കഷ്ടകാലത്തെ സമൃദ്ധസദ്യ

കഷ്ടകാലത്തെ സമൃദ്ധസദ്യ

വ്രതകാലം പിന്നെയും വിരുന്നു വന്നു. മണ്ണിലെ മനുഷ്യന്‍റെ ആതിഥ്യം സ്വീകരിക്കാന്‍ വിണ്ണിലെ മലക്കുകളുടെ അകന്പടിയോടെയാണു വരവ്. മണ്ണും മരങ്ങളും കല്ലും പുല്ലും മാമലകളും മണല്‍തരികളും ജലകണങ്ങളും മൃഗങ്ങളും പറവകളും മത്സ്യങ്ങളുമങ്ങനെയങ്ങനെ… ആരുണ്ട് റമളാനിന്‍റെ വരവില്‍ ആഹ്ലാദിക്കാത്തതായി നരരില്‍ ചിലരല്ലാതെ? മനസ്സും വീടും വീട്ടുപകരണങ്ങളും കഴുകിത്തുടച്ചു മിനുക്കിയാണ് വിശ്വാസികള്‍ അതിഥിയെ വരവേറ്റത്.

വര്‍ഷം തോറും റമളാന്‍ വരുന്നത് ക്ഷണപ്പത്രവുമായാണ്. ആതിഥേയരായ നമ്മെ ക്ഷണിക്കാനാണ് ഒരാണ്ടും മുടങ്ങാതെയുള്ള ഈ വരവ്.
പാപമാലിന്യങ്ങള്‍ കഴുകി ദേഹിയെ ശുദ്ധമാക്കിത്തരാം. കഷ്ടകാലത്തൊരു മഹാസദ്യതരാം. പിന്നെ ഒരു നാളുമവസാനിക്കാത്ത, അനുഭവിച്ചു മടുപ്പു തോന്നുകയേ ചെയ്യാത്ത സുഖങ്ങള്‍ നിറഞ്ഞ വീടു തരാം.
ആതിഥേയര്‍ക്ക് സമ്മാനമെന്തെങ്കിലും കൊണ്ടുവരാതെ അതിഥി വരാറില്ലല്ലോ. അതൊരല്പം മധുരമാവാം. അല്ലെങ്കില്‍ കുറച്ചു വിലപിടിപ്പുള്ള വല്ലതുമാവാം. പക്ഷേ, മറ്റുള്ളവര്‍ ജീവിതകാലത്തു സന്പാദിച്ച സകലതിലുമേറെ മൂല്യമുള്ള സമ്മാനവുമായി വരുന്ന അതിഥി റമളാന്‍ മാത്രം.

ആദ്യ ദശദിനങ്ങളിലേക്കായി വിരുന്നുകാരന്‍ കൊണ്ടു വരുന്നത് റഹ്മത്. പിന്നെയുള്ള പത്തു ദിനത്തിനു മഗ്ഫിറത്. അവ രണ്ടിന്‍റെയും മൂല്യം നോക്കൂ. ഖുര്‍ആന്‍ പറഞ്ഞതിങ്ങനെ: അല്ലാഹുവില്‍ നിന്നുള്ള മഗ്ഫിറതും റഹ്മതും അവര്‍ ശേഖരിക്കുന്ന സകലതിനെക്കാളും ഉത്തമമാണ്. (ആലു ഇംറാന്‍ : 157)

പിന്നത്തെ പത്തിലേക്ക് മഹാസമ്മാനം തന്നെയുണ്ട് നരകമോചനം.
ആരു മടിക്കും ഈ അതിഥിയെ വരവേല്‍ക്കാന്‍? ആരു മറക്കും സല്‍ക്കരിക്കാന്‍?
ഉപഹാരം ഇത്ര മഹത്തരമെങ്കില്‍ അന്നം അല്പനേരം ത്യജിച്ചുകൂടേ? ഉറക്കം അല്പം വൈകിച്ചു കൂടേ? അത്രയല്ലേ വിരുന്നുകാരനും ആവശ്യപ്പെടുന്നുള്ളൂ. മന്‍ സ്വാമ റമളാന… വമന്‍ ഖാമ റമളാന… ആരെങ്കിലും റമളാനില്‍ നോന്പനുഷ്ഠിച്ചാല്‍…. വല്ലവനും റമളാനില്‍ രാത്രി നിസ്കരിച്ചാല്‍ അവന്‍റെ കഴിഞ്ഞകാല പാപങ്ങള്‍ പൊറുക്കപ്പെടും.

