സ്നേഹം നിറഞ്ഞ ബുർദ

സ്നേഹം നിറഞ്ഞ ബുർദ

ഖസീദതുല്‍ ബുര്‍ദ ജനകീയമാവുന്നത് പല വിധേനയാണ്. വ്യത്യസ്ത ജനവിഭാഗങ്ങളെ അത് വ്യത്യസ്ത രൂപത്തിലാണ് സ്വാധീനിക്കുക. രചയിതാവിന്റെ സര്‍വതലസ്പര്‍ശവും വൈവിധ്യപൂര്‍ണവുമായ രചനാപാടവമാണ് ഈയൊരു സ്വാധീനത്തിന് പിന്നിലെ അടിസ്ഥാന കാരണം.ഒരു കാവ്യത്തിന്റെ സൗകുമാര്യതയ്ക്കും അതിന്റെ സമഗ്രതയ്ക്കും അടിസ്ഥാനമാക്കാവുന്ന ഏത് പരിപ്രേക്ഷ്യത്തിലൂടെ വീക്ഷിച്ചാലും ബുർദ അവയിലൊക്കെയും സമ്പൂര്‍ണത കൈവരിച്ചിട്ടുണ്ട് എന്ന് നമുക്ക് ബോധ്യപ്പെടും. അനുവാചകരുടെ ഹൃദയം കീഴടക്കുന്ന കോര്‍വയാണ് അതിലേറ്റവും പ്രധാനം. കാവ്യത്തിലെ ഓരോ വരിക്കും തൊട്ടടുത്ത വരിയുമായി വളരെയധികം ഇഴയടുപ്പമുണ്ട്. ഏതെങ്കിലും വരിയില്‍ ഒരു വാദമുന്നയിച്ചാല്‍ തൊട്ടടുത്ത വരിയില്‍ അതിന് തെളിവുകള്‍ കൊണ്ടുവരുന്നു, അവ്യക്തതയുണ്ടായാല്‍ അടുത്ത വരിയില്‍ അത് വ്യക്തമാക്കുന്നു, അനുവാചകന് സംശയമുളവാക്കാന്‍ സാധ്യതയുള്ള വരിക്ക് തൊട്ട് പിറകെ അതിന് നിവാരണം നല്‍കുന്നു. ഈ രീതിയിലാണ് ബുര്‍ദ ആദ്യാവസാനം വരെ രൂപപ്പെട്ടു കിടക്കുന്നത്.കാവ്യത്തിന്റെ വ്യത്യസ്ത ആധ്യായങ്ങളെ പോലും ആശയപരമായി പരസ്പരം ബന്ധിപ്പിക്കാന്‍ കവിക്ക് സാധിച്ചിട്ടുണ്ട്.
കാവ്യത്തിന്റെ ആദ്യ മൂന്ന് വരികളില്‍ സാങ്കല്പിക വ്യക്തിയായ അനുരാഗിയുടെ പ്രണയത്തിന്റെ കാരണമന്വേഷിക്കുകയും സ്‌നേഹം നിഷേധിക്കുന്ന ഘട്ടത്തില്‍ സ്‌നേഹമുണ്ടെന്നതിന് വ്യംഗ്യമായ രൂപത്തില്‍ തെളിവ് പറയുകയുമാണ് കവി. വ്യംഗ്യമായി തെളിവ് പറഞ്ഞതു കൊണ്ട് മാത്രം അനുരാഗി നിഷേധത്തില്‍ നിന്ന് പിന്മാറുകയില്ല എന്നറിഞ്ഞപ്പോൾ ഖണ്ഡിതമായി തന്നെ തെളിവ് നിരത്തുകയാണ് തുടര്‍ന്നുള്ള വരികളില്‍ ചെയ്യുന്നത്. തന്റെ അഭിസംബോധകന്റെ ഹൃദയത്തില്‍ ഏതോ ഒരു വ്യക്തിയോട് ശക്തമായ സ്‌നേഹമുണ്ടെന്ന് സമര്‍ഥിക്കാന്‍ കിണഞ്ഞു ശ്രമിക്കുകയാണ് കവി.തെളിഞ്ഞിരിക്കുന്ന യാഥാർത്ഥത്തെ നിഷേധിക്കാനുള്ള അനുരാഗിയുടെ ശ്രമത്തെ ആക്ഷേപസ്വരത്തിലാണ് കവി നേരിടുന്നത്.”