എന്റെ കവിതകള്‍ക്ക് മനുഷ്യന്റെ ഒച്ചയാണ്

എന്റെ കവിതകള്‍ക്ക് മനുഷ്യന്റെ ഒച്ചയാണ്

എന്റെ കവിതകളില്‍ കലാപവും ആക്രോശവുമില്ല. അതൊക്കെ മുഖമുദ്രയായിരുന്ന ഒരു കാലം നമ്മുടെ കവിതക്കുണ്ടായിരുന്നു. എന്റെ കവിതയില്‍ ആര്‍ദ്രതയാണുള്ളത്. പ്രാര്‍ത്ഥനയും. ഒരോരുത്തരും ഓരോ സ്വഭാവസവിശേഷതകളുമായാണ്, വാസനകളുമായാണ് ജനിക്കുന്നത്. എന്തുകൊണ്ടാണ് അങ്ങനെ എന്ന ചോദ്യത്തിന് പൊതുവെ നമുക്ക് കൃത്യമായ ഉത്തരം നല്‍കാനാകണമെന്നില്ല. എന്തുകൊണ്ട് കാക്കയുടെ ശബ്ദം ഇങ്ങനെ, കുയിലിന്റെ ശബ്ദം അങ്ങനെ, മയിലിന്റെ ശബ്ദമെങ്ങനെ ഈ രൂപത്തിലായി എന്ന് ചോദിച്ചാല്‍ ജന്മസിദ്ധമായി ലഭിക്കുന്ന ചില കഴിവുകള്‍ എന്നേ പറയാന്‍ പറ്റൂ. ഒന്നും നാം സ്വന്തമായി വികസിപ്പിച്ചെടുക്കുന്നതല്ല.

ഞങ്ങള്‍ മൂന്നു പെണ്‍മക്കളാണ്. മൂന്നുപേരുടെയും അടിസ്ഥാന വിശ്വാസങ്ങളും ആദര്‍ശങ്ങളും ഒന്നാണെങ്കിലും പല കാര്യങ്ങളും വ്യത്യസ്തങ്ങളാണ്. ജന്മനാ ഉള്ള ചില കാര്യങ്ങളാണ് ഇതിനു കാരണം. പ്രകൃതി, ഈശ്വരന്‍ എല്ലാം ഒരാളാണെന്നു വിശ്വസിക്കുന്ന ആളാണ് ഞാന്‍. ഈശ്വരന്റെ നിയോഗം പോലെയാണ് ഓരോരുത്തരും രൂപപ്പെട്ടുവരുന്നത്.

