ഹിജാബ് നിരോധനം: അവകാശങ്ങളില്ലാതായിപ്പോയ മുസ്‌ലിം സ്ത്രീ

ഹിജാബ് നിരോധനം: അവകാശങ്ങളില്ലാതായിപ്പോയ മുസ്‌ലിം സ്ത്രീ

2021 ഡിസംബര്‍ 31 നാണ് ഉഡുപ്പിയിലെ ഗവണ്‍മെന്റ് ഗേള്‍സ് പി യു കോളജ് ക്ലാസ്മുറികളില്‍ ഹിജാബ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഒരു നിയമമോ പ്രമേയമോ മാര്‍ഗരേഖയോ ഇല്ലാതെയാണ് ഈ നിയന്ത്രണം. വിദ്യാര്‍ഥിനികള്‍ ശിരോവസ്ത്രം ഉപയോഗിക്കുന്നത് അധികൃതര്‍ വിലക്കി. ഈ നീക്കത്തില്‍ പ്രതിഷേധിച്ച് ആറ് വിദ്യാര്‍ഥിനികള്‍ മൂന്ന് ദിവസത്തോളം ക്ലാസ് മുറിക്ക് പുറത്തിരുന്നു. ഹിജാബ് ധരിച്ച് ക്ലാസില്‍ കയറാന്‍ അനുവദിക്കണമെന്ന് അവര്‍ നിരന്തരം ആവശ്യപ്പെട്ടെങ്കിലും അധികൃതര്‍ അംഗീകരിച്ചില്ല.

2022 മാര്‍ച്ച് 15 ന് കര്‍ണാടക ഹൈക്കോടതി 05/02/2022 ലെ സര്‍ക്കാര്‍ ഉത്തരവ് ശരിവെച്ചുകൊണ്ടുള്ള അന്തിമ ഉത്തരവ് പുറപ്പെടുവിക്കുകയും അതുവഴി വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിയന്ത്രിക്കാന്‍ അനുമതി നല്‍കുകയും ചെയ്തു. 15/02/2022 ലെ കര്‍ണാടക ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്തുകൊണ്ട് സുപ്രീം കോടതിയില്‍ ഒരു പെറ്റീഷന്‍ ഫയല്‍ ചെയ്തു.
ഹിജാബ് നിരോധനത്തില്‍ സുപ്രീം കോടതി വിഭജനവിധിയാണ് പുറപ്പെടുവിച്ചത്. ഹിജാബ് നിയന്ത്രണത്തെക്കുറിച്ച് തീര്‍പ്പുകല്‍പ്പിക്കാന്‍ ചീഫ് ജസ്റ്റിസ് കേസ് ഭരണഘടനയുടെ വിശാല ബെഞ്ചിന് കൈമാറി. കേസ് ഇപ്പോഴും സുപ്രീം കോടതിയുടെ പരിഗണനയിലാണ്. നിരോധനം ഇപ്പോഴും തുടരുന്നു. അതിനര്‍ഥം ഹിജാബ് ധരിച്ച വിദ്യാര്‍ഥിനികളെ ക്ലാസുകളില്‍ പങ്കെടുക്കാന്‍ ഇപ്പോഴും അനുവദിക്കുന്നില്ല എന്നാണ്.

“മുസ്‌ലിം വിദ്യാര്‍ഥിനികളുടെ അവകാശ ലംഘനങ്ങള്‍ വിദ്യാഭ്യാസ കവാടങ്ങള്‍ അടയ്ക്കുന്നു’ എന്ന തലക്കെട്ടില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ കര്‍ണാടകയിലെ പീപ്പിള്‍സ് യൂണിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് (പി യു സി എല്‍) ഒരു റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരുന്നു. ഹിജാബ് നിരോധനം വിദ്യാര്‍ഥിനികളില്‍ ചെലുത്തിയ ആഘാതം അന്വേഷിക്കുക, അധികാരികള്‍, അഡ്മിനിസ്‌ട്രേറ്റീവ് ഉദ്യോഗസ്ഥര്‍, പൊലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുടെ പങ്ക് പരിശോധിക്കുക എന്നിവയായിരുന്നു പഠന ലക്ഷ്യങ്ങള്‍.

