നമ്മുടെ റിപ്പബ്ലിക്: അംബേദ്കറെ ഓര്‍മിക്കാം കാവല്‍ നില്‍ക്കാം

നമ്മുടെ റിപ്പബ്ലിക്: അംബേദ്കറെ ഓര്‍മിക്കാം കാവല്‍ നില്‍ക്കാം

ഓര്‍മകള്‍ കണിശമായ ഒരു രാഷ്ട്രീയ പ്രവര്‍ത്തനമാണ്. നാം രാഷ്ട്രീയത്തെ നേരിട്ട് വരിച്ചില്ല എങ്കിലും രാഷ്ട്രീയം നമ്മെ വരിക്കുകയും ബാധിക്കുകയും ചെയ്യുമല്ലോ? അതിനാല്‍ നമ്മുടെ രാഷ്ട്രത്തെക്കുറിച്ചുള്ള ഓര്‍മകളിലും ഈ രാഷ്ട്രം രൂപപ്പെട്ട രാഷ്ട്രീയം നമ്മെ നാമറിയാതെ കൊളുത്തിവലിക്കും. അതുകൊണ്ടാണ് സ്വാതന്ത്ര്യപിറവിയില്‍ നാം ഗാന്ധിയെ ഒരാഹ്വാനവുമില്ലാതെ ഓര്‍മിക്കുന്നത്. സ്വാതന്ത്ര്യദിനത്തില്‍ നിന്ന്, എന്തിന് ജയന്തി ദിനത്തില്‍ നിന്നുപോലും ഗാന്ധിയെ പുറന്തള്ളാന്‍ സംഘടിതവും ഭരണകൂടപരവുമായ ശ്രമങ്ങള്‍ കൊണ്ടുപിടിച്ചു നടന്നിട്ടും നാം സ്വാതന്ത്ര്യപ്പിറവിയില്‍ ഗാന്ധിയെ ഓര്‍ക്കുന്നു. സ്്വാതന്ത്ര്യം എന്ന ആശയത്തിലേക്കുള്ള നമ്മുടെ വലിയ നടത്തം തുടങ്ങിയത് ആ കാലുകളിലൂടെയാണ് എന്ന് നമുക്ക് ആരും പറഞ്ഞുതരാതെ അറിയാം. കാരണം അത് ഈ രാഷ്ട്രത്തിന്റെ സംഘടിതമായ ഓര്‍മയാണ്. പാരമ്പര്യമായി മാറിയ ഓര്‍മ.
സമാനമാണ് റിപ്പബ്ലിക് ദിനവും. സ്വാതന്ത്ര്യം അടിമത്തത്തില്‍ നിന്നുള്ള വിമോചനമായിരുന്നു എങ്കില്‍ റിപ്പബ്ലിക് ആത്മാന്തസ്സിലേക്കുള്ള, നിവർന്നു നില്‍പിലേക്കുള്ള, പരമാധികാരത്തിലേക്കുള്ള, സ്വയം പൂര്‍ണതയിലേക്കുള്ള നിവര്‍ന്നുനില്‍പായിരുന്നു. സ്വാതന്ത്ര്യം ജനേച്ഛയുടെ, പോരാട്ടത്തിന്റെ മഹാസഹനത്തിന്റെ ദീര്‍ഘഗാഥ ആയിരുന്നു. ഒരേസമയം ധിഷണയുടെയും ആത്മാവിന്റെയും ഐക്യപ്പെടല്‍. റിപ്പബ്ലിക്കിലേക്കുള്ള പാത ധിഷണയുടെ, ലോകത്തെ മനസിലാക്കലിന്റെ, രാഷ്ട്രീയത്തിന്റെ വഴി ആയിരുന്നു. ആ വഴികളില്‍ നമ്മെ നടത്തിയ ഒരു മഹാപ്രതിഭയെ, സ്വതന്ത്ര്യത്തില്‍ ഗാന്ധിയെ എന്ന പോലെ നാം ഓര്‍മിക്കും. ബി. ആര്‍. അംബേദ്കറെ. ഒരു സ്വതന്ത്ര പരമാധികാര റിപ്പബ്ലിക് എന്ന ഉയരത്തിലേക്കുള്ള നമ്മുടെ ചുവടുവെപ്പ് അംബേദ്കറുടെ മാത്രം ചുമലില്‍ ആയിരുന്നോ? അല്ല. പക്ഷേ, അംബേദ്കര്‍ എന്ന മഹാ ദീര്‍ഘദര്‍ശി ഈ രാജ്യത്തെ അസാധാരണമായി ദീര്‍ഘദര്‍ശനം ചെയ്തു. അതിനാല്‍ ഈ റിപ്പബ്ലിക് ദിനത്തിലും നമുക്ക് അംബേദ്കറെ ഓര്‍ത്തുകൊണ്ട്, നമ്മുടെ റിപ്പബ്ലിക്കിനെക്കുറിച്ച് ജാഗ്രതയോടെ ആലോചിക്കാം. അംബേദ്കറെ ഓര്‍മിക്കുക എന്നാല്‍ ജാഗ്രതപ്പെടുക എന്നാണല്ലോ അര്‍ഥം. നമ്മുടെ രാജ്യത്തിന്റെ ഭാവിയെക്കുറിച്ച് അംബേദ്കര്‍ ആലോചിച്ചിരുന്നു. ആശങ്കയോളമെത്തുന്ന ആലോചന. ആ ആലോചനകളില്‍ നിന്ന് നമുക്ക് തുടങ്ങാം. ഇന്ത്യയുടെ ഭരണഘടനാ നിര്‍മാണ സഭയുടെ അവസാന യോഗത്തില്‍ ഡ്രാഫ്റ്റിംഗ് കമ്മിറ്റി അധ്യക്ഷന്‍ എന്ന നിലയില്‍ നടത്തിയ ആ ഐതിഹാസിക പ്രസംഗം വായിക്കാം.

