ഖുതുബയുടെ നിബന്ധനകൾ

ഖുതുബയുടെ  നിബന്ധനകൾ

ഖുതുബ സാധുവാകുന്നതിന് അനിവാര്യഘടകങ്ങള്‍ കൊണ്ടുവരുന്നതോടൊപ്പം ചിലനിബന്ധനകള്‍ കൂടി പാലിക്കേണ്ടതുണ്ട്. ജുമുഅ നിസ്‌കാരത്തിന് മുമ്പാണ് ഖുതുബ നിര്‍വഹിക്കേണ്ടത്. പ്രദേശവാസികള്‍ താമസിക്കുന്ന കെട്ടിടങ്ങള്‍ക്കിടയില്‍ വെച്ചായിരിക്കണം ജുമുഅ നിസ്‌കാരം പോലെ ഖുതുബയും നിര്‍വഹിക്കുന്നത്. പുരുഷന്മാരാണ് ഖുതുബ നിര്‍വഹിക്കേണ്ടത്. സ്ത്രീകള്‍, ഭിന്നലിംഗത്തില്‍ പെട്ടവര്‍ എന്നിവരുടെ ഖുതുബ സാധുവല്ല.

മറ്റു നിബന്ധനകള്‍
ഒന്ന്: മധ്യാഹ്ന നിസ്‌കാരത്തിന്റെ സമയത്ത് നിര്‍വഹിക്കുക.
ജുമുഅ നിസ്‌കാരം പോലെ ഖുതുബയും മധ്യാഹ്ന നിസ്‌കാരത്തിന്റെ സമയത്ത് നിര്‍വഹിക്കല്‍ അനിവാര്യമാണ്. മധ്യാഹ്ന നിസ്‌കാരത്തിന്റെ സമയത്തായിരുന്നു തിരുനബി(സ്വ) ജുമുഅ നിര്‍വഹിച്ചിരുന്നതെന്ന് പ്രവാചകാനുചരന്മാര്‍ വിവരിച്ചിട്ടുണ്ട്. അനസ്(റ) പറഞ്ഞു: സൂര്യന്‍ മധ്യത്തില്‍ നിന്ന് തെറ്റിയ ശേഷമായിരുന്നു തിരുനബി (സ്വ) ജുമുഅ നിര്‍വഹിച്ചിരുന്നത്(ബുഖാരി).
മധ്യാഹ്ന നിസ്‌കാരത്തിന്റെ സമയമാകുന്നതിന് മുമ്പ്‌നിര്‍വഹിക്കാമെന്ന വീക്ഷണമുള്ള ജ്ഞാനികളുമുണ്ട്. ഇമാം അഹ്മദ്(റ) ഈ വീക്ഷണക്കാരനാണ്.

രണ്ട്: അശുദ്ധിയില്‍ നിന്നും നജസില്‍ നിന്നും ശുദ്ധി വരുത്തിയ ശേഷമായിരിക്കുക. ചെറിയ/വലിയ അശുദ്ധിയുള്ളവര്‍ അതില്‍ നിന്ന് ശുദ്ധി വരുത്തിയ ശേഷമായിരിക്കണം ഖുതുബ നിര്‍വഹിക്കേണ്ടത്. ഖുതുബ നിര്‍വഹിക്കുന്നതിനിടയിയില്‍ ശുദ്ധി നഷ്ടപ്പെട്ടാല്‍ ശുദ്ധി വരുത്തിയ ശേഷം ഖുതുബ പുനരാരംഭിക്കല്‍ -ആദ്യം മുതല്‍ കൊണ്ടുവരല്‍- നിര്‍ബന്ധമാണ്. ശുദ്ധി നഷ്ടപ്പെട്ട ഉടന്‍ തന്നെ – അധികസമയം കഴിയും മുമ്പേ- ശുദ്ധി വരുത്തുകയും ഖുതുബ ആരംഭിക്കുകയുമാണെങ്കിലും ഖുതുബ തുടക്കം മുതല്‍ കൊണ്ടുവരേണ്ടതുണ്ട്. നിസ്‌കാരം പോലെ ഖുതുബയും ആദ്യാവസാനം ഒരൊറ്റ ആരാധനയായതിനാല്‍ രണ്ട് ശുദ്ധി കൊണ്ട് – ശുദ്ധിയോടെ ഖുതുബ ആരംഭിക്കുകയും ഇടക്ക് വെച്ച് ശുദ്ധി നഷ്ടപ്പെടുകയും ശുദ്ധി വരുത്തിയ ശേഷം ഖുതുബ തുടരുകയും ചെയ്യുക – ഖുതുബ നിര്‍വഹിക്കാനാവില്ല.