വിദ്യാര്‍ഥിനികളുമായും അധികാരികളുമായും നടത്തിയ സംഭാഷണങ്ങളിലൂടെയും നടന്ന സംഭവങ്ങളുടെ വിശകലനങ്ങളിലൂടെയും വ്യക്തമായ വിവരങ്ങള്‍ റിപ്പോര്‍ട്ട് പ്രതിപാദിക്കുന്നുണ്ട്. മുസ്‌ലിം വിദ്യാര്‍ഥിനികള്‍ക്ക് വിദ്യാഭ്യാസത്തിനുള്ള അവരുടെ അവകാശം നഷ്ടപ്പെട്ടു, വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും ആഘാതങ്ങള്‍ക്ക് വിധേയരായി, വിദ്യാര്‍ഥിനികള്‍ക്ക് അധ്യാപകരുടെയും കോളജ് അധികൃതരുടെയും ഭാഗത്തു നിന്ന് സ്വന്തം ക്ലാസ് മുറികളില്‍ പോലും അപമാനവും പീഡനവും നേരിടേണ്ടിവന്നു, പൊലീസ് ഈ മതമൗലികവാദ ശക്തികള്‍ക്ക് വ്യക്തമായ പ്രോത്സാഹനം നല്‍കി തുടങ്ങിയവയാണ് റിപ്പോര്‍ട്ടിന്റെ ചുരുക്കം.
ഈ പഠനത്തിന് പ്രധാനമായും മൂന്ന് ലക്ഷ്യങ്ങളാണുണ്ടായിരുന്നത്.
1) കര്‍ണാടകയിലുടനീളമുള്ള മുസ്‌ലിം സ്ത്രീകളിലെ ഹിജാബ് വിലക്ക് അവരുടെ മൗലികാവകാശങ്ങളില്‍ ചെലുത്തുന്ന സ്വാധീനം വിലയിരുത്തുക.
2) കര്‍ണാടക ഹൈക്കോടതിയുടെ വിചാരണയ്ക്കിടയിലും, വിധി പ്രസ്താവിച്ചതിനു ശേഷവും മുസ്‌ലിം വിദ്യാര്‍ഥിനികളുടെ അനുഭവങ്ങളും പോരാട്ടങ്ങളും രേഖപ്പെടുത്തുക.
3) ജില്ലാ ഭരണതലത്തിലും കോളജ് തലത്തിലും ഇക്കാര്യത്തില്‍ അധികാരികളുടെ പങ്ക് അന്വേഷിക്കുകയും ഹിജാബിനെ ചുറ്റിപ്പറ്റിയുള്ള ആഗോള വ്യവഹാരത്തിനിടയില്‍ ഈ വിദ്യാഭ്യാസ പ്രതിസന്ധിയെ സന്ദര്‍ഭോചിതമാക്കുകയും ചെയ്യുക.

ഐശ്വര്യ രവികുമാര്‍, കിഷോര്‍ ഗോവിന്ദ്, പൂര്‍ണ രവിശങ്കര്‍, രാംദാസ് റാവു, ശശാങ്ക് എസ് ആര്‍ എന്നിവരടങ്ങിയ സംഘമാണ് പഠനം നടത്തിയത്. 2021 ഡിസംബര്‍ 31 മുതല്‍ സുപ്രീം കോടതി പുറപ്പെടുവിച്ച വിഭജന വിധി വരെയുള്ള പ്രധാന സംഭവവികാസങ്ങളുടെ ക്രമമായ “സമയരേഖ’ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്തു. നിയമപരവും ഭരണഘടനാപരവുമായ ലംഘനങ്ങളോടൊപ്പം വിദ്യാര്‍ഥിനികളുടെ അവകാശലംഘനങ്ങളും റിപ്പോര്‍ട്ട് വിശകലനം ചെയ്യുന്നു.
വിദ്യാര്‍ഥിനികള്‍ നേരിട്ട അവകാശ ലംഘനങ്ങള്‍ ഇവയാണ്.

