ഇന്ത്യന്‍ മാധ്യമങ്ങളുടെ മുന്‍ഗണനകളും മുന്‍വിധികളും

ഇന്ത്യന്‍ മാധ്യമങ്ങളുടെ മുന്‍ഗണനകളും മുന്‍വിധികളും

ചൈനീസ് പ്രസിഡണ്ടിന്റെ ഇന്ത്യാ സന്ദര്‍ശനം മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയും സമൂഹമാധ്യമങ്ങള്‍ ട്രോളുകളാക്കിയും ആഘോഷിച്ചു. നരേന്ദ്രമോഡിയുടെ പതിവ് പബ്ലിസിറ്റി അഭ്യാസങ്ങള്‍ സന്ദര്‍ശനത്തിലെ പ്രധാന ഭാഗമാണ്. കൂടിക്കാഴ്ചയില്‍ എന്തൊക്കെ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു എന്നതിലുപരിയായി, ഷിജിന്‍ പിങും നരേന്ദ്രമോഡിയും കഴിച്ച ആഹാരത്തെകുറിച്ചും കടല്‍തീരത്ത് ചെലവഴിച്ച സമയത്തെക്കുറിച്ചുമൊക്കെയാണ് ഇന്ത്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. കശ്മീര്‍ വിഷയത്തില്‍ ഇന്ത്യ സ്വീകരിച്ച നിലപാടിനെ വിമര്‍ശിച്ച ചൈന, പിന്നീട് കൂടിക്കാഴ്ച നടത്തിയപ്പോള്‍ വിഷയത്തെകുറിച്ച് ചര്‍ച്ച ചെയ്തില്ല എന്നു വിദേശ മന്ത്രാലയം പറഞ്ഞതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യയിലെ പ്രമുഖ മാധ്യമസ്ഥാപനങ്ങളെല്ലാം തന്നെ സന്ദര്‍ശനത്തെ, വിനോദയാത്രക്ക് തുല്യമായി കണ്ടുകൊണ്ടുള്ള റിപ്പോര്‍ട്ടുകളാണ് തയാറാക്കിയത്. ഇരുരാജ്യങ്ങളുടെ തലവന്‍മാര്‍ കൂടിക്കാഴ്ച നടത്തുമ്പോള്‍ പ്രധാന വിഷയങ്ങളെ ലഘൂകരിക്കുകയോ അല്ലെങ്കില്‍ പരാമര്‍ശിക്കാതിരിക്കുകയോ ചെയ്യുന്ന പ്രവണത ഒട്ടുംതന്നെ യോജിക്കാന്‍ കഴിയാത്തതാണ്. ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയങ്ങള്‍ ഒന്നും തന്നെ വാര്‍ത്തയാവുന്നില്ല എന്നതാണ് വീഴ്ച. ഇത്തരം സന്ദര്‍ഭങ്ങളില്‍ നരേന്ദ്രമോഡി തന്നെയാണ് ചര്‍ച്ചയാവുന്നത്. കടല്‍തീരത്തെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ പെറുക്കിയെടുത്ത മോഡിയെ തന്നെയാണ് നാം വീണ്ടും വീണ്ടും കാണുന്നത്. ഒരര്‍ഥത്തില്‍ മോഡിയെ വിമര്‍ശിക്കുന്നതിലുപരിയായി ഇത്തരം ദൃശ്യങ്ങള്‍ മോഡിക്ക് നല്‍കുന്ന ജനകീയത തള്ളിക്കളയാന്‍ സാധിക്കില്ല. മലയാള മാധ്യമങ്ങളിലൊന്നും തന്നെ ചൈനീസ് പ്രസിഡണ്ടും മോഡിയും സംസാരിക്കേണ്ട വിഷയങ്ങള്‍ ഇരുരാജ്യങ്ങളുടെയും കച്ചവടസാധ്യതകളും മറ്റു കരാറുകളുമാണുമെന്നുളളത് തിരിച്ചറിയുന്നില്ല. വിദേശകാര്യ വിദഗ്ധന്‍ ബ്രഹ്മ ചെല്ലനി ഇന്ത്യന്‍ മാധ്യമങ്ങള്‍ കൂടിക്കാഴ്ച വ്യക്തമായി റിപ്പോര്‍ട്ടു ചെയ്യുന്നതിനു പകരം, അനാവശ്യമായ പ്രചാരണം നല്‍കുകയാണ് ചെയ്തതെന്ന് നിരീക്ഷിക്കുകയുണ്ടായി. വിദേശകാര്യം കൈകാര്യം ചെയ്യുമ്പോള്‍ ഗവേഷണങ്ങളും അഭിപ്രായശേഖരണവും അനിവാര്യമാണെന്ന് ചില മാധ്യമ സ്ഥാപനങ്ങള്‍ മാത്രമേ കണക്കാക്കുന്നുള്ളൂ.