“”കോണ്‍സ്റ്റിറ്റുവെന്റ് അസംബ്ലിയുടെ പ്രവര്‍ത്തനങ്ങളിലേക്ക് പിന്‍തിരിഞ്ഞു നോക്കുമ്പോള്‍ അസംബ്ലി ആദ്യമായി ചേര്‍ന്ന ഡിസംബര്‍ 9, 1946 ന് ശേഷം ഇപ്പോള്‍, രണ്ടു വര്‍ഷവും പതിനൊന്ന് മാസവും പതിനേഴ് ദിവസവും പിന്നിട്ടിരിക്കുന്നു. ഇക്കാലയളവിനുള്ളില്‍ 11 യോഗങ്ങള്‍ ചേരാന്‍ സാധിച്ചു. Objective resolutions പാസാക്കുന്നതിനും, മൗലിക അവകാശങ്ങള്‍, യൂണിയന്‍ ഭരണഘടന, യൂണിയന്റെ അധികാരങ്ങള്‍, പ്രൊവിന്‍ഷ്യന്‍ ഭരണഘടന, ന്യൂനപക്ഷങ്ങളും ഷെഡ്യൂള്‍ഡ് ഏരിയയും ട്രൈബും, ഇവയെയെല്ലാം ആധാരമാക്കിയുണ്ടാക്കിയ കമ്മിറ്റികളുടെ റിപ്പോര്‍ട്ടുകള്‍ പരിഗണിക്കുന്നതിനുമായിരുന്നു പതിനൊന്നില്‍ ആറ് യോഗങ്ങളും. കരട് ഭരണഘടനയുടെ (draft constitution) പരിഗണനയായിരുന്നു, ഏഴാമത്തെയും എട്ടാമത്തെയും ഒന്‍പതാമത്തെയും പത്താമത്തെയും പതിനൊന്നാമത്തെയും യോഗങ്ങളുടെ അജണ്ട. ആകെ 165 ദിവസമെടുത്ത അസംബ്ലി, 114 ദിവസവും ചിലവഴിച്ചത് കരട് ഭരണഘടനയുടെ പരിഗണനക്ക് വേണ്ടിയായിരുന്നു.
ഡ്രാഫ്റ്റിങ് കമ്മിറ്റിയുടെ കാര്യമെടുത്താല്‍, കോണ്‍സ്റ്റിറ്റുവെന്റ് അസംബ്ലി അതിനെ തിരഞ്ഞെടുക്കുന്നത് 1947 ആഗസ്ത് 29 നാണ്. ആഗസ്ത് 30 നാണ് ആദ്യ യോഗം ചേര്‍ന്നത്. ഡ്രാഫ്റ്റിങ് കമ്മിറ്റി ചുമതല പൂര്‍ത്തീകരിക്കാന്‍ കുറേയേറെ സമയമെടുത്തു എന്ന വിമര്‍ശനമുണ്ട്. പക്ഷേ നോക്കൂ, അമേരിക്ക അതിനായി നാല് മാസമെടുത്തു, കാനഡ രണ്ട് വര്‍ഷവും ആറ് മാസവും, സൗത്ത് ആഫ്രിക്ക ഒരു വര്‍ഷവും ഓസ്‌ട്രേലിയ 9 വര്‍ഷവുമെടുത്താണ് അത് പൂര്‍ത്തീകരിച്ചത്. പരിഗണിക്കേണ്ട മറ്റൊരു കാര്യം, നമ്മുടെ ഭരണഘടന മുന്‍പ് ഉദാഹരിച്ചവയെക്കാള്‍ വളരെ വലുതാണ് എന്നതാണ്. നമ്മുടെ ഭരണഘടനയില്‍ 395 ആര്‍ട്ടിക്കിള്‍ ഉണ്ടായിരിക്കുമ്പോള്‍ അമേരിക്കയുടേതില്‍ ഏഴും (അതില്‍ ആദ്യത്തെ നാലെണ്ണം വിവിധ ഭാഗങ്ങളായി തിരിച്ചിരിക്കുന്നതുള്‍പ്പെടെ 21) കാനഡയുടേതില്‍ 147ഉം സൗത്ത് ആഫ്രിക്കയുടേതില്‍ 128ഉം ഓസ്‌ട്രേലിയയുടെ ഭരണഘടനയില്‍ 128 ആര്‍ട്ടിക്കിളുകളുമേയുള്ളൂ എന്നതാണ്. ഓർമിക്കേണ്ട രണ്ടാമത്തെ കാര്യം ഇവര്‍ക്കൊന്നും ഭരണഘടനാ ഭേദഗതിയെ അഭിമുഖീകരിക്കേണ്ടി വന്നിട്ടില്ല എന്നതാണ്.

അത്തരത്തില്‍ വലിപ്പവും മഹത്വവുമുള്ള ഈ ഭരണഘടനയുടെ പേരില്‍ എനിക്കിപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്ന ഈ അംഗീകാരം യഥാര്‍ത്ഥത്തില്‍ എനിക്കല്ല ലഭിക്കേണ്ട്. അതിന്റെ പകുതി നല്‍കേണ്ടത് അസംബ്ലിയുടെ ഭരണഘടനാ ഉപദേഷ്ടാവായ ബി എന്‍ റാവുവിനാണ്. മറ്റൊരു ഭാഗം ഡ്രാഫ്റ്റിങ് കമ്മിറ്റിയിലെ അംഗങ്ങള്‍ക്കാണ്. വൈദഗ്ധ്യവും, വ്യത്യസ്തമായ അഭിപ്രായങ്ങളെ ഉള്‍കൊള്ളാനുള്ള ക്ഷമയും അവര്‍ക്കില്ലായിരുന്നെങ്കില്‍ ഉറപ്പായും ഭരണഘടന അതിന്റെ പരിസമാപ്തിയിലെത്തില്ലായിരുന്നു. മുഖ്യ ഡ്രാഫ്റ്റ്‌സ്മാനായ എസ് എന്‍ മുഖര്‍ജിയെയും അദ്ദേഹത്തിന്റെ കഠിനാധ്വാനത്തെയും അദ്ദേഹത്തിന്റെ കീഴില്‍ പ്രവര്‍ത്തിച്ചവരെയും വിസ്മരിക്കാനാവില്ല. ഈ അംഗീകാരത്തിന്റെ ഒരു മുഖ്യ പങ്ക് അര്‍ഹിക്കുന്നത് അദ്ദേഹമാണ്. മറ്റൊരു കാര്യം താറുമാറായിപ്പോവുമായിരുന്ന ഡ്രാഫ്റ്റിങ് കമ്മിറ്റിയുടെ പ്രവര്‍ത്തനം ഒരുതരം അവ്യവസ്ഥകളുമില്ലാതെ മുന്നോട്ടുപോയതിന്റെ സുപ്രധാനകാരണം അസംബ്ലിക്കകത്ത് കോണ്‍ഗ്രസ് പാര്‍ട്ടി കൊണ്ടുവന്ന വ്യവസ്ഥയും അച്ചടക്കവും തന്നെയാണ് എന്നതാണ്.

