മലയാളിയെ മടുപ്പിച്ച് ചാനലുകൾ

മലയാളിയെ മടുപ്പിച്ച് ചാനലുകൾ

മലയാളത്തിലെ വാർത്താചാനലുകളുടെ ചരിത്രം ആരംഭിക്കുന്നത് ഏഷ്യാനെറ്റിൽ നിന്നാണെങ്കിലും അതിലെ വഴിത്തിരിവ് കൈരളിയുടെ വരവാണ്. കൈരളി സമ്പൂർണമായി ഒരു സി പി എം സംരംഭമായിരുന്നു. ലോക്കൽ കമ്മിറ്റികൾക്ക് മുതൽ ക്വാട്ട നിശ്ചയിച്ച് മൂലധനം സമാഹരിച്ചാണ് അത് വരുന്നത്. ലോക ടെലിവിഷൻ മാധ്യമ ചരിത്രത്തിൽ അതിന് സമാനതകളില്ല. ഇപ്പോൾ മീഡിയ വണ്ണിൽ നിന്ന് രാജിവെച്ച്, ടെലിവിഷൻ ജേണലിസത്തോട് തന്നെ വിടപറഞ്ഞ രാജീവ് ശങ്കരന്റെ ആദ്യ ചാനൽ തട്ടകം കൈരളി ആയിരുന്നു. കൈരളിയിൽ എന്നും രണ്ട് തട്ടുണ്ടായിരുന്നു. കൈരളി പാർട്ടി ചാനലാണെന്നും പാർട്ടി താൽപര്യമാണ് മുഖ്യമെന്നും വാദിച്ച ഒരു വിഭാഗവും അതല്ല, പൊതുസ്വഭാവമുള്ള ചാനൽ ആയില്ലെങ്കിൽ പൊളിയും എന്ന് ശഠിച്ച മറ്റൊരു വിഭാഗവും. ആദ്യ തട്ടിലായിരുന്നു രാജീവ് ഉൾപ്പെടെ പലരും. രണ്ടാം തട്ട് കനംവെച്ചപ്പോൾ രാജീവ് അടക്കം പുറത്തുപോയി, പരാതികളില്ലാതെ. പിന്നെ ജീവനിലും ഇന്ത്യാവിഷനിലും രാജീവ് ശങ്കരൻ പ്രവർത്തിച്ചു. ഇടയ്ക്ക് വർത്തമാനം പത്രത്തിൽ. കുറച്ചുകാലം സിറാജിൽ ന്യൂസ് എഡിറ്റർ. ജേണലിസത്തിൽ കരിയറുറപ്പിച്ചത് മാധ്യമത്തിലായിരുന്നു. അവർ ചാനൽ തുടങ്ങിയപ്പോൾ രാജീവ് ഭാഗഭാക്കായി. മീഡിയവണ്ണിൽ അടുത്ത നാൾ വരെ സജീവം. മൂർച്ചയുള്ള നിലപാടും സൗമ്യമായ ഇടപെടലും.

സമീപകാലത്ത് നിരവധി പരിചിത മുഖങ്ങൾ വാർത്താ ചാനൽ വിട്ടത് വാർത്തയായി. അവരെല്ലാം സമാന്തരമായ വഴികളിൽ അപകടകരമായി സഞ്ചരിക്കുന്നതായാണ് അറിയുന്നത്. അവരെ കൂട്ടിയിണക്കുന്ന ഒന്ന് ചാനൽ മടുത്തു എന്ന പൊതുവികാരമാവണം. വെറും രണ്ടു പതിറ്റാണ്ടുകൾ കൊണ്ട് വാർത്താചാനലുകൾ മലയാളിയെ മടുപ്പിച്ചു എന്നത് സത്യമാണ്. ഇപ്പോഴിതാ മാധ്യമപ്രവർത്തകരെയും അത് മടുപ്പിക്കുന്നു. അവർ പുതിയ വഴികൾ വെട്ടുന്നു. ഈ സാഹചര്യത്തിലാണ് ചാനലുകൾക്ക് എന്ത് സംഭവിക്കുന്നു എന്ന് ആരാഞ്ഞുകൊണ്ടുള്ള ഈ സംഭാഷണം.

