അതിദാരിദ്ര്യത്തിൽ മുക്കിക്കൊല്ലുന്ന കേരള ബജറ്റ്

അതിദാരിദ്ര്യത്തിൽ മുക്കിക്കൊല്ലുന്ന കേരള ബജറ്റ്

കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ബജറ്റവതരണം കഴിഞ്ഞതോടെ വരാനിരിക്കുന്ന കാലത്തിന്റെ കാഠിന്യത്തെപ്പറ്റിയുള്ള ചര്‍ച്ചകളാല്‍ അന്തരീക്ഷം നിറഞ്ഞിരിക്കുകയാണ്. നിര്‍മ്മലാ സീതാരാമന്‍ അവതരിപ്പിച്ച യൂണിയന്‍ ബജറ്റിനെക്കാളേറെ കെ എന്‍ ബാലഗോപാല്‍ അവതരിപ്പിച്ച രണ്ടാം പിണറായി സര്‍ക്കാരിന്റെ ബജറ്റ് പ്രഖ്യാപനങ്ങളാണ് വ്യാപകമായ ചര്‍ച്ചയ്ക്ക് വഴിയിട്ടിരിക്കുന്നത്. പൊതുവെ ബജറ്റവതരണങ്ങള്‍ക്ക് പിന്നാലെ ധനകാര്യ സംബന്ധമായ സ്ഥാപനങ്ങളിലും സാമ്പത്തിക വിദഗ്ധര്‍ക്കിടയിലുമൊക്കെയാണ് ചര്‍ച്ചകളും കണക്കുകൂട്ടലും കിഴിക്കലുമൊക്കെ പൊടിപൊടിക്കുന്നതെങ്കില്‍, ഇത്തവണ ബജറ്റ് എന്ന വാക്ക് ഏറ്റവും മുഴങ്ങിക്കേട്ടത് വീടകങ്ങളിലും സൗഹൃദ സദസ്സുകളിലുമൊക്കെയാവാം. സാധനങ്ങള്‍ക്കും സേവനങ്ങള്‍ക്കും വില കൂടാന്‍ പോവുന്നു എന്ന ചിന്ത തന്നെയാണ് പല ചര്‍ച്ചകളുടെയും കാതല്‍.

പെട്രോളിനും ഡീസലിനും രണ്ട് രൂപ സെസ് ഏര്‍പ്പെടുത്തിക്കൊണ്ട് സാമൂഹിക ക്ഷേമ പെന്‍ഷന്‍ വിതരണം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമ്പോള്‍, നടുവൊടിയാന്‍ പോവുന്നത് സാധാരണക്കാര്‍ക്കായിരിക്കും എന്ന് ഉറപ്പാണ്. ഇന്ധന വില കൂടുന്നത് നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ധനവിനും ഇടയാക്കും. വാണിജ്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന വൈദ്യുതി വില കൂടുന്നത് ചെറുകിട കച്ചവടക്കാരെ കാര്യമായി ബാധിച്ചേക്കാം. കെട്ടിട നികുതി കൂട്ടിയത് വീട് നിർമിച്ചവര്‍ക്ക് തിരിച്ചടിയാവുമ്പോള്‍ ഭൂമിയുടെ ന്യായവില ഉയരുന്നതോടെ പുതുതായി സ്ഥലം വാങ്ങി വീട് വയ്ക്കാനൊരുങ്ങുന്നവരുടെ സാമ്പത്തിക ഭാരം കൂട്ടും. കോടതിച്ചെലവുകള്‍ കൈയിലൊതുങ്ങാനാവാത്ത തരത്തിലേക്ക് മാറുന്നതും ഈ ബജറ്റ് ഉണ്ടാക്കുന്ന വലിയ പ്രത്യാഘാതമായിരിക്കും.

