വായനയുടെ ബലതന്ത്രം

വായനയുടെ ബലതന്ത്രം

വായന അദൃശ്യമായ ഒരായിരം വാതിലുകള്‍ വലിച്ച് തുറക്കും വിധമുള്ള ഒരു വിപ്ലവപ്രവര്‍ത്തനമാണ്. ശരാശരി ഒരെഴുപത് വയസ്സിലവസാനിക്കുന്ന മനുഷ്യജീവിതത്തിന് എണ്ണിത്തിട്ടപ്പെടുത്താനാവാത്തത്ര ദൈര്‍ഘ്യവും അതിലേറെ അഗാധവുമായ ഉള്ളടക്കം നല്‍കി ഒരു സമാന്തരജീവിതം തന്നെ സൃഷ്ടിച്ചെടുക്കാന്‍ വായനയ്ക്ക് കഴിയും. ഒരു ജ•ത്തില്‍ തന്നെ നിരവധി ജ•ങ്ങളെ സൃഷ്ടിക്കുക വഴി, പരിമിതമായ മനുഷ്യജീവിതത്തിന് ഒരു ‘പ്രപഞ്ചമാനം’ തന്നെ നല്‍കുകയാണത് ചെയ്യുന്നത്. സാക്ഷരതയിലേക്ക് മാത്രമായി സങ്കോചിപ്പിക്കാനാവാത്തവിധം അതിസങ്കീര്‍ണമായ ഒരു സാംസ്‌കാരിക പ്രവര്‍ത്തനമെന്ന നിലയിലാണ് വായന അസ്തിത്വത്തെ സാന്ദ്രവും അര്‍ഥപൂര്‍ണവുമാക്കുന്നത്. വായിക്കുക എന്നാല്‍ വേരിലേക്ക് താഴ്ന്നും പൂവുകളിലേക്ക് പടര്‍ന്നും തന്നെതന്നെ കുഴിച്ചും മറ്റുള്ളവരിലേക്ക് കുതിച്ചും മനുഷ്യര്‍ നടത്തുന്ന ഒരതിജീവനമാണ്. തന്നോടും മറ്റുള്ളവരോടും പ്രകൃതിയോടും മനുഷ്യര്‍ നിരന്തരം നിര്‍വഹിക്കുന്ന മല്‍പിടുത്തത്തിന്റെ ഇനിയുമെഴുതപ്പെടാത്ത മാനിഫെസ്റ്റോയായി വായന തിരിച്ചറിയപ്പെടുന്നില്ലെങ്കില്‍, ജീവിതത്തിന്റെ ചിറകുകളായിരിക്കും കരിഞ്ഞുതീരുന്നത്! കണ്ടതും കേട്ടതും രുചിച്ചതും സ്പര്‍ശിച്ചതുമടക്കമുള്ള ഇന്ദ്രിയപ്രവര്‍ത്തനങ്ങളുടെ കൂടിച്ചേരലാണ് വായനാവേളകളില്‍ ആഘോഷിക്കപ്പെടുന്നത്. ദൃശ്യശ്രാവ്യ രുചി ഗന്ധ സ്പര്‍ശസംഗമത്തിന്റെ സന്തോഷവും സംഘര്‍ഷവുമാണ് വായനയില്‍ സാക്ഷാത്കരിക്കപ്പെടുന്നത്. കാഴ്ചയെയും വായനയെയും എതിര്‍ചേരിയില്‍ നിര്‍ത്തി വിമര്‍ശിക്കുന്നവര്‍ ഒരേ സമയം ഇന്ദ്രിയപ്രവര്‍ത്തനങ്ങളുടെ സൂക്ഷ്മതകളെയും സാമൂഹ്യവികാസത്തിന്റെ സമഗ്രതകളെയും സര്‍ഗാത്മകമായി സമന്വയിപ്പിക്കാന്‍ കഴിയാത്തവരാണ്. സമകാലീന ‘കാഴ്ചവ്യവസായം’ ശരിയായ വായനയെ എന്നപോലെ സമകാലീന വായനാവ്യവസായം ശരിയായ കാഴ്ചയെയും വെല്ലുവിളിക്കുന്നുണ്ടെന്ന് തിരിച്ചറിയാതെ വായനയുടെ തളര്‍ച്ചയ്ക്ക് കാഴ്ചയുടെ കൊഴുപ്പാണ് ഏകകാരണമെന്ന് വിധിക്കുന്നവര്‍, ശരിയായ കാഴ്ചയെയെന്നപോലെ ശരിയായ വായനയെയുമാണ് ദരിദ്രമാക്കുന്നത്.