മലയാളത്തിലെ വാര്‍ത്താ ചാനലുകള്‍ക്ക് എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്?
വാര്‍ത്താ ചാനലുകളുടെ ഗൗരവ സ്വീകാര്യത നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. വാര്‍ത്ത എല്ലാവര്‍ക്കും ഒന്നാണ്. അതിനെ എങ്ങനെ കൈകാര്യം ചെയ്യുന്നു, എന്തിന് പ്രാമുഖ്യം കൊടുക്കുന്നുവെന്നതാണ് പ്രധാനം. വ്യൂവര്‍ഷിപ്പിന് പിറകെ ചാനലുകള്‍ പോയി തുടങ്ങിയിടത്തുനിന്നാണ് അവരുടെ മൂല്യം ഇടിഞ്ഞു തുടങ്ങിയത്. ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ അതില്‍ നിന്ന് വാര്‍ത്തയുണ്ടാക്കാം എന്ന തരത്തിലേക്ക് ചാനലുകള്‍ മാറുന്നു. പെട്രോള്‍, ഡീസല്‍ വില വര്‍ധനയടക്കമുള്ള സാമൂഹിക പ്രശ്‌നങ്ങള്‍ രൂക്ഷമായിക്കൊണ്ടിരിക്കുന്ന ഒരു സമയത്ത് പോലും അത് ജനങ്ങളെ എങ്ങനെ ബാധിക്കുമെന്ന ചര്‍ച്ചക്കു പകരം ഒരു രാഷ്ട്രീയ നേതാവിന്റെ പ്രസംഗ കഷണത്തിന്റെ പിറകില്‍ പോകുന്നുവെന്നത് എത്ര ദൗര്‍ഭാഗ്യകരമാണ്!

വ്യൂവര്‍ഷിപ്പിന്റെ ട്രാപ്പില്‍ ചാനലുകള്‍ പെട്ടുപോകുന്നുവെന്നാണോ പറയുന്നത്?
തീര്‍ച്ചയായും അത് അങ്ങനെ തന്നെയാണ്. മാതൃഭൂമി, മനോരമ, ഏഷ്യാനെറ്റ് ഒഴികെയുള്ള ഒരു ചാനലും പ്രത്യേക കോര്‍പറേറ്റുകളാല്‍ നിയന്ത്രിക്കപ്പെടുന്നവരല്ല. പക്ഷേ, ദൈനംദിന വാര്‍ത്താജീവിതത്തില്‍ മാനേജ്‌മെന്റ് പ്രഷര്‍ ഇവരെല്ലാം അനുഭവിക്കുന്നുണ്ട്. ഇതാണ് ഒരു പ്രശ്‌നത്തിന്റെ ആഴത്തിലുള്ള വിശകലനത്തില്‍ നിന്ന് തെന്നിമാറി ആരുടെയെങ്കിലും ഒരു പ്രതികരണത്തിലേക്ക് ചുരുങ്ങുന്നതിന്റെ കാരണം. മുമ്പ് ഞാന്‍ ജോലി ചെയ്തിരുന്ന സ്ഥാപനത്തിന്റെ എഡിറ്റോറിയല്‍ മീറ്റിംഗില്‍ “”ഇതാണ് ചര്‍ച്ചക്കെടുക്കേണ്ട വിഷയം. പക്ഷേ, നിങ്ങള്‍ അത് ചര്‍ച്ചക്കെടുക്കില്ലല്ലോ” എന്ന് പറഞ്ഞ് പോകുന്ന മാധ്യമം ഗ്രൂപ്പ് എഡിറ്റർ ഒ അബ്ദുറഹ്്മാന്‍ ഒരു ഉദാഹരണമാണ്.

ഇനി ചര്‍ച്ചക്കെടുത്ത വിഷയം തന്നെ നമ്മള്‍ എങ്ങനെയാണ് കൈകാര്യം ചെയ്യുന്നത്. ബഫര്‍ സോണ്‍ എന്ന് കേട്ടാല്‍ ഭയപ്പെടേണ്ട ഭീകര സ്വത്വമാണെന്ന തരത്തിലല്ലേ നരേറ്റീവുകള്‍. ബഫര്‍ സോണിനെ കൈകാര്യം ചെയ്യുന്നവര്‍ക്ക് പല താല്പര്യങ്ങളുമുണ്ടാകും. താമരശ്ശേരി അതിരൂപത ചെറിയ ഉദാഹരണം മാത്രം. പക്ഷേ, ആ താല്പര്യങ്ങള്‍ക്ക് പിറകെ നമ്മള്‍ പോകുക എന്നത് ഏറെ അപകടകരമാണ്. എപ്പോഴും വാര്‍ത്ത സംഭവിക്കുന്ന ഒരു സ്ഥലമല്ല കേരളം. ഇവിടെ വാര്‍ത്ത സൃഷ്ടിക്കുന്ന തരത്തിലേക്ക് നമ്മള്‍ മാറുകയാണ്.

