ഇന്ന് പുസ്തകങ്ങള്‍; നാളെ നമ്മള്‍…വായനയെ ആരാണ് പേടിക്കുന്നത്?

ഇന്ന് പുസ്തകങ്ങള്‍; നാളെ നമ്മള്‍…വായനയെ ആരാണ് പേടിക്കുന്നത്?

‘വായിക്കുക’ എന്ന വാക്ക്, ഹിറയിലെ ഏകാന്ത ധ്യാനനിരതമായ വേളയില്‍ ആദ്യമായി കേട്ടപ്പോള്‍ നബിതിരുമേനിയുടെ മനക്കടലില്‍ തിരയടിച്ച വികാരങ്ങളെന്തൊക്കെയായിരിക്കാം? സംഭ്രാന്തി, പേടി, ഉത്കണ്ഠ, അങ്കലാപ്പ് തുടങ്ങിയുള്ള വികാരങ്ങളൊക്കെ തിരതള്ളി വന്നിട്ടുണ്ടാവാം. ”അല്ലാഹുവിന്റെ നാമത്തില്‍ വായിക്കുക” എന്നാണ് പറയുന്നത്. ഇലാഹീ പ്രീതിയല്ലാതെ മറ്റൊന്നും നിനച്ചിരിക്കാത്ത നേരത്ത്, ആ സ്രഷ്ടാവിന്റെ ദൂതുമായി ഏഴാകാശത്തിനപ്പുറത്തുനിന്നും ഒരു മലക്ക് ഇറങ്ങിവന്നു. വരാനിരിക്കുന്ന മനുഷ്യവംശത്തിന് മുഴുവന്‍ ദിശ കാട്ടുന്ന വെളിപാടിന്റെ വാക്കുകള്‍ കാതിലോതിക്കൊടുക്കാന്‍ തുടങ്ങുമ്പോള്‍ ഒരു വലിയ ഉത്തരവാദിത്വം തന്നെ കാത്തിരിപ്പുണ്ടെന്ന് അവിടുന്ന് ഓര്‍ത്തിരിക്കാനിടയില്ല.

വാക്കുകള്‍- മണ്ണില്‍ ജീവിക്കുന്ന മനുഷ്യന് വഴികാട്ടാന്‍ വിണ്ണില്‍ നിന്നിറങ്ങിവരുന്ന വാക്കുകള്‍.
എല്ലാ അറിവുകളുടെയും മൂലസ്രോതസ്സില്‍ നിന്നു തന്നെയായിരുന്നു വെളിപാടിന്റെ വാക്കുകള്‍ ഇറങ്ങി വന്നത്. അനേക സഹസ്രാബ്ദങ്ങളുടെ സാമൂഹ്യാവബോധമനസ്സില്‍ നിന്നുറവ പൊട്ടിയൊഴുകുന്നതുപോലെ ചരിത്രവും ഭാവിയും ശാസ്ത്രവും നിയമവും മതമീമാംസകളുമെല്ലാം വെളിപാടിന്റെ വാക്കുകളില്‍ ചേര്‍ന്നു കിടക്കുന്നു. സന്ദര്‍ഭങ്ങളും പശ്ചാതലങ്ങളുമറിയാതെ അത് വായിച്ചെടുക്കാനാവില്ല. അതിനെ സ്വന്തം ജീവിതം കൊണ്ട് പൂരിപ്പിക്കുകയാണ് നബി തിരുമേനി ചെയ്തത്. രണ്ടും പരസ്പര പൂരകങ്ങളാണ്. ഇസ്‌ലാമിക വിശ്വാസ ശാസ്ത്രത്തിന്റെയും കര്‍മ്മശാസ്ത്രത്തിന്റെയും അടിസ്ഥാനം ഈ അനുപൂരകത്വമാണ്. അത് കെട്ടിപ്പടുത്ത മഹാപണ്ഡിതന്മാര്‍ അസ്തിവാരത്തില്‍ വിള്ളലുണ്ടാവാതിരിക്കാന്‍ കാട്ടിയ സൂക്ഷ്മതക്ക് ചരിത്രത്തില്‍ വേറെ ഉദാഹരണങ്ങളില്ല. വിശുദ്ധ ഖുര്‍ആന്‍ അവതീര്‍ണമായ അറബി ഭാഷ അതേപടി നിലനിര്‍ത്തേണ്ടതുണ്ടായിരുന്നു. അതേസമയം ദിവ്യഗ്രന്ഥത്തിനു പുറത്ത്, വ്യവഹാരഭാഷയെന്ന നിലയില്‍ അറബിക്ക് മറ്റേതൊരു ഭാഷയെയും പോലെ വികാസ പരിണാമങ്ങളുമുണ്ടായി. ഒരു വൈജ്ഞാനിക ശാഖയായി ഹദീസ് നിദാനശാസ്ത്രത്തെ വളര്‍ത്തിക്കൊണ്ടുവന്നതിലെ സൂക്ഷ്മതയും അന്യാദൃശമാണ്. മാനവ ചരിത്രത്തില്‍ മുഹമ്മദ് മുസ്തഫ (സ) യെ പോലെ ഓരോ സൂക്ഷ്മാംശവും അടയാളപ്പെടുത്തപ്പെട്ട ഏത് മഹദ് ജീവിതമാണുള്ളത്? ഏറ്റവും സമ്പൂര്‍ണമായ ജീവചരിത്രം വേറെ ഏതുണ്ട്?
വായിക്കുക!

