എന്താണ് കവിത?

എന്താണ് കവിത?

കവിത എന്താണ് എന്ന ചോദ്യം കഠിനമാണ്. ഞാൻ അപ്പൂപ്പൻ താടിയെക്കുറിച്ച് ഒരു കവിത എഴുതിയിട്ടുണ്ട്. അതിൽ ഒരു വരി ഇങ്ങനെയാണ്. അറിവില്ലായ്മയുടെ ഭാരക്കുറവിൽ അത് പറക്കുന്നു. ഇത് ശരിക്കും കവിതയെപ്പറ്റിയുള്ള എന്റെ വീക്ഷണം കൂടിയാണ്. ഒരുപക്ഷേ ആർക്കും കവിത എന്താണ് എന്ന് ഒരു നിർവചനമായി പറഞ്ഞുവെക്കാൻ കഴിയില്ല. അതാണ് കവിതയെ വ്യത്യസ്തമാക്കുന്നതും. അതിങ്ങനെ ജീവിതം പോലെ തന്നെ ഒരു സാഗരമാണ്. ആരുടെയും പിടിയിൽ ഒതുങ്ങാത്ത ഒന്ന്.ആ സമുദ്രത്തെ ഒരു കൈക്കുമ്പിളിൽ എടുത്ത് ഇതാണ് കവിത എന്ന് പറഞ്ഞാൽ അത് പറയുന്ന ആളുടെ പരിമിതിയായി മാറും.

ഒരിക്കൽ   പോളിഷ് കവയത്രി വീസ്‌ലാവാ ഷിമ്പോസ്കയോടും (Wisawa Szymborska)  എന്താണ് ഒരു കവിത എന്ന ചോദ്യം വന്നു.അതിനവർ മറുപടി പറയുന്നത് ഇങ്ങനെയാണ്. എന്താണ് കവിത- ആ ചോദ്യം ഉണ്ടായതിന് ശേഷം ഇന്നോളം പല ഉത്തരങ്ങളും ഉണ്ടായി. ഉറപ്പില്ലാത്ത ഉത്തരങ്ങൾ. എനിക്കും ഉറപ്പില്ല. എങ്കിലും ഞാൻ ആ ഉത്തരത്തിന്മേൽ മുറുകെപ്പിടിക്കുന്നു. ഉറപ്പുള്ള കൈവരിയിൽ എന്നപോലെ .
നമുക്ക് പിടുത്തംകിട്ടാതെയാകുമ്പോഴാണ് ഉറപ്പുള്ള കൈവരിയിൽ പിടിച്ചു പോകുന്നത്. അതുപോലെ ജീവിതത്തിലെ അസ്വസ്ഥതകൾക്ക് നടുവിൽ നിൽക്കുമ്പോഴും നിസ്സഹായതകൾക്ക് മുമ്പിൽ നിൽക്കുമ്പോഴും ഉറപ്പുള്ള കൈവരിയിൽ എന്നപോലെ ഞാനും കവിതയിൽ പിടിക്കുന്നു. എനിക്ക് ശരിക്കും കവിത ഓക്സിജൻ സിലിണ്ടർ പോലെയാണ്. അത് എടുത്തു മാറ്റിയാൽ ഞാനില്ല. ഞാൻ ഭാഷയിൽ ജീവിക്കുന്ന ഒരാളായതുകൊണ്ടാകാം. ഒരുപക്ഷേ ജീവശ്വാസം പോലെ എന്നിൽ നിലനിൽക്കുന്ന ഒരു അനുഭവം കൂടിയാണ് എനിക്ക് കവിത. നമുക്കതിൽ സ്വപ്നങ്ങൾ പറയാം. കിനാവുകളെ വിരിച്ചിടാം. വ്യാമോഹങ്ങൾ എഴുതാം. നഷ്ടങ്ങൾ പാടാം.

ഞാനിങ്ങനെ സങ്കടപ്പെടാറുണ്ട്. നമ്മുടെ നാട്ടിൽ പണ്ട് സുലഭമായി കണ്ടിരുന്ന പല ജീവികളെയും ഇപ്പോൾ കാണാൻ കഴിയില്ല. അതിനെപ്പറ്റി ഞാൻ ഒരു കവിത എഴുതിയിട്ടുണ്ട്.