ഒലിച്ചിറങ്ങുന്ന കണ്ണീര്‍ ചാലുകളുടെയും പ്രകമ്പനം കൊള്ളുന്ന ഹൃദയത്തിന്റെയും ഇടയില്‍ സ്‌നേഹത്തെ മറച്ചു വെക്കാന്‍ സാധിക്കുമെന്നാണോ അനുരാഗി വ്യാമോഹിക്കുന്നത്.’ അത് സാധ്യമല്ലെന്നും അങ്ങനെ വ്യാമോഹിക്കുന്നത് മൗഢ്യമാണെന്നുമുള്ള ധ്വനിയാണ് വരിയിലുള്ളത്.ഇവിടെ ഇമാം ബൂസ്വീരി(റ) ഉപയോഗിച്ച മനോഹരമായ സാഹിത്യരൂപമുണ്ട്.ആദ്യ മൂന്ന് വരികളില്‍ അഭിസംബോധനാവാചകമായ “നീ’, “നിന്റെ’എന്നിവ ഉപയോഗിച്ചതിന് ശേഷം അടുത്ത വരിയില്‍ ആ വാചകത്തില്‍ നിന്ന് മാറി അനുരാഗി എന്ന വിശേഷണം പറഞ്ഞു കൊണ്ടാണ് കവി അഭിസംബോധകനായ അനുരാഗിയോട് ചോദിക്കുന്നത്. ഇതിന് അറബി സാഹിത്യത്തില്‍ ഇല്‍തിഫാത് എന്നാണ് പറയുക. തന്റെ അഭിസംബോധകന്‍ അനുരാഗി തന്നെയാണ് എന്ന വാദത്തെ ഒന്നുകൂടി സ്ഥിരപ്പെടുത്താനാണ് കവി ഇങ്ങനെയൊരു സാഹിത്യരീതി ഈ വരിയില്‍ കൊണ്ട് വന്നിട്ടുള്ളത്. അനുരാഗിയെ ഉദ്ദേശിച്ച് കൊണ്ട് ഇവിടെ പ്രയോഗിച്ചത് സ്വബ്ബ് എന്ന പദമാണ്. അതിന്റെ അടിസ്ഥാനപരമായ അർഥം ചൊരിക്കുക എന്നാണ്. നയനങ്ങളില്‍ നിന്നുള്ള ഒഴുക്ക് ഇടമുറിയാതെ തുടരുന്ന കാരണത്താല്‍ കണ്ണീര്‍ പൊഴിക്കുന്നവന്‍ എന്ന അപരനാമം അനുരാഗിക്ക് കൈവന്നിരിക്കുന്നു എന്ന് വരുത്തിതീര്‍ക്കുകയാണ് കവി ചെയ്യുന്നത്.

രണ്ട് സാക്ഷികള്‍
ഒരു വാദമുന്നയിച്ചാല്‍ അതിന് തെളിവുകള്‍ കൊണ്ടുവരുക എന്നത് സാമാന്യ മര്യാദയാണ്. എങ്കില്‍ മാത്രമേ വാദം അംഗീകരിക്കപെടുകയുള്ളൂ. വാദം ശരിയാണെങ്കില്‍ പോലും തെളിവുകള്‍ ഹാജരാക്കാത്ത പക്ഷം അത് തള്ളപ്പെടും. തെളിവുകള്‍ സാഹചര്യത്തെളിവുകളോ സാക്ഷികളോ ആവാം. ഖസീദതുല്‍ ബുര്‍ദയില്‍ ഇമാം ബൂസ്വീരി(റ) താന്‍ അഭിസംബോധന നടത്തുന്ന സാങ്കല്പിക വ്യക്തിക്ക് അനുരാഗമുണ്ട് എന്നതിന് സാഹചര്യ തെളിവുകള്‍ ഉന്നയിച്ച് (മൂന്നാം വരി) തന്റെ വാദം സ്ഥിരപ്പെടുത്താന്‍ സാക്ഷികളെ ഹാജരാക്കുകയാണ്. സാക്ഷികളാവുമ്പോള്‍ ഏറ്റവും ചുരുങ്ങിയത് രണ്ട് സാക്ഷികളെങ്കിലും ഉണ്ടാവണം. ഒഴുകിക്കൊണ്ടിരിക്കുന്ന ഇരു നയനങ്ങളും പ്രകമ്പനം കൊള്ളുന്ന മനസ്സും അനുരാഗിയുടെ നിഷേധത്തിനെതിരെയുള്ള രണ്ട് സാക്ഷികളാണ്. ചൂടേറിയ ആശ്രുക്കള്‍ പൊഴിക്കുന്ന കണ്ണുകളും