ഇന്ത്യയിലെ സാമ്പത്തിക മാന്ദ്യം യാഥാര്‍ഥ്യമാണ്

ഇന്ത്യയിലെ സാമ്പത്തിക മാന്ദ്യം യാഥാര്‍ഥ്യമാണ്

നൊബേല്‍ പുരസ്‌കാരം നിങ്ങളെ കൂടുതല്‍ കാര്യങ്ങള്‍ മികച്ച രീതിയില്‍ ചെയ്യാന്‍ സഹായിക്കുമോ?
അഭിജിത്: കൂടുതല്‍ വാതിലുകള്‍ അതു തുറക്കുമെന്ന പ്രത്യാശയാണ് എനിക്കുള്ളത്. ഉത്സാഹഭരിതരും ചെറുപ്പക്കാരുമായ നിരവധി പ്രൊഫസര്‍മാര്‍ ഞങ്ങളുടെ ഗവേഷണ ശൃംഖലയിലുണ്ട്. അവര്‍ വെല്ലുവിളികളുള്ള, ജോലികള്‍ ഏറ്റെടുക്കാന്‍ സദാ സന്നദ്ധരാണ്. അത് ഒട്ടേറെ വാതിലുകള്‍ തുറക്കുമെന്നും ‘ആര്‍ സി ടി’കള്‍ (റാന്റമൈസ്ഡ് കണ്‍ട്രോള്‍ഡ് ട്രയല്‍സ്) ചെയ്യുകയെന്ന ആശയത്തെ ഏറെ സ്വീകാര്യമാക്കുമെന്നും ഞാന്‍ പ്രത്യാശിക്കുന്നു. അതാണ് ഞങ്ങളുടെ കാതലായ പ്രവര്‍ത്തനം.

ഇന്ത്യന്‍ സര്‍ക്കാര്‍ ഇനി മുതല്‍ നിങ്ങളെ കൂടുതല്‍ ഗൗരവത്തോടെ പരിഗണിക്കുമോ?
അഭിജിത്: നേരു പറഞ്ഞാല്‍ കേന്ദ്രസര്‍ക്കാര്‍ അനുകൂലമായി പ്രതികരിച്ചിട്ടുണ്ട്. നിരവധി സംസ്ഥാന സര്‍ക്കാരുകളും. ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാന സര്‍ക്കാരുകളുമായി ചേര്‍ന്നാണ്. ഏതു പാര്‍ട്ടിയാണോ ഒരു സംസ്ഥാനം ഭരിക്കുന്നത്, ആ പാര്‍ട്ടി ഞങ്ങളുടെ പങ്കാളിയാണ്. ഗുജറാത്തിലാണെങ്കില്‍ ബിജെപി. പശ്ചിമ ബംഗാളിലാണെങ്കില്‍ തൃണമൂല്‍. ഞങ്ങള്‍ സംസ്ഥാനങ്ങള്‍ തിരഞ്ഞെടുക്കാറില്ല. പ്രവര്‍ത്തനം രസകരമായിടത്തും സാമൂഹികമോ സാമ്പത്തികമോ ആയ വെല്ലുവിളികള്‍ പ്രധാനമായിടത്തും ഞങ്ങള്‍ പ്രവര്‍ത്തിക്കും. ഞങ്ങള്‍ക്ക് നിരവധി സര്‍ക്കാരുകളുമായി നല്ല ബന്ധങ്ങളുണ്ട്.
എസ്തര്‍: അബ്ദുള്‍ ലത്തീഫ് ജമീല്‍ പോവര്‍ട്ടി ആക്ഷന്‍ ലാബില്‍ ( അഭിജിത്തിനോടൊപ്പം എസ്തര്‍ ഡഫ്‌ലോ തുടങ്ങിവെച്ചത്) പ്രതിജ്ഞാബദ്ധരായ പ്രവര്‍ത്തകരുണ്ട്. അതിലേക്കും ഞങ്ങളിലേക്കും അല്പം ശ്രദ്ധ പതിയാന്‍ ഈ പുരസ്‌കാരം കാരണമാകും. ആ ശ്രദ്ധയെ കാര്യമായ പ്രവര്‍ത്തനമായി മാറ്റേണ്ടതുണ്ട്.

