ആശ്വാസത്തിന്‍റെ കഫാലത്ത് വര്‍ത്തമാനങ്ങള്‍

ആശ്വാസത്തിന്‍റെ  കഫാലത്ത് വര്‍ത്തമാനങ്ങള്‍

എനിക്കിപ്പോള്‍ കഫാലത്തുണ്ട്. സഊദിയിലെ പ്രവാസി മലയാളികളുടെ ഭാവിക്കു മേല്‍ ആശങ്കകളുടെ കരിനിഴല്‍ വീഴ്ത്തിയ നിതാഖാത്തിനു ശേഷം സുരക്ഷിതമായ തൊഴില്‍ സാഹചര്യത്തിലേക്ക് പടികയറിയ ജിദ്ദയിലെ എറാണാകുളം പെരുന്പാവൂര്‍ സ്വദേശിയാണ് ആശ്വാസത്തോടെ കഫാലത്തു കഥ പറയുന്നത്. പണം കൊടുത്തു വാങ്ങിയ ഫ്രീ വിസയില്‍ വന്ന് ഒരു സ്ഥാപനത്തിന്‍റെ കളക്ഷന്‍ ഏജന്‍റായി പ്രവര്‍ത്തിച്ചു വരികയായിരുന്നു അദ്ദേഹം. നിതാഖാത്തോടെ നാടു പിടിക്കേണ്ടി വരുമെന്നു ഭയന്നു. ഇളവുകളെയും അതിജീവനത്തിനുള്ള അവസരങ്ങളെയും കുറിച്ച് പിന്നീടാണറിഞ്ഞത്. ആദ്യം ജോലിയന്വേഷിച്ചു. ചെറിയ ജോലി കിട്ടി. ഫ്രീ വിസ സ്പോണ്‍സറില്‍ നിന്നും എന്‍ ഒ സി വാങ്ങി. ശന്പളം കുറവെങ്കിലും പുതിയ സ്ഥാപനത്തിലേക്കു വിസ മാറ്റി ജോലിക്കു കയറി.

ഇങ്ങനെ ആയിരങ്ങളെ ഇപ്പോള്‍ സഊദിയില്‍ കാണാം. ആശ്വാസത്തിന്‍റെ നെറുകയിലാണിപ്പോള്‍ ഇവര്‍. ശന്പളം കുറവെങ്കിലും നിയമാനുസൃത ജോലിയും സ്പോണ്‍സറുമുണ്ട്. ഫ്രീ വിസയില്‍ ജോലി ചെയ്യുന്നവര്‍ മുഴുവന്‍ നാടു കടത്തപ്പെടും. പിടിക്കപ്പെടും. സഊദി അറേബ്യയിലെ പ്രവാസം അവസാനിക്കുന്നു തുടങ്ങിയ പേടിപ്പെടുത്തലുകള്‍ക്കൊടുവിലാണ് ഇവര്‍ സുരക്ഷാ താവളങ്ങളിലെത്തിപ്പെട്ടത്. വാര്‍ത്തകള്‍ വന്നു തുടങ്ങിയപ്പോഴേക്കും പേടിച്ചു നാടു വിട്ടവരും സ്പോണ്‍സറെ കണ്ടെത്താനാകാതെയും എന്‍ ഒ സി കിട്ടാതെയും നാടു പിടിച്ചവരുമുണ്ടെങ്കിലും അതിലേറെപ്പേര്‍ നിതാഖാതിനെ അതിജയിക്കുകയായിരുന്നു. ഈ വര്‍ത്തമാനമാണ് ഇപ്പോള്‍ സഊദിയില്‍ കഫാലത്തോടെ കഴിയുന്ന മലയാളികള്‍ പറയുന്നത്.

