ഒരു പൊന്നാനിക്കാരന്റെ തിരുനബിയനുഭവങ്ങൾ

ഒരു പൊന്നാനിക്കാരന്റെ തിരുനബിയനുഭവങ്ങൾ

മുതിർന്നതിനു ശേഷമാണ് ഞാൻ തിരുനബിയെ കുറിച്ച് ചിന്തിച്ചു തുടങ്ങിയത്. ലോകത്തെ സ്വാധീനിച്ച നൂറുവ്യക്തികളെക്കുറിച്ച് എഴുതിയ മൈക്കൽ ഹാർട്ട് അവരിൽ ഒന്നാമനായി മുഹമ്മദ് നബിയെ തെരഞ്ഞെടുത്തു കൊണ്ട് നടത്തിയ നിരീക്ഷണം വളരെ ശ്രദ്ധേയമാണ്. ആഗ്രഹിച്ച രൂപത്തിലുള്ള ഒരു സമൂഹത്തെ സൃഷ്ടിക്കാൻ കഴിഞ്ഞുവെന്നതാണ് അത്. ആദം നബി തൊട്ടുള്ള ഒരു നബിക്കും അത് പോൽ സാധിച്ചിട്ടില്ല. ശ്രീരാമനും ശ്രീകൃഷ്ണനുമൊക്കെ പ്രവാചകന്മാരാണ് എന്നാണ് എന്റെ വിശ്വാസം. ഒരു ലക്ഷത്തി ഇരുപത്തിനാലായിരം വരുമല്ലോ നബിമാർ. അവരുടെയെല്ലാവരുടെയും പേരുവിവരം നമുക്ക് നൽകപ്പെട്ടിട്ടില്ല. എന്നാൽ എല്ലാ ജനതകളിലേക്കും നബിമാർ അയക്കപ്പെട്ടതായി പറയുന്നുമുണ്ട്. അതിനാൽ ശ്രീരാമനും ശ്രീകൃഷ്ണനുമൊക്കെ പ്രവാചകന്മാരായിരിക്കണം. അവർക്കും ആഗ്രഹിച്ച വിധം ഒരു സമൂഹത്തെ സൃഷ്ടിക്കാൻ കഴിഞ്ഞിട്ടില്ല. ശ്രീകൃഷ്ണൻ അവസാനം വ്യാസന്റെ അമ്പേറ്റ് മരിക്കുകയാണ്. ശ്രീരാമനാകട്ടെ സരയൂ നദിയിൽ ഇറങ്ങി മരിക്കുകയാണ് ചെയ്യുന്നത്. ചുരുക്കത്തിൽ നബിയുടെ കാലത്തോളം വന്ന പ്രവാചകന്മാർക്കൊന്നും തങ്ങൾ താൽപര്യപ്പെട്ട തരത്തിലുള്ള ഒരു സമൂഹത്തെ സൃഷ്ടിക്കാൻ കഴിഞ്ഞിട്ടേയില്ല. ശ്രീരാമൻ രാമരാജ്യത്തെ കുറിച്ചു പറയുമെങ്കിലും അദ്ദേഹം തന്നെ രാമരാജ്യത്തു നിന്ന് തിരസ്‌കൃതനാവുകയാണ്. അങ്ങനെ നോക്കുമ്പോൾ മുഹമ്മദ് നബിക്കൊഴികെ മറ്റാർക്കും തങ്ങളുടെ സ്വപ്‌നത്തിലുള്ള ഒരു സമൂഹത്തെ പൂർണാർത്ഥത്തിൽ സൃഷ്ടിക്കാൻ കഴിഞ്ഞിട്ടില്ല എന്നു കാണാം. തിരുനബിക്കു അതിനു കഴിഞ്ഞു. തന്റെ കാലത്തും നാലു ഖലീഫമാരുടെ കാലത്തും അത് അതേപടി നിലനിൽക്കുകയും ചെയ്തു. ഇങ്ങനെ സങ്കൽപങ്ങളെ യാഥാർത്ഥ്യമാക്കി മാറ്റാൻ കഴിഞ്ഞ ഒരേയൊരു മനുഷ്യനാണ് നബി. അങ്ങനെയൊരാളെ ചരിത്രം അതിനു മുമ്പ് ദർശിച്ചിട്ടില്ല. ശേഷവും കണ്ടിട്ടില്ല. ആ വിധത്തിലുള്ള ഒരു ചിന്തയാണ് നബിയെക്കുറിച്ച് എന്റെ മനസ്സിൽ മുതിർന്നതിനു ശേഷം രൂപപ്പെട്ടു വന്നിട്ടുള്ളത്.
മറ്റൊരു കാര്യം, ഒരു മനുഷ്യൻ എന്ന നിലയ്ക്ക് സാധ്യമാകുന്ന പരിപൂർണ സ്വഭാവവൈശിഷ്ട്യത്തോടെ ജീവിച്ച ഒരാളാണ് എന്നതാണ്. അങ്ങനെ ജീവിച്ചൊരാൾ ചരിത്രത്തിൽ വേറെയില്ല. നാൽപതു വയസ്സുവരെ കച്ചോടം ചെയ്താണ് കഴിഞ്ഞുകൂടിയത്. അക്കാലത്ത് ജീവിതത്തിൽ പാലിച്ച മൂല്യങ്ങളാണ് പിൽക്കാലത്ത് പ്രബോധനം തുടങ്ങിയപ്പോൾ നബി പറയുന്നതു കേൾക്കാൻ ആളുകളെ പ്രേരിപ്പിച്ചത്. നാൽപതു കൊല്ലത്തെ ജീവിതത്തിന്റെ ക്രഡിബിലിറ്റിയാണ് നബിക്കു പ്രബോധനം സാധ്യമാക്കിയത്. ആദ്യമായി പ്രബോധനം ചെയ്ത ബന്ധുക്കളോടും സുഹൃത്തുക്കളോടും നബി ഒരു ചോദ്യം ചോദിക്കുന്നുണ്ട്. ഇക്കാണുന്ന സഫാ മലക്കപ്പുറത്ത് നിങ്ങളെ അക്രമിക്കാനായി ഒരു സൈന്യം നിൽക്കുന്നുണ്ട് എന്നു ഞാൻ പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ. അവർ പറഞ്ഞു: മുഹമ്മദേ, ഞങ്ങൾ വിശ്വസിക്കും. കാരണം അങ്ങ് അൽഅമീനാണ്. അൽഅമീനാവുക, വിശ്വസ്തനാവുക എന്നത് വളരെ പ്രധാനമാണ്. വാക്കും പ്രവൃത്തിയും തമ്മിൽ ബന്ധമുണ്ടാകണം. അതില്ലെങ്കിൽ ആളുകൾ നമ്മെ വിശ്വസിക്കുന്നുവെന്ന് ഭാവിക്കുകയേയുള്ളൂ. യഥാർത്ഥത്തിൽ വിശ്വസിക്കുകയില്ല. അതാണ് ഒരു നബി എത്തിച്ചേരേണ്ട സ്വഭാവശുദ്ധിയുടെ തലം. അത് അക്ഷരാർത്ഥത്തിൽ സാധിച്ചവരാണ് തിരുനബി.

