ജീവിതത്തിന്റെ ഉറവകളെ തൊടാൻ

ജീവിതത്തിന്റെ  ഉറവകളെ തൊടാൻ

മലയാളത്തിൽ അടുത്ത കാലത്ത് ഏറെ വായിക്കപ്പെട്ട ഒരു നോവലാണ് ബെന്യാമിന്റെ ആട് ജീവിതം.ഒരു മനുഷ്യന് അനുഭവിക്കേണ്ടി വന്ന ദുഃഖവും ദുരിതവും അതിസങ്കീർണമായ ഒരു ജീവിതാവസ്ഥയിൽ കുടിച്ചു തീർക്കുന്ന നജീബെന്ന കഥാപാത്രം വായനക്കാരുടെ മനസ്സിൽ എക്കാലവും ജീവിക്കും. ജീവിതത്തിന്റെ അറിയപ്പെടാത്ത ഭൂഖണ്ഡങ്ങളെ പരിചയപ്പെടുത്തുമ്പോൾ നോവലിസ്റ്റ് കാണിക്കുന്ന കരവിരുത് അതിശയകരം തന്നെ.

പ്രസ്തുത കൃതിയുടെ ഒരു പൂർണ വായന ഈ എഴുത്തിന്റെ ഉദ്ദേശ്യമല്ല. മറിച്ച് ഒരു സാഹിത്യ കൃതി പങ്കു വെക്കുന്ന സംഭവങ്ങൾ മലയാള ഭാവനയിൽ, ഒരു പ്രവാസി മനസ്സിന്റെ വേപഥുകളെ എങ്ങനെ ചേർത്ത് പിടിച്ചുവെന്ന യാഥാർത്ഥ്യത്തെ വിശകലനം ചെയ്യാൻ വേണ്ടി മാത്രമാണ്. പ്രത്യക്ഷത്തിൽ അധികം വലുതല്ലാത്ത ഒരു നോവൽ, മലയാളികളുടെ മനസ്സിനെ എന്തു കൊണ്ട്, അത്രയും ആഴത്തിൽ തൊട്ടുവെന്ന് നാമറിയേണ്ടതുണ്ട്. ഗൾഫ് നാടുകളിലേക്ക് മലയാളി യാത്ര ആരംഭിച്ച നാളുകൾ തൊട്ട്, വിജയത്തിന്റെയും പരാജയത്തിന്റെയും വിവിധ നിറങ്ങളിലുള്ള കഥകൾ കേട്ടവരാണ് നാം. എന്നാൽ പരാജയത്തിന്റെ മുഴുവൻ നെടുവീർപ്പുകളും ഒരൊറ്റ കഥാപാത്രത്തിൽ ഘനീഭവിച്ചു നിന്നത് കണ്ടപ്പോൾ, ഭിന്നഭാവത്തിൽ ദുഃഖിച്ചവരുടെ ആൾ രൂപമായി ആ കഥാപാത്രം ഉണർന്ന് നിന്നു. ഉള്ളിലും പുറത്തും ഒരേയളവിൽ ഒറ്റപ്പെട്ട് നിൽക്കുന്ന അഭയാർഥി മനസ്സിന്റെ അടയാളമായി നജീബെന്ന ചെറുപ്പക്കാരൻ. എന്നാൽ, പുറം നിയമങ്ങളെല്ലാം തനിക്കെതിരെ നിൽക്കുമ്പോഴും, അകലെയെവിടെയോ തനിക്കായ് പച്ചപ്പുകൾ തളിർത്ത് വരുമെന്ന് മരുഭൂമി തന്നെ അയാളെ കരുത്തനാക്കുകയും ചെയ്യുന്നു. മരുഭൂമിയിൽ കമഴ്ന്ന് കിടന്ന്, അപകടകാരികളായ പാമ്പുകളെ പ്രതിരോധിച്ചപ്പോൾ, ഉള്ളിൽ നിറഞ്ഞ ഭയത്തോടൊപ്പം, പിന്നേയും സ്വപ്നം കാണാനുള്ള പ്രവാസി മനസ്സിന്റെ ശക്തി. വേറൊരു രീതിയിൽ ആലോചിച്ചാൽ, താൻ തന്നെ ഇല്ലാതായിപ്പോകുമെന്ന അവസ്ഥയിലും, വീണ്ടും പാകമായേക്കാം മറ്റൊരു ജീവിതമെന്ന പ്രതീക്ഷ പേറുന്ന മനുഷ്യരുടെ പ്രതിനിധിയാവുകയാണ് നജീബ്.

മരുഭൂമിയായിപ്പോയ ഒരു മനുഷ്യജന്മം വീണ്ടും ജീവിതത്തിന്റെ ഉറവകളെ തൊടാൻ ദാഹിക്കുന്നുണ്ടെപ്പോഴും. മഹാ രോഗങ്ങളുടെ വക്കിൽ നിന്നു പോലും, മനുഷ്യൻ ശമനതാളം അനുഭവിച്ചു കൊണ്ടിരിക്കും. ഓരോ വ്യക്തിയിലും അനുഭവ തീഷ്ണത വ്യത്യസ്തമാകും. എവിടെ നിന്നെങ്കിലും ഒരു രക്ഷകൻ, തന്റെ കഷ്ടപ്പാടുകളെ അവസാനിപ്പിക്കാൻ വന്നേക്കുമെന്ന പ്രതീക്ഷ ചെറുതല്ലല്ലോ. ആശകളെല്ലാമറ്റാലും, ദൈവകാരുണ്യത്തെ കുറിച്ച് നിരാശപ്പെടരുതെന്ന വേദവാക്യത്തിന്റെ പൊരുളും ഇതായിരിക്കാം.
ബോൺ ഹോഫർ തന്റെ ഒരു പ്രാർഥനാ കവിതയിൽ ഇങ്ങനെ പറയുന്നുണ്ട്: “ദൈവമേ,
എനിക്ക് നിന്റെ വഴികളെ മനസ്സിലാക്കാനാവില്ല.
എന്നാൽ,
നിനക്കറിയാമല്ലോ
എന്റെ വഴി ഏതെന്ന്…’

കെ ടി സൂപ്പി

You must be logged in to post a comment Login