ആരാധകന്‍റെ പ്രവൃത്തികള്‍ അല്ലാഹു നിഷ്ഫലമാക്കില്ല മനസ്സു നന്നെങ്കില്‍. അണുമണിത്തൂക്കം നന്മചെയ്താല്‍ അതവന്‍ കാണും (സൂറത്തുസ്സല്‍സല:7) ഇഹത്തിലെ കര്‍മത്തിനു പരത്തിലെ ഫലമെന്തെന്ന് അല്ലാഹുവും റസൂലും പറഞ്ഞു തന്നിട്ടുണ്ട്. ഉദാഹരണത്തിന് നിസ്കാരം: അഞ്ചുനേരത്തെ നിസ്കാരം കൊണ്ട് അല്ലാഹു പാപങ്ങള്‍ മായ്ച്ചു കളയും. സകാത്ത്: അതവരെ പാപങ്ങളില്‍ നിന്നു ശുദ്ധിയാക്കുകയും സംസ്കരിക്കുകയും ചെയ്യും. ഹജ്ജ്: മബ്റൂറായ ഹജ്ജിന് സ്വര്‍ഗമല്ലാതെ പ്രതിഫലമില്ല. ജിഹാദ്: അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ മണ്ണുപുരണ്ട കാല്‍പാദങ്ങള്‍ നരകം തൊടില്ല.

നോന്പിനെക്കുറിച്ചുമുണ്ട് ഇങ്ങനെ സുവ്യക്തമായ പ്രതിഫല വാഗ്ദാനം: വിശ്വാസത്തോടും പ്രതിഫലേച്ഛയോടും റമളാനില്‍ നോന്പനുഷ്ഠിച്ചവന് അവന്‍റെ കഴിഞ്ഞകാല പാപങ്ങള്‍ പൊറുക്കപ്പെടും എന്നിങ്ങനെ.
പക്ഷേ, മറ്റാരാധനകളിലൊന്നുമില്ലാതെ നോന്പിന്‍റെ കാര്യത്തില്‍ മാത്രം അല്ലാഹു പറയാത്തതിനെക്കുറിച്ചു പറഞ്ഞു. അതിങ്ങനെ : നോന്പ് എനിക്കാണ്. അതിനു ഞാന്‍ പ്രതിഫലം നല്‍കും. എന്താണാ പ്രതിഫലം? അല്ലാഹു പറഞ്ഞില്ല. മഹാ സമ്മാനം അല്ലാഹുവിന്‍റേതാകുന്പോള്‍ തികച്ചും വിസ്മയാവഹം തന്നെയാകുമല്ലോ.
കര്‍മലോകമാണിത്. ഇനി കണക്കുതീര്‍പ്പിന്‍റെ ലോകമുണ്ട്. ഇഹത്തിലെ പ്രവൃത്തികള്‍ക്കെല്ലാം പ്രതിഫലം നല്‍കുന്ന ലോകം. വിചാരണക്കും കര്‍മങ്ങള്‍ തൂക്കിനോക്കാനും കര്‍മരേഖകള്‍ വായിക്കാനും മഹ്ശര്‍ എന്ന മൈതാനം.

അവിടുത്തെ നില്പില്‍ മനസ്സുകള്‍ എത്ര ചകിതമാകുമെന്നറിയാന്‍ അല്പം നഗ്നചിന്തയാകാം. ആദിപിതാവിനും മാതാവിനും വസ്ത്രത്തിന്‍റെ ആവശ്യമുണ്ടായിരുന്നില്ല. നഗ്നത കാണാത്ത വിധമൊരു പ്രകാശമറ അവര്‍ക്കുണ്ടായിരുന്നു. അല്ലെങ്കില്‍ നഖം പോലെന്തോ ആവരണം. പക്ഷേ, വിലക്കപ്പെട്ട കനി ഭുജിച്ചതോടെ നഗ്നത ദൃശ്യമായി. ലജ്ജയില്‍ ചൂളിപ്പോയ അവര്‍ നാണം മറയ്ക്കാന്‍ തത്രപ്പെട്ടു. ഇലയെങ്കിലത് കൊണ്ടു മറച്ചു. അന്നു തൊട്ടിന്നോളം മാന്യര്‍ മറച്ചു പോരുന്നതാണ് നഗ്നത. അതു വെളിവാക്കുന്നതില്‍ അവര്‍ ലജ്ജിക്കുന്നു.