നബിയും അനുയായികളും തമ്മിൽ വല്ലാത്തൊരാത്മൈക്യമുണ്ടായിരുന്നു. വിശ്വാസികളിലേക്ക് എത്തണമെന്ന് വിചാരിച്ച കാര്യങ്ങൾ അവരിലേക്ക് എത്തി എന്ന് നബി തിരിച്ചറിയുന്ന ചില സന്ദർഭങ്ങളുണ്ട്. പ്രബോധനം തുടങ്ങിയ ആദ്യകാലത്ത് നബിയും അനുയായികളും അതികഠിനമായി പീഡിപ്പിക്കപ്പെട്ടിരുന്നു. മർദ്ദനം, ഒറ്റപ്പെടുത്തൽ, പട്ടിണിക്കിടൽ തുടങ്ങി എല്ലാതരം ക്രൂരതകൾക്കും അനുയായികൾ വിധേയരായിരുന്നു. അവർ കഠിനമായ പട്ടിണിയിലായിരുന്ന കാലം. എന്തുകിട്ടിയാലും മുന്നും പിന്നും നോക്കാതെ തിന്നുപോകാവുന്ന വിധം കടുത്ത വിശപ്പ്. ഗൃഹനാഥൻ പട്ടിണിയാണ്. വീട്ടുകാരി പട്ടിണിയാണ്. കുട്ടികൾ പട്ടിണിയാണ്. ആ നേരത്താണ് ഏതോ ഒരു കുടുംബത്തിന് ഒരു ഭക്ഷണപ്പൊതി കിട്ടുന്നത്. അടുത്ത വീട്ടുകാരും അതുപോലെ പട്ടിണി കിടക്കുകയാണെന്ന് അവർക്കറിയാം. അതുകൊണ്ട് പാത്രം തുറന്നു നോക്കുകപോലും ചെയ്യാതെ ആ ഭക്ഷണം അവർ അടുത്ത വീട്ടിലേക്കു കൊടുത്തയച്ചു. അങ്ങനെ പല വീട്ടുകാർ ചെയ്തു. ഒടുവിൽ അത് ഏതാനും സമയത്തിനകം ആദ്യത്തെ വീട്ടിൽ തന്നെ തിരിച്ചെത്തി. പ്രബോധനം ചെയ്യുന്ന കാര്യങ്ങൾ സ്വീകരിക്കാനുള്ള കോമ്പിറ്റൻസി അനുയായികൾ നേടിയിട്ടുണ്ട് എന്ന് നബി തിരിച്ചറിയുന്ന ഒരു സന്ദർഭമാണത്. ആ വിധത്തിലുള്ള ഒരു ആത്മൈക്യം നബിക്കും അനുയായികൾക്കുമിടയിൽ ഉണ്ടായിരുന്നു. അതുകൊണ്ടാണ് ‘അയൽവാസി പട്ടിണി കിടക്കുമ്പോൾ വയർ നിറച്ച് ഉണ്ണുന്നവൻ എന്നിൽ പെട്ടവനല്ല’ എന്ന് നബി പറയുന്നത്. എന്നിൽ പെട്ടവനേ എന്റെ കൂടെ നിൽക്കേണ്ടൂ എന്ന്. ആരാണ് എന്നിൽ പെട്ടവൻ? എന്നെ ആരാധിക്കരുത്. എന്റെ ഛായാചിത്രമുണ്ടാക്കരുത്. എന്റെ പ്രതിമയുണ്ടാക്കരുത്. എന്നെ ദൈവമാക്കി ആരാധിക്കരുത്. എന്നെല്ലാമാണല്ലോ നബി നിർദ്ദേശിക്കുന്നത്. അതൊക്കെ പാലിക്കാൻ കഴിയുന്നവൻ. അങ്ങനെയുള്ള ഒരു വിശ്വാസി സമൂഹത്തെ സൃഷ്ടിച്ചു. ആയിരത്തി നാനൂറു വർഷങ്ങളായി കോടാനുകോടി മനുഷ്യർ നബിയെ പിന്തുടരുന്നു. അവർ അദ്ദേഹത്തെ ദൈവമാക്കിയില്ല. അതൊരു അത്ഭുതമല്ലേ? കാരണമിതാണ്. താൻ പ്രബോധനം ചെയ്യുന്ന തലത്തിലേക്കെത്താൻ കഴിയുന്ന ഒരു സമൂഹത്തെ സൃഷ്ടിക്കാൻ നബിക്കു കഴിഞ്ഞു. ഇത് പല പ്രവാചകന്മാർക്കും കഴിയാതെ പോയ കാര്യമാണ്. പലരും ശങ്കാകുലരായിരുന്നു. മാറിപ്പറയുന്ന ഒരനുഭവം അനുയായികളിൽ നിന്ന് നബിക്ക് ഉണ്ടായിട്ടില്ല. ഇത്രകാലമായിട്ടും കോടിക്കണക്കായ മനുഷ്യർ നബിയെ പിന്തുടരുന്നതിനു കാരണം ഈ സുതാര്യതയും സ്വഭാവശുദ്ധിയും താനുദ്ദേശിക്കുന്ന തരത്തിലുള്ള ഒരു സമൂഹത്തെ സൃഷ്ടിക്കാൻ കഴിഞ്ഞതുമാണെന്ന് ഞാൻ കരുതുന്നു.