നിസ്‌കാരവും ഖുതുബയും വ്യത്യസ്തമായ രണ്ട് ആരാധനകളായതിനാല്‍ ഖുതുബ നിര്‍വഹിച്ച് കഴിഞ്ഞശേഷം നിസ്‌കാരം ആരംഭിക്കുന്നതിന് മുമ്പായി ശുദ്ധി നഷ്ടപ്പെടുകയും ഉടന്‍ തന്നെ ശുദ്ധി വരുത്തുകയും ചെയ്താല്‍ ജുമുഅ സാധുവാകുന്നതാണ്. ഖുതുബ നിര്‍വഹിക്കുന്നതിനിടയില്‍ ശുദ്ധി നഷ്ടപ്പെടുകയും ഖുതുബ പൂര്‍ത്തിയാക്കാന്‍ സദസ്സില്‍ നിന്ന് ഒരാളെ ചുമതലപ്പെടുത്തുകയും ചെയ്താല്‍ പ്രാതിനിധ്യം ഏറ്റെടുത്തയാള്‍ക്ക് മുമ്പ്തുടങ്ങി വെച്ച ഖുതുബയുടെ ബാക്കി ഭാഗം നിര്‍വഹിച്ചാല്‍ മതിയാകുന്നതാണ്. ഖുതുബ നിര്‍വഹിക്കുന്നയാള്‍ക്കാണ് ശുദ്ധി നിര്‍ബന്ധമുള്ളത്. ശ്രോദ്ധാക്കള്‍ക്ക് ശുദ്ധിയുണ്ടായിരിക്കല്‍ അനിവാര്യമല്ല.

ഖുതുബ നിര്‍വഹിക്കുന്ന വ്യക്തിയുടെ ശരീരം, വസ്ത്രം, ഖുതുബ നിര്‍വഹിക്കാനായി നില്‍ക്കുന്ന സ്ഥലം, കൈയില്‍ പിടിച്ചിരിക്കുന്ന വടി, സ്പര്‍ശിച്ചിരിക്കുന്ന മറ്റു വസ്തുക്കള്‍ എന്നിവയെല്ലാം നജസില്‍ നിന്ന് ശുദ്ധമായിരിക്കണം. മിമ്പറില്‍ ഖുതുബ നിര്‍വഹിക്കാനായി നില്‍ക്കുന്ന സ്ഥലത്തോ പാര്‍ശ്വഭാഗങ്ങളില്‍ കൈവെച്ചതിന് താഴെയോ, ചേര്‍ന്നു നില്‍ക്കുന്ന മറ്റു വസ്തുക്കളിലോ വിട്ടുവീഴ്ച ലഭിക്കാത്ത തരത്തിലുള്ള മാലിന്യങ്ങള്‍ (നജസ്) ഉണ്ടങ്കില്‍ ഖുതുബ സാധുവാകുകയില്ല.
മൂന്ന്: നഗ്നത(ഔറത്) മറക്കുക.