കഫീല്‍ (സ്പോണ്‍സര്‍) ആരെന്നു ചോദിച്ചാല്‍ പറയാന്‍ കഴിയാത്ത വിസ പുതുക്കുന്നതിനും നാട്ടില്‍ പോകുന്നതിനും ഏജന്‍റുമാര്‍ക്ക് പണം കൊടുത്തും കാലു പിടിച്ചും കഫാലത്തിന്‍റെ മാസപ്പടി കൃത്യമായി എത്തിച്ചും വിവിധ ജോലികള്‍ ചെയ്തു ജീവിച്ചു വന്നവരായിരുന്നു വലിയൊരു വിഭാഗം സഊദി മലയാളികള്‍. സ്പോണ്‍സറെ നേരിട്ടറിയുന്നവരും പ്രയാസങ്ങളില്ലാതെ സേവനങ്ങള്‍ ലഭിച്ചിരുന്നവരും കൂട്ടത്തിലുണ്ടായിരുന്നു. എന്നാല്‍ ദുരനുഭവങ്ങളുടെ കഥകളാണ് “കൂലിക്കഫീല്‍’ എന്നു പേരുള്ള പണം കൊടുത്ത് ഒപ്പിക്കുന്ന കഫാലത്തിനു പറയാനുണ്ടായിരുന്നത്. വലിയ കന്പനികളില്‍ ജോലി ചെയ്യുന്നവരുടെ വരെ സ്ഥിതി വിഭിന്നമായിരുന്നില്ല. കൂലിക്കഫീലില്‍ നിന്നും അനുമതി പത്രം വാങ്ങി കന്പനികളില്‍ ഔദ്യോഗികമായി ജോലി ചെയ്യാന്‍ അനുമതിയുണ്ടായിരുന്നു. എന്നാല്‍ രേഖകള്‍ ശരിയാക്കാതെ സ്വയം തൊഴിലെടുത്തു ഉപജീവനം കണ്ടെത്തുന്നവര്‍ക്കും ചെറുകിട സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കും ഇത്തരം സൗകര്യങ്ങള്‍ അപ്രാപ്യമായിരുന്നു.

നിതാഖാനന്തരം സഊദിയിലെ വലിയൊരു വിഭാഗം മലയാളികള്‍ നേടിയെടുത്ത തൊഴില്‍ സുരക്ഷിതത്വത്തിന്‍റെയും നിയമ വിധേയമായ തൊഴിലിന്‍റെയും അടയാളം കൂടിയാണ് ഈ “കഫാലത്ത്’. കഫാലത്തെന്നാല്‍ ഒരു സ്പോണ്‍സറുടെ കീഴില്‍ നിയമവിധേയമായി ജോലി ചെയ്യുന്നുവെന്നാണ് അര്‍ഥം. ഭാഷാര്‍ഥത്തില്‍ നേരത്തെയും ഇവര്‍ക്ക് കഫാലത്തുണ്ടായിരുന്നു. കഫാലത്തില്ലാതെ സഊദി അറേബ്യയില്‍ ഒരാള്‍ക്കും തൊഴില്‍ വിസയില്‍ വരാന്‍ കഴിയില്ല. എന്നാല്‍ പണം കൊടുത്തു വിസ വാങ്ങി പുറത്ത് ജോലി ചെയ്യുക എന്നതാണ് രീതി. “ഫ്രീ വിസ’ എന്ന് ഓമനപ്പേരിട്ടു വിളിക്കുന്ന നിയമവിരുദ്ധ സന്പ്രദായം. അപായം പരത്തിയ നിതാഖാത് കാലത്ത് സൗജന്യ വിസ എന്നു പത്രങ്ങള്‍ ഭാഷാന്തരം നടത്തിയ വിസ.

