നോമ്പൊരുക്കത്തിന്റെ ചാരുത

നോമ്പൊരുക്കത്തിന്റെ ചാരുത

വ്രതാചരണത്തിന്റെ മാത്രം മാസമല്ല റമളാന്‍. ലോകത്തെല്ലായിടത്തും മുസ്‌ലിം സാമൂഹിക ജീവിതത്തിന് നിറവും സുഗന്ധവും നല്‍കുന്ന സാംസ്‌കാരിക ഉത്സവം കൂടിയാണത്. തീര്‍ത്തും വ്യക്തിഗതമായ ആരാധനയാണ് നോമ്പ് എങ്കില്‍ കൂടി വീടും കുടുംബവും നാടും നഗരവും ഒന്നടങ്കം റമളാനിനെ ആഘോഷമായി വരവേല്‍ക്കുകയും ഉത്സാഹപൂര്‍വം അതിനു ജീവന്‍ പകരുകയും ചെയ്യുന്നു. ഓരോ മുസ്‌ലിം വ്യക്തിയുടെയും ഓര്‍മകളില്‍ നോമ്പൊരുക്കത്തിന്റെയും നോല്‍ക്കലിന്റെയും തുറയുടെയും വ്രതാന്ത്യപ്പെരുന്നാളിന്റെയും സവിശേഷമായ നീക്കിയിരുപ്പുകള്‍ ഉണ്ടാകും.

ചൈതന്യധന്യമായ സാംസ്‌കാരിക സ്മൃതിയാണ് മിക്കവരെ സംബന്ധിച്ചും നോമ്പ്. ഹിജ്റ കലണ്ടര്‍ അനുസരിച്ച് ഒമ്പതാമത്തെ മാസം. പക്ഷേ, ഏഴാം മാസമായ റജബില്‍ തന്നെ “അല്ലാഹുവെ റജബിലും ശഅ്ബാനിലും ഞങ്ങളെ അനുഗ്രഹിക്കുകയും റമളാനിനെ ഞങ്ങള്‍ക്ക് എത്തിച്ചുതരികയും ചെയ്യേണമേ’ എന്ന് പ്രാര്‍ഥിച്ചു തുടങ്ങുന്നു. ഇങ്ങനെ വളരെ നേരത്തെ തന്നെ മുസ്‌ലിം ജനസഞ്ചയം റമളാനിനുവേണ്ടി തയാറെടുപ്പ് ആരംഭിക്കുകയാണ്. പള്ളികളുടെ അറ്റകുറ്റപ്പണികള്‍ തീര്‍ക്കുന്നു. ചുമരുകളും നിലവും കഴുകി വൃത്തിയാക്കി പുതിയ ചായംപൂശുന്നു. നിസ്‌കാരപ്പടങ്ങള്‍ മാറ്റുന്നു. ഇന്നത്തേതു പോലെ പകിട്ടുകള്‍ ഇല്ലാതിരുന്ന മുന്‍കാലങ്ങളില്‍ മുസ്‌ലിം ഭവനങ്ങളില്‍ ഇത്തരം ഒരുക്കങ്ങള്‍ തകൃതിയായിരുന്നു. കട്ടിലുകളും കസേരകളും മേശകളും തട്ടുകളും ഉരച്ചു തേച്ചു കഴുകുക, വസ്ത്രങ്ങള്‍ പുഴുങ്ങി അലക്കുക, പായകള്‍ തേച്ചു കഴുകി വൃത്തിയാക്കുക, വീടാസകലം നവീകരിക്കുക ഇങ്ങനെ ഓരോരുത്തരും അവരവരുടെ കഴിവിന് അനുസരിച്ച് റമളാനിനെ വരവേല്‍ക്കാന്‍ ഒരുങ്ങിക്കൊണ്ടിരുന്നു.