കുട്ടിക്കാലത്തു തന്നെ ഞാൻ നബിയെ കുറിച്ച് കേൾക്കാൻ തുടങ്ങുന്നുണ്ട്. അത് എന്റെ നാടിന്റെ വിശേഷമാണ്. കല്ല്യാണവീടുകളിൽ പാട്ടുപാടാൻ ഞാൻ പോകാറുണ്ടായിരുന്നു. അന്ന് പാടാറുണ്ടായിരുന്ന പാട്ടുകളിലൊന്ന് ബാബുരാജ് സംഗീതം നൽകിയ ‘ഇലാഹായ പുരാനോട്…..’എന്നു തുടങ്ങുന്ന പാട്ടായിരുന്നു. ഉള്ളിൽ സഹജമായുണ്ടായിരുന്ന അന്വേഷണ കൗതുകം കാരണം ആ പാട്ടിൽ പറയുന്ന ‘ഖലീലായ ഇബ്‌റാഹീം’ എന്നാൽ ആരാണെന്ന് കൂട്ടുകാരോട് ചോദിച്ചു പഠിക്കുകയുണ്ടായി. ദൈവത്തിന്റെ സ്‌നേഹിതനായ നബിയെ അറിയുന്നത് അങ്ങനെയാണ്. കഅ്ബാലയത്തിന്റെ നിർമാണം, മകൻ ഇസ്മാഈലിനെ ബലിയറുക്കാൻ തുനിഞ്ഞത്, ബലിപെരുന്നാളിന്റെ കഥ …. അങ്ങനെ പല കാര്യങ്ങൾ പാട്ടിൽനിന്നാണു പഠിച്ചത്. പി ടി അബ്ദുറഹ്മാൻ എനിക്ക് വലിയ അടുപ്പമുണ്ടായിരുന്ന കവിയായിരുന്നു. അദ്ദേഹത്തിന്റെ പാട്ടുകളിൽ ചിലത് നബി ജീവിതവുമായി ബന്ധപ്പെട്ടതാണല്ലോ. അങ്ങനെ പാട്ടുകളിലൂടെയാണ് ഞാൻ നബിയെ അറിയുന്നത്. മദ്രസയിൽ പോയിട്ടു വരുമ്പോൾ സഹപാഠിയായ എ വി മുഹമ്മദ് മുസ്ഹഫ് കാണിച്ചു തരില്ല. അതുകണ്ടാൽ എന്റെ കണ്ണു പൊട്ടിപ്പോകുമെന്നായിരുന്നു അയാളുടെ ഭയം. എന്നാൽ വലുതായപ്പോൾ പരിഭാഷകൾ ലഭ്യമായി. പല മതഗ്രന്ഥങ്ങളും വായിക്കുന്ന ശീലമുണ്ട്. ഖുർആനും വായിക്കാൻ അവസരം ലഭിച്ചു. നബിയെ കുറിച്ച് പലരും എഴുതിയത് വായിക്കാൻ കഴിഞ്ഞു. അങ്ങനെയാണ് ഞാൻ നബിയെ അറിയുന്നത്.
മനുഷ്യരെ തമ്മിൽ അകറ്റുന്ന ഒരു ചരിത്രപുരുഷനായി ചിലരൊക്കെ നബിയെ അവതരിപ്പിക്കാറുണ്ട്. ഞാനങ്ങനെ വിശ്വസിക്കുകയേ ചെയ്യുന്നില്ല. പൊന്നാനിക്കാരനാണു ഞാൻ. ഇവിടെ അങ്ങനെയൊരു അകൽച്ചയില്ല. സ്വാഭാവികമായില്ല. ഇസ്‌ലാമിനെ ഇവിടെയാരും അടിച്ചേൽപിച്ചതല്ല. ഏറ്റുവാങ്ങുകയാണ് ചെയ്തത്. തിരുത്ത് എന്ന കഥയിൽ എൻ എസ് മാധവൻ എഴുതുന്നുണ്ട്; നിങ്ങളുടെ ദുഖത്തിൽ ഞങ്ങൾ പങ്കു ചേരുന്നു എന്നു പറയുന്ന കഥാപാത്രത്തോട്, എന്നു തൊട്ടാണ് നമ്മൾ ഞങ്ങളും നിങ്ങളുമായി മാറിയത് എന്ന്. അതാണ് പ്രശ്‌നം. അകലം കൃത്രിമമായി ഉണ്ടാക്കുന്നതാണ്. ഇന്നേവരെ ഇവിടെ സ്വാഭാവികമായ ഒരകലവും ഉണ്ടായിട്ടില്ല. പൊന്നാനിയിൽ പ്രത്യേകിച്ചുമില്ല. വളരെ നിഷ്‌കളങ്കമായാണ് ആളുകൾ ഇവിടെ അധിവസിച്ചിരുന്നത്. ഏറ്റുവാങ്ങുകയായിരുന്നു ഇസ്‌ലാമിനെ. ഒരാശാരിയാണ് ഹൈന്ദവ ശിൽപമാതൃകയിലുള്ള പൊന്നാനിയിലെ വലിയ ജുമുഅത്തു പള്ളി പണിതത്. പടിഞ്ഞാറോട്ട് നോക്കരുതെന്ന് അദ്ദേഹത്തോടു പറഞ്ഞിരുന്നുവത്രെ. പണി പൂർത്തിയായപ്പോൾ അയാൾ നോക്കിപ്പോയി. മക്കയിൽനിന്നുള്ള അഭൗമപ്രകാശം കണ്ടുവെന്നും താഴെ വീണ് മരിച്ചുപോയെന്നുമാണ് കഥ. ആശാരിത്തങ്ങൾ എന്നപേരിൽ അദ്ദേഹത്തിന്റെ ഖബ്ർ ഇപ്പോഴും അവിടെയുണ്ട്. ഇതൊരു കെട്ടുകഥയാകാം. എന്നാലും അതൊരു സൂചന നൽകുന്നുണ്ട്. ഇസ്‌ലാമിനെ ഏറ്റുവാങ്ങുകയായിരുന്നു എന്നതാണത്. മാലിക് ദീനാർ വരുമ്പോൾ ആണുങ്ങൾ മാത്രമല്ലേ വന്നിട്ടുള്ളൂ. സ്ത്രീകൾ വന്നിട്ടില്ലല്ലോ. അമ്മമാർ ഇവിടെയുള്ളതല്ലേ. അതൊരു ഏറ്റുവാങ്ങലല്ലേ? അന്നു മുതൽ എപ്പോഴാണ്, എവിടെയാണ് ബലപ്രയോഗത്തിലൂടെ മതം മാറ്റമുണ്ടായത്. ആകെയുണ്ടായി എന്നു പറയുന്നത് ഏറനാട് കലാപകാലത്താണ്. അതിനു തന്നെ തെളിവുകളൊന്നുമില്ല. ഉണ്ടെങ്കിൽ തന്നെ രാഷ്ട്രീയ പിടിപ്പുകേടുകൊണ്ട് സംഭവിച്ചതല്ലേ? തുർക്കിയുടെ അധീനതയിലുണ്ടായിരുന്ന ഭൂപ്രദേശങ്ങൾ ബ്രിട്ടീഷുകാർ പിടിച്ചടക്കിയതിനെതിരെ ലോകവ്യാപകമായി ഉണ്ടായി വന്ന ബ്രിട്ടീഷു വിരുദ്ധ ഖിലാഫത് മൂവ്‌മെന്റിനെ ഇന്ത്യയിൽ അലി സഹോദരന്മാരുമായി ചർച്ച ചെയ്ത് ഗാന്ധിജിയാണ് ദേശീയ സ്വാതന്ത്ര്യപ്രസ്ഥാനത്തോടൊപ്പം ചേർത്തത്. ആലി മുസ്‌ല്യാരോട് കീഴടങ്ങണമെന്നു പറഞ്ഞപ്പോഴല്ലേ അത് കൈവിട്ടുപോയത്. അപ്പോൾ പോലും മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബും കെ മാധവൻ നായരും കൂടി മാപ്പിളമാരെ തടയുന്നുണ്ട്. മതേതരമായ ഇടപെടൽ ദുർബലമായ ഘട്ടത്തിൽ മാത്രമാണ് അത് കൈവിട്ടുപോയത്. അപ്പോൾ നിർബന്ധിച്ചു മതംമാറ്റിയോ എന്ന് അറിയില്ല. എങ്കിലും നിർബന്ധിച്ച് മതം മാറ്റിയതിന് കേരളത്തിലെവിടെയും നേരിട്ടുള്ള തെളിവുകളൊന്നുമില്ല.