അവതരിപ്പിക്കുന്ന വാര്‍ത്തകളിലെ വിശ്വാസ്യത നഷ്ടപ്പെട്ടാല്‍ അത് ചാനലുകളുടെ അന്ത്യം കുറിക്കില്ലേ?

വാര്‍ത്ത കൊടുക്കുന്ന ചാനലുകള്‍ ഇന്ന് ഉണ്ടോ എന്നത് പ്രധാനപ്പെട്ട ചോദ്യമാണ്. വാര്‍ത്തകളെ പലരുടെയും അഭിപ്രായങ്ങളായിട്ടാണ് അവതരിപ്പിക്കുന്നത്. ആഞ്ഞടിച്ച്, കുരുക്കിലായി, വിചിത്ര വാദവുമായി തുടങ്ങിയ തലക്കെട്ടുകളില്ലാതെ നമുക്കിന്ന് ബ്രേക്കിംഗുകളുണ്ടോ. ഒരു വ്യക്തിയുടെ ദീര്‍ഘ സംഭാഷണത്തിലെ ഒരു ഭാഗമെടുത്ത് അത് അവര്‍ പ്രതിനിധാനം ചെയ്യുന്ന പ്രസ്ഥാനത്തിന്റെ ചുമലില്‍ കെട്ടിവെച്ച് അതിന്റെ പിറകെ പോകുന്നതല്ലേ രീതി.

മലയാള ഭാഷയെ മലിനപ്പെടുത്തുന്നതില്‍ കേരളത്തിലെ ചാനല്‍ മുറികള്‍ക്ക് വലിയ പങ്കുണ്ട് എന്ന നിരീക്ഷണം എത്രത്തോളം ശരിയാണ്?

മലയാളത്തോട് മലയാളികള്‍ക്ക് തന്നെ കുറവ് തോന്നുന്ന കാലത്താണ് നാം ജീവിക്കുന്നത്. ഇങ്ങനെ ദിനേന ദുര്‍ബലമായിക്കൊണ്ടിരിക്കുന്ന ഒരു ഭാഷയെ അപകടകരമായ രീതിയില്‍ ദുര്‍ബലപ്പെടുത്താനാണ് ചാനല്‍ മുറികള്‍ സഹായിച്ചത്. റേറ്റിംഗ് മാത്രം അടിസ്ഥാനമാക്കി നടത്തുന്ന അന്തിച്ചര്‍ച്ചകളില്‍ കേട്ടാല്‍ അറക്കുന്ന സംസാരങ്ങളും പ്രയോഗങ്ങളും തുടര്‍ക്കഥകളാണ്.