വാക്കുകള്‍, ശബ്ദങ്ങള്‍…. ആംഗ്യങ്ങളില്‍ നിന്നു തുടങ്ങുന്ന ഭാഷയുടെയും ആശയവിനിമയത്തിന്റെയും ചരിത്രത്തില്‍ അവ പ്രതീകങ്ങള്‍ മാത്രമാണ്. വസ്തുവോ, വസ്തുതയോ അല്ല. ‘ആന’ എന്ന ജീവിയെക്കുറിക്കുന്ന വാക്ക് എല്ലാ ഭാഷയിലും ഒന്നല്ല. പരസ്പര ബന്ധമില്ലാത്ത രണ്ടക്ഷരങ്ങള്‍ ചേര്‍ന്നുണ്ടാകുന്ന ഒരു ശബ്ദം. ആനയുടെ രൂപവുമായി അതിന് ഒരു ബന്ധവുമില്ല. അത് വിശദീകരിക്കാനാവുന്ന ഒരു അര്‍ത്ഥോല്പാദന ശാസ്ത്രവുമില്ല. ആശയവിനിമയത്തിന്റെ എല്ലാ അടരുകളിലും ഈ തീര്‍ച്ചയില്ലായ്മയുണ്ട്. ഏത് വായനക്കും ഋജുവായ രേഖാ വ്യത്യാസമില്ല. മനസ്സുകൊണ്ട്, ഭാവന കൊണ്ട്, ആര്‍ജ്ജിത സംസ്‌കാരം കൊണ്ട് പൂരിപ്പിക്കാതെ ഒരു വായനയും പൂര്‍ണമാകുന്നില്ല. ‘സമയത്തിലൂടെയുള്ള സങ്കീര്‍ണമായ ചലനവും വികാസവുമാണ് വായന’യെന്ന് ഒരു പണ്ഡിതന്‍ നിര്‍വചിച്ചിട്ടുണ്ട്. മുന്‍ധാരണകളും പ്രതീക്ഷകളും വായനയെ സ്വാധീനിക്കുന്നുണ്ടെന്നും അത് വിട്ടുപോയ ഭാഗങ്ങള്‍ പൂരിപ്പിക്കുന്ന പ്രക്രിയയാണെന്നും പോളിഷ് സൈദ്ധാന്തികനായ റൊമാന്‍ ഇന്‍ഗാര്‍ജന്‍ പറയുന്നു.