വീടകങ്ങളില്‍ ഉമ്മമാരും താത്തമാരും അത്താഴവും നോമ്പു തുറയും കേമമാക്കുന്നതിനുള്ള മുന്നൊരുക്കങ്ങളില്‍ ആവും റജബ്, ശഅ്ബാന്‍ മാസങ്ങളില്‍. അങ്ങനെ ഒരുങ്ങിയെങ്കിലേ ഇല്ലായ്മയുടെ കാലങ്ങളില്‍ റമളാനിനു വേണ്ടി തയാറാവാന്‍ സാധിക്കുമായിരുന്നുള്ളൂ. അതിനാല്‍ പഴയകാലത്ത് ഉമ്മമാര്‍ നേരത്തെ അരി നനച്ചു കുത്തി പൊടിയാക്കി വറുത്തു പാത്രങ്ങള്‍ നിറച്ചുവച്ചു. അപ്പപ്പോള്‍ പോയി വാങ്ങാന്‍ കടകളില്‍ പത്തിരിപ്പൊടി, ആട്ട മുതലായവ കിട്ടുമായിരുന്നില്ല. മസാല പൊടികളുടെ കാര്യവും അങ്ങനെതന്നെ. എല്ലാം മിച്ചംപിടിച്ചു സംഭരിക്കണം. ധനിക, ദരിദ്ര ഭേദമൊന്നും ഇക്കാര്യത്തില്‍ ഉണ്ടായിരുന്നില്ല എന്നതാണ് നേര്.
ആരാധനാലയങ്ങളെയും വീടുകളെയും പോലെ ബസാറുകളും നോമ്പുകാലത്തിനുവേണ്ടി ഒരുങ്ങും. റമളാനിലെ അത്താഴത്തിനും നോമ്പുതുറക്കും സാധാരണയില്‍ നിന്നും വ്യത്യസ്തമായ വിഭവങ്ങള്‍ ആളുകള്‍ ശീലമാക്കിയിരുന്നു. അവിലു കഞ്ഞി, ജീരക്കഞ്ഞി, തരിക്കഞ്ഞി, പാല്‍വാഴക്ക, അലീസ തുടങ്ങി മലബാറിലും തെക്കന്‍ കേരളത്തിലും കണ്ണൂര്‍ കാസര്‍ഗോഡ് ഭാഗങ്ങളിലും പ്രാദേശിക ഭേദങ്ങളോടെ നാട്ടുരുചിക്ക് ഇണങ്ങുന്ന ആഹാരസാധനങ്ങള്‍ തയാറാക്കുന്നതിന് ആവശ്യമായ ചേരുവകള്‍ വ്യാപാരികള്‍ പ്രത്യേകം ലഭ്യമാക്കി. പുകവലി സര്‍വസാധാരണമായിരുന്ന കാലത്ത് ചക്കരപ്പുകയില, തെരക്കൂട്ട് തുടങ്ങിയ പ്രത്യേക ഇനം ബീഡികള്‍ തെറുപ്പുകാര്‍ തയാറാക്കി. നോമ്പുതുറന്നാല്‍ മധുരമുള്ള ഒരു പുക വിടുക മുതിര്‍ന്ന ആണുങ്ങളുടെ മാത്രമല്ല സ്ത്രീകളുടെയും ശീലമായിരുന്നു. നാട്ടിന്‍പുറങ്ങളെ കുട്ടികള്‍ ബീഡി വലിച്ചു തുടങ്ങിയിരുന്നത് ഇങ്ങനെയായിരുന്നു എന്ന് പറഞ്ഞാല്‍ തെറ്റാവില്ല.