അങ്ങനെയായിരിക്കുമ്പോള്‍ തന്നെ ഒരു പാര്‍ട്ടി അച്ചടക്കത്തിലും അതിന്റെ മുറുക്കത്തിലും മാത്രമായിരുന്നു മുന്നോട്ടുപോയിരുന്നതെങ്കില്‍ എല്ലാം “ശരി’ ആണ് എന്നംഗീകരിക്കുന്ന ഒരുകൂട്ടം മനുഷ്യരുടെ കൂട്ടമായി ഇത് മാറിയേനെ. ഭാഗ്യത്തിന് അവിടെ റിബലുകളുണ്ടായിരുന്നു. മിസ്റ്റര്‍ കമ്മത്ത്, ഡോ പി എസ് ദേശ്മുഖ്, മിസ്റ്റര്‍ സിദ്വ, പ്രൊഫസര്‍ സക്‌സേനയും പണ്ഡിത് ഠാക്കൂറും, ദാസ് ഭാര്‍ഗവയും. അവരോടൊപ്പം നിശ്ചയമായും ഞാന്‍ പരാമര്‍ശിക്കേണ്ട പേര് പ്രൊഫസര്‍ കെ. ടി ഷായുടെയും പണ്ഡിത് ഹിര്‍ദേ നാഥ് കുന്‍സ്രുവിന്റെയുമാണ്. അവരുയര്‍ത്തിയ വാദങ്ങളിലേറെയും പ്രത്യയശാസ്ത്രപരമായിരുന്നു. ഏറ്റവും ഒടുവിലായി, ഈ അസംബ്ലിയുടെ പ്രവര്‍ത്തനങ്ങള്‍ സുഗമമായി മുന്നോട്ടുപോവുന്നതിന് ഏറ്റവുമധികം ഇടപെടല്‍ നടത്തിയ അധ്യക്ഷന് ഞാന്‍ എന്റെ നന്ദി രേഖപ്പെടുത്തുകയാണ്. തീര്‍ത്തും സാങ്കേതികമായ കാരണങ്ങളാല്‍ ഡ്രാഫ്റ്റിങ് കമ്മിറ്റിയുടെ ഭേദഗതികള്‍ തടസ്സപ്പെട്ട സമയമുണ്ടായിരുന്നു. അതിനെയെല്ലാം മറികടക്കാനായത് അദ്ദേഹത്തിന്റെ ഇടപെടല്‍ മൂലമാണ്.