നബിക്കും ഇസ്‌ലാമിനുമെതിരായ ബോധപൂർവമായ പ്രചാരണം ഇവിടെ നടക്കുന്നുണ്ട്. ഇസ്‌ലാം വാളുകൊണ്ട് പ്രചരിച്ച മതമാണെന്നാണല്ലോ പ്രചാരണം. നബി യുദ്ധത്തിനു നേതൃത്വം കൊടുത്ത കാര്യം നമുക്കറിയാം. അത് വേണ്ടി വന്നതാണ്. ഞാനെവിടെയോ വായിച്ചത് ഓർമയുണ്ട്. ബദർയുദ്ധം കഴിഞ്ഞ് രാത്രിയിൽ തടവിലാക്കപ്പെട്ടവർ കെട്ടിയിടപ്പെട്ടു. ആ രാത്രിയിൽ നബി ഉറങ്ങാതിരിക്കുന്നു. അന്വേഷിച്ചപ്പോൾ ആരോ കരയുന്നുണ്ട് എന്നു പറഞ്ഞു. പടകുടീരത്തിലൊക്കെ ചെന്നു നോക്കിയപ്പോൾ ആരും കരയുന്നില്ല. കെട്ടിയിടപ്പെട്ട യുദ്ധത്തടവുകാർ അസ്വസ്ഥത കാരണം ഞരങ്ങുന്നുണ്ടായിരുന്നു. അവരെ കെട്ടഴിച്ചു വിടാൻ പറഞ്ഞു. അവർ ശത്രുക്കളാണ് എന്നോർമിപ്പിച്ചപ്പോഴും കെട്ടഴിച്ചുവിടാൻ തന്നെ പറഞ്ഞു. അപ്പോൾ അവർ സുഖമായി ഉറങ്ങാൻ തുടങ്ങി. അതിനു ശേഷമാണ് നബി ഉറങ്ങിയത്. അങ്ങനെ അനിവാര്യമായിത്തീർന്ന പ്രതിരോധ യുദ്ധത്തിന്റെ വേളയിൽ പോലും ഉയർന്ന കാരുണ്യം ഉയർത്തിപ്പിടിച്ച നബിയെയാണ് നാം കാണുന്നത്. ഇതാണ് പൊതുജനം അറിയേണ്ടിയിരുന്ന പ്രവാചകൻ. നിർഭാഗ്യവശാൽ അതുണ്ടായില്ല. ഇവിടെ മുസ്‌ലിംകളുടെ ഭാഗത്തുനിന്ന് വലിയ അനാസ്ഥയുണ്ടായി. വേദപ്പൊരുൾ മറ്റുള്ളവർ അറിയേണ്ടതില്ല, നബിയെ മറ്റുമതക്കാർ അറിയേണ്ടതില്ല എന്നതരത്തിലുള്ള ഒരു അടഞ്ഞ നിലപാട് മുസ്‌ലിംകൾ വെച്ചുപുലർത്തി. ശരിയായ പ്രബോധനം വേണ്ട വിധത്തിൽ നടന്നില്ല. അതിനാൽ അന്വേഷണ കുതുകികളായ ആളുകൾക്കു മാത്രമേ നബിയെ കുറിച്ചുള്ള യഥാർത്ഥ ചിത്രം മനസ്സിലാക്കാൻ സാധിച്ചുള്ളൂ. മറ്റുള്ളവർ നബിയെ അറിഞ്ഞില്ല. അങ്ങനെ സൃഷ്ടിക്കപ്പെട്ട ശൂന്യതയെയാണ് മുസ്‌ലിം വിരോധം രാഷ്ട്രീയമായി വിനിയോഗിക്കാൻ ആളുകൾ ഉപയോഗപ്പെടുത്തിയത്. ഹിന്ദുധർമത്തെ സെമിറ്റിസൈസ് ചെയ്ത് രാഷ്ട്രീയ മുതലെടുപ്പു നടത്താൻ ആഗ്രഹിച്ചവർക്ക് അതൊരു അനുകൂല സാഹചര്യം നൽകി. അവരുടെ അജണ്ടകൾക്ക് അനുകൂലാന്തരീക്ഷം സൃഷ്ടിച്ചുകൊടുക്കുന്ന തരം അതി തീവ്ര മുദ്രാവാക്യങ്ങളും മറ്റുമുയർത്തി മുസ്‌ലിംകളിൽ ചിലരെങ്കിലും അവരെ സഹായിക്കുകയും ചെയ്തു. ഗാന്ധിവധത്തെ തുടർന്ന് ഒരു മൂലയിലേക്കൊതുങ്ങിപ്പോയിരുന്ന ഫാഷിസ്റ്റുകൾക്ക് സടകുടഞ്ഞെഴുന്നൽക്കാൻ ദേശീയ തലത്തിൽ തന്നെ സഹായകമായത് ഇത്തരം മുദ്രാവാക്യങ്ങളാണ്. ഇത് ബോധപൂർവമായ ഒരു നീക്കമായിരുന്നു. സൗമ്യവും സ്‌നേഹോദാരവുമായ സഹവർത്തിത്വത്തെ അട്ടിമറിച്ചുകൊണ്ട് രാഷ്ട്രീയ നീക്കങ്ങൾ നടത്തുകയായിരുന്നു. അതിന്റെ സൂചനകൾ രണ്ടുപക്ഷത്തും കാണാനുണ്ടായിരുന്നു. അവർ രണ്ടുകൂട്ടരുമാണ് ഈ വിഭാഗീയത സൃഷ്ടിച്ചത്.

