അറബികള്‍ക്ക് തമിഴകത്തുനിന്നൊരു ശൈഖ്

അറബികള്‍ക്ക്  തമിഴകത്തുനിന്നൊരു ശൈഖ്

തമിഴ്നാട്ടിലെ പള്ളപ്പെട്ടിയിലെ പള്ളി ദര്‍സില്‍ തുടങ്ങി പിന്നീട് വെല്ലൂര്‍ ബാഖിയാത്തിലും മദീനയിലെ ജാമിഅ അല്‍ ഇസ്ലാമിയ്യയിലും ഇസ്ലാമിക വിജ്ഞാനത്തിനായി ഒന്നര പതിറ്റാണ്ടിലേറെക്കാലം ശൈഖ് മുഹമ്മദ് ചെലവിട്ടു. അറിവ് അധ്വാനിച്ചു നേടിയ ഈ ഇന്ത്യന്‍ പണ്ഡിതന്‍ പ്രായത്തിന്‍റെ അവശതകള്‍ മറന്ന് ബഹ്റൈനിലെ കൊച്ചു വീട്ടില്‍ ഇപ്പോഴും പഠിച്ച വിജ്ഞാനം പഠിപ്പിച്ചു കൊണ്ടിരിക്കുന്നു. ബഹ്റൈന്‍ മതകാര്യ മന്ത്രാലയത്തിന്‍റെ ജോലിയില്‍ നിന്നു വര്‍ഷങ്ങള്‍ക്കു മുന്നേ വിരമിച്ചുവെങ്കിലും വീടിനു തൊട്ടടുത്ത പള്ളിയില്‍ ഇന്നും ഇമാമാണ്. ദര്‍സിലും ദീനീ സേവനത്തിലുമായി ജീവിക്കാന്‍ ലഭിച്ച സൗഭാഗ്യങ്ങള്‍ക്ക് സ്രഷ്ടാവിനോട് കടപ്പാട് അറിയിക്കുന്ന മദനി ഉസ്താദ് ഒടുവിലെ ആഗ്രഹം കൂടി പറഞ്ഞു വെക്കുന്നു മദീനയില്‍ പോയി താമസിച്ച് അവിടെ വെച്ചു മരിക്കണം.

ബഹ്റൈന്‍ മലയാളികളുടെ മദനി ഉസ്താദിന്‍റെ മനസ്സില്‍ മദീന അനിര്‍വചനീയമായ കുളിരാണ്. വെല്ലൂര്‍ ബാഖിയാത്തിലെ പഠനശേഷം സ്കോളര്‍ഷിപ്പോടെയാണ് 1966ലെ റമളാനില്‍ അദ്ദേഹം മദീനയില്‍ ഉപരിപഠനത്തിനെത്തുന്നത്. മസ്ജിദുന്നബവിയില്‍ വെച്ചാണ് കിതാബുകള്‍ നോക്കിയത്. മദീന മനസ്സിനെ കൂടുതല്‍ തിരുനബിയിലേക്കടുപ്പിച്ചു. അതുകൊണ്ടു തന്നെ വര്‍ഷങ്ങള്‍ വിജ്ഞാനത്തിനായി ചെലവിട്ട ആ പൂന്തോപ്പില്‍ അന്ത്യവിശ്രമം കൊള്ളണമെന്നത് അതിയായ ആഗ്രഹമാണെന്ന് മദനി പറയുന്നു.

ചുമരില്‍ ഘടിപ്പിച്ച ഷെല്‍ഫുകളില്‍ കിതാബുകള്‍ അടുക്കി വെച്ച ചെറിയ വീടിന്‍റെ സ്വീകരണ മുറിയിലിരുന്നാണ് ഹുസൈന്‍ മദനി സംസാരിച്ചത്. ഇവിടെയിരുന്നാണ് പതിവായി അദ്ദേഹം അറബികള്‍ക്ക് ദര്‍സ് നടത്തുക. മുതിര്‍ന്നവരും യുവാക്കളും കൗമാരക്കാരും വിദ്യാര്‍ഥികളായി ഉണ്ടാകും. മൂന്നു പതിറ്റാണ്ടു മുന്പ് ബഹ്റൈനില്‍ സേവനാവശ്യാര്‍ഥം വന്നതു മുതല്‍ ഉമ്മുല്‍ഹസം പ്രദേശത്തെ സഅദ്ബ്നു അബീ വഖാസ് മസ്ജിദില്‍ ഇമാമായി സേവനം ചെയ്യുന്നു. അതിനടുത്തുള്ള കൊച്ചു വീട്ടില്‍ വാസവും. ഇന്നും അവിടെ തന്നെ. വന്നതു മുതല്‍ വീട്ടിലേക്കുള്ള സാധനങ്ങള്‍ വാങ്ങുന്നതും മുടി വെട്ടുന്നതുമെല്ലാം ഒരേ സ്ഥാപനങ്ങളില്‍ നിന്നാണ്.