ഭരണഘടനയുടെ മേന്മയെപ്പറ്റി ഞാന്‍ അധികമായി സംസാരിക്കുന്നില്ല. എത്ര മികച്ച ഭരണഘടനയായിരുന്നാലും അതിനെ ചലിപ്പിക്കുന്നവര്‍ മോശക്കാരാണെങ്കില്‍, അത് മോശപ്പെട്ട ഒന്നായിത്തീരും. എത്ര മോശപ്പെട്ട ഭരണഘടനയായിരുന്നാലും, ചലിപ്പിക്കുന്നവര്‍ നല്ലതായിരുന്നാല്‍, അത് വലിയൊരളവില്‍ നല്ലതായിരിക്കും. ലെജിസ്‌ലേച്ചറും, എക്‌സിക്യൂട്ടിവും ജുഡീഷ്യറിയും ഉള്‍പ്പെടുന്നവയെ സജ്ജീകരിക്കാന്‍ മാത്രമേ അതിന് കഴിയൂ. അവയുടെ പ്രവര്‍ത്തനം പൊതുജനങ്ങളെയും രാഷ്ട്രീയപാര്‍ട്ടികളെയും ആശ്രയിച്ചേ നില്‍ക്കൂ.
ഭരണഘടനയെ അപലപിച്ചത് പ്രധാനമായും രണ്ട് വിഭാഗങ്ങളാണ്; കമ്മ്യൂണിസ്റ്റുകളും സോഷ്യലിസ്റ്റുകളുമാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഭരണഘടനയെ എതിര്‍ത്തത് ഇതൊരു മോശം ഭരണഘടന ആയിരുന്നതുകൊണ്ടല്ല, അവർക്കുവേണ്ടിയിരുന്നത് തൊഴിലാളി വർഗ സര്‍വാധിപത്യത്തില്‍ അധിഷ്ഠിതമായ ഒരു ഭരണഘടന ആയിരുന്നു. പാര്‍ലിമെന്ററി ജനാധിപത്യത്തില്‍ അധിഷ്ഠിതമായ ഭരണഘടന ആയിരുന്നതുകൊണ്ടാണ് അവര്‍ ഇതിനെ എതിര്‍ത്തത്. സോഷ്യലിസ്റ്റുകള്‍ക്ക് രണ്ട് കാര്യങ്ങളാണ് വേണ്ടിയിരുന്നത്. ഒന്നാമത്തെ കാര്യം, അവര്‍ അധികാരത്തില്‍ വരികയാണെങ്കില്‍, എല്ലാ സ്വകാര്യസ്വത്തുക്കളും നഷ്ടപരിഹാരം നല്‍കാതെ ദേശസാത്കരിക്കാനും, സാമൂഹികവത്കരിക്കാനും അവര്‍ക്ക് ഭരണഘടന അവകാശം നല്‍കണം എന്നതായിരുന്നു. സോഷ്യലിസ്റ്റുകൾക്കു വേണ്ടിയിരുന്ന രണ്ടാമത്തെ കാര്യം, ഭരണഘടനയില്‍ പരാമര്‍ശിച്ചിരുന്ന മൗലിക അവകാശം പരിപൂർണമായിരിക്കണമെന്നും അതിന് പരിധികളുണ്ടാവരുത് എന്നതുമായിരുന്നു.
ഇക്കാരണങ്ങള്‍ എല്ലാമാണ് ഭരണഘടന എതിര്‍ക്കപ്പെടുന്നതിന് സുപ്രധാനമായും ഉയര്‍ന്നുവന്ന കാരണങ്ങള്‍. പാര്‍ലിമെന്ററി ജനാധിപത്യമാണ് രാഷ്ട്രീയ ജനാധിപത്യത്തിന്റെ സമ്പൂർണമാതൃക എന്ന് ഞാന്‍ പറയുന്നില്ല. നഷ്ടപരിഹാരം നല്‍കാതെ, സ്വകാര്യസ്വത്തുക്കള്‍ കൈവശപ്പെടുത്തുകയില്ല എന്നത് പവിത്രമായ ഒരു തത്വമാണ് എന്നു ഞാന്‍ പറയില്ല, കാരണം അതില്‍ നിന്ന് വിടുതല്‍ ഉണ്ടായേക്കാം. മൗലിക അവകാശങ്ങള്‍ ഒരിക്കലും പരിപൂർണമാവില്ലെന്നും, അവയ്ക്കുമേല്‍ ചുമത്തപ്പെട്ടിട്ടുള്ള പരിധികള്‍ ഒരിക്കലും നീക്കില്ലെന്നും ഞാന്‍ പറയില്ല. ഞാന്‍ പറയുന്നത്, ഭരണഘടന പ്രതിനിധാനം ചെയ്യുന്ന തത്വങ്ങള്‍, ഈ തലമുറയുടെ കാഴ്ചപ്പാടാണ്. അത് അതിവാദമാണ് എന്ന് നിങ്ങള്‍ കരുതുന്നുണ്ടെങ്കില്‍, അത് കോണ്‍സ്റ്റിറ്റുവെന്റ് അസംബ്ലിയിലെ അംഗങ്ങളുടെ കാഴ്ചപ്പാടാണ്.
ഭരണഘടനയുടെ ഒരു വിവക്ഷയെ സംബന്ധിച്ച് മാത്രമാണ് എനിക്ക് പ്രത്യേകമായി പരാമര്‍ശിക്കാനുള്ളത്. ഭരണഘടനയില്‍ കേന്ദ്രീകരണത്തിന് (cetnralization) അമിത പ്രാധാന്യം നല്കുന്നുവെന്നും, സംസ്ഥാനങ്ങള്‍ കേവലം മുനിസിപ്പാലിറ്റികളായി ചുരുക്കിക്കളഞ്ഞെന്നും ഒരു വിമര്‍ശനം ഉണ്ടായി. അത് അതിശയോക്തി കലര്‍ത്തി പറഞ്ഞിട്ടുള്ള ഒന്നല്ലെങ്കിലും, അത് ഭരണഘടനയെ സംബന്ധിക്കുന്ന ഒരു തെറ്റിദ്ധാരണയില്‍ നിന്നുണ്ടായ വാദമാണ്.
കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള ബന്ധങ്ങളെപ്പറ്റി ആലോചിക്കുമ്പോള്‍ ആദ്യം അവ നിലകൊള്ളുന്ന അടിസ്ഥാനതത്വത്തെക്കുറിച്ചാലോചിക്കേണ്ടതുണ്ട്. ഫെഡറലിസത്തിന്റെ അടിസ്ഥാന തത്വം ഭരണനിർവഹണപരവും നിയനിര്‍മാണപരവുമായ അധികാരം കേന്ദ്രവും സംസ്ഥാനങ്ങളും തമ്മില്‍ വിഭജിച്ചിരിക്കുന്നത് കേന്ദ്രമുണ്ടാക്കുന്ന ഏതെങ്കിലും നിയമത്തിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കില്ല, ഭരണഘടനയുടെ അടിസ്ഥാനത്തില്‍ ആയിരിക്കും എന്നതാണ്. ഭരണനിർവഹണപരവും നിയനിര്‍മാണപരവുമായ അധികാരത്തിന്റെ കാര്യത്തില്‍ സംസ്ഥാനങ്ങള്‍ കേന്ദ്രത്തെ ആശ്രയിച്ചായിരിക്കില്ല നിലകൊള്ളുക. അക്കാര്യത്തില്‍ കേന്ദ്രത്തിനും സംസ്ഥാനത്തിനും തുല്യ അവകാശമായിരിക്കും ഉണ്ടാവുക. അങ്ങനെയൊരു ഭരണഘടന കേന്ദ്രീകരണത്തിന്റെ തത്വത്തിലധിഷ്ഠിതമായാണ് നിലകൊള്ളുന്നത് എന്ന വാദം ഉള്‍ക്കൊള്ളാനാവുന്നില്ല. ഭരണനിർവഹണപരവും നിയനിര്‍മാണപരവുമായ തങ്ങളുടെ അധികാരം പ്രയോഗിക്കുന്നതിന് മറ്റ് ഫെഡറല്‍ ഭരണഘടനകളെക്കാള്‍ വിശാലമായ സാധ്യത നമ്മുടെ ഭരണഘടന നല്‍കുന്നുണ്ട് എന്നതുകൊണ്ടാവാം അത്തരമൊരു വിമര്‍ശനം. റെസിഡുവറി അധികാരങ്ങള്‍ സംസ്ഥാനങ്ങളെക്കാള്‍ കേന്ദ്രത്തിനാണ് നല്‍കിയിരിക്കുന്നത് എന്നത് കൊണ്ടുമാവാം. പക്ഷേ അവയൊന്നുമല്ല ഫെഡറലിസത്തിന്റെ സത്ത. അതുകൊണ്ടുതന്നെ സംസ്ഥാനങ്ങളെ കേന്ദ്രത്തിന്റെ കീഴിലാണ് നിര്‍ത്തിയിരിക്കുന്നത് എന്ന വാദം ശരിയല്ല.