പുകഞ്ഞു കൊണ്ടിരിക്കുന്ന ഹൃദയവും തനിക്ക് പ്രണയമുണ്ടെന്ന് വിളിച്ചുപറയുകയാണ് ചെയ്യുന്നത്. ഈ ആശയത്തെ സാങ്കല്‍പ്പികത ഉള്‍ചേര്‍ത്ത് ഇമാം ഖർബൂതി(റ) ബുര്‍ദയുടെ വ്യാഖ്യാനഗ്രന്ഥത്തില്‍ അതിമനോഹരമായി അവതരിപ്പിക്കുന്നുണ്ട്:സാങ്കല്പിക വ്യക്തിക്ക് അനുരാഗമുണ്ടെന്ന് കവി വാദിക്കുന്നു.ആ വ്യക്തി അതിനെ നിഷേധിക്കുന്നു. വിധിത്തീര്‍പ്പാക്കാന്‍ വേണ്ടി രണ്ട് പേരും ഖാളിയെ സമീപിച്ചു. സാക്ഷിയെ ഹാജരാക്കേണ്ടത് വാദിയാണ് എന്ന പ്രസിദ്ധമായ തിരുവചനത്തിന്റെയടിസ്ഥാനത്തില്‍ അദ്ദേഹം വാദിയോട് രണ്ട് സാക്ഷികളെ കൊണ്ട് വരാന്‍ കല്പിച്ചു. ബാഷ്പകണങ്ങളെയും മനസ്സിന്റെ പുകച്ചിലിനെയും വാദി സാക്ഷികളായി അണിനിരത്തി. അങ്ങനെ വാദിക്ക് അനുകൂലമായി ഖാളി വിധിപുറപ്പെടുവിക്കുകയും ചെയ്തു. ഇവിടെ സ്വാഭാവികമായും ഉണ്ടായേക്കാവുന്ന ഒരു ചോദ്യമുണ്ട്: ഒന്നാം സാക്ഷിയെ അംഗീകരിക്കാം കാരണം നയനങ്ങളില്‍ നിന്നൊഴുകുന്ന കണ്ണുനീര്‍ പ്രകടമാണ്. അതേസമയം മനസ് പുകയുക എന്നത് മറഞ്ഞുനില്‍ക്കുന്ന അവസ്ഥയാണ്. അല്ലാഹുവിനല്ലാതെ അതറിയാന്‍ സാധിക്കില്ല. പിന്നെങ്ങനെയാണ് മനസ്സിന്റെ പുകച്ചിലിനെ സാക്ഷിയായി അംഗീകരിക്കാനാവുക? മറഞ്ഞു നില്‍ക്കുന്ന കാര്യങ്ങള്‍ അറിയുന്നതിന് പ്രകടമായ പല അടയാളങ്ങളുമുണ്ടാവും. അതുകൊണ്ടാണല്ലോ, ആന്തരികരോഗങ്ങള്‍ ശരീരത്തില്‍ പ്രകടമാവുന്ന ലക്ഷണങ്ങള്‍ കൊണ്ട് നിർണയിക്കപ്പെടുന്നത്. സാങ്കല്പിക വ്യക്തിയില്‍പ്രകടമായിട്ടുള്ള ബാഹ്യമായ ഭാവപ്പകര്‍ച്ചകള്‍ മനസ് പുകയുന്നുണ്ട് എന്നാണ് മനസ്സിലാക്കിതരുന്നത്. അശ്രുകണങ്ങളുടെ ഒഴുക്ക് മനസ്സിന്റെ അവസ്ഥ ബോധ്യപ്പെടുത്തുന്നുണ്ട്. മനസിന് വല്ലതും ബാധിക്കുകയാണെങ്കില്‍ അതിന്റെ പ്രതിഫലനം നയനങ്ങളില്‍ പ്രകടമാവും എന്നതാണ് മനഃശാസ്ത്രഭാഷ്യം. മനസ് ശക്തമായി ദുഖിക്കുമ്പോള്‍ നയനങ്ങളില്‍ നിന്ന് കണ്ണുനീരൊഴുകുകയും സന്തോഷിക്കുമ്പോള്‍ തിളങ്ങുകയും ചെയ്യും. ഇവിടെ അനുരാഗി ബാഷ്പകണങ്ങള്‍ ധാരധാരയായി ഒഴുക്കുകയാണ്.ഹൃദയമെന്ന സാക്ഷിയുടെ അംഗീകാരത്തിന് ശക്തിപകരുകയാണ് ഈ കണ്ണീര്‍ തുള്ളികള്‍.