എന്റെ അച്ഛന്‍ ഒരു ‘പഴയകാല’ കോണ്‍ഗ്രസ്സുകാരനായിരുന്നു. പഴയ കോണ്‍ഗ്രസ്സുകാരന്‍ എന്നത് ഞാന്‍ അടിവരയിട്ടു പറയുകയാണ്. സ്വാതന്ത്ര്യ സമരകാലഘട്ടം. അക്കാലത്തെ കോണ്‍ഗ്രസുകാരെയും കമ്യൂണിസ്റ്റുകാരെയുമൊക്കെ കണ്ടാണ് ഞാന്‍ വളര്‍ന്നത്. അവരുടെ ആദര്‍ശങ്ങളും ത്യാഗങ്ങളും അവരുടെ രാജ്യത്തോടുള്ള ആവേശം നിറഞ്ഞ സ്‌നേഹവും ഞാന്‍ അനുഭവിച്ചറിഞ്ഞിട്ടുണ്ട്. ഗാന്ധിയന്‍ തത്ത്വങ്ങളില്‍ അടിയുറച്ച് വിശ്വസിക്കുന്ന ഒരു കുടുംബത്തിന്റെ പ്രേരണാ ശക്തിയും കുട്ടിക്കാലം മുതലേ കേട്ടുവളര്‍ന്ന ആ തത്ത്വചിന്തയുടെ അടിസ്ഥാനവുമെല്ലാം എന്നിലും ഞാന്‍ അറിയാതെ കടന്നുവന്നിട്ടുണ്ട്. അതുകൊണ്ട് വിദ്വേഷത്തിന്റെയും മനുഷ്യരെ പരസ്പരം അകറ്റുന്നതിന്റെയും ഹിംസയുടെയുടെയും ഭാഷ എനിക്ക് സാധ്യമാകില്ല. ചോരപ്പുഴ ഒഴുക്കിയിട്ട് ലോകത്താരും ഒന്നും നേടിയിട്ടില്ല. കമ്യൂണിസം അത് നമുക്ക് കാണിച്ചു തരികയും ചെയ്തു. മഹായുദ്ധങ്ങളും അതിന് ഉദാഹരണമായി മുമ്പിലുണ്ട്. ശാശ്വതമായ ശാന്തിയും സമാധാനവും സാധിക്കാന്‍ ചോരപ്പുഴ ഒഴുക്കലല്ല അന്തിമപരിഹാരം. അങ്ങനെ നോക്കുമ്പോള്‍ ജന്മവാസനയും ജനിച്ചുവളര്‍ന്ന സാഹചര്യവും എന്നെ ഇങ്ങനെയാണു രൂപപ്പെടുത്തിയത്. പിന്നെ എന്റെ മനസ്സ് വളരെ സെന്‍സിറ്റീവാണ്. ചില കാര്യങ്ങള്‍ കണ്ടാല്‍ മനസ്സില്‍ തറച്ചുനില്‍ക്കും. അങ്ങനെ ഒരുപാടു കാര്യങ്ങള്‍ ചേര്‍ന്നാണ് ഞാനെന്ന വ്യക്തിയെ രൂപപ്പെടുത്തിയത്. അതാണ് എന്റെ കവിതകളില്‍ ആര്‍ദ്രത നിറച്ചത്. എന്റെ കവിതകളില്‍ നിന്ന് പ്രാര്‍ത്ഥനാനിര്‍ഭരമായ ഒരമ്മ മനസ്സ് വായിച്ചെടുക്കാന്‍ പറ്റുന്നെങ്കില്‍ അതിനു കാരണവും ഇതു തന്നെയായിരിക്കണം. ഞാനെഴുതിത്തുടങ്ങിയ കാലത്തിന്റെ തീവ്രാശയങ്ങള്‍ എനിക്കു വഴങ്ങാതിരുന്നതും അതുകൊണ്ടു തന്നെ.

എനിക്കു മുന്നില്‍ ഗാന്ധിജിയാണുണ്ടായിരുന്നത്. അദ്ദേഹവും മറ്റും പഠിപ്പിച്ച വഴിയിലൂടെ പോകുകയെന്നതാണ് ഞാന്‍ മനസ്സിലാക്കിയത്. സമരവും ബഹളവുമൊക്കെ എന്റെ ആക്ടിവിസ്റ്റ് ജീവിതത്തിലും ഉണ്ടായിട്ടുണ്ട്. എത്രയോ സമരങ്ങളില്‍ ദിവസങ്ങളോളം പങ്കെടുത്തിട്ടുണ്ട്. പക്ഷേ ആ സമരങ്ങളെല്ലാം ഗാന്ധിയന്‍ രീതിയിലുള്ള അഹിംസാത്മക സമരങ്ങളായിരുന്നു. മനുഷ്യന്റെ ശബ്ദം ഉറക്കെ കേള്‍പ്പിച്ചുള്ള സമരങ്ങളായിരുന്നു അവ. സൈലന്റുവാലി സമരം ഏഴുവര്‍ഷം നീണ്ടുനിന്നു. ഇത്തരം സമരങ്ങള്‍ കൊണ്ട് ഒരുപാട് കാര്യങ്ങള്‍ സാധിച്ചുവെന്ന് പറയാനാവില്ല. തോറ്റുകൊണ്ടിരിക്കുന്ന സമരത്തിലെ ധര്‍മഭടന്മാരായിരുന്നു ഞങ്ങള്‍. ഇതാണ് സമരത്തിന്റെ വഴി. ഉദാഹരണത്തിന് മദ്യവിരുദ്ധ സമരം.

