നബിജീവിതത്തിലെ ബീവിമാർ – ഉമ്മുഐമൻ (റ)

നബിജീവിതത്തിലെ ബീവിമാർ – ഉമ്മുഐമൻ (റ)

യസ്‌രിബിൽ നിന്നും മക്കയിലേക്കുള്ള മടക്കയാത്രയിലായിരുന്നു അവർ മൂന്നുപേർ. മക്കയിൽ നിന്നും സിറിയയിലേക്ക് പോകുന്ന കച്ചവട സംഘത്തോടൊപ്പമാണ് ആഴ്ചകൾക്ക് മുമ്പ് യാത്ര പുറപ്പെട്ടത്. ഏഴു വർഷങ്ങൾക്ക് മുൻപ് ഇത് പോലൊരു യാത്രാസംഘത്തോടൊപ്പം കച്ചവടാവശ്യാർഥം യാത്ര പോയ തന്റെ പ്രിയതമൻ അബ്ദുല്ലായുടെ ഖബറിടം സന്ദർശിക്കലായിരുന്നു ആമിനയുടെ യാത്രോദ്ദേശ്യം. പോകേണ്ടെന്നു ബന്ധുക്കൾ വിലക്കിയിട്ടും ആമിനക്ക് യസ്‌രിബിലേക്ക് പോകാതിരിക്കാൻ കഴിഞ്ഞില്ല. വിവാഹത്തിന്റെ മൂന്നാം മാസം മക്കയിൽനിന്ന് യാത്ര പുറപ്പെട്ട അബ്ദുല്ലയെ ശേഷം ആമിന കണ്ടിട്ടേ ഉണ്ടായിരുന്നില്ല. പിന്നെ കേൾക്കുന്നത് രോഗം പിടിപെട്ടുവെന്നും യസ്‌രിബിൽ വെച്ചു മരണപ്പെട്ടുവെന്നും അബ്ദുല്ലയെ അവിടെ തന്നെ മറമാടി എന്നുമുള്ള വാർത്തയാണ്. അത് കേൾക്കുമ്പോൾ ആമിന രണ്ടു മാസം ഗർഭിണിയായിരുന്നു.

മികച്ച ഒരു സമ്മാനവും നൽകിയാണ് ഭർത്താവ് യാത്രയായിരിക്കുന്നത് എന്ന് ആമിനാ അന്ന് അറിഞ്ഞിരുന്നില്ല. ആ ഭർത്താവിന്റെ ഖബറിടം സന്ദർശിക്കാൻ കുറെ നാളായി അവർ കാത്തിരിക്കുകയായിരുന്നു. അവസരം ഒത്തു വന്നപ്പോൾ പുറപ്പെടാനൊരുങ്ങി. സ്‌നേഹനിധിയായ ഭർത്താവിന്റെ ഖബറിടം കാണണം. മകന് ബാപ്പയുടെ വിശ്രമസ്ഥാനം കാട്ടിക്കൊടുക്കണം. തങ്ങളുടെ വിശേഷങ്ങൾ പറയണം. ഇങ്ങനെയൊക്കെ തീരുമാനിച്ച ആമിനയെ പിന്നെ ആർക്ക് തടഞ്ഞു നിർത്താനാകും?. യാത്രയിലെ ബുദ്ധിമുട്ടുകളെക്കുറിച്ചും അപകടത്തെക്കുറിച്ചുമൊക്കെ അബ്ദുൽമുത്തലിബും പരിചാരിക ബറകയും ഓർമിപ്പിച്ചുവെങ്കിലും അബ്ദുല്ലയോടുള്ള സ്‌നേഹപാരവശ്യം നൽകിയ നിശ്ചയദാർഢ്യം ആമിനയെ സുരക്ഷിതയാക്കി. അവർ പുറപ്പെടാനൊരുങ്ങി. ലോകത്തെ ഏതൊരു ഭർത്താവിനും ഭാര്യക്ക് നൽകാൻ കഴിയുമായിരുന്ന എക്കാലത്തെയും മികച്ച സമ്മാനമായ മുഹമ്മദ് എന്ന കുട്ടിയുടെ കൈ പിടിച്ച് അവർ ഇറങ്ങി. തങ്ങളെ പരിചരിക്കാൻ വേണ്ടി അബ്ദുല്ല കൊണ്ടു വന്ന ബറക എന്ന് പേരുള്ള പെൺകുട്ടിയെയും കൂടെക്കൂട്ടി.