1. വിവേചനമില്ലാത്ത വിദ്യാഭ്യാസത്തിനുള്ള അവകാശം: ക്ലാസ് മുറികളില്‍ നിന്ന് പുറത്തുപോകാന്‍ നിര്‍ബന്ധിതരാക്കപ്പെട്ട മുസ്‌ലിം വിദ്യാര്‍ഥിനികള്‍ക്ക് വിദ്യാഭ്യാസ അവകാശം നിഷേധിക്കപ്പെട്ട വഴികള്‍ റിപ്പോര്‍ട്ട് വിശദീകരിക്കുന്നു. വിദ്യാര്‍ഥിനികളുടെ നഷ്ടം, തകര്‍ന്ന സ്വപ്‌നങ്ങള്‍, കരിയര്‍ അഭിലാഷങ്ങള്‍, വിവേചനം, ഹിജാബ് ധരിക്കാത്ത മറ്റു വിദ്യാര്‍ഥിനികളില്‍ നിന്നുള്ള വിവേചനം, അവരുടെ കോളജ് കാമ്പസിനുള്ളിലെ ഭയത്തിന്റെയും അരക്ഷിതാവസ്ഥയുടെയും അനുഭവങ്ങള്‍.
2. അന്തസ്സിനുള്ള അവകാശം: ഹിജാബ് ധരിക്കുന്നതിനും വിദ്യാഭ്യാസം തുടരുന്നതിനും ഇടയില്‍ തിരഞ്ഞെടുക്കാന്‍ നിര്‍ബന്ധിതരായ അനുഭവം തങ്ങളുടെ അന്തസ്സിനുമേലുള്ള കടന്നാക്രമണമാണെന്ന് വിദ്യാര്‍ഥിനികള്‍ വിവരിച്ചു. ഹിജാബ് ഊരിമാറ്റാന്‍ നിര്‍ബന്ധിതരായത് പൊതുസ്ഥലത്ത് നഗ്നരായതിന് തുല്യമാണെന്ന് പല വിദ്യാര്‍ഥിനികളും പങ്കുവെക്കുന്നു. വിദ്വേഷത്തിന്റെയും ഉപദ്രവത്തിന്റെയും ടാര്‍ഗെറ്റഡ് ആക്രമണങ്ങളില്‍ വിദ്യാര്‍ഥിനികള്‍ അങ്ങേയറ്റം ദുര്‍ബലരായതായി പഠനസംഘത്തിന് അനുഭവപ്പെട്ടു.
3. സ്വകാര്യതയ്ക്കുള്ള അവകാശം: മുസ്‌ലിം വിദ്യാര്‍ഥിനികളില്‍ നിന്ന് വ്യക്തിപരമായ തിരഞ്ഞെടുപ്പിനുള്ള അവകാശം എങ്ങനെ പിടിച്ചെടുത്തുവെന്ന് റിപ്പോര്‍ട്ട് വിശദീകരിക്കുന്നു. ടെലിവിഷനിലും ഇന്റര്‍നെറ്റിലും തങ്ങളുടെ പേരുകളും ചിത്രങ്ങളും പ്രദര്‍ശിപ്പിച്ച മാധ്യമങ്ങളുടെ ശത്രുതാപരമായ നോട്ടത്തിന് കീഴിലായതെങ്ങനെയെന്ന് വിദ്യാര്‍ഥിനികള്‍ പങ്കുവെച്ചു.
4. ആവിഷ്‌കാര സ്വാതന്ത്ര്യത്തിനുള്ള അവകാശം: ഹിജാബ് ധരിക്കുന്നത് തങ്ങളുടെ ആവിഷ്‌കാര സ്വാതന്ത്ര്യം വിനിയോഗിക്കുന്നതിനുള്ള ഒരു മാര്‍ഗമാണെന്ന് പങ്കുവെച്ച വിദ്യാര്‍ഥിനികളുടെ സാക്ഷ്യപത്രങ്ങള്‍ ഈ ഭാഗം പങ്കിടുന്നു. വ്യക്തിത്വത്തിന്റെ കാതലായ മാനം ഉള്‍ക്കൊള്ളുന്ന വസ്ത്രധാരണ സ്വാതന്ത്ര്യം ഉള്‍പ്പെടെയുള്ള ആവിഷ്‌കാരത്തിന്റെ ആശയമാണിത്.
5. വിവേചനം കാണിക്കാതിരിക്കാനുള്ള അവകാശം: ഏര്‍പ്പെടുത്തിയ നിരോധനം കാരണം മുസ്‌ലിം വിദ്യാര്‍ഥിനികളെ ഒഴിവാക്കുക മാത്രമല്ല, ന്യായമായ താമസസൗകര്യങ്ങള്‍ക്കായി അപേക്ഷിക്കാനുള്ള അവകാശം നിഷേധിക്കപ്പെടുകയും ചെയ്തു. പകരം, അവര്‍ മറ്റു വിദ്യാര്‍ഥിനികളില്‍ നിന്ന് വേര്‍തിരിക്കപ്പെട്ടു. കാവി സ്‌കാര്‍ഫ് ധരിച്ച വിദ്യാര്‍ഥിനികള്‍ പ്രതിഷേധം നടത്തിയപ്പോള്‍ മുസ്‌ലിം വിദ്യാര്‍ഥിനികള്‍ അതിന്റെ കൂടി ഉത്തരവാദികളായി വിലയിരുത്തപ്പെട്ടിരുന്നു.
6. ഏകപക്ഷീയമായ ഭരണകൂട നടപടികളില്‍ നിന്നുള്ള സ്വാതന്ത്ര്യം: ജില്ലാ ഭരണകൂടവും കോളജ് അധികാരികളും കൈക്കൊണ്ട എല്ലാ നടപടികളും, നിയമാനുസൃതമായ നടപടിക്രമങ്ങള്‍ പാലിക്കുകയോ വിദ്യാര്‍ഥിനികള്‍ക്ക് ന്യായമായ താമസസൗകര്യം അനുവദിക്കുകയോ ചെയ്തില്ല. ഉടനടി പ്രാബല്യത്തില്‍ വരുന്ന നിരോധനത്തിന്റെ സ്വേച്ഛാധിപത്യം മുസ്‌ലിം വിദ്യാര്‍ഥിനികളുടെ അക്കാദമിക് ജീവിതത്തിലും സാമൂഹിക ബന്ധങ്ങളിലും മാനസികാരോഗ്യത്തിലും ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്.