വിഭവ സമാഹരണത്തിനായി സമ്പത്ത് ഉള്ളവരുടെ കൈയില്‍ നിന്ന് കൂടുതല്‍ നികുതി ഈടാക്കിയും നികുതി ഇതര വരുമാനം ഉറപ്പാക്കിയുമുള്ള നടപടികള്‍ക്കും പദ്ധതികള്‍ക്കുമാണ് സംസ്ഥാന സര്‍ക്കാര്‍ ഊന്നല്‍ നല്‍കേണ്ടിയിരുന്നത് എന്നാണ് ബജറ്റിനോട് പ്രതികരിച്ച് സംസാരിച്ച പല വിദഗ്ധരും അഭിപ്രായപ്പെട്ടത്. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ശമ്പള പരിഷ്‌ക്കരണം നടത്തിയതോടെ വന്ന അധിക സാമ്പത്തിക ബാധ്യതയാണ് നിലവില്‍ കേരളം അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രതിസന്ധികളുടെ മുഖ്യ കാരണം എന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കേവലം 5 ശതമാനം മാത്രം വരുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ശമ്പളം വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ കാട്ടിയ ശുഷ്‌ക്കാന്തിക്ക് ഇന്ന് വലിയ വില നല്‍കേണ്ടിവരുന്നത് കേരളത്തിലെ കൂലിപ്പണിക്കാരും തീരെ സാധാരണക്കാരുമായ മനുഷ്യരാണെന്നതാണ് വാസ്തവം.

ഇന്ധന വില ഇങ്ങനെ പോയാലോ?
2021 നവംബറിലും 2022 മെയ് മാസത്തിലും പെട്രോള്‍, ഡീസല്‍ എന്നിവയുടെ എക്‌സൈസ് തീരുവ കുറയ്ക്കാനുള്ള നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചിരുന്നു. ഇന്ധനവിലയില്‍ അടിക്കടി വരുത്തിയ വർധന കാരണം ഉണ്ടായ പണപ്പെരുപ്പവും വിലക്കയറ്റവും പിടിച്ചുനിറുത്തുകയായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യം. ഒന്നാം മോഡ് സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷം പലപ്പോഴായി ഭീമമായി വര്‍ധിപ്പിച്ച ഇന്ധന നികുതി, പിന്നീട് ഭാഗികമായി കുറച്ചതാണ് കഴിഞ്ഞ രണ്ട് തവണയായി കണ്ടത്. ഇതിന് ആനുപാതികമായി സംസ്ഥാനങ്ങളും ഇന്ധന നികുതിയില്‍ ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഈ രണ്ട് തവണയും കേരളം നികുതി ഇളവിന് തയാറായിരുന്നില്ല. അതിന് പുറമേയാണ് ഇത്തവണത്തെ ബജറ്റില്‍ രണ്ട് രൂപ കൂടി വര്‍ധിപ്പിച്ചത്. ഇതിനോടകം വിലക്കയറ്റം താങ്ങാനാവാതെ വിഷമിക്കുന്ന സാധാരണക്കാരുടെ ജീവിതച്ചെലവ് ഇനിയും വര്‍ധിക്കുമെന്ന് ഇതോടെ വ്യക്തമായി.