സ്‌നേഹത്തിന്റെയും ഉദാരതയുടെയും മറ്റും കാര്യമാലോചിക്കുമ്പോൾ മതത്തിന്റെ പ്രബോധനമാണ് പ്രധാനം. ഇസ്‌ലാം സ്‌നേഹത്തിന്റെയും സൗഹാർദ്ദത്തിന്റെയും മതമാണെന്ന വസ്തുത ജീവിതം കൊണ്ടും പ്രവർത്തനം കൊണ്ടും കാണിച്ചുകൊടുക്കാവുന്ന വിശ്വാസികളുടെ എണ്ണം പെരുകി വരണം. നബി ചെയ്തത് അതാണ്. ആരെയും നിർബന്ധിച്ച് ചേർക്കുകയായിരുന്നില്ല. ജീവിതം മാതൃകയാക്കിയാണ് പ്രബോധനം ചെയ്തത്. ഞാൻ കേട്ട ഒരു കഥയുണ്ട്. തിരുനബി നടന്നുപോകുന്ന വഴിയിൽ വെച്ച് സ്ഥിരമായി അദ്ദേഹത്തെ ചീത്തവിളിക്കുകയും ശരീരത്തിലേക്ക് മാലിന്യങ്ങൾ വലിച്ചെറിയുകയും ചെയ്തിരുന്ന ഒരു ജൂതസ്ത്രീയുണ്ടായിരുന്നു. നബി തിരിച്ചൊന്നും ചെയ്യുമായിരുന്നില്ല. ഒരു ദിവസം അവരുടെ ഉപദ്രവമില്ലാതിരുന്നപ്പോൾ എന്തു പറ്റി നമ്മുടെ മിത്രത്തിന് എന്ന് അന്വേഷിക്കുകയും അവർ സുഖമില്ലാതെ കിടപ്പിലാണെന്നു മനസ്സിലായപ്പോൾ തിരക്കു പിടിച്ച് പോവുകയായിരുന്ന നബി അവരെ സന്ദർശിച്ച് രോഗശാന്തിക്കായി പ്രാർത്ഥിക്കുകയും ചെയ്തുവെന്നാണ് കഥ. ആ നിമിഷത്തിൽ അവർ മാനസാന്തരപ്പെടുകയും നബിയുടെ വിശ്വാസം സ്വീകരിക്കുകയും ചെയ്തു. ആ കാലത്തെ അറേബ്യയിൽ പോലും ഇസ്‌ലാം പ്രചരിച്ചത് അങ്ങനെയാണ് എന്നതാണ് ഇസ്‌ലാമിന്റെ ചരിത്രം. സ്‌നേഹവും ഉദാരതയും ജീവിതം കൊണ്ട് ആവിഷ്‌കരിക്കുന്നവരായി മാറാൻ വിശ്വാസികൾക്കു കഴിയണം. അങ്ങനെയുള്ള ജീവിതത്തിലേക്കു മടങ്ങാൻ സത്യവിശ്വാസികൾ തയ്യാറാകണം. നിങ്ങൾക്കു വിശ്വസിക്കാം മറ്റു സമൂഹങ്ങളെ. പരസ്പരം അകറ്റാനുള്ള ശ്രമങ്ങൾ വളരെ ആസൂത്രിതമായും ശക്തമായും നടക്കുന്നുണ്ട്. അതുകൊണ്ട് ഉള്ളുതുറന്ന് വിനിമയം ചെയ്യാനുള്ള സാഹചര്യം നാം സൃഷ്ടിക്കണം. സത്യസന്ധമായി നബിയുടെ ജീവിതത്തെ കുറിച്ച് സംസാരിക്കാൻ നമുക്ക് കഴിയണം.

ഞാനും അയൽക്കാരൻ മുഹമ്മദും ഒരുമിച്ച് പഠിച്ചവരാണ്. മുസ്ഹഫ് കാണിച്ചുതരില്ലെങ്കിലും മുഹമ്മദ് എന്റെ കൂട്ടുകാരനാണ്. ഞങ്ങൾ ഉണ്ണിമാങ്ങ എറിഞ്ഞിട്ട് തിന്നാൻപോകും. എറിഞ്ഞു വീഴ്ത്തുന്ന മാങ്ങയിൽ ആദ്യത്തെ കടിക്കുള്ള അവകാശം എറിഞ്ഞിടുന്നവന്നാണ്. ഉണ്ണിമാങ്ങ വടികൊണ്ട് എറിഞ്ഞിടുന്നതിൽ വലിയ മിടുക്കനാണ് മുഹമ്മദ്. മാങ്ങ എറിഞ്ഞിട്ടു കഴിഞ്ഞാൽ കല്ലുപ്പു ചേർത്ത് ഒരു കടിയുണ്ട് അവന്. ഞങ്ങളുടെ കൂട്ടത്തിൽ ഒരു നമ്പൂതിരിക്കുട്ടിയുണ്ട്. അതു കാണുമ്പോൾ അയാളുടെ വായിൽ നിന്ന് വെള്ളം ചാടാൻ തുടങ്ങും. ഞങ്ങളെ കൊതിപ്പിച്ചുകൊണ്ട് രണ്ടുമൂന്നു തവണ അവൻ കടിക്കുമ്പോഴേക്ക് സഹികെട്ട് നമ്പൂതിരിക്കുട്ടി പറയും. താൻ കടിച്ചത് ഞാൻ കടിക്കാൻ പാടില്ലാന്നൊക്കെയാണ്. ന്നാലും ങ്ങട് തര്ാ. മുഹമ്മദ് തിന്ന മാങ്ങ നമ്പൂതിരിക്കുട്ടി കടിക്കും. കോരക്കുട്ടി കടിക്കും. അതുകഴിഞ്ഞ് ഞാൻ കടിക്കും. അങ്ങനെയൊക്കെയാണ് ഞങ്ങൾ ജീവിച്ചത്. മുഹമ്മദിന്റെ ഉമിനീര് എന്റെ ഉമിനീരുമായി ചേർന്നതാണ്. അങ്ങനെ വളർന്ന എനിക്ക് മുഹമ്മദിനെ വേറൊരാളായി കാണാനാവില്ല.

ഇന്ന് ആ സാഹചര്യമില്ല എന്നതാണ് പ്രശ്‌നം. എല്ലാ കുട്ടികൾക്കും ഒന്നിച്ചിരുന്ന് പഠിക്കാനുള്ള സൗകര്യം ഇന്നുണ്ടോ. ഓരോ വിഭാഗത്തിനും അവരവർ നടത്തുന്ന സ്‌കൂളുകളായില്ലേ. ഓരോ ജാതിക്കും അവരവരുടെ സ്‌കൂൾ. ഓരോ മതക്കാർക്കും അവരവരുടെ സ്‌കൂൾ. ഉപവിഭാഗങ്ങൾക്കും വെവ്വേറെ വിദ്യാലയങ്ങളായില്ലേ. വിശ്വാസത്തെയും സംസ്‌കാരത്തെയും ജീവിതത്തിൽ നിന്ന് പഠിക്കാനുള്ള അവസരമാണ് കുട്ടികൾക്ക് നഷ്ടപ്പെട്ടത്. നിഷ്‌കളങ്കരായ മുസ്‌ലിം കുട്ടികളുടെ ജീവിതത്തിൽ നിന്ന് മറ്റുകുട്ടികൾക്ക് നബിയെ മനസ്സിലാക്കാനുള്ള അവസരമാണ് ഇംഗ്ലീഷ് സ്‌കൂളുകളുടെ രംഗപ്രവേശത്തോടെ നിഷേധിക്കപ്പെട്ടത്. ബോധപൂർവമല്ലെങ്കിലും അത് നമ്മുടെ സമൂഹത്തിൽ ഗുരുതരമായ വിള്ളലുകൾ സൃഷ്ടിച്ചിട്ടുണ്ട്.