സംസാരത്തിനിടെ മൂത്ത മകന്‍ കടന്നു വന്നു. പരന്പരാഗത ബഹ്റൈന്‍ അറബി വേഷത്തില്‍. പിതാവിനോടും അതിഥികളോടും അറബിയിലാണ് സംസാരിച്ചത്. ചായയുമായി ഇളയ മകനും മജ്ലിസിലേക്കു വന്നു. സംഭാഷണ ഭാഷ അറബി തന്നെ. കൗതുകത്തോടെ നോക്കിയിരിക്കേ മദനി ഉസ്താദ് ബഹ്റൈനിയായതിന്‍റെ കഥ പറഞ്ഞു: നാട്ടില്‍ നാലു ആണ്‍ മക്കള്‍ക്കു വീടു വെക്കാന്‍ തയാറെടുത്തതാണ്. എന്‍ജിനീയര്‍ക്കു പണവും കൊടുത്തു. അപ്പോഴാണ് മക്കളുടെ ചോദ്യം, ഞങ്ങള്‍ അവിടെ പോയി എന്തു ചെയ്യാനാണ്. നാടും നാട്ടുകാരെയും ഭാഷയും അറിയില്ല. അങ്ങനെ മക്കള്‍ക്കു വേണ്ടി, അവരുടെ ഭാവിക്കു വേണ്ടി പൗരത്വത്തിന് അപേക്ഷിച്ചു. 94 മുതല്‍ മദനിയും കുടുംബവും ബഹ്റൈനികളാണ്.
ജീവിതത്തിലെ ഓരോ ഗതികളുടെയും കാലം കൃത്യമായി ഓര്‍ത്താണ് അദ്ദേഹം തന്‍റെ കഥ പറയുന്നത്. ആശ്ചര്യപ്പെടുത്തുന്ന ഓര്‍മ ശക്തി അല്ലാഹു നല്‍കിയ വലിയ അനുഗ്രഹമാണെന്ന് വിവരിച്ചു. മൂന്നു വയസ്സു മുതല്‍ ജീവിതത്തിലുണ്ടായ പ്രധാന സംഭവങ്ങളെല്ലാം ഓര്‍ക്കാന്‍ കഴിയും. കൃത്യമായി വര്‍ഷവും മാസവും ഓര്‍ത്തെടുത്താണ് മദനിയുടെ സംസാരം. 1956ല്‍ ബന്ധുകൂടിയായ പള്ളപ്പട്ടി ശൈഖ് മുഹമ്മദ് അബ്ദുല്‍അസീസ് എന്നു പേരുള്ള പണ്ഡിതന്‍റെ കൂടെയാണ് ദര്‍സ് പഠനം ആരംഭിക്കുന്നത്. കൊച്ചുമകനെ എന്‍റെ കയ്യില്‍ താ എന്ന് അദ്ദേഹം പിതാവിനോട് നിരന്തരം ആവശ്യപ്പെടുമായിരുന്നു. കുടുംബത്തില്‍ വേറെ പണ്ഡിതന്‍മാരുണ്ടായിരുന്നില്ല. പഠനകാലത്തെ നാലു പ്രധാന ഉസ്താദുമാര്‍ രണ്ട് അബൂബക്കര്‍മാരും രണ്ടു അബ്ദുല്‍അസീസുമാരും. ഉസ്താദുമാരുടെ ഖല്‍ബില്‍ ജീവിക്കാന്‍ കഴിയണമെന്ന് അദ്ദേഹം പറയുന്നു. എങ്കിലേ അവരുടെ പ്രാര്‍ഥന കിട്ടൂ. ഉസ്താദുമാരുടെ പ്രാര്‍ഥനയാണ് തന്നെ വിജയിപ്പിച്ചതെന്നും അദ്ദേഹത്തിന്‍റെ വാക്കുകള്‍.