തിരുനബി(സ്വ) ഖുതുബ അവസാനിച്ച ഉടനെ നിസ്‌കാരം ആരംഭിച്ചിരുന്നതായി ഹദീസുകളില്‍ വിവരിച്ചിട്ടുണ്ട്. ശുദ്ധി വരുത്തിയും നഗ്നത മറച്ചുമാണ് ഖുതുബ നിര്‍വഹിച്ചിരുന്നതെന്ന് ഇത് വ്യക്തമാക്കുന്നു (തുഹ്ഫ 2/456).

നാല്: നില്‍ക്കാന്‍ സാധിക്കുന്നവര്‍ നിന്ന് കൊണ്ട് ഖുതുബ നിര്‍വഹിക്കുക.
നില്‍ക്കാന്‍ സാധിക്കാത്തവര്‍ക്ക് ഇരുന്നു കൊണ്ടും അതിനും സാധിക്കാത്തവര്‍ക്ക് ചെരിഞ്ഞു കിടന്ന് കൊണ്ടും അതിനുമാവുകയില്ല എങ്കില്‍ മലര്‍ന്ന് കിടന്നു കൊണ്ടും ഖുതുബ നിര്‍വഹിക്കാവുന്നതാണ്. എങ്കിലും നിന്ന് കൊണ്ട് ഖുതുബ നിര്‍വഹിക്കാന്‍ സാധിക്കാത്തവര്‍ അതിന് സാധിക്കുന്ന യോഗ്യരായ മറ്റാളുകളെ ഏല്‍പിക്കുന്നതാണ് ഉത്തമം. ജാബിറുബ്‌നുസമുറ(റ) പറഞ്ഞു: തിരുനബി(സ്വ) ഇരുന്നു കൊണ്ടാണ് ഖുതുബ നിര്‍വഹിച്ചിരുന്നത് എന്ന് ആരെങ്കിലും പറയുന്നുണ്ടെങ്കില്‍ അത് കള്ളമാണ്. എണീറ്റു നിന്നു കൊണ്ടാണ് തിരുനബി(സ്വ) ഖുതുബ നിര്‍വഹിച്ചിരുന്നത്. ആദ്യ ഖുതുബ കഴിഞ്ഞാല്‍ അല്‍പസമയം ഇരിക്കും. അതിന് ശേഷം വീണ്ടും എണീറ്റ് നിന്ന് അടുത്ത ഖുതുബ നിര്‍വഹിക്കും. അല്ലാഹുവാണ, ആയിരത്തിലധികം നിസ്‌കാരങ്ങള്‍ ഞാന്‍ തിരുനബിയുടെ(സ്വ) കൂടെ നിര്‍വഹിച്ചിട്ടുണ്ട്(മുസ്‌ലിം).

അഞ്ച്: അറബി ഭാഷയിലായിരിക്കുക.
ഖുതുബ പൂര്‍ണമായും അഥവാ രണ്ട്ഖുതുബകളുടെയും അടിസ്ഥാന ഘടകങ്ങളും അനുബന്ധങ്ങളും അറബിയിലാണ് നിര്‍വഹിക്കേണ്ടത്. സദസ്സിലുള്ളവരെല്ലാം അനറബികളാണെങ്കിലും അറബിയില്‍ തന്നെയാണ് ഖുതുബ നിര്‍വഹിക്കേണ്ടത്. സദസ്സിലുള്ളവര്‍ക്ക് ഖുതുബയുടെ ആശയം ഗ്രാഹ്യമാവണമെന്നോ ഖുതുബയുടെ അടിസ്ഥാന ഘടകങ്ങളുടെയെങ്കിലും ആശയം ഖുതുബ നിര്‍വഹിക്കുന്ന ഖതീബിന് ഗ്രാഹ്യമായിരിക്കണമെന്നോ നിര്‍ബന്ധമില്ല. അര്‍ഥമറിയാതെ ഫാതിഹ പാരായണം ചെയ്താല്‍ നിസ്‌കാരം സാധുവാകുന്നത് പോലെ ശ്രോദ്ധാക്കള്‍ക്ക് ഖുതുബയുടെ അര്‍ഥമറിഞ്ഞില്ലെങ്കിലും ഖുതുബ സാധുവാകുന്നതാണ്. ഫാതിഹയുടെ അര്‍ഥമറിയാത്തവര്‍ക്ക് നിസ്‌കാരത്തിന് നേതൃത്വം നല്‍കാവുന്നത് പോലെ ഖുതുബയുടെ അടിസ്ഥാന ഘടകങ്ങളുടെ അര്‍ഥമറിയാത്തവര്‍ക്ക് ഖുതുബ നിര്‍വഹിക്കുകയുമാകാം (തുഹ്ഫ 2/453 ശര്‍ഹ് ബാഫ ള്‌ല് 2 /71, മഹല്ലി 1/287).