വിഷ്വല്‍ മീഡിയക്ക് അപചയം സംഭവിക്കുന്നുവെന്ന് എപ്പോള്‍ മുതലാണ് ചിന്തിച്ചു തുടങ്ങിയത്?
മീഡിയവണ്‍ തുടങ്ങുന്നതിന് മുമ്പ് തന്നെ അത്തരമൊരു ധാരണ വെച്ചുപുലര്‍ത്തുന്നയാളാണ് ഞാന്‍. പലയിടങ്ങളിലായി അത് എഴുതുകയും ചെയ്തിട്ടുണ്ട്. ഉദാഹരണത്തിന് കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ നിന്ന് ടിക്കറ്റ് കിട്ടാത്തത് കൊണ്ട് തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ നിന്ന് ഗള്‍ഫിലേക്ക് വിമാനം കയറാനിരുന്ന വയനാട്ടുകാരനായ കബീറിന്റെ സംഭവം മീഡിയ എങ്ങനെയാണ് കൈകാര്യം ചെയ്തത് എന്ന് നമുക്കറിയാം. ഇന്റലിജന്‍സ് റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹത്തെ പൊലീസ് ചോദ്യം ചെയ്യാന്‍ കൊണ്ടുപോകുന്നു. ഭീകരവാദി അറസ്റ്റില്‍ എന്ന ബ്രേക്കിംഗായിരുന്നു മുഴുവന്‍ ചാനലുകളിലും. ഒരു ദിവസം മുഴുവന്‍ നമ്മള്‍ അത് ആഘോഷിച്ചു. അവസാനം ഇന്റലിജന്‍സ് ഉദ്ദേശിച്ച ആളല്ല ഇവനെന്ന് തിരിച്ചറിഞ്ഞ് കബീറിനെ മോചിപ്പിച്ചപ്പോള്‍ അത് നമ്മുടെ ചാനല്‍ മുറികള്‍ക്ക് വാര്‍ത്തയേ അല്ല. തിരുത്ത് ഒരു കാലത്തും ബ്രേക്കിംഗ് ആവാറില്ല. ഇത് ആ ചെറുപ്പക്കാരനിലും കുടുംബത്തിലും ഉണ്ടാക്കിയ ആഘാതം എത്രയായിരിക്കും.
മീഡിയാ വണ്‍ എഴുതി തയാറാക്കിയ ഒരു പോളിസിയുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ്. അത്തരമൊരു നയത്തിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കണമെന്ന് ഞങ്ങളടക്കം നിര്‍ദേശിക്കുകയും അങ്ങനെ മുന്നോട്ടു പോകാന്‍ സ്ഥാപനം ശ്രമിക്കുകയും ചെയ്തിട്ടുണ്ട്. പക്ഷേ, കാലാന്തരത്തില്‍ ഒഴുക്കിനൊത്ത് നീന്തുന്ന അവസ്ഥയിലേക്ക് മീഡിയാ വണ്ണും ചെന്നെത്തുന്നു. ഈയൊരു മാറ്റം ശ്രദ്ധിക്കണമെന്ന് പല വേദികളില്‍ ഞാന്‍ തന്നെ അവരെ ഓര്‍മിപ്പിച്ചിട്ടുണ്ട്. വാര്‍ത്ത വാര്‍ത്തയായിട്ടും അഭിപ്രായം അഭിപ്രായമായിട്ടും പറയുന്ന ഒരു സ്‌പേസാണ് നമുക്ക് ആവശ്യം.

അത്തരമൊരു സ്‌പേസ് കേരളത്തില്‍ സാധ്യമാണെന്ന് തോന്നുന്നുണ്ടോ?
തീര്‍ച്ചയായും സാധ്യമാണ്. നെഗറ്റിവിറ്റിയാണ് നമ്മുടെ മീഡിയ ഉത്പാദിപ്പിച്ചു കൊണ്ടിരിക്കുന്നത്. നെഗറ്റീവ് വാര്‍ത്തകള്‍ക്ക് മാര്‍ക്കറ്റ് ഉണ്ടായിരുന്ന ഒരു കാലം ഉണ്ടായിരുന്നു. ഇതില്‍ നിന്ന് മലയാളികള്‍ ഏറെ മാറി. പ്രത്യേകിച്ചും ചെറുപ്പക്കാര്‍. അവര്‍ യാത്ര ചെയ്യുകയും പുതിയ ലോകം കാണുകയും നന്നായി ചിന്തിക്കുകയും ചെയ്യുന്നു. പക്ഷേ, ഈ മാറ്റത്തോടൊപ്പം സഞ്ചരിക്കാര്‍ നമ്മള്‍ മാധ്യമങ്ങള്‍ക്ക് ഇപ്പോഴും സാധിച്ചിട്ടില്ല. നെഗറ്റിവിറ്റിയില്‍ മാത്രമാണ് വാര്‍ത്ത എന്ന പഴയ കാഴ്ചപ്പാടില്‍ തന്നെയാണ് അവ ഇപ്പോഴും നിലനില്‍ക്കുന്നത്. നമുക്ക് പ്രശ്‌നങ്ങളെ വിമര്‍ശിക്കാം. പക്ഷേ, കണ്ണടച്ച് ഒന്നിനെയും വിമര്‍ശിക്കുന്നതില്‍ അര്‍ഥമില്ല. പലപ്പോഴും കാര്യങ്ങളുടെ നിര്‍മാണാത്മകമായ വശങ്ങള്‍ കാണാതെയാണ് വിമര്‍ശനങ്ങള്‍ നമ്മള്‍ ഉയര്‍ത്തുന്നത്. വാര്‍ത്തകളെ പോസിറ്റീവായി അവതരിപ്പിക്കപ്പെടുന്ന സ്‌പേസ് രൂപപ്പെടുത്താവുന്നതേയുള്ളൂ.

