കേരളം: പൊങ്ങുതടിയിലാണ് നാം അള്ളിപ്പിടിച്ചിരിക്കുന്നത്

കേരളം: പൊങ്ങുതടിയിലാണ് നാം അള്ളിപ്പിടിച്ചിരിക്കുന്നത്

അറംപറ്റിയ ഒരു പരസ്യവാചകമാണോ യഥാര്‍ഥ കേരളം? നാം ഘോഷിക്കുന്ന, സത്യമെന്ന് വിചാരിക്കുന്ന, മറിച്ചുള്ള വാദങ്ങളോട് അസഹിഷ്ണുവാകുന്ന “കേരളമോഡല്‍’ അന്തരാവഹിക്കുന്നത് വലിയ ദൗര്‍ബല്യങ്ങളെയാണോ? അത്തരമൊരു അന്വേഷണമാണ് ഈ ലേഖനത്തിന്റെ സന്ദര്‍ഭം. ആ അന്വേഷണം മുന്‍വിധികളില്ലാത്തതാണ് എന്ന് തുടക്കത്തിലേ പറയട്ടെ. പച്ചതൊടാന്‍ പറ്റാത്ത കെറുവില്‍ സംഘപരിവാരം നിരന്തരം ഉല്പാദിപ്പിക്കുന്ന “കേരള വെറുപ്പി’നൊപ്പമല്ല ഈ അന്വേഷണം സഞ്ചരിക്കുക. കേരളം പരമ മോശം എന്ന വലത് വിമര്‍ശനം കക്ഷിരാഷ്ട്രീയത്തിന്റെ ജീനി കെട്ടിയ കുതിരക്കണ്ണില്‍ നിന്നുള്ള കാഴ്ചയാണ്. അത് നമ്മുടെ പരിഗണനയല്ല. കേരളം പതറുകയും സാമ്പത്തികമായും സാമൂഹികമായും പലതരം വീഴ്ചകള്‍ക്കിരയാവുകയും ചെയ്യുമ്പോള്‍ അതിനെ ക്രൂരമാം വിധം സാമാന്യവത്കരിച്ച് അയ്യേ കേരളം എന്നുയരുന്ന വ്യാജവിലാപങ്ങളോട് ഒരനുഭാവവും ഈ ലേഖനത്തിനില്ല. അതിനുമപ്പുറം നമ്മുടെ ദേശം തിരുത്തേണ്ട ചിലതുണ്ട്, നാമുള്‍പ്പടെ നവീകരിക്കപ്പെടേണ്ടതുണ്ട് എന്ന സൃഷ്ട്യുന്‍മുഖമായ വീക്ഷണമാണ് നമ്മുടെ കേരളത്തെ സംബന്ധിച്ച്, ഇമ്മട്ടില്‍ ഉള്ള ഒരു പുനരന്വേഷണത്തിന്റെ താല്പര്യം.

സംസ്ഥാന ടൂറിസം വകുപ്പ് വാണിജ്യാവശ്യത്തിനായി തയാറാക്കുകയും ധാരാളമായി പ്രചരിക്കുകയും നാം നമ്മുടെ അടിയൊപ്പായി സ്വീകരിക്കുകയും ചെയ്യുന്ന “ദൈവത്തിന്റെ സ്വന്തം നാട്’ എന്ന പരസ്യവാചകം ഓര്‍ക്കുക. കേള്‍ക്കാന്‍ ഭംഗിയുള്ള പദസമുച്ഛയം. പക്ഷേ, അതൊരു വ്യാജമായ അവകാശവാദവും പൊള്ളയായ വിശേഷണവുമാണെന്ന് ഒറ്റച്ചിന്തയില്‍ തെളിയും. അത് യാഥാര്‍ഥ്യവുമായി തരി ബന്ധമില്ലാത്ത പറച്ചിലാണ്. പൊങ്ങച്ചമാണ്. ഇല്ലാത്ത ഒന്നിനെ പൊലിപ്പിക്കലാണ്. അങ്ങനെയല്ല എന്ന് നമുക്കറിയാം. അല്ലാത്ത ഒന്നിനെ സ്വന്തം കര്‍തൃത്വമായി പരസ്യപ്പെടുത്തുകയാണ്. പക്ഷേ, നിരന്തരം സ്ഥാനത്തും അസ്ഥാനത്തും പ്രയോഗിച്ച്, പറഞ്ഞുപരത്തി അത് യാഥാര്‍ഥ്യമാണ് എന്ന ഒരു പ്രതീതിപോലും സൃഷ്ടിക്കപ്പെട്ടുകഴിഞ്ഞു. അതിനാലാണ് അറം പറ്റിയ പരസ്യം എന്ന് ആദ്യ വാചകമെഴുതിയത്. അറം പറ്റല്‍ ഒരു കാവ്യസങ്കല്‍പമാണ്. ഒരു കാര്യം പറഞ്ഞാല്‍, ഒരു കാര്യം എഴുതിയാല്‍ അതേ കാര്യം എഴുത്താളിനെ തിരിഞ്ഞുകൊത്തി ഇല്ലാതാക്കും എന്ന പഴയ തോന്നലാണ് അറം. എഴുത്തച്ഛന്‍ കിളിപ്പാട്ടുകളായി ഇതിഹാസങ്ങള്‍ പുനരാവിഷ്‌കരിച്ചത് അറത്തെ ഭയന്നാണ് എന്ന് പറച്ചിലുണ്ട്. താന്‍ നേരിട്ട് ഇതെല്ലാം എഴുതിയാല്‍ അപകടം വരുമോ എന്ന ഭീതി. അതിനാല്‍ കിളി പാടുന്നതായി സങ്കല്‍പിച്ചു എന്ന്. അതാണ് അറം എന്ന വാക്ക്. പറഞ്ഞത് തിരിച്ചടിക്കുക, ആ തിരിച്ചടിയില്‍ പറഞ്ഞയാള്‍ നശിക്കുക. ദൈവത്തിന്റെ സ്വന്തം നാട് എന്ന വ്യാജം കേരളത്തെ എന്തുചെയ്തു എന്നും വായിക്കാം. കേരളപ്പിറവിക്ക് ശേഷമുള്ള ചില വികാസങ്ങളെ ഓര്‍മിക്കുന്നത് ആ നിലയില്‍ നമ്മുടെ നാടിനെ വായിക്കാന്‍ കൂടുതല്‍ തെളിച്ചം നല്‍കിയേക്കും.