ആറ്: ജുമുഅക്ക് അര്‍ഹതപ്പെട്ട നാല്‍പതാളുകളെ കേള്‍പ്പിക്കുകയും അവര്‍ ഖുതുബ കേള്‍ക്കുകയും ചെയ്യുക.
ഖുതുബ നിര്‍വഹിക്കുന്നയാള്‍ ഒഴികെയുള്ള മുപ്പത്തി ഒന്‍പത് ആളുകളെ കേള്‍പ്പിച്ചാല്‍ മതിയാകുന്നതാണ്. ഖതീബിന് താന്‍ എന്താണ് പറയുന്നതെന്ന് അറിയാവുന്നത് കൊണ്ട് സ്വയം കേള്‍ക്കലോ കേള്‍പ്പിക്കലോ നിര്‍ബന്ധമില്ല. ഖതീബ് ബധിരനാണെങ്കില്‍ പോലും ജുമുഅ സാധുവാകുന്നതാണ്. ഒരു പ്രദേശത്ത് ജുമുഅക്ക് അര്‍ഹതപ്പെട്ട നാല്‍പതാളുകള്‍ ഉണ്ടാവുകയും അവരില്‍ ചിലര്‍ – ഖതീബ് ഒഴികെ- ബധിരരാവുകയും ചെയ്താല്‍ അവര്‍ക്ക് ജുമുഅ നിര്‍ബന്ധമില്ല എന്നാണ് പ്രബലാഭിപ്രായം. ഖുതുബയുടെ അനിവാര്യ ഘടകങ്ങള്‍ പോലും കേള്‍ക്കാന്‍ സാധിക്കാത്ത വിധം ശബ്ദമുഖരിതമായ അന്തരീക്ഷത്തിലും പ്രബലാഭിപ്രായപ്രകാരം ജുമുഅ നിര്‍ബന്ധമില്ല. നാല്‍പതാളുകള്‍ക്ക് കേള്‍ക്കാന്‍ സാധിക്കുന്ന വിധം ഉച്ചത്തില്‍ ഖുതുബ നിര്‍വഹിച്ചാല്‍ മതിയെന്നും മറ്റു തടസ്സങ്ങളുള്ളത് കൊണ്ടോ ശ്രോദ്ധാക്കള്‍ പരസ്പര സംസാരത്തിലേര്‍പ്പെട്ടത് കൊണ്ടോ മറ്റോ ഖുതുബ കേള്‍ക്കാതിരിക്കുന്നത് കൊണ്ട് ഖുതുബ അസാധുവാകുകയില്ലെന്നും അഭിപ്രായപ്പെട്ട ജ്ഞാനികളുണ്ട് (ഫത്ഹുല്‍ മുഈന്‍; ഇത്തനത് 2 / 68, തുഹ്ഫ 2/453).