1960ലാണ് വെല്ലൂര്‍ ബാഖിയാത്തില്‍ ചേരുന്നത്. 1961ല്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരും ബാഖിയാത്തില്‍ പഠിക്കാനെത്തി. അതോടെ സഹപാഠികളും സുഹൃത്തുക്കളുമായി. ആ സൗഹൃദം ഇന്നും സൂക്ഷിക്കുന്നു. എ പി ഉസ്താദ് ബഹ്റൈനിലെത്തിയാല്‍ ഇരുവരും തമ്മില്‍ കാണും. ഒടുവില്‍ ഉള്ളാള്‍ തങ്ങളും എ പി ഉസ്താദും ഒരുമിച്ചാണ് വീട്ടില്‍ വന്നത്. മജ്ലിസില്‍ കിതാബുകള്‍ കണ്ടപ്പോള്‍ തങ്ങള്‍ പറഞ്ഞുവത്രെ, കുറേ കിത്താബുകളൊക്കെയുണ്ടല്ലോ. എ പി ഉസ്താദ് അപ്പോള്‍ മദനിയുടെ വിജ്ഞാന ജീവിതം ഉള്ളാള്‍ തങ്ങള്‍ക്കു വിവരിച്ചു കൊടുത്തു.

പട്ടിക്കാട് ജാമിഅ നൂരിയ്യയുടെ ഉദ്ഘാടനത്തില്‍ പങ്കെടുത്തത് മദനിക്കു നല്ല ഓര്‍മ. ട്രെയിനില്‍ ഷൊര്‍ണൂരില്‍ വന്നിറങ്ങി നിലന്പൂര്‍ വണ്ടിയിലാണ് പോയത്. ഹൈദരാബാദില്‍ നിന്നും നൂരിശയുടെ ആളുകളും ഇതേ വണ്ടിയില്‍ ഉണ്ടായിരുന്നു. ഷൊര്‍ണൂര്‍ അങ്ങാടിപ്പുറം യാത്ര പതിവായിരുന്നു. പെരിന്തല്‍മണ്ണക്കടുത്തു നിന്നാണ് വിവാഹം കഴിച്ചത്. അങ്ങനെ മലയാളത്തിന്‍റെ മരുമകനായി.

വെല്ലൂര്‍ പഠനം പൂര്‍ത്തിയായ വേളയിലാണ് മദീന കോളജില്‍ സ്കോളര്‍ഷിപ്പില്‍ പഠനാവസരം ലഭിക്കുന്നത്. അന്ന് മദീനയിലെ ജാമിഅ അല്‍ഇസ്ലാമിയ്യയില്‍ കേരളത്തിലെ പ്രമുഖ മുജാഹിദ് മൗലവിമാരും പഠിച്ചിരുന്നു. നാലു മദ്ഹബുകളെക്കുറിച്ചും ഇവിടെ വെച്ചു ശരിക്കു പഠിച്ചു. വെല്ലൂരില്‍ പഠിച്ചു പോയതിനാല്‍ ഉയര്‍ന്ന മാര്‍ക്കും അംഗീകാരങ്ങളും നേടി. പഴയ ബൈത്തുകളിലൂടെയാണ് അറബി പഠിച്ചത്.