നിരോധനത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, ഹിജാബിനെ എതിര്‍ക്കാന്‍ തങ്ങളുടെ സഹപാഠികളും സുഹൃത്തുക്കളും വരെ സമരത്തില്‍ ചേര്‍ന്നുവെന്നറിഞ്ഞ മുസ്‌ലിം വിദ്യാര്‍ഥിനികള്‍ക്ക് വലിയ ഞെട്ടല്‍ അനുഭവപ്പെട്ടു. വിദ്യാഭ്യാസവും ദീര്‍ഘകാലമായി വിശ്വസിച്ചിരുന്ന സുഹൃത്തുക്കളുടെയും അധ്യാപകരുടെയും പിന്തുണയും നഷ്ടപ്പെട്ടുവെന്ന് തിരിച്ചറിഞ്ഞത് ആഘാതമായിരുന്നു. പ്രതിസന്ധി ഘട്ടത്തില്‍ മുസ്‌ലിം സമൂഹം ഒറ്റപ്പെട്ടുവെന്ന് അവര്‍ ആശങ്ക പങ്കുവെച്ചു. ഇന്ത്യയിലുടനീളം പൗരന്മാര്‍ വിദ്യാര്‍ഥിനികളുടെ മൗലികാവകാശത്തിനുവേണ്ടി നിലകൊണ്ടിരുന്നു. നിരോധനം ബാധിച്ച വിദ്യാര്‍ഥികളുടെ ശബ്ദം രേഖപ്പെടുത്തുന്നതിലൂടെ ഇപ്പോഴും തുടരുന്ന നിരോധന സമയത്തെ അവരുടെ ആശങ്കകളും അനുഭവങ്ങളും പങ്കുവെക്കുകയാണ് റിപ്പോര്‍ട്ട് ലക്ഷ്യമിടുന്നത്. വര്‍ഷാവസാനം വരെ പഠനം തുടരാന്‍ അനുവദിക്കണമെന്ന് കോളജധികൃതരോട് അവര്‍ അഭ്യര്‍ഥിച്ചിരുന്നു. അപ്പോഴുണ്ടായ ഭയാനകമായ അനുഭവങ്ങളും അവര്‍ പങ്കുവെക്കുന്നു.

