ചെറായി ബീച്ചിലെ ഭൂമി വഖഫ് ബോർഡ് തിരിച്ചുപിടിക്കുന്നു

ചെറായി ബീച്ചിലെ ഭൂമി വഖഫ് ബോർഡ് തിരിച്ചുപിടിക്കുന്നു

കൊച്ചി ചെറായി ബീച്ചിലെ 404.76 ഏക്കർ ഭൂമിയുമായി ബന്ധപ്പെട്ട നിയമനടപടികൾ കൂടുതൽ സങ്കീർണമാകുകയാണ്. ബീച്ചിനോട് ചേർന്നുള്ള ഭൂമി വഖഫ് ഭൂമിയാണെന്നതിന്റെ രേഖകൾ സഹിതം രിസാല മുമ്പ് റിപോർട്ട് ചെയ്തിരുന്നു. ഈ ഭൂമിയുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ നിന്നുണ്ടായത് സുപ്രധാനമായ വിധിയാണ്. ഭൂമി പോക്ക് വരവ് ചെയ്ത് നൽകുന്നതും റവന്യൂ രേഖകൾ അനുവദിക്കുന്നതും തടഞ്ഞുകൊണ്ടുള്ള ഇടക്കാല ഉത്തരവ് ഹൈകോടതി ഡിവിഷൻ ബെഞ്ച് സ്ഥിരപ്പെടുത്തിയിരിക്കുകയാണ്. 404.76 ഏക്കർ വഖഫ് വസ്തുക്കൾ വഖഫ് നിയമങ്ങൾ ലംഘിച്ച് അന്യാധീനപ്പെടുത്തുകയും നിയമവിരുദ്ധമായി കൈക്കലാക്കുകയും ചെയ്തുവെന്നാരോപിച്ച് കേരള വഖഫ് സംരക്ഷണവേദി സംസ്ഥാന പ്രസിഡന്റ് ടി എം അബ്ദുൾ സലാം പട്ടാളം, സെക്രട്ടറി നാസർ മനയിൽ എന്നിവർ നൽകിയ അപ്പീൽ ഹരജിയിലാണ് ചീഫ് ജസ്റ്റിസ് എസ് മണികുമാർ, ജസ്റ്റിസ് ഷാജി പി ചാലി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. നേരത്തെ അവധിക്കാല ഡിവിഷൻ ബെഞ്ച് പുറപ്പെടുവിച്ച ഇടക്കാല ഉത്തരവ് ഹൈക്കോടതി സ്ഥിരപ്പെടുത്തുകയാണുണ്ടായത്.

404.76 ഏക്കർ വഖഫ് വസ്തുക്കൾ വഖഫ് നിയമങ്ങൾ ലംഘിച്ച് അന്യാധീനപ്പെടുത്തുകയും നിയമവിരുദ്ധമായി കൈക്കലാക്കുകയും ചെയ്തവരിൽ നിന്ന് ഭൂനികുതി സ്വീകരിക്കുന്നതിന് കൊച്ചി നികുതി തഹസീൽദാർ 2022 ഓക്ടോബർ ഏഴിന് പുറപ്പെടുവിച്ച ഉത്തരവ് ചോദ്യംചെയ്തായിരുന്നു ഹരജി. റവന്യൂ രേഖകൾ നൽകാനും നികുതി സ്വീകരിക്കാനും തടസമില്ലെന്ന് നേരത്തെ കോടതി വിധിയുണ്ടായി. ഇതിനെതിരെയാണ് ഹരജിക്കാർ ഡിവിഷൻബെഞ്ചിനെ സമീപിച്ചത്. മുസ്‌ലിം സമുദായത്തിന്റെ വിദ്യാഭ്യാസ, സാംസ്കാരിക വികസനത്തിന് വേണ്ടി 1950ൽ ഇടപ്പള്ളി രജിസ്ട്രാർ ഓഫീസിൽ വഖഫ് ആധാര