യസ്‌രിബിൽ കഴിച്ചു കൂട്ടിയ നാളുകളിൽ ഓരോ ദിവസവും ആമിന ഭർത്താവിന്റെ ഖബറിടത്തിൽ പോയി. ഭർത്താവുമായി അവർ സ്‌നേഹവും ആവലാതികളും പങ്കുവെച്ചു. സിറിയയിൽ നിന്നുള്ള യാത്രാ സംഘം മടങ്ങിയെത്തിയപ്പോൾ അവരുടെ കൂടെ മടക്കയാത്ര തുടങ്ങി. യസ്‌രിബിലെ ദീർഘനാളത്തെ താമസവും നീണ്ട യാത്രയും ആമിനയെ തളർത്തിയിരുന്നു. അബവാഇലെത്തിയതും ആമിനക്ക് കലശലായ പനി വന്നു. ആരോഗ്യം വഷളായി. യാത്ര തുടരാൻ പറ്റാത്ത വിധം അവർ വിവശയായി. യാത്രാ സംഘം അബവാഇൽ തങ്ങി. മരണം കാത്തു കിടപ്പിലായ ആമിന പരിചാരികയെ അടുത്തേക്ക് വിളിച്ചു. മകനെ അവരുടെ കയ്യിൽ ഏൽപിച്ചു കൊണ്ട് പറഞ്ഞു: ‘നീയിവനെ പിരിഞ്ഞിരിക്കരുത്. ഒരുമ്മയെ പോലെ എപ്പോഴും അവന്റെ അരികത്തുണ്ടാകണം’.

ആമിനയുടെ വാക്കുകൾ ബറകയെ ഞെട്ടിച്ചതേയില്ല. സ്വന്തം കൈകൊണ്ടു ആമിനയെ മറവു ചെയ്ത ആ ഇളംപ്രായക്കാരി പെൺകുട്ടി അവരുടെ ഖബറിടത്തിൽ വെച്ചെടുത്ത പ്രതിജ്ഞ ജീവിതാന്ത്യം വരെയും പാലിച്ചു; ഊണിലും ഉറക്കിലും അവർ ആ പിഞ്ചു ബാലന് കാവലിരുന്നു.

മക്കയിലെ അടിമക്കച്ചവടച്ചന്തയിൽ വിൽപ്പനക്ക് വെച്ച അനേകായിരം അടിമകളിൽ ഒരാൾ മാത്രമായിപ്പോകുമായിരുന്ന അബ്‌സീനിയക്കാരി പെൺകുട്ടിയുടെ ജീവിതം ആകെപ്പാടെ മാറിയത്, മക്കയിലെ വ്യാപാരി അബ്ദുല്ല അവളെ വാങ്ങാൻ തീരുമാനിച്ചതോടെയാണ്. അടിമകളെ മൃഗങ്ങളെ പോലെ പരിഗണിച്ചിരുന്ന പൂർവ അറേബ്യയിൽ പക്ഷേ, ഈ അബ്‌സീനിയക്കാരിയെയും കാത്ത് വഴിനീളെ ഒട്ടനവധി ഭാഗ്യങ്ങളുണ്ടായിരുന്നു. അബ്ദുല്ലയുടെയും ആമിനയുടെയും വീട്ടിലെ വേലക്കാരിയാവുക എന്നതായിരുന്നു അതിലെ ഏറ്റവും വലിയ ഭാഗ്യം.