മൂന്ന് പതിറ്റാണ്ട് കാലത്തെ മാധ്യമ പ്രവര്‍ത്തനാനുഭവത്തില്‍ നിന്ന് വരുംകാലത്തെ മീഡിയ എങ്ങനെയായിരിക്കണമെന്നാണ് അങ്ങ് കരുതുന്നത്?
വിവരങ്ങള്‍ ഇപ്പോഴും ജനങ്ങള്‍ക്കാവശ്യമുണ്ട്. അത് കൃത്യമായി വിതരണം ചെയ്യാന്‍ കഴിയണം. അതോടുകൂടെ നിക്ഷിപ്ത താത്പര്യങ്ങള്‍ക്ക് വേണ്ടി അനാവശ്യമായി പക്ഷം പിടിക്കാത്ത വിവരങ്ങളും അഭിപ്രായങ്ങളുമായിരിക്കണം നല്‍കേണ്ടത്. എന്റെ കാഴ്ചപ്പാടില്‍ ടെലിവിഷന്‍ ജേര്‍ണലിസം ചോദ്യചിഹ്നമായി നമുക്ക് മുമ്പില്‍ ഉയര്‍ന്നു നില്‍ക്കുമ്പോഴും പ്രിന്റിന് അതിന്റേതായ ഇടം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ഒരു ദിവസം ടെലിവിഷന്‍ ഉത്പാദിപ്പിക്കുന്ന വിവരങ്ങളുടെ പത്ത് മടങ്ങോ അതിലധികമോ വിവരങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ പ്രിന്റ് മീഡിയക്ക് സാധിക്കുന്നുണ്ട്. അതോടുകൂടെ നമ്മുടെ ഫോണിലേക്ക് വിവരങ്ങള്‍ വരികയും ആവശ്യമുള്ള സമയത്ത് ഇഷ്ടമുള്ളത് കാണാനുള്ള സൗകര്യം ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ നമുക്ക് മുമ്പില്‍ അവതരിപ്പിക്കുന്നുണ്ട്. വിവരങ്ങളറിയാന്‍ ടെലിവിഷനെ ആശ്രയിക്കുന്നവരുടെ എണ്ണം തുലോം കുറഞ്ഞ് വരികയാണ് എന്ന യാഥാർത്ഥ്യം നമ്മള്‍ അംഗീകരിച്ചേ മതിയാകൂ.
കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ടെലിവിഷന്‍ ജേണലിസത്തില്‍ കാര്യമായ നവീകരണ ശ്രമം ഉണ്ടാകുന്നില്ല എന്നതും നാം ചര്‍ച്ച ചെയ്യേണ്ടതുണ്ട്. ജനങ്ങള്‍ക്കാവശ്യമുള്ള വിവരങ്ങള്‍ ആഴത്തില്‍ കൈമാറാന്‍ കഴിയണം. അതിന് നന്നായി ഗവേഷണം ചെയ്യണം. അതിന് ഒരാളും തയാറാവുന്നുമില്ല. കാരണം, മൈക്ക് മുമ്പിലേക്ക് വെക്കുമ്പോള്‍ ലഭിക്കുന്ന വിവരങ്ങളില്‍ പുതിയ കാല മാധ്യമ പ്രവര്‍ത്തകര്‍ സംതൃപ്തരാണ് എന്നതാണ് പ്രധാന പ്രശ്‌നം.