സാമ്പത്തികശാസ്ത്രത്തിലെ നൊബേല്‍ സമ്മാന പ്രഖ്യാപനം ഇന്ത്യയില്‍ വലിയ വാര്‍ത്തയായി. ഇന്ത്യന്‍ വംശജനയായ അഭിജിത് ബാനര്‍ജി നേടിയ നൊബേല്‍ ഇന്ത്യയില്‍ നരേന്ദ്ര മോഡിയുടെ സാമ്പത്തികനയങ്ങള്‍ക്ക് കടുത്ത മറുപടിയാണെന്നുള്ള വാദം സാമൂഹിക മാധ്യമങ്ങളിലുമുണ്ടായി. ജെ എന്‍ യു പൂര്‍വ വിദ്യാര്‍ഥികൂടിയായ അഭിജിത്, ഭരണകൂടത്തിന്റെ നിരുത്തരവാദിത്വങ്ങള്‍ക്കെതിരെ സമരം ചെയ്തിട്ടുമുണ്ട്. ജെ എന്‍ യു വിദ്യാര്‍ഥികള്‍ നികുതിപ്പണം പാഴ്‌ചെലവാക്കുന്നവരല്ല എന്ന് തെളിയിക്കുന്നതാണ് അദ്ദേഹത്തിന്റെ വിജയം. അഭിജിത് ബാനര്‍ജി, നൊബേല്‍ പങ്കുവെച്ചത് മിഷേല്‍ ക്രെമര്‍, എസ്തര്‍ ഡഫ്‌ലോ എന്നിവരോടൊപ്പമാണ്. എന്നാല്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത ഇന്ത്യന്‍ മാധ്യമങ്ങള്‍ക്ക് കടുത്ത വിമര്‍ശനം നേരിടേണ്ടി വന്നു. അഭിജിത് ബാനര്‍ജിയുടെ ഭാര്യയാണ് എസ്തര്‍, മാധ്യമങ്ങള്‍ എസ്തറിനെ അഭിജിതിന്റെ ഭാര്യയായി മാത്രം അവതരിപ്പിക്കുന്നു എന്നാണ് പ്രധാന വിമര്‍ശനം. ഇതിനു ഉദാഹരണങ്ങളായി, ഇന്ത്യയിലെ ഒട്ടുമിക്ക ദേശീയ-പ്രാദേശിക പത്ര മാധ്യമങ്ങളും റിപ്പോര്‍ട്ടു ചെയ്തത് ഇപ്രകാരമാണ്. ‘അഭിജിത് ബാനര്‍ജിയും ഭാര്യ എസ്തര്‍ ഡഫ്‌ലോയും സാമ്പത്തിക നൊബേലിന് അര്‍ഹരായി’ എന്ന്. എസ്തര്‍ തന്റെ മേഖലയില്‍ കൃത്യമായ സംഭാവനകള്‍ നല്‍കിയ വ്യക്തിയാണ്. അവര്‍ ഒരിക്കലും അഭിജിത് ബാനര്‍ജിക്കൊപ്പം കൂട്ടിവായിക്കപ്പെടേണ്ട