്നു കേരള ക്ലബിന്റെ പ്രഥമ പ്രസിഡന്റ്. ഇന്ത്യ സ്വതന്ത്രമാകുന്നതിനും കേരളസംസ്ഥാനം രൂപപ്പെടുന്നതിനും മുമ്പ് 1939 ലാണ് കേരള ക്ലബ് എന്ന പേരില്‍ ഡല്‍ഹിയില്‍ ഒരു മലയാളികൂട്ടായ്മ ഉണ്ടാകുന്നത്. പില്‍ക്കാലത്ത് ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറി ആയിത്തീര്‍ന്ന കെ പി എസ് മേനോന്റെ മുന്‍കൈയിലാണ് ക്ലബ് സ്ഥാപിതമാകുന്നത്. ഉന്നതോദ്യോഗസ്ഥരുടെയും വിദ്യാസമ്പന്നരുടെയും മാത്രം കൂട്ടായ്മയായിരുന്നു ആദ്യഘട്ടത്തില്‍. പില്‍ക്കാലത്ത് ഡല്‍ഹിവാസികളായ മലയാളി എഴുത്തുകാരുടെ ഒത്തുചേരലിന്റെയും സാഹിത്യസംവാദത്തിന്റെയും ഇടമായി കേരള ക്ലബ് മാറി. ഒ വി വിജയന്റെ മാസ്റ്റര്‍പീസ് നോവൽ ഖസാക്കിന്റെ ഇതിഹാസത്തിന്റെ ചില ഭാഗങ്ങളുടെ ആദ്യ വായനയും ചര്‍ച്ചയും നടന്നത് കൊണാട്ട് പ്‌ളേസിലെ കേരള ക്ലബ് ഓഫീസിലാണ്. നോവലിസ്റ്റ് തന്നെയാണ് സുഹൃദ്സദസ്സില്‍ അത് വായിച്ചുകേൾപ്പിക്കുന്നത്. ഡല്‍ഹി മലയാളി അസോസിയേഷനുള്‍പ്പടെ വേറെയും മലയാളി കൂട്ടായ്മകള്‍ ഇപ്പോള്‍ രാജ്യതലസ്ഥാനത്തുണ്ട്. വിശേഷദിവസങ്ങളില്‍ അവര്‍ ഒത്തുചേരുകയും ആഘോഷപരിപാടികള്‍ സംഘടിപ്പിക്കുകയൂം ചെയ്യുന്നു.