തിരുനബി രാഷ്ട്രം സ്ഥാപിച്ചപ്പോൾ അടിമയായ ബിലാലിനെക്കൊണ്ടാണ് ബാങ്കുവിളിപ്പിച്ചത്. നബി ക്ഷണിച്ചിരുന്നുവെങ്കിൽ ഏതു പ്രമാണിയും തയ്യാറാകുമായിരുന്നില്ലേ. അപ്പോൾ അടിമയെ വിളിച്ചതിൽ ഒരു സന്ദേശമുണ്ട്. ഇസ്‌ലാം അടിമകളുടെയും പ്രയാസപ്പെടുന്നവരുടെയും ദുഃഖിതരുടെയും മതമാണെന്ന സന്ദേശമാണത്. വിപ്ലവകരമായ ആ സന്ദേശം കാണാൻ കഴിയാതെ പോകുന്നത് നമുക്ക് നല്ല കണ്ണില്ലാഞ്ഞിട്ടാണ്. യത്തീമിന്റെ സമ്പത്തിനോടടുക്കുമ്പോൾ സൂക്ഷിക്കണം. അന്ത്യനാളിൽ യത്തീമിന്റെ പ്രാർത്ഥനക്കും ദൈവത്തിനുമിടയിൽ അകലം കുറവായിരിക്കുമെന്ന നബിയുടെ മുന്നറിയിപ്പ് എത്ര ശക്തമാണ്. യത്തീമിനെയും അനാഥരെയും അഗതികളെയും നന്നായി പരിഗണിച്ച മതമാണ് ഇസ്‌ലാം. പ്രാമുഖ്യം അവർക്കായിരുന്നു. അവരെ പരിഗണിച്ചതുകൊണ്ടാണല്ലോ സകാത് നിർബന്ധമാക്കിയത്. നിസ്‌കാരത്തെ കുറിച്ചു പറയുന്നേടത്തെല്ലാം സകാതിനെ കുറിച്ച് പറയുന്നുണ്ടല്ലോ. സമ്പത്തിൽ നിന്ന് നിശ്ചിതമായ ഒരു വിഹിതം കൊടുക്കാൻ നിങ്ങൾ ബാധ്യസ്ഥരാണ് എന്നത് വിപ്ലവകരമായ ഒരു കാഴ്ചയല്ലേ. കമ്മ്യൂണിസമൊക്കെ വരുന്നതിന്നു മുമ്പ് സാമ്പത്തിക അസന്തുലിതത്വത്തെ നബി മുൻകൂട്ടി കണ്ടിരുന്നുവല്ലോ.

സാമൂതിരിക്കു വേണ്ടി പോർച്ചുഗീസുകാർക്കെതിരെ പൊരുതിയിരുന്നത് മരക്കാന്മാരായിരുന്നല്ലോ. സമുദ്രറാണി എന്നു പറയുന്ന പോർച്ചുഗീസ് കപ്പൽ ചേറ്റുവ കടലിൽ മുക്കിയത് മരക്കാന്മാരാണ്. അത്രവലിയ യുദ്ധമാണ്. വലിയ ഒരു സമുദ്രം നമുക്കു മുന്നിൽ കിടക്കുകയല്ലേ. പോർച്ചുഗീസുകാർക്കെതിരെ വലിയ യുദ്ധമാണ് കടലിൽ വെച്ചു നടന്നത്. അത് രേഖപ്പെടുത്താൻ ആരുമുണ്ടായില്ല. ഒരു തിക്കോടിയൻ മാത്രമാണ് ചുവന്ന കടൽ എന്ന പേരിൽ ഒരു നോവൽ എഴുതിയത്. എന്തൊരു ക്രൂരതയാണിത്. കേരളീയ നാടോടിക്കഥകൾ എന്ന പുസ്തകത്തിൽ കടലിലെ രക്ഷാപുരുഷൻ എന്ന പേരിൽ കുഞ്ഞിമരക്കാർ ശഹീദിനെ കുറിച്ച് ഞാൻ എഴുതിയിട്ടുണ്ട്. ശൈഖ് സൈനുദ്ദീൻ മഖ്ദൂം രണ്ടാമന്റെ ശിഷ്യനായിരുന്നു കുഞ്ഞിമരക്കാർ ശഹീദ്. അദ്ദേഹത്തെ കുറിച്ച് അത്ഭുതമാല എന്ന പേരിൽ ഒരു മാലപ്പാട്ടുണ്ട്. കടപ്പുറത്തു വന്ന് പെൺകുട്ടികളെ, വിശേഷിച്ചും മുസ്‌ലിം പെൺകുട്ടികളെ പിടിച്ച് കൊണ്ടുപോയി ഉപയോഗിക്കുകയും അതു കഴിഞ്ഞ് കടലിൽ തള്ളുകയും ചെയ്യുമായിരുന്നു പോർച്ചുഗീസുകാർ. വിവാഹം നിശ്ചയിക്കപ്പെട്ട ദിവസത്തിന്റെ തലേനാൾ ഒരു പെൺകുട്ടിയെ കടപ്പുറത്തു നിന്ന് പോർച്ചുഗീസുകാർ കൊണ്ടുപോയതായി കുഞ്ഞിമരക്കാർ അറിയുന്നു. അയാൾ ഒറ്റക്ക് തോണിയിൽ അവരെ പിന്തുടർന്ന് പുറങ്കടലിൽ ചെന്ന് ഏറ്റുമുട്ടി പെൺകുട്ടിയെ മോചിപ്പിച്ചു. പിന്നാലെ വന്ന പറങ്കികളുമായി ഏറ്റുമുട്ടി കുഞ്ഞിമരക്കാർ രക്തസാക്ഷിയായി. ജഡം ഒമ്പതു കഷ്ണങ്ങളാക്കി കടലിൽ തള്ളി. ഓരോ ഭാഗവും കരക്കടിഞ്ഞ സ്ഥലത്ത് ഓരോന്നു വീതം ഒമ്പതു ഖബറുകളിലായി അവ മറവു ചെയ്യപ്പെട്ടു. ഇതാണ് കഥ. ഇതിന്നകത്തെ കഥാംശം കളയാം. എന്നാലും ദേശസ്‌നേഹത്തിന്റെ ഒരംശമുണ്ടല്ലോ അതിന്നകത്ത്. അത് പ്രധാനമാണ്. അവഗണിതയായ സ്ത്രീക്കു വേണ്ടിയുള്ള പോരാട്ടം. സ്വന്തം ശരീരത്തേക്കാൾ ഒരു സ്ത്രീയുടെ മാനത്തിനും ജീവന്നും വിലകൽപിക്കുന്ന അവസ്ഥ. വലിയ പണ്ഡിതനായിരുന്ന ആളാണ് ശഹീദ് മരക്കാർ. മഖ്ദൂമിന്റെ ശിഷ്യനാണ്. മഖ്ദൂമുമാരുടെ പരമ്പര സൃഷ്ടിച്ചിട്ടുള്ളത് ഈയൊരു പാരമ്പര്യമാണ്. വിശ്വാസപരമായി ഹിന്ദുക്കളേക്കാൾ യോജിക്കാവുന്ന സാഹചര്യം മുസ്‌ലിംകൾക്കുള്ളത് പോർച്ചുഗീസുകാരുമായിട്ടാണ്. അവർ അഹ്‌ലുൽകിതാബാണ്. വേദത്തിൽ വിശ്വസിക്കുന്നവർ. എന്നിട്ടും ക്രിസ്ത്യാനികളായ പോർച്ചുഗീസുകാരെ എതിർക്കുകയും ബഹുദൈവവിശ്വാസിയായ സാമൂതിരിയെ പിന്തുണക്കുകയും ചെയ്തു. അവർ മതത്തെയല്ല, അധർമത്തെയാണ് നേരിട്ടത്. അത് സാമൂതിരിക്കു വേണ്ടിയായി എന്നത് സാമൂതിരി അവർക്കു നൽകിയ വിശ്വാസത്തിന്റെ ഫലമാണ്. സമ്പത്തും അഭിമാനവും വിശ്വാസവും സംരക്ഷിച്ചുകൊണ്ട് ജീവിക്കാനുള്ള സ്വാതന്ത്ര്യം സാമൂതിരി നൽകി. മുസ്‌ലിംകളെ അദ്ദേഹം വിശ്വസിച്ചു. ഷാബന്ദർ കോയയായിരുന്നു സാമൂതിരിയുടെ പ്രധാന രക്ഷാപുരുഷൻ. മറ്റാരെ വിശ്വസിച്ചില്ലെങ്കിലും കോയയെ വിശ്വസിക്കും. അദ്ദേഹത്തെ രക്ഷാപുരുഷനാക്കിയിട്ടാണ് സാമൂതിരി മാമാങ്കത്തിന് വള്ളുവക്കോനാതിരിയോട് ഏറ്റുമുട്ടാൻ പോയിരുന്നത്. വള്ളുവക്കോനാതിരിയെക്കാൾ വിശ്വസ്തനായിരുന്നു സാമൂതിരിക്ക് ഷാബന്ദർകോയ. അങ്ങനെ വളർന്നു വന്ന സാമുദായികാന്തരീക്ഷമാണ് ഇവിടെ നിലനിൽക്കുന്നത് എന്നതിനാൽ മലബാറിൽ മതപരമായി സ്വാഭാവികമായ അകൽച്ച നിലനിൽക്കുന്നില്ല. സൃഷ്ടിക്കാൻ ചിലരൊക്കെ ശ്രമിക്കുന്നുണ്ടെങ്കിലും.