ആമിനയെ ഗർഭകാലം മുഴുവൻ പരിചരിച്ചത് ബറകയായിരുന്നു. കിസ്‌റ ഖൈസറുകളെ ഞെട്ടിത്തരിപ്പിച്ച്, സാവ തടാകത്തെ വറ്റിച്ച്, മലക്കുകൾ ആകാശത്തെയും ഭൂമിയെയും അനുഗ്രഹം കൊണ്ട് പൊതിഞ്ഞ് സൃഷ്ടികളിൽ ഏറ്റവും ഉത്തമരായ തിരുദൂതരുടെ ഭൂലോകത്തേക്കുള്ള വരവ് ആദ്യമായി കാണാൻ ഭാഗ്യം ലഭിച്ചതും ഈ അബ്‌സീനിയക്കാരി പെൺകുട്ടിയുടെ കണ്ണുകൾക്ക്! ആമിന പ്രസവിച്ചിട്ട കുഞ്ഞിനെ ആദ്യമായി കയ്യിലെടുത്തതും ബറക തന്നെ!! റസൂലിന്റെ കണ്ണുകൾ ഈ ലോകത്ത് ആദ്യമായി കണ്ടതോ ബറകയുടെ മുഖവും!!!

ബറകയുടെ കൈകളിൽ തന്റെ മകൻ സുരക്ഷിതനായിരിക്കുമെന്നുള്ള ഉറപ്പു ആമിനക്കുണ്ടായിരുന്നു. ആ ഉറപ്പാണ് ആദ്യമായി തന്റെ കൈകളിലേക്ക് മകനെ എടുത്തു തന്ന ബറകയുടെ കയ്യിലേക്ക് തന്നെ മകനെ തിരിച്ചേൽപ്പിക്കാൻ ആമിനയെ പ്രേരിപ്പിച്ചതും.

മക്കയിൽ തിരിച്ചെത്തിയ ബറക ആമിനയുടെ പോന്നോമനയെയും കൊണ്ട് നേരെ പോയത് അബ്ദുൽമുത്തലിബിന്റെ വീട്ടിലേക്കാണ്. രണ്ടു വർഷത്തോളം അവിടെ താമസിച്ചു. അബ്ദുൽമുത്തലിബിന്റെ മരണ ശേഷം അബൂ താലിബിന്റെ വീട്ടിലേക്കു താമസം മാറിയപ്പോൾ ആമിനയുടെ കുഞ്ഞുമോന് അവിടെയും കൂട്ട് ബറകയായിരുന്നു. തിരുദൂതർ ഖദീജയെ കല്യാണം കഴിക്കുന്നതുവരെയും അവർ അവിടെ തങ്ങി.

വിവാഹ ശേഷം ഖദീജയുടെ വീട്ടിലേക്കു തിരുദൂതരോടൊപ്പം ബറകയും താമസം മാറി. ബറകയെ തന്റെ പ്രിയതമക്ക് പരിചയപ്പെടുത്തിക്കൊണ്ട് മുത്തു നബി പറഞ്ഞു: ”ഇവൾ ബറക, എന്റെ ഉമ്മയുടെ ശേഷമുള്ള എന്റെ ഉമ്മയാണിത്. എന്റെ കുടുംബത്തിന്റെ ബാക്കി കൂടിയാണിവർ.”

ഇതുവരെയും തനിക്കു കൂട്ടായി നിന്ന പരിചാരികക്ക് ഒരു സമ്മാനം കൊടുക്കാൻ റസൂൽ തീരുമാനിച്ചു. അവരെ സ്വതന്ത്രയാക്കി. റസൂലിന്റെയും ഖദീജയുടെയും വാത്സല്യ പൂർണമായ നിർബന്ധത്തിനു വഴങ്ങി ബറക വിവാഹിതയായി. യസ്‌രിബിലെ ഖസ്‌റജ് ഗോത്രക്കാരനായ ഉബൈദ് ഇബ്‌നു സിയാദിനെയായിരുന്നു ബറകക്ക് വേണ്ടി റസൂലും ഖദീജയും കണ്ടു വെച്ച വരൻ.