പെട്രോള്‍, ഡീസല്‍ എന്നിവയുടെ വില ഉയരുന്നത് ആദ്യം പ്രതിഫലിക്കാന്‍ പോവുന്നത് ഗതാഗത ചെലവിലാണ്. പൊതു ഗതാഗതത്തിനും സ്വകാര്യ യാത്രയ്ക്കും ഇനിയങ്ങോട്ട് ചെലവേറും. കേരളം പോലൊരു ഉപഭോക്തൃ സംസ്ഥാനത്തില്‍ ഭക്ഷ്യ സാധനങ്ങള്‍ ഉള്‍പ്പെടെ പലതും അയല്‍ നാടുകളില്‍ നിന്ന് എത്തിച്ചാണ് നമ്മള്‍ ഉപയോഗിക്കുന്നത്. ഇവയുടെ കടത്തുകൂലി ഉയരും. തന്മൂലം പച്ചക്കറിയും പലചരക്കും പോലുള്ള ഭക്ഷ്യ വസ്തുക്കള്‍ക്കും വ്യാവസായിക ഉല്പന്നങ്ങള്‍ക്കുമെല്ലാം വില കൂടും.
ഇന്ധന വില വര്‍ധിച്ചതിന്റെ ചുവട് പിടിച്ച് സ്വകാര്യ ബസുടമകളും കെഎസ്ആര്‍ടിസിയും ഒരുപോലെ യാത്രാ നിരക്ക് വര്‍ധിപ്പിക്കാന്‍ ആവശ്യപ്പെട്ടേക്കും. സ്വകാര്യ ബസുകള്‍ക്ക് മൂന്ന് മാസത്തിലൊരിക്കല്‍ ഏര്‍പ്പെടുത്തിയിരുന്ന നികുതിയില്‍ പത്ത് ശതമാനം ഇളവ് ഈ ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അത് കാര്യമായ യാതൊരു മാറ്റവും ഉണ്ടാക്കില്ലെന്നാണ് വിലയിരുത്തല്‍. ഒരു മാസത്തില്‍ കഷ്ടിച്ച് 1000 രൂപയുടെ നികുതിയിളവ് നല്‍കിക്കൊണ്ട് മാസത്തില്‍ ഏകദേശം 5000 രൂപ ഇന്ധനച്ചെലവ് ഇനത്തില്‍ അധികമായി ചെലവാക്കേണ്ട സാഹചര്യമാണ് പുതിയ പെട്രോള്‍ വിലയുടെ ഫലമായി ബസുടമകളെ കാത്തിരിക്കുന്നത്. തല്‍ഫലമായി ബസ് നിരക്ക് കൂടും.

ഓട്ടോ, ടാക്‌സി ഓടിച്ച് വരുമാനം കണ്ടെത്തുന്ന നിരവധി പേര്‍ക്കും ഇന്ധന വില വര്‍ധനവ് കനത്ത അടിയാണ്. ദിവസത്തില്‍ പത്ത് മണിക്കൂറിലേറെ വണ്ടി ഓടിച്ചാല്‍പ്പോലും, ഇന്ധനച്ചെലവും മറ്റ് ചെലവുകളും കഴിഞ്ഞ് 500-600 രൂപയാണ് പരമാവധി വരുമാനം കിട്ടുന്നതെന്ന് ഓട്ടോ തൊഴിലാളികള്‍ പറയുന്നു. ഒരു ദിവസത്തേക്ക് വേണ്ട പാല്‍, പച്ചക്കറി, മീന്‍ എന്നിവ മേടിച്ച് വീട്ടിലെത്തുമ്പോഴേക്കും പോക്കറ്റിലെ 200 രൂപയെങ്കിലും കഴിയും. പിന്നെ ബാക്കിയുള്ള ഇരുന്നൂറോ മുന്നൂറോ രൂപയാണ് അന്നത്തെ മിച്ചം. മാസത്തില്‍ 25 ദിവസം ജോലി ചെയ്യുന്ന ഒരാള്‍ക്ക് കഷ്ടിച്ച് 8000 രൂപയാണ് ഒരു മാസം കൈയിലെത്തുന്നത്. ഈ വരുമാനത്തിനുള്ളില്‍ നിന്നു കൊണ്ട് കുട്ടികളുടെ സ്‌കൂള്‍/ കോളജ് ഫീസ്, വൈദ്യുതി ബില്ല്, ലോണ്‍ അടവ്, വണ്ടിയുടെ ഇഎംഐ അടവ്, ആശുപത്രി ചെലവ് തുടങ്ങി നൂറുകൂട്ടം കാര്യങ്ങള്‍ക്കാണ് ഒരു മാസത്തില്‍ പണം കണ്ടെത്തേണ്ടത്. എത്രയൊക്കെ കണക്ക് കൂട്ടി ജീവിച്ചാല്‍പ്പോലും പലതിനും കാശ് തികയാതെ കടം മേടിക്കേണ്ട സ്ഥിതിയാണുള്ളതെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.

