ആമിനക്കുട്ടിയുടെ വിപരീതങ്ങള്‍

ആമിനക്കുട്ടിയുടെ വിപരീതങ്ങള്‍

പ്രതിഭ കോളേജ് പുന്നയൂര്‍ക്കുളം എന്ന പേരില്‍ പുന്നയൂര്‍ക്കുളത്തെ പുന്നൂക്കാവില്‍ എണ്‍പതുകളുടെ മധ്യത്തില്‍ ഒരു പാരലല്‍ കോളേജ് തെക്കോട്ടും വടക്കോട്ടും ശാഖകള്‍ വിടര്‍ത്തി തളിര്‍ത്ത് നിന്നിരുന്നു. ഇരുനൂറ്റിപ്പത്ത് എന്ന മാന്ത്രിക സംഖ്യയിലേക്ക് അടുക്കാനാകാതെ കരിഞ്ഞുപോയ കൗമാരപ്പൂവള്ളികളെ മുണ്ടും മടക്കിക്കുത്തി ക്ലാസെടുക്കാന്‍ എത്തിയിരുന്ന ഇവിടുത്തെ ചൂരല്‍പാപ്പാന്മാര്‍ വിജയത്തിന്‍റെ കരകളിലെത്തിച്ചു. തൊണ്ണൂറുകള്‍ വരെ അഞ്ച് വര്‍ഷം കൊണ്ട് പെട്ടെന്ന് തീര്‍ന്നുപോയി സമാന്തര അധ്യാപനത്തിന്‍റെ നിര്‍വൃതികള്‍ . ഓര്‍മയുടെ ആ ഗംഗയിലേക്ക് ഇറങ്ങിനിന്ന് മുഖം കഴുകി ഒരു കവിള്‍ജലം എടുത്തപ്പോള്‍ ഒരു ബ്ലാക്ക് ബോര്‍ഡ് തെളിയുന്നു.

ആദ്യമാസ ശന്പളമായി 250 രൂപയുടെ ചെക്ക് തന്ന ഉമ്മര്‍ക്ക എന്നോട് ഒരു വൈകുന്നേരം നൂറ്റന്പതില്‍ പരം കുട്ടികളുള്ള എസ്.എസ്. എല്‍. സി ഗോയിങ് ബാച്ചില്‍ പോയി മലയാളംകവിത പഠിപ്പിക്കാന്‍ പറഞ്ഞു. നീലയില്‍ വെള്ളച്ച ക്ലാസ്മുറി. ആ ഓളപ്പരപ്പ് ശബ്ദമുഖരിതമാണ.് ഏറെയും പെണ്‍കുട്ടികള്‍ . നാം ഇന്ന് പഠിക്കാന്‍ പോകുന്ന കവിത കുമാരനാശാന്‍റെ കരുണയിലെ എല്ലാരുമെത്തുന്നിടം’ എന്ന ഭാഗമാണ്.’ ആമുഖഭാഷണം നടത്തി. കൃതാവുകള്‍ അപ്രത്യക്ഷമാക്കി മുടി പിന്നിലേക്ക് നീട്ടിവളര്‍ത്തിയിരുന്നു അന്ന് ആണ്‍കുട്ടികള്‍. അവര്‍ക്ക് മീശ കിളിര്‍ത്തുവരുന്നു. തട്ടത്തിനുമേലെ പരന്ന സ്റ്റീല്‍ ഹെയര്‍പിന്നുകള്‍ കുത്തി പാവാടയും ജന്പറുമിട്ട് മുടി മെടഞ്ഞ സുന്ദരികള്‍. എല്ലാവരും പുസ്തകം നിവര്‍ത്തി കണ്‍തുറന്നിരുന്നു. അവരുടെ ഉള്ളില്‍ ഒരു സ്ക്കൂള്‍ ദിനത്തിന്‍റെ മടുപ്പ് കെട്ടിക്കിടപ്പുണ്ട്. വിറ മാറി ഞാന്‍ അനുപല്ലവിയിലെത്തി. വാസവദത്തയുടെയും ഉപഗുപ്തന്‍റെയും പൂര്‍വകാലങ്ങള്‍ പറഞ്ഞ് ആശാന്‍ കവിതയിലെ പ്രണയസങ്കല്‍പ്പം മാംസനിബദ്ധമല്ലെന്ന് ചുരുക്കിപ്പറഞ്ഞു. കവിത ആലാപനമാധുര്യത്തോടെ ചൊല്ലാന്‍ തുടങ്ങി. വൃത്തവും ലക്ഷണവും എഴുതി. ഗുരു ലഘു തിരിച്ച് വിവരിച്ചു. അഴകോടന്നഗരത്തില്‍ തെക്കു കിഴക്കതുവഴിയൊഴുകും യമുന തന്‍റെ പുളിനം കാണ്മൂ…”