കാഴ്ചകളുടെ ലോകം മാധ്യമ ശൃംഖലകളിലൂടെ സ്വന്തം ശക്തി പ്രകടിപ്പിച്ചു കഴിഞ്ഞ ഒരു കാലത്ത് അതിനോട് തത്സമയം സംവദിച്ചുകൊണ്ടല്ലാതെ ഒരു വായനക്കും നിലനില്‍ക്കാനാവില്ല. ടെലിവിഷനും ഇന്റര്‍നെറ്റിനുമിടയില്‍ വെച്ചു തന്നെ ‘വായന’യെ നിര്‍വചിക്കാനും അതുവഴി ആധുനിക മനുഷ്യാവസ്ഥയെ അഭിമുഖീകരിക്കാനുമാണ് ഇന്ന് മനുഷ്യര്‍ ശ്രമിക്കേണ്ടത്. ടെലിവിഷനില്ലായിരുന്നെങ്കില്‍ വായന കുറേക്കൂടി വികസിക്കുമായിരുന്നു എന്ന് കരുതുന്നവര്‍ സ്വന്തം ആലസ്യത്തെയാണ് ആദര്‍ശവല്‍ക്കരിക്കുന്നത്. മടി ഒരു എക്‌സ്‌ക്യൂസായി മാറുമ്പോഴാണ് വായനയുടെ മറവില്‍ ടെലിവിഷനെ ചീത്തവിളിക്കല്‍ പതിവായി മാറുന്നത്. ലോകം വളര്‍ന്നിട്ടില്ലായിരുന്നെങ്കില്‍, തങ്ങള്‍ വളരുമായിരുന്നു എന്ന് പറയുന്നതിലുള്ളത്ര ‘അഹന്ത’ ടെലിവിഷനില്ലായിരുന്നെങ്കില്‍ തങ്ങളേറെ വായിക്കുമായിരുന്നു എന്ന ആശ്വാസം കൊള്ളലില്‍ തിരിച്ചറിയാനാവാത്തവിധം മറഞ്ഞിരിക്കുന്നുണ്ട്. ടെലിവിഷനു മുമ്പുള്ള വായനയുടെ ഒരു ലോകം അതേപോലെ നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്നത് സാമൂഹ്യമാറ്റത്തെത്തന്നെ അവഗണിക്കുന്നതിന് തുല്യമാണ്. വാഹനങ്ങള്‍ക്ക് മുമ്പുള്ള നടത്തത്തിന് വ്യായാമമായിട്ടല്ലാതെ അതേ രൂപത്തില്‍ ഇനി തിരിച്ചുവരാനാവാത്തത് പോലെ വായനയ്ക്കും ഇനി അതിന്റേതുമാത്രമായ പഴയ ലോകത്തിലേക്ക് തിരിച്ചുപോവാനാവില്ല. വാഹനങ്ങളൊക്കെയും ഉപേക്ഷിച്ച്, വായനയുടെ മാത്രം കേവലലോകത്തില്‍ തൂങ്ങേണ്ട ആവശ്യവുമില്ല. അത് ആത്യന്തികമായി വായനയെയും അതുവഴി കാഴ്ചയെയും പരിമിതപ്പെടുത്തുന്നതിലായിരിക്കും ചെന്നുനില്‍ക്കുക. അതിനാല്‍ ഇന്നിന്റെ വായന, ‘കാഴ്ചമാധ്യമ’ങ്ങളാല്‍ മലിനമാകാത്ത ഇന്നലെകളെക്കുറിച്ച് സ്വപ്‌നം കാണുകയല്ല, മറിച്ച് മലിനമായ ഈ ലോകത്തിന്റെ നടുവില്‍ നിന്നുകൊണ്ട് അതിനെതിരെ മല്‍പിടിത്തം നടത്തുകയും നവമാധ്യമങ്ങളുടെ സാധ്യതയെ മാറോടു ചേര്‍ത്തുനിര്‍ത്തുകയുമാണ് വേണ്ടത്.

വിമര്‍ശനരഹിതമായി, ഔചിത്യമേതുമില്ലാതെ പുസ്തകങ്ങളുടെ ലോകത്ത് മാത്രം വ്യാപരിച്ചവരെ മുമ്പ് ‘പുസ്തകപ്പുഴുക്കള്‍’ എന്ന് അധ്വാനശീലരായ മനുഷ്യര്‍ പരിഹസിച്ചത്, എത്ര അര്‍ഥപൂര്‍ണമായിരുന്നെന്ന് ഇന്നൊരല്‍പ്പം ആലോചിച്ചാല്‍ ആര്‍ക്കും മനസ്സിലാവും. ‘ഇതിലും നല്ലത് നല്ല നാല് വാഴവെക്കുന്നതല്ലേ’ എന്ന അന്നത്തെ അവരുടെ വിമര്‍ശനം, ഉപഭോഗപരതയില്‍ കുരുങ്ങിപ്പോയ, ‘പുസ്തകപ്പുഴുക്കളുടെ’ നിഷ്‌ക്രിയാവസ്ഥക്കെതിരെയുള്ള ഒന്നാന്തരം കിഴുക്കായിരുന്നു!

