ക്ലീഷേ പ്രയോഗങ്ങള്‍

ക്ലീഷേ പ്രയോഗങ്ങള്‍

ഹാസ്യ സാമ്രാട്ട് സജ്ഞയന്‍ എഴുതിയ ‘കമ്മട്ടി സ്വാമിയാരുടെ കഥ’ വളരെ പ്രസിദ്ധമാണ്. കമ്മട്ടികള്‍ ചന്തയില്‍ കൊണ്ടുപോയി വില്‍ക്കലായിരുന്നു അയാളുടെ തൊഴില്‍. ഒരു ദിവസം ചന്തയിലേക്കുള്ള യാത്രക്കിടയില്‍ സ്വാമിയാരുടെ വണ്ടി പുഴയിലേക്കു മറിഞ്ഞു. കാളകള്‍ ചത്തു. കമ്മട്ടികള്‍ പൊട്ടിപ്പോയി. സ്വാമിയാരുടെ നിലവിളി കേട്ട് ആളുകള്‍ ഓടിക്കൂടി. അവരോട് സ്വാമി തനിക്കു നേരിട്ട ദുരന്തം കണ്ണീരോടെ വിവരിച്ചു. ശ്രോതാക്കള്‍ സ്വാമിയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പിരിഞ്ഞു. പിറ്റേന്ന് അതേസമയം അതേ സ്ഥാനത്ത് ചെന്നിരുന്ന് സ്വാമി കരയാനാരംഭിച്ചു. ഇക്കുറിയും ആളുകള്‍ കൂടി. അല്‍പം കഴിഞ്ഞ് അവര്‍ പിരിഞ്ഞുപോവുകയും ചെയ്തു. ഈ വിലാപം ഒരു പതിവായപ്പോള്‍ ആളുകള്‍ തീരെ ശ്രദ്ധിക്കാതെയായി. അപ്പോള്‍ സ്വാമി ആളുകളെ തടഞ്ഞു നിര്‍ത്തി തന്റെ കദനകഥ വിവരിക്കും. സ്വാമി സംസാരിച്ചു തുടങ്ങുമ്പോഴേ ‘അറിയാം കമ്മട്ടി പൊട്ടിപ്പോയല്ലേ’ എന്നു ചോദിച്ച് ആളുകള്‍ ധൃതിയില്‍ പോവാന്‍ തുടങ്ങി. ഒടുവിലൊടുവില്‍ സ്വാമിയെ കണ്ടാലുടന്‍ ആളുകള്‍ ചൂണ്ടുവിരല്‍കൊണ്ട് വായുവില്‍ കമ്മിട്ടിയുടെ ആകൃതിയില്‍ ഒരു വട്ടം വരച്ചിട്ട് ‘ഠിം അല്ലേ’ എന്നു ചോദിച്ചിട്ടു പോകുന്ന മട്ടായി. കഥകളായാലും ഫലിതങ്ങളായാലും അനുഭവങ്ങളായാലും ആവര്‍ത്തിക്കുന്തോറും അവയുടെ ശക്തി കുറഞ്ഞുകൊണ്ടിരിക്കും. ഭാഷാപ്രയോഗങ്ങളുടെ കാര്യത്തിലും ഇതു ശരിയാണ്. ഒരു സവിശേഷ പദപ്രയോഗം ആദ്യം കേള്‍ക്കുമ്പോഴുള്ള ശക്തി ആവര്‍ത്തിച്ചു കേള്‍ക്കുമ്പോള്‍ ഇല്ലാതാകും. സുന്ദരിമാരുടെ മുഖത്തെ ചന്ദ്രനോടുപമിക്കുന്നത് ആദ്യകാലത്തൊക്കെ ഒരു പുതുമയായിരുന്നിരിക്കാം. പക്ഷേ ഇന്നു ‘മുഖചന്ദ്രന്‍’ എന്നോ ‘പാദപത്മം’ എന്നോ പറഞ്ഞാല്‍ വിശേഷിച്ച് എന്തെങ്കിലും ഭംഗി അതിനുണ്ടെന്ന് ആരും പറയുകയില്ല. ഇങ്ങനെ ആവര്‍ത്തിച്ചാവര്‍ത്തിച്ച് എല്ലാ ചൈതന്യവും നഷ്ടപ്പെട്ട, തേഞ്ഞ അഥവാ ചീഞ്ഞ പ്രയോഗങ്ങളെയാണ് ക്ലീഷേ എന്ന് വിളിക്കുന്നത്.
സ്പോര്‍ട്സ് പേജുകള്‍ ഇത്തരം ക്ലീഷേകളുടെ വിളനിലങ്ങളാണ്. കപ്പ് നേടുക എന്ന് പത്രക്കാര്‍ പറയാറില്ല. കപ്പില്‍ മുത്തമിടുക എന്നതാണ് അവരുടെ ഇഷ്ടപ്രയോഗം. അങ്ങനെ എഴുതുകയും പറയുകയും ചെയ്തില്ലെങ്കില്‍ എന്തോ കുഴപ്പമുണ്ടെന്ന മട്ടിലാണ് ഇതാവര്‍ത്തിക്കുന്നത്. മാമാങ്കം, തിരശ്ശീല ഉയരുക എന്നിവയും ഇപ്രകാരം ആവര്‍ത്തിച്ചാവര്‍ത്തിച്ച് ‘ഉരം’ പോയ പ്രയോഗങ്ങളാണ്. രണ്ടും ഒന്നിച്ച് പ്രത്യക്ഷപ്പെടാറുമുണ്ട്. ‘ഫുട്ബോള്‍ മാമാങ്കത്തിന് തിരശ്ശീല ഉയര്‍ന്നു’ എന്ന മട്ടിലുള്ള എഴുത്ത് നമുക്ക് ചിരപരിചിതമാണല്ലോ.