ചരിത്രത്തില്‍ നിന്ന് തുടങ്ങാം. കേരളം എന്ന ഈ ദേശത്തിന്റെ ആധുനിക ചരിത്രം കേരളപ്പിറവിയില്‍ നിന്നാണല്ലോ ആരംഭിക്കുക. ഇന്ത്യ ഒരു രാഷ്ട്രീയ ദേശരാഷ്ട്രമാകുന്നതിന്റെ ഭാഗമായാണ് സംസ്ഥാനങ്ങളുടെ പുനഃസംഘടന നടന്നത്. 1956ലെ സംസ്ഥാന പുനഃസംഘടനാ നിയമം ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാന രൂപീകരണങ്ങള്‍ക്ക് വഴി വെച്ചു. കേരളം, കര്‍ണാടക, തമിഴ്‌നാട് എല്ലാം ഇങ്ങനെ 1956ലെ ഭാഷാധിഷ്ഠിത നിര്‍മിതികളാണ്. പില്‍ക്കാല കേരളത്തിന്റെ സാമൂഹിക, സാമ്പത്തിക ചരിത്രത്തിന് ഈ സംസ്ഥാന രൂപീകരണവുമായി വലിയ കെട്ടുപാടുകളുണ്ട്. ഭാഷയായിരുന്നു അടിസ്ഥാനം എന്ന് അറിയുമല്ലോ? ഇങ്ങനെ ഭാഷാടിസ്ഥാനത്തില്‍ രൂപമെടുത്ത കേരളം ദേശപരമായി ഒരു സമ്പൂര്‍ണ കേരളമായിരുന്നോ? മലയാളികളുടെ മാതൃഭൂമി എന്ന് ഇ എം എസ് രാഷ്ട്രീയമായി നിരീക്ഷിച്ച ഈ ഭൂമികയില്‍ കേരളം എന്ന ദേശം മുഴുവനായുമുണ്ടോ എന്ന ആരായല്‍ നേരത്തേ നടന്നിട്ടുണ്ട്. ഇല്ല എന്നാണ് ലഭ്യമായ ഉത്തരം. കാസര്‍കോട്ടും കളിയിക്കാവിളയിലും വെച്ച് മുറിഞ്ഞുപോയ ഒരു റവന്യൂദേശമാണ് നാമിപ്പോള്‍ കേരളം എന്ന് വിളിക്കുന്ന പ്രദേശം. അതൊരു സാമ്പത്തിക ഭൂമികയാണ്. റവന്യൂ സാമ്പത്തികവുമായി ബന്ധപ്പെട്ട ഒരു വാക്കാണ്. വിശദീകരിക്കാം.