സാംസ്‌കാരികമായ ഒന്നും ഉല്‍പാദിപ്പിക്കാനാവാത്ത, ‘ഉപഭോഗവായനക്കെതിരെ’ ഭൗതികോല്‍പാദനപ്രവര്‍ത്തനത്തില്‍ വ്യാപരിച്ചവര്‍ നടത്തിയ വിമര്‍ശത്തിന്റെ ഗംഭീരമായ ഉള്ളടക്കം, പലര്‍ക്കും ഉള്‍ക്കൊള്ളാനാവാതെപോയത്, ഉല്‍പാദനപരമായ വായനയും ഉപഭോഗപരമായ വായനയും വേര്‍തിരിയുന്ന അതിര്‍ത്തി വ്യക്തമായും വേര്‍തിരിക്കാനവര്‍ക്ക് കഴിയാത്തതുകൊണ്ടാണ്. ഉപഭോഗവായന നിഷ്‌ക്രിയത വളര്‍ത്തുമ്പോള്‍, ഉല്‍പാദനപരമായ വായന സക്രിയമാവുകയും വായനക്കാരുടെ ഇടപെടല്‍ശേഷിയെ സജീവമാക്കുകയും ചെയ്യും. ടെലിവിഷന്‍ മുതലുള്ള നവമാധ്യമങ്ങളിലും ഇതുപോലെ ‘ഉപഭോഗകാഴ്ചയുടെയും’ ‘ഉല്‍പാദന കാഴ്ചയുടെയും’ വ്യത്യസ്ത ലോകങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

പുസ്തകപ്പുഴുക്കളെയെന്നപോലെ ‘ടെലിവിഷന്‍ ചെള്ളുക’ളെയും വിര്‍ശിക്കുകയും അതേയവസരത്തില്‍ ‘പുസ്തകപ്പൂമ്പാറ്റ’കളെയെന്നപോലെ ‘ടെലിവിഷന്‍ അരയന്നങ്ങളെ’യും ഉള്‍ക്കൊള്ളുകയുമാണ് വേണ്ടത്. ഓരോ മാധ്യമത്തെയും സാധ്യമാക്കുന്നത് അതിന്റെ സാധ്യതകളുടെ സമ്മര്‍ദമാണെന്നും നിലവിലുള്ള രാഷ്ട്രീയാവസ്ഥയും ഓരോ മാധ്യമങ്ങളോടും മനുഷ്യര്‍ പുലര്‍ത്തുന്ന ബന്ധത്തിലെ വിവേചനവുമാണ് പ്രസ്തുത മാധ്യമങ്ങളുടെ സാധ്യതകളെ സങ്കോചിപ്പിക്കുന്നതെന്നും തിരിച്ചറിയപ്പെടേണ്ടതുണ്ട്. മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍ ഇനിമുതല്‍ ടെലിവിഷനും ഇന്റര്‍നെറ്റിനുമിടയില്‍ വച്ചല്ലാതെ പുതിയ വായനയെ നിര്‍വചിക്കാനാവില്ല. ആരെത്ര ആഗ്രഹിച്ചാലും ഇനി അതിനൊരിക്കലും പഴയ വായനയുടെ ‘വിശുദ്ധലാളിത്യ’ത്തിലേക്ക് മടങ്ങിപ്പോവാന്‍ കഴിയില്ല.

