ഒ കെ ഉസ്താദ്: അറിവിന്റെ അലകടൽ

ഒ കെ ഉസ്താദ്:  അറിവിന്റെ അലകടൽ

ബഹ്‌റുല്‍ ഉലും ഒ കെ സൈനുദ്ദീന്‍ ബിൻ അലി ഹസന്‍ എന്ന നമ്മുടെ ഒ കെ ഉസ്താദ് (ഖ.സി.) വിടപറഞ്ഞിട്ട് 21 ആണ്ടുകള്‍ കഴിഞ്ഞു (1441 ജമാദുല്‍ ആഖിര്‍ അഞ്ചിനായിരുന്നു വിയോഗം). ഉസ്താദ് കിഴക്കേ പുറത്ത് ദര്‍സ് നടത്തുന്ന കാലത്താണ് ഞാന്‍ അവിടുത്തെ വിദ്യാർഥിയായി എത്തുന്നത്. ആത്മീയത നേരിട്ടനുഭവിച്ച നല്ല നാളുകളായിരുന്നു അത്. ഉസ്താദ് മൂന്നു മണിക്ക് എഴുന്നേറ്റ് തഹജ്ജുദ് നിസ്‌കരിച്ച് ഖുര്‍ആന്‍ ഓതുമായിരുന്നു. അത് വെറുമൊരു ഓത്തായിരുന്നില്ല. അർഥം അറിയുന്നവരുടെയും അറിയാത്തവരുടെയും മനസ്സിനെ കിടിലം കൊള്ളിക്കുന്നതായിരുന്നു ആ ഓത്ത്. ചില സൂക്തങ്ങൾ പലയാവര്‍ത്തി പാരായാണം ചെയ്ത് കണ്ണീരൊഴുക്കും.

ജ്ഞാനി എങ്ങനെയാവണം എന്ന് ജീവിച്ച് കാണിച്ച് കൊടുത്തു ഉസ്താദ്. സ്നേഹത്തിലൂടെ വലിയ പണ്ഡിതന്മാരെ വാര്‍ത്തെടുത്തു. ഉസ്താദിന്റെ വഴി തന്നെ ആത്മീയ സ്‌നേഹമായിരുന്നു. എല്ലാവരെയും പരിഗണിക്കും. പാവപ്പെട്ടവനെയും അല്ലാത്തവരെയും ഒരു പോലെ സ്‌നേഹിക്കും. അറിവിലേക്ക് ജനങ്ങളെ ആകർഷിക്കുകയും പല സ്ഥലങ്ങളില്‍ ദര്‍സ് തുടങ്ങിക്കൊടുക്കുകയും പ്രാർഥിച്ചു കൊടുക്കുകയും ചെയ്തു.

മുതഅല്ലിംകളെ വളരെയധികം പ്രിയം വെച്ചിരുന്നു. ഏത് മുതഅല്ലിമിനെ കണ്ടാലും അത് സ്വന്തം ശിഷ്യനാണെങ്കില്‍ പോലും “നീ’എന്നല്ല “നിങ്ങള്‍’ എന്നാണ് അഭിസംബോധനം ചെയ്തിരുന്നത് .
ഓടക്കല്‍ തറവാട്ടിലാണ് ജനിക്കുന്നത്. ജ്ഞാനികളുടെയും പുണ്യാത്മാക്കളുടെയും കുടുംബമാണ് ഓടക്കല്‍. ജ്ഞാനിയാകാൻ പഴയ കാലത്ത് വിവിധ നാടുകളില്‍ നിന്ന് സൈനുദ്ദീന്‍ മഖ്ദൂമിന്റെ സനദ് വാങ്ങാന്‍ പൊന്നാനിയിലേക്ക് മുതഅല്ലിംകള്‍ വരുമായിരുന്നു.
അവർ പൊന്നാനിയില്‍ ഗുരുവിന്റെ വിളക്കത്തിരിക്കും. അങ്ങനെവന്നവതാണ് അബ്ദു റഹ്‌മാനുല്‍ യമാനി.

അബ്ദു റഹ്‌മാനുല്‍ യമാനി അറിവുമായി ബന്ധപ്പെട്ട് കൊണ്ടിരിക്കുന്ന സമയത്ത് അവിടുത്തെ സ്വഭാവവും സഹിഷ്ണുതയും കണ്ട് ആകൃഷ്ടരായ മഖ്ദൂമികള്‍ ഗുരു സൈനുദ്ദീന്‍ മഖ്ദൂമിന്റെ (റ) പ്രിയ മകള്‍ ഫാത്തിമയെ അദ്ദേഹത്തിന് വിവാഹം ചെയ്ത് കൊടുത്തു. ഭാര്യ ഗര്‍ഭിണി ആയ സമയത്ത് അബ്ദുറഹ്‌മാന്‍ യമാനി യമനിലേക്ക് പോയി. ആണ്‍കുട്ടി ആണെകില്‍ അലി ഹസന്‍ എന്ന് പേരിടണം എന്ന് ഭാര്യയോട് വസ്വിയ്യത് ചെയ്തു. പ്രസവിച്ചപ്പോൾ അത് ആണ്‍കുട്ടിയായിരുന്നു. ഭർത്താവിന്റെ ആഗ്രഹപ്രകാരം അലി ഹസന്‍ എന്ന് പേരിട്ടു.