അപ്പോഴാണ് വാമപക്ഷത്തു നിന്ന് ചില തട്ടങ്ങള്‍ ഇളകാന്‍ തുടങ്ങിയത്്. വാക്കുകളുടെ അര്‍ത്ഥങ്ങളും നാനാര്‍ത്ഥങ്ങളും വിപരീതങ്ങളും കൂടി പഠിപ്പിക്കേണ്ട ബാധ്യതയുണ്ട് മലയാളം അധ്യാപകന്്. അഥവാ പരീക്ഷക്ക് ഇവയെങ്ങാനും ചോദിച്ചാല്‍ ശരിയുത്തരം എഴുതി കുട്ടികള്‍ക്ക്് മാര്‍ക്ക് കൂട്ടേണ്ടേതല്ലേ… രണ്ടാമത്തെ പെണ്‍ബഞ്ചിലെ മൂന്നു നാലു പേര്‍ വല്ലാതെ പിറുപിറുക്കുന്നു. അതില്‍ ഒരാള്‍ക്ക് എന്തോ ചോദിക്കാനുണ്ട്: സര്‍, രഹിതം എന്ന വാക്കിന്‍റെ വിപരീതം?’

ആലോചനകള്‍ക്ക് ശേഷം പറഞ്ഞു: സഹിതം’. രണ്ടു മിനിട്ടിനകം പിന്നെയും വിപരീതങ്ങള്‍ വന്നു. അതും എങ്ങനെയോ പറഞ്ഞുകൊടുത്തു. രണ്ടാം ബഞ്ചിലെ ആ നാലുപേരും പുതിയ മലയാളം അദ്ധ്യാപകനില്‍ നിന്നു വിപരീതങ്ങള്‍ ഖനനം ചെയ്ത് എടുക്കാന്‍ തുടങ്ങി. രണ്ട് വാക്കുകളുടെ വിപരീതങ്ങള്‍ അടുത്ത ക്ലാസ്സില്‍ പറഞ്ഞു തരാമെന്ന് പറഞ്ഞു. അങ്ങനെ വിപരീതങ്ങള്‍ കൊണ്ട് സാന്ദ്രമായി ക്ലാസ്സ് പിരിഞ്ഞുപോകാന്‍ നേരമായി . വിപരീത സംഘത്തിലെ തട്ടത്തിന്‍മറയത്തുകാരിയുടെ പേരു ചോദിച്ചു. ആ വിപരീതി പറഞ്ഞു: ആമിനക്കുട്ടി.’ നല്ലപോലെ പഠിക്കുന്ന കുട്ടിയാണ്. എല്ലാത്തിലും ഫസ്റ്റ് ആണ്. സംഘം അവളെ പിന്താങ്ങി. ക്ലാസ്സു കഴിഞ്ഞു. പിറ്റേന്ന് കുന്ദംകുളത്തുപോയി 15 രൂപയ്ക്ക് ആയിരം വിപരീതം’ എന്ന പുസ്തകം വാങ്ങി. വിപരീതങ്ങളുടെ ഉത്തരം കിട്ടിയില്ലെങ്കില്‍ മാനക്കേടല്ലേ. എല്ലാ ചോദ്യങ്ങള്‍ക്കുമുള്ള എന്‍സൈക്ലോപീഡിയയല്ലേ അദ്ധ്യാപകന്‍ എന്ന മുഢധാരണ അന്നുണ്ടായിരുന്നു.