മറ്റൊരു വാദം, കേന്ദ്രത്തിന് സംസ്ഥാനങ്ങളുടെ മേല്‍ സര്‍വാധികാരം നടത്താനുള്ള അവകാശമുണ്ട് എന്ന വിമര്‍ശനമാണ്. ആ വിമര്‍ശനം സത്യമാണ്. പക്ഷെ ആ സര്‍വാധികാരത്തിന് ഭരണഘടനയെ വിമര്‍ശിക്കുന്നതിനുമുന്‍പ്, ചില കാര്യങ്ങള്‍ ഓർമിക്കേണ്ടതുണ്ട്. ഒന്നാമത്തെ കാര്യം, ഈ അധികാരം ഭരണഘടനയുടെ സ്വാഭാവികമായ സ്വഭാവമല്ല. അവയുടെ ഉപയോഗവും പ്രവര്‍ത്തനവും അടിയന്തര ഘട്ടങ്ങളില്‍ മാത്രമേ അനുവദിച്ചിട്ടുള്ളൂ. അടിയന്തര ഘട്ടമുണ്ടാവുമ്പോഴും, അവ ഉപയോഗിക്കരുത് എന്നു വാദിക്കുന്നവര്‍ക്ക്, അതിന്റെ അടിസ്ഥാനം മനസിലായിട്ടില്ല. ഒരു വലിയ വിഭാഗം ജനങ്ങളുടെ അഭിപ്രായത്തിലും, അടിയന്തര സാഹചര്യമുണ്ടാവുമ്പോള്‍, ഒരു പൗരന്റെ ആത്മാര്‍ഥത കേന്ദ്രത്തോടായിരിക്കണം എന്നുതന്നെയാണ് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. അങ്ങനെ ഒരു ഘട്ടത്തില്‍ പൊതുവായ തീര്‍പ്പുകളില്‍ എത്താന്‍ കഴിയുക കേന്ദ്രത്തിന് തന്നെ ആയിരിക്കും.
ഇവിടം കൊണ്ട് എനിക്കവസാനിപ്പിക്കാനാവും. പക്ഷെ എനിക്ക് ചില സുപ്രധാനമായ കാര്യങ്ങള്‍ കൂടി പറയാനുണ്ട്. നമ്മുടെ ഈ സ്വാതന്ത്ര്യത്തിന് എന്ത് സംഭവിക്കും എന്നതാണ് എന്റെ ഇപ്പോഴത്തെ പ്രധാനപ്പെട്ട ആലോചനകളിലൊന്ന്. ഈ സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ നമ്മുടെ രാജ്യത്തിനാവുമോ ? അതോ, നമുക്കത് നഷ്ടപ്പെടുമോ? ഇതാണ് എന്റെയുള്ളില്‍ ഉണ്ടായ ആദ്യത്തെ ആലോചന. ഇന്ത്യ ഒരിക്കലും ഒരു സ്വതന്ത്ര രാജ്യമായിരുന്നില്ല എന്നല്ല. ഒരിക്കല്‍ ഉണ്ടായിരുന്ന സ്വാതന്ത്ര്യം രാജ്യത്തിന് നഷ്ടമായി. ഇനിയൊരിക്കല്‍കൂടി അത് നഷ്ടപ്പെടുമോ? ഭാവിയെക്കുറിച്ചുള്ള എന്റെ പ്രധാന ഉത്കണ്ഠ അതാണ്. ഉണ്ടായിരുന്ന സ്വാതന്ത്ര്യം നമ്മുടെ രാജ്യത്തിന് നഷ്ടമായത് ഈ രാജ്യത്തെ തന്നെ ചിലരുടെ വിശ്വാസവഞ്ചന കൊണ്ടാണ്. സിന്ധ്, മുഹമ്മദ് ബിന്‍ കാസിം ആക്രമിക്കുമ്പോള്‍ ദഹാര്‍ രാജാവിന്റെ പട്ടാളം, മുഹമ്മദ് ബിന്‍ കാസിമില്‍ നിന്ന് കൈക്കൂലി വാങ്ങി യുദ്ധം ചെയ്യാതിരുന്നു. മുഹമ്മദ് ഗോറിയെ ഇന്ത്യയെ ആക്രമിക്കാന്‍ ക്ഷണിച്ചുവരുത്തിയത് ജയ്ചന്ദ് ആണ്. ബ്രിട്ടീഷുകാര്‍ സിഖ് രാജവംശത്തെ ഇല്ലാതാക്കാന്‍ ശ്രമിച്ചപ്പോള്‍, നിശബ്ദനായിരുന്നുകൊണ്ട് അതിനെ പിന്തുണച്ചത് മുഖ്യകമാണ്ടര്‍ ആയിരുന്ന ഗുലാബ് സിങ് ആണ്.

ഈ ചരിത്രം ഇനിയും ആവര്‍ത്തിക്കപ്പെടുമോ എന്നെനിക്ക് ആശങ്കയുണ്ട്. ഈ ആശങ്ക വര്‍ധിക്കുന്നതിന്റെ ഒരു കാരണം ജാതിയുടെയും മതത്തിന്റെയും പേരില്‍ നിലകൊണ്ടിരുന്ന നമ്മുടെ പഴയ ശത്രുക്കളോടൊപ്പം വ്യത്യസ്തവും പരസ്പരം വിയോജിച്ചുകൊണ്ടിരിക്കുന്നതുമായ രാഷ്ട്രീയ വിശ്വാസങ്ങളുള്ള നിരവധി രാഷ്ട്രീയ പാര്‍ട്ടികളും ഇപ്പോള്‍ ഇവിടെയുണ്ട് എന്നതാണ്. അവര്‍ അവരുടെ രാഷ്ട്രീയ വിശ്വാസത്തിനും മുകളില്‍ ഇന്ത്യയെ ഉള്‍കൊള്ളാന്‍ തയാറാവുമോ? അതല്ല രാജ്യത്തെക്കാള്‍ വലുതാണ് തങ്ങളുടെ രാഷ്ട്രീയ വിശ്വാസം എന്നവര്‍ വാദിക്കുമോ? എനിക്കത് അറിയില്ല. അങ്ങനെ സംഭവിച്ചാല്‍, നമ്മുടെ സ്വാതന്ത്ര്യം അപായപ്പെടുകയും, ഒരിക്കലും തിരിച്ചുകിട്ടാനാവാത്ത വിധം നമുക്കത് നഷ്ടമാവുകയും ചെയ്യും. അതിനെയാണ് നമ്മള്‍ പ്രതിരോധിക്കേണ്ടത്. അതിനാല്‍ത്തന്നെ രാജ്യത്തിന്റെ സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ നമ്മുടെ അവസാന തുള്ളി ചോരയും നല്‍കാന്‍ നമ്മള്‍ തയാറാവണം.