അലിഹസനും പണ്ഡിത സാഹചര്യത്തില്‍ തന്നെ വളര്‍ന്നു. ആ കുട്ടിയും വലിയ ജ്ഞാനിയായി.
മുതിർന്നപ്പോൾ അദ്ദേഹം തിരൂരങ്ങാടിയില്‍ നിന്നായിരുന്നു വിവാഹം കഴിച്ചത്. നാട്ടുകാര്‍ തന്നെ വീട് നിര്‍മിച്ചു നല്‍കി.അവിടെ താമസിക്കുന്ന സമയത്ത് തറവാടിന് വെച്ച പേരാണ് ഓടക്കല്‍. ഈ കുടുംബത്തിലെ പല ആണ്‍കുട്ടികള്‍ക്കും അലി ഹസന്‍ എന്നാണ് പിതാക്കള്‍ പേരിട്ടത്. ഉസ്താദിന്റെ ഉപ്പയുടെ പേരും അലി ഹസന്‍ എന്നാണ്.

ഓടക്കല്‍ കുടുംബം കൂടുതല്‍ വ്യാപിച്ച പ്രദേശമാണ് കുഴിപ്പുറം. അവിടെയാണ് ഉസ്താദിന്റെ ജനനം. ശൈഖുനയുടെ ഉമ്മയും മഖ്ദൂം കുടുംബമാണ്. സിദ്ദീഖിലേക്ക് (റ) കണ്ണി ചേരും.
ഉപ്പയില്‍ നിന്ന് തന്നെ പഠിച്ചു തുടങ്ങി. പേരിനൊരു ഓത്തല്ല, ഓരോ വാചകത്തിനും വ്യാഖ്യാനങ്ങളും അടിക്കുറിപ്പുകളും നോക്കി വാചകങ്ങളുടെ ഇഴപിരിച്ച് മിക്കതും മനഃപാഠമാക്കി മധുരിതമായ ഒരോത്ത് .

മാതാപിതാക്കളുടെ തർബിയതില്‍ വളര്‍ന്നു. കുഴിപ്പുറത്ത് ഓതുന്നതിനിടയിലാണ് ഉപ്പയുടെ വിയോഗമുണ്ടായത്.

പിന്നീട് ഉമ്മയുടെ തണലിലായി. അവരുടെ നിർദേശപ്രകാരം കൈപ്പറ്റ മമ്മുട്ട്യോല്യാര് പാപ്പയുടെ ദര്‍സില്‍ ചേർന്നു.

വലിയ മഹാനാണ് മമ്മുട്ട്യോല്യാര് പാപ്പ. അല്ലാഹുവിനെ മാത്രം ഭയപ്പെട്ട എന്റെ ഉസ്താദ് എന്നാണ് ഒ കെ ഉസ്താദ് കൈപ്പറ്റ മമ്മുട്ട്യോല്യാര് പാപ്പയെ കുറിച്ച് പറയാറുള്ളത്. ഉച്ചക്ക് പതിനൊന്ന് മണി ആയാല്‍ അധ്യാപനം നിര്‍ത്തി പാപ്പ ഒന്ന് കാല്‍ നീട്ടി കിടക്കും (ഖയ്‌ലൂലത്). തഹജ്ജുദ് നിസ്‌കരിക്കുന്നവര്‍ക്ക് സുന്നതുള്ള ഉറക്കമാണത്. കിതാബിൽ കുറിപ്പെഴുതാന്‍ മമ്മുട്ട്യോല്യാര് പാപ്പ ഒ കെ ഉസ്താദിനെയാണ് വിളിക്കാറ്. ഈ സന്തോഷം ശൈഖുന പലപ്പോഴും പറയാറുണ്ടായിരുന്നു.

മമ്മുട്ട്യോല്യാര് പാപ്പയുടെ മരണസമയത്ത് രണ്ട് ശിഷ്യന്മാരെയാണ് വിളിച്ച് വരുത്തിയത്.ഒന്ന് ശൈഖുന ബഹ്‌റുല്‍ ഉലൂം ഒ കെ ഉസ്താദിനെയും രണ്ട് കൈപ്പറ്റ ബീരാന്‍ കുട്ടി ഉസ്താദിനെയും . വിളിച്ചിട്ട് പറഞ്ഞു: മരണം ആസന്നമായവരുടെ അടുത്ത് സൂറതുല്‍ റഅ്ദ് ഓതണം. മരിച്ചിട്ടാണ് യാസീന്‍ ഓതേണ്ടത്.
ആ രണ്ട് അരുമ ശിഷ്യന്മാരും കൂടി സൂറത് റഅ്ദ് പാരായണം ചെയ്യാന്‍ തുടങ്ങി. സജ്ജനങ്ങള്‍ക്കാണ് നാളെ പരലോകത്ത് വലിയ ഗുണം എന്ന് അർഥം വരുന്ന ആയത് എത്തിയപ്പോള്‍ കൈപ്പറ്റ മമ്മുട്ട്യോല്യാര് പാപ്പ ഈ ലോകത്തു നിന്ന് വിട പറഞ്ഞു.