അടുത്ത ദിവസം വന്നു. ശ്മശാനത്തില്‍ കരചരണാദികള്‍ ഛേദിക്കപ്പെട്ട് വാസവദത്ത കേഴുകയാണ്. ഉപഗുപ്തന്‍ അതു വഴി വരുന്നു. വാസവദത്തയെകാണുന്നു.’ കവിത വിവരിച്ചുകൊടുത്തു. ആമിനക്കുട്ടിയും സംഘവും പിന്നെയും വിപരീതങ്ങളുമായി ഉയിര്‍ത്തെഴുന്നേറ്റു. എങ്ങനെയെങ്കിലും ഈ പ്രവണത അമര്‍ച്ച ചെയ്തെങ്കിലേ ക്ലാസ്സ് മുന്നോട്ടു പോകൂ എന്ന് ബോദ്ധ്യമായി. ഞാന്‍ എച്ച് ആന്‍റ്സിയുടെ ആയിരം വിപരീതങ്ങള്‍ എടുത്തുകൊണ്ട് വന്ന് ആമിനക്കുട്ടിയ്ക്ക് സമ്മാനിച്ചു. എല്ലാവിധ ആശംസകളും അര്‍പ്പിച്ചു. ആ പാഠം അങ്ങനെ അവസാനിച്ചു. വിന്ധ്യ ഹിമാലയങ്ങള്‍ക്കിടയില്‍’ എന്ന മുണ്ടശ്ശേരിയുടെ ഒരു ലേഖനമായിരുന്നു പിന്നീട് എടുത്തത്. വിപരീതപദങ്ങളുടെ ദാഹം അവര്‍ക്കേറെക്കുറെ തീര്‍ന്നു. ആമിനക്കുട്ടിയും സംഘവും പര്യായപദങ്ങളിലേക്ക് ചുവടുമാറ്റി. കുതിരയുടെ പര്യായത്തോടൊപ്പം അവര്‍ക്ക് ആനയുടെ പര്യായവും വേണം. പഠിക്കേണ്ട ഗദ്യഭാഗത്തുനിന്ന് ആശയം മനസ്സിലാക്കി കാര്യങ്ങള്‍ ബോദ്ധ്യപ്പെടുന്നതിന് പകരം അനാവശ്യ സംശയങ്ങളുയര്‍ത്തുന്ന ആമിനക്കുട്ടിയെ സ്റ്റാന്‍റപ്പ് പറഞ്ഞ് നിറുത്തിപ്പൊരിച്ചതിനു ശേഷം ക്ലാസ്സില്‍ നിന്നു പുറത്തുപോകാന്‍ പറഞ്ഞു. വിമ്മിക്കരഞ്ഞുകൊണ്ട്, ആ പെണ്‍കുട്ടി ബാഗുമെടുത്ത് പുറത്തേക്കോടി. നീലയില്‍ വെള്ളച്ച തടാകം നിശ്ശബ്ദമായി. ഹിമവാന്‍റെ മടിത്തട്ടിലേക്ക് ജവഹര്‍ലാലിനെപോലെ കയറിപ്പോകാമെന്ന് പറഞ്ഞ മുണ്ടശ്ശേരി ശൈലിയില്‍ രസിച്ചിരിക്കുന്പോഴാണ് ക്ലാസ്സില്‍ പെട്ടെന്ന് ഇരുട്ട് പരന്നത്. ചെറിയ ഒരു വിഷമമുണ്ടായി: ആ പാറക്കല്ലില്‍ പലപല ഓളങ്ങള്‍ പിന്നെയും വന്നടിഞ്ഞു. പതിവ് ക്ലാസ്സുകളിലേക്കും തിരക്കുകളിലേക്കു ശബ്ദഘോഷങ്ങളിലേക്കും ദിവസങ്ങള്‍ മാറിമറിഞ്ഞു. പിന്നീടുള്ള ക്ലാസ്സുകളില്‍ ആമിനക്കുട്ടിയെ കാണാതായപ്പോള്‍ കൂട്ടുകാരികളോട് തിരക്കി. അവളിനി വരുന്നില്ലത്രേ. വീട്ടിലിരുന്നിട്ട് പഠിക്ക്യാണെന്ന് പറഞ്ഞു.