പേരല്ല. എന്നാല്‍ എന്‍ ഡി ടി വി അടക്കം എസ്തറിനു നല്‍കിയ പ്രഥമസ്ഥാനം അഭിജിതിന്റെ ഭാര്യ എന്നതാണ്. ഇന്ത്യക്ക് പുറത്തുള്ള മാധ്യമസ്ഥാപനങ്ങളില്‍ ചിലത് ഇതിനെ ശക്തമായി വിമര്‍ശിച്ചു. സ്ത്രീകളുടെ നേട്ടത്തെ എളുപ്പം ലഘൂകരിക്കുന്ന പുരുഷമേധാവിത്വ വാര്‍ത്താമുറികളാണ് ഇത്തരം അവതരണ രീതികള്‍ സൃഷ്ടിക്കുന്നത്. ഇന്ത്യന്‍ മാധ്യമങ്ങളെ പരിഹസിച്ചു കൊണ്ടു തയാറാക്കിയ ഒരു ലേഖനം പറയുന്നത് ഇങ്ങനെയാണ്. ‘എസ്തര്‍, സാമ്പത്തികശാസ്ത്രജ്ഞയാണ്, ഭാര്യയല്ല’.

ചിലപ്പോള്‍ ചെറുതെന്നും നിസ്സാരമെന്നും തോന്നുന്ന പ്രയോഗങ്ങള്‍ വലിയ രീതിയില്‍ അസമത്വം ഉണ്ടാക്കുന്നു. നൊബേല്‍ പോലൊരു അന്താരാഷ്ട്ര അംഗീകാരം നേടിയ വ്യക്തിയെ കേവലം ഭാര്യാസ്ഥാനം നല്‍കി ലഘൂകരിക്കുന്നത് എഡിറ്റോറിയല്‍ പിഴവുകളാണ്. സ്‌ക്രോള്‍ ഡോട് ഇന്‍ പോലുള്ള ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ എസ്തറിന്റെ സാമ്പത്തിക രംഗത്തെ സംഭാവനയെ മുന്‍നിര്‍ത്തിയാണ് ലേഖനം എഴുതിയത്. ദാരിദ്ര്യനിര്‍മാര്‍ജന രംഗത്ത് അവര്‍ നല്‍കിയ സംഭാവനകളെ ആസ്പദമാക്കിയായിരുന്നു ലേഖനം. ഇന്ത്യയുടെ പിതൃമേധാവിത്ത സംസ്‌കാരത്തിലെ പ്രയോഗങ്ങള്‍ മാധ്യമങ്ങളില്‍ വാര്‍ത്തയായി എഴുതുന്നത് സാധൂകരിക്കാന്‍ കഴിയില്ല. എല്ലാ വിഷയങ്ങളിലും കൈ കടത്തുന്ന എഡിറ്റര്‍മാര്‍ക്ക് സ്വന്തം വാര്‍ത്താമുറികളിലെ ഇടുങ്ങിയ ചിന്താരീതികളെ മാറ്റിപ്പണിയാനാകുന്നില്ല.