വലിയ ഉത്സവം എന്ന അര്‍ത്ഥത്തിലും ജീവന്മരണ പോരാട്ടം എന്ന അര്‍ത്ഥത്തിലുമാണ് ‘മാമാങ്കം’ എന്ന പദം ഭാഷയില്‍ നിലനില്‍ക്കുന്നത്. പക്ഷേ തീരെ നിസാരമായ സന്ദര്‍ഭങ്ങളില്‍ പോലും പ്രയോഗിച്ച് മാമാങ്കത്തിന് അതിന്റെ അര്‍ത്ഥഗൗരവം നഷ്ടപ്പെട്ടിരിക്കുന്നു. ആരംഭിക്കുക എന്ന അര്‍ത്ഥമുള്ള ഒരു ആലങ്കാരിക പ്രയോഗമാണ് തിരശ്ശീല ഉയരുക എന്നത്. എന്നാല്‍ ഫുട്ബോള്‍ മത്സരത്തെപ്പറ്റി പറയുന്നിടത്ത് തിരശ്ശീലക്ക് യാതൊരു സാംഗത്യവുമില്ല. കര്‍ട്ടനുയര്‍ത്തി സ്റ്റേജില്‍ നടത്തേണ്ട ഒരു കളിയല്ലല്ലോ അത്.

‘ആര്‍ഷഭാരതത്തിലെ മാമുനിമാര്‍ താരാട്ടി പാലൂട്ടി വളര്‍ത്തിയ സംസ്‌കാരം’ എന്നൊരാള്‍ എഴുതിക്കണ്ടു. മാമുനിമാര്‍ താരാട്ടുന്നതും പാലൂട്ടുന്നതുമായ രംഗങ്ങള്‍ ഒന്ന് സങ്കല്‍പിച്ചു നോക്കൂ.

‘ത്രിശങ്കു സ്വര്‍ഗം’ എന്നൊരു സങ്കല്‍പം പുരാണങ്ങളിലുണ്ട്. ഉടലോടെ സ്വര്‍ഗത്തില്‍ പോകാനാഗ്രഹിച്ച ത്രിശങ്കു എന്ന രാജാവ് വിശ്വാമിത്രന്റെ സഹായത്തോടെ സ്വര്‍ഗത്തിലേക്ക് റോക്കറ്റു പോലെ കുതിച്ചു. ഇതുകണ്ട ദേവേന്ദ്രന്‍ റോക്കറ്റിന്റെ ഗതി ഭൂമിയിലേക്ക് തിരിച്ചുവിട്ടു. ആപത്തു മനസിലാക്കിയ വിശ്വാമിത്രന്‍ കുപ്പിയെ ഭൂമിക്കും സ്വര്‍ഗത്തിനുമിടയില്‍ ഒരിടത്തു സ്ഥിരപ്പെടുത്തി. രണ്ടിടത്തുമല്ലാത്ത അവസ്ഥയെ കുറിക്കാന്‍ ‘ത്രിശങ്കു സ്വര്‍ഗം’ എന്നു പ്രയോഗിക്കാറുണ്ട്. എന്നാല്‍ ‘ആര്‍ക്കും ഭൂരിപക്ഷമില്ല: മന്ത്രിസഭ ത്രിശങ്കുവില്‍’ എന്നെഴുതിയാലോ? ത്രിശങ്കു സ്വര്‍ഗത്തെ ത്രിശങ്കുവാക്കിച്ചുരുക്കുന്നത് ഉചിതമല്ല.
ആളെ കുത്തിത്തിരുകിയ ടൗണ്‍ബസിലെ കിളിയുടെ ‘ഫുട്ബോള്‍ കളിക്കാന്‍ സ്ഥലമുണ്ടല്ലോ’ എന്ന തമാശ കേള്‍ക്കാന്‍ തുടങ്ങിയിട്ടുകാലമെത്രയായി. അതു കേള്‍ക്കുന്നവര്‍ക്കു ചിരിയല്ല കരച്ചിലാണു വരുക. ‘ഇതെന്താ വെള്ളരിക്കാപ്പട്ടണ’മാണോ എന്ന പ്രയോഗം പലയിടത്തും കേള്‍ക്കാം. എന്താണീ വെള്ളരിക്കാപ്പട്ടണം? ആര്‍ക്കറിയാം! ‘ഒരായിരം സ്വപ്നങ്ങള്‍’ ‘കൃതജ്ഞതയുടെ പൂച്ചെണ്ടുകള്‍’ ‘സ്വകാര്യ അഹങ്കാരം’ തുടങ്ങിയവയും ക്ലീഷേ ആയിക്കഴിഞ്ഞ പ്രയോഗങ്ങളാണ്.

ഡോ. കെ വി തോമസ്‌

You must be logged in to post a comment Login