പുസ്തകങ്ങള്‍ മാത്രമല്ല നാം വായിക്കുന്നത്. നിരീക്ഷിക്കപ്പെടുന്ന എന്തിലും വായനയുണ്ട്. ഒരാളെ കാണുമ്പോള്‍ തന്നെ, നമുക്കയാളെക്കുറിച്ച് ചില ധാരണകളുണ്ടാകുന്നു. ആ ധാരണയോടെ നാമയാളെ വായിക്കാന്‍ തുടങ്ങുന്നു. ആദ്യമായി ഒരു സ്ഥലം കാണുമ്പോഴും നാമതിനെ വായിക്കാന്‍ ശ്രമിക്കുന്നു. ഒരു പുസ്തകം തന്നെ പല സന്ദര്‍ഭങ്ങളില്‍ വായിക്കുമ്പോള്‍ അര്‍ത്ഥം മാറുന്നു. പ്രപഞ്ചത്തിലെ ഓരോ പുല്‍ക്കൊടിയെയും വായിക്കാന്‍ കഴിയും. അതുകൊണ്ടാണ് സൃഷ്ടികളിലൂടെ സ്രഷ്ടാവിനെ അറിയലാണ് ഏറ്റവും വലിയ അറിവെന്ന് പറയുന്നത്. ആകാശഭൂമികളിലും ഉദയാസ്തമയങ്ങളിലും രാപകലിലുമെല്ലാം ചിന്തിക്കുന്ന മനുഷ്യര്‍ക്ക് ദൃഷ്ടാന്തങ്ങളുണ്ട് എന്ന് ഉദ്‌ബോധിപ്പിച്ചു കൊണ്ടേയിരിക്കുന്നത്.
വായന, വായനക്കാരന്റെ മനസ്സില്‍ നടക്കുന്ന ഒരു അനിയതമായ പ്രവര്‍ത്തനമാണ്. അതുകൊണ്ട് വായിക്കപ്പെടുന്ന ഓരോ പുസ്തകത്തിനും പിന്നെയും പിന്നെയും വ്യാഖ്യാനങ്ങളുണ്ടാകുന്നു. വ്യാഖ്യാനങ്ങളേറുമ്പോള്‍ സത്യം എവിടെയോ മറയുന്നു. ജീവിതത്തെ തന്നെ എങ്ങനെ വായിച്ചെടുക്കണമെന്നറിയാതെ മനുഷ്യന്‍ കുഴഞ്ഞു പോകുന്നു.

വായിക്കുക!
രക്തസാക്ഷിയുടെ രക്തത്തേക്കാള്‍ പണ്ഡിതന്റെ പേനയിലെ മഷിക്ക് സ്ഥാനം നല്‍കുന്ന മതത്തില്‍ വിശ്വസിക്കുന്ന ഒരുവന് വായനയെ ചെറുതായിക്കാണാനാവില്ല. മനുഷ്യപുരോഗതിയുടെ ചരിത്രം വിജ്ഞാന വികാസത്തിന്റെ ചരിത്രമാണ്. എല്ലാത്തരം അറിവുകളും ചേര്‍ന്നാണ് നാഗരികതയെ അതിന്റെ വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളിലെത്തിച്ചത്. ഭാഷയുടെയും ലിപിയുടെയും ആശയവിനിമയ മാര്‍ഗങ്ങളുടെയും വളര്‍ച്ച നാഗരിക വികാസത്തിന്റെ ആവേഗം കൂട്ടി. ചരിത്രത്തിലെ കണ്ടുപിടിത്തങ്ങളില്‍ തൊണ്ണൂറ്റിയഞ്ചു ശതമാനവും ഇരുപതാം നൂറ്റാണ്ടിലാണുണ്ടായതെന്നു പറയുമ്പോള്‍ ആല്‍വിന്‍ ടോഫ്‌ലര്‍ (ഫ്യൂച്ചര്‍ഷോക്ക്) ആശയവിനിമയ രംഗത്തുണ്ടായ സ്‌ഫോടനത്തെയാണ് അടയാളപ്പെടുത്തുന്നത്. ഓരോ കണ്ടുപിടിത്തവും ലോകത്തിന്റെ മറ്റൊരറ്റത്തുള്ള മറ്റൊരു ശാസ്ത്രജ്ഞന് അറിയാന്‍ കഴിയുന്ന വേഗം, വൈജ്ഞാനിക പ്രവര്‍ത്തനങ്ങളുടെ ഒരു തരംഗം തന്നെ സൃഷ്ടിക്കുന്നു. ക്യൂനിഫോം ലിപിയില്‍ നിന്ന് തുടങ്ങുന്ന ഭാഷയുടെയും പുസ്തകങ്ങളുടെയും കഥ, നാഗരികതയിലെ ഏറ്റവും ചലനാത്മകമായ അധ്യായമാണ്. കോടിക്കണക്കിന് പുസ്തകങ്ങള്‍ എഴുതപ്പെട്ടിട്ടുണ്ട്. ഇപ്പോഴും എഴുതപ്പെട്ടുകൊണ്ടിരിക്കുന്നു. ഗ്രന്ഥകാരന്‍ മരിച്ചു മണ്ണടിഞ്ഞാലും പുസ്തകങ്ങള്‍ ജീവിക്കുന്നു. സിനിമയും ടെലിവിഷനും കമ്പ്യൂട്ടറും ഇന്റര്‍നെറ്റും ഒക്കെ വന്നപ്പോള്‍ പുസ്തകങ്ങള്‍ മരിച്ചു എന്ന് എഴുതി തള്ളിയവരുണ്ട്. എന്നാല്‍ മാധ്യമശ്രേണിയില്‍ എന്തെല്ലാം മാറ്റങ്ങളുണ്ടായാലും പുസ്തകങ്ങള്‍ക്ക് മരണമില്ല.