ഗോകര്‍ണം മുതല്‍ കന്യാകുമാരി വരെ നിശ്ചയമായും നാം ഇന്ന് കേരളമായി രൂപപ്പെടുത്തിയ ദേശത്തിന്റെ സാംസ്‌കാരിക ശേഷിപ്പുകളുണ്ട്. 2007ലെ ഭാഷാപോഷിണി വാര്‍ഷികപതിപ്പില്‍ പ്രസിദ്ധീകരിച്ച “അടര്‍ന്നുപോയ നാഞ്ചിനാട്’ എന്ന ദീര്‍ഘ പ്രബന്ധത്തില്‍ എഴുത്തുകാരന്‍ ജയമോഹന്‍ ഈ സാംസ്‌കാരികമായ അടര്‍ത്തിമാറ്റലിന്റെ പ്രശ്‌നങ്ങള്‍, അതുണ്ടാക്കുന്ന സ്വത്വപ്രശ്‌നങ്ങള്‍ വിശദീകരിക്കുന്നുണ്ട്. എന്നാല്‍ നോക്കൂ, കാസര്‍കോട് മുതല്‍ കളിയിക്കാവിള വരെ എന്ന സാമ്പത്തിക, രാഷ്ട്രീയ ദേശത്തിന് അനുഗുണമായ ഒരു സാമൂഹിക ജീവിതപദ്ധതി നാം രൂപപ്പെടുത്തി. ഫലം മേല്‍പറഞ്ഞ, അടര്‍ന്നുപോയ ദേശങ്ങളുടേതായി നമ്മിലുണ്ടായിരുന്ന അവശേഷിപ്പുകള്‍ അനാഥമായി, അഥവാ അവഗണിക്കപ്പെട്ടു. എന്തൊരു വിചിത്രവാദമാണിതെന്ന് തോന്നിയോ? അങ്ങനെയല്ല. സാമൂഹികതയുടെ അടിവേര് സാംസ്‌കാരികതയാണ്. ഇവ രണ്ടിനെയും ചലിപ്പിക്കുന്നത് സാമ്പത്തിക നിലയാണ്. ഇവ രണ്ടിനെയും ജ്വലിപ്പിക്കുന്നതാകട്ടെ വിദ്യാഭ്യാസവും. ഇത് നാലും ചേര്‍ന്ന ഒരു സമഗ്രപദ്ധതിയുടെ പേരാണ് ദേശം. ഈ നാലില്‍ നിന്ന് നമ്മുടെ സംസ്ഥാന രൂപീകരണം ചോര്‍ത്തിക്കളഞ്ഞത് ചെത്തിക്കളഞ്ഞ ദേശങ്ങളുടെ ഉജ്വലമായ അവശേഷിപ്പുകളാണ് എന്നാണ് വിശദീകരിച്ചത്. ആ ഒഴിവാക്കല്‍ കൃഷി ഉള്‍പ്പടെയുള്ള കാര്യങ്ങളിലെ നമ്മുടെ ഭാവനയെ വലിയതോതില്‍ കീഴ്‌മേല്‍ മറിച്ചു. വകഞ്ഞെടുത്ത അതിരുകള്‍ക്കുള്ളിലേക്ക് നമ്മുടെ സങ്കല്‍പങ്ങള്‍ ഒതുങ്ങിയതിന്റെ പ്രശ്‌നമാണത്. ആ ഒതുങ്ങല്‍ നമ്മുടെ ദേശത്തിന്റെ ജീവിതത്തിലാകമാനം ഒരു പൊങ്ങ് സംസ്‌കാരത്തിന്റെ പിറവിക്ക് നിദാനവുമായി. ജലോപരിതലത്തില്‍ കാണപ്പെടുകയും ജലത്തില്‍ ബലമില്ലാതെ ഒഴുകുകയും ചെയ്യുന്ന പൊങ്ങുകള്‍. വേരുകള്‍ വെള്ളം കുടിക്കാത്ത മരങ്ങള്‍.

രണ്ടാമതായി ഇന്ന് കാണുന്ന കേരളദേശത്തെ നാം തിരഞ്ഞുപോകുന്നത് നവോത്ഥാനത്തിലേക്കാണ്. നമ്മുടെ ജീവിത, വികസന, വിദ്യാഭ്യാസ പദ്ധതികളിലാകെ കേരളീയ നവോത്ഥാനത്തിന്റെ നിഴലുകളുണ്ട്. നിശ്ചയമായും കേരളീയ നവോത്ഥാനം അതിപ്രധാനമായ ഒരു ചരിത്രസന്ദര്‍ഭമാണ്. അത് പക്ഷേ, ഏതുതരം കേരളത്തെയാണ് പില്ക്കാലത്ത് രൂപപ്പെടുത്തിയത് എന്ന് അന്വേഷിക്കേണ്ടതുണ്ട്. കേരളീയ നവോത്ഥാനം പല അടരുകളുള്ള പ്രവാഹമായിരുന്നു. അതിലൊന്നാമത്തേത് ജാതി വിരുദ്ധതയുടേതാണ്. അഥവാ ജാതി പരിഷ്‌കരണത്തിന്റേതാണ്. ദ്രാവിഡമായ ഒരു ഭൂതകാലം പ്രബലമാക്കിയ ജാതീയത ഇവിടുണ്ടായിരുന്നു. മാരകമായ അയിത്തം ആചരിക്കപ്പെട്ടിരുന്നു. ജാതിക്കുള്ളിലുള്ളവരെ മനുഷ്യരല്ലാതാക്കുന്ന വ്യവസ്ഥകള്‍ വേറെയും. മതേതരബഹുസ്വരതയുടെ സന്ദര്‍ഭം പക്ഷേ, കേരളീയ നവോത്ഥാനത്തില്‍ എവിടെയുമില്ലായിരുന്നു. മറിച്ച് അത് ഹൈന്ദവ ജാതികളിലേക്ക് കൂടുതലായി ദൃഷ്ടി പായിച്ചു. നമ്പൂതിരി എന്ന കാര്‍ഷിക ഉപകരണങ്ങളുടെ ഉടമസ്ഥതയുള്ള വിഭാഗത്തെ സാമൂഹികമായി പരിഷ്‌കരിക്കാന്‍ പണിപ്പെട്ടു. “നമ്പൂതിരിയെ മനുഷ്യനാക്കുക’ എന്ന മുദ്രാവാക്യം നവോത്ഥാനത്തിന്റെ ഒരടയാളമാണ്. ആചാരങ്ങളില്‍ നിന്ന് നമ്പൂതിരിയെ പുറത്തുകൊണ്ടുവന്ന് ആധുനികമെന്ന് അക്കാലത്ത് കരുതിപ്പോന്ന ജീവിതപദ്ധതികളിലേക്ക് ആനയിക്കുക. ഇത് തന്നെ നായര്‍ സമുദായത്തിലും നടന്നു. അതുപക്ഷേ, അനാചാരങ്ങളില്‍ നിന്ന് പുറത്ത് കൊണ്ടുവരിക എന്നതിനെക്കാള്‍ ജാതീയമായുള്ള സംഘാടനത്തിന് പ്രാമുഖ്യം നല്‍കി. സ്വാഭാവികമായും അത്തരം സംഘാടനങ്ങള്‍ സ്വത്തുള്ള നായരെ പ്രബലരും അല്ലാത്തവരെ ദുര്‍ബലരുമാക്കി. ഈഴവ പരിഷ്‌കരണമായിരുന്നു നാരായണഗുരുവിന്റെ വഴി. പക്ഷേ, ഗുരുവിലെ അപാരനായ ധൈഷണികന്‍ അതിനെ മനുഷ്യാവസ്ഥയുടെ മുഴുവന്‍ പരിഷ്‌കരണമാക്കി പരിവര്‍ത്തിപ്പിക്കാന്‍ ശ്രമിച്ചു. അതുവഴി കേരളീയ നവോത്ഥാനത്തിന്റെ കേന്ദ്രബലമായി ഗുരു മാറി. അയിത്തത്തിനും അടിച്ചമര്‍ത്തലിനുമെതിരായ ചെറുത്തുനില്‍പിന്റെ ധാരയായിരുന്നു അയ്യങ്കാളി. പുഴു സമാന ജീവിതത്തില്‍ നിന്ന് അധഃസ്ഥിതരെ മോചിപ്പിക്കാന്‍ അത് ശ്രമിച്ചു. കേരളചരിത്രത്തിലെ ആദ്യത്തെ വിദ്യാഭ്യാസ വിപ്ലവം “പാഠമില്ലെങ്കില്‍ പാടത്തേക്കില്ല’ എന്ന മുദ്രാവാക്യത്തില്‍ ഉള്ളടങ്ങി. അയിത്തത്തില്‍ നിന്ന് രക്ഷപെടാന്‍ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്തവര്‍ സ്വാഭാവികമായും നേരിട്ട ദ്വിമുഖ ആക്രമണങ്ങളില്‍ നിന്ന് മോചിപ്പിക്കുന്നതായിരുന്നു പൊയ്കയില്‍ അപ്പച്ചന്റെ പാത. അയ്യാ വൈകുണ്ഠനും ചട്ടമ്പി സ്വാമികളും എല്ലാം പല നിലയില്‍ ജാതി പരിഷ്‌കരണത്തെ കേന്ദ്രമാക്കി. ഇതിലെല്ലാം അതാത് സമുദായങ്ങളുടെ, പലപ്പോഴും പെതുസമൂഹത്തിന്റെ ഉണര്‍ച്ചക്കുള്ള ഘടകങ്ങള്‍ ഉണ്ടായിരുന്നു. പക്ഷേ, ആ മുന്നേറ്റങ്ങളെല്ലാം വിഭാഗീയമായിരുന്നു. വിഭാഗീയമെന്നത് ഇന്ന് ഉപയോഗിക്കുന്ന തരത്തില്‍ നിഗ്രഹാത്മകമായല്ല മനസ്സിലാക്കേണ്ടത്. കംപാര്‍ട്ട്‌മെന്റ് എന്ന വാക്കിന്റെ ഏകദേശ വിവര്‍ത്തനമായി കണക്കാക്കണം. ഇത് മാത്രമായി നവോത്ഥാനത്തെ ചുരുക്കുകയല്ല. ഒരു ധാര ഇതായിരുന്നു, അഥവാ പ്രധാന ധാര ഇതായിരുന്നു. ജാതി പരിഷ്‌കരണത്തിന്റെ ഭാഗമായി പ്രബലമായ ഒന്നാണ് യുക്തിവിചാരം. ജാതി മതാത്മകമായ അഥവാ മതത്തില്‍ വേരുകളുള്ള ഒന്നാണല്ലോ. മതം ആകട്ടെ വിശ്വാസവുമായി കെട്ടുപിണഞ്ഞതും. വിശ്വാസം എന്നത്‌ ദൈവവിശ്വാസമാണ്. അങ്ങനെ വരുമ്പോള്‍ ജാതി വിരുദ്ധത അഥവാ ജാതി പരിഷ്‌കരണമെന്നത് വിശ്വാസ വിരുദ്ധത എന്നും വായിക്കപ്പെട്ടു. വിശ്വാസം ദൈവസങ്കല്‍പം എന്നിവക്കെതിരായ കലാപവും നവോത്ഥാനത്തിന്റെ ഭാഗമായിരുന്നു. നവകേരളത്തിന്റെ അടിപ്പടവുകളില്‍ ജാതി പരിഷ്‌കരണത്തിനായി ഉയര്‍ത്തിയ വിശ്വാസ വിരുദ്ധതയും ഉള്‍ച്ചേര്‍ന്നിരിക്കുന്നു. ഇമ്മട്ടില്‍ മുന്നേറിയ നവോത്ഥാനമാണ് നവകേരളമെന്ന് നാം പേര്‍ത്തും വിശേഷിപ്പിക്കുന്ന ഈ ദേശത്തിന്റെ പില്‍ക്കാല രൂപത്തെ നിര്‍ണയിച്ചത്.