എങ്ങനെയാണ് സാമ്പത്തികശാസ്ത്രജ്ഞര്‍ ആഗോളതലത്തില്‍ തന്നെ ഏറ്റവും കുറഞ്ഞ് വിശ്വസിക്കപ്പെടുന്ന വിദഗ്ധരാകുന്നതെന്ന് പറഞ്ഞു കൊണ്ടാണ് നിങ്ങളുടെ പുതിയ പുസ്തകം തുടങ്ങുന്നത്. വസ്തുതകള്‍ ജനങ്ങളുടെ മുമ്പില്‍ അവതരിപ്പിക്കപ്പെടുമ്പോള്‍ തന്നെ അവരെങ്ങനെയാണ് പരിഭ്രാന്തമായ വിധത്തില്‍ അവിശ്വസിക്കപ്പെടുന്നതെന്ന് നിങ്ങള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. അങ്ങനെയെങ്കില്‍ ഈ പുസ്തകത്തിന്റെ (Good Economics for hard Times) പ്രസക്തിയെന്താണ്?
അഭിജിത്: ഇതൊരു മികച്ച ചോദ്യമാണ്. സാമ്പത്തികശാസ്ത്രജ്ഞന്മാര്‍ വെളിച്ചപ്പാടുകളെപ്പോലെയാണ് പ്രവര്‍ത്തിക്കുന്നത്. ഈ പുസ്തകത്തില്‍ ഞങ്ങള്‍ ‘ഇതാണ് ഉത്തരം’ എന്നു പറയാന്‍ ശ്രമിക്കുന്നില്ല. നിങ്ങള്‍ ചിന്തിക്കുന്നതില്‍ നിന്ന് ഉത്തരം വ്യത്യസ്തമായേക്കാമെന്നതിന്റെ കാരണമാണ് ഞങ്ങള്‍ നിരത്തുന്നത്. യുക്തിയുടെ ശബ്ദത്തിന് കാതോര്‍ത്ത് നമ്മുടെ ഉള്‍വിളികള്‍ മെച്ചപ്പെടുത്തേണ്ടതുണ്ട്. ഈ പുസ്തകം ഉത്തരങ്ങളെ കുറിച്ചുള്ളതല്ല, മറിച്ച് ഉത്തരത്തിലേക്കെത്താനുള്ള വാദങ്ങളെ കുറിച്ചാണ്. ആ വാദങ്ങള്‍ക്ക് ചെവി കൊടുത്താല്‍ ഉത്തരത്തെ കുറിച്ചുള്ള ശങ്കകള്‍ കുറയ്ക്കാം.
എസ്തര്‍: ഈ സംവാദത്തിലേക്ക് ഏറെ വിവരങ്ങളും സ്ഥിതിവിവരക്കണക്കുകളുമെത്തിക്കാന്‍ ഞങ്ങള്‍ ശ്രദ്ധിക്കുന്നുണ്ട്. നമ്മുടെ ഉള്‍വിളികള്‍ പലപ്പോഴും തെറ്റാണെന്നാണ് ഞങ്ങള്‍ പറയുന്നത്. എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്നതെന്ന് മനസ്സിലാക്കുന്നതിലൂടെ ആ ഉള്‍വിളികളെ നേരിടേണ്ടതുണ്ട്. ഒരു സംവാദം തുടങ്ങിവെക്കാനുള്ള മികച്ച വഴിയാണിത്.