കാഴ്ചയും വായനയും ഒരേപോലെ പങ്കുവെക്കുന്ന നവസര്‍ഗാത്മകതയുടെ വൈരുധ്യത്തിലേക്കുള്ള പുതിയ വഴി വികസിപ്പിക്കുകയാണ് ഇന്നാവശ്യമായിട്ടുള്ളത്. ഓരോ പരിവര്‍ത്തനവും ഒരു പുളകമാകുന്നത്, അതിന് പിറകില്‍ ഒരു പിടച്ചില്‍ കൂടിയുള്ളതുകൊണ്ടാണ്. ഓരോ കണ്ടുപിടുത്തവും സത്യത്തില്‍ നമുക്കേറെ ‘സമയം’ നല്‍കുകയായിരുന്നു. എന്നിട്ടും സമയമില്ലെന്നാണ് നാം സദാ പറഞ്ഞുകൊണ്ടിരിക്കുന്നത്! മുമ്പൊക്കെ ‘കത്തുകള്‍’ എത്തുന്നതും കാത്ത് നിന്നവര്‍ക്ക് ഇപ്പോള്‍ ‘ഇ-മെയില്‍’ വഴി എത്രസമയമാണ് ‘മിച്ചം’ കിട്ടിയിരിക്കുന്നത്! എന്നാല്‍ ജീവിതത്തെ സാംസ്‌കാരികമായി മെച്ചപ്പെടുത്താന്‍ കഴിയുംവിധം ‘മിച്ച’സമയം ഉപയോഗിക്കാതിരിക്കുകയും കുറ്റം മുഴുവന്‍ ഏതെങ്കിലുമൊരു മാധ്യമത്തിന്റെ മേല്‍ കെട്ടിവെക്കുകയും ചെയ്യുന്നത് മിതമായി പറഞ്ഞാല്‍ മര്യാദയല്ല! പ്രശസ്ത കവി കുരീപ്പുഴ ശ്രീകുമാറിന്റെ ‘വായന’ എന്ന കവിത, സമയത്തെ പഴിചാരുന്ന നമ്മുടെ മര്യാദയില്ലായ്മയെയാണ് തുറന്നുകാണിക്കുന്നത്. ‘വായിക്കാന്‍ തീരെ സമയമില്ല. സമയമുണ്ടാക്കിയാലോ കണ്ണട ശരിയല്ല. കണ്ണട ശരിയാക്കിയാലോ വോള്‍ട്ടേജില്ല. വോള്‍ട്ടേജ് കൂട്ടിയാലോ പിന്നെ തീര്‍ത്തും സമയമില്ല.’ മിച്ചസമയം ‘ദുര്‍വ്യയം’ ചെയ്യുമ്പോള്‍ ജീവിതം ആലസ്യങ്ങളുടെ ഉത്പാദനകേന്ദ്രമായി ചുരുങ്ങും. അത് ശരിയാംവിധം വിനിയോഗിക്കപ്പെടുമ്പോള്‍ ജീവിതം ഒരാഘോഷമായി മാറും.

വായനയും കാഴ്ചയുമടക്കം സര്‍വ മാനുഷിക പ്രവര്‍ത്തനങ്ങളും സംഗമിക്കുന്നത് ഭാഷയുടെ അപാരസാധ്യതകളില്‍ വെച്ചാണ്. വായനയുടെയെന്നപോലെ കാഴ്ചയുടെയും ‘മാധ്യമം’ ആത്യന്തികമായി ഭാഷയാണ്. ഭാഷയുടെ ഇടപെടല്‍ ശക്തി കുറയുന്നതിനനുസരിച്ച് കാഴ്ച ഉപരിപ്ലവമാകുകയും കാഴ്ചപ്പാടുകള്‍ക്കു മുകളില്‍ കേവലകാഴ്ചകളുടെ കൊടികളുയരുകയും ചെയ്യും. കേള്‍ക്കലില്‍ ഭാഷ പ്രത്യക്ഷ സാന്നിധ്യമായിരിക്കുമ്പോള്‍, കാണലില്‍ ഭാഷ പരോക്ഷസാന്നിധ്യം മാത്രമാണെന്ന വ്യത്യാസം വേണ്ടവിധം ഉള്‍ക്കൊള്ളാതിരിക്കുമ്പോള്‍ മനുഷ്യരുടെ ഉള്ളുതന്നെയാണ് പൊത്തായിത്തീരുന്നത്. ഭാഷയെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ പലപ്പോഴും ആവിഷ്‌കാരത്തേക്കാളേറെ വിനിമയത്തില്‍ മാത്രം ഊന്നുന്നത് കൊണ്ടാണ്, മനുഷ്യാസ്തിത്വവും ഭാഷാസ്തിത്വവും തമ്മിലുള്ള ആത്മബന്ധത്തെക്കുറിച്ചുള്ള അപഗ്രഥനങ്ങള്‍ അര്‍ഹിക്കുംവിധം വളരാത്തത്. മിണ്ടി പറയാനൊരു ഭാഷ എന്നതിനപ്പുറം, ജീവിതം തിളച്ചുമറിയുകയും തളിര്‍ത്തു പൂക്കുകയും ചെയ്യുംവിധം, തീച്ചൂടിലും പച്ചപ്പ് നില്‍ക്കുന്ന ഒരു ഭാഷയെക്കുറിച്ചാണ് ഇന്ന് നാം ആഴത്തില്‍ ആലോചിക്കേണ്ടത്. മനുഷ്യബന്ധങ്ങളുടെ ആര്‍ദ്രതകളില്‍ കുളിര്‍മകൊള്ളുന്ന, അനന്തതക്കുമുമ്പില്‍ വിനയാന്വിതമാകുന്ന, അനീതിക്കുമുമ്പില്‍ ഇടിമുഴക്കം പോലെ ഗര്‍ജിക്കുന്ന, പിടച്ചിലുകള്‍ക്കുമുമ്പില്‍ സാന്ത്വനം പകരുന്ന ഭാഷയുടെ സാധ്യതകളെ പരമാവധി വികസിപ്പിക്കുകയാണ് ഇന്നനിവാര്യമായിട്ടുള്ളത്. ലാഭനഷ്ടങ്ങള്‍ക്കിടയില്‍നിന്ന്, നഗ്നമായ പ്രയോജനവാദങ്ങളുടെ ഇത്തിരിവട്ടങ്ങളില്‍ നിന്ന് ഭാഷയെ വീണ്ടെടുക്കുക എന്നതിന്നര്‍ത്ഥം മിന്നലിന്‍ വേഗമായി, മഴവില്ലിന്റെ മനോഹാരിതയായി, മഹാപര്‍വതത്തിന്റെ ഗാംഭീര്യമായി, മനുഷ്യത്വത്തിന്റെ മഹത്വമായി, പാരമ്പര്യത്തിന്റ പുളകമായി മനുഷ്യര്‍ മുന്നേറുക എന്നുതന്നെയാണ്. ശാസ്ത്രസാങ്കേതിക വിദ്യകള്‍ക്കോ മാധ്യമങ്ങള്‍ക്കോ മറികടക്കാനാവാത്തവിധം ‘സംഭാഷണശക്തി’ ഇന്നും സജീവമായി നില്‍ക്കുകയാണ്. സംഭാഷണം സത്യത്തില്‍ മാക്‌ബ്രൈഡ് റിപ്പോര്‍ട്ട് വിശദമാക്കിയതുപോലെ, ‘അസംഖ്യം സമ്പര്‍ക്ക ശൃംഖലകളുടെ ജീവരക്തമാണ്.’ ‘അറിയപ്പെടാത്ത അനേകായിരങ്ങളുമായി നീയെനിക്ക് സൗഹൃദം നല്‍കി’ എന്ന് പാബ്ലോ നെരൂദ പാടിയത്, പാര്‍ട്ടിയെക്കുറിച്ചും വായനയെക്കുറിച്ചും കാഴ്ചയെക്കുറിച്ചും സാമൂഹ്യാര്‍ത്ഥത്തില്‍ പ്രസക്തമായ മറ്റെന്തിനെക്കുറിച്ചും സത്യമാണ്.