ഹൃദയത്തില്‍ വെളിവാകുന്ന ഒരു പ്രഭയാണ് കശ്ഫ്. മോശപ്പെട്ട സ്വഭാവങ്ങളില്‍ നിന്ന് ശുദ്ധിയാകുമ്പോഴാണ് മഅ്രിഫത് ഉണ്ടാവുക. അപ്പോൾ അല്ലാഹു നമുക്ക് ഗുപ്തമായ പലതും മനസ്സിൽ കാണിച്ച് തരും. ഉസ്താദിന്റെ ജീവിതത്തിലും ഇത്തരം സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടുണ്ട്.ഇതേ പറ്റി ഇമാം ഗസാലി (റ) ഇഹ്‌യായില്‍ പറഞ്ഞതായി കാണാം.

ഒരിക്കല്‍ ഞാന്‍ അവിടുത്തെ കാണാന്‍ പോയി. കോലായില്‍ ഇരിക്കുകയാണ്. കണ്ടപാടെ പറയുകയാണ് : “പടച്ചോനെ മൂപ്പര് വല്യ സിഹ്‌റുമായിട്ടാണല്ലോ വരുന്നത്’ കേട്ടപ്പോ ഞാന്‍ അത്ഭുതപ്പെട്ടു.

സംഭവം ഇങ്ങനെ: ഒരു ശവ്വാല്‍ മാസം. ദര്‍സ് തുടങ്ങി രണ്ടാം വര്‍ഷമാണ്. കൊടും വേനല്‍. കിണറ്റില്‍ വെള്ളം കുറവ്. കോരി എടുക്കണം. വെള്ളം കോരാനായി ചെന്നപ്പോ അബദ്ധത്തില്‍ പതിനാല് കോല്‍ ആഴമുള്ള കിണറ്റിലേക്ക് വീണു. ഉസ്താദുമാരുടെ ബറകത് കൊണ്ട് ചെറിയ ഒരു പോറല്‍ മാത്രമേ വന്നുള്ളൂ. കയറി ഉടനെ ഉസ്താദിനെ കാണാന്‍ ചെന്നതാണ്. കിണറ്റിലൊക്കെ ഇറങ്ങി കയറി വരുകയാണ് എന്ന് പറഞ്ഞപ്പോ ശൈഖുനാ പറയാ… “അതെന്നെ ങ്ങള് സിഹ്‌റുമായി വരാണെന്ന് ഞാന്‍ പറഞ്ഞത്.’ ശേഷം ഒരു ചികിത്സ നിർദേശിച്ചിട്ട് പറഞ്ഞു.. ‘ഇതാണ്ട് ചെയ്‌തോളി.അതാണ്ട് പോയ്‌ക്കോളും ‘.
അറിവിന്റെ വിഷയത്തില്‍ ഉസ്താദിന്റെ എല്ലാ ആത്മീയ സമ്മതങ്ങളും ലഭിച്ച മഹാനാണ് ഇന്ന് ജീവിച്ചിരിക്കുന്ന റഈസുല്‍ ഉലമ സുലൈമാന്‍ ഉസ്താദ്. ശൈഖുനായുടെ രോഗ സമയത്ത് ഞാനും ശൈഖുനയും ഒന്നിച്ചിരിക്കുമ്പോള്‍ ഞാന്‍ ചോദിച്ചു: “ഇനി ഞങ്ങള്‍ ആരെ അടുത്താണ് പോകുക?’ അപ്പോ ശൈഖുന പറഞ്ഞു: “നിങ്ങള്‍ സുലൈമാന്‍ മോല്യരെ അടുത്ത് പോയിക്കോളി.’
അതേ, നമുക്ക് എല്ലാവര്‍ക്കുമുള്ള തണലാണ് റഈസുല്‍ ഉലമ. “തലമുറകളുടെ ഗുരു സാഗരം’ എന്ന പേരില്‍ ഉസ്താദിന്റെ ഒരു പുതിയ സ്മരണിക കൂടി പ്രസിദ്ധീകൃതമായിട്ടുണ്ട്. അതില്‍ ഉസ്താദിന്റെ ജീവിതം പരമാവധി ഒപ്പിയെടുക്കാന്‍ ശ്രമിച്ചിട്ടുണ്ട്. മഹാഗുരുക്കന്മാരുടെ ആത്മീയ പദവികൾ അല്ലാഹു ഉയർത്തട്ടേ.

കേട്ടെഴുത്ത്: സല്‍മാനുല്‍ ഫാരിസ്
നുസ്്രി അച്ചിപ്ര

You must be logged in to post a comment Login