നാട്ടിൽ നിന്ന് മടങ്ങുമ്പോൾ എന്റെ ഫോട്ടോ എടുക്കാമോ എന്ന്/ ഒരു വയൽതത്ത  പിറകെപ്പിറകെ വന്നു/ എന്റെ പാട്ട് റിങ്ടോൺ ആയി കൊണ്ടുപോകുമോ/ എന്നൊരു കുയിൽ/ വഴിയരികിലെ മരത്തിൽ നിന്ന് വിളിച്ചു ചോദിച്ചുകൊണ്ടിരിന്നു/ഇനിയത്തെ തവണ വരുമ്പോൾ/ കാണാൻ പറ്റിയില്ലെങ്കിലോ/ എന്നൊരു കരച്ചിൽ/ അതിൽ ഉണ്ടായിരുന്നത് മാത്രം ഒരു ഫോണിലും പതിഞ്ഞില്ല .
ഇങ്ങനെ ഫോണിൽ പതിയാത്ത ശബ്ദങ്ങൾ, കരച്ചിലുകൾ, നിലവിളികൾ, എവിടെയും രേഖപ്പെടുത്തപ്പെടാതെ പോകുന്ന ജീവിതങ്ങൾ, ഇവ  അടയാളപ്പെടുത്താനുള്ള ഭാഷയാണ് കവിത. അതുകൊണ്ടാണ്  മനുഷ്യാനുഭവങ്ങളെ ആവിഷ്കരിക്കാൻ മനുഷ്യൻ കണ്ടുപിടിച്ചിട്ടുള്ള ഏറ്റവും പ്രധാനപ്പെട്ട ഒരു ഉപാധിയായി കവിത മാറുന്നത്.  കവിത എനിക്ക് വിശ്വാസവും  ശക്തിയും  എന്റെ ദൗർബല്യങ്ങളിൽ  ബലവും എന്റെ ഉറപ്പുള്ള കൈവരിയുമാണ്.

ഒരു കവിത ജനിക്കുന്നത്!
കവിത എഴുതാൻ ചിട്ടയായ ഒരുക്കം ആവശ്യമാണോ എന്ന് എനിക്ക് തിട്ടമില്ല. അത് പലപ്പോഴും അബോധമായി ഉണ്ടാകുന്ന കാര്യമാണ്. ഏതോ കാലത്തെ അനുഭവമായിരിക്കാം കവിതയിലൂടെ പുറത്തുവരുന്നത്. അത് ജ്ഞാനത്തിൽ നിന്നും ഉണ്ടാകുന്നതല്ല . പലപ്പോഴും കവിത ഉണ്ടാകുന്നത് അനുഭവത്തിൽ നിന്നാണ് എന്ന് ഞാൻ വിചാരിക്കുന്നു. അധ്യാപകന്റെ ക്ലാസ് കേട്ട് പഠിക്കുന്നതുപോലെയുള്ള  ജ്ഞാനത്തിന്റെ ഒരു വിനിമയമല്ല അവിടെ നടക്കുന്നത്. അതിൽ അനുഭവം കുറവാണ്.
ഒരുപക്ഷേ മാസങ്ങളോളം ചെലവിട്ടാലും നല്ല കവിത എഴുതാൻ കഴിയില്ല. ചിലപ്പോൾ അശ്രദ്ധമായിരിക്കുമ്പോൾ ഒരു നല്ല കവിത വരികയും ചെയ്യും. അതിനർഥം കവിതയിലേക്ക് ഒരു ഒരുക്കവും വേണ്ട എന്നല്ല. ഒരുപാട് വായിക്കണം. നന്നായി ചുറ്റുപാടുകളെ നിരീക്ഷിക്കണം.അപ്പോൾ കിട്ടുന്ന ചിത്രങ്ങൾ, അതാണ് ഞാൻ കവിതയാക്കുന്നത്. അത് നമ്മളിൽ അത്ഭുതങ്ങൾ കൊണ്ടുവരും.
ഒരു അനുഭവം പറയാം. ഒരിക്കൽ എന്റെ വീടിന്റെ പറമ്പിൽ നിന്ന് ഒരു മരം മുറിച്ചു മാറ്റാൻ ശ്രമിച്ചു. നോക്കുമ്പോൾ അമ്പത് മീറ്റർ അകലെയുള്ള കിണറ്റിലാണ്  അതിന്റെ വേര് അവസാനിക്കുന്നത്. ആ കാഴ്ചയെപ്പറ്റി  ഞാൻ ഒരു കവിതയെഴുതി. വെള്ളമെടുക്കാൻ പോയ തായ്്വേരുകളുടെ/  കിതപ്പ് അടങ്ങുകയില്ല/ മടക്കമില്ലായ്മയെപ്പറ്റി ഉറവകളോട് പറയാൻ /അവ നിറയാർന്ന ചുണ്ടുകൾ തുറക്കും/വെള്ളമെടുക്കാൻ പോകുന്ന ഒരു വേരും പിന്നീട് മടങ്ങി വരാറില്ല. അമ്മമാരെപ്പറ്റിയുള്ള കവിത കൂടിയാണിത്.