കാരണം ഓരോ പുസ്തകവും വ്യത്യസ്തമായ ആശയങ്ങളുടെ ലോകത്തിലേക്ക് തുറക്കുന്ന വാതിലുകളാണ്. ആശയങ്ങളാണ് പ്രപഞ്ചത്തെ ചലനാത്മകമാക്കി നിര്‍ത്തുന്നത്. അവയോട് നാം യോജിച്ചാലും ഇല്ലെങ്കിലും. ജൈവ വൈവിധ്യം പോലെ തന്നെ ആശയ വൈവിധ്യമില്ലെങ്കില്‍ ഈ പ്രപഞ്ചം ഏകശിലാനിര്‍മ്മിതമായ ഒരസ്ഥിപഞ്ജരമായിപ്പോകും! ഒരലമാരയില്‍ തന്നെ എത്രമാത്രം വ്യത്യസ്തങ്ങളും വിരുദ്ധങ്ങളുമായ ആശയങ്ങളുള്‍ക്കൊള്ളുന്ന പുസ്തകങ്ങളാണ് ഒന്നിച്ചിരിക്കുന്നത്. മാര്‍ക്‌സിനും മാല്‍ത്തൂസിനും ഗാന്ധിക്കും ഹിറ്റ്‌ലറിനും സ്റ്റാലിനുമൊക്കെ അവിടെ ഒന്നിച്ചുകഴിയാന്‍ സാധിക്കുന്നു.

ജൊനാഥന്‍ സ്വിഫ്റ്റിന്റെ ദ ബാറ്റില്‍ ഓഫ് ബക്‌സ് എന്ന സറ്റയറില്‍ ചിത്രീകരിക്കുന്ന യുദ്ധം ആധുനികതയും പാരമ്പര്യവും തമ്മിലുള്ള സംഘട്ടനത്തിന്റെതാണ്. പതിനേഴാം നൂറ്റാണ്ടിലെ ഫ്രഞ്ച് ധൈഷണിക ലോകത്ത് നടന്ന ആശയ സംഘര്‍ഷത്തെയാണ് അതാവിഷ്‌കരിക്കുന്നത്. വിര്‍ജിലും സിസറൊയും ഹോമറും അരിസ്റ്റോട്ടിലുമൊക്കെ പങ്കെടുക്കുന്ന ആ സംവാദത്തില്‍ അന്ധവിശ്വാസങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ഗ്രീക്കോറോമന്‍ വിജ്ഞാനമാണോ, ശാസ്ത്രയുക്തമായ സമകാല വിജ്ഞാനമാണോ മഹത്തായതെന്ന ചോദ്യമാണുയരുന്നത്. ഈ പുസ്തകത്തെ അനുകൂലിച്ചും പ്രതികൂലിച്ചും വേറെയും പുസ്തകങ്ങള്‍ രചിക്കപ്പെടുകയുണ്ടായി.