കുട്ടിക്കാലത്തു തന്നെ മദ്യവിരുദ്ധ സമരാംഗങ്ങളെ തല്ലിച്ചതക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അവരുടെയൊക്കെ മുറിവുകളില്‍ എന്റെ വീട്ടുകാര്‍ മരുന്ന് പുരട്ടിക്കൊടുത്തിരുന്നു. വെള്ളം കൊടുത്തിരുന്നു. കള്ളുകുടം തലയിലിട്ടടിച്ചുടച്ച മുറിവിന്റെ ദൃശ്യങ്ങള്‍ ഞാന്‍ കണ്ടിട്ടുണ്ട്. അതുകണ്ട് അന്നു ഞാന്‍ പൊട്ടിക്കരഞ്ഞിട്ടുണ്ട്. അപ്പോള്‍ അച്ഛന്‍ പറയും, നമുക്ക് സ്വാതന്ത്ര്യം കിട്ടുമ്പോള്‍ ഈ സ്ഥിതി മാറും. മദ്യഷാപ്പുകളെല്ലാം അടക്കും. കൊടിയും പിടിച്ച് മഹാത്മാഗാന്ധി കീ ജയ് എന്നു വിളിച്ചു ജാഥകളങ്ങനെ വരും. മുറ്റത്തുകൂടെ. ഒരു ദിവസം മദ്യവിരുദ്ധ പ്രവര്‍ത്തകരെ ചിലര്‍ തല്ലിച്ചതച്ചു. വസ്ത്രങ്ങളൊക്കെ കീറി. പത്തിരുപതു പേര്‍ വീട്ടിലേക്ക് ഓടിക്കയറി വന്നു. അച്ചനെ അറിയാവുന്നത് കൊണ്ടാണ് ഇങ്ങോട്ട് വന്നത്. ഞാന്‍ അവരുടെ അവസ്ഥ കണ്ട് കരഞ്ഞുപോയി. അച്ഛന്‍ അവര്‍ക്ക് വസ്ത്രവും മറ്റും നല്‍കി സഹായിക്കുന്നു. ചായ നല്‍കുന്നു. ഞാന്‍ അച്ഛനോടു ചോദിച്ചു, എന്തുപറ്റി ഇവര്‍ക്ക്? അപ്പോള്‍ അച്ഛന്‍ പറഞ്ഞത്, കള്ളുഷാപ്പ് പിക്കറ്റു ചെയ്യാന്‍ പോയപ്പോള്‍ സംഭവിച്ചതാണ് എന്നാണ്. ധര്‍മഭടന്‍മാര്‍ എന്നാണ് അച്ഛന്‍ അവരെ വിശേഷിപ്പിച്ചത്. സ്വാതന്ത്ര്യം കിട്ടുമ്പോള്‍ കള്ളുഷാപ്പൊന്നും ഉണ്ടാകില്ലെന്ന് പറഞ്ഞ് എന്നെ സമാധാനപ്പെടുത്തി. പാവം എന്റെ അച്ഛന് അറിയില്ലായിരുന്നു, സ്വാതന്ത്ര്യം കിട്ടുമ്പോള്‍ അന്നുണ്ടായിരുന്നതിനേക്കാള്‍ ഇരട്ടി കള്ളുഷാപ്പുകള്‍ നിലവില്‍ വരുമെന്ന്. മദ്യം കുറഞ്ഞില്ലെന്നു മാത്രമല്ല അന്നത്തേക്കാള്‍ കൂടുകയും ചെയ്തു. ആളുകള്‍ അനുഭവിക്കുന്ന ആത്മീയ ശൂന്യതയാണ് മദ്യാസക്തി ഇത്രയും കൂടാന്‍ കാരണം.