ഇങ്ങനെ നമ്മുടെ ചില നിരീക്ഷണങ്ങളിൽ നിന്നാണ് ചില കവിതകൾ പിറക്കുന്നത്. ചുരുക്കത്തിൽ കവിതയിലേക്ക് വരാൻ ചുറ്റുപാടുകൾ നന്നായി നിരീക്ഷിക്കണം. ഒപ്പം അതിനെ പുതിയ അവബോധമായി മാറ്റാനുള്ള ചിന്തയും വളരെ പ്രധാനമാണ്. കവി തെരുവിലിറങ്ങണം.

ഒരു മനുഷ്യന് പല ജീവിതങ്ങളുണ്ട്. എഴുത്തുകാരനും അങ്ങനെത്തന്നെ. അവർ പല അഭിപ്രായക്കാരാണ്. ചിലർ എഴുതിയാൽ മതി, എഴുത്തു തന്നെ ആയുധമാണ്. ഈ നിലപാട് സ്വീകരിക്കുന്നു. അവർ രചനകളിലൂടെ മാത്രം സമൂഹത്തിൽ ഇടപെടുന്നു. മറ്റു ചിലരാകട്ടെ എഴുത്തുകാരനും ഒരു മനുഷ്യനാണ്. അയാൾ സാമൂഹിക പ്രശ്നങ്ങളിൽ ഇടപെടുന്ന ആളായിരിക്കണം എന്ന ചിന്ത സ്വീകരിക്കുന്നവരാണ് .
മീറോസ്‌ലാവോ ഹോലിബ് (Miroslav Holub) എന്ന ഒരു കവിയുണ്ട്. രണ്ടാം ലോകമഹായുദ്ധത്തിന്റെ ദുരന്തങ്ങൾ പേറിയ ബാല്യമായിരുന്നു അദ്ദേഹത്തിന്. ഡോക്ടർ ആകാൻ ശ്രമിച്ച് മെഡിസിൻ പൂർത്തിയാക്കുമ്പോൾ സൈനിക സേവനം ചെയ്യേണ്ടി വരുന്നു. പിന്നീട് ഇമ്മ്യൂണോളജിയിൽ ബിരുദം നേടി ശാസ്ത്രജ്ഞനായി അദ്ദേഹം. അപ്പോഴും കവിത എഴുതിക്കൊണ്ടിരുന്നു. അങ്ങേയറ്റം പൊളിറ്റിക്കൽ ആയ കവിതകൾ ആയിരുന്നു ഹോലിബിന്റേത്. കവിതയിലെ രാഷ്ട്രീയ പ്രവർത്തനമായി അതിനെ കാണാം .

അദ്ദേഹത്തിന് നെപ്പോളിയൻ എന്ന പ്രസിദ്ധമായ ഒരു കവിതയുണ്ട് അത് ഇങ്ങനെയാണ്.

കുട്ടികളേ നെപ്പോളിയൻ ബോണപ്പാർട്ട് ജനിച്ചതെന്ന്/ ആയിരം കൊല്ലം മുമ്പ്/ ഒരു കുട്ടി പറഞ്ഞു /നൂറ് കൊല്ലം മുമ്പ്/ വേറൊരു കുട്ടി പറഞ്ഞു/ കഴിഞ്ഞവർഷം ഒരാൾ പറഞ്ഞു /ആർക്കും തിട്ടമുണ്ടായിരുന്നില്ല /കുട്ടികളേ നെപ്പോളിയൻ ചെയ്തതെന്ത്/ യുദ്ധം ജയിച്ചു /ഒരു കുട്ടി പറഞ്ഞു/ യുദ്ധം തോറ്റു/ വേറൊരു കുട്ടി പറഞ്ഞു/ ആർക്കും തിട്ടമുണ്ടായിരുന്നില്ല/ അപ്പോൾ മറ്റൊരു കുട്ടി എഴുന്നേറ്റ് നിന്നു പറഞ്ഞു/ ഞങ്ങളുടെ ഇറച്ചിവെട്ടുകാരനായ അയൽക്കാരന് ഒരു പട്ടിയുണ്ടായിരുന്നു/ അവന്റെ പേര് നെപ്പോളിയൻ/ പൊതിരെ തല്ലുമായിരുന്നു അയാളതിനെ/ വിശന്നു വിശന്നാണ് അത് ചത്തത്/ അത് കേട്ട് എല്ലാ കുട്ടികളും നെപ്പോളിയനെ ഓർത്തു കരഞ്ഞു.
എങ്ങനെയാണ് ഒരു രാഷ്ട്രീയ കവിത എഴുതേണ്ടത് എന്ന് ഹോലിബ് തെളിയിച്ചു. കവിതയിലൂടെ തന്നെ രാഷ്ട്രീയ പ്രവർത്തനം സാധ്യമാണ് എന്ന് ഇതുപോലുള്ള കവിതകൾ വിളിച്ചുപറയുന്നു. എന്നാൽ   നെരൂദയെപ്പോലുള്ളവർ  രാഷ്ട്രീയ കവിതകൾ എഴുതുമ്പോൾ തന്റെ വാക്കുകൾക്ക് അൽപ്പം മാർദ്ധവം കൂടിപ്പോകുന്നു. എനിക്ക് മൂർച്ചയുള്ള പാറക്കല്ലുകൾ പോലെയുള്ള വാക്കുകൾ വേണം എന്നൊക്കെ എഴുതുന്നുണ്ട്. അങ്ങനെ സാമൂഹിക പ്രവർത്തനം കവിതയിൽ ഒതുക്കാൻ കഴിയാത്ത ആളുകളും ഉണ്ട്. നോക്കൂ ടാഗോർ ഗാന്ധിയെപ്പോലെ പ്രത്യക്ഷമായി സ്വാതന്ത്ര്യസമരത്തിൽ അത്രകണ്ട് പങ്കെടുത്ത ആളല്ല.  കവിതയിലൂടെ ആയിരുന്നു സ്വാതന്ത്ര്യ സമരത്തിൽ അധികവും അദ്ദേഹം ഇടപെട്ടത്.