ഖുതുബയുടെ നിര്‍ബന്ധ ഘടകങ്ങള്‍ കേള്‍ക്കലാണ് അനിവാര്യം. അനുബന്ധ കാര്യങ്ങള്‍ കേട്ടില്ലെങ്കിലും ജുമുഅ സാധുവാകുന്നതാണ്. നിസ്‌കാരം നിര്‍വഹിക്കുന്ന സ്ഥലത്ത് വെച്ച് തന്നെ ഖുതുബ കേള്‍ക്കണമെന്നില്ല. പള്ളിയില്‍ വെച്ച് നിര്‍വഹിക്കുന്ന ഖുതുബ പള്ളിക്ക് പുറത്തു നിന്ന് ശ്രവിച്ചാലും മതിയാകുന്നതാണ്. ഖതീബ് ജുമുഅ നടക്കുന്ന പ്രദേശത്തിന്റെ പരിധിയില്‍ പെട്ട സ്ഥലത്തും ശ്രോദ്ധാക്കള്‍ പുറത്തുമാണെങ്കിലും ഖുതുബ സാധുവാകും.

ഏഴ്: രണ്ട് ഖുതുബകള്‍ക്കിടയില്‍ നിശ്ചലമായി ഇരിക്കുക. രണ്ട് ഖുതുബകള്‍ക്കിടയില്‍ ഇരിക്കാത്ത പക്ഷം രണ്ടും ഒന്നായിട്ടാണ് പരിഗണിക്കുക. അതിനാല്‍ ഇരുന്ന ശേഷം മറ്റൊരു ഖുതുബ കൂടി നിര്‍വഹിക്കല്‍ അനിവാര്യമാണ്. സൂറ അല്‍ ഇഖ്‌ലാസ് പാരായണം ചെയ്യാന്‍ ആവശ്യമായ സമയം ഇരിക്കലാണ് അഭികാമ്യം. പ്രസ്തുതസമയം ഇഖ്‌ലാസ് സൂറ പാരായണം ചെയ്യലും സുന്നതുണ്ട്. ഇബ്‌നു ഉമര്‍(റ) പറഞ്ഞു: തിരുനബി(സ്വ) രണ്ട് ഖുതുബകള്‍ നിര്‍വഹിച്ചിരുന്നു. ഖുതുബ നിര്‍വഹിക്കാനായി മിമ്പറില്‍ കയറിയാല്‍ ആദ്യമൊന്നിരിക്കും. ബാങ്ക് വിളിക്കുന്നയാള്‍ അതില്‍ നിന്ന് വിരമിച്ചാല്‍ എണീറ്റ് നിന്ന് ആദ്യഖുതുബ നിര്‍വഹിക്കും. ശേഷം അല്‍പസമയം മൗനമായിരിക്കും. അതിന് ശേഷം എഴുന്നേറ്റ് നിന്ന് രണ്ടാം ഖുതുബ നിര്‍വഹിക്കും(അബൂദാവൂദ്). ഇരുന്ന് കൊണ്ടും കിടന്ന് കൊണ്ടും ഖുതുബ നിര്‍വഹിക്കുന്നവര്‍ അല്‍പ സമയം നിശബ്ദത പുലര്‍ത്തിക്കൊണ്ടാണ് (സക്ത) രണ്ട് ഖുതുബകള്‍ക്കിടയില്‍ വേര്‍പിരിക്കേണ്ടത്(തുഹ്ഫ 2/452).

എട്ട്: തുടര്‍ച്ച.
ഖുതുബയുടെ ഘടകങ്ങള്‍ക്കിടയിലും (അര്‍കാന്‍) രണ്ട് ഖുതുബകള്‍ക്കിടയിലും, രണ്ട് ഖുതുബകള്‍ക്കും നിസ്‌കാരത്തിനുമിടയിലും തുടര്‍ച്ച അനിവാര്യമാണ്. അഥവാ ചുരുങ്ങിയ രൂപത്തില്‍ രണ്ട് റക്അത് നിസ്‌കരിക്കാന്‍ ആവശ്യമായ അത്രയും സമയദൈര്‍ഘ്യം അവക്കിടയില്‍ ഇല്ലാതിരിക്കേണ്ടതാണ്.

ഇസ്ഹാഖ് അഹ്സനി

You must be logged in to post a comment Login