മദീനയിലേക്കുള്ള ആദ്യത്തെ യാത്ര ലോഞ്ചിലായിരുന്നു. ബഹ്റൈന്‍ തീരത്തുകൂടെയായിരുന്നു പോയത്. ബഹ്റൈനില്‍ വരുമെന്ന് അന്ന് മനസ്സില്‍ തോന്നിയില്ല. 250 രൂപയായിരുന്നു ബോംബെയില്‍ നിന്നുള്ള യാത്രാനിരക്ക്. ഇന്ത്യന്‍ രൂപയായിരുന്നു അന്ന് വിവിധ ഗള്‍ഫ് നാടുകളിലും ഉപയോഗിച്ചിരുന്നത്. മദീന പഠനകാലത്തിനിടക്ക് നാട്ടില്‍ പോയി കല്യാണം കഴിച്ചു. പിന്നീട് കുടുംബത്തിനും വിസ കിട്ടി. 74ല്‍ പഠനം പൂര്‍ത്തിയാക്കി ഹജ്ജ് നിര്‍വഹിച്ചാണ് നാട്ടിലേക്കു മടങ്ങിയത്. മദീനയില്‍ പഠിക്കാന്‍ പോയതു മുതല്‍ തിരിച്ചു വരുന്നതു വരെയുള്ള ഒന്പതു വര്‍ഷം തുടര്‍ച്ചയായി ഹജ്ജ് ചെയ്തു. പഠനകാലം നല്‍കിയ മറ്റൊരു സുവര്‍ണാനുഭവം. അന്ന് നാട്ടില്‍ നിന്നും ഹജ്ജിനു വരുന്നവരെ സഹായിക്കുകയായിരുന്നു പ്രധാന ജോലി. കുറേയധികം ആളുകള്‍ക്ക് ഹജ്ജും ഉംറയും സിയാറത്തും നടത്താന്‍ സഹായം നല്‍കാനായി. റമളാനില്‍ 20 ദിവസം കോളജിന് അവധിയായിരുന്നു. ഈ ദിവസങ്ങളില്‍ മക്കയില്‍ പോയി മസ്ജിദുല്‍ഹറാമില്‍ ഇഅ്തികാഫ് ഇരിക്കും.

ആദ്യമായി മക്കയിലെത്തി കഅ്ബ ത്വവാഫ് ചെയ്ത വര്‍ഷം അവിടെ വെള്ളപ്പൊക്കമായിരുന്നു. തൊട്ടടുത്ത വര്‍ഷവും വെള്ളപ്പൊക്കമുണ്ടായി. ശേഷം ഇതുവരെ മക്കയില്‍ വെള്ളപ്പൊക്കമുണ്ടായിട്ടില്ല. അന്നത്തെ വെള്ളപ്പൊക്കം ഉംറക്കെത്തിയവരെ പ്രയാസപ്പെടുത്തി. റമളാന്‍ മാസത്തിലായിരുന്നു മഴ. മദീനയിലെ പഠനം കഴിഞ്ഞ് റാബിത്തയില്‍ ജോലിക്കു ശ്രമിച്ചതിനെത്തുടര്‍ന്ന് ഒരു വര്‍ഷം മക്കയില്‍ താമസിച്ചു. ഇപ്പോള്‍ മക്ക ടവര്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്തായിരുന്നു താമസിച്ചിരുന്ന വീട്. ജനല്‍ തുറന്നു നോക്കിയാല്‍ കഅ്ബ കാണുമായിരുന്നു. ജോലി പ്രതീക്ഷിച്ച് ഒരു വര്‍ഷം മക്കയില്‍ നിന്നുവെങ്കിലും ഫലമുമുണ്ടായില്ല. ശേഷം നാട്ടിലേക്കു തിരിച്ചു പോയി ബാഖിയാത്തില്‍ മുദര്‍രിസായി ചേര്‍ന്നു. നേരത്തേ തന്നെ ബാഖിയാത്തില്‍ സേവനം ചെയ്യാന്‍ ആവശ്യപ്പെട്ട് അവിടുത്തെ ഉസ്താദുമാര്‍ വിളിച്ചു കൊണ്ടിരുന്നു. 1975 ലാണ് ബാഖിയാത്തിലെത്തിയത്. 1979ല്‍ ബഹ്റൈനില്‍ ജോലി ലഭിച്ചു. ഇസ്ലാമികകാര്യ മന്ത്രാലയത്തില്‍ പരിശോധകനായിട്ടായിരുന്നു ജോലിയുടെ തുടക്കം. ഇമാമുമാരുടെ ക്ലാസുകള്‍ പരിശോധിക്കണം. ഖുര്‍ആന്‍ അറിയാത്തവരായിരുന്നു പലയിടത്തും ക്ലാസുകളെടുത്തിരുന്നത്. അവര്‍ക്കൊക്കെ പരിശീലനം നല്‍കാന്‍ സംവിധാനമൊരുക്കി.