കേരളത്തിലെ ടെലിവിഷന്‍ ചാനലുകള്‍ ഏറ്റവും ജാഗരൂകരായി കണ്ട നാളുകളായിരുന്നു കൂടത്തായി കൊലപാതകങ്ങള്‍ പുറത്തുവന്ന നാളുകള്‍. ചാനലുകള്‍ക്ക് എന്താണ് വേണ്ടതെന്ന് അവര്‍ വ്യക്തമായി പറഞ്ഞുതരുന്നു. പ്രൈം ടൈം ചര്‍ച്ചകളും വാഗ്വാദങ്ങളും നിറഞ്ഞുനിന്നു. ഫോറന്‍സിക് വിദഗ്ധര്‍ മുതല്‍ മാനസികാരോഗ്യ വിദഗ്ധര്‍ വരെ ചര്‍ച്ചയില്‍ പങ്കെടുത്തു. കൊലയാളി എന്നു പറയപ്പെടുന്ന ജോളിയെകുറിച്ച് ചൂഴ്ന്നന്വേഷണം നടത്തി. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യേണ്ടതുതന്നെ. എന്നാല്‍പോലും പാലിക്കേണ്ടിയിരുന്ന മിതത്വം മാധ്യമങ്ങള്‍ സ്വല്‍പം പോലും പ്രകടിപ്പിച്ചില്ല. ചര്‍ച്ചയില്‍ വ്യക്തമാവുന്ന കാര്യം കേരളത്തില്‍ മനഃശാസ്ത്ര വിദഗ്ധരുടെ ദൗര്‍ലഭ്യം ഉണ്ടെന്നുള്ളതാണ്. ഒട്ടുംതന്നെ ആധികാരികമല്ലാത്ത വിഷയങ്ങള്‍ ചിലര്‍ ടെലിവിഷനില്‍കൂടി വിളിച്ചു പറയുകയുണ്ടായി. കൊലപാതകി സ്ത്രീ ആയതുകൊണ്ട് ലഭിക്കുന്ന ടി ആര്‍ പി ഇരട്ടിയായിരിക്കണം. മാധ്യമങ്ങളിലൂടെ ചര്‍ച്ച ചെയ്യപ്പെടേണ്ട പലവിഷയങ്ങളും അങ്ങനെ ചര്‍ച്ചാവിധേയമാകുന്നില്ല. കൊലപാതകം അസ്വാഭാവികമാണെങ്കില്‍ എല്ലാ കൊലപാതകങ്ങള്‍ക്കും അതുണ്ട്. ജെ എന്‍ യു വിദ്യാര്‍ഥിയായിരുന്ന നജീബ് അഹമ്മദിനെ കാണാതായിട്ട് മൂന്നു വര്‍ഷം പിന്നിടുന്നു. മലയാള മാധ്യമങ്ങള്‍ നജീബിന്റെ വിഷയം എത്രമാത്രം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കശ്മീരിലെ മരണങ്ങളെ കുറിച്ച് നമുക്ക് എത്ര പ്രൈംടൈമുകള്‍ കിട്ടിയിട്ടുണ്ട്. കൂടത്തായി സംഭവം ചര്‍ച്ച ചെയ്യപ്പെടേണ്ടതില്ല എന്നല്ല. നമ്മള്‍ പ്രാധാന്യം നല്‍കേണ്ട വിഷയങ്ങളെ തഴഞ്ഞു കൊണ്ടു നിര്‍മിക്കുന്ന വാര്‍ത്തകള്‍ക്ക് പൊടിപ്പും തൊങ്ങലുകള്‍ക്കുമപ്പുറമായി ഒന്നുമില്ല.