‘മറ്റൊരാളുടെ തലച്ചോറുകൊണ്ട് ചിന്തിക്കലാണ് വായന’യെന്ന ഷോപ്പര്‍ഹവറുടെ പരിഹാസം ഒരര്‍ത്ഥത്തില്‍ പൊള്ളയും മറ്റൊരര്‍ത്ഥത്തില്‍ പ്രസക്തവുമാണ്. ചുരുങ്ങിയത് രണ്ട് തലച്ചോറുകള്‍ തമ്മിലെങ്കിലും പ്രതിപ്രവര്‍ത്തിക്കാതെ ചിന്തയുണ്ടാകില്ലെന്ന അര്‍ത്ഥത്തിലാണത് പൊള്ളയാണെന്ന് പറയുന്നത്. സ്വന്തം തലച്ചോറിനെ പ്രവര്‍ത്തിപ്പിക്കാതെ, ആരുടെയെങ്കിലും മാറ്റൊലിയായി തീരുംവിധം വായന ഉപഭോഗാത്മകം മാത്രമാവുന്ന ഒരവസ്ഥയെക്കുറിച്ചുള്ള സൂചനകള്‍ കൂടി, ഷോപ്പന്‍ഹവറില്‍ നിന്നും കണ്ടെടുക്കാന്‍ കഴിയുന്നതു കൊണ്ടാണത് പ്രസക്തമാവുന്നത്. ഒരു സാമൂഹ്യപ്രവര്‍ത്തനമായിരിക്കെ ‘മൗലികം’ കൂടിയായി മാറണമെങ്കില്‍ വായന ഉത്പാദനപരതയിലേക്ക് ഉയരണം. ഒരു ശൂന്യപാത്രം നിറയ്ക്കുന്ന പ്രവര്‍ത്തനം എന്ന നിലയില്‍നിന്ന് വായന എഴുത്തിന്റെ മൗനങ്ങളെയും വൈരുദ്ധ്യങ്ങളെയും വെളിപ്പെടുത്തുംവിധമുള്ള ഒരു സര്‍ഗപ്രവര്‍ത്തനമായി മാറുമ്പോഴാണ് അതൊരു സാംസ്‌കാരിക പ്രവര്‍ത്തനമെന്ന നിലയില്‍ ‘ഉത്പാദനപരം’ കൂടിയായി ഉയരുന്നത്.