എന്നാൽ ഈ രണ്ട് അഭിപ്രായങ്ങളിൽ ഏതാണ് ശരി എന്ന് ചോദിക്കാൻ കഴിയില്ല. അതൊക്കെ ഒരോ എഴുത്തുകാരന്റെയും ബോധ്യമാണ്. എന്റെ വ്യക്തിപരമായ അനുഭവം എഴുതുന്നതോടൊപ്പം തന്നെ സാമൂഹിക പ്രവർത്തനരംഗത്ത് ഇടപെടണം എന്നതാണ്. കാരണം ചില സാമൂഹിക കാര്യങ്ങൾ കവിത കൊണ്ട് മാത്രം നേടൽ  സാധ്യമാവുകയില്ല. എന്റെ വീടിനടുത്ത് ഒരു മലയുണ്ട്- ചെങ്കോടു മല. വീട്ടിൽ നിന്ന് നോക്കിയാൽ കാണാം. വിഴിഞ്ഞത്ത് കടലിലേക്ക് പാറ വേണമെന്ന് പറഞ്ഞ് ആ മല പൊളിക്കാൻ തീരുമാനം വന്നു. മലക്ക് വേണ്ടി ഞങ്ങൾ നാട്ടുകാർ ഒരുമിച്ചുകൂടി.മല പൊളിക്കാനുള്ള ശ്രമത്തിനെതിരിൽ നാട്ടുകാർക്കൊപ്പം ഞാനും മുന്നിൽ ഉണ്ടായിരുന്നു. അവസാനം നമ്മൾ ജയിച്ചു. അത് വേണ്ട എന്ന് തീരുമാനമായി. ഞാൻ ഒരു പക്ഷേ കവിത എഴുതിയിരുന്നാൽ മല അവിടെ ബാക്കി കാണില്ല. ഇങ്ങനെ കവിത കൊണ്ട് മാത്രം കഴിയാത്ത ഒരുപാട് കാര്യങ്ങളുണ്ട്.അത് പോലെ ഞാൻ പ്ലാച്ചിമട സമരത്തിന് പോയിട്ടുണ്ട്. ഒരു ദിവസം അവരോടൊപ്പം മുഴുവൻ സത്യഗ്രഹം ഇരുന്നു. അങ്ങനെയും ചില സമരങ്ങൾ വേണ്ടിവരും. ഇപ്പോഴും കേരളത്തിൽ കെ റെയിൽ വിരുദ്ധ സമരത്തിൽ ഞാൻ ഇറങ്ങുന്നുണ്ട്. എഴുത്തുകാരനായതിനാൽ ഒരു സാമൂഹിക പ്രശ്നത്തിലും ഇടപെടുന്നില്ല എന്നതിനോട് വ്യക്തിപരമായി എനിക്ക് വിയോജിപ്പുണ്ട്.എന്നാൽ എഴുത്തുകാരനോട് നിങ്ങൾ പോയി ഈ സമരങ്ങളിൽ പങ്കെടുക്കണമെന്ന് പറയാനുള്ള മനസ്സും എനിക്കില്ല. അത് എഴുത്തുകാരന്റെ ചോയ്സാണ്.

കേട്ടെഴുത്ത്:
അൽവാരിസ് മുഹമ്മദ് ജൗഹരി കടക്കൽ

You must be logged in to post a comment Login