കേവലം ഓട്ടോ തൊഴിലാളികളുടെ മാത്രം കാര്യമല്ല ഇത്. ദിവസ വരുമാനം കൊണ്ട് ജീവിക്കുന്ന എല്ലാവരുടെയും അവസ്ഥ ഇതൊക്കെത്തന്നെയാണ്. അടുത്തിടെ പാലിന്റെ വില ലിറ്ററിന് ഒറ്റയടിക്ക് ആറ് രൂപ വര്‍ധിച്ചതോടെ രാവിലെയും വൈകിട്ടും ഒരു ഗ്ലാസ് ചായ എന്ന പതിവ് ശീലം ഉപേക്ഷിച്ച നിരവധി കുടുംബങ്ങള്‍ കേരളത്തിലുണ്ട്. തക്കാളിയ്ക്കും സവാളയ്ക്കും മറ്റ് പച്ചക്കറികള്‍ക്കും വില കൂടിയത് കോവിഡ് മഹാമാരിക്ക് പിന്നാലെ ആരോഗ്യം വീണ്ടെടുക്കാന്‍ ശ്രമിക്കുന്ന മനുഷ്യരുടെ ഭക്ഷണച്ചെലവ് കൂട്ടാന്‍ ഇടയാക്കിയിട്ടുണ്ട്. ചിക്കനും ബീഫുമൊക്കെ സാധാരണക്കാര്‍ക്ക് വല്ലപ്പോഴും, വിശേഷ ദിവസങ്ങള്‍ക്ക് മാത്രം കൂട്ടാവുന്ന ഭക്ഷണമായി മാറിയിട്ട് കുറച്ച് കാലമായി. ഇന്ധനച്ചെലവും വിലക്കയറ്റവുമെല്ലാം ദരിദ്രരെ അതിദരിദ്രരാക്കുന്ന സ്ഥിതിവിശേഷത്തിലേക്കാണ് നയിച്ചുകൊണ്ടിരിക്കുന്നത്.

തൊഴിലിന് ഉറപ്പില്ലാത്ത കാലം
മഹാത്മ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയ്ക്കുള്ള വിഹിതം കാര്യമായി വെട്ടിക്കുറച്ച യൂണിയന്‍ സര്‍ക്കാരിന്റെ ബജറ്റ് വലിയ തിരിച്ചടിയായത് ഗ്രാമീണ മേഖലയിലെ സ്ത്രീകള്‍ക്കാണ്. കൊവിഡ് പ്രതിസന്ധി മൂലം തൊഴിലില്ലാതായവരുടെ എണ്ണം കൂടുകയും സാമ്പത്തിക ബുദ്ധിമുട്ടുകള്‍ താഴെത്തട്ടില്‍ ജീവിക്കുന്ന ഒട്ടുമിക്ക കുടുംബങ്ങളെയും ബാധിക്കുകയും ചെയ്തപ്പോള്‍ തൊഴിലുറപ്പ് പദ്ധതി പലര്‍ക്കും വലിയ ആശ്വാസമായിരുന്നു. ഒരു സാമ്പത്തിക വര്‍ഷത്തില്‍ 100 ദിവസം തൊഴില്‍ ലഭിക്കുന്നതിലൂടെ പലര്‍ക്കും പിടിച്ചുനില്ക്കാനുള്ള കച്ചിത്തുരുമ്പായിരുന്നു തൊഴിലുറപ്പ് പദ്ധതി. ഇക്കൊല്ലത്തെ കേന്ദ്ര ബജറ്റില്‍ വെറും 60,000 കോടി രൂപയാണ് തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് വേതനം നല്കാനായി സര്‍ക്കാര്‍ നീക്കിവച്ചിരിക്കുന്നത്. കഴിഞ്ഞ ബജറ്റില്‍ ആദ്യം 73,000 കോടിയും പിന്നീട് അതേ വര്‍ഷം തന്നെ 16,400 കോടി രൂപ കൂടി വകയിരുത്തിക്കൊണ്ട് ആകെ 89,400 കോടി നീക്കിയിരുപ്പ് നടത്തിയ സ്ഥാനത്താണ് ഇത്തവണ വെറും 60,000 കോടിയായി വെട്ടിക്കുറച്ചത്.
ദരിദ്ര ജനവിഭാഗങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്താനും താഴ്ത്തട്ടിലേക്ക് പണം എത്തിക്കാനും ലക്ഷ്യമിട്ട് 2005ല്‍ അന്നത്തെ യുപിഎ സര്‍ക്കാര്‍ ആരംഭിച്ച തൊഴിലുറപ്പ് പദ്ധതിയിലൂടെ ജീവിതത്തിലാദ്യമായി പണം സ്വതന്ത്രമായി കൈകാര്യം ചെയ്യാന്‍ ആരംഭിച്ച വലിയൊരു വിഭാഗം സ്ത്രീകള്‍ നമുക്ക് ചുറ്റുമുണ്ട്. പരിമിതമായ തോതിലെങ്കിലും സ്ത്രീകള്‍ക്ക് സാമ്പത്തിക സ്വാതന്ത്ര്യം ഉണ്ടാക്കിയ പദ്ധതി എന്ന നിലയിലും രാജ്യത്തെ ഗ്രാമീണ മേഖലയിലെ ദാരിദ്ര്യനിര്‍മാര്‍ജനത്തിന് വലിയ പങ്ക് വഹിച്ച പദ്ധതി എന്ന നിലയിലും MGNREGA അഥവാ തൊഴിലുറപ്പ് പദ്ധതി ഉണ്ടാക്കിയ സാമൂഹിക, സാമ്പത്തിക സ്വാധീനം വളരെ വലുതാണ്. ഫണ്ട് വെട്ടിക്കുറച്ചതോടെ പദ്ധതി ദിനങ്ങള്‍ കുറയുമെന്ന് ആശങ്കപ്പെടുന്ന നിരവധി സ്ത്രീകളെ നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ കാണാനാവും. കുടുംബശ്രീ യോഗങ്ങളിലും സ്വയം സഹായ സംഘങ്ങളുടെ കൂടിയിരിപ്പിലുമെല്ലാം തൊഴിലുറപ്പ് പണി ഇല്ലാതാവുകയാണോ എന്ന ആശങ്ക പെരുകിക്കഴിഞ്ഞു.