മുമ്പ് എല്ലാവര്‍ക്കും ഒരു ആത്മീയ അടിത്തറ ഉണ്ടായിരുന്നു. ഇങ്ങനെ ചെയ്യരുത്, പ്രവര്‍ത്തിക്കരുത് എന്നൊക്കെ ചില നിയമങ്ങളുണ്ടായിരുന്നു. ഇപ്പോള്‍ ആഗോളവത്കരണത്തിന്റെ പേരില്‍ എല്ലാം തുറന്നിട്ടു കൊടുത്തിരിക്കുകയാണ്. തുറന്നിടുമ്പോള്‍ നല്ല കാറ്റിനൊപ്പം ദുര്‍ഗന്ധവും കടന്നുവരും. നാം ഒരുപാട് പാശ്ചാത്യവല്‍ക്കരിക്കപ്പെട്ടു. സായിപ്പിന് എന്നും കുടിക്കാമെങ്കില്‍ എന്തുകൊണ്ട് നമുക്ക് കുടിച്ചുകൂടാ എന്ന ചിന്ത. പക്ഷേ സായിപ്പ്, അവന്റെ ഭക്ഷണത്തോടൊപ്പം മദ്യം ഉപയോഗിക്കുന്നതിന് ചില മര്യാദകളുണ്ട്. അതുപോലും നമുക്കില്ല. അവരുടെ തണുത്ത കാലാവസ്ഥയില്‍ ഭക്ഷണത്തിന്റെ ഭാഗമായിട്ടാണ് അവര്‍ അല്‍പസ്വല്‍പമൊക്കെ കഴിക്കുന്നത്. മലയാളികള്‍ രാവിലെ തന്നെ ബാറില്‍ ചെന്ന് മൂക്കറ്റം കുടിക്കുന്നതു പോലെയല്ല അത്. കുടിയന്മാര്‍ അവിടെയുമുണ്ട്. അതുപക്ഷെ വളരെ തുച്ഛം.

നമുക്ക് ഒരുപാട് മര്യാദകളുണ്ടായിരുന്നു. കുട്ടികള്‍ മുതിര്‍ന്നവര്‍ വര്‍ത്തമാനം പറയുന്നിടത്ത് കയറി വരരുത്, അവരുടെ മുന്നില്‍ ഇരിക്കുന്നതിലെ ആദരവ്, അതുപോലെ എല്ലാകാര്യങ്ങള്‍ക്കും ഒരു ചിട്ടയുണ്ടായിരുന്നു. പെരുമാറ്റത്തില്‍ പാലിക്കേണ്ട ചില മര്യാദകള്‍. അതൊന്നും ലംഘിക്കപ്പെട്ടിരുന്നില്ലേ എന്നു ചോദിച്ചാല്‍ ഇവയൊക്കെയായിരുന്നു സമൂഹത്തിന്റെ നിയമങ്ങള്‍. ഒരുപാട് അനീതികള്‍ അരങ്ങേറാറുണ്ടായിരുന്നുവെങ്കിലും ചില പൊതുവായ നിയമങ്ങള്‍ നിലവിലുണ്ടായിരുന്നു. മദ്യം വീടിനകത്ത് കയറ്റില്ല. മദ്യപാനികളെ വീട്ടിനകത്ത് കയറ്റാന്‍ കൊള്ളില്ല. അത് ജാതിയുടെ പേരിലല്ല. ഇന്ന് വീടുകള്‍ക്കകത്തും മദ്യപാനം അരങ്ങേറുന്നു. റൂമുകളില്‍ മദ്യക്കുപ്പി യഥേഷ്ടമാണ്. ഇതുകണ്ടാണ് ഒരോ കുട്ടിയും വളരുന്നത്. മുമ്പ് കുട്ടികള്‍ വഴിയില്‍ വെച്ച് കുടിക്കുന്നവരെയും മറ്റും കണ്ടിരുന്നു. പക്ഷേ ഇത്തരക്കാര്‍ക്ക് വീട്ടിനുള്ളിലേക്ക് പ്രവേശനമില്ലെന്ന ബോധം കുട്ടികള്‍ക്കും ഉണ്ടായിരുന്നു. ആ അവസ്ഥ മാറി. ഇപ്പോള്‍ അതൊന്നും ഒരുപ്രശ്‌നമല്ലെന്ന ചിന്തയാണ് കുട്ടികള്‍ക്കുള്ളത്. അവസരങ്ങളുടെ ഒരു വലിയ ലോകം കുട്ടികള്‍ക്ക് മുമ്പിലും തുറന്നിട്ടിരിക്കുകയാണ്.