മുഖ്യധാരയിലേക്ക് വരാന്‍ ഒരു അര്‍ഹതയുമില്ലാത്തവര്‍ക്ക് ചാനലുകള്‍ നല്‍കിയ അനാവശ്യ ഇടത്തെക്കുറിച്ച് എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ?
വിഭജന താത്പര്യത്തോടെ സമൂഹത്തില്‍ ഇടപെട്ടുകൊണ്ടിരിക്കുന്ന വ്യക്തികള്‍ക്കും സംഘടനകള്‍ക്കും അവരുടെ രാഷ്ട്രീയത്തിനും അനാവശ്യമായ ഇടം കൊടുക്കാന്‍ നമ്മുടെ ചാനലുകള്‍ മത്സരിച്ചുവെന്ന് പറയേണ്ടി വരും. അതില്‍ നിന്ന് ഒരാളും മുക്തരല്ല. ഒരു ഉദാഹരണം മാത്രം പറയാം. കേരളത്തില്‍ ഒരു സീറ്റില്‍ മാത്രം ജയിക്കുകയും പിന്നീട് പൂജ്യത്തിലേക്ക് ഒതുങ്ങുകയും ചെയ്ത രാഷ്ട്രീയ പാര്‍ട്ടിയുടെ ജൂനിയര്‍ നേതാവ് ഒരു വാര്‍ത്താ സമ്മേളനം വിളിക്കുന്നു. വാര്‍ത്താ സമ്മേളനത്തിന് മുമ്പ് ആ പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റ് മുഴുവന്‍ ചാനലുകളിലേക്കും വിളിച്ച് പിണറായി വിജയനെ താഴെയിറക്കാന്‍ പാകത്തിലുള്ള ആരോപണങ്ങളാണ് ഉന്നയിക്കാന്‍ പോകുന്നതെന്ന വിവരം അറിയിക്കുന്നു. സ്വാഭാവികമായും എല്ലാ മാധ്യമ സ്ഥാപനങ്ങളും അവിടെയെത്തുന്നു. അമേരിക്കയില്‍ പോയ പിണറായി വിജയന്‍ വ്യാജ ഒപ്പിട്ടെന്ന ആരോപണം മാത്രമാണ് അദ്ദേഹം അന്ന് ഉന്നയിച്ചത്. ആരോപണം എന്ന അര്‍ഥത്തില്‍ നമ്മള്‍ അതിനെ മുഖവിലക്കെടുക്കണം. അതേസമയം അതിന്റെ ആയുസ്സ് എത്രയാണ്? വൈകുന്നേരം പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനം വിളിക്കുകയും വ്യാജ ഒപ്പാണെന്ന് സ്ഥിരീകരിക്കുകയോ ഡിജിറ്റല്‍ ഒപ്പിടുകയായിരുന്നു താനെന്ന് പറയുന്നത് വരേയേ ഉള്ളൂ അതിന്റെ ആയുസ്സ്. അതിന് ശേഷവും ഈ ചര്‍ച്ച അനാവശ്യമായി നീട്ടിക്കൊണ്ട് പോകുന്നത് ആര്‍ക്കാണ് ഗുണം ചെയ്യുക എന്ന് ആലോചിക്കുന്നത് നന്നാവും.

പുതിയ കാലത്ത് നാം നേരിടുന്ന പ്രധാന പ്രശ്‌നം രാജ്യത്തെ വിഭജിക്കാന്‍ ശ്രമിക്കുന്ന സംഘപരിവാരമാണ്. അങ്ങനെയൊരു അപകടം നിലനില്‍ക്കെ അതിനെ ഒരു സാമൂഹ്യ വിപത്തായി കാണുന്ന ചെറു സംഘങ്ങളെ ചെറിയ കാര്യങ്ങള്‍ പറഞ്ഞ് മാറ്റിനിര്‍ത്തുന്ന രാഷ്ട്രീയത്തോട് എനിക്ക് യോജിപ്പില്ല. സംഘപരിവാരത്തെ പല്ലും നഖവുമുപയോഗിച്ച് നേരിടുന്നതില്‍ കേരളത്തിലെ മാധ്യമങ്ങള്‍ എത്രത്തോളം ജാഗ്രത കാണിക്കുന്നുണ്ട് എന്നത് ഒരു പ്രധാന ചോദ്യമാണ്. പ്രത്യക്ഷമായി സംഘപരിവാര്‍ വിരുദ്ധമാണ് എന്ന് അവകാശപ്പെടുമ്പോഴും പരോക്ഷമായെങ്കിലും വിധ്വംസക ശക്തികള്‍ക്ക് പച്ചപ്പരവതാനി വിരിക്കാന്‍ മാധ്യമങ്ങള്‍ ശ്രമിക്കുന്നുണ്ട്.