2003ല്‍ മതകാര്യ മന്ത്രാലയത്തിലെ ഔദ്യോഗിക ജോലിയില്‍നിന്നു വിരമിച്ചു. എന്നാല്‍ സേവനം ചെയ്തിരുന്ന പള്ളിയിലെ ഇമാമത്തിന്‍റെ ചുമതല ഒഴിവാക്കിയില്ല. അത് ജീവിതത്തിന്‍റെ ഭാഗമാണെന്നാണ് മദനി പറയുന്നത്. ജോലി ചെയ്യുന്ന പള്ളി വഖഫ് ചെയ്യുന്നതിന് മുന്‍കയ്യെടുത്തു. അതുണ്ടായില്ലെങ്കില്‍ വിശ്വാസികള്‍ക്ക് പള്ളിയില്‍ വെച്ച് ആരാധനകള്‍ നിര്‍വഹിക്കുന്നതിന്‍റെ പ്രതിഫലം ലഭിക്കാതെ പോകുമായിരുന്നു.

1980 മുതലാണ് വീട്ടില്‍ ദര്‍സ് തുടങ്ങിയത്. അതു വിട്ടു പോകാന്‍ മനസ്സു വരുന്നില്ലെന്ന് അദ്ദേഹം പറയുന്നു. പഠിച്ചതെല്ലാം പഠിപ്പിക്കാനും കഴിയുന്നതില്‍ സന്തോഷമുണ്ട്. 1982ല്‍മക്കയില്‍ വെച്ചു നടന്ന രാജ്യാന്തര ഖുര്‍ആന്‍ പാരായണ മത്സരത്തില്‍ ബഹ്റൈന്‍ സംഘത്തെ നയിച്ചു. കഅബയുടെ ഉള്ളില്‍ കയറി നിസ്കരിക്കാനുള്ള വലിയ ഭാഗ്യം ലഭിച്ചിട്ടുണ്ട്.

ബഹ്റൈനിലുള്ള മലയാളികള്‍ക്കും ഇതര ഇന്ത്യക്കാര്‍ക്കും ഇസ്ലാമികമായ അറിവു പകര്‍ന്നു കൊടുക്കുന്നതിനും അവരെ ഇസ്ലാമിക പ്രവര്‍ത്തനങ്ങളിലേക്ക് ആകര്‍ഷിക്കുന്നതിനുമായി 1983ലാണ് ബഹ്റൈന്‍ കേരള സുന്നി ജമാഅത്തിനു തുടക്കം കുറിക്കുന്നത്. എ പി ഉസ്താദിന്‍റെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് ജമാഅത്തിന്‍റെ പ്രവര്‍ത്തന രംഗത്തേക്കു വന്നത്. സ്വദേശികളുള്‍പ്പെടെയുള്ളവരുടെ സഹകരണത്തോടെയാണ് ആദ്യ കാലങ്ങളില്‍ പ്രവര്‍ത്തനം ശക്തിപ്പെടുത്തിയത്. 83ല്‍ തന്നെയാണ് ബഹ്റൈനില്‍ ആദ്യമായി സംഘടനക്ക് ഓഫീസ് തുറക്കുന്നതും. കേരളത്തില്‍ ഉലമാക്കള്‍ക്കിടയില്‍ ചേരിതിരിവുണ്ടായതിന്‍റെ പ്രതിഫലനങ്ങള്‍ ബഹ്റൈനിലുമുണ്ടായപ്പോള്‍ മദനി ഉസ്താദ് കേരള സുന്നി ജമാഅത്തിനൊപ്പം ഉറച്ചു നിന്നു.

ബഹ്റൈനില്‍ ആദ്യമായി വരുന്പോള്‍ ഇവിടെയാകെ മരുഭൂമിയായിരുന്നു. പിന്നിടു വികസനം വന്നു. പുരോഗതി പ്രാപിച്ചു. ധാരാളം മലയാളികളും മറ്റു സംസ്ഥാനക്കാരും ജോലിക്കു വന്നു. ഇന്ത്യയില്‍ ജനിച്ച്, മദീനയില്‍ പഠിച്ച് ബഹ്റൈനില്‍ സേവനം ചെയ്ത് പൗരത്വം സ്വീകരിച്ച മദനി ഇനി മദീനയില്‍ പോയി വിശ്രമിക്കണമെന്ന അതിയായ ആഗ്രഹവുമായി കഴിയുകയാണ്. ഭാര്യയും ഒന്പതു മക്കളുമുണ്ട് മദനി ഉസ്താദിന്.

തയ്യാറാക്കിയത്: ടി എ

You must be logged in to post a comment Login