ലോകത്തെമ്പാടുമുള്ള ദാരിദ്ര്യത്തെ കുറിച്ച് പഠിക്കാന്‍ നിങ്ങള്‍ ഏറെ സമയം ചെലവഴിച്ചിട്ടുണ്ട്. ഇന്ത്യയുടെ ദാരിദ്യ നിര്‍മ്മാര്‍ജ്ജന പദ്ധതികളെ നിങ്ങള്‍ എങ്ങനെയാണ് വിലയിരുത്തുന്നത്?
അഭിജിത്: ഇന്ത്യയില്‍ ദരിദ്രര്‍ ഏറെക്കുറവാണ്. അത് തീര്‍ച്ചയായും ആശ്വാസകരമാണ്. എല്ലാ ദാരിദ്ര്യത്തെയും തുടച്ചു മാറ്റാനുള്ള മാന്ത്രികവടിയൊന്നുമില്ല. സാമ്പത്തികവളര്‍ച്ച ധനികര്‍ക്കനുകൂലമാണ് എന്നതു കൊണ്ടു തന്നെ ദാരിദ്ര്യത്തിന്മേലുള്ള അതിന്റെ പ്രഭാവം ഗണ്യമായിരുന്നു. ‘റിയല്‍ എസ്റ്റേറ്റ് ബൂം’, നാമിഷ്ടപ്പെട്ടാലും ഇല്ലെങ്കിലും, നഗരങ്ങളില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും പണം ഗ്രാമങ്ങളിലേക്ക് തിരിച്ചൊഴുക്കുകയും ചെയ്തു. തൊഴിലുറപ്പു പദ്ധതിയെപ്പോലുള്ള നയങ്ങളാണ് മറ്റൊരു വശത്തുള്ളത്. ഏതൊരു സര്‍ക്കാരിനു കീഴിലും ഇക്കാര്യത്തിലുണ്ടാവുന്ന ശ്രമങ്ങള്‍ ലക്ഷ്യത്തിന് എത്രയോ ദൂരെയാണ്. തീര്‍ച്ചയായും മോശം നയങ്ങളും ഈ രംഗത്തുണ്ട്. പഞ്ചാബില്‍ നെല്ലു വളര്‍ത്താന്‍ ശ്രമിച്ചത് അത്തരം മോശം നയങ്ങളിലൊന്നാണ്. എങ്കിലും പ്രശ്‌നം പരിഹരിക്കാന്‍ ആ സംസ്ഥാനം ശ്രമിക്കുന്നുണ്ട്. ചിലപ്പോള്‍ പദ്ധതികളുടെ നടത്തിപ്പ് പാളിപ്പോകാം. ‘ജന്‍ ധന്‍’ പോലുള്ള മുന്‍കൈകള്‍ എത്ര മാത്രം സാധാരണക്കാരെ സഹായിക്കുമെന്ന് നമുക്കറിയില്ല. എല്ലാവര്‍ക്കും ബാങ്ക് അക്കൗണ്ടുണ്ടാക്കുകയെന്നത് വിവേകമുള്ള ആശയമാണോ? ആദ്യത്തെ മുന്‍ഗണന അതിനാണോ വേണ്ടത്? അല്ല.
നിങ്ങള്‍ക്ക് പദ്ധതികളുടെ നടത്തിപ്പുമായോ ചില പ്രത്യേക കാര്യങ്ങളുടെ കണക്കെടുപ്പുമായോ അവകാശവാദങ്ങളുമായോ വിയോജിക്കാം. പക്ഷേ മൊത്തത്തില്‍ നമ്മള്‍ മോശം അവസ്ഥയിലേയല്ല.

ചൈന ഇന്ത്യയെക്കാള്‍ ദരിദ്രര്‍ക്ക് അനുകൂലമായ രാജ്യമാണോ?
അഭിജിത്: നമ്മള്‍ ചെയ്യാന്‍ പരാജയപ്പെട്ടതും നിര്‍ണ്ണായകവുമായ ഒരു കാര്യം ചൈന ചെയ്തിട്ടുണ്ടെന്ന് ഞാന്‍ കരുതുന്നു. തൊഴില്‍ കേന്ദ്രീകൃതമായ ഉല്പാദനവ്യവസ്ഥയാണത്. നമ്മള്‍ കെട്ടിടനിര്‍മ്മാണത്തിലും സേവനമേഖലയിലും തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു. എന്നാല്‍ ഉല്പാദനമേഖലയില്‍ സൃഷ്ടിച്ചില്ല. ദശലക്ഷക്കണക്കിനു പേര്‍ക്ക് തൊഴിലവസരം നല്കാന്‍ കഴിയുന്ന മേഖലയാണത്. നാം നഷ്ടപ്പെടുത്തിയ ആ അവസരം ബംഗ്ലാദേശ് കയ്യിലൊതുക്കി.