ഏതു തരത്തിലുള്ള മാധ്യമ സ്ഥാപനങ്ങള്‍ക്കാണ് പുതിയ കാലത്ത് നിലനില്‍പ്പുണ്ടാവുക?
ഫാക്ട് ചര്‍ച്ച ചെയ്യുകയും വിവരങ്ങള്‍ കൃത്യമായി നല്‍കുകയും ചെയ്യുന്ന ഏതുതരം മാധ്യമ സ്ഥാപനങ്ങള്‍ക്കും പുതിയ കാലത്ത് വലിയ സാധ്യതയുണ്ടെന്ന് വിശ്വസിക്കുന്നയാളാണ് ഞാന്‍. ഉദാഹരണത്തിന് ദ ഹിന്ദുവിന്റെ സര്‍ക്കുലേഷന്‍ മാത്രമെടുക്കാം. ഇടക്കാലത്ത് അതിന്റെ സര്‍ക്കുലേഷന്‍ പൂര്‍ണമായും ഞങ്ങളുടെ ഗ്രാമത്തില്‍ നിര്‍ത്തലാക്കിയിരുന്നു. പക്ഷേ, ഇന്ന് ഹിന്ദുവിന് ഒരുപാട് വരിക്കാര്‍ അവിടെയുണ്ട്. ദ ഹിന്ദു പത്രം സെന്‍സേഷനലായി വാര്‍ത്ത കൊടുക്കുന്ന രീതി സ്വീകരിക്കാറില്ല എന്ന് നമുക്കറിയാം. ഫാക്ട് ഓറിയന്റഡായി കാര്യങ്ങള്‍ പറഞ്ഞു പോകുന്നത് കൊണ്ടാണ് ഹിന്ദുവിന് ഇന്നും ആവശ്യക്കാരുള്ളത്.
വിവരങ്ങളെയും ഫാക്ടിനെയും ജീവിതവുമായി ബന്ധിപ്പിക്കുക എന്നതും പ്രധാനമാണ്. ഫ്‌ലോറില്‍ നിന്ന് ഇറങ്ങി ഗ്രൗണ്ടിലിറങ്ങി അലഞ്ഞാലേ അത്തരം ജീവിതങ്ങളെ നമുക്ക് അവതരിപ്പിക്കാനാകൂ.

ഒച്ചപ്പാടുകള്‍ക്ക് പിറകെയാണോ കേരളത്തിലെ വാര്‍ത്താ ചാനലുകള്‍?
തീര്‍ച്ചയായും ഒച്ചപ്പാടുകള്‍ക്കും ആക്രോശങ്ങള്‍ക്കും വഴങ്ങുക എന്നതാണ് ചെയ്തുകൊണ്ടിരിക്കുന്നത്. ആലോചിച്ചു നോക്കൂ, തലേദിവസം ചാനലുകള്‍ വായിട്ടടിച്ച സംഭവം പിറ്റേ ദിവസത്തെ പത്രത്തിന്റെ ഒന്നാം പേജിലോ മറ്റു പ്രധാന ഭാഗങ്ങളിലോ ഇടം പിടിക്കാത്ത എത്ര ദിവസങ്ങള്‍. പലപ്പോഴും പല പ്രധാന സുപ്രീം കോടതി ഉത്തരവുകളും നമ്മുടെ ചാനലുകള്‍ കണ്ടിട്ടേ ഉണ്ടാകില്ല. പിറ്റേ ദിവസത്തെ പത്രത്തില്‍ പ്രധാന വാര്‍ത്തയായി വരുമ്പോഴാവും അവര്‍ അത് വായിക്കുന്നത്. ഒരു വിഷയത്തെ ആഴത്തില്‍ സമീപിക്കുമ്പോള്‍ അത് എനിക്ക് നല്‍കുന്ന സന്തോഷം അനിര്‍വചനീയമാണ്. വിഷ്വല്‍ മീഡിയ ജേണലിസം ഇത്രമേല്‍ വൈബ്രന്റായി നിലനില്‍ക്കുമ്പോഴും ഫാക്ട് അവതരിപ്പിക്കുന്നത് കൊണ്ട് പ്രിന്റിലെ വാര്‍ത്തകള്‍ പലപ്പോഴും എനിക്ക് ആത്മസുഖം നല്‍കുന്നുവെന്ന് ചുരുക്കം.