മാധ്യമങ്ങളുടെ തെറ്റായ വ്യാഖ്യാനം
കര്‍ണാടക ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചതിനു ശേഷം കന്നഡ ടി വി ചാനലുകള്‍ ഹിജാബ് നിരോധനം എല്ലാം മുസ്‌ലിംകള്‍ക്കും ബാധകമാണെന്ന് മനഃപൂര്‍വം തെറ്റായ രീതിയില്‍ വാഖ്യാനിച്ചതിനെയും റിപ്പോര്‍ട്ട് ചര്‍ച്ചക്കെടുക്കുന്നുണ്ട്. സ്‌കൂളുകളിലും കോളജുകളിലും വിദ്യാര്‍ഥികളും അധ്യാപകരും ഹിജാബ് ധരിക്കുന്നതിനെ നിരോധിക്കുന്ന രീതിയിലാണ് 11/2/2022 ലെ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവുണ്ടായത്. എന്നാല്‍ സംസ്ഥാനത്തുടനീളം ഹിജാബ് നിരോധിച്ചു എന്ന രീതിയില്‍ വാര്‍ത്തകള്‍ നില്‍കിയ ടി വി ചാനലുകളെയും റിപ്പോര്‍ട്ട് ചര്‍ച്ചക്കെടുക്കുന്നു.
ഹിജാബ് നിരോധനം സംബന്ധിച്ച സുപ്രീം കോടതി വിഭജന വിധിയിലെ, നിരോധനം ശരിവച്ച ജസ്റ്റിസ് ഗുപ്തയുടെ അഭിപ്രായത്തെ റിപ്പോര്‍ട്ട് വിലയിരുത്തുന്നത്, ഈ ഏകപക്ഷീയമായ നിരോധനത്തിലൂടെ അന്തസ്സിനും സ്വകാര്യതയ്ക്കും തുല്യതയ്ക്കുമുള്ള അവരുടെ അവകാശം ഹനിക്കപ്പെട്ടുവെന്ന ഹര്‍ജിക്കാരുടെ വാദവുമായി ഇടപെടുന്നതില്‍ ജസ്റ്റിസ് ഗുപ്തയുടെ അഭിപ്രായം പരാജയപ്പെട്ടുവെന്നാണ്. നീതിന്യായവാദത്തിലും ജുഡീഷ്യല്‍ മുന്‍കരുതലുകളിലും അസാമാന്യമായ അനുകമ്പയിലും ഉറച്ചുനില്‍ക്കുന്ന ജസ്റ്റിസ് ധൂലിയയുടെ അഭിപ്രായങ്ങൾ ആശ്വാസം പകരുന്നത് അവര്‍ എടുത്തു പറയുന്നുണ്ട്.