ഇന്ത്യയിലെ ജാതിവ്യവസ്ഥ തൊഴിലുകള്‍ക്കിടയിലെ മാറ്റത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടോ?
സ്ഥിതിവിവരക്കണക്കുകള്‍ പരിശോധിക്കുകയാണെങ്കില്‍ ആരുമിപ്പോള്‍ ബ്രാഹ്മണന്മാര്‍ക്കു യോജിച്ച ജോലി കാത്തിരിക്കുന്നില്ല. എല്ലാവരും എന്തെങ്കിലുമൊക്കെ ചെയ്യുന്നുണ്ട്. 32 വയസ്സിലെത്തുമ്പോഴേക്കും നമ്മുടെ തൊഴിലില്ലായ്മാ നിരക്ക് നാഷണല്‍ സാമ്പിള്‍ സര്‍വ്വേ ഓര്‍ഗനൈസേഷന്റെ കണക്കനുസരിച്ച് രണ്ടോ മൂന്നോ ശതമാനം മാത്രമാണ്. മുപ്പതുകളുടെ ആദ്യ പകുതിയിലെത്തുമ്പോഴേക്കും എല്ലാവരും ജോലി ചെയ്തു തുടങ്ങുന്നു.

പക്കോഡ കച്ചവടക്കാരായോ?
അഭിജിത്: പക്കോഡ വില്‍ക്കുന്നത് അത്ര മോശം കാര്യമൊന്നുമല്ല. ഏറെ പക്കോഡ വില്പ്പനക്കാരുണ്ടാകുമ്പോള്‍ അതിന്റെ വില കുറയ്‌ക്കേണ്ടി വരുന്നതാണു പ്രശ്‌നം.

സബ്‌സിഡികളെ കുറിച്ചുള്ള അഭിപ്രായമെന്താണ്? ഇന്ത്യ സബ്‌സിഡികള്‍ക്കു പകരം എല്ലാവര്‍ക്കും അടിസ്ഥാന വരുമാനം ഉറപ്പു വരുത്തുന്ന പദ്ധതി ആവിഷ്‌കരിക്കേണ്ടതുണ്ടോ?
അഭിജിത്: അതിനെക്കുറിച്ച് കാര്യമായ പഠനങ്ങള്‍ നടന്നിട്ടില്ല. അടിസ്ഥാന വരുമാനം ഉറപ്പു വരുത്തുന്നതു നല്ലതു തന്നെ. ആശ്രയിക്കാന്‍ എന്തെങ്കിലുമുണ്ടെന്നുറപ്പായാല്‍ ആളുകള്‍ പേടിയില്ലാതെ മുമ്പോട്ടുപോകും. നിരവധി സാമ്പത്തികവിദഗ്ധര്‍ അതിനെ പിന്തുണയ്ക്കുന്നുണ്ട്. വരുമാനം നേരിട്ടു നല്‍കുന്നത് ഗുണപ്രദമാണോ എന്നറിയാന്‍ വലിയ ഒരു പരീക്ഷണം ഞങ്ങള്‍ കെനിയയില്‍ നടത്തുന്നുണ്ട്. നമുക്കതു നല്‍കുന്ന തെളിവിനായി കാത്തിരിക്കാം.