വീടിനും ഭൂമിക്കും ചെലവേറുന്ന കാലം വരുന്നു
ഒന്നിലധികം വീടുള്ളവര്‍ക്കും ഒഴിഞ്ഞുകിടക്കുന്ന വീടുകള്‍ക്കും നികുതി ഏര്‍പ്പെടുത്താനുള്ള തീരുമാനം ഏറ്റവുമധികം ബാധിക്കുന്നത് ഇടത്തരക്കാരിലെ മേല്‍ത്തട്ടിനും സാമ്പത്തിക ശേഷി കൂടുതലുള്ളവരെയുമാണെങ്കിലും ഭൂമിയുടെ ന്യായവില കൂട്ടിയത് വീട് വയ്ക്കാനായി പണം സ്വരൂപിച്ചുകൊണ്ടിരിക്കുന്ന സാധാരണക്കാരെ കൂടിയാണ്. കെട്ടിട നികുതിയില്‍ 5 ശതമാനം വര്‍ധനവ് സര്‍ക്കാര്‍ കൊണ്ടുവരാന്‍ ഇടയുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അനുമാനം. കെട്ടിട നികുതി ഈടാക്കല്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയില്‍ വരുന്ന വിഷയമാണ്. ഇതിന് പുറമേ അപേക്ഷ, പരിശോധന, ഗാര്‍ഹിക-ഗാര്‍ഹികേതര കെട്ടിടങ്ങളുടെ നിർമാണത്തിനുള്ള പെര്‍മിറ്റ് എന്നിവയ്ക്ക് തദ്ദേശ സ്ഥാനപനങ്ങള്‍ ഈടാക്കുന്ന ഫീസ് വര്‍ധിപ്പിക്കാനും ബജറ്റില്‍ നിര്‍ദേശമുണ്ട്. ഇതിലൂടെ 1000 കോടി രൂപയെങ്കിലും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് വരുമാനമായി സമാഹരിക്കാനാവുമെന്ന പ്രതീക്ഷയും ധനമന്ത്രി പങ്കുവയ്ക്കുന്നു.