മറ്റൊന്ന് കേരളപ്പിറവിക്ക് ശേഷമുണ്ടായ ആദ്യ സര്‍ക്കാരാണ്. ബാലറ്റിലൂടെ കമ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തില്‍ വന്നു. എല്ലാ അര്‍ഥത്തിലും മുന്‍പ് വിശദീകരിച്ച നവോത്ഥാനത്തിന്റെ, അതായത് ജാതി പരിഷ്‌കരണ, ജാതി വിരുദ്ധ, വിശ്വാസത്തോടിടഞ്ഞ നവോത്ഥാനത്തിന്റെ തുടര്‍ച്ച ആയിരുന്നു ആദ്യസര്‍ക്കാര്‍.
അതേ നവോത്ഥാനത്തിന്റെ ഭാഗമായ നമ്പൂതിരി ജാതി പരിഷ്‌കരണത്തിന്റെ ഭാഗമായിരുന്ന, പില്‍ക്കാലത്ത് കമ്യൂണിസത്തെ സ്വീകരിച്ച ഇ എം എസ് ആദ്യ മുഖ്യമന്ത്രി. നവകേരള നിര്‍മിതിയുടെ ആദ്യചുവടുകളില്‍ എമ്പാടും വേരോടിപ്പടര്‍ന്നത് ആദ്യ സര്‍ക്കാരിന്റെ നയങ്ങളാണ്. സാമൂഹികതയുടെയും സാംസ്‌കാരികതയുടെയും അതിന്റെ അടിത്തറകളില്‍ ഒന്നായ സാമ്പത്തികതയുടെയും ആദ്യ നയരേഖയും ആ സര്‍ക്കാരിന്റേതാണ്. ഇവയുടെയെല്ലാം ആധാരമായ വിദ്യാഭ്യാസ സമീപനവും അതേ സര്‍ക്കാരിന്റെ കാര്‍മികത്വത്തില്‍ ആയിരുന്നു. നവോത്ഥാനമെന്ന് നാം വിശദീകരിക്കുന്ന സാമൂഹികമാറ്റം അതിന്റെ ആന്തരിക ദൗര്‍ബല്യങ്ങളെ ഒന്നൊന്നായി പുറത്തു കാട്ടിയതും അതേ സര്‍ക്കാരിന്റെ കാലത്ത് തന്നെ. നവോത്ഥാനം പടികടത്തി എന്ന് അവകാശപ്പെട്ട ജാതി വന്‍തോതില്‍ അധികാരമാര്‍ജിച്ച് അതിന്റെ ദംഷ്ട്രകള്‍ പുറത്തുകാട്ടി. വിശ്വാസത്തെ അപരിഷ്‌കൃതമായും മതത്തെ സാമൂഹിക സംവിധാനത്തിലെ വിധ്വംസകതയായും പരിഗണിച്ച ആ സര്‍ക്കാര്‍ വിദ്യാഭ്യാസത്തിന്റെ മതാത്മക ഭൂതകാലത്തെ അവഗണിച്ചു. നവോത്ഥാനം ഒരു ബാഹ്യലീലയായിരുന്നു എന്ന് സ്ഥാപിക്കും വിധത്തില്‍ ഉപരിപ്ലവമായി കാര്യങ്ങള്‍. വിദ്യാഭ്യാസത്തിന്റെ മതാത്മകതയെയും മതസംഘാടനങ്ങള്‍ നമ്മുടെ വിദ്യാഭ്യാസത്തിലുണ്ടാക്കിയ അളവുപരമായ കുതിപ്പുകളെയും അക്ഷരാര്‍ഥത്തില്‍ അവഗണിക്കുന്ന സമീപനവുമായി സര്‍ക്കാര്‍ മുന്നോട്ട് നീങ്ങി. കമ്യൂണിസമല്ല, ജനാധിപത്യമാണ് പുലരുന്നതെന്നും ജനാധിപത്യത്തിലെ വോട്ട് എല്ലാവരെയും ഉള്‍ക്കൊള്ളാനുള്ള സന്ദേശമാണെന്നും ആദ്യ സര്‍ക്കാര്‍ മറന്നു. ഫലം നമ്മുടെ ചരിത്രത്തിലെ ഏറ്റവും നിഷേധാത്മകമായ വിമോചനസമരമായിരുന്നു. നവോത്ഥാനം പടികടത്തി എന്ന് നാം കരുതിപ്പോന്ന, അല്ലെങ്കില്‍ പ്രചരിപ്പിക്കപ്പെട്ട സര്‍വ ശക്തികളും സര്‍ക്കാരിന് എതിരില്‍ വന്നു. ആ എതിര്‍പ്പിനെ അവഹേളിക്കുന്നതില്‍ അര്‍ഥമില്ല. സമൂഹമെന്നത് പല ബലതന്ത്രങ്ങളുടെ സമുച്ഛയമാണ്. പ്രഖ്യാപനങ്ങള്‍കൊണ്ട് മാറുന്നതല്ല അത്. നവോത്ഥാനം പ്രഖ്യാപനങ്ങളുടെ പ്രക്രിയ ആയിരുന്നു. ആദ്യ സര്‍ക്കാരിനെ പുറത്താക്കിയ ശക്തികള്‍ അതേപോലെ അതിനെക്കാള്‍ കരുത്തില്‍ കേരളീയ സമൂഹത്തില്‍ തുടര്‍ന്നു, തുടരുന്നു. അതിനര്‍ഥം അതിവിടെ ഉണ്ടായിരുന്നു എന്നാണ്.