ഇനി ഈ ഹദീസ് നോക്കൂ: നബി(സ) ഒരിക്കല്‍ പറഞ്ഞു: ഖിയാമത്തു നാളില്‍ മനുഷ്യരെ ഒരുമിച്ചു കൂട്ടും നഗ്നപാദരായി, വിവസ്ത്രരായി, ചേലാകര്‍മം ചെയ്യാത്തവരായി. അതു കേട്ടതോടെ ആഇശാ(റ)ക്ക് നാണം തോന്നി. മഹതി ചോദിച്ചു: അപ്പോള്‍ പരസ്പരം നഗ്നത കാണില്ലേ നബിയേ? നബി(സ) മറുപടി നല്‍കിയതിങ്ങനെ: ആഇശാ, ആരും ആരെയും നോക്കാത്ത വിധം കഠിനമാണന്നത്തെ കാര്യം.
എന്നു പറഞ്ഞാല്‍ ആരും ആരുടെയും നഗ്നതയിലേക്ക് അന്നു നോക്കില്ല. പെരും പേടിയില്‍ താന്‍ നഗ്നനാണെന്നോ മറ്റുള്ളവര്‍ക്കു വസ്ത്രമില്ലെന്നോ ശ്രദ്ധിക്കുകയേയില്ല.

അപ്പോള്‍ എല്ലാ ചിന്തകളില്‍ നിന്നും മനസ്സിനെയും കാഴ്ചകളില്‍ നിന്നു കണ്ണുകളേയും തടയുന്ന അനുഭവത്തിന്‍റെ കാഠിന്യമെത്ര! പേടിക്കു പുറമെ കൊടിയ ചൂടും മുങ്ങാന്‍ മാത്രം വിയര്‍പ്പുമങ്ങനെ. നബിമാര്‍ പോലുമന്നു പറയുക നഫ്സീ, നഫ്സീ എന്നാണെന്നു തിരുനബി(സ). മഹ്ശറിന്‍റെ ഭീകരതയറിയാന്‍ ഇത്ര മതിയല്ലോ.
എന്നാലതാ അവിടെയൊരു അത്ഭുതക്കാഴ്ച: അര്‍ശിന്‍റെ തണലില്‍ ഒരുകൂട്ടര്‍ സദ്യയുണ്ണുന്നു! അവര്‍ക്കു ചൂടും ദാഹവുമില്ല. വിയര്‍പ്പും വിഹ്വലതകളുമില്ല. ആസ്വദിച്ചുണ്ണുകയാണവര്‍. വെറും സദ്യയല്ല, വിഭവ സമൃദ്ധം. എന്താണു വിഭവങ്ങളെന്നോ? അതെങ്ങനെ പറയാന്‍? ഒരു കണ്ണും ഇന്നുവരെ കാണാത്തത്, ഒരു ചെവിയും കേട്ടിട്ടില്ലാത്തത്, ഒരു മനുഷ്യന്‍റെ മനസ്സിലും വന്നിട്ടില്ലാത്തത് എന്നാണ് തിരുനബി(സ) അതേ പറ്റി പറഞ്ഞത്.

വിഹ്വലതക്കിടയിലും വിസ്മയം പൂണ്ട് ആളുകള്‍ ചോദിക്കും: രക്ഷിതാവേ, ഞങ്ങള്‍ വിചാരണയില്‍. ഇക്കൂട്ടരോ ശാപ്പാടിലും. അപ്പോള്‍ അല്ലാഹു മറുപടി നല്‍കും: അവര്‍ നോന്പനുഷ്ഠിച്ചു. അപ്പോള്‍ നിങ്ങള്‍ അതുപേക്ഷിച്ചില്ലേ? അവര്‍ നിസ്കരിച്ചു. അപ്പോള്‍ നിങ്ങള്‍ ഉറങ്ങിയില്ലേ?