രണ്ട്
വായിക്കുമ്പോള്‍ ജീവിതം വലുതാകും. അടച്ചിട്ട വാതിലുകളൊക്കെയും മുട്ടാതെത്തന്നെ തുറക്കപ്പെടും. നിശ്ശബ്ദത സ്വയം ശബ്ദിച്ചു തുടങ്ങും. മഹാവൃക്ഷങ്ങള്‍ക്കെന്നപോലെ, മലിനമായൊരു മണല്‍തരിക്കും സംഘര്‍ഷഭരിതമായ ഒരു ജീവചരിത്രം ഉണ്ടെന്ന് മനസ്സിലാവും. കൂട്ടലിനും കിഴിക്കലിനുമപ്പുറമുള്ള, വേറൊരു ലോകത്തിലേക്കുള്ള വഴികള്‍ തെളിയും. മുറിവേറ്റു മറിഞ്ഞു വീഴുമ്പോഴും ഇതൊന്നുമല്ല വീഴ്ച്ചയെന്ന് വ്യക്തമാവും. ഇന്നലെവരെ കാണാതെപോയ കാഴ്ചകളും, കേള്‍ക്കാതെപോയ ഇലയനക്കങ്ങളും, അറിയാതെപോയ അറിവുകളും, അനുഭവിക്കാതെപോയ അനുഭൂതികളും കീറിമുറിച്ചും കോരിത്തരിപ്പിച്ചും ഏതൊക്കെയോ അജ്ഞാത സ്രോതസ്സുകളില്‍നിന്നും കുതിച്ചുവരും.

ബധിരര്‍ കേള്‍ക്കും, അന്ധര്‍ കാണും, മുടന്തര്‍ നൃത്തംവെയ്ക്കും, മരിച്ചവര്‍ തിരിച്ചുവരും. ‘വായന’ വിസ്മയങ്ങളുടെ വേറൊരു സമാന്തര ലോകമാണ്. അതൊരു ജീവിതത്തെ, അനേകായിരം ജീവിതങ്ങള്‍ കൊണ്ട് നിരന്തരം അഭിവാദ്യം ചെയ്യുകയാണ്. അന്ധതയെ അനന്തതയാക്കി ആഘോഷിക്കുകയാണ്. ഒറ്റക്കാവുമ്പോഴും, ആരും ഒറ്റക്കല്ലെന്ന് ഓര്‍മ്മിപ്പിക്കുകയാണ്. ‘ഏകാന്തതകളൊക്കെയും’ വ്യക്തികളാര്‍ജ്ജിക്കുന്ന സങ്കീര്‍ണ്ണമായ അനുഭവങ്ങളുടെ വെറും സംഗ്രഹങ്ങള്‍ മാത്രമാണെന്ന് സാക്ഷ്യപ്പെടുത്തുകയാണ്. സ്മരണകള്‍ക്കും സ്വപ്‌നങ്ങള്‍ക്കുമിടയില്‍, അറിയലിനും ആരായലിനുമിടയില്‍ പാലങ്ങള്‍ പണിയുകയാണ്. അന്വേഷണങ്ങള്‍ക്ക്, സ്വന്തം ഭൂമിയും ആകാശവും സൃഷ്ടിച്ചുകൊടുക്കുകയാണ്. പ്രത്യാഘാതങ്ങളെ പരിഗണിക്കാതെ അപകടങ്ങളെ ആശ്ലേഷിക്കുകയാണ്. തിരിച്ചുവരവുകളില്ലെന്നറിഞ്ഞിട്ടും തളിര്‍ത്ത് തുള്ളുകയാണ്. മരണത്തെപ്പോലും ജീവിതമാക്കി തിരുത്തി എഴുതുകയാണ്. ‘കടലാസിന്റെ കവിതയില്ലാത്ത മാര്‍ജിനുകളില്‍’, സ്വയമൊരു പൂരണമായി പരിണമിക്കുകയാണ്.

വായന ആ അര്‍ത്ഥത്തില്‍ സക്രിയമായൊരു പ്രവര്‍ത്തനമാണ്. വിളകള്‍ക്കും കളകള്‍ക്കുമിടയിലൊരു വഴിവെട്ടലാണ്. വിളകള്‍ കളയാവുന്നതിന്റെയും കളകള്‍ വിളയാവുന്നതിന്റെയും ബലതന്ത്രം കണ്ടെത്തലാണ്. ആരോ എഴുതിയത് വെറുതെ വിഴുങ്ങുമ്പോഴല്ല, അതിനെ വീണ്ടും സ്വന്തമായി എഴുതുമ്പോഴാണ്, വായന, അപഗ്രഥനത്തിന്റെ അസ്വസ്ഥതകളില്‍വെച്ച് സ്വയമൊരു ഉലപ്പാദനപ്രവര്‍ത്തനമായി വളരുന്നത്. അപ്പോഴാണ് കാണാപ്പുറങ്ങളിലേക്കത് കണ്ണ് തുറക്കുന്നത്. അപ്പോഴാണത് കുഴിച്ചുമൂടപ്പെട്ട നീതിയുടെ കണ്ണുനീരിന്റെ ചൂടറിയുന്നത്.