ജസ്റ്റിസ് ധൂലിയയുടെ സമീപനത്തെ റിപ്പോര്‍ട്ട് അഭിനന്ദിക്കുന്നു. ഐഷത്ത് ഷിഫയും തെഹ്റിന ബീഗവും (കുന്ദാപുരയിലെ ഗവണ്‍മെന്റ് പ്രീ-യൂണിവേഴ്സിറ്റി കോളജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിനികള്‍) ഹിജാബ് ധരിച്ചതിന്റെ പേരില്‍ ഒരു സുപ്രഭാതത്തില്‍ അവരുടെ കോളജ് പ്രവേശനം തടഞ്ഞ സംഭവത്തെ പരാമര്‍ശിച്ചുകൊണ്ടാണ് അദ്ദേഹം പറയുന്നത്.
“ജസ്റ്റിസ് ധൂലിയ, സ്‌കൂളുകള്‍ക്ക് അച്ചടക്കം ആവശ്യമാണെന്ന് സമ്മതിക്കുമ്പോള്‍, അവര്‍ക്ക് ഒരു സൈനിക ക്യാമ്പിന്റെ അച്ചടക്കവും റെജിമെന്റേഷനും ആവശ്യമില്ലെന്ന് പ്രസ്താവിക്കുന്നു. പ്രധാനമായി, അച്ചടക്കത്തിന് അന്തസ്സിന്റെയും സ്വയംഭരണത്തിന്റെയും വില നല്‍കാനാവില്ലെന്ന് അദ്ദേഹം വിശ്വസിക്കുന്നു.

ജസ്റ്റിസ് ധൂലിയയുടെ ഈ സമീപനം പ്രാധാന്യമര്‍ഹിക്കുന്നു. വിപുലീകരണത്തിലൂടെ, സ്ത്രീകളുടെ ഹിജാബ് ധരിക്കാനോ ധരിക്കാതിരിക്കാനോ ഉള്ള തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന സങ്കീര്‍ണമായ കാരണങ്ങള്‍ക്ക് ഇത് ഭരണഘടനാപരമായ ഇടം നല്‍കുന്നു. കൂടാതെ, ഹിജാബ് മതപരമായ അര്‍ഥങ്ങള്‍ മാത്രമുള്ളതാണെന്ന ജനകീയ ധാരണയെ വെല്ലുവിളിക്കുന്നു.
ജസ്റ്റിസ് ധൂലിയയുടെ അഭിപ്രായം ശക്തമാണ്. അതിനാല്‍ ഇതൊരു വിഭജന വിധിയായി തുടരുന്നു. ഈ വിഭജന വിധി നീതിക്കായുള്ള വിദ്യാര്‍ഥിനികളുടെ കാത്തിരിപ്പ് നീട്ടിക്കൊണ്ടുപോകും. ലക്ഷക്കണക്കിന് മുസ്‌ലിം വിദ്യാര്‍ഥിനികളുടെ ഭാവിയെക്കുറിച്ചുള്ള അവ്യക്തത മതിയായ രീതിയില്‍ പരിഹരിക്കാന്‍ സുപ്രീം കോടതിയുടെ വിശാല ബെഞ്ചിന്റെ അടിയന്തര ഇടപെടലിനു മാത്രമേ സാധിക്കൂ.