അനുരാഗി മനസ്സിന്റെ ഉപമ
അനുരാഗിയുടെ മനസ് പ്രണേതാവിനോടുള്ള അടങ്ങാത്ത പ്രണയത്താല്‍ പുകയുകയാണ് ചെയ്യുന്നത്.ഏറ്റവും ഔന്നിത്യമുള്ള സ്‌നേഹമായതിനാല്‍ ആ സ്‌നേഹം സുഗന്ധപൂരിതമായിരിക്കും.ആ വാസന മുഴുവനിടങ്ങളിലും പരക്കും. അത് ചിന്താമണ്ഡലങ്ങളെയും മനോവികാരത്തെയും ഗാഢമായി സ്പര്‍ശിക്കും. ആ സ്പര്‍ശനം ബാഹ്യകർമങ്ങളെയാകെ സ്വാധീനിക്കും. ഓരോ ചലന നിശ്ചലനങ്ങളും ആ സ്‌നേഹത്തില്‍ ചാലിച്ചതായിരിക്കും. ഈയൊരു സ്‌നേഹത്തിന്റെ ബഹിസ്ഫുരണമാണ് മുത്തുനബി(സ്വ) നടന്നുപോയ വഴിയിലൂടെ നടന്നുപോകുമ്പോള്‍ അവിടുന്ന് തലതാഴ്ത്തി എന്ന ഒറ്റകാരണത്താല്‍ തലതാഴ്ത്തിയ ഇബ്‌നു ഉമറിൽ(റ) പ്രതിഫലിച്ചിട്ടുള്ളത്. അവിടുത്തെ അനുചരന്മാരിലൊക്കെയും പ്രതിഫലിച്ചതും ഈ സുഗന്ധപൂരിതമായ സ്‌നേഹം തന്നെയാണ്. അതിനാലാണ് ഇവിടെ മനസ്സിനെ സുഗന്ധം പരത്തുന്ന ഊദിനോട് ഉപമിച്ചു കൊണ്ട് പുകയ്ക്കുന്ന ഹൃദയം എന്ന് പ്രയോഗിച്ചത്. സാധാരണയില്‍ ഊദ് പുകയുമ്പോള്‍ സുഗന്ധം പരക്കുന്നത് പോലെ മനസ്സിൽ നിന്ന് അനുരാഗത്തിന്റെ ബഹിസ്ഫുരണങ്ങള്‍ വ്യാപകമായി പ്രതിഫലിക്കുന്നുണ്ട്. ഊദ് പുകയുന്നത് തീപ്പൊരി കൊണ്ടാണെങ്കില്‍ പ്രണേതാവിന്റെ മനസ് സ്‌നേഹമാകുന്ന തീപ്പൊരി കൊണ്ടാണ് പുകയുന്നത്.