എന്റെ അനുഭവം പറയാം. മുത്തച്ഛൻ നമ്പൂതിരിയാണ്. സംബന്ധം വഴിക്ക്. അതുകൊണ്ട് വീട്ടിൽ മത്സ്യമാംസാദികളൊന്നും കൊണ്ടുവരികയില്ല. വളരെ കണിശമായിരുന്നു. തൊട്ടടുത്ത വീട്ടിലാണ് ഐശുമ്മുത്ത. ഐശുമ്മുത്ത മകൻ അബ്ദുല്ലക്കുട്ടിയെ രാത്രി പ്രസവിച്ചു. എന്നെ അമ്മ പിറ്റേന്നു കാലത്ത് പ്രസവിച്ചു. ഐശുമ്മുത്താന്റെ മകൾ ബീവിയുമ്മ പരീക്കുട്ടിയെ പ്രസവിച്ചതും അതേ ദിവസം. ഒന്നിച്ചു കളിച്ചു വളർന്നവർ. അബ്ദുല്ലക്കുട്ടിയുടെ പ്രായം ആരെങ്കിലും അന്വേഷിച്ചാൽ അത് അമ്മയോട് ചോദിക്കണമെന്നാണ് ഐശുമ്മുത്ത പറയുക. അന്ന് പെരുന്നാളൊക്കെയായാൽ പത്തിരിയും പോത്തിറച്ചിയുമാക്കിയിട്ട് പാത്രത്തിലാക്കി ഐശുമ്മുത്ത അമ്മയെ ഏൽപിക്കും. ദുരഭിമാനത്തിന്റെ പേരിൽ ദാരിദ്ര്യത്തിന്റെ കാര്യമൊന്നും പുറത്തു പറയില്ല. എങ്കിലും ഇവിടെ പട്ടിണിയാണെന്ന വിവരം അവർക്കറിയാം. അതുകൊണ്ട് അവർ അമ്മയോടു പറയും. നിങ്ങൾ കഴിക്കേണ്ട, മക്കൾക്ക് കൊടുത്തോളൂ എന്ന്. എങ്കിലും അമ്മമ്മക്ക് അറിയാമായിരുന്നു. ഐശുമ്മുത്ത തരുന്നത് വിഷമാണെങ്കിലും കഴിക്കാമെന്ന്. ഇത് ഞാൻ കെട്ടുകഥ പറയുന്നതല്ല. അനുഭവിച്ച കാര്യം പറയുകയാണ്. അതുകൊണ്ട് എനിക്ക് എന്റെ അമ്മമ്മയെയും ഐശുമ്മുത്താനെയും വേറെവേറെ കാണാൻ പറ്റുകയില്ല. എന്റെ ആത്മാവിൽ അവരൊക്കെ ഒരേ സ്ഥലത്താണ്. എന്റെ മരണം വരെ അത് അങ്ങനെത്തന്നെ ആയിരിക്കുകയും ചെയ്യും. ആദർശം കൊണ്ടല്ല, ഉമിനീരുകൊണ്ടുള്ള ബന്ധം, അന്നം കൊണ്ടുള്ള ബന്ധം. അതു കാത്തു സൂക്ഷിക്കലാണ് നമുക്ക് പ്രധാനം. അതിനു പ്രേരിപ്പിക്കുന്നതാകണം ആദർശം. ഇതാണ് പൊന്നാനിയുടെ പാരമ്പര്യം.
ഇതിനെതിരാകുന്ന നീക്കം രണ്ടു പക്ഷത്തുമുണ്ട്. ഹിന്ദുമതത്തിൽ സെക്ടേറിയനിസം നേരത്തെയില്ല. സെമിറ്റിക് മാതൃകയിലുള്ള ഒരുമതമല്ല അത്. ഹിന്ദുമതം ഒരു മതവുമല്ല. സനാതനധർമസംഹിത മാത്രമാണത്. ശൈവന്മാരും വൈഷ്ണവന്മാരും ശാക്തേയന്മാരുമായി തമ്മിലടിച്ചു കഴിഞ്ഞിരുന്ന പ്രസ്ഥാനമാണ്. വേദം വായിക്കാൻ അവകാശമില്ലാത്തവർ, അമ്പലത്തിൽ പ്രവേശിക്കാൻ പാടില്ലാത്തവരായിരുന്നില്ലേ മഹാഭൂരിപക്ഷവും. കേരളീയ ജനസംഖ്യയുടെ അഞ്ചു ശതമാനത്തിൽ താഴെ മാത്രം വരുന്ന വിഭാഗമല്ലേ വേദം വായിച്ചിരുന്നുള്ളൂ. അവർ മാത്രമല്ലേ അമ്പലത്തിൽ പോയിരുന്നുള്ളൂ. അമ്പതുകൊല്ലത്തിനിപ്പുറം അമ്പലത്തിൽ കയറാൻ അവകാശം കിട്ടിയവനാണ് ഇപ്പോൾ ഹിന്ദുത്വ പറഞ്ഞു നടക്കുന്നത്. അങ്ങനെ സവർണാധിപത്യത്തിന് വിധേയപ്പെട്ടുകൊടുക്കുകയല്ലേ വീണ്ടും സംഭവിക്കുന്നത്. ആത്മദാസ്യത്തിൽ നിന്ന് ഈ ജനത ഇനിയും വിമോചിപ്പിക്കപ്പെട്ടിട്ടില്ല. ജാതീയതയുള്ള ഹിന്ദുമതത്തെ ഏകീകരിക്കാനാവില്ല. ഈ കാണുന്ന ഏകീകരണമൊക്കെ കപടമായ ഏകീകരണമാണ്. ഹിന്ദുമതത്തിലേക്ക് വരുന്നവനെ ഏത് ജാതിയിലേക്കാണ് സ്വീകരിക്കുക. അവശക്രൈസ്തവന്റേതു പോലെയുള്ള ഒരവസ്ഥയിലേക്കാണ് അവൻ ആനയിക്കപ്പെടുന്നത്.