നിഗമനവും ശിപാര്‍ശകളും
വിപുലമായ ഒരു ഫീല്‍ഡ് പ്രവര്‍ത്തനത്തിന്റെ ഫലമാണ് ഈ റിപ്പോര്‍ട്ട്. വിദ്യാഭ്യാസത്തിനുള്ള അവകാശം നിഷേധിക്കപ്പെട്ട മുസ്‌ലിം വിദ്യാര്‍ഥിനികളുടെ അവകാശങ്ങളും അന്തസ്സും ആവിഷ്‌കാരവും മൗലികാവകാശങ്ങളും തുടര്‍ച്ചയായി ലംഘിക്കപ്പെടുന്ന അവസ്ഥയെ ഈ റിപ്പോര്‍ട്ട് രേഖപ്പെടുത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് സൂചിപ്പിക്കുന്ന റിപ്പോര്‍ട്ടിലെ വാചകം വായിക്കാം:
“മുസ്‌ലിം വിദ്യാര്‍ഥിനികളുടെ വിദ്യാഭ്യാസത്തിനുള്ള അവകാശ നിഷേധം പൊതു ഇടങ്ങളില്‍ നിന്ന് മുസ്‌ലിം സ്വത്വത്തെ തുടച്ചുനീക്കാനുള്ള വലിയ രാഷ്ട്രീയത്തിന്റെ ഭാഗമാണ്. അതിനാല്‍ ഹിജാബ് നിരോധനത്തെ ചുറ്റിപ്പറ്റിയുള്ള രാഷ്ട്രീയം അദൃശ്യമാക്കാനും പാര്‍ശ്വവത്കരിക്കാനും ബഹിഷ്‌കരിക്കാനുമുള്ള വലിയ പ്രക്രിയയുമായി ബന്ധപ്പെട്ടിരിക്കുന്നു. മുസ്‌ലിം സമൂഹം അങ്ങനെത്തന്നെ അംഗീകരിക്കപ്പെടേണ്ടതുണ്ട്. സര്‍വകലാശാലാ ഇടങ്ങള്‍ പൗരത്വത്തിനുള്ള പരിശീലന കേന്ദ്രങ്ങളാണ്. അവിടെ വിദ്യാര്‍ഥികള്‍, ഒരു പൊതു അനുഭവത്തിലൂടെ, സമൂഹം എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതിനെക്കുറിച്ച് ധാരണകള്‍ വികസിപ്പിക്കുന്നു. ഈ ഇടങ്ങള്‍ വൈവിധ്യമാര്‍ന്ന ഐക്യദാര്‍ഢ്യബോധം സൃഷ്ടിക്കുന്നതില്‍ നിര്‍ണായകമാണ്. രാജ്യത്തെ സാംസ്‌കാരികവും മതപരവുമായ കമ്മ്യൂണിറ്റികള്‍, വിദ്യാര്‍ഥികള്‍ തമ്മിലുള്ള സാഹോദര്യത്തിന്റെ മൂല്യം പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം അന്തസ്സിന്റെ അചഞ്ചലമായ മൂല്യത്തെക്കുറിച്ചുള്ള ധാരണയും പങ്കിടുന്നു. രാജ്യത്തിന്റെ ഭരണഘടനയുടെ ആമുഖം പറയുന്നതുപോലെ, “സാഹോദര്യം, വ്യക്തിയുടെ അന്തസ്സും ഐക്യവും അഖണ്ഡതയും ഉറപ്പാക്കുന്നു’. ഈ മൂല്യം കൈവരിക്കുന്നതിന്, നമ്മുടെ വിദ്യാഭ്യാസ ഇടങ്ങള്‍ കഴിയുന്നത്ര വൈവിധ്യപൂര്‍ണമാകേണ്ടത് പ്രധാനമാണ്.
സമൂഹത്തിന്റെ നാനാതുറയിലുള്ള ആളുകള്‍ സമൂഹം, മതം, ലിംഗഭേദം എന്നിങ്ങനെ സ്വയം പ്രതിനിധീകരിക്കുന്നിടത്തെല്ലാം അവര്‍ക്കതിനു സാധ്യമാവുന്നുണ്ടെന്ന് സര്‍വകലാശാലാ ഇടങ്ങള്‍ ഉറപ്പാക്കണം. ആശങ്കാജനകമായ കാര്യം, പല കോളജുകളിലും, ഒരു വിദ്യാര്‍ഥി സമൂഹത്തിന്റെ ഭാവി വിഭാവനം ചെയ്യുന്നതിനായി മാത്രം അധികൃതര്‍ ശ്രമിക്കുന്ന റിപ്പോര്‍ട്ടുകളാണ്. ആ സമൂഹം ഉൾക്കൊള്ളാത്തവരുടെ അവകാശങ്ങള്‍ ഹനിക്കപ്പെടുന്നു. സ്ത്രീകള്‍ക്ക് തലമറക്കുന്നതു പോലെയുള്ള അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നു. ആചാരങ്ങള്‍ വെല്ലുവിളിക്കപ്പെടുന്നു. നമ്മുടെ ഭരണഘടനാ മൂല്യങ്ങളെ പ്രതിഫലിപ്പിക്കുന്ന ബഹുസ്വരവും വൈവിധ്യപൂര്‍ണവുമായ ഒരു സമൂഹത്തിന്റെ കാഴ്ചപ്പാടല്ല ഇവ പ്രതിഫലിപ്പിക്കുന്നത്. മറിച്ച് ഭരണഘടനയുമായി തികച്ചും വിരുദ്ധമായ ഒരു സമൂഹത്തെയും ഭാവിയെയുമാണ് പ്രതിഫലിപ്പിക്കുന്നത്.