◆ ◆ ◆
ഡല്‍ഹിയിലെ മുസ്‌ലിം കൂട്ടായ്മയായി 1988 ല്‍ രൂപീകൃതമായതാണ് കേരള മുസ്‌ലിം വെല്‍ഫെയര്‍ അസോസിയേഷന്‍. സംഘടനാഭേദമില്ലാതെ എല്ലാവര്‍ക്കും പങ്കാളിത്തമുള്ള കൂട്ടായ്മയാണിത്. മറ്റുപല ആഘോഷപരിപാടികള്‍ സംഘടിപ്പിക്കപ്പെടാറുണ്ടെങ്കിലും സംഘടനയുടെ കീഴില്‍ ആദ്യമായാണ് നബിദിനാഘോഷം സംഘടിപ്പിക്കുന്നത്. സംഘടനയുടെ അഡ്രസില്‍ നബിദിനം ആഘോഷിക്കുന്നതില്‍ ചിലര്‍ക്ക് കടുത്ത എതിര്‍പ്പുള്ളതായി പരിപാടിക്ക് ക്ഷണിക്കുമ്പോള്‍ തന്നെ അബ്ദുറഹ്മാന്‍ ബുഖാരി പറഞ്ഞിരുന്നു. അതിനാല്‍ വളരെയധികം മുന്‍വിധികളുമായാണ് കെ എം ഡബ്‌ള്യു എയുടെ ആസ്ഥാനമായ കേരള ഇസ്‌ലാമിക് കൾച്ചറൽ സെന്ററിലെത്തിയത്. ശ്രോതാക്കളുണ്ടാകുമോ എന്നായിരുന്നു പ്രധാന ആധി. പക്ഷേ, സാമാന്യം തരക്കേടില്ലാത്ത സദസ്സിനെയാണ് അവിടെ അഭിമുഖീകരിച്ചത്. സ്ത്രീകളും കുട്ടികളുമുള്‍പ്പടെ 250 ലേറെപ്പേര്‍ പരിപാടിയിലുണ്ട്. അവിടെ ചെല്ലുമ്പോള്‍ കുട്ടികളുടെ വിവിധ മത്സരങ്ങള്‍ നടക്കുകയാണ്. മാപ്പിളപ്പാട്ട്, മദ്ഹ് ഗാനം, ഖിറാഅത്, വാങ്കുവിളി… കേരളത്തിലെ ഒരു നാട്ടിന്‍പുറത്തെ മൗലിദാഘോഷത്തെ അനുസ്മരിപ്പിക്കുന്ന ഇനങ്ങള്‍. മത്സരിച്ചവര്‍ക്കെല്ലാം സമ്മാനവും ഒരുക്കിയിരിക്കുന്നു സംഘാടകര്‍. മലയാള മനോരമയുടെ ഡല്‍ഹി ബ്യുറോ ചീഫ് ജോമി തോമസ് ആയിരുന്നു പരിപാടിയുടെ ഉദ്ഘാടകന്‍. അധ്യക്ഷഭാഷണത്തില്‍ അഡ്വ. ഹാരിസ് ബീരാന്‍ നബിദിനാഘോഷത്തോട് “ചിലര്‍ക്ക്’ എതിര്‍പ്പുള്ള കാര്യം പരസ്യമായിത്തന്നെ വെളിപ്പെടുത്തി. ആ “ചിലര്‍’ ആരാണെന്ന് അദ്ദേഹം തുറന്നു പറഞ്ഞില്ലെങ്കിലും കാര്യം വ്യക്തമായിരുന്നു. സൗഹൃദത്തിന്റെയും സ്‌നേഹത്തിന്റെയും ഒത്തുചേരലിന്റെ സന്തോഷം പരിപാടിയില്‍ പങ്കെടുത്തവരുടെ മുഖത്തുനിന്ന് വായിച്ചെടുക്കാമായിരുന്നു. എല്ലാവര്‍ക്കും ബിരിയാണി വിളമ്പുക കൂടി ചെയ്തതോടെ കേരളത്തിലെ നബിദിനത്തിന്റെ എല്ലാ ചേരുവകളും ഒത്തുചേര്‍ന്ന ഒന്നാന്തരം ആഘോഷമായി പരിപാടി മാറി.
ഡല്‍ഹിയില്‍ ഒരു സര്‍ദാര്‍ജിയോടൊപ്പം താമസിച്ചിരുന്ന മുസ്‌ലിം മരണപ്പെട്ടപ്പോള്‍ മരണാനന്തര കര്‍മങ്ങള്‍ക്കായി അദ്ദേഹം പലരെയും സമീപിച്ചെങ്കിലും ആരും സന്നദ്ധരായി മുന്നോട്ടുവന്നില്ല. ഒടുവില്‍ ഹിന്ദുമതാചാര പ്രകാരം മൃതദേഹം കത്തിക്കുകയാണുണ്ടായത്. കെ എം ഡബ്‌ള്യു എയുടെ രൂപീകരണത്തിലേക്ക് നയിച്ച കാരണങ്ങളിലൊന്ന് ഇതായിരുന്നുവെന്ന് ഓര്‍ത്തെടുക്കുന്നു സംഘടനയുടെ ആദ്യ ജനറല്‍ സെക്രട്ടറിയായിരുന്ന ഹംസ വി കെ. ചെറുപ്രായത്തില്‍ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരനായി ഡല്‍ഹിയില്‍ എത്തിയതാണ് അദ്ദേഹം. കേരളത്തില്‍ നിന്ന് തലസ്ഥാനത്ത് ചേക്കേറുന്നവര്‍ക്ക് ഒത്തിരിക്കാനുള്ള ഒരു സൗഹൃദകൂട്ടായ്മ ആവശ്യമാണ് എന്ന വിചാരമാണ് ഇതിന്റെ രൂപീകരണത്തിലേക്ക് നയിച്ച മറ്റൊരു ഘടകം. 1988 ഏപ്രില്‍ 15 നു ലോധി ഗാര്‍ഡനില്‍ ഒത്തുചേര്‍ന്ന് അഡ്ഹോക് കമ്മിറ്റി രൂപീകരിച്ചു. ആലപ്പുഴ സ്വദേശിയായ അബൂബക്കര്‍ പ്രസിഡന്റ് ആയി അതേവര്‍ഷം തന്നെ സ്ഥിരസ്വഭാവമുള്ള കമ്മിറ്റി നിലവില്‍ വന്നു. വീടുകളിലും പാര്‍ക്കുകളിലുമാണ് ആദ്യകാലങ്ങളില്‍ മീറ്റിംഗുകള്‍ ചേര്‍ന്നത്. പിന്നീട് ഡല്‍ഹി വികസന അതോറിറ്റി മയൂര്‍ വിഹാറില്‍ വിട്ടുനല്‍കിയ സ്ഥലത്ത് വ്യവസായ പ്രമുഖന്‍ എം എ യൂസുഫലിയുടെ സാമ്പത്തിക സഹായത്തോടെ സ്വന്തം കെട്ടിടം നിര്‍മിച്ചു. 2019 ലാണ് ഈ ആസ്ഥാനമന്ദിരം ഉദ്ഘാടനം ചെയ്യപ്പെടുന്നത്. സുപ്രീം കോടതിയിലെ പ്രമുഖ അഭിഭാഷകന്‍ ഹാരിസ് ബീരാന്‍ പ്രസിഡന്റായ ഭരണസമിതിയാണ് ഇപ്പോള്‍ കെ എം ഡബ്‌ള്യു എയെ നയിക്കുന്നത്.