നോബേല്‍ പുരസ്‌കാര ജേതാവ് എന്നതിനു പുറമേ നിങ്ങള്‍ രാഹുല്‍ ഗാന്ധിക്ക് ‘ന്യൂനതം ആയ് യോജന’യെക്കുറിച്ച് ഉപദേശം നല്‍കിയ ആളെന്ന നിലയിലും പ്രശസ്തനാണ്. ഉപദേശകനെന്ന നിലയില്‍ പോലും ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടിയുമായി ബന്ധപ്പെടുന്നത് തന്ത്രപരമായ പിഴവാണെന്ന് ഇപ്പോള്‍ തോന്നുന്നുണ്ടോ?
ഒരു നയത്തെകുറിച്ച് ജനങ്ങള്‍ക്ക് എന്തും കരുതാം. എന്റെ പ്രവൃത്തികള്‍ മറ്റുള്ളവര്‍ എങ്ങനെ വിശകലനം ചെയ്യുമെന്നു കരുതി ജീവിതം പാഴാക്കാന്‍ ഞാനില്ല. അവരെന്നോട് കൃത്യമായും ന്യായമായ ഒരു ചോദ്യമാണ് ചോദിച്ചത്-വരുമാനം ഉറപ്പാക്കുന്ന പദ്ധതിക്ക് എത്ര പണം ആവശ്യണ്ടെന്നതായിരുന്നു അത്. വസ്തുതകള്‍ അപഗ്രഥിച്ച് അനുമാനങ്ങളിലെത്തുന്ന എന്നെപ്പോലൊരാളോട് ചോദിക്കേണ്ട ചോദ്യമായിരുന്നു അത്. ബിജെപി ആ ചോദ്യം ചോദിച്ചിരുന്നുവെങ്കിലും ഞാന്‍ അതേ സംഖ്യകള്‍ പറയുമായിരുന്നു. രാഷ്ട്രീയ മുന്‍വിധികളില്‍ നിന്ന് നല്ല നയങ്ങളെ തടഞ്ഞുവെക്കുന്നതില്‍ ഞാന്‍ വിശ്വസിക്കുന്നേയില്ല.
എസ്തര്‍: ഞങ്ങള്‍ നിരവധി സംസ്ഥാന സര്‍ക്കാരുകളോടൊത്ത് പ്രവര്‍ത്തിക്കുന്നുണ്ട്-ഗുജറാത്ത്,ഹരിയാന,പഞ്ചാബ്,തമിഴ്‌നാട്. എല്ലാത്തരം രാഷ്ട്രീയപാര്‍ട്ടികളും അതിലുണ്ട്. ഞങ്ങള്‍ പ്രത്യയശാസ്ത്രപരമായ പോരാട്ടങ്ങള്‍ നടത്താറില്ല. ഒരു സര്‍ക്കാരിന് ദരിദ്രരെ സഹായിക്കാന്‍ താല്പര്യമുണ്ടെങ്കില്‍ ഞങ്ങള്‍ അതിനാവശ്യമായ പരിഹാരമാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുകയും പരീക്ഷിക്കുകയും ചെയ്യും.

സി ഇ ഒമാരുടെ മേല്‍ കൂടുതല്‍ നികുതി ചുമത്തുകയും അവരുടെ വരുമാനം കുറയ്ക്കുകയും ചെയ്താല്‍ പോലും അവര്‍ കൂടുതല്‍ കഠിനാധ്വാനം ചെയ്യുമെന്ന നിരീക്ഷണം നിങ്ങള്‍ നടത്തിയല്ലോ. സി ഇ ഒമാരുടെ ശമ്പളത്തിന് പരിധി വേണമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ?
അഭിജിത്: അതൊരു നല്ല ആശയമാണെങ്കിലും നടപ്പിലാക്കാന്‍ ബുദ്ധിമുട്ടാണ്. ഉയര്‍ന്ന വരുമാനത്തിന് ഉയര്‍ന്ന നികുതി നിരക്കുകളെന്ന നയത്തെ ഞാന്‍ അനുകൂലിക്കുന്നുണ്ട്. നികുതി വ്യവസ്ഥയുപയോഗിച്ച് അസമത്വത്തെ അഭിമുഖീകരിക്കേണ്ടതുണ്ട്. പക്ഷേ നിയമപരമായ കുറുക്കുവഴികള്‍ അടയ്‌ക്കേണ്ടതുണ്ട്.
എസ്തര്‍: നികുതി നിരക്ക് കൂടുതലാണെങ്കില്‍ ശമ്പളത്തിന് പരിധി നിശ്ചയിക്കേണ്ട കാര്യമില്ലല്ലോ. ഓഹരിയുടമകള്‍ തന്നെ സി ഇ ഒമാരുടെ ശമ്പളം വെട്ടിക്കുറച്ചു കൊള്ളും. നമുക്ക് ലളിതവും സുതാര്യവും മെച്ചപ്പെട്ട രീതിയില്‍ രൂപകല്പന ചെയ്തതുമായ ഒരു നികുതി വ്യവസ്ഥയാണ് ആവശ്യം.