അതോടെ സുഷിരങ്ങള്‍ വീണ് സ്വസ്ഥതകളുടഞ്ഞു തുടങ്ങും. ഉപേക്ഷിക്കപ്പെട്ടവരൊക്കെയും ഉയിര്‍ത്തെഴുന്നേല്‍ക്കും. മഷികൊണ്ടെഴുതിയ വാക്കുകളില്‍നിന്നും ചോര കിനിയും. അക്ഷരങ്ങളെഴുതിയ കടലാസില്‍ അഗ്നി ആളിപ്പടരും. ”ഉല്‍പ്പാദനപരമായ വായന”, ഉടനെയല്ലെങ്കിലും സാവകാശം, ജീവിതത്തെയാകെ ഉഴുതു മറിക്കും. അതില്‍നിന്നും പിറക്കുന്ന കാഴ്ചകള്‍ കെട്ടകാലത്തിനെതിരെയുള്ള കുതറുന്ന കാഴ്ചപ്പാടുകളായി മുഷ്ടിചുരുട്ടും. അങ്ങനെ സ്വയമൊരു പ്രവര്‍ത്തനമായി മാറുന്ന വായനയെ നോക്കി, ഇതിനേക്കാള്‍ നല്ലത് ഒരു വാഴവെക്കുന്നതാണെന്ന് പഴയത്‌പോലെ പറയാന്‍ ഇന്ന് ആര്‍ക്കും കഴിയില്ല. എന്തുകൊണ്ടെന്നാല്‍ ‘ഉല്‍പ്പാദനപരമായ വായന’ സ്വയമൊരു വാഴത്തോപ്പാണ്. അത് സാംസ്‌കാരിക രംഗത്തെ കൃഷിയും വ്യവസായവുമാണ്.

എന്നാല്‍ ഇവ്വിധമുള്ള ‘വായന’ കടലാസും പേനയും തമ്മിലുള്ള ഒരു സ്വകാര്യ ഉടമ്പടിയല്ല. അച്ചടിക്ക് മുമ്പും അച്ചടിക്ക് ശേഷവും നിലനില്‍ക്കുന്ന വിനിമയരീതികളെ മുഴുവന്‍ വിശാലമായി ഉള്‍ക്കൊളളുന്ന, വിസ്തൃതവും അഗാധവുമായ ഒരു വാക്കായി വേണം, ഇന്ന് നാം ‘വായന’യെ സമീപിക്കാന്‍. മനസ്സിലാക്കാനും മാറ്റിത്തീര്‍ക്കാനും സഹായിക്കുന്നതെന്തും സൂക്ഷ്മതലത്തില്‍ ഉല്‍പ്പാദനപരമായ വായനയാണ്. ഒരു മില്ലീമീറ്ററെങ്കിലും മനസ്സിനെ മുന്നോട്ട് നയിക്കുന്ന, അത്തരമൊരു മാറ്റത്തിന് പരോക്ഷമായെങ്കിലും കളമൊരുക്കുന്ന, നിരീക്ഷണവും കാഴ്ചയും അടക്കമുള്ള എല്ലാ അറിയല്‍ രീതികളും ഉള്‍ക്കൊള്ളുന്ന വായന ചരിത്രത്തിന്റെ കാഴ്ചപ്പാടില്‍ പുരോഗമനപരമാണ്. കാഴ്ചയടക്കമുള്ള സര്‍വ്വഇന്ദ്രിയപ്രവര്‍ത്തനങ്ങളെയും കേവലമായി തെറിവിളിച്ചുകൊണ്ട്, വായനക്ക് കരുത്ത് പകരാന്‍ കഴിയുമെന്ന് കരുതുന്നത് വെറുതെയാണ്. എന്തുകൊണ്ടെന്നാല്‍, എക്കാലത്തേക്കുമായി, ഒരേവിധത്തിലുള്ള ഒരു വായനയും നിലനില്‍ക്കുന്നില്ല. അക്ഷരങ്ങള്‍ കണ്ടുപിടിക്കപ്പെടുന്നതിന് മുമ്പുള്ള ‘വായന’യും അക്ഷരങ്ങള്‍ കണ്ടുപിടിച്ച ആദ്യകാലത്തെ വായനയും, ദൃശ്യമാധ്യമങ്ങള്‍ക്ക് ശേഷം നിലവില്‍വന്ന പുതിയ വായനയും, ഒരേ വായനയായിരിക്കുമ്പോള്‍തന്നെ വ്യത്യസ്ത വായനകളുമാണ്.