ഇങ്ങനെ കേരളത്തെ രൂപപ്പെടുത്തി എന്ന് നാം കരുതുന്ന ആദ്യ മൂന്ന് ഘടകങ്ങളും, അതായത് സംസ്ഥാന രൂപീകരണം, അതിന് മുന്നേ സംഭവിച്ച നവോത്ഥാനം, ആദ്യ സര്‍ക്കാര്‍ എന്നിവ കേരളം എന്ന ദേശത്തെ അതിന്റെ സമ്പൂര്‍ണാര്‍ഥത്തില്‍ മനസ്സിലാക്കുന്നതില്‍ പരാജയപ്പെട്ടു എന്ന് നിരീക്ഷിക്കാം. അതൊരു അടിവേര് പൊട്ടലാണ്. ഇങ്ങനെ അടിവേര് പൊട്ടിയ ഒരു ജനത ജീവിച്ച പില്‍ക്കാല ജീവിതത്തിന്റെ ഫലമാണ് നാം ഇന്ന് കാണുന്ന പൊങ്ങ് സമൂഹങ്ങളുടെ വ്യാപനം. നാം നമ്മുടെ ദേശത്തിന്റെ പേരില്‍ കൊട്ടിഘോഷിക്കുകയും നിരന്തരമായി മേനി നടിക്കുകയും ചെയ്യുന്ന പലതിന്റെയും ആന്തരികത അമ്പേ ദുര്‍ബലമാണ്. അതിന്റെ കാരണമാണ് ഇതുവരെ വിശദീകരിച്ചത്. ഒരുദാഹരണം നമ്മുടെ വിദ്യാഭ്യാസമാണ്.
ആദ്യം പരിഗണിച്ച മൂന്ന് ചരിത്ര സന്ദര്‍ഭങ്ങളുടെയും തുടര്‍ച്ചയായാണ്- അതായത് നവോത്ഥാനം, കേരളപ്പിറവി, ആദ്യ കമ്യൂണിസ്റ്റ് സര്‍ക്കാര്‍- കേരളത്തിന്റെ വിദ്യാഭ്യാസ മേഖല വാര്‍ക്കപ്പെടുന്നത്. മറ്റെല്ലാ സമൂഹങ്ങളിലും എന്നതുപോലെ നിലനിൽക്കുന്ന സാമൂഹിക സാഹചര്യങ്ങളുടെ നാനാതരം പ്രകാശനങ്ങള്‍ കേരളത്തിന്റെയും വിദ്യാഭ്യാസരംഗത്തുണ്ട്. ഭൂമിശാസ്ത്രപരമായ പരിമിതിക്കുള്ളില്‍ നിന്നുകൊണ്ട് കേരളം ആര്‍ജിച്ച നാനാതരം അഭിവൃദ്ധികള്‍ വിദ്യാഭ്യാസരംഗത്തും പ്രകാശം ചൊരിയുന്നുണ്ട്. അതുപോലെ മേല്‍ പരിഗണിച്ച മൂന്ന് നിയാമക ഘടകങ്ങളുടെ തിരിച്ചടിയോ വിജയമോ ആയി ഒരേപോലെ പരിഗണിക്കാവുന്ന മലയാളിയുടെ പ്രവാസവും നമ്മുടെ വിദ്യാഭ്യാസത്തെ വലിയതോതില്‍ സ്വാധീനിച്ചിട്ടുണ്ട്. പ്രവാസം തിരിച്ചടിയോ എന്ന് ചോദിക്കാം. വേരറ്റ വളര്‍ച്ചയില്‍ നിന്നാണ് പ്രവാസം പൊടിക്കുക. അത് മറ്റൊരു വിഷയമാണ്.
സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ സാര്‍വത്രികത, കൊഴിഞ്ഞുപോക്കിന്റെ അഭാവം തുടങ്ങിയവയില്‍ ദേശീയ ശരാശരിക്ക് മുകളിലും ലോകോത്തരവുമാണ് കേരള വിദ്യാഭ്യാസ മാതൃക. കേരളത്തിന്റെ പശ്ചാത്തലത്തില്‍ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള ഏത് സംഭാഷണവും- സര്‍ക്കാറാകട്ടെ, വിദ്യാഭ്യാസ പ്രവര്‍ത്തകരാകട്ടെ, ആരംഭിക്കുന്നത് ഈ മേനിയോടെയായിരിക്കും. ആ മേനിയില്‍ പക്ഷേ, വസ്തുതയുമുണ്ട്.

വിദ്യാഭ്യാസത്തില്‍ ബഹുദൂരം മുന്നിലാണ് നാം എന്ന പ്രസ്താവന കേള്‍ക്കാത്തവര്‍ ഉണ്ടാവില്ല. പക്ഷേ, ആ ബഹുദൂരം കണ്ടെത്തിയ ഓട്ടത്തിലെ സഹഓട്ടക്കാര്‍ ആരെന്ന് പറയാറില്ല. ഇന്ത്യന്‍ സാഹചര്യത്തില്‍ പിന്നിലുള്ള സംസ്ഥാനങ്ങളിലെ ജനസംഖ്യ, സാമൂഹിക, സ്ഥലപര അസമത്വം തുടങ്ങിയ കാരണങ്ങളും പരാമര്‍ശിക്കാറില്ല. അറംപറ്റിയ പരസ്യം എന്ന ആദ്യവരി ഓര്‍മിക്കാം.