ഇന്ത്യയില്‍ ഇപ്പോള്‍ തന്നെ ഉയര്‍ന്ന വരുമാനമുള്ളവര്‍ക്കുള്ള നികുതി നിരക്ക് 43.5 ശതമാനമാണ്. അതിപ്പോഴേ കൂടുതലാണോ? അതോ ഇനിയും അതുയര്‍ത്താനാകുമോ?
അഭിജിത്: തീര്‍ച്ചയായും അതിനിയും ഉയര്‍ത്താനാകും. രാഷ്ട്രീയസമ്മര്‍ദ്ദങ്ങളെ ചെറുക്കേണ്ടി വരും. ഐസന്‍ഹോവറിന്റെ കാലത്ത് അമേരിക്കയില്‍ 95 ശതമാനമായിരുന്നു നികുതി നിരക്ക്. റിപ്പബ്ലിക്കന്‍ സര്‍ക്കാരുകള്‍ പോലും അത് 70 ശതമാനമാക്കി മാത്രം ചുരുക്കി. കമ്യൂണിസ്റ്റുകളല്ല അതു ചെയ്തതെന്നോര്‍ക്കണം. തീവ്രവലതുപക്ഷക്കാരാണ് അത്തരം നയങ്ങള്‍ പിന്തുടര്‍ന്നത്. എന്നിട്ടും നാല്പതു ശതമാനത്തിലധികം കൂടുതല്‍ നികുതി നിരക്കായാല്‍ എന്തോ ദുരന്തം സംഭവിക്കുമെന്ന് നാം കണ്ണടച്ചു വിശ്വസിക്കുന്നു! അതിന് യാതൊരു തെളിവുമില്ല.
ഇന്ത്യയിലെ സാമ്പത്തികമാന്ദ്യം യാഥാര്‍ത്ഥ്യമാണ്. സര്‍ക്കാര്‍ പതിയെ അത് സമ്മതിച്ചു തുടങ്ങിയിട്ടുണ്ട്. ഇപ്പോള്‍ അഞ്ചു ശതമാനമെന്നത് അത്ര കുഴപ്പമില്ലെങ്കിലും താമസിയാതെ വളര്‍ച്ചാനിരക്ക് അതിലും കുറയും. ഇന്ത്യ വന്‍ശക്തിയായി മാറുന്നുവെന്നതായിരുന്നു മുമ്പത്തെ സന്ദേശം. എന്നാല്‍ ഇപ്പോള്‍ നാം വളരെ മികച്ച അവസ്ഥയിലല്ല. സാമ്പത്തികമായ നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടാനായില്ലെങ്കില്‍ തിരഞ്ഞെടുപ്പില്‍ വിജയിക്കാനായി മറ്റു ചില മുദ്രാവാക്യങ്ങളുയര്‍ത്തപ്പെടും എന്നതാണിതിന്റെ അപകടം.
എസ്തര്‍: ഇത് ഇന്ത്യയില്‍ മാത്രമുള്ള പ്രതിഭാസമല്ല. ചൈനയിലുമുണ്ട്. അമേരിക്കയിലും യൂറോപ്പിലും സാമ്പത്തികമാന്ദ്യത്തെ കുറിച്ചുള്ള പേടികളുണ്ട്. ആ യാഥാര്‍ത്ഥ്യത്തെ അംഗീകരിക്കുകയാണ് വേണ്ടത്, നിസ്സാരവല്കരിക്കുകയല്ല. ചൈന ലക്ഷ്യമിടുന്ന സാമ്പത്തിക വളര്‍ച്ചാനിരക്ക് ഏഴു ശതമാനത്തിലേക്ക് വെട്ടിക്കുറച്ചിട്ടുണ്ട്. സാമൂഹ്യക്ഷേമ പദ്ധതികള്‍ വെട്ടിക്കുറക്കാതെയും നിലവിലുള്ള ധനം ശ്രദ്ധയോടെ ഉപയോഗിച്ചും മോശം കാലത്ത് സര്‍ക്കാരിന് ദരിദ്രരെ സഹായിക്കാന്‍ കഴിയും. ദരിദ്രരുടെ കയ്യില്‍ പണം വെച്ചു കൊടുക്കുകയാണ് സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനുള്ള ഏറ്റവും മികച്ച കാര്യം.