തീര്‍ന്നില്ല, റമളാന്‍റെ ക്ഷണപ്പത്രത്തിലെ വാഗ്ദാനം. അവരെ കാത്തിരിക്കുന്നത് അനന്തമായ സുഖവാസത്തിനുള്ള സുന്ദരഭവനം ശാശ്വത ഭവനം. അതിലേക്കു കടക്കാനുള്ള കവാടത്തിനു പേര് റയ്യാന്‍. സദ്യയുണ്ട സൗഭാഗ്യവാന്മാര്‍ അതു വഴി കടക്കും. അവര്‍ കയറിയാല്‍ അതടയും. ഇനി അതു തുറക്കില്ല ഒരിക്കലും ഒരാള്‍ക്കും.

നിസ്കാരവും നോന്പും തന്നെ സ്വര്‍ഗത്തിലേക്കുള്ള രാജപാതകള്‍. ശങ്കവേണ്ട, അവ ലക്ഷ്യത്തിലെത്തിക്കുക തന്നെ ചെയ്യും. നിസ്കാരം തുടര്‍ന്നു കൊണ്ടേയിരിക്കുന്നു. ഒരു ദിനം തന്നെ അഞ്ചുനേരമെങ്കിലും വേണം. നോന്പ് വര്‍ഷത്തിലൊരിക്കലേ വരൂ. ശരിക്കും വിരുന്നുകാരന്‍. വന്നാല്‍ ഒരുമാസം ഇവിടെയുണ്ടാകുമെന്നു മാത്രം.
എന്നാല്‍ ഒരു കൗതുകക്കണക്കുണ്ട്. ഒരാള്‍ ജീവിതത്തില്‍ എത്ര നേരം നിസ്കാരക്കാരനാവുന്നോ അത്ര നേരം നോന്പുകാരനുമാവുന്നുണ്ട്. എന്‍റെ സമുദായത്തിന്‍റെ ആയുസ്സ് അറുപതിനും എഴുപതിനുമിടക്ക് എന്നാണല്ലോ നബി വചനം. അറുപത്തഞ്ചാണ്ട്് ആയുസ്സ് ലഭിച്ച ആള്‍ പ്രായപൂര്‍ത്തിക്കു ശേഷം നിസ്കരിച്ചത് അന്പതു കൊല്ലം.

ശരാശരിക്കാരന്‍റെ നിസ്കാരം ഒരു റക്അത്തിനു മൂന്നു മിനുട്ട് ധാരാളം. ദിവസത്തിലെ പതിനേഴ് റക്അത്ത് ഒരു മണിക്കൂര്‍ കൊണ്ട് തീരും. അപ്പോള്‍ വര്‍ഷത്തില്‍ 360 മണിക്കൂര്‍. 360X50 =18000. ഒരു ദിവസത്തെ നോന്പ് 12 മണിക്കൂര്‍. 30 ദിവസം 360 മണിക്കൂര്‍. ഫലം 18000 തന്നെ. ചെറിയ ഏറ്റ വ്യത്യാസം രണ്ടിലും ബാധകമാണല്ലോ. സുന്നത്ത് നിസ്കാരങ്ങള്‍ക്കു സുന്നത്ത് നോന്പുമുണ്ടല്ലോ. സ്ത്രീകള്‍ക്കാവട്ടെ നിസ്കാരമേ കുറയൂ. നോന്പു കുറയില്ല. അശുദ്ധിക്കാരി നോന്പ് നോറ്റു വീട്ടണമല്ലോ.

വിശ്വാസിയെ വിശുദ്ധനാക്കാന്‍ നോന്പുനോറ്റു കാത്തിരിക്കുന്ന വിശുദ്ധമാസം വീണ്ടും വീണ്ടും വരട്ടെ എന്നാശിക്കാതിരിക്കാനാവുമോ? റമളാന്‍റെ നന്മകള്‍ എന്‍റെ സമുദായമറിഞ്ഞിരുന്നെങ്കില്‍ വര്‍ഷം മുഴുവന്‍ റമളാനാവാന്‍ അവര്‍ കൊതിക്കുമായിരുന്നു എന്നു നബി(സ).

സ്വാദിഖ് അന്‍വരി

You must be logged in to post a comment Login