കേരളത്തിലെ സ്‌കൂള്‍ വിദ്യാഭ്യാസം അളവുപരമായി മികച്ചതായിരിക്കുമ്പോഴും ഗുണപരമായി അത് ലക്ഷ്യ വേധിയാണോ എന്ന ചോദ്യം മേനിപറച്ചില്‍ ബഹളത്തിനിടയില്‍ മറക്കാറാണ് പതിവ്. പക്ഷേ, അതാണ് ചോദ്യം. നവോത്ഥാനം അടിച്ചേല്‍പിച്ച സാംസ്‌കാരിക ഏകത്വം സ്‌കൂള്‍മുറികളില്‍ നടപ്പാക്കപ്പെട്ടു. ആദ്യ സര്‍ക്കാരിന്റെ നിഴല്‍ ആദ്യത്തില്‍ പതിഞ്ഞിരുന്ന അതേ ക്ലാസ് മുറികള്‍ പില്‍ക്കാലത്ത് കീഴടക്കിയത് 1962-ല്‍ രൂപംകൊണ്ട കേരള ശാസ്ത്രസാഹിത്യ പരിഷത്താണ്. മൂന്നിലധികം തവണ കേരളത്തിന്റെ വിദ്യാഭ്യാസ പദ്ധതിയെ നിര്‍വചിക്കാനും നിര്‍ണയിക്കാനും പരിഷത്ത് ഇടപെട്ടു. അതോടെ പരിപൂര്‍ണമായി ബഹുസ്വരത പാഠങ്ങളില്‍ നിന്ന്, പഠിപ്പിക്കലില്‍ നിന്ന് പുറത്തായി. ഒന്നാം ഇ എം എസ് സര്‍ക്കാര്‍ കേരളത്തില്‍ വിപ്ലവം കൊണ്ടുവന്നു എന്ന് ആത്മാര്‍ഥമായി വിശ്വസിക്കുന്ന ഒരു വിഭാഗത്തിന്റെ കനത്ത പിന്തുണയും പരിഷത്തിന് ലഭിച്ചു. ഇങ്ങനെ പലപാട് നടന്ന സിലബസ് അധിനിവേശം കേരളത്തിന്റെ സാംസ്‌കാരിക- ഭാഷാ- സാമുദായിക വൈജാത്യങ്ങളെ സ്‌കൂള്‍ ക്ലാസ്മുറിക്ക് പുറത്താക്കി. ഏകീകൃതമായ ഒന്നാക്കി. അതിന്റെ ഫലമായി സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ അടിത്തട്ട് ലക്ഷ്യമായ മാനവീകരണം നടന്നില്ല. അഥവാ അതിന്റെ ഗുണം വളരെ കുറച്ചുപേര്‍ക്ക് മാത്രമായി പരിമിതപ്പെട്ടു. ആദിവാസികള്‍, ഗ്രാമീണ മുസ്‌ലിംകള്‍, ദളിതര്‍ മുതലായവര്‍ ഈ ക്ലാസ്മുറികളില്‍ അപരിചിതരായി മാറി. കേരളത്തില്‍ സ്‌കൂളിംഗ് എന്നത് ഒരു സാമൂഹിക പ്രക്രിയകൂടി ആയതിനാല്‍ അവര്‍ ക്ലാസ് മുറി വിട്ടുപോയില്ല എന്ന് മാത്രം. അതോടെ ശരാശരിയില്‍ മുകളിലെത്താനുള്ള കണക്കിലെ കളികള്‍ക്ക് വേണ്ടി ഒരു വിഭാഗം ഉണ്ടായിവന്നു.

മറ്റൊന്ന് വിഖ്യാതമെന്ന് നാം ആവര്‍ത്തിക്കുന്ന കേരളമോഡല്‍ സൃഷ്ടിച്ച തൊഴില്‍ മൂല്യനഷ്ടമാണ്. അധ്യാപനം എന്നത് തൊഴിലായി ആദ്യവും മറ്റേതൊരു തൊഴില്‍ പോലെ ഒന്നായി പിന്നീടും മാറി. അധ്യാപക പരിശീലനകേന്ദ്രങ്ങള്‍ പോളി ടെക്‌നിക്കുകള്‍ പോലെയും ഐ ടി ഐകള്‍ പോലെയുമുള്ള തൊഴില്‍ പഠനകേന്ദ്രങ്ങളായി മാറി. അതോടെ അധ്യാപനത്തില്‍ നിന്ന് സര്‍ഗാത്മകത വലിയതോതില്‍ കൈമോശം വന്നു. ചോദ്യപേപ്പറുകള്‍ പോലും കുംഭകോണത്തിനുള്ള ഉപകരണമാക്കുന്ന സ്‌കൂള്‍ അധ്യാപകരും അവരുടെ സംഘടനകളും പ്രബലമായി. ഇതെല്ലാം ആത്യന്തികമായി സൃഷ്ടിച്ചത് മൂല്യബോധത്തില്‍ നിന്ന് പുറത്താക്കപ്പെട്ട സ്‌കൂള്‍ വിദ്യാര്‍ഥികളെയാണ്. മൂല്യബോധത്തില്‍ നിന്നുള്ള പുറത്താകല്‍ എന്ന ഈ പ്രയോഗവും നിഗ്രഹോല്‍സുകമല്ല. മറിച്ച് അവശ്യം രൂപപ്പെടേണ്ട ഒന്ന് ഉണ്ടായി വന്നില്ല എന്ന് മാത്രമേ ഉള്ളൂ. അതിനും പ്രതികള്‍ അധ്യാപകരോ കുട്ടികളോ അല്ല. മറിച്ച് കേരളത്തെ രൂപപ്പെടുത്തിയ ഘടകങ്ങളുടെ ആന്തരിക ബലക്കുറവാണ് അഥവാ ആത്മാവില്ലായ്മയാണ്. ദേശത്തുറച്ചു നിന്ന് സ്വയം പര്യാപ്തമാകാന്‍ അഥവാ ദേശത്തിന്റെ സാധ്യത ഉപയോഗിക്കാന്‍ വിദ്യാര്‍ഥിയെ പ്രേരിപ്പിക്കുന്ന ഒന്നും പഠിപ്പിക്കപ്പെട്ടില്ല. മേനിപറച്ചിലുകള്‍ക്ക് കുറവുമുണ്ടായില്ല.