പ്രകാരം രജിസ്റ്റർ ചെയ്ത സ്വത്ത് അതിന്റെ ഉദ്ദേശ ലക്ഷ്യങ്ങൾക്ക് വിരുദ്ധമായി നിയമവിരുദ്ധമായി കൈമാറ്റം ചെയ്തെന്നായിരുന്നു ഹരജിയിലെ ആരോപണം. വഖഫ് ഭൂമി ആണെന്ന് മനസ്സിലാക്കി തന്നെയാണ് ഇവ നിയമവിരുദ്ധമായി വിൽപന നടത്തിയിട്ടുള്ളത്. ചെറായിയിലെ ഭൂമി തിരിച്ചുപിടിക്കാൻ നടപടികൾ സ്വീകരിച്ചതായി മുമ്പ് സർക്കാർ തന്നെ കോടതിയെ അറിയിച്ചിട്ടുള്ളതാണ്. 2014ൽ സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് ചോദ്യംചെയ്ത് കേരള വഖഫ് സംരക്ഷണവേദി നൽകിയ ഹരജിയിൽ ചെറായിയിലെ വഖഫ് ഭൂമി തിരിച്ചുപിടിക്കാൻ കോടതി ഉത്തരവിട്ടിട്ടുണ്ട്. വഖഫ് ഭൂമി ഒരിക്കലും കൈമാറ്റം ചെയ്യാനാവില്ലെന്ന് നിയമത്തിൽ കൃത്യമായ നിർവചനമുണ്ടായിരിക്കെയാണ് ഭൂമി കൈമാറ്റം നടന്നതെന്നുമുള്ള വാദം ഡിവിഷൻ ബെഞ്ച് അംഗീകരിച്ചാണ് പോക്കുവരവ് അടക്കം തടഞ്ഞത്. ഇതോടെ ഈ ഭാഗത്തുള്ള ഭൂമി നിയമക്കുരുക്കിലായി.
1950 നവംബര്‍ ഒന്നിനു ഫാറൂഖ് കോളജ് മാനേജിംഗ് കമ്മറ്റിക്ക് വേണ്ടി അന്നത്തെ പ്രസിഡന്റ് പാലക്കാട് ഒലവക്കോട് ഖാന്‍ ബഹദൂര്‍ പി കെ ഉണ്ണിക്കമ്മു സാഹിബിന് കൊച്ചി കണയന്നൂര്‍ താലൂക്കില്‍ കച്ചിമേമന്‍ മുസല്‍മാന്‍ ഹാജിയും സേട്ടുവിന്റെ മകന്‍ മുഹമ്മദ് സിദ്ദീഖ് സേട്ടും ഇടപ്പള്ളി സബ് രജിസ്റ്റാർ ഓഫിസില്‍ വെച്ചാണ് ചെറായി ബീച്ചിലെ 404 ഏക്കര്‍ 76 സെന്റ് ഭൂമി വഖഫായി രജിസ്റ്റര്‍ ചെയ്തുനല്‍കുന്നത്. ബീച്ച് ജംഗ്ഷനില്‍ നിന്നും 500 മീറ്റര്‍ വടക്കോട്ട് മാറിയാല്‍ കാണുന്ന ഭൂമി മുഴുവനും വഖഫ് ഭൂമിയാണെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്. 1950ല്‍ ക്രയവിക്രയാധികാരത്തോടുകൂടി കോളജ് കമ്മിറ്റിക്ക് കിട്ടിയത് ആധാരത്തിലെ നിബന്ധനകള്‍ക്കനുസരിച്ച് ദാനാധാരമാണ്. 