◆ ◆ ◆
ഡല്‍ഹിയുടെ പൊതുസാംസ്‌കാരികതയ്ക്ക് ഏറെ സംഭാവനകള്‍ നല്‍കിയ മറ്റൊരു മലയാളി കൂട്ടായ്മ ജനസംസ്‌കൃതി ആണ്. പുരോഗമന, ഇടതുരാഷ്ട്രീയാഭിമുഖ്യമുള്ളവരുടെ സംഘാടനമാണ് ഇതെന്നുപറയാം. ജസ്റ്റിസ് സുബ്രഹ്മണ്യൻ പോറ്റിയെയും ഡോ. കെ എന്‍ പണിക്കരെയും പോലുള്ള പ്രമുഖരുടെ നേതൃപരമായ സാന്നിധ്യമുണ്ടായിരുന്നു ജനസംസ്‌കൃതിക്ക്. 1980 ലാണ് രൂപീകരണം. പന്ത്രണ്ടായിരത്തിലധികം അംഗങ്ങള്‍ ഇപ്പോള്‍ സംഘടനയുടെ ഭാഗമാണ്.
ഡല്‍ഹിയിലെ പത്രപ്രവര്‍ത്തന കാലത്ത് ജനസംസ്‌കൃതിയുടെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായിരുന്നു പ്രഭാവര്‍മ. അദ്ദേഹത്തിന്റെ ഓര്‍മക്കുറിപ്പുകളില്‍ സംഘടനയെ ഇങ്ങനെയാണ് അടയാളപ്പെടുത്തുന്നത്.

“അയ്യായിരം വര്‍ഷങ്ങളുടെ പഴക്കമുണ്ടത്രെ ആധുനിക ഡല്‍ഹിയുടെ ചരിത്രത്തിന്. ആ ചരിത്രത്തെ കാലാനുസൃതമായി പുതുക്കി മുമ്പോട്ടുകൊണ്ടുപോവുന്നതില്‍ അവിടുത്തെ മലയാളിസമൂഹം വഹിച്ച പങ്ക് വളരെ പ്രാധാന്യമുള്ളതാണ്. 1970 കളുടെ രണ്ടാംപകുതി മുതല്‍ക്കിങ്ങോട്ട് ആ ചരിത്രപ്രവാഹത്തിന് സാംസ്‌കാരികമായ മാര്‍ഗനിര്‍ദേശം നല്‍കുന്നതും വരണ്ടയിടങ്ങളിലെ സേചനങ്ങള്‍ക്ക് വഴിയൊരുക്കുന്നതുമായ ഇടപെടല്‍ നടത്തി ജനസംസ്‌കൃതി. അടിസ്ഥാനപരമായി മലയാളികളുടെ സംഘടനയായിരിക്കെത്തന്നെ പൊതുസാംസ്‌കാരിക ധാരയിലുള്ള, സര്‍വസമ്മതമായ ഒരു സംസ്‌കാര പ്രസ്ഥാനമായി വളരാന്‍ ജനസംസ്‌കൃതിക്ക് കഴിഞ്ഞു’.
അമേരിക്കയില്‍, ആസ്ട്രേലിയയില്‍, ജര്‍മനിയില്‍, ഇംഗ്ലണ്ടില്‍, സൗദിയില്‍, യു എ ഇയില്‍- മലയാളികള്‍ ചെന്നുപാര്‍ക്കുന്നിടങ്ങളിലെല്ലാം അവര്‍ സംഘടനകള്‍ രൂപീകരിക്കുന്നു. മലയാളി എന്ന മേല്‍വിലാസം എപ്പോഴും കൊണ്ടുനടക്കുന്നു. കേരളത്തിന് പുറത്ത് രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം അങ്ങനെയാണ് മലയാളി കൂട്ടായ്മകളുണ്ടാകുന്നത്. ഡല്‍ഹിയാകട്ടെ, അങ്ങനെയുള്ള അനേകം കൂട്ടായ്മകളിലൂടെ മലയാളിത്തത്തെ ആഘോഷമാക്കിത്തീര്‍ക്കുന്നു.

(തുടരും)

You must be logged in to post a comment Login