ശഅ്ബാന്‍ അവസാന ആഴ്ചകളില്‍ നോമ്പ് ഒരുക്കങ്ങള്‍ തകൃതിയിലാവും. റമളാനിലെ ഒന്നോ രണ്ടോ ദിവസം മുമ്പ് നനച്ചു കുളി എന്ന പേരില്‍ വിസ്തരിച്ചുള്ള കുളിയും അലക്കലും പതിവായിരുന്നു. നോമ്പിനെ വരവേല്‍ക്കുന്നതിനുള്ള ശാരീരികവും മാനസികവുമായ തയാറെടുപ്പുകളുടെ പൂര്‍ത്തീകരണം ആയിരുന്നു നനച്ചുകുളി.
പുതിയ തലമുറക്ക് മിക്കവാറും അപരിചിതമാണ് നോമ്പൊരുക്കത്തിന്റെ ഇത്തരം വിശേഷങ്ങള്‍. ഇരുപതാം നൂറ്റാണ്ടിന്റെ ഒടുവിലും ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തിലും ജനിച്ച വൈ, ഇസെഡ് തലമുറകളുടെ നോമ്പുമായി ബന്ധപ്പെട്ട സാംസ്‌കാരിക സ്മൃതികള്‍ എന്തൊക്കെയാവും? 90കളില്‍ ജനിച്ച അഥവാ ഇപ്പോള്‍ 30 വയസ്സുള്ളവര്‍ക്ക് ഭാഗികമായി മേല്‍പ്പറഞ്ഞ ഒരുക്കങ്ങളുടെ ഓര്‍മയുണ്ടാവാം. പൂര്‍ണമായും ഡിജിറ്റല്‍ യുഗത്തിലേക്ക് പിറന്നു വീണവരല്ല അവര്‍. സമൂഹം ഇന്നത്തേതുപോലെ അന്ന് വേഗം ആര്‍ജിച്ചിട്ടുണ്ടായിരുന്നില്ല.
കാളവണ്ടികള്‍ കണ്ടിട്ടുള്ളവരാണ് അവര്‍. ആഴ്ചച്ചന്തകളുടെ അനുഭവങ്ങള്‍ അവര്‍ക്കുണ്ട്. അത്താഴത്തിന് മോരും പപ്പടവും ഉണക്കമീനും കൂട്ടിയതിന്റെ രുചികള്‍ അവരുടെ നാവുകളില്‍ ഉണ്ടാവും. എന്നാല്‍ രണ്ടായിരത്തില്‍ ജനിച്ചവര്‍ ജീവിച്ചത് തങ്ങളുടെ മാതാപിതാക്കള്‍ ജീവിച്ച ലോകത്തല്ല. അതിനാല്‍ നോമ്പൊരുക്കങ്ങളെ(നോമ്പുരുക്കങ്ങളെയും) കുറിച്ചുള്ള അവരുടെ സംസ്‌കാരിക സ്മൃതികള്‍ മുന്‍തലമുറയുടേതില്‍ നിന്ന് വ്യത്യസ്തമാവാം. സാംസ്‌കാരിക സ്മൃതികളെ മാറ്റിയെഴുതും വിധം കാലം മാറിക്കഴിഞ്ഞു. ഹൈടെക് പള്ളികളും വീടുകളും വര്‍ഷാന്ത പ്രത്യേക പരിചരണം ആവശ്യപ്പെടുന്നില്ല. സൂപ്പര്‍മാര്‍ക്കറ്റുകളും ഹൈപ്പര്‍മാര്‍ക്കെറ്റുകളും ആഴ്ചച്ചന്തകളെ പഴങ്കഥകളാക്കി. ഭക്ഷണശീലങ്ങള്‍ മാറി. തോടുകളിലും പുഴകളിലും കുളക്കടവുകളിലും കിണറ്റിന്‍കരയിലും നിന്ന് കുളിയും അലക്കും വീടകങ്ങളില്‍ സ്വകാര്യമായി. തലമുറ ഇസെഡില്‍ നിന്ന് 2014 ഓടെ ആല്‍ഫയിലേക്ക് കടന്നു. റമളാന്‍ മുബാറക് സ്റ്റാറ്റസ്, ഡിജിറ്റല്‍ പ്രശ്നോത്തരി, ഓണ്‍ലൈന്‍ ഉറുദിയൊക്കെ ആവാം ആല്‍ഫതലമുറയുടെ നോമ്പ് സ്മൃതികള്‍.

റമളാൻ/ എ കെ അബ്ദുല്‍ മജീദ്

You must be logged in to post a comment Login