കരിക്കുലം വീറ്റ!

കരിക്കുലം വീറ്റ!

Wanted എന്ന തലക്കെട്ടില്‍ തൊഴില്‍ അന്വേഷകരെ ത്രസിപ്പിക്കുന്ന പരസ്യം കണ്ടതോടെ ഉടനെ കബീര്‍ ഉത്സാഹത്തിലായി. മാന്യമായ ഒരു ജോലി കിട്ടിയിട്ടു വേണം കുടുംബത്തിന്‍റെ പ്രയാസം തീര്‍ക്കാന്‍. അഭിമാനത്തോടെ ജീവിക്കാന്‍! പിന്നെ അപേക്ഷ തയാറാക്കാന്‍ തുടങ്ങി.

ഖത്തറില്‍ വന്നിട്ട് ഒരു മാസമാവുന്നു. ഇനി ഏതാനും ദിവസങ്ങളേ വിസ തീരാന്‍ ബാക്കിയുള്ളൂ. ജോലി കിട്ടിയോ എന്ന അന്വേഷണം പല കോണുകളില്‍ നിന്നും വരുന്നു. ഒരേര്‍പ്പാടില്‍ കയറിപ്പറ്റാനുള്ള ബുദ്ധിമുട്ട് ചില്ലറയല്ലെന്ന് ഇപ്പോഴാണ് മനസ്സിലാവുന്നത്. ജോലിയെക്കുറിച്ചുള്ള ആശങ്കയും വിസ തീരുന്നതിലെ വേവലാതിയും എല്ലാം കൂടി കബീര്‍ ആകെയൊന്ന് ഉലഞ്ഞു.

സാരമില്ല അവന്‍ തന്നെതന്നെ സമാധാനിപ്പിച്ചു. ഏറ്റവും അടുത്ത സുഹൃത്തിനെ വിളിച്ച് കാര്യം പറഞ്ഞപ്പോള്‍ കബീറേ ഈ ജോലി തീര്‍ച്ചയായും കിട്ടും. സി വി നന്നായി തയാറാക്കി ഉടനെ അയച്ചുകൊടുക്ക്.

കബീര്‍ വൈകിയില്ല. കല്ല്യാണ വീട്ടിലെ കാരണവരുടെ ജാഗ്രതയില്‍ തയ്യാറെടുപ്പുകള്‍ തുടങ്ങി.

എവിടെ നിന്നു തുടങ്ങണം. പലരും പലതും പറഞ്ഞു. അപ്പോഴാണ് റൂംമേറ്റ് കാസിം ഭായ് കബീറിനെ ഉപദേശിച്ചത്: നീ നിന്‍റെ കരിക്കുലം വിറ്റക്ക് വിറ്റാമിന്‍ കൊടുത്ത് ഒന്ന് ഉഷാറാക്ക്. നാട്ടില്‍ നിന്നും ആരോ തയാറാക്കിക്കൊടുത്ത സി വി വീണ്ടും കണ്ണോടിച്ചപ്പോ കബീറിനു തന്നെ ഒരു അതൃപ്തി.

സിവിയുടെ കാര്യം പറയുന്പോഴാണ് മുന്പ് ഹോട്ടല്‍ ജീവനക്കാരനായ രമേശ് ഇന്‍റര്‍വ്യൂവിന് പോയ കാര്യം അപ്പോഴാണോര്‍ത്തത്. ഇന്‍റര്‍വ്യൂ ബോര്‍ഡില്‍ നിന്ന് ആദ്യ വചനം കേട്ടു: സി വി കൊണ്ടുവന്നിട്ടുണ്ടോ? രമേശ് അത്ഭുതത്തോടെ തിരിച്ചു ചോദിച്ചു: സിബി (ചിക്കന്‍ ബിരിയാണി) ഞാന്‍…!

ചില സുഹൃത്തുക്കള്‍ സി വി വായിച്ച് മാറ്റങ്ങള്‍ വരുത്തുന്നത് നല്ലതാണെന്ന് പറഞ്ഞു കൊടുത്തു. മാത്രമല്ല പേടിച്ചരണ്ട ഫോട്ടോക്ക് പകരം ടൈയും കോട്ടുമിട്ട ഫോട്ടോ നല്ലതാണെന്ന് സ്വയം തോന്നി.

എങ്കിലും ടൈയും കോട്ടും എവിടുന്ന് കിട്ടും. അതിനുള്ള വിദ്യ പഠിപ്പിച്ച് കൊടുത്തതും കാസിം ഭായ് തന്നെയാണ്. നമ്മള്‍ പേരാന്പ്രക്കാര്‍ ഇതിനൊക്കെ പണ്ടേ മിടുക്കരാണ്. നീ സ്റ്റുഡിയോവില്‍ പോയി ഫോട്ടോ എടുത്താല്‍ മതി. ബാക്കി കാര്യം അവര്‍ ചെയ്തുകൊള്ളും.

ആഹോ… ആശ്വാസമായി. സിവിയുടെ തുടക്കം ഗംഭീരമായാല്‍ ജോലി ഉറപ്പാണെന്ന് ആരോ പറഞ്ഞത് കബീറിന്‍റെ മനസ്സിലുണ്ട്.