50 ചതുരശ്ര മീറ്ററിന് മുകളിലുള്ള എല്ലാ വീടുകളും വസ്തു നികുതിയുടെ പരിധിയിലേക്ക് കൊണ്ടുവരുന്ന പരിഷ്‌കാരം കഴിഞ്ഞ വര്‍ഷം തന്നെ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയിരുന്നു. ഇതോടെ വലിയ വീടുകള്‍ക്ക് അടിസ്ഥാന നികുതിയുടെ 15 ശതമാനം കൂടി അധികം നല്‍കേണ്ട അവസ്ഥ ഉണ്ടായിരുന്നു. ആറ് മാസത്തിലൊരിക്കലാണ് കെട്ടിട നികുതി അടയ്‌ക്കേണ്ടത്. സത്യത്തില്‍ കെട്ടിട നികുതി വര്‍ധിപ്പിക്കുന്നതിന് പകരം കുടിശ്ശിക ഇനത്തില്‍ പിരിച്ചെടുക്കാനുള്ള കെട്ടിട നികുതി വേഗത്തില്‍ പിരിച്ചെടുക്കാനുള്ള നടപടി തദ്ദേശ സ്ഥാപനങ്ങളെക്കൊണ്ട് ചെയ്യിക്കാനുള്ള നടപടിയാണ് സര്‍ക്കാര്‍ ചെയ്യേണ്ടിയിരുന്നതെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നുണ്ട്. ഏറ്റവും പുതിയ കണക്കുകളനുസരിച്ച് 14 ജില്ലകളില്‍ നിന്നായി പിരിഞ്ഞുകിട്ടേണ്ടത് 1862 കോടി രൂപയാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. പല വന്‍കിട സ്വകാര്യ സ്ഥാപനങ്ങളും കെട്ടിട നികുതി കൃത്യമായി അടയ്ക്കാന്‍ മടിക്കുന്നുവെന്നും അവ ഈടാക്കാനുള്ള ഉത്തരവാദിത്വമുള്ളവര്‍ അതിന് വേണ്ട നടപടികള്‍ സ്വീകരിക്കുന്നില്ലെന്നുമാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്. കൂട്ടത്തില്‍ കാര്യക്ഷമമായി കെട്ടിട നികുതി പിരിച്ച പത്തനംതിട്ട ജില്ലയില്‍പ്പോലും 47.4 ശതമാനം മാത്രമാണ് പിരിച്ചെടുക്കാനായത്. അതായത് ആകെ പിരിഞ്ഞു കിട്ടേണ്ട തുകയുടെ പകുതിയിലധികവും പിരിച്ചിട്ടില്ല. 1.08 ശതമാനം കെട്ടിട നികുതി മാത്രം പിരിച്ചെടുത്ത തൃശ്ശൂര്‍ കോര്‍പറേഷന്‍ ഇക്കൂട്ടത്തില്‍ ഏറ്റവും പിന്നിലുണ്ട്. ഈ തുക പോലും പിരിക്കാന്‍ ശ്രമിക്കാത്ത തദ്ദേശ സ്ഥാപനങ്ങള്‍ ഇപ്പോള്‍ വര്‍ധിപ്പിച്ച നികുതി തുക പിരിക്കുന്ന കാര്യത്തിലും കാലവിളംബരം വരുത്തുമെന്ന് ഏതാണ്ട് ഉറപ്പാണ്. കിട്ടാന്‍ ബാക്കിയുള്ള പണം പിരിക്കാന്‍ ശുഷ്‌ക്കാന്തി കാണിക്കാതെ നികുതി ഭാരം വര്‍ധിപ്പിക്കുക മാത്രം ചെയ്യുന്നത് വഴി എന്ത് തരം സാമ്പത്തിക മാതൃകയാണ് കേരളം മുന്നോട്ടു വയ്ക്കുന്നതെന്ന് ന്യായമായും സംശയിച്ചുപോവുന്നു.