404 ഏക്കറില്‍ 350 ഏക്കര്‍ സ്ഥലം കടലിലും കായലിലും പെട്ടുകിടക്കുകയായിരുന്നു. ബാക്കി സ്ഥലം കുടികിടപ്പുകാരുടെ കൈയിലുമായിരുന്നു. ഇതുസംബന്ധിച്ച് 1962ല്‍ പറവൂര്‍ കോടതിയില്‍ കേസ് ഫയല്‍ചെയ്യുകയും 1963 മുതല്‍ ഈ ഭൂമി റസീവറുടെ കൈവശമാകുകയും ചെയ്തു. ഈ സ്ഥലം ഒഴിപ്പിച്ചെടുക്കാനാവാത്ത സ്ഥിതിയിലായതിനാല്‍ ഫാറൂഖ് കോളജ് പിന്നീടു കൈയൊഴിഞ്ഞുവെന്നാണ് കോളജിന്റെ തന്നെ നിലപാടായി നേരത്തെ പുറത്ത് വന്നിരുന്നത്. എന്നാൽ ചെറായി ബീച്ചിലെ ഈ ഭൂമി വഖഫ് ഭൂമിയല്ലെന്നാണ് ഇപ്പോൾ ഫാറൂഖ് കോളജ് മാനേജ്മെന്റ് നിലപാടെടുത്തിരിക്കുന്നതെന്നാണ് അറിയാൻ സാധിക്കുന്നത്. അത്തരത്തിൽ ഫാറൂഖ് കോളജ് നിലപാട് സ്വീകരിച്ചാൽ ഇതൊരു വലിയ തർക്കത്തിലേക്ക് പോകുമെന്നുറപ്പാണ്. എന്നാൽ 215 -1950-ാം ആധാരത്തിലെ പരാമർശം ഇങ്ങനെയാണ്:
പരമകാരുണ്യകനും കരുണാവാരിധിയുമായ ഏക ഇലാഹിന്റെ തിരുനാമത്തില്‍
ആയിരത്തിതൊള്ളായിരത്തി അമ്പതാമാണ്ട് നവംമ്പര്‍ മാസം ഒന്നാം തിയതി ഇന്ത്യാ ഗവണ്‍മെന്റ് വക സൊസൈറ്റി രജിസ്‌ട്രേഷന്‍ ആക്ട് 21 പ്രകാരം രജിസ്റ്റര്‍ ചെയ്യിച്ചു മദ്രാസ് സ്റ്റേറ്റില്‍ മലബാര്‍ ജില്ല എറനാട് താലൂക്കില്‍ ഫാറുഖ് അംഗം തല്ലൂര്‍ ദേശത്ത് അപ്പീസ് സ്ഥാപിച്ച് പ്രവര്‍ത്തനം നടത്തിവരുന്ന ഫാറൂഖ് കോളജ് മാനേജിംഗ് കമ്മറ്റിക്ക് വേണ്ടി ടി കമ്മറ്റിയുടെ ഇപ്പോഴത്തെ പ്രസിഡന്റ് പാലക്കാട് ഒലവക്കോട് അംശം ദേശത്ത് കല്ലടിയില്‍ മുസല്‍മാന്‍ മൊയ്തൂട്ടി സാഹിബ് അവറുകള്‍ക്ക് പുത്രന്‍ തടിക്കച്ചവടം അറുപത്താറ് വയസായ ഖാന്‍ ബഹുദൂര്‍ പി കെ ഉണ്ണിക്കമ്മു സാഹിബ് അവര്‍കള്‍ പേര്‍ക്ക് കൊച്ചി കണയന്നൂര്‍ താലൂക്ക് മട്ടാഞ്ചേരി വില്ലേജ് ബാബ്ലാശേരി ബംഗ്ലാവിരിക്കും കച്ചിമേമ്മന്‍ മുസല്‍മാന്‍ ഹാജി ഹാസും സേട്ടും മകന്‍ കച്ചവടം നാല്‍പ്പത്തിനാലു വയസായ മുഹമ്മദ് സിദ്ദീഖ് സേട്ട് എഴുതിക്കൊടുത്ത വഖഫ് ആധാരം…………………………………………..ഫാറൂഖ് കോളജിന് വഖഫ് ചെയ്തുകൊണ്ട് നടത്തിയ ആധാരത്തിന്റെ ഈ രേഖ എന്താണെന്നത് ഇനിയിപ്പോൾ വഖഫ് ബോർഡ് തന്നെ കണ്ടുപിടിക്കേണ്ടിവരും.