വിവാഹ ശേഷം അവർ ഉബൈദിന്റെ യസ്‌രിബിലെ വീട്ടിലേക്കു പോയി. അവിടെ വെച്ചു ഒരാൺകുട്ടിയെ പ്രസവിച്ചു. ഐമൻ എന്നവർ ആ കുട്ടിക്ക് പേര് നല്കി. ബറക അതോടെ ഉമ്മുഐമൻ എന്നറിയപ്പെട്ടു. പക്ഷേ, ആമിനയോടുള്ള ബറകയുടെ വാഗ്ദാനം നിറവേറ്റാനുള്ള വഴികൾ അല്ലാഹു പല രീതിയിലായി തുറന്നു. ഉബൈദ് ഇബ്‌നു സിയാദ് പൊടുന്നനെ മരണപ്പെട്ടു. ഉമ്മുഐമൻ പിന്നെ യസ്‌രിബിൽ നിന്നതേ ഇല്ല. മക്കയിലെ തന്റെ പുന്നാര മകന്റെയടുത്തേക്ക്, മുത്ത് റസൂലിന്റെ വീട്ടിലേക്കു ഓടിയെത്തി.

മക്കയിൽ തിരുദൂതർ വേട്ടയാടപ്പെട്ടുകൊണ്ടിരുന്ന കാലമായിരുന്നു അത്. തിരുദൂതരുടെ ഓരോ വേദനകളിലും അവർ പങ്കാളിയായി. ഏകനായ അല്ലാഹുവിനെക്കുറിച്ച് തന്റെ മകൻ പറഞ്ഞപ്പോൾ അതിൽ അവിശ്വസിക്കാൻ ഒന്നുമില്ലെന്ന് ഉറപ്പിച്ചു പറഞ്ഞ ആദ്യത്തെ ആളുകളിൽ ഉമ്മുഐമനും ഉണ്ടായിരുന്നു.

ഒരിക്കൽ ഖദീജ ബീവിക്ക് റസൂലിന്റെയടുത്തു അടിയന്തിരമായി ഒരു വിവരമറിയിക്കണം. അർഖമിന്റെ വീട്ടിലായിരുന്നു തിരുമേനിയപ്പോൾ. ആ വീട് ശത്രുക്കളാൽ ചുറ്റപ്പെട്ടിരിക്കുന്ന സമയം. അവിടേക്ക് എത്തുന്നവരെ മുഴുവൻ ഖുറൈശികൾ പീഢിപ്പിക്കുകയാണ്. പക്ഷേ, അതൊന്നും ഉമ്മുഐമന് ഒരു തടസ്സമായിരുന്നില്ല. അവർ ജീവൻ പണയം വെച്ച് ദാറുൽഅർഖമിൽ എത്തി, ഖദീജ ബീവിയുടെ സന്ദേശം കൈമാറി. ഉമ്മുഐമനെ കണ്ടതും റസൂൽ പുഞ്ചിരി തൂകി. ശേഷം ഏതൊരാൾക്കും ജീവിതത്തിൽ കേൾക്കാവുന്ന ഏറ്റവും വലിയ സന്തോഷവാർത്ത റസൂൽ അവരെ അറിയിച്ചു; ഉമ്മുഐമൻ, അനുഗ്രഹിക്കപ്പെട്ടവരുടെ കൂട്ടത്തിലാണ് നിങ്ങൾ. തീർച്ചയായും സ്വർഗത്തിൽ നിങ്ങൾക്കൊരു സ്ഥാനമുണ്ട്.

ശേഷം സ്വഹാബികളോടായി റസൂൽ പറഞ്ഞു; സ്വർഗസ്ഥയായ ഒരു സ്ത്രീയുടെ ഭർത്താവായിരിക്കാൻ നിങ്ങളിൽ ആരെങ്കിലും ആഗ്രഹിക്കുന്നുണ്ടോ?. ഉണ്ടെങ്കിൽ നിങ്ങൾ ഉമ്മുഐമനെ കല്ല്യാണം കഴിച്ചോളൂ.

ആ സ്വർഗീയ സ്ത്രീയെ തനിക്കു വേണമെന്ന് സൈദ് ഇബ്‌നു ഹാരിസ് വന്നു റസൂലിനോട് പറഞ്ഞു. അവർ വിവാഹിതരായി. റസൂൽ സ്വതന്ത്രനാക്കിയ അടിമയായിരുന്നു സൈദ് ഇബ്‌നു ഹാരിസ്. റസൂലിന്റെ വളർത്തു പുത്രനാകാൻ ഭാഗ്യം ലഭിച്ചവർ. ആ വിവാഹത്തിലും അവർക്കൊരാൺകുട്ടിയുണ്ടായി. പേര്, ഉസാമ. റസൂലിനു ഏറെ ഇഷ്ടമുണ്ടായിരുന്ന കുട്ടിയായി ഉസാമ വളർന്നു.