“ഭരണഘടനാ ധാര്‍മികത’ എന്ന് അംബേദ്കര്‍ വിളിക്കുമായിരുന്ന ഈ നിരാകരണം കര്‍ണാടക സംസ്ഥാനത്തിന്റെ പ്രതികരണത്തിലാണ് ഏറ്റവും പ്രകടമായത്. മുസ്‌ലിം സ്ത്രീകള്‍ക്ക് അവരുടെ വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കാനുള്ള അവകാശം നിഷേധിക്കാന്‍ അത് ബോധപൂര്‍വം ശ്രമിച്ചു. വിദ്യാഭ്യാസത്തെക്കാള്‍ യൂണിഫോമിന് പ്രത്യേക പരിഗണന നല്‍കി. ഏത് ഘട്ടങ്ങളിലും, വിവേചനം കൂടാതെ “വിദ്യാഭ്യാസത്തിനുള്ള അവകാശം സുരക്ഷിതമാക്കുന്നതിന് ഫലപ്രദമായ വ്യവസ്ഥകള്‍ ഉണ്ടാക്കുക’ എന്ന ആര്‍ട്ടിക്കിള്‍ 46 ലെ ഭരണഘടനാപരമായ ഉത്തരവാദിത്വത്തില്‍ നിന്നും ബോധപൂര്‍വം ഒഴിഞ്ഞുമാറി.

ജനങ്ങള്‍ തിരഞ്ഞെടുക്കുന്ന പ്രതിനിധികള്‍, സംസ്ഥാന ഗവണ്‍മെന്റ്, ജില്ലാ ഭരണകൂടം, മാധ്യമങ്ങള്‍, പൊലീസ് തുടങ്ങിയവയ്ക്ക് പഠന/റിപ്പോര്‍ട്ട് ചില ശിപാര്‍ശകള്‍ നല്‍കുന്നുണ്ട്. വിദ്യാര്‍ഥികളുടെ അന്തസ്സിനും സ്വകാര്യതയ്ക്കും അഭിപ്രായപ്രകടനത്തിനുമുള്ള അവകാശം സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുക, ആര്‍ട്ടിക്കിള്‍ 21, ആര്‍ട്ടിക്കിള്‍ 19(1)(എ) അനുശാസിക്കുന്ന പ്രകാരം സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും ഉള്ളില്‍, മുസ്‌ലിം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനും അഭിപ്രായപ്രകടനത്തിനുമുള്ള ഭരണഘടനാപരമായ അവകാശങ്ങള്‍ നിഷേധിക്കുന്ന ഭരണഘടനാ വിരുദ്ധവും ഏകപക്ഷീയവുമായ നടപടി കാരണം വിദ്യാര്‍ഥിനികള്‍ക്കുണ്ടായ നഷ്ടം നികത്തുക തുടങ്ങിയവയെല്ലാം ശിപാര്‍ശകളില്‍പെടുന്നു.

ലൈവ് ലോ ന്യൂസ് നെറ്റ്‌വര്‍ക്ക്
കടപ്പാട്: ലൈവ് ലോ ഡോട് ഇന്‍
വിവ. എബി

You must be logged in to post a comment Login