വിശ്വാസ്യത നിലനിര്‍ത്തിക്കൊണ്ട് പോകുമ്പോഴും പ്രിന്റിന്റെ നടത്തിപ്പ് ചെലവ് വലിയൊരു പ്രശ്‌നമാണ്. ഓണ്‍ലൈനിന്റെ അനന്ത സാധ്യത നിലനില്‍ക്കുകയും ചെയ്യുന്നു. ചുരുങ്ങിയത് 25000 പേരുടെ സബ്‌സ്‌ക്രിപ്ഷനോടു കൂടി മൂല്യങ്ങള്‍ അക്ഷരാര്‍ഥത്തില്‍ നടപ്പാക്കിക്കൊണ്ട് ഒരു മാധ്യമസ്ഥാപനം നിലവില്‍ വരികയാണെങ്കില്‍ അതൊരു വിപ്ലവമായി വിലയിരുത്താവോ?
തീര്‍ച്ചയായും, അതൊരു വലിയ വിപ്ലവമാകും. 10000 പേരുടെ സബ്‌സ്‌ക്രിപ്ഷനോടു കൂടെ അത്തരമൊരു മീഡിയ വരികയാണേല്‍ തന്നെ മലയാളികള്‍ക്കിടയില്‍ അതുണ്ടാക്കുന്ന ചലനം ഏറെ വലുതാകും. പതിനായിരം സബ്‌സ്‌ക്രിപ്ഷന്‍ എന്നാല്‍ ഓരോന്നിന്റെ കൂടെയും നാലോ അഞ്ചോ ആളെണ്ണം കൂടെ നമ്മള്‍ കണക്കാക്കണം. അതേസമയം, പ്രഫഷനലായി മാനേജ് ചെയ്യുക എന്നതാണ് പ്രധാനം. പലപ്പോഴും ഇത്തരം സംവിധാനങ്ങള്‍ പ്രഫഷണല്‍ മാനേജ്‌മെന്റിന്റെ അഭാവം മൂലം തകര്‍ച്ചയിലേക്ക് പോകുന്നതാണ് അനുഭവം. അഴീക്കോട് മാഷ്, എന്‍ പി മുഹമ്മദ് പോലെയുള്ള മികവുറ്റ മാധ്യമ പ്രവര്‍ത്തകരുടെ സാന്നിധ്യമുണ്ടായിട്ടു പോലും പ്രഫഷണല്‍ മാനേജ്‌മെന്റിന്റെ അഭാവം മൂലം പൂട്ടിപ്പോയ സ്ഥാപനമാണ് വര്‍ത്തമാനം.

മാധ്യമ സ്ഥാപനത്തില്‍ നടപ്പാക്കേണ്ട പ്രഫഷണല്‍ മാനേജ്‌മെന്റ് എന്നതു കൊണ്ട് എന്താണ് താല്പര്യപ്പെടുന്നത്. ഒന്ന് വ്യക്തമാക്കാമോ?
പ്രഫഷണല്‍ മാനേജ്‌മെന്റില്‍ കമ്യൂണിക്കേഷന്‍ വളരെ പ്രധാനമാണ്. എഡിറ്റോറിയല്‍ ബോര്‍ഡും മാനേജ്‌മെന്റും ചെറിയ കാര്യം പോലും കൃത്യമായി സംസാരിച്ചിരിക്കണം. എന്താണ് നമുക്ക് വേണ്ടത്, ഏത് കമ്യൂണിറ്റിയെയാണ് സ്ഥാപനം അഡ്രസ് ചെയ്യുന്നത്, സ്ഥാപനം ഉല്‍പാദിപ്പിക്കുന്ന വിഷയങ്ങളിലൂടെ എങ്ങനെയാണ് പൊതുസമൂഹത്തിനെ അഭിസംബോധന ചെയ്യുന്നത് എന്നിവയെക്കുറിച്ച് ഇരുവര്‍ക്കും തികഞ്ഞ ബോധ്യം ഉണ്ടായിരിക്കണം. കൈകാര്യം ചെയ്യുന്ന വിഷയങ്ങളിലോ ആവിഷ്‌കാര രീതികളിലോ നിയന്ത്രണങ്ങള്‍ വല്ലതുമുണ്ടെങ്കില്‍ അക്കാര്യങ്ങളും മാനേജ്‌മെന്റ് എഡിറ്റോറിയല്‍ ബോര്‍ഡുമായി സംസാരിച്ചിരിക്കണം.
വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നിടത്ത് സര്‍വ സ്വാതന്ത്ര്യം ഉണ്ടെന്ന് പറയുകയും പുറംവാതിലിലൂടെ നിയന്ത്രണങ്ങള്‍ ചെലുത്തുകയും ചെയ്യുന്ന രീതി അഭിലഷണീയമല്ല. ഫണ്ട്, അടിസ്ഥാന സൗകര്യങ്ങള്‍, മാനേജ്‌മെന്റ്, സാങ്കേതിക വിദ്യയില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ എന്നിവ നിശ്ചയമായും കൊണ്ടുവരണം. അതിനെക്കാള്‍ പ്രധാനമാണ് നേരത്തെ പറഞ്ഞ കമ്യൂണിക്കേഷന്‍.

രാജീവ് ശങ്കരൻ/ ബിനോജ് സുകുമാരൻ

You must be logged in to post a comment Login