സ്റ്റാമ്പ് ഡ്യൂട്ടി നിരക്ക്, രജിസ്‌ട്രേഷന്‍ ഫീസ് എന്നിവ നിര്‍ണയിക്കാന്‍ ഉപയോഗിക്കുന്ന മാനദണ്ഡമായാണ് ഭൂമിയുടെ ന്യായവിലയെ കണക്കാക്കുന്നത്. വസ്തു ഇടപാടുകളിലെ ന്യായവിലയുടെ അടിസ്ഥാനത്തിലാണ് വ്യക്തിയുടെ വരുമാനവും കണക്കാക്കുന്നത് എന്നതുകൊണ്ട് തന്നെ ന്യായവില കൂടുന്നത് നികുതി വര്‍ധിപ്പിക്കും. ഭൂമിയുടെ ന്യായവില നിര്‍ണയിക്കുന്നതില്‍ ഇപ്പോള്‍ത്തന്നെ പല തരത്തിലുള്ള അപാകതകളും നിലനില്‍ക്കുന്നതായി ആക്ഷേപമുണ്ട്. ഒരേ വഴിയുടെ ഇരു വശത്തുമുള്ള ഭൂമിക്ക് വ്യത്യസ്ത വില, വില്ലേജുകള്‍ അതിര്‍ത്തി പങ്കിടുന്ന സ്ഥലങ്ങളില്‍ വഴിയും മറ്റു സൗകര്യങ്ങളും പരിഗണിക്കാതെ രണ്ടുവില തുടങ്ങി അവ്യക്തമായ മാനദണ്ഡങ്ങള്‍ ഇക്കാര്യത്തില്‍ നിലനില്ക്കുന്നുണ്ട്.

ഭൂമി വാങ്ങുന്നതും വീട് പണിയുന്നതും ഏതൊരു മലയാളിയുടെയും ജീവീത സ്വപ്നമാണല്ലോ. നിങ്ങള്‍ മല്ലൂസ് സമ്പാദിക്കുന്ന പണം മുഴുവന്‍ കൊട്ടാരം പോലുള്ള വീട് പണിയാനായി ഉപയോഗിക്കുന്നെന്നും അതേ വീട് അടച്ചിട്ട് വിദേശ രാജ്യത്ത് പോയി താമസിക്കുന്നതിന്റെ യുക്തി തനിക്ക് എത്ര ആലോചിച്ചിട്ടും മനസ്സിലാവുന്നില്ലെന്ന് അടുത്തിടെ കേരളം സന്ദര്‍ശിച്ച, ഹൈദരാബാദുകാരിയായ എന്റെയൊരു സുഹൃത്ത് പറഞ്ഞത് ഇപ്പോള്‍ ഓർമ വരുന്നു. ഞങ്ങളൊക്കെ വാണിജ്യ ആവശ്യങ്ങള്‍ക്കായി കടമുറി പണിയാനും കൃഷിക്കുമൊക്കെയാണ് ഭൂമി കൂടുതല്‍ ഉപയോഗിക്കുന്നതെന്നും ഏറ്റവും കുറഞ്ഞ ചെലവില്‍ വീട് പണി തീര്‍ക്കാനുമാണ് ശ്രമിക്കാറുള്ളതെന്നും കൂടി അവര്‍ കൂട്ടിച്ചേര്‍ത്തിരുന്നു. ഏതൊരു ശരാശരി മലയാളിയുടെയും വീടെന്നും സ്വന്തം പേരില്‍ ഒരു പിടി മണ്ണ് എന്നുമുള്ള സ്വപ്നങ്ങളെ വല്ലാതെ ഉലയ്ക്കുന്നതാണ് പുതിയ ബജറ്റ് പ്രഖ്യാപനങ്ങള്‍.