വാസ്തവത്തില്‍ പാശ്ചാത്യലോകം വൈജ്ഞാനികമായ മാന്ദ്യത്തിലോ, അന്ധതയിലോ ആണ്ടു കിടന്നിരുന്ന മധ്യകാലഘട്ടത്തില്‍ അറിവിന്റെ സ്‌ഫോടനത്തിന് തിരികൊളുത്തിയത് ബഗ്ദാദിലെയും കൊര്‍ദോവയിലെയും ഇസ്‌ലാമിക ഗ്രന്ഥശാലകളായിരുന്നു. അബ്ബാസിയ്യ ഖലീഫമാരുടെ കാലത്ത് ഖലീഫ ഹാറൂന്‍ അര്‍റഷീദ് സ്ഥാപിച്ച വിജ്ഞാന സൗധം (ദാറുല്‍ഹിക്മ) ഇന്നത്തെ ബ്രിട്ടീഷ് ലൈബ്രറിയോടും ഫ്രാന്‍സിലെ നാഷണല്‍ ബിബിലേടെക്കിനോടും കിടപിടിക്കുന്ന ഒന്നായിരുന്നു. അദ്ദേഹത്തിന് ശേഷം മകന്‍ അല്‍മഅ്മൂന്റെ കാലത്ത് അതിന്ന് പൂര്‍വ്വോപരി വളര്‍ച്ചയുണ്ടായി. ഗ്രന്ഥകാരന്മാരും പകര്‍ത്തിയെഴുത്തുകാരും വിവര്‍ത്തകരും ശാസ്ത്രജ്ഞരും മതപണ്ഡിതന്മാരും സദാ പ്രവര്‍ത്തനനിരതരായി അവിടെയുണ്ടായിരുന്നു. ഹിബ്രു, ലാറ്റിന്‍, അരമായ, സിറിയന്‍, ഗ്രീക്ക്, ലാറ്റിന്‍, സംസ്‌കൃതം തുടങ്ങി ക്ലാസിക് ഭാഷകളില്‍ നിന്നുള്ള കൃതികള്‍ അറബി ഭാഷയിലേക്കും അറബി കൃതികള്‍ മറ്റു ഭാഷകളിലേക്കും പരിഭാഷപ്പെടുത്തപ്പെട്ടു. പുസ്തകച്ചുമടുമായി ഒട്ടക്കൂട്ടങ്ങള്‍ നിരന്തരം യാത്ര ചെയ്തു. അല്‍മഅ്മൂന്റെ വിജ്ഞാന സദസ്സിലെ ബഹുഭാഷാ പണ്ഡിതനായിരുന്ന ഹുസൈന്‍ ബിന്‍ ഇസ്ഹാഖിന് പരിഭാഷ ചെയ്യപ്പെടുന്ന പുസ്തകത്തിന്റെ തൂക്കത്തിനൊത്ത സ്വര്‍ണമാണ് പ്രതിഫലമായി നല്‍കിയിരുന്നതത്രെ. ടൈഗ്രീസ് നദിയുടെ കരയില്‍ സ്ഥിതിചെയ്തിരുന്ന ദാറുല്‍ഹിക്മ ഇന്ന് പൊയ്‌പോയ ഒരു സുവര്‍ണ യുഗത്തിന്റെ ഓര്‍മ മാത്രം. അല്‍മഅ്മൂന്റെ പിന്‍ഗാമികളായ അല്‍മുതദ്ദിന്‍, അല്‍മുക്തഫി എന്നീ ഖലീഫമാരുടെ കാലത്തും ഈ ജ്ഞാനോപാസന തുടര്‍ന്നു.

മൂസാ ബിന്‍ ഷക്കീര്‍ എന്ന കൊള്ളക്കാരന്റെ മൂന്നു മക്കളെ പഠിപ്പിച്ച് പണ്ഡിതന്മാരാക്കിയത് ഒരു അബ്ബാസിയ്യ ഖലീഫയായിരുന്നു.

ഉമയ്യ ഖലീഫമാരുടെ കാലത്തെ കൊര്‍ദോവയും വൈജ്ഞാനിക രംഗത്ത് ഇസ്‌ലാമിന്റെ പ്രതാപം നിലനിര്‍ത്തിയ കേന്ദ്രമായിരുന്നു. ലൈബ്രറികള്‍, സര്‍വകലാശാലകള്‍, മെഡിക്കല്‍ കോളേജുകള്‍… പത്താം നൂറ്റാണ്ടില്‍ പാശ്ചാത്യ ലോകത്ത് ധൈഷണികവും സാംസ്‌കാരികവുമായ ചലനങ്ങള്‍ സൃഷ്ടിക്കുവാന്‍ അതിനു കഴിഞ്ഞു.

പക്ഷേ, സ്പാനിഷ് ഇന്‍ക്വിസിഷന്റെ കാലത്ത് അഞ്ചു ലക്ഷം പുസ്തകങ്ങളാണ് കൊര്‍ദോവയില്‍ ക്രിസ്ത്യാനികള്‍ ചുട്ടെരിച്ചത്. ദഹനത്തിന്റെ ഈ ചരിത്രത്തിന് പുസ്തകത്തിന്റെ ആദികാലത്തോളം പഴക്കമുണ്ടെന്നു തോന്നുന്നു. കെയ്‌റോവിലെ അലക്‌സാണ്ടറിയാ ലൈബ്രറി ഉള്‍പ്പെടെ എത്രയെത്ര ജ്ഞാനപ്പുരകള്‍ മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും പേരില്‍ കത്തിയമര്‍ന്നുപോയിട്ടുണ്ട്. ”വേദ പുസ്തകമാകട്ടെ പാഠപുസ്തകമാകട്ടെ യുക്തിയില്ലെങ്കില്‍ അതങ്ങു കത്തിച്ചുകളഞ്ഞേക്കൂ എന്നു പറഞ്ഞത് ദാര്‍ശനികനായ ഡേവിഡ് ഹ്യൂമാണ്!”