Objective: I want to work in an established company where I could exlplore…

ജീവിതത്തില്‍ ഇതുവരെ തൊട്ടിട്ടില്ലാത്ത ചില ഇംഗ്ലീഷ് വാക്കുകള്‍ മറ്റൊരു സിവിയില്‍ നിന്നും കോപ്പി ആന്‍റ് പേസ്റ്റ് ചെയ്തപ്പോള്‍ എന്തോ ഒരിത്.

ഒന്നാം പേജില്‍ തന്നെ വിദ്യാഭ്യാസ യോഗ്യത ചേര്‍ക്കുന്നത് നല്ലതാണെന്ന് മനസ്സ് മന്ത്രിച്ചപ്പോള്‍ ബിഎ ബാച്ച്ലര്‍ ഇന്‍ ആര്‍ട്സ് എന്ന് ചേര്‍ത്തു. പക്ഷേ ഒരു പോരായ്മ ആര്‍ട്സ് എന്നാല്‍ ഡ്രോയിംഗ് പെയിന്‍റിംഗ് മോഹിനിയാട്ടം ഇങ്ങനെയാണല്ലോ. ഇതൊന്നും പഠിക്കാത്ത ഞാന്‍… കബീറിന്‍റെ ചിന്ത ശരിയായിരുന്നു.

എന്തു ചെയ്യും? ഇക്ണോമിക്സില്‍ ഡിഗ്രിയുള്ള കബീറിനെ സഹായിക്കാന്‍ റൂമിലുള്ളവര്‍ കൂടുതല്‍ ജാഗരൂഗരായി. ബാച്ചിലര്‍ ഡിഗ്രി ഇന്‍ ഇക്കണോമിക്സ് എന്നാക്കിയാല്‍ നല്ലതാണെന്ന തീരുമാനമെടുത്തപ്പോള്‍ കബീറിന്നും തോന്നി തരക്കേടില്ലെന്ന്. ചേര്‍ത്തപ്പോള്‍ സിവിക്ക് കൂടുതല്‍ തിളക്കം വന്നതായി കബീറിനു തോന്നി.

വരുത്തേണ്ട മാറ്റവും ചേര്‍ക്കേണ്ട ചേരുവയും ആയപ്പോള്‍ സി വി മൂന്ന് പേജ് കവിഞ്ഞു. ഉപ്പായുടെ പേരും തവളക്കുഴി എന്ന നാട്ടിന്‍റെ പേരും വിദേശത്ത് സിവിയില്‍ ആവശ്യമില്ലെന്ന് മനസ്സിലാക്കാന്‍ കൂടുതല്‍ സമയം വേണ്ടിവന്നില്ല. പക്ഷേ പേരിന്‍റെ കൂടെയുള്ള തറവാട്ടുപേര് കബീറിനെ അലോസരപ്പെടുത്തി. കബീര്‍ ചവിട്ടിത്തടവിയത് (കബീര്‍ സി ടി) എന്നാണ് പാസ്പോര്‍ട്ടിലെ നാമധേയം! ഇതിനു പകരം ഉപ്പയുടെ പേരു ചേര്‍ത്ത് കബീര്‍ അബ്ദുല്ല എന്നാക്കിയപ്പോള്‍ സി വി മൊഞ്ചനായി.

പത്രത്തില്‍ കണ്ട ഇമെയിലിലേക്ക് സിവിയും അയച്ച് കബീര്‍ ഫോണ്‍കോളും പ്രതീക്ഷിച്ചിരിപ്പായി. ഒരു ദിവസം രാവിലെ ഒരു അപരിചിത നന്പറില്‍ നിന്നും വിളി വന്നപ്പോള്‍ ബിസ്മിയും കൂട്ടി ഫോണ്‍ എടുത്തു. അങ്ങേതലക്കല്‍ നിന്ന് മണി മണിയായ ഇംഗ്ലീഷില്‍ അഭിവാദ്യം. ഊര്‍ജ്ജം മുഴുവന്‍ സമാഹരിച്ച് കബീര്‍ മറുപടി പറഞ്ഞ് ഒപ്പിച്ചു. പക്ഷേ പിന്നെയും ചോദ്യങ്ങള്‍: Where are you Come From?
I am From India.

മറുപടി പറഞ്ഞു തീരുന്പോഴേക്കും മറുതലക്കല്‍ നിന്നും ഒരു ഇടിത്തീ വന്നു: നിങ്ങളുടെ സിവിയില്‍ നാഷണാലിറ്റി ഈജിപ്ത് എന്നാണല്ലോ കാണുന്നത്. കബീര്‍ തരിച്ചു നിന്നതേയുള്ളൂ.

കുറെ സമയത്തെ ആലോചനക്ക് ശേഷം കാര്യം പിടികിട്ടി. ഒരു നല്ല സിവി ഗൂഗിളില്‍ നിന്നും സെര്‍ച്ച് ചെയ്ത് എഡിറ്റ് ചെയ്ത് സ്വയം തയാറാക്കിയപ്പോള്‍ അശ്രദ്ധ കൊണ്ടും തിടുക്കം കൊണ്ടും ചിലതൊക്കെ ഡിലീറ്റ് ചെയ്യാന്‍ മറന്നു പോയിരുന്നു.

അബ്ദുല്‍ഖാദിര്‍ ചൊവ്വ

You must be logged in to post a comment Login