അതിനർഥം ഇന്ത്യക്ക് ജനാധിപത്യമെന്തെന്ന് അറിയില്ല എന്നല്ല. ഇന്ത്യ റിപബ്ലിക്കുകളാല്‍ അലംകൃതമായിരുന്ന ഒരു കാലമുണ്ടായിരുന്നെങ്കിലും അവ പരിപൂർണമായിരുന്നില്ല. അതിനർഥം ഇന്ത്യ പാര്‍ലിമെന്റിനെ സംബന്ധിച്ചോ, പാര്‍ലിമെന്റ് നടപടികളെ സംബന്ധിച്ചോ, അജ്ഞരായിരുന്നു എന്നല്ല. ബുദ്ധഭിക്ഷു സംഘങ്ങളെ സംബന്ധിച്ചുണ്ടായ ഒരു പഠനം വ്യക്തമാക്കുന്നത്, അവര്‍ക്ക് പാര്‍ലിമെന്റ് ഉണ്ടായിരുന്നു എന്നു മാത്രമല്ല, അവര്‍ ആധുനിക കാലം മുതല്‍ക്കുണ്ടായിട്ടുള്ള പാര്‍ലിമെന്റുകളെ സംബന്ധിച്ച് അറിവുള്ളവരും അവയെ കൃത്യമായി നിരീക്ഷിച്ചിട്ടുള്ളവരുമായിരുന്നു എന്നാണ്. ഇരിപ്പിടങ്ങള്‍ ക്രമീകരിക്കുന്നതിനെ സംബന്ധിച്ചും, പ്രമേയങ്ങള്‍ അവതിരിപ്പിക്കുന്നതിനെ സംബന്ധിച്ചും, ക്വാറത്തെ സംബന്ധിച്ചും, ബാലറ്റ് വോട്ടിങ്ങിനെ സംബന്ധിച്ചും, വോട്ടെണ്ണല്‍ നടത്തുന്നതിനെ സംബന്ധിച്ചുമെല്ലാം അവര്‍ക്ക് നല്ല ധാരണ ഉണ്ടായിരുന്നു. സംഘങ്ങളുടെ യോഗം ചേരാനാണ്, ബുദ്ധന്‍ ഈ പാര്‍ലിമെന്ററി രീതിശാസ്ത്രം ഉപയോഗിച്ചിരുന്നതെങ്കിലും, അദ്ദേഹം അത് ഇവിടുത്തെ രാഷ്ട്രീയ അസംബ്ലിയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്ന് സ്വീകരിച്ചതാവാനേ വഴിയുള്ളൂ.

ഈ ജനാധിപത്യ വ്യവസ്ഥയാണ് ഇന്ത്യക്ക് നഷ്ടമായത്. ജനാധിപത്യം സ്വേച്ഛാധിപത്യത്തിന് വഴിമാറുന്ന ഒരപകടം ഉണ്ട്. ഇപ്പോള്‍ പിറന്ന ഈ ജനാധിപത്യം അതിന്റെ ഘടന നിലനിര്‍ത്തുമ്പോള്‍ തന്നെ സ്വേച്ഛാധിപത്യത്തിലേക്ക് പോവാനുള്ള സാധ്യത ഉണ്ട്. ജനാധിപത്യത്തെ ഒരു അവസ്ഥയായല്ലാതെ, ഒരു യഥാർത്ഥ വസ്തുതയായി കൂടി സംരക്ഷിക്കാന്‍ നമ്മള്‍ എന്തു ചെയ്യണം? അതിനുള്ള പ്രാഥമിക കാര്യം, നമ്മുടെ സാമൂഹികവും സാമ്പത്തികവുമായ ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍, എത്രയും പെട്ടെന്നുതന്നെ ഭരണഘടന അനുശാസിക്കുന്ന മാർഗങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുക എന്നതാണ്. അതിനർഥം രക്തരൂഷിതമായ വിപ്ലവത്തിന്റെ വഴി നമ്മള്‍ ഉപേക്ഷിക്കുക എന്നതാണ്. സാമ്പത്തികവും സാമൂഹികവുമായ ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ ഭരണഘടനാപരമായ വഴികളുണ്ടെന്നിരിക്കേ, ഭരണഘടനാ വിരുദ്ധമായ വഴികള്‍ തിരഞ്ഞെടുക്കുന്നത് നീതീകരിക്കാനാവില്ല.
രണ്ടാമത്തെ കാര്യം ജോൺ സ്റ്റുവര്‍ട്ട് മില്‍ നമ്മളെ ഓര്‍മ്മിപ്പിക്കുന്നുണ്ട്. “മഹാനായ ഒരു മനുഷ്യന്റെ പാദങ്ങളില്‍ പോലും സ്വാതന്ത്ര്യം അടിയറ വെക്കരുത്. മഹാന്മാരെ വിശ്വസിച്ച് സ്ഥാപനങ്ങളെ നശിപ്പിക്കാന്‍ കഴിയും വിധമുള്ള അധികാരം കൊടുക്കരുത്’. നമ്മുടെ രാജ്യത്തിന് മഹത്തായ സംഭാവനകള്‍ നല്‍കിയ മഹാന്മാരോട് നന്ദിയുള്ളവരായിരിക്കുന്നതില്‍ തെറ്റില്ല. പക്ഷേ നന്ദി കാണിക്കുന്നതിന് ഒരു പരിധിയുണ്ട്.