അമേരിക്കയില്‍ കമ്യൂണിസ്റ്റുകളെ വേട്ടയാടിയ ജനറല്‍ മക്കാര്‍ത്തി, കമ്യൂണിസ്റ്റാശയങ്ങളുള്ള പുസ്തകങ്ങള്‍ ബുക് ഷെല്‍ഫില്‍ നിന്നും നീക്കം ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കിയപ്പോള്‍, വിപ്ലവത്തിനു ശേഷം ചൈനയില്‍ വിമതാശയങ്ങളുള്‍ക്കൊള്ളുന്ന പുസ്തകങ്ങള്‍ക്ക് തമസ്‌കരണവും നിരോധനവും നേരിടേണ്ടിവന്നു.

സങ്കുചിതമായ ദേശീയ ബോധമാണ് നാസികളെ പുസ്തകവേട്ടക്ക് പ്രേരിപ്പിച്ചത്. ഹിറ്റ്‌ലര്‍ അധികാരത്തില്‍ വന്നു മാസങ്ങള്‍ക്കകം പ്രാവര്‍ത്തികമാക്കിയ ബൃഹത്തായ പരിപാടിയായിരുന്നു ഗ്രന്ഥ ദഹനം. അതുകണ്ടിട്ടാണ് മനശാസ്ത്രാചാര്യനായ സിഗ്മണ്ട് ഫ്രോയിസ് ചോദിച്ചത്. ഇന്നു പുസ്തകങ്ങള്‍, നാളെ നമ്മള്‍…അത് സത്യമായി പുലര്‍ന്ന സന്ദേഹമായിരുന്നുവെന്ന് കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകള്‍ തെളിയിച്ചു.

ഗ്രന്ഥദഹനം ഇന്നും നടന്നുകൊണ്ടിരിക്കുന്ന നശീകരണ പ്രവര്‍ത്തനമാണ്. ഏതാനും വര്‍ഷം മുമ്പാണ് ഈജിപ്തിലെ സയന്റിഫിക് ഇന്‍സ്റ്റിറ്റ്യൂട്ടിന് സമരക്കാര്‍ തീ കൊളുത്തിയത്. ഇറാഖ് നാഷണല്‍ ലൈബ്രറി കൊള്ളയടിക്കപ്പെടുകയും കത്തിക്കുകയും ചെയ്തത് അടുത്ത കാലത്താണ്. താലിബാനില്‍ സെല്‍ഫോണുകളും കമ്പ്യൂട്ടറുകളും ദഹിപ്പിക്കപ്പെട്ടു. പോര്‍ച്ചുഗീസുകാരും ഡച്ചുകാരും തമ്മിലുണ്ടായ പോരാട്ടത്തില്‍ എന്റെ നാട്ടിലും (കൊച്ചിയില്‍) ഒരു ഗ്രന്ഥശാല ചാമ്പലാക്കപ്പെട്ടു. 1984ല്‍ സിക്കു കലാപ കാലത്ത് സിക്ക് റഫറന്‍സ് ലൈബ്രറി കത്തിച്ചുകളയാന്‍ നിര്‍ദ്ദേശം നല്‍കിയത് നമ്മുടെ ഒരു പ്രധാനമന്ത്രിയാണ്. പുസ്തകങ്ങളെ അങ്ങേയറ്റം സ്‌നേഹിച്ച ഒരു രാഷ്ട്രതന്ത്രജ്ഞന്റെ മകള്‍.

ഫ്രഞ്ചു വിപ്ലവകാരികള്‍ പോലും പുസ്തക ദഹനം നടത്തിയിട്ടുണ്ട്. അറിവിനെ ആദരിക്കുന്ന, ആശയങ്ങളെ ബഹുമാനിക്കുന്ന ആരും ചെയ്യാനറയ്ക്കുന്ന കൊടും പാതകമാണിത്. ആശയങ്ങളെ നമുക്ക് സ്വീകരിക്കാതിരിക്കാം. പക്ഷേ, അത് പറയാനുള്ള മറ്റൊരാളുടെ സ്വാതന്ത്ര്യം ഹനിക്കപ്പെട്ടുകൂടാ.