വിശുദ്ധ മണ്ണ് നിന്നെ കരയിക്കുന്നുണ്ടല്ലോ
പ്രണേതാവുമായി ബന്ധമുള്ള ഏതൊരു കാര്യവും അനുരാഗിയുടെ മനസുമായി സ്പര്‍ശിക്കും. നയനങ്ങളെ ഈറനണിയിക്കും.അദ്ദേഹം പിറന്നുവീണനാടും അദ്ദേഹത്തിന്റെ പാദസ്പര്‍ശങ്ങളേറ്റ മണ്ണും നടന്നുപോയ ഊടുവഴികളും ശ്വസിച്ച വായുവും തുടങ്ങി സർവതും ആ നൊമ്പരസ്മരണകളുയര്‍ത്തും. അതുകൊണ്ട് തന്നെ പ്രേമഭാജനം വസിച്ച പ്രദേശത്തെ കുറിച്ച് സംസാരിക്കുമ്പോള്‍ അനുരാഗി കരയുന്നുണ്ടെങ്കില്‍ അത് പ്രണയക്കരച്ചിലാണ് എന്നുറപ്പിക്കാം. ഈയൊരു തത്വത്തിന്റെ അടിസ്ഥാനത്തിലാണ് ഇമാം ബൂസ്വീരി(റ) അടുത്തവരി കൊണ്ടുവരുന്നത്.”അനുരാഗമില്ലായിരുന്നെങ്കില്‍ തകര്‍ന്നുപോയ ഭവനത്തിന്റെ അവശിഷ്ടങ്ങള്‍ക്ക് വേണ്ടി നീ കരയില്ലായിരുന്നു, ബാന്‍ വൃക്ഷത്തിന്റെയും “അലം’ഗിരിയുടെയും സ്മരണ നിന്റെ ഉറക്കം കെടുത്തില്ലായിരുന്നു.’ ഇവിടെ കവി തകര്‍ന്നു പോയ വീട് എന്നത് കൊണ്ട് ഉദ്ദേശിച്ചത് പ്രണേതാവിന്റെ ജന്മസ്ഥലമാണ്. മനസ് തകര്‍ക്കുന്ന സ്‌നേഹത്തിന് സാധാരണയില്‍ അറബി ഭാഷയിലെ പ്രണയകാവ്യങ്ങളില്‍ ഉപയോഗിക്കാറുള്ള ഉപമയാണിത്. ഇവിടെ ഭവനത്തിന്റെ അവശിഷ്ടം(ത്വലല്) എന്നത് കൊണ്ടുള്ള ഉദ്ദേശ്യം പരിശുദ്ധ മക്കയാണ് എന്ന് അസീദത്തുശുഹ്ദ എന്ന ഗ്രന്ഥത്തില്‍ കാണാം. മുത്തുനബി(സ്വ) മക്കയില്‍ നിന്ന് പലായനം ചെയ്തതോട് കൂടി മക്ക തകര്‍ന്ന് പോയ വീടിന് സമാനമായി എന്നാണ് കവി പറഞ്ഞുവെക്കുന്നത്. കാരണം, മക്കയുടെ സർവപവിത്രതയും മുത്ത് നബിയുടെ സാന്നിധ്യം കൊണ്ട് മാത്രമാണ്. ഏതൊരു മണ്ണും പവിത്രമാവുന്നത് ആ സ്പര്‍ശനം കൊണ്ടാണ്. തിരുനബി അന്ത്യവിശ്രമം കൊള്ളുന്ന മണ്ണാണ് ഏറ്റവും പുണ്യമുള്ള മണ്ണ് എന്ന് മഹത്തുക്കള്‍ ഏകോപിച്ചഭിപ്രായപ്പെട്ടത് ഇക്കാരണത്താലാണ്. സൂറതുല്‍ ബലദിലെ ആദ്യരണ്ട് സൂക്തങ്ങള്‍ അതിലേക്കുള്ള സൂചനയാണ്.മക്കയെ കൊണ്ട് അല്ലാഹു സത്യം ചെയ്യുന്നതിനുള്ള കാരണം മുത്ത് നബി അവിടെ വസിക്കുന്നു എന്നത് കൊണ്ട് മാത്രമാണ് എന്നതാണ് ഈ രണ്ട് സൂക്തത്തിന്റെ പൊരുള്‍.തിരുനബിയുടെ ആഗമനമാണ് മക്കയെ സത്യം ചെയ്യപ്പെടാന്‍ യോഗ്യതയുള്ള നാടാക്കിയത് എന്ന് വരുമ്പോള്‍ തിരുനബി സ്പര്‍ശനമാണ് മക്ക എന്ന നാടിന് വിശുദ്ധിനല്‍കിയത് എന്ന് വരുന്നു.തിരുനബി(സ്വ) മദീനയിലേക്ക് ഹിജ്റ പോവുന്നതോട് കൂടി തിരുശേഷിപ്പുകള്‍ മാത്രം അവിടെ ബാക്കിയായി. ആ ശേഷിപ്പുകളാണോ നിന്റെ ഈ കരച്ചിലിന്റെ ഹേതു എന്നാണ് അനുരാഗിയോട് ചോദിക്കുന്നത്. പ്രണേതാവിന്റെ ശേഷിപ്പുകള്‍കണ്ട് കണ്ണീര്‍വാര്‍ക്കുന്നത് അനുരാഗകരച്ചില്‍തന്നെയാണ് എന്നത് വ്യക്തമാണല്ലോ.