ഒരര്‍ത്ഥത്തില്‍ മലയാളി പ്രവാസിയുടെ വയറ്റുപ്പിഴപ്പിന്‍റെ വഴിയടയുമോ എന്ന ആശങ്കയെ ഊതി വീര്‍പ്പിച്ച് ഒടുവില്‍ ഒന്നും’ സംഭവിക്കാതെ കടന്നു പോയ “മഹാസംഭവമായിരുന്നു നിത്വാഖാത്. “നിത്വാഖാത് സൗദി ശ്മശാന മൂകം’ “”നാടുകടത്തല്‍ പുരോഗമിക്കുന്നു’’ തുടങ്ങി മാധ്യമങ്ങള്‍ വലിയ ആഘോഷമാക്കിയ സംഭവം. പക്ഷേ നിതാഖാതിന്‍റെ ശരിയായ പ്രശ്നത്തിലേക്കും പരിഹാരത്തിലേക്കും ശ്രദ്ധ ക്ഷണിക്കേണ്ടതുണ്ടെന്നും അത് പേടിച്ചരണ്ട് മൂലയിലിരുന്ന് കൂവേണ്ട ഒന്നല്ലെന്നും പ്രയോജനപ്പെടുത്തേണ്ട കാലയളവാണെന്നും മനസ്സിലാക്കുന്നതിലും ഭൗതികബൗദ്ധിക സാഹചര്യം ഒരുക്കുന്നതിലും മലയാളികളുമായി ബന്ധപ്പെട്ട മുഴുവന്‍ ഏജന്‍സികളും പരാജയപ്പെട്ടു. വിഷയപ്രാധാന്യം മനസ്സിലാക്കി പ്രവര്‍ത്തിച്ച ഏതാനും ചില സന്നദ്ധ പ്രവര്‍ത്തകരുടെ ഇടപെടലുകളെ നിരാകരിക്കുന്നില്ല. എന്നാലും യഥാര്‍ത്ഥത്തില്‍ എന്തായിരുന്നു നിതാഖാത് എന്ന് പലരും ഇപ്പോഴും ചോദിക്കുന്നുണ്ട്. അതിനെ സംക്രമണ കെടുതിയായി കണക്കാക്കി മരുന്ന് കഞ്ഞി കുടിച്ച് ചൂളിയിരുന്നവരും ഇല്ലാതില്ല. ഈ അമളി മനസ്സിലാക്കിയത് കൊണ്ടാവണം നിതാഖാതാനന്തരമുള്ള മലയാളി മനസ്സ് ആരും ചര്‍ച്ച ചെയ്യാതെ പോകുന്നത്.

ഒരര്‍ഥത്തില്‍ നിതാഖാത് ഒരു ശുദ്ധികലശമായിരുന്നു. നിതാഖാത്ത് മലയാളികള്‍ക്ക് മൂന്നു തരം അനുഭവങ്ങളുണ്ടാക്കി. നിതാഖാതിന്‍റെ മുഴുവന്‍ ആനുകൂല്യങ്ങളും പൂര്‍ണമായും ഉപയോഗിച്ചവരാണ് ഒന്നാം വിഭാഗം. അവരുടെ നല്ല സമയത്താണ് ഭരണകൂടം ശുദ്ധികലശം പ്രഖ്യാപിച്ചത്. ഫ്രീ വിസയില്‍ ഗള്‍ഫില്‍ വന്ന് ഗ്രേസ് പിരീയഡില്‍ രേഖകള്‍ ശരിയാക്കാന്‍ കഴിഞ്ഞവരും കന്പനിയിലെ വിദഗ്ധ ജോലി ചെയ്യുന്നവരാണെങ്കില്‍ പോലും സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കത്തക്ക വിധം ഇഖാമയിലെ പ്രഫഷന്‍ മുതല്‍ ലീവ്/വിരമിക്കല്‍ ആനുകൂല്യങ്ങള്‍ വരെ നിയമവിധേയമാക്കി മാറ്റാനായവരും ഈ ഗണത്തില്‍ പെടും. നിത്വാഖാതിനു മുന്പ് ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ വരെ ഇഖാമയില്‍ രേഖപ്പെടുത്തിയ തൊഴിലുകള്‍ കൃത്യമായിരുന്നില്ല. എടുക്കുന്ന തൊഴിലിലേക്ക് പ്രൊഫഷന്‍ മാറണം എന്ന വ്യവസ്ഥ വന്നതോടെ ഫാമിലി സ്റ്റാറ്റസ് അടക്കമുള്ള ആനുകൂല്യങ്ങളിലേക്ക് ആഗ്രഹിക്കാതെ കടന്നു വന്നവരും ഉണ്ട് ഈ വിഭാഗത്തില്‍.