നാളെ ടെക്‌നോളജിയുടെ സര്‍വാധിപത്യമുണ്ടായാല്‍ ഡിജിറ്റല്‍ തമോയുഗം സംഭവിച്ചേക്കാം. പുസ്തകത്തില്‍ നിന്നും കൊളുത്തിയെടുത്ത തീ പുസ്തകങ്ങളെ തന്നെ ദഹിപ്പിക്കുന്നതിലെ വൈരുദ്ധ്യം മനുഷ്യ സംസ്‌കാരത്തെ വിടാതെ പിന്തുടരുന്ന ഐറണിയാണ്. സൃഷ്ടിയും സംഹാരവും തമ്മിലുള്ള ഈ ഒളിച്ചുകളി നാളെയും തുടര്‍ന്നേക്കാം. വേദം കേള്‍ക്കും തീയന്റെ കാതിലീയ്യമൊഴിക്കണം എന്നോതിയവര്‍ എല്ലാത്തിനെയും ഉള്‍ക്കൊള്ളുന്ന വിശാല ദര്‍ശനത്തിന്റെ അവകാശികളെന്നഭിമാനിച്ചവരാണ്. ആ ഈയ്യം തന്നെയാണ് നവോത്ഥാന കാലത്ത് ഉരുകി അച്ചുകളായി വൈജ്ഞാനിക സ്‌ഫോടനം നടത്തിയത്. പാശ്ചാത്യ ലോകത്തിലെ പല ഗ്രന്ഥശാലകളിലും കറുത്ത വര്‍ഗക്കാര്‍ക്ക് അടുത്ത കാലം വരെ പ്രവേശനമില്ലായിരുന്നു. ഇപ്പോഴും ഉണ്ടോ എന്നു സംശയമാണ്.

വായിക്കുക!
വായിക്കാത്തവന്‍ ഒരൊറ്റ ജീവിതം നയിച്ച് അവസാനിച്ചു പോകുന്നു. വായിക്കുന്നവന്‍ ആയിരങ്ങളുടെ സാഫല്യം അനുഭവിക്കുന്നു. താരമനോരമായ ലിപിയാല്‍ വാനം എഴുതിയ പ്രേമ കവിതകള്‍ വായിക്കാന്‍ കഴിയുന്ന ഒരു കവിയുടെ ജീവിതം സഫലമാകുന്നത് പ്രകൃതിയെ വായിക്കുവാന്‍ കഴിയുന്നതുകൊണ്ടാണ്. അത് വായിച്ചെടുക്കാന്‍ കഴിയാത്ത ഒരുത്തന്റെ ബുക് ഷെല്‍ഫില്‍ എത്ര ബൃഹത്തായ പുസ്തകമുണ്ടായിട്ടും കാര്യമില്ല.

ആശയവൈവിധ്യത്തെ ഭയപ്പെടുന്നവന്‍ അധികാരത്തിലിരിക്കുമ്പോള്‍ ചരിത്രവും സംസ്‌കാരവും തിരുത്തിയെഴുതപ്പെടുന്നു. വ്യത്യസ്തമായ ഒരു സ്വരം ഉയര്‍ന്നാല്‍ അതിനെതിരെ പടധ്വനി ഉയരുന്നു. സാംസ്‌കാരിക സ്ഥാപനങ്ങള്‍ സ്വന്തം ആളുകളെ കൊണ്ട് നിറയ്ക്കുന്നു. സെന്‍സര്‍ഷിപ്പ് ഔദ്യോഗിക തലത്തിലും സിവില്‍ സമൂഹത്തിലും നടപ്പിലാക്കുന്നു. ഇന്ത്യയില്‍ ഇന്നു നടന്നുകൊണ്ടിരിക്കുന്നത് അതാണ്. വിദ്വേഷത്തിന്റെ ഈ സംസ്‌കൃതിയില്‍ നിന്നാണ് വിജ്ഞാന ദഹനത്തിനുള്ള തീ കൊളുത്തിയെടുക്കപ്പെടുക.

ജമാല്‍ കൊച്ചങ്ങാടി

 

 

 

You must be logged in to post a comment Login