ബാന്‍ മരവും അലം ഗിരിയും അനുരാഗിയുടെ ഉറക്കം നഷ്ടപ്പെടുത്തുന്നുണ്ട്.മക്കക്ക് സമീപമുള്ള സുഗന്ധം നിറഞ്ഞ മരമാണ് ബാന്‍. തിരുനബി(സ്വ) ഈ മരത്തിന്റെ തണലിലിരിക്കുകയും അനുചരരോട് സല്ലപിക്കുകയും ചെയ്യാറുണ്ടായിരുന്നു. മക്കയിലുള്ള മലയാണ് അലം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. അത് അബൂഖുബൈസ് മലയാണെന്നും ഹിറാ മലയാണെന്നും വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. ഏതായാലും ഇവയൊക്കെയും തിരുനബിയുടെ (സ്വ) ജീവിതപാശ്ചാത്തലവുമായി ബന്ധപ്പെട്ടുകിടക്കുന്നു. ഇവ രണ്ടും തിരുനബിയുടെ (സ്വ) രൂപകങ്ങളാണെന്ന് ഇമാം ഇബ്‌നു ഹജര്‍(റ) നിരീക്ഷിക്കുന്നുണ്ട്.തിരുശരീരത്തിലെ സുഗന്ധത്തിന്റെ സാന്നിധ്യമാണ് സുഗന്ധവൃക്ഷമായ ബാന്‍ മരത്തോട് തിരുനബിയെ ഉപമിച്ചതിന്റെ അടിസ്ഥാനം.ശാരീരിക സൗന്ദര്യത്തിലും ആകാരഘടനയിലുമാണ് അലംഗിരിയോട് തിരുനബിയെ ഉപമിച്ചത്. ഈ വിശേഷണങ്ങളിലെല്ലാം ഈ വസ്തുക്കളെക്കാള്‍ സമ്പൂർണനാണ് മുത്ത്‌നബി(സ്വ). ഖസീദതുല്‍ ബുര്‍ദയുടെ ആദ്യ വരികളില്‍ കൊണ്ടുവന്നിട്ടുള്ള രൂപകങ്ങള്‍ക്ക് വൈവിധ്യവും സൗകുമാര്യതയും നിറഞ്ഞ അനേകം വ്യാഖ്യാന സാധ്യതകളുണ്ടാവുന്നതോടൊപ്പം അവയൊക്കെയും തിരുജീവിതവുമായി ബന്ധമുള്ളവയാണ് എന്നത് കാവ്യരചനയുടെ സൂക്ഷ്മസാധ്യതകളെ കൂടി പരിഗണിക്കാനുള്ള കവിയുടെ വൈഭവത്തെ വെളിപ്പെടുത്തുന്നുണ്ട്.