കുഴിപ്പള്ളി സബ് രജിസ്ട്രാര്‍ ഓഫീസിന്റെ പുറകുവശത്തുള്ള സ്ഥലവും പള്ളിപ്രം വില്ലേജ് അതിര്‍ത്തിയിലെ പ്രദേശങ്ങളും വഖഫ് ഭൂമിയായിരുന്നെന്നും അവ പലവട്ടം മറിച്ചുവില്‍പനയ്ക്ക് വിധേയമായിട്ടുണ്ടെന്നുമാണ് രേഖകള്‍ വ്യക്തമാക്കുന്നത്. 1957ലെ ഇ എം എസ് സര്‍ക്കാരിന്റെ ഭൂപരിഷ്‌കരണ നിയമം നിലവില്‍വന്നതോടെ തന്നെ ചെറായി ബീച്ചിലെ കുഴിപ്പള്ളി സബ് രജിസ്ട്രിയുടെ കീഴില്‍ സര്‍വേ നമ്പര്‍ 18ല്‍ കിടക്കുന്ന പഴയ ഇടപ്പള്ളി സബ് രജിസ്ട്രിയില്‍ രജിസ്റ്റര്‍ ചെയ്ത ആ സ്ഥലത്തിന്റെ നൂറുകണക്കിന് പ്ലോട്ടുകള്‍ കുടികിടപ്പുകാര്‍ക്ക് അവകാശം പതിച്ച് നല്‍കിയിട്ടുണ്ട്. അടുത്തയിടെയായി ചില ഭൂമിയുടെ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട് സംശയം തോന്നുകയും തുടര്‍ന്ന് വഖഫ് ഭൂമിയാണെന്ന രീതിയില്‍ അത് മനസ്സിലാക്കുകയും ചെയ്തു. വഖഫ് സ്വത്ത് വില്‍ക്കാന്‍ കേരള വഖഫ് ചട്ടങ്ങളിലെ 94, 95 പ്രകാരം ബോര്‍ഡിന്റെ മുന്‍കൂര്‍ അനുമതി വാങ്ങണം. പത്ര പരസ്യവും ഗസറ്റ് വിജ്ഞാപനവും അടക്കമുള്ള നടപടിക്രമങ്ങള്‍ വേണമെന്നാണ് വ്യവസ്ഥ. ആദ്യം ബന്ധപ്പെട്ട മഹല്ലില്‍ അപേക്ഷ സമര്‍പ്പിക്കണം. മഹല്ലില്‍ ഇത് ചര്‍ച്ചചെയ്ത് എതിര്‍പ്പില്ലെങ്കില്‍ ആ അപേക്ഷ സംസ്ഥാന വഖഫ് ബോര്‍ഡിലേക്ക് അയയ്ക്കും. സംസ്ഥാന വഖഫ് ബോര്‍ഡ് ഈ വസ്തു പൊതുലേലത്തില്‍ വെയ്ക്കും. മുസ്‌ലിം സമുദായത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരുടെ വിദ്യാഭ്യാസം, ആരോഗ്യം, സാമ്പത്തിക പരാധീനത, യതീം സംരക്ഷണം, ദർസ് നടത്തല്‍ എന്നീ കാര്യങ്ങള്‍ക്കു വേണ്ടി ഉപയോഗിക്കാനാണ് സ്വത്ത് വഖഫ് ചെയ്യുന്നത്. വഖഫ് സ്വത്തുകളില്‍ ഓഡിറ്റ് നടത്തി കണക്കുകള്‍ കൃത്യമായി സൂക്ഷിക്കേണ്ടതും അതില്‍ എന്തെങ്കിലും വിധത്തില്‍ അഴിമതി കണ്ടാല്‍ നടപടിക്ക് ശുപാര്‍ശ ചെയ്യാനും വഖഫ് ബോര്‍ഡിന് അധികാരമുണ്ട്. ഈ അധികാരമാണിപ്പോൾ ബോർഡ് ചെറായി ബീച്ചിന്റെ കാര്യത്തിൽ പ്രയോഗിക്കുന്നത്.
ചെറായി ബീച്ചിലെ 20 പേർക്ക് നിലവിൽ വഖഫ് ബോർഡ് നോട്ടീസ് നൽകിക്കഴിഞ്ഞു. അതിൽ കൊച്ചിയിലെ ഒരു പ്രശസ്ത ആശുപത്രി ഉടമയും ഉൾപ്പെടുന്നുണ്ട്. ഇവരോട് ഹിയറിംഗിനായി ഹാജരാകാൻ നിർദേശവും നൽകിയിട്ടുണ്ട്. വഖഫ് സ്വത്താണെന്ന് കണ്ടെത്തിയാൽ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ മുഖേന നോട്ടീസയക്കാം. അതോടൊപ്പം ജില്ലാ ഭരണാധികരിയെ ഭൂമി തിരിച്ചുപിടിക്കുന്നതിനായി സമീപിക്കുകയും ചെയ്യാം. ബോർഡിന്റെ തീരുമാനപ്രകാരമാകും വഖഫ് ഭൂമി തിരിച്ചുപിടിക്കുക. ഇത്തരത്തിലുള്ള നടപടികളിലേക്ക് വഖഫ് ബോർഡ് കടന്നിട്ടുണ്ട്. ഏതായാലും സുന്ദരമായ ചെറായി ബീച്ചും പരിസരവും വരുംദിവസങ്ങളിൽ നിയമക്കുരുക്കിലേക്ക് നീങ്ങുമെന്നതിൽ സംശയമില്ല.

ഇടപെടൽ/ ശബ്ന സിയാദ്

You must be logged in to post a comment Login