നിങ്ങളുടെ രണ്ടു പേരുടെയും അമ്മമാര്‍ (നിര്‍മ്മല ബാനര്‍ജിയും വയലയിന്‍ ഡഫ്‌ലോയും ) വികസനാത്മക സാമ്പത്തികശാസ്ത്രത്തിലേക്ക് നിങ്ങളെ നയിച്ചെന്നു കേട്ടല്ലോ?
എസ്തര്‍: മികച്ച വ്യക്തികളെ അമ്മമാരായി കിട്ടാന്‍ മാത്രം ഭാഗ്യം ചെയ്തവരാണ് ഞങ്ങള്‍. അഭിജിത്തിന്റെ അമ്മ ഒരു സാമ്പത്തികശാസ്ത്രജ്ഞയാണ്. എന്റെ അമ്മ ഒരു ഡോക്ടറും. എങ്കിലും അവരിരുവരും തമ്മില്‍ നിരവധി സാദൃശ്യങ്ങളുണ്ട്. സമൂഹത്തില്‍ പാര്‍ശ്വവല്‍കരിക്കപ്പെടുന്നവരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കാന്‍ രണ്ടു പേരും പ്രതിജ്ഞാബദ്ധരാണ്. അഭിജിതിന്റെ അമ്മ പണ്ടത്തെ കാലത്തു തന്നെ പുറത്തിറങ്ങി പ്രവര്‍ത്തിച്ചിരുന്നു. എന്റെ അമ്മയാകട്ടെ യുദ്ധത്തിന്റെ ഇരകളായ കുട്ടികള്‍ക്കു വേണ്ടി പ്രവര്‍ത്തിച്ചു. ഇപ്പോളവര്‍ ലാറ്റിന്‍ അമേരിക്കയിലെ കുട്ടികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുകയാണ്. ഞങ്ങള്‍ അവരുടെ അത്രയും ഉയരുമോയെന്നറിയില്ല, പക്ഷേ ഞങ്ങള്‍ അതിനു വേണ്ടി പരിശ്രമിക്കുകയാണ്.

എസ്തര്‍, കൊല്‍കൊത്തയെ നിങ്ങള്‍ ആദ്യമറിയുന്നത് ഒരു ചിത്രകഥാപുസ്തകത്തിലൂടെയാണെന്ന് എഴുതിയിട്ടുണ്ടല്ലോ. ഒരാള്‍ക്ക് താമസിക്കാന്‍ ഒമ്പത് ചതുരശ്ര മീറ്റര്‍ മാത്രമുള്ള നഗരമാണതെന്ന് വിചാരിച്ച് അവിടെ കാലുകുത്തിയ ചെറുപ്പക്കാരിയായ