സ്‌നേഹിതനെ കുറിച്ചുള്ള സ്മരണ അനുരാഗിയുടെ ഉറക്കം നഷ്ടപ്പെടുത്തുന്നതെങ്ങനെ എന്ന ചര്‍ച്ച വ്യാഖ്യാന ഗ്രന്ഥങ്ങളില്‍ കാണാം: ആമാശയത്തില്‍ നിന്ന് തലച്ചോറിലേക്ക് ഉയരുന്ന ഈര്‍പ്പം കാരണമായിട്ടാണ് മനുഷ്യന് ഉറക്കമുണ്ടാവുന്നത്.ഈ ഈര്‍പ്പത്തിന്റെ മുഖ്യഹേതു അമിതഭക്ഷണവും പാനീയവുമാണ്.സ്‌നേഹാധിക്യം അനുരാഗിക്ക് ഭോജന-പാനങ്ങള്‍ തടസ്സപ്പെടുത്തുന്ന കാരണത്താല്‍ ഈ ഈര്‍പ്പത്തിന്റെ ഉല്‍പ്പാദനം നിലക്കുന്നു. അനുരാഗിയുടെ ശരീരത്തില്‍ വികാരവിക്ഷോഭം കാരണം ചൂട് വര്‍ധിക്കുമ്പോള്‍ നിലവിലുള്ള ഈര്‍പ്പം വറ്റിപോവുകയും ഉറക്കം പൂർണമായി നഷ്ടപ്പെടുകയും ചെയ്യുകയാണ്.പ്രണയാതുരനായ അനുരാഗിയുടെ, അനുരാഗതീവ്രതയുടെ സൂക്ഷ്മതലത്തെ സ്പര്‍ശിക്കുകയാണ് ഇമാം ബൂസ്വീരി(റ).

സാക്ഷി നിഷേധം
അനുരാഗിക്ക് പ്രണയമുണ്ടെന്ന് വാദിക്കുന്നു, അനുരാഗി നിഷേധിക്കുന്നു, സ്‌നേഹമുണ്ടെന്നതിന് വാദി സാക്ഷികളെ കൊണ്ടുവരുന്നു, തെളിവുകള്‍ നിരത്തുന്നു. തന്റെ പ്രണയാര്‍ദ്രതയെ വ്യംഗ്യമാക്കാനുള്ള എല്ലാ ശ്രമവും പാളിയതോടെ അനുരാഗി ആകെ പരുങ്ങലിലായി. അവസാനത്തെ അടവെന്നോണം സാക്ഷികള്‍ സാക്ഷിത്വത്തിന് യോഗ്യരല്ല എന്ന വിചിത്രവാദവുമായി അനുരാഗനിഷേധത്തിനുള്ള പാഴ്ശ്രമം നടത്തുകയാണ് അനുരാഗി. ആ ശ്രമത്തെ ശക്തമായി വിമര്‍ശിക്കുകയാണ് കവി ചെയ്യുന്നത്.”കണ്ണുനീരും ശാരീരികതളര്‍ച്ചയുമാകുന്ന നീതിമാന്മാര്‍ നിനക്കെതിരെ സാക്ഷിനില്‍ക്കുകയാണെന്നിരിക്കെ നിനക്കെങ്ങനെ അനുരാഗത്തെ നിഷേധിക്കാനാകുന്നു.’ഈ ശ്രമം അംഗീകരിക്കാനാവില്ല തന്നെ എന്നാണ് ഈ ശകലത്തിന്റെ ധ്വനി. കണ്ണുനീരും രോഗവും ജൈവീകമായ കാര്യങ്ങളാണ്.അവയൊരിക്കലും വ്യാജമായി ഉണ്ടാവുകയില്ല എന്നത് വ്യക്തമായ കാര്യമാണ്. ശാരീരിക അവസ്ഥാന്തരങ്ങള്‍ ജൈവീകമാണ്. അത് സ്വയാത്മനാ ഉണ്ടാവുകയില്ല. കാരണങ്ങള്‍ വല്ലതും വേണം. ഈ രണ്ട് ലക്ഷണങ്ങളും പ്രകടമായത് അനുരാഗത്താലാണെന്നത് സാഹചര്യ തെളിവുകള്‍ കൊണ്ട് വ്യക്തമായിട്ടുണ്ട്. ഇവിടെ ശാരീരിക രോഗം എന്നതിന് സഖം എന്നാണ് പ്രയോഗിച്ചത്. ദീര്‍ഘമായ ഉറക്കൊഴിവാക്കുന്നത് കാരണമായുണ്ടാവുന്ന രോഗത്തിനാണ് സഖം എന്ന് പ്രയോഗിക്കുക.നേരത്തെ ബാന്‍ മരത്തെയും അലം ഗിരിയെയും സ്മരിച്ചു കൊണ്ട് അനുരാഗി ഉറക്കമൊഴിക്കുകയും ചെയ്തിരുന്നു.അതിനാല്‍ അനുരാഗമുണ്ട് എന്ന വാദത്തിന് ബലം നല്‍കുന്ന നീതിമാന്മാരായ സാക്ഷികളാണ് ഇവ രണ്ടും എന്നത് പ്രകടമായിരിക്കുന്നു.നീതിപൂര്‍ണരാണെന്ന് വ്യക്തമായ സാക്ഷികളെ നിഷേധിക്കാന്‍ ശ്രമിക്കുന്നത് മര്‍ക്കടമുഷ്ടിയാണ്.സത്യമാണെന്ന് ബോധ്യപ്പെട്ടിട്ടും നിഷേധിക്കാന്‍ ശ്രമിക്കുന്നത് അപരാധമാണ്.അതിനാല്‍ സ്വയം സമ്മതിക്കുന്നതാണ് മാന്യത എന്ന് ആക്ഷേപസ്വരത്തില്‍ അഭിസംബോധകനെ ബോധ്യപ്പെടുത്തുകയാണ് കവി.