പ്രാകൃത മനുഷ്യര്‍, ലോകത്തെ മനസ്സിലാക്കിയത്, ഭാഷയുടെ മാധ്യമത്തിലൂടെയായിരുന്നില്ല. ശിരസ്സും വയറുമല്ല, ‘കടുംപാറ പൊട്ടിച്ചുടക്കുന്ന കൈകളാണ്’ ആദിയില്‍, അന്വേഷകരായിരുന്നത്! കാലമേറെ മാറിയിട്ടും, ആ ‘കയ്യൂക്കും’, ‘കൈകാര്യം ചെയ്യലും’, കാര്യമായ ഒരു പരിക്കുമേല്‍ക്കാതെ, കൈമഹത്വം പ്രഖ്യാപനം ചെയ്തുകൊണ്ട് ഇന്നും ഭാഷയില്‍ തുടരുകയാണ്. കരുത്താണ് മാനദണ്ഡമെങ്കില്‍, കൈകൊണ്ടുള്ള അടിയേക്കാള്‍ കാല്‍കൊണ്ടുള്ള തൊഴിക്കായിരുന്നു പ്രാധാന്യം കൊടുക്കേണ്ടിയിരുന്നത്. ‘കയ്യൂക്കി’നേക്കാള്‍ അക്കണക്കിന്, ‘കാലൂക്ക്’ എന്ന വാക്കായിരുന്നു ഉണ്ടാവേണ്ടിയിരുന്നത്! അധ്വാനത്തിന്നുള്ള ഉപകരണവും അതേസമയം അതിന്റെതന്നെ ഉല്‍പ്പന്നവുമായ കൈ തന്നെയാണ്, ആദ്യത്തെ എഴുത്ത് തള്ളയും തന്തയുമായി തീര്‍ന്നത്. എന്നാലീ രണ്ടാംഘട്ടത്തെ, അത്ര നല്ല കാര്യമായല്ല, മറിച്ച് അശുഭകരമായ എന്തോ ഒന്നായിട്ടാണ്, ചിന്തകന്മാരില്‍ ചിലര്‍ കണ്ടത്. എഴുത്തിന്റെ കഴുത്തെടുക്കാനും അക്ഷരങ്ങളുടെ ജീവിതമവസാനിപ്പിക്കാനുമുള്ള അവരുടെ ആഗ്രഹം പക്ഷേ, അലസിപ്പോവുകയാണുണ്ടായത്. ഗുട്ടന്‍ബര്‍ഗിനോടുകൂടി, അക്രമാസക്തമായ അക്ഷരങ്ങളുടെ സമാന്തരലോകം ശക്തിയാര്‍ജ്ജിക്കുകയും ചെയ്തു. മൂന്നാംഘട്ടം, ദൃശ്യമാധ്യമങ്ങളിലൂടെ വേഷപ്പകര്‍ച്ചക്ക് വിധേയമായ അക്ഷരങ്ങളുടേതാണ് ഭാഷയുടെ മാധ്യമികതയിലൂടെ തന്നെയാണ്, ദൃശ്യങ്ങളും നിലനില്‍ക്കുന്നതെന്ന് തിരിച്ചറിഞ്ഞാല്‍, കാഴ്ചക്കും വായനക്കുമിടയിലുള്ള അപ്രസക്തമായ തര്‍ക്കം അതോടെ അവസാനിക്കും. കാണാതെ ‘വായിക്കാനോ’ വായിക്കുമ്പോള്‍, ‘കാണാതിരിക്കാനോ’ കഴിയില്ലെന്ന നേരനുഭവത്തെ, ‘ഉല്‍പ്പാദനപരമായ’ ഒരു കാഴ്ചപ്പാടിലേക്ക് ഉല്‍ഗ്രഥിക്കുകയാണ് ഇന്നനിവാര്യമായിട്ടുള്ളത്. ഉപഭോഗവായനക്കാരെ മുമ്പ്, ‘പുസ്തകപ്പുഴുക്കള്‍’ എന്ന് വിളിച്ചതു പോലെ, ഉപഭോഗകാഴ്ച്ചക്കാരെ, ‘ടെലിചെള്ളുകള്‍’ എന്ന് വിളിക്കുകയാണ് വേണ്ടത്. ടെലിവിഷന്‍ അടക്കമുള്ള ദൃശ്യമാധ്യമങ്ങള്‍ ഇല്ലാതിരുന്ന ഒരു കാലത്തെ വായനക്ക് അതേപോലെ ഇന്ന് ആവര്‍ത്തിക്കാന്‍ കഴിയില്ലെന്ന് വിനയപൂര്‍വ്വം തിരിച്ചറിയുകയാണ് വേണ്ടത്. പഴയ ഉപഭോഗവായനയും ടെലിവിഷന് മുമ്പിലുള്ള നിഷ്‌ക്രിയ ധ്യാനവും പരസ്പര പൂരകമാണ്. അതു പോലെ ഉല്‍പ്പാദനപരമായ വായനയും ദൃശ്യമാധ്യമങ്ങളുടെ സക്രിയമായ പ്രയോഗവും പരസ്പര പൂരകമാണ്. വായനയുടെ ശത്രു കാഴ്ചയല്ല, മറിച്ച്, രണ്ടിന്റെയും പൊതുശത്രു ആരോഗ്യകരമായ ഒരു കാഴ്ചപ്പാടിന്റെ അഭാവമാണ്.
കെ ഇ എന്‍

You must be logged in to post a comment Login