വിശ്വാസത്തിന്റെ ആനുഭൂതിക ഭാവം

വിശ്വാസത്തിന്റെ  ആനുഭൂതിക ഭാവം

പ്രശസ്ത ചിന്തകനും എഴുത്തുകാരനുമായ സിയാഉദ്ദീന്‍ സര്‍ദാര്‍ മക്കയുടെ ചരിത്രം (History of Mecca) എന്ന ഒരു ഗ്രന്ഥം രചിച്ചിട്ടുണ്ട്. മക്കയുടെ പൂര്‍വകാല നാള്‍വഴികളിലൂടെയുള്ള ഒരു സഞ്ചാരമാണത്. മക്കയുടെ ഭൂതകാലം അപൂര്‍വങ്ങളായ നിരവധി ചരിത്രസംഭവങ്ങളുടെ കലവറയാണല്ലോ. ഇബ്‌റാഹീം പ്രവാചകന്റെ കാലം മുതല്‍ മാനവരാശിയുടെ നേര്‍ക്ക് ചേര്‍ത്തുവെച്ച പ്രാര്‍ഥനകളുടേയും ആരാധനകളുടേയും ഒരു ഹബ്ബാണ് മക്ക. വിശുദ്ധ കഅ്ബാലയം അവിടെ സ്ഥിതി ചെയ്യുന്നതു കൊണ്ട് തന്നെ ലോകത്ത് എവിടെയുമുള്ള വിശ്വാസി സമൂഹം ആ ദേശത്തെ, അതായത് മക്കയെ വിശുദ്ധി സ്ഥലിയായി ഹൃദയത്തില്‍ ചേര്‍ത്ത് പിടിക്കുന്നു.

സിയാഉദ്ദീന്‍ സര്‍ദാര്‍ സ്‌ഫോടനാത്മകമായ നിരവധി ചരിത്രസംഭവങ്ങള്‍ പ്രതിപാദിച്ച്, ഒടുവില്‍ പ്രസ്തുത കൃതിയുടെ അവസാന ഭാഗത്ത് ലിഖിതപ്പെടുത്തുന്ന ഒരു അനുഭവക്കുറിപ്പുണ്ട്. ഒരു ഹജ്ജ് കാലത്ത് അദ്ദേഹം വയോധികനായ ഒരു പാക്കിസ്ഥാനിയെ കണ്ടുമുട്ടുന്നു. അയാളുടെ ഏക അഭിലാഷം മക്കയിലെ ഹറം പരിധിയില്‍ വെച്ച് മരിക്കണമെന്നതാണ്. മരണപ്പെട്ടാല്‍, എന്റെ ജഡത്തെ മാന്യമായി മറമാടാനുള്ള അവസരമൊരുക്കണമെന്ന വസ്യത്ത് മാത്രമാണ് അദ്ദേഹത്തിന് പങ്കുവെയ്ക്കാനുണ്ടായിരുന്നത്. ഇങ്ങനെ ആയിരക്കണക്കിന് വിശ്വാസികളുടെ ഉള്ളില്‍ നിറഞ്ഞു നില്‍ക്കുന്ന മക്ക ഒരു അഭൗതിക ബോധമണ്ഡലം കൂടിയാണെന്ന നിരീക്ഷണത്തോടെയാണ് സര്‍ദാറിന്റെ ഗ്രന്ഥം അവസാനിക്കുന്നത്. വിശ്വാസത്തിന്റെ ആനുഭൂതിക ഭാവത്തെ നമുക്കൊരിക്കലും യുക്തിപരമായി മാത്രം വിശകലനം ചെയ്യാന്‍ കഴിയില്ല.

എന്റെ മനസില്‍ സര്‍ദാര്‍ കൃതി തെളിഞ്ഞു വരാന്‍ ഒരു നിമിത്തമുണ്ട്. റമളാന്റെ തലേന്നാള്‍, പതിവ് പ്രഭാത നടത്തത്തിനിടയില്‍ ഒരു വന്ദ്യ വയോധികനെ കണ്ടുമുട്ടി. കൊവിഡിന് മുമ്പുള്ള വര്‍ഷങ്ങളില്‍ പലപ്പോഴും പ്രഭാത സവാരിക്കിടയില്‍ അദ്ദേഹത്തെ കാണാറുണ്ടായിരുന്നു. നര്‍മം കലര്‍ന്ന അദ്ദേഹത്തിന്റെ സംസാരം രസകരവുമാണ്. ശാരീരിക അവശത കാരണം അദ്ദേഹം അപൂര്‍വമായേ പുറത്തിറങ്ങാറുള്ളൂ. എന്നാല്‍ മുകളില്‍ സൂചിപ്പിച്ച പോലെ ഈ നോമ്പിന്റെ തലേ ദിവസം അദ്ദേഹം അധികം തിരക്കില്ലാത്ത റോഡിലിറങ്ങി, ഒരു വടിയുടെ സഹായത്താല്‍ മെല്ലെ നടന്നുവരികയാണ്. എന്നെ കണ്ടപ്പോള്‍ സന്തോഷത്തോടെ സലാം ചൊല്ലി. എന്നിട്ട് പറഞ്ഞു: “നാളെ മിക്കവാറും നോമ്പ് തുടങ്ങുമല്ലോ. ഓര്‍മ വെച്ച നാള്‍ മുതല്‍ ഞാന്‍ നോമ്പ് ഒഴിവാക്കീട്ടില്ല. ഈ വര്‍ഷവും മുഴുവനും എടുക്കണമെന്നാണ് ആഗ്രഹം. ബാക്കി കാര്യങ്ങളെല്ലാം പടച്ചോനില്‍ തവക്കുലാക്കും.’ അത് പറയുമ്പോള്‍ അദ്ദേഹത്തിന്റെ ക്ഷീണിച്ച കണ്ണുകളില്‍ അനിര്‍വചനീയമായ ഒരു തിളക്കമുണ്ടായിരുന്നു. മക്ക പോലെ, കഅ്ബ പോലെ, നോമ്പും വിവരിക്കാനാവാത്ത വിശ്വാസത്തിന്റെ ഒരു ബോധമണ്ഡലമാണ്. ഒരായിരം നന്മകള്‍ ഉണര്‍ത്തുന്ന വിശ്വാസത്തിന്റെ സദ്ഫലം. മാനവികത വര്‍ഷാവര്‍ഷങ്ങളില്‍, ആ നന്മയും കാരുണ്യവും അനുഭവിച്ചു കൊണ്ടേയിരിക്കുന്നു. പുണ്യങ്ങളുടെ ആ വസന്തം ലോകം അനുഭവിക്കുന്ന കാലമാണല്ലോ ഇത്. കാരുണ്യത്തിന്റേയും, പാപമോചനത്തിന്റേയും, നരകവിമോചനത്തിന്റെയും വിശുദ്ധ മുഹൂര്‍ത്തങ്ങളെ ആത്മമണ്ഡലത്തോട് ചേര്‍ത്തുപിടിക്കാനായെങ്കില്‍…

ഹൃദയനേത്രം/ കെ ടി സൂപ്പി

You must be logged in to post a comment Login