അദ്ധ്യാപനജീവിതത്തിന്‍റെ മുറ്റത്ത് ആ പുറ്റ് മായാതെ കിടന്നു. ഉള്ളില്‍ കിടന്നു കിലുങ്ങിയ ക്ഷമാപണം ഒരു മൂലയില്‍ ചാരിവച്ചു. അഞ്ചു വര്‍ഷത്തെ സമാന്തര അദ്ധ്യാപനജീവിതം അവസാനിപ്പിച്ചു. പിന്നീട് 20 വര്‍ഷങ്ങള്‍ക്കുശേഷം മൂന്ന് പെണ്‍മക്കളുടെ കൈയ്യും പിടിച്ച് പുന്നയൂര്‍ക്കുളത്തെ ഒരു ബന്ധുവീട്ടില്‍ പരിശുദ്ധ റമളാന്‍ മാസത്തില്‍ ഒരു ദിവസം നോന്പ് തുറക്കാന്‍ പോയി. ഡൈനിങ് ടേബിളില്‍ ഉച്ഛിഷ്ടങ്ങള്‍ നീക്കുന്ന പണിക്കാരികളില്‍ ഒരാളായി ഒരു മുഷിഞ്ഞ മേക്സിയും മുഖമക്കനയുമിട്ട് ഒരു എല്ലിന്‍ കോലത്തി വിഭവസമൃദ്ധികള്‍ കൊണ്ടുവെക്കുന്നു. അവളുടെ കട്ടിപ്പുരികം മാത്രം മെലിഞ്ഞിട്ടില്ല. കാലയവനികകള്‍ക്കപ്പുറത്തു നിന്ന് അത് എനിക്ക് തിരിച്ചറിയാനായി. നീളവും വീതിയും കുറഞ്ഞ ഒരു ഹീറോസൈക്കളില്‍ ഞാന്‍ പ്രതിഭ കോളേജിലേക്ക് കയറിപ്പോയി. അന്ന് വിപരീതങ്ങള്‍ ചോദിച്ച കിലുക്കാംപെട്ടിയാണോ ഈ നില്‍ക്കുന്നത് ? ആ രൂപം എന്നെ കണ്ടയുടനെ പിന്നാന്പുറത്തേക്കു മാറി. ഷൗക്കത്ത് മാഷല്ലേ… ഇങ്ങോട്ട് ഇരുന്നോളിന്‍’ പിന്നെയും ആ സമാന്തര അദ്ധ്യാപകന്‍റെ കുപ്പായം മേലുവീണ് കുത്തിത്തറഞ്ഞു. അല്ല, നിങ്ങള്‍ പരിചയക്കാരാണോ?’ ആതിഥേയന്‍ ഇടപെട്ടു. ഉത്തരം പറയാതെയായപ്പോള്‍ വീട്ടുകാരന്‍ പിന്നെയും ചോദിച്ചു. ഇവിടെ അടുത്ത വീട്ടിലെ കുഞ്ഞിമോന്‍റെ പെണ്ണാണ്. ഓന്‍ക്ക് എത്ര കിട്ടിയാലും വെള്ളം കുടിക്കാനേ തികയുള്ളു.! എപ്പോഴും മേപ്പട്ട്ക്ക് നോക്കീട്ടാ … ഈ പെണ്ണാ പെര നോക്കണത്. മൂന്ന് കുട്ട്യേളാ… എന്തെങ്കിലും പണിക്ക് ഞങ്ങള്‍ക്ക്ള്ള ഒരു സഹായാ.’ ഒരു കാരക്കാ എടുത്ത് ബിസ്മി ചൊല്ലി നോന്പ് തുറന്നു. വെള്ളവും ജ്യൂസും കുടിച്ചു വറ്റിച്ചിട്ടും എന്‍റെ തൊണ്ടയിലെ ഉണക്കം മാറുന്നേയില്ല.

ശൗക്കത്ത് അലി ഖാന്‍

2 Responses to "ആമിനക്കുട്ടിയുടെ വിപരീതങ്ങള്‍"

  1. jabir kondotty  July 26, 2014 at 9:16 pm

    good oru vallatha nostalgic
    thanks risala thanks shouath ali khan

  2. ashique  December 16, 2014 at 11:56 am

    superbbbb>>>>>>>go agead noushad ali

You must be logged in to post a comment Login