ഹിന്ദുസ്താനി സംഗീതവും മുഗൾ ശിൽപകലയും മാറ്റിനിർത്തി നമുക്ക് ഇന്ത്യൻ സംസ്‌കാരത്തെ കുറിച്ച് സംസാരിക്കാനാകുമോ? അതിൽ സൂഫികളുടെയും മുസ്‌ലിം കലാകാരന്മാരുടെയും സംഭാവന ചെറുതാണോ. അങ്ങനെ ആദാനപ്രദാനം കൊണ്ട് ഇന്ത്യ ഒരു സംസ്‌കാരം ആർജ്ജിക്കുകയാണ് ചെയ്യുന്നത്. നിസാമുദ്ദീൻ ഔലിയയെ മറന്നുകൊണ്ട് ഒരു ഇന്ത്യയുണ്ടോ. ഏതെങ്കിലും ഒരു പള്ളി-അമ്പലത്തർക്കത്തിന്റെ പേരിൽ വിസ്മരിക്കേണ്ടതാണോ ഇതെല്ലാം. വാവരെ കാണാതെ ആർക്കെങ്കിലും ശബരിമല അയ്യപ്പനെ കാണാൻ കഴിയുമോ. പ്രതീകാത്മകമായിട്ടാണെങ്കിലും വാവരെ കാണാതെ എന്നെയാരും കാണേണ്ട എന്നതല്ലേ ശബരിമല അയ്യപ്പന്റെ നിലപാട്.

ഞാൻ ശുഭാപ്തി വിശ്വാസിയാണ്. വിശ്വാസപരമായി വ്യത്യസ്തരായിരിക്കുമ്പോഴും നാമൊന്നാണെന്ന് ജീവിതം കൊണ്ട് കാണിച്ചു കൊടുക്കാൻ കഴിയുകയാണു വേണ്ടത്. മേൽപറഞ്ഞതരം കഥകളിലൂടെയാണ് അത് സാധിച്ചിരുന്നത്. എഴുത്തുകാരുടെ മനോഭാവം പ്രധാനമാണ്. കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ സവർണമനസ്സിന് അവ ഉൾക്കൊള്ളാൻ കഴിയണമെന്നില്ല. അതിനാൽ അദ്ദേഹം സമാഹരിച്ച ഐതിഹ്യമാലയിൽ അത്തരം കഥകൾ കാണുകയില്ല. ഇടശ്ശേരി, ഉറൂബ്, രാധാകൃഷണൻ, എംടി തുടങ്ങിയവരൊക്കെ പൊന്നാനിക്കാരായ എഴുത്തുകാരാണ്. അവരുടെ രചനകൾ വായിച്ചുനോക്കുക. മതസൗഹാർദ്ദത്തിന്റെയും സഹിഷ്ണുതയുടെയും വലിയ ലോകങ്ങളിലേക്കാണ് അവർ നമ്മെ കൊണ്ടുപോവുക. സൂക്ഷ്മമായി വായിച്ചാൽ പൊന്നാനി സാഹിത്യം മുഴുവൻ ഈ വലിയ സൗഹാർദ്ദത്തിന്റെ ആവിഷ്‌കാരമാണെന്നു കാണാം. പി സി കുട്ടികൃഷ്ണൻ ഉറൂബ് എന്ന അറബി വാക്കാണ് സ്വന്തം തൂലികാനാമമായി സ്വീകരിച്ചത്. നിങ്ങൾ ഉറൂബിനെ വായിക്കുക, ഇടശ്ശേരിയെ, ഗോവിന്ദനെ വായിക്കുക. അവരുടെയൊക്കെ രചനകളിൽ ഈ ഒരുമയുടെ ദർശനം കാണാം. എം എൻ റോയിയുടെ ഹിസ്‌റ്റോറിക്കൽ റോൾ ഓഫ് ഇസ്‌ലാം കേരളത്തിൽ പരിചയപ്പെടുത്തിയത് ഗോവിന്ദനാണ്. എന്റെ പാരമ്പര്യം അതാണ്. പാകിസ്താൻ വിഭജനം പോലുള്ള വലിയ കുഴപ്പങ്ങൾ നടക്കുന്ന കാലത്താണ് ഇടശ്ശേരി ഇസ്‌ലാമിലെ വൻമല എഴുതുന്നത്. യോജിപ്പും സാഹോദര്യവുമാണ് സത്യം എന്ന് ഉറക്കെപ്പറയുകയാണ് അദ്ദേഹം. അദ്ദേഹത്തെ ഉദ്ധരിച്ചുകൊണ്ട് നമുക്കിത് അവസാനിപ്പിക്കാം.

നൂറു ശതമാനം ഞാനൊരാര്യ

ക്കൂറും കുടുമയുമുള്ള ഹിന്ദു

മാപ്പിളേ,നീയെന്നലവിയെങ്കിൽ

തോളിൽ കയ്യിട്ടു നടന്നുകൊള്ളൂ

കാഫിറെന്നെന്നെ വിളിച്ചു കൊള്ളൂ

കാതു കുത്താതെ കഴിഞ്ഞുകൊള്ളൂ

നൂറു ശതമാനം മുസ്‌ലിം ധർമ-

ക്കൂറും പെരുമയും വച്ചുപോറ്റൂ

നമ്മൾക്കു മുമ്പോട്ടു മുമ്പോട്ടു പോയ്

നന്മയോ തിന്മയോ നേടാമൊപ്പം.

കേരളത്തിന്റെ വിളർപ്പുമാറ്റി-

ച്ചേരട്ടെ വർണ ശബളതകൾ

കൂറും പൊരുത്തവുമൊത്ത നമ്മൾ

തോളിൽ കയ്യിട്ടേ നടന്നുകൂടൂ.

വരമൊഴി : കെ. അബൂബക്കർ

You must be logged in to post a comment Login