ഇസ്‌ലാമിനു വേണ്ടി തന്നെയും തനിക്കുള്ളതിനെയും സമർപ്പിക്കാനായിരുന്നു ഉമ്മുഐമന്റെ നിയോഗം. രണ്ടാമത്തെ ഭർത്താവ് സൈദ് ഇബ്‌നു ഹാരിസ മുഅ്തത് യുദ്ധത്തിൽ ശഹീദായി. ഹുനയ്ൻ യുദ്ധത്തിൽ റസൂലിന്റെ ചാരത്തു നിന്ന് ഐമനും ഉസാമയും യുദ്ധം ചെയ്യുമ്പോൾ ഉമ്മു ഐമനും അവിടെ ഉണ്ടായിരുന്നു. ആ യുദ്ധത്തിൽ ഐമൻ ശഹീദാകുന്നതും അവർ നേരിൽ കണ്ടു. നിരവധി യുദ്ധങ്ങളിൽ ഉമ്മു ഐമൻ റസൂലിനെ അനുഗമിച്ചു. ഉഹ്ദിലും ഖൈബറിലും അവരുണ്ടായിരുന്നു. പലപ്പോഴുമവർ മുറിവേറ്റവരെ ശുശ്രൂഷിക്കുകയും അവർക്ക് കുടിവെള്ളം എത്തിച്ചു കൊടുക്കുകയും ചെയ്തു . ഉസാമയാകട്ടെ, ബൈസാണ്ട്രിയൻ സാമ്രാജ്യം കീഴടക്കാൻ നിയോഗിക്കപ്പെട്ട സൈന്യത്തിന്റെ സൈന്യാധിപനായിപ്പോയി.

റസൂൽ യസ്‌രിബിലേക്ക് ഹിജ്‌റ പോയപ്പോൾ, മക്കയിലെ റസൂലിന്റെ വീടിന്റെ കാവൽക്കാരി ഉമ്മുഐമനായിരുന്നു. മദീനയിലെത്തിയ റസൂലിനെ കാണാതിരിക്കാൻ ഉമ്മുഐമന് പക്ഷേ ക്ഷമ വന്നില്ല. ഒരു ദിവസം സ്വയം തീരുമാനിച്ചുറപ്പിച്ച് അവർ കാൽനടയായി മദീനയിലേക്ക് പോയി . റസൂലിനെ കണ്ടു!. ദീർഘനാളത്തെ മണലാരണ്യത്തിലൂടെയുള്ള നടത്തം കാരണം ഉമ്മുഐമന്റെ കാലുകൾ നീർ വന്നു തടിച്ചിരുന്നു. മകനെ കാണാനുള്ള തിടുക്കത്തിൽ മുഖത്തു പാറി വീണ മണൽപൊടികൾ പോലും തുടക്കാതെ അവർ മദീനാ പള്ളിയോടു ചേർന്നുള്ള റസൂലിന്റെ വീടിനടുത്തേക്ക് ഓടി. ഇത് കണ്ട റസൂൽ എന്റെ ഉമ്മാ എന്ന് വിളിച്ചു കൊണ്ട് സ്വർഗം കൊണ്ട് അവരെ വീണ്ടും സന്തോഷവാർത്ത അറിയിച്ചു.

മദീനയിലെ താമസക്കാലത്തു പലപ്പോഴും റസൂൽ തന്റെ ഉമ്മയുടെ വിവരങ്ങൾ അന്വേഷിക്കാൻ എത്തുമായിരുന്നു. സുഖമല്ലേ ഉമ്മാ എന്ന റസൂലിന്റെ അന്വേഷണത്തിനു അവരുടെ മറുപടി ഇങ്ങിനെയായിരുന്നു; അല്ലാഹുവിന്റെ ദീനായ ഇസ്‌ലാമിനു സുഖമുള്ള കാലത്തോളം എനിക്കും സുഖം തന്നെ. ഉമ്മീ എന്നായിരുന്നു ഓരോ തവണയും റസൂൽ അവരെ അഭിസംബോധന ചെയ്തിരുന്നത്.