സ്‌നേഹത്തെ നിഷേധിക്കാന്‍ കഴിയുന്നിടത്തോളം ശ്രമിക്കുക എന്നതാണ് ആത്മാര്‍ഥസ്‌നേഹിതന്റെ രീതി. അത് താനും പ്രണേതാവും മാത്രമറിയുന്ന സ്വകാര്യതയായിരിക്കണം എന്നാണ് അവന്‍ ശക്തമായി ആഗ്രഹിക്കുക.അപ്പോള്‍ മാത്രമാണ് സ്‌നേഹം മൂര്‍ത്തവും സത്യസന്ധവുമാകുന്നത്. തിരുനബിയോടുള്ള (സ്വ) സ്‌നേഹവും അങ്ങനെയാവണം.അതൊരിക്കലും പ്രകടനപരത ആവരുത്. യഥാര്‍ത്ഥ പ്രവാചക സ്‌നേഹി തന്റെ സർവകർമങ്ങളിലും മുത്തുനബിയെ (സ്വ) അനുകരിക്കും. ആ അനുധാവനം അതിന്റെ മൂര്‍ത്തിമത്ഭാവം പുല്‍കുമ്പോഴും മറച്ചുവെക്കാനാണ് അവന്‍ പരമാവധി ശ്രമിക്കുക.അവിടുത്തെ സംബന്ധിച്ച ചരിത്രസ്മരണകള്‍ അവനിലുണ്ടാക്കിയേക്കാവുന്ന വികാരവിക്ഷോഭങ്ങള്‍ നിയന്ത്രിക്കാന്‍ അവന്‍ ആവതും ശ്രമിച്ചുകൊണ്ടിരിക്കും. പക്ഷേ, അവന്റെ നിയന്ത്രണം നഷ്ട്ടപ്പെടും. നിയന്ത്രണാതീതമായി അവന്റെ മനസ്സിൽ സ്‌നേഹകാവ്യങ്ങളും പ്രവാചക പ്രകീര്‍ത്തനങ്ങളും അണപൊട്ടിയൊഴുകും. മനസോരങ്ങളില്‍ നിന്ന് നിര്‍ഗളിക്കുന്ന ഈ പ്രണയാതുരതയാണ് വിശ്വാസിയെ പ്രവാചകരെ പ്രകീര്‍ത്തിക്കാനും അവിടുത്തെ അപദാനങ്ങള്‍ ആലപിക്കാനും തെരുവോരങ്ങളില്‍ തിരുനബിയെ കൊണ്ട് സന്തോഷം പറയാനും പ്രേരിപ്പിക്കുന്നത്. അല്ലാതെ ഇവകളൊന്നും കേവലപ്രകടനങ്ങള്‍ മാത്രമല്ല. പ്രവാചകസ്‌നേഹത്തിന്റെ ഈ സത്തയാണ് ഖസീദത്തുല്‍ ബുര്‍ദയുടെ ആദ്യ അധ്യായത്തിലുടനീളം അത്യുകൃഷ്ടമായ ആകർഷകത്വത്തോടെ ഇമാം ബൂസ്വീരി(റ) വരച്ചു കാട്ടുന്നത്.

മിസ്ഹബ് മുസ്തഫ തളിപ്പറമ്പ്

You must be logged in to post a comment Login