തുര്‍ക്കിയുമായി വാണിജ്യബന്ധം തുടരാനുള്ള ധാരണയില്‍ സിറിയയില്‍നിന്നും അമേരിക്കന്‍ സൈന്യം പിന്‍വാങ്ങുകയുണ്ടായി. പകരമായി സൈന്യത്തെ വിന്യസിച്ച തുര്‍ക്കി സമാധാനം പുനസ്ഥാപിക്കുകയാണ് ലക്ഷ്യമെന്ന് പ്രസ്താവിച്ചെങ്കിലും ലക്ഷ്യം വ്യത്യസ്തമാണ്. തുര്‍ക്കി ലക്ഷ്യമിട്ടിരിക്കുന്നത് സിറിയയിലെ കുര്‍ദ് വിഭാഗത്തെയാണ്. ഐ.എസിനെ നേരിടാന്‍ സിറിയയില്‍ പോരാട്ടം നടത്തുന്ന കുര്‍ദുപോരാളികളിലേക്കാണ് തുര്‍ക്കിയുടെ സൈന്യം എത്തിച്ചേരുന്നത്. സൈന്യത്തെ വിന്യസിക്കുന്നതിലൂടെ കുര്‍ദുകളെ കൂട്ടത്തോടെ ഇല്ലാതാക്കാന്‍ തുര്‍ക്കിക്ക് സാധിക്കും. ലോകരാജ്യങ്ങള്‍ മൗനാനുവാദം നല്‍കുന്ന തുര്‍ക്കിയുടെ പ്രവൃത്തി ഐ.എസിന്റെ വളര്‍ച്ചക്ക് മാത്രമാണ് കാരണമാകുക. കുര്‍ദ് പോരാട്ടക്കാര്‍ക്ക് നേരെയുള്ള ആക്രമണം, തടങ്കില്‍ കഴിയുന്ന ഐ.എസുകാര്‍ക്ക് ഗുണം ചെയ്യും. പ്രാദേശികസുരക്ഷ എന്ന പേരില്‍ അമേരിക്കയില്‍ നിന്നും വാങ്ങിയ അധികാരത്തെ കുര്‍ദുകള്‍ക്കെതിരെ അക്രമണം നടത്താന്‍ ഉപയോഗിക്കുകയാണ് തുര്‍ക്കി. തുര്‍ക്കിയിലെ ഗവണ്‍മെന്റ് അധീനതയിലുള്ള ടി ആര്‍ ടി വേള്‍ഡ് സംഭവത്തെ നിശിതമായി വിമര്‍ശിച്ചു. തുര്‍ക്കി സൈന്യം നടത്തിയ അക്രമണത്തില്‍ ടി ആര്‍ ടിയിലെ ജീവനക്കാരന്റെ ബന്ധു കൊല്ലപ്പെടുകയുണ്ടായി. ഒന്നാം ലോക മഹായുദ്ധത്തിന് ശേഷം രാജ്യം നഷ്ടപ്പെട്ട കുര്‍ദുകള്‍ സിറിയയിലും ഇറാഖ്, ഇറാന്‍, തുര്‍ക്കി എന്നീ രാജ്യങ്ങളിലും ന്യൂനപക്ഷമായി കഴിയുകയാണ്. തുര്‍ക്കിയുടെ ലക്ഷ്യം കുര്‍ദുകള്‍ തന്നെയാണ്. സായുധ സേനയുമായി എത്തിയ തുര്‍ക്കിക്ക് കുര്‍ദുകളെ നിഷ്പ്രയാസം കൊന്നൊടുക്കാം. കുര്‍ദുകളുടെ യാതനകള്‍ മാധ്യമങ്ങളില്‍ ഇടംപിടിക്കേണ്ടതുണ്ട്. തുര്‍ക്കിക്ക് സൈന്യത്തെ വിന്യസിക്കാന്‍ അമേരിക്ക നല്‍കിയ അനുമതിയും ലോകരാജ്യങ്ങളില്‍ പുതിയ ഒരു സമാധാനപ്രശ്നം സൃഷ്ടിക്കാന്‍ ഇടയാക്കും. ഉര്‍ദുഗാനെ പശ്ചാത്യരാജ്യങ്ങള്‍ക്കെതിരെ നില്‍ക്കുന്ന നേതാവായി വാഴ്ത്തുന്ന മാധ്യമപ്പടയും സിറിയയില്‍ തുര്‍ക്കി സ്വീകരിച്ച ഇരട്ടത്താപ്പിനെ ഇഴകീറി പരിശോധിക്കണം. തുര്‍ക്കിയുടെ പ്രവര്‍ത്തനം വരും കാലത്തെ തീവ്രമായി തന്നെ ബാധിക്കും.

നബീല പാനിയത്ത്‌

You must be logged in to post a comment Login