ഒടുവിൽ, തന്റെ പ്രിയപ്പെട്ട മകന്റെ, റസൂലിന്റെ വേർപാടിനും അവർ സാക്ഷിയായി! അങ്ങനെ ആമിനാ ബീവിയുടെ വാക്കുകളെ അവർ അക്ഷരംപ്രതി അനുസരിച്ചു.

റസൂലിന്റെ വിയോഗത്തിനു ശേഷം സങ്കടപ്പെട്ടു കൊണ്ടിരുന്ന ഉമ്മുഐമനെ ആശ്വസിപ്പിക്കാൻ അബൂബക്കർ സ്വിദ്ദീഖ് (റ) ഒരിക്കലെത്തി. കരയരുതെന്നപേക്ഷിച്ച സിദ്ദീഖുൽഅക്ബറിനോട് ഉമ്മുഐമൻ പറഞ്ഞു: റസൂൽ നമ്മെ വിട്ടു പോകുമെന്ന കാര്യം എനിക്കറിയാമായിരുന്നു. അതിലെനിക്ക് സങ്കടവുമില്ല. എന്റെ വേദന മുഴുവൻ, അല്ലാഹുവിൽനിന്നുള്ള വഹ്‌യ് നിലച്ചു പോയല്ലോ എന്നതാണ്.

ഗർഭകാലത്ത് തുടങ്ങി വേർപാടിന്റെ സമയം വരെയും മുത്തു റസൂലിന്റെ ചാരത്ത് ഒരുമ്മയെപ്പോലെ കാവൽ നിന്ന, റസൂലിന്റെ ജീവിതത്തെ ഇത്രമേൽ ചുറ്റി നിന്ന, റസൂലിനെ ഇത്രയേറെ പരിചരിച്ച മറ്റൊരാൾ ഇല്ല തന്നെ. അബ്‌സീനിയയിൽനിന്നും മക്കയിലെ അടിമച്ചന്തയിൽ വിൽപ്പനക്കായി വെച്ച ഒരു കറുത്തപെണ്ണിന് തന്നെയാകണം ഈ നിയോഗം ലഭിക്കേണ്ടത് എന്ന് അല്ലാഹു തീരുമാനിച്ചത് എന്തുകൊണ്ടാവും?. ലോകം മുഴുവനും സൃഷ്ടിക്കാൻ കാരണക്കാരനായ നബി തിരുമേനിയുടെ രണ്ടാമത്തെ ഉമ്മ, ഉമ്മുഐമൻ എന്ന ബറക ആഫ്രിക്കകാരിയായ ഒരടിമ സ്ത്രീ തന്നെയാകണമെന്നു അല്ലാഹു നിശച്ചയിച്ച്ചതിന്റെ പൊരുളെന്താകും?

അബവാഇൽ ആമിന ബീവിയെ ഖബറടക്കിയ ശേഷം റസൂലിനെയും തോളത്തു താങ്ങി മക്കയിലേക്ക് വന്ന ബറകയുടെ ചിത്രമൊന്നു സങ്കല്പ്പിച്ചു നോക്കൂ. ലോകത്തിനു മുഴുവനും അനുഗ്രഹമായി വന്ന തിരുദൂതരെയാണ് താൻ കയ്യിലേറ്റിയിരിക്കുന്നതെന്ന് ബറകക്ക് അന്നേ ബോധ്യമുണ്ടായിരുന്നോ?.

റസൂലിന്റെ വഫാതിന്റെ ഏഴാം വർഷത്തിൽ, ഉസ്മാനുബ്‌നു അഫാന്റെ ഭരണകാലത്താണ് ഉമ്മുഐമൻ വഫാതാകുന്നത്.

ലോകത്തെ മുഴുവൻ ചരാചരങ്ങൾക്കും വേണ്ടി ആമിനയുടെ പൊന്നുമോൻ കണ്ണിലെണ്ണയൊഴിച്ച് കാവൽനിന്ന ബറകക്ക് സലാം.

You must be logged in to post a comment Login