മൂന്നാമത്തെ കാര്യം നമ്മള്‍ രാഷ്ട്രീയ ജനാധിപത്യത്തില്‍ അവസാനിപ്പിക്കരുത് എന്നതാണ്. നമ്മുടെ രാഷ്ട്രീയ ജനാധിപത്യത്തെ സാമൂഹിക ജനാധിപത്യമായി വികസിപ്പിക്കണം. സാമൂഹിക ജനാധിപത്യമെന്നാല്‍ സ്വാതന്ത്ര്യത്തെയും തുല്യതയെയും സാഹോദര്യത്തെയും ജീവിത തത്വമായി അംഗീകരിക്കലാണ്. സാമൂഹിക ജനാധിപത്യത്തിന്റെ അടിത്തറ ഇല്ലെങ്കില്‍ രാഷ്ട്രീയ ജനാധിപത്യത്തിന് അധികനാള്‍ നിലനില്‍ക്കാന്‍ ആവില്ല.

ജനാധിപത്യം നമുക്ക് സന്തോഷം നല്‍കുന്നുണ്ട് എന്ന കാര്യം വിസ്മരിക്കുന്നില്ല. പക്ഷെ ജനാധിപത്യം നമുക്ക് ചില ഉത്തരവാദിത്വങ്ങള്‍ കൂടി നല്‍കുന്നുണ്ട്. ഇത്രകാലം എന്ത് തെറ്റായി സംഭവിച്ചാലും നമുക്ക് ബ്രിട്ടീഷുകാരെ കുറ്റപ്പെടുത്താമായിരുന്നു. ഇനി ആ നിലയില്‍ നമുക്ക് നമ്മളെയല്ലാതെ ആരെയും കുറ്റപ്പെടുത്താനാവില്ല. നമ്മുടേത് ഉള്‍പ്പെടെയുള്ള ജനതയെ ഇന്ന് നയിക്കുന്നത് പുതിയ പ്രത്യയശാസ്ത്രമാണ്. ജനങ്ങളാലുള്ള സര്‍ക്കാര്‍ എന്ന ആശയം ജനങ്ങള്‍ക്ക് മടുത്തു. പകരം ജനങ്ങൾക്കു വേണ്ടി ഒരു സര്‍ക്കാര്‍ എന്നതിനെ ആണ് അവര്‍ പിന്തുണയ്ക്കുന്നത്. ജനങ്ങൾക്കു വേണ്ടി ജനങ്ങളാല്‍ ഉള്ള സര്‍ക്കാരാണോ അല്ലയോ എന്നകാര്യത്തില്‍ അവര്‍ നിസ്സംഗരാണ്. ജനങ്ങളുടെ സര്‍ക്കാരിനെക്കാള്‍ ജനങ്ങള്‍ക്ക് വേണ്ടി ഒരു സര്‍ക്കാര്‍ എന്ന ആശയത്തിന് മുന്‍ഗണന നല്‍കാന്‍ ആളുകളെ പ്രേരിപ്പിക്കുന്ന, നമ്മുടെ പാതയിലുടനീളമുള്ള തിന്മകളെ തിരിച്ചറിയുന്നതില്‍ വൈമനസ്യം കാണിക്കാതിരിക്കുന്നതിലൂടെ മാത്രമേ നമുക്ക് നമ്മുടെ ഭരണഘടനയെ സംരക്ഷിക്കാനാവൂ.”

അംബേദ്കറെ വായിച്ചുവല്ലോ? ഇനി നമ്മുടെ റിപ്പബ്ലിക്കിനെ ഓര്‍ക്കാം. മഹാനായ ആ ദീര്‍ഘദര്‍ശിയെ അഭിവാദ്യം ചെയ്യാം. നമ്മുടെ റിപ്പബ്ലിക്ക് ഇപ്പോള്‍ അകമേ നേരിടുന്ന വെല്ലുവിളികളെ അന്നേ പ്രവചിച്ചു അംബേദ്കര്‍. വിശദീകരിക്കാം.