സാധാരണക്കാര്‍ക്ക് ഒന്നുമില്ലാത്തൊരു ബജറ്റ്
സാമൂഹിക ക്ഷേമ പെന്‍ഷന്‍ അടുത്ത അഞ്ച് വര്‍ഷം കൊണ്ട് പടിപടിയായി ഉയര്‍ത്തി 2500 രൂപയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചത് ഒന്നര വര്‍ഷം മുന്‍പാണ്. അതിലേക്കായി ഒരു രൂപ പോലും വര്‍ധിപ്പിക്കാതെയാണ് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ഇത്തവണത്തെ ബജറ്റ് പ്രസംഗം അവസാനിപ്പിച്ചത്. സാധാരണക്കാരിലേക്ക് പണം എത്താനുള്ള ഏറ്റവും എളുപ്പവഴിയായ പെന്‍ഷന്‍ വിതരണത്തിന് പോലും പണം കണ്ടെത്താന്‍ പാടുപെടുന്ന സര്‍ക്കാര്‍ ഇന്ധന സെസിലൂടെ അതിനുള്ള വക കണ്ടെത്താന്‍ ശ്രമിക്കുന്നത് സംസ്ഥാനം ഇന്നെത്തി നില്‍ക്കുന്ന സാമ്പത്തിക പ്രതിസന്ധിയുടെ ഗൗരവാവസ്ഥ വെളിപ്പെടുത്തുന്നുണ്ട്.
മദ്യത്തിന്റെ ഉപഭോഗം കേരളത്തില്‍ പൊതുവേ കൂടുതലാണെങ്കിലും താഴേത്തട്ടില്‍ ജീവിക്കുന്ന മദ്യപാനികൾ അവരുടെ വരുമാനത്തിന്റെ നല്ലൊരു വിഹിതം ബിവറേജിന് നല്കുന്ന സ്ഥിതി വൈകാതെ സംജാതമായേക്കും. ഇത് ദാരിദ്ര്യത്തിന്റെ വ്യാപ്തി കൂട്ടാനേ ഉപകരിക്കുകയുള്ളൂ. ചുരുക്കത്തില്‍ സമൂഹത്തിന്റെ നാനാ വിഭാഗത്തില്‍പ്പെട്ട മനുഷ്യര്‍ക്കും പ്രതീക്ഷയ്ക്ക് വകയൊന്നും ബാക്കിവയ്ക്കാത്തൊരു ബജറ്റാണ് അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. കൊവിഡ് മഹാമാരി ഏല്പിച്ച ആഘാതത്തില്‍ നിന്ന് രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറവും കര കയറാനാവാതെ പ്രയാസപ്പെടുന്ന സാധാരണ മനുഷ്യരെ ഈ ബജറ്റ് കൂടുതല്‍ ദുരിതത്തിലാക്കും. ഇനിയൊരു പൊതു തെരഞ്ഞെടുപ്പ് അടുത്ത വര്‍ഷം മാത്രമേ ഉണ്ടാവുകയുള്ളൂ എന്ന ധൈര്യമാവാം തീരെ ജനകീയമല്ലാത്തൊരു ബജറ്റ് അവതരിപ്പിക്കാനുള്ള ധൈര്യം സംസ്ഥാന സര്‍ക്കാരിന് നല്‍കിയത്. പക്ഷേ എന്തു തന്നെയായാലും ചരിത്രത്തിലാദ്യമായി തുടര്‍ഭരണം നല്കിയൊരു ജനതയ്ക്ക്, പ്രളയവും കോവിഡും കടന്ന് കഷ്ടിച്ച് കര കയറിക്കൊണ്ടിരിക്കുന്ന ഒരു ജനതയ്ക്ക് ഈ ബജറ്റിലെ പ്രഖ്യാപനങ്ങള്‍ ഉണ്ടാക്കാനിടയുള്ള സാമ്പത്തിക ബുദ്ധിമുട്ടുകളുടെ ആഴം വരും മാസങ്ങളില്‍ വ്യക്തമാവും. ജനങ്ങളുടെ നികുതി ഭാരം വര്‍ധിപ്പിച്ചുകൊണ്ട് സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ശ്രമിക്കുന്ന ഇടതുപക്ഷ സര്‍ക്കാരിന്റെ കാര്യക്ഷതയില്ലായ്മയും കെടുകാര്യസ്ഥതയുമാണ് 2023-24 സാമ്പത്തിക വര്‍ഷത്തിലെ ധനകാര്യ ബജറ്റ് പ്രതിഫലിപ്പിക്കുന്നത്.

കവർസ്റ്റോറി/ സിന്ധു മരിയ നെപ്പോളിയൻ

You must be logged in to post a comment Login