ഇടത്തരക്കാരാണ് രണ്ടാം വിഭാഗം. തന്‍റേതല്ലാത്ത കാരണങ്ങളാല്‍ നിയമവിരുദ്ധരായി മാറിയവര്‍. ചെറുകിട സ്ഥാപനങ്ങള്‍ സ്വയം തൊഴിലുകള്‍ എന്നിവ തന്‍റെ യഥാര്‍ഥ സ്പോണ്‍സറല്ലാത്ത ഉടമസ്ഥന്‍റെ കീഴില്‍ നടത്തിയതാണ് കുറ്റം. പുറത്ത് നിന്ന് കൂലിക്ക് ജോലിക്കാരെ സ്വീകരിക്കുന്നവരും നല്‍കുന്നവരും ഈ രീതിയില്‍ ജോലി ചെയ്യാന്‍ പോകുന്നവരുമായ ഒരു പറ്റം ഇടത്തരക്കാരെയും ഇതു ബാധിച്ചു. ഭൂമി ഇടിഞ്ഞു വീണാലും തങ്ങളുടെ സാന്പ്രദായിക വീരവാദങ്ങള്‍ മുഴക്കി ഏതു നിയമത്തേയും ലാഘവത്തോടെ മറികടക്കാമെന്നു ധരിച്ചവരാണ് മൂന്നാം വിഭാഗം. നിതാഖാത് പ്രഖ്യാപിച്ചപ്പോള്‍ ആറു മാസത്തെ നീണ്ട അവധിക്കു നാട്ടില്‍ പോയവര്‍ ഈ ഗണത്തില്‍ പെടും. പുകിലുകള്‍ കെട്ടടങ്ങുന്പോള്‍ തിരിച്ചു വന്ന് പഴയ സ്വതന്ത്രമായ ജോലികള്‍ ചെയ്യാമെന്നായിരുന്നു വ്യാമോഹം. പക്ഷേ രാജാവിന്‍റെ കാലാവധി നീട്ടല്‍ കനിവ് ഇത്തരമാളുകള്‍ക്ക് വിനയായി. സഊദി അറേബ്യയും നിയമങ്ങളും എത്ര കണ്ടതാ എന്ന ഭാവം നടിച്ച ഇക്കൂട്ടര്‍ക്കുണ്ടായ തിരിച്ചടി നിതാഖാത് കെടുതിയില്‍ എണ്ണാനാകില്ല. മേല്‍ സൂചിപ്പിച്ച മൂന്നു വിഭാഗങ്ങളെയും പരിശോധിച്ചാല്‍ അവരടക്കം സമ്മതിക്കുന്ന ഒരു വസ്തുതയുണ്ട്. നിയമപരമായ രേഖയുള്ള ഒരു വിദേശിക്കും ഒരു തൊഴില്‍ ദാതാവിനും നിത്വാഖാത് മൂലം പ്രയാസപ്പെടേണ്ടി വന്നിട്ടില്ല എന്നതാണത്. പതിനഞ്ചു ലക്ഷം ഇന്ത്യന്‍ തൊഴിലാളികളാണ് സൗകര്യം പ്രയോജനപ്പെടുത്തിയത്. ആറു മാസക്കാലത്തെ സാവകാശം അനുവദിച്ച സമയത്ത് ഇന്ത്യന്‍ പ്രവാസികളുടെ എണ്ണം 28 ലക്ഷമായി ഉയരുകയായിരുന്നു.