പത്തും പതിനാലും വയസ്സുള്ള പെണ്‍കുട്ടികളെ എന്റെ മുമ്പില്‍ കൊണ്ടുവരാറുണ്ട്. മദ്യത്തിനും മയക്കു മരുന്നിനുമൊക്കെ അടിമകളായ പെണ്‍കുട്ടികള്‍. ഒരച്ഛന്‍ വന്ന് തല മേശയിലിടിച്ച് കരഞ്ഞു, ഞാനെന്തിന് ജീവിക്കണം എന്നു ചോദിച്ചു. ഇതാണ് ഇപ്പോഴത്തെ സ്വാതന്ത്ര്യം. പെണ്‍കുട്ടികളുടെ സ്വാതന്ത്ര്യം ഇതൊക്കെയാണെന്ന് വിചാരിച്ചവര്‍. ഒരു ന്യൂജനറേഷന്‍ ചിന്താഗതി. ആഭാസങ്ങളായ വേഷങ്ങളായാലും രീതികളായാലും അര്‍ഥമില്ലാത്ത ബന്ധങ്ങളായാലും ഉപരിപ്ലവമായ ബന്ധങ്ങളായാലും സ്വാതന്ത്ര്യം, സമരം എന്നൊക്കെ പേരു പറഞ്ഞ് നടത്തുന്ന വൃത്തികെട്ട പ്രവര്‍ത്തനങ്ങള്‍, ഇതൊക്കെയാണ് സ്വാതന്ത്ര്യം എന്ന് തെറ്റിദ്ധരിക്കുന്നു. ഇതൊന്നുമല്ല സ്വാതന്ത്ര്യം, തൊഴിലെടുത്ത് അഭിമാനത്തോടെ മനസ്സമാധാനമായി ജീവിക്കുക എന്നുള്ളതാണ് സ്വാതന്ത്ര്യം. പരിഷ്‌കാരത്തിന്റെ പേരില്‍ എല്ലാം തലതിരിഞ്ഞിരിക്കുന്നു. എന്താണ് ഈ പരിഷ്‌കാരം എന്നു മനസ്സിലാകാത്ത ഒരാളാണ് ഞാന്‍. ഒരുകാലത്തും ഇതിനോടൊന്നും യോജിക്കാന്‍ സാധിക്കില്ല.

മനുഷ്യന് ഈശ്വരവിശ്വാസം വേണം. ഏത് മതത്തില്‍പ്പെട്ടവരായാലും അവര്‍ക്ക് കുറെ നിയമങ്ങളുണ്ടാകും. അതു വിട്ട് പ്രവര്‍ത്തിക്കരുത്. പക്ഷേ മതാന്ധതയാകരുത്. വര്‍ഗീയതയാവരുത്. എന്റെ അടിസ്ഥാന മൂല്യങ്ങള്‍ ഇതാണ് എന്നറിഞ്ഞ് ജീവിക്കാനുള്ള ഒരു മനക്കരുത്ത് ഈശ്വരവിശ്വാസം നല്‍കും. പക്ഷേ ഇപ്പോള്‍ കുട്ടികള്‍ക്കു കൂട്ടുകാരില്‍ നിന്നും ഭയങ്കര സമ്മര്‍ദമാണ്. എന്തിനാ നീയിങ്ങനെ നല്ലവ്യക്തിയായി ജീവിക്കുന്നത് എന്നു തുടങ്ങി വിവിധ പ്രലോഭനങ്ങള്‍ കുട്ടികള്‍ നേരിടുന്നു.