ഈ വരികള്‍ ശ്രദ്ധിക്കൂ, “”എത്ര മികച്ച ഭരണഘടനയായിരുന്നാലും അതിനെ ചലിപ്പിക്കുന്നവര്‍ മോശക്കാരാണെങ്കില്‍, അത് മോശപ്പെട്ട ഒന്നായിത്തീരും. എത്ര മോശപ്പെട്ട ഭരണഘടനയായിരുന്നാലും, ചലിപ്പിക്കുന്നവര്‍ നല്ലതായിരുന്നാല്‍, അത് വലിയൊരളവില്‍ നല്ലതായിരിക്കും. ലെജിസ്‌ലേച്ചറും, എക്‌സിക്യൂട്ടിവും ജുഡീഷ്യറിയും ഉള്‍പ്പെടുന്നവയെ സജ്ജീകരിക്കാന്‍ മാത്രമേ അതിന് കഴിയൂ. അവയുടെ പ്രവര്‍ത്തനം പൊതുജനങ്ങളെയും രാഷ്ട്രീയപാര്‍ട്ടികളെയും ആശ്രയിച്ചേ നില്‍ക്കൂ”. നമ്മുടെ രാജ്യത്ത് ഇപ്പോള്‍ സംഭവിക്കുന്നത് എന്ത് എന്ന് ഓര്‍മിക്കൂ. ജുഡീഷ്യറിക്ക് മേല്‍ നടന്നുകൊണ്ടിരിക്കുന്ന കുതിരകയറ്റങ്ങള്‍ നാം കാണുന്നുണ്ട്. ബാബരി മസ്ജിദ് തകര്‍ത്ത കേസിലെ പരിവാറനുകൂല വിധിയും കശ്മീരിന്റെ ഭരണഘടനാപരമായ പ്രത്യേക പദവി ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിലെ കേന്ദ്രാനുകൂല സമീപനവും എല്ലാം ഉണ്ടെങ്കിലും ഭൂരിപക്ഷം സാഹചര്യത്തിലും ഇന്നാട്ടിലെ ജനാധിപത്യത്തെയും മതനിരപേക്ഷതയെയും മനുഷ്യജീവിതത്തെയും പരിഗണിക്കുന്ന അതിശക്തമായ ഇടപെടലുകളാണ് സുപ്രീം കോടതി നടത്തിയിരുന്നത്. പലപ്പോഴും കോടതി കേന്ദ്ര സര്‍ക്കാരിനെ നിര്‍ത്തിപ്പൊരിച്ചു. പക്ഷേ, സ്ഥിതി മാറുകയാണ്. കേന്ദ്ര നിയമ മന്ത്രി കിരണ്‍ റിജ്ജുവും ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറും സുപ്രീംകോടതിയുടെ പരമാധികാരത്തെ പരസ്യമായി വെല്ലുവിളിക്കുകയാണ്. സുപ്രീം കോടതി ജഡ്ജിമാരെ നിയമിക്കാനുള്ള കൊളീജിയം നിയമവിരുദ്ധമാണെന്ന് റിജ്ജു പറഞ്ഞുകഴിഞ്ഞു. 1993 മുതല്‍ നിലനില്‍ക്കുന്നതാണ് കൊളീജിയം എന്നോര്‍ക്കണം. 2014ൽ അധികാരമേറ്റയുടന്‍ ബി.ജെ.പി സര്‍ക്കാര്‍ കൊണ്ടുവന്ന ദേശീയ ജഡ്ജി നിയമന കമ്മീഷന്‍ കൊളീജിയത്തെ തകര്‍ക്കാനുള്ള രാസായുധമായിരുന്നു. ഇപ്പോഴിതാ കൊളീജിയത്തില്‍ സര്‍ക്കാര്‍ പ്രതിനിധി വേണമെന്ന ഭ്രാന്തന്‍ വാദം മുന്നോട്ടുവെക്കുന്നു റിജ്ജു. അതിനെ പിന്തുണയ്ക്കുന്നു ധന്‍കര്‍. 74-ാം പിറന്നാളില്‍ റിപ്പബ്ലിക് അതിന്റെ പരമാധികാര നീതിന്യായവ്യവസ്ഥയില്‍ നിന്ന് പിന്നോട്ടുപോവുകയാണ്. നാം ജാഗ്രതപ്പെടണം.
“ഭരണനിർവഹണപരവും നിയനിര്‍മാണപരവുമായ അധികാരത്തിന്റെ കാര്യത്തില്‍ സംസ്ഥാനങ്ങള്‍ കേന്ദ്രത്തെ ആശ്രയിച്ചായിരിക്കില്ല നിലകൊള്ളുക. അക്കാര്യത്തില്‍ കേന്ദ്രത്തിനും സംസ്ഥാനത്തിനും തുല്യ അവകാശമായിരിക്കും ഉണ്ടാവുക.’ എന്ന വാക്കുകള്‍ കേള്‍ക്കൂ. അതായിരുന്നു ഇന്ത്യയുടെ മഹാശില്‍പികള്‍ കണക്കുകൂട്ടിയത്. ഫെഡറലിസത്തെ തച്ചുതകര്‍ത്ത് അമിതാധികാര കേന്ദ്രം എന്ന തത്വത്തിലേക്ക് നാം സഞ്ചരിക്കുകയാണ്. ആരിഫ് ഖാനെല്ലാം അതിനുള്ള കാലാളുകളാണ്. പറയൂ, നാം എന്ത് ചെയ്യണം?

“നമ്മുടെ ഈ സ്വാതന്ത്ര്യത്തിന് എന്ത് സംഭവിക്കും എന്നതാണ് എന്റെ ഇപ്പോഴത്തെ പ്രധാനപ്പെട്ട ആലോചനകളിലൊന്ന്. ഈ സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ നമ്മുടെ രാജ്യത്തിനാവുമോ? അതോ, നമുക്കത് നഷ്ടപ്പെടുമോ? ഇതാണ് എന്റെയുള്ളില്‍ ഉണ്ടായ ആദ്യത്തെ ആലോചന. ഇന്ത്യ ഒരിക്കലും ഒരു സ്വതന്ത്ര രാജ്യമായിരുന്നില്ല എന്നല്ല. ഒരിക്കല്‍ ഉണ്ടായിരുന്ന സ്വാതന്ത്ര്യം രാജ്യത്തിന് നഷ്ടമായി. ഇനിയൊരിക്കല്‍ കൂടി അത് നഷ്ടപ്പെടുമോ? ഭാവിയെക്കുറിച്ചുള്ള എന്റെ പ്രധാന ഉത്കണ്ഠ അതാണ്.’ വിശദീകരണങ്ങളില്ലാതെ നമ്മെ നടുക്കുന്നില്ലേ അംബേദ്കറുടെ ഈ വാക്കുകള്‍?
ഒരു പ്രവചനം കൂടി “ജനാധിപത്യം സ്വേച്ഛാധിപത്യത്തിന് വഴിമാറുന്ന ഒരപകടം ഉണ്ട്. ഇപ്പോള്‍ പിറന്ന ഈ ജനാധിപത്യം അതിന്റെ ഘടന നിലനിര്‍ത്തുമ്പോള്‍ തന്നെ സ്വേച്ഛാധിപത്യത്തിലേക്ക് പോവാനുള്ള സാധ്യത ഉണ്ട്.’ 2024-ലും ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോഡി ആയിരിക്കും എന്ന് കൂട്ടിവായിക്കുക. പ്രതിപക്ഷം എവിടെ എന്ന് തിരക്കുക. “നമ്മുടെ പാതയിലുടനീളമുള്ള തിന്മകളെ തിരിച്ചറിയുന്നതില്‍ വൈമനസ്യം കാണിക്കാതിരിക്കുന്നതിലൂടെ മാത്രമേ നമുക്ക് നമ്മുടെ ഭരണഘടനയെ സംരക്ഷിക്കാനാവൂ.’ എന്നു കൂടി വായിച്ച് നമുക്ക് ഈ റിപ്പബ്ലിക് ദിനത്തില്‍ സ്വയം പുതുക്കാം.

കെ കെ ജോഷി

You must be logged in to post a comment Login