സമഗ്രബോധനം എന്ന പേരില്‍ ഇടക്കാലത്ത് നടപ്പായ ഡി പി ഇ പി നടപ്പാക്കലിലെ ക്രൂരമായ പാളിച്ചകള്‍ കൊണ്ടാണ് വിദ്യാഭ്യാസ പരിഷ്‌കാരത്തിന്റെ ചരിത്രത്തില്‍ ഇടം നേടിയത്. അതോടെ സ്വതവേ ദുര്‍ബലമായിരുന്ന ഭാഷാപഠനവും ലളിതഗണിതവും കൂടുതല്‍ തളര്‍ന്നു. ദേശത്തുറച്ചുനില്‍ക്കാനുള്ള ക്ഷമതയില്‍ നിന്ന് വിദ്യാര്‍ഥി പുറന്തള്ളപ്പെട്ടു. വാരിക്കോരി കൊടുക്കുന്ന മാര്‍ക്കുകള്‍ പാറിനടന്നു. കനപ്പെട്ട മാർക് ഷീറ്റുമായി കുട്ടികള്‍ക്ക് ദിശയും തെറ്റി. ദിശതെറ്റിയ ഈ കുട്ടികളാണ് ഉന്നത വിദ്യാഭ്യാസത്തിന് എത്തിയത്.

കേരളീയ വിദ്യാഭ്യാസം അതിന്റെ സര്‍വ ബലഹീനതകളും പ്രദര്‍ശിപ്പിക്കുന്ന ഒരിടം ഉന്നത വിദ്യാഭ്യാസമാണ്. സര്‍വകലാശാല എന്ന് തികച്ചും വിളിക്കാന്‍ ഒറ്റ സ്ഥാപനമില്ല. കാലടിയും തിരൂരുമൊക്കെ തുടക്കത്തില്‍ ഉദ്ധരിച്ച പരസ്യം വാചകം പോലെ വെറും പൊള്ള സങ്കല്‍പങ്ങളാണ്. മുന്തിയ പാരലല്‍ കോളജുകള്‍ മാത്രമാണവ. കേരളയും ഗാന്ധിയും കാലിക്കറ്റുമാകട്ടെ കോളജുകളുടെ യൂണിയന്‍ മാത്രമാണ്. ഇന്ത്യയിലെ മറ്റിടങ്ങളിലെ എണ്ണം പറഞ്ഞ വാഴ്‌സിറ്റികളെ ഓര്‍ക്കുക. അവിടത്തെ മലയാളി വിദ്യാര്‍ഥികളെ ഓര്‍ക്കുക. ഭാഷയിലും മാനവിക ശാസ്ത്രങ്ങളിലും കേരളത്തില്‍ നടക്കുന്ന ഗവേഷണങ്ങള്‍ മാത്രം പരിശോധിച്ചാല്‍ എത്ര പരിഹാസ്യമാം വിധം ഇഴയുകയാണ് നമ്മുടെ വിദ്യാഭ്യാസമെന്ന് ബോധ്യമാകും. അത് ചിന്ത ജെറോം എന്ന യുവനേതാവിന്റെ നോട്ടപ്പിശകിന്റെ വിഷയമല്ല, മറിച്ച് ഭാഷാ-മാനവിക ഗവേഷണങ്ങള്‍ എത്തിപ്പെട്ട പടുകുഴിയുടെ ദൃശ്യമാണ്. സി പി എം നേതാവ് പി രാജീവ് സ്വന്തം മകളെ രാജഗിരി പബ്ലിക് സ്‌കൂളില്‍ ചേര്‍ത്ത് പഠിപ്പിക്കുന്നതിന്റെ പ്രശ്‌നമല്ല, അദ്ദേഹത്തെ അങ്ങനെ ചിന്തിപ്പിച്ച യാഥാര്‍ഥ്യത്തിന്റെ പ്രശ്‌നമാണ്. അതിനാല്‍ ആത്മവിമര്‍ശനത്തിന്റെ ഈ കണ്ണാടിമുറിയില്‍ നാം നഗ്നരാണെന്ന് തുറന്നുസമ്മതിക്കലാണ് അഭികാമ്യം.

ചൂണ്ടുവിരൽ/ കെ കെ ജോഷി

You must be logged in to post a comment Login