മതങ്ങള്‍ തമ്മിലും മതനേതാക്കള്‍ തമ്മിലും സഹിഷ്ണുതയല്ല വേണ്ടത്. ഒരു മതവിശ്വാസി വേറൊരു മതവിശ്വാസിയെ സഹിക്കുകയല്ല വേണ്ടത്. അതുകൊണ്ട് ഞാന്‍ മതസഹിഷ്ണുതക്കെതിരാണ്. പരസ്പരം ആദരിക്കുന്ന സാഹചര്യമാണ് ഉണ്ടാകേണ്ടത്. ഇന്ന് മതത്തിന്റെ പേരില്‍ നടക്കുന്ന പാപകര്‍മങ്ങള്‍ ഒന്നും മതം പറഞ്ഞതോ പഠിപ്പിച്ചതോ അല്ല. മതസൗഹാര്‍ദ്ദം മുഖ്യലക്ഷ്യമായി കണ്ടു പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയുണ്ട് ഞങ്ങള്‍ക്കിവിടെ. എല്ലാ മതക്കാരുമായ കുറച്ചുപേരാണ് അതിലുള്ളത്. ഹിന്ദു കുട്ടികള്‍ക്ക് ഇസ്‌ലാമിനെ കുറിച്ചും ക്രിസ്തുമതത്തെ കുറിച്ചും പറഞ്ഞുകൊടുക്കുക. മുസ്‌ലിം ചെറുപ്പക്കാര്‍ക്ക് ഹിന്ദുമതത്തെയും ക്രിസ്തുമതത്തെയും പരിചയപ്പെടുത്തിക്കൊടുക്കുക, ക്രിസ്തുമത വിശ്വാസികളായ യുവാക്കള്‍ക്കു മറ്റു രണ്ടു മതങ്ങളെ കുറിച്ചും പഠിക്കാന്‍ അവസരമൊരുക്കുക ഇതാണു ചെയ്യുന്നത്. പത്തു പേര്‍ക്കെങ്കിലും പരസ്പരം തിരിച്ചറിയാന്‍ കഴിഞ്ഞാല്‍ അത്രയുമായല്ലോ. സത്യം ഒന്നേയുള്ളു. പണ്ഡിതന്മാര്‍ അതിനെ പലതായി പറയുന്നുവെന്നേയുള്ളൂ. അതാണെന്റെ ഉറച്ച വിശ്വാസം.

എനിക്കു ചുറ്റും വേദനകളാണ്. അതിന്റെ ലാഞ്ഛന എന്റെ കവിതകളിലും കാണാം. തെരുവില്‍ ഉപേക്ഷിക്കപ്പെട്ടവര്‍, ബലാത്സംഗം ചെയ്യപ്പെട്ടവര്‍, ഉത്തരേന്ത്യയില്‍ നിന്ന് ദീര്‍ഘദൂര വണ്ടികളില്‍ കയറ്റി കേരളത്തിലേക്കു നാടുകടത്തപ്പെട്ട മനോനില തെറ്റിയവര്‍ അങ്ങനെ എനിക്കു താങ്ങാനാവാത്തത്ര വേദനകളുമായി സഹായത്തിനു വേണ്ടി കൈ നീട്ടുന്നവര്‍ ആയിരങ്ങള്‍… അവര്‍ക്കു കൊടുക്കാന്‍ സ്‌നേഹം മാത്രമേ ഉള്ളൂ എന്റെ കൈയില്‍.

പ്രായം വളരെയായി. രോഗങ്ങളുമുണ്ട്. മൂന്നു തവണ ഹൃദ്രോഗബാധയുണ്ടായി. ഇനി എത്രകാലം എന്നറിയില്ല. ആകാവുന്നത്രയും കാലം ഇവര്‍ക്കൊക്കെ വേണ്ടി ആവും വിധം പ്രവര്‍ത്തിച്ചു കൊണ്ടിരിക്കാം. അത്ര തന്നെ. ദൈവം സഹായിക്കട്ടെ.

സുഗതകുമാരി
കേട്ടെഴുത്ത്: കെ അബൂബക്കര്‍

You must be logged in to post a comment Login