പത്തില്‍ താഴെ ജീവനക്കാരുള്ള ചെറുകിട സ്ഥാപനങ്ങള്‍ക്ക് വ്യവസ്ഥകള്‍ ബാധകമല്ലെന്നും ഇഖാമ അവധി പൂര്‍ത്തിയായവര്‍ക്ക് നിലവിലെ സ്പോണ്‍സറുടെ അനുമതി പത്രമില്ലാതെ സ്പോണ്‍സര്‍ഷിപ്പ് മാറാമെന്നുമുള്ള പ്രഖ്യാപനം ഏറെ ആശ്വാസം നല്‍കുന്നതായിരുന്നു. നിതാഖാത് മൂലം ആത്യന്തികമായി പ്രഖ്യാപിക്കപ്പെട്ട സ്വദേശിവത്കരണം ഒരു തലത്തില്‍ അതാത് രാജ്യത്തിന്‍റെ അവകാശം തന്നെയല്ലേ.നിതാഖാത്ത് പ്രാബല്യത്തില്‍ വന്ന് പത്ത് മാസത്തിനകം മൂന്ന് ലക്ഷം സ്വദേശികള്‍ക്ക് തൊഴില്‍ ലഭിച്ചെന്ന് മന്ത്രാലയം അവകാശപ്പെടുന്നുണ്ട്. നിതാഖാത്തിന്‍റെ പ്രത്യാഘാതങ്ങള്‍ പെരുപ്പിച്ചു കാണിക്കുകയും അനന്തരഫലങ്ങള്‍ പരാമര്‍ശിക്കാതെ വിടുകയും ചെയ്ത പ്രവാസി നിരീക്ഷണങ്ങളും മാധ്യമ ഇടപെടലുകളാണ് രംഗം കൂടുതല്‍ വഷളാക്കിയതെന്ന് പറയുന്നവരുണ്ട്.

ഊതിപ്പെരുപ്പിച്ച വാര്‍ത്തകള്‍ സൗദി പ്രവാസികള്‍ കഷ്ടത്തിലാണെന്ന് തോന്നിപ്പിച്ചു. എന്നാല്‍ വര്‍ഷങ്ങളായി തുടരുന്ന “നിയമ വിധേയമാക്കലും’ “സ്വദേശിവത്കരണവും’ ഒരു പ്രധാന ഘട്ടത്തിലെത്തിയതാണെന്ന ഗൗരവം മാധ്യമങ്ങള്‍ കാട്ടിയില്ല. ഏതൊരു രാജ്യത്തിന്‍റെയും സുരക്ഷിതത്വമാണ് പ്രഥമ പരിഗണന എന്നത് മനസ്സിലാക്കേണ്ടിയിരുന്നു. ഇത്തരം പ്രതിസന്ധിഘട്ടങ്ങളിലുള്ളവര്‍ക്ക് സൗദി ഗവര്‍ണ്‍മെന്‍റും ഇന്ത്യന്‍ എംബസിയും ഏര്‍പ്പെടുത്തിയ സൗകര്യങ്ങള്‍ ശരിയായി ജനങ്ങളിലേക്കെത്തിച്ചിരുന്നുവെങ്കില്‍ പോലും ഭീതി കുറക്കാമായിരുന്നു. വര്‍ഷങ്ങളായി കൊണ്ടു നടന്ന മടങ്ങിപ്പോകണമെന്ന ആഗ്രഹം ആരുടെയും പഴി കേള്‍ക്കാതെ സാധ്യമാക്കാന്‍ നിതാഖാത്തിനെ ഉപയോഗിച്ചവരുമുണ്ട്. അവരാണ് നിതാഖാത്തെന്ന് കേട്ടപ്പോഴേക്കും വിസ റദ്ദാക്കി നാടു പിടിച്ചവര്‍

സഊദിയില്‍ തന്നെ തുടര്‍ന്ന് ജോലി ചെയ്യാന്‍ ആഗ്രഹിച്ചവര്‍ക്ക് സുരക്ഷിതത്വവും ആശ്വാസവും നല്‍കിയ നിതാഖാത്ത് ഉപയോഗിക്കാന്‍ കഴിയാതെ നാടു പിടിക്കേണ്ടി വന്നവരും ഉണ്ട്. എന്നാല്‍ അങ്ങനെ തോറ്റുപോയവരേക്കാളേറെ നിതാഖാതിന്‍റെ ഗുണം അനുഭവിച്ചവരാണ് ഉള്ളത്. നിതാഖാത്തില്‍ നാടു പിടിക്കാതെ സഊദിയില്‍ തുടര്‍ന്നവര്‍ ഇപ്പോള്‍ കൂടുതല്‍ സുരക്ഷിതരായി ജോലി ചെയ്യുന്നുവെന്നതാണ് അനന്തരഫലം. അതേസമയം കഫാലത്ത് വ്യവസ്ഥയില്‍ സ്ഥാപനങ്ങള്‍ നടത്തിയിരുന്നവര്‍ക്ക് നിതാഖാത്ത് വന്‍ ആഘാതം സൃഷ്ടിച്ചു. വര്‍ഷങ്ങളായി ജോലി ചെയ്തു വന്ന പുറത്തു വിസയുള്ള തൊഴിലാളികളെ സ്വന്തമാക്കാന്‍ വലിയ പണം ചെലവിടേണ്ടി വന്നു. ബാധ്യത താങ്ങാനാകില്ലെന്നു മനസ്സിലാക്കി സ്ഥാപനം അടച്ചു പൂട്ടിയവരുമുണ്ട്. നിലനിര്‍ത്തിയവര്‍ ചെലവിട്ട അധിക പണത്തിന്‍റെ ബാധ്യതയില്‍ നിന്നും ഇനിയും കരകയറിയിട്ടില്ല. നിതാഖാത്താനന്തരം സഊദിയില്‍ അവിദഗ്ധ തൊഴില്‍ മേഖലയില്‍ ആളെ കിട്ടാനില്ലാത്ത അവസ്ഥയുണ്ട്. റസ്റ്റോറന്‍റുകള്‍ ബഖാലകള്‍ ബൂഫിയ എന്നിവിടങ്ങളിലാണ് തൊഴിലാളിക്ഷാമം. പുറത്തു നിന്നുള്ള ജീവനക്കാരെ ഉപയോഗിച്ചു പ്രവര്‍ത്തിച്ചു വന്ന വന്‍കിട കന്പനികളും ഈ ഘട്ടത്തില്‍ പ്രതിസന്ധി അനുഭവിച്ചു. അതേസമയം സ്വന്തം ജീവനക്കാരുമായി നിയമാനുസൃതമായ ഒരു തൊഴില്‍ സംസ്കാരമാണ് ഇപ്പോള്‍ സ്ഥാപനങ്ങള്‍ പുലര്‍ത്തുന്നത്. അതുകൊണ്ടു തന്നെ മറ്റു ഗള്‍ഫ് നാടുകള്‍ മുന്പേ നടപ്പിലാക്കിയ നിയമപരിഷ്കരണത്തിലേക്ക് വൈകി നടക്കാന്‍ പരിശ്രമിച്ച സഊദി അറ്യേ ലക്ഷക്കണക്കിനു പ്രവാസികള്‍ക്ക് ആശങ്ക സമ്മാനിച്ചുവെങ്കിലും ആശ്വാസത്തിന്‍റെ കഫാലത്ത് വര്‍ത്തമാനമാണ് ഇവിടെ നിന്നും ഇപ്പോള്‍ കേള്‍ക്കുന്നത്.

വിവരങ്ങള്‍

അന്‍വര്‍ വെളിയങ്കോട് മുനീര്‍ കൊടുങ്ങല്ലൂര്‍ (റിയാദ്)

ഖലീലുര്‍റഹ്മാന്‍(ജിദ്ദ) ലുഖ്മാന്‍ വിളത്തൂര്‍ (ദമാം).

ടി എ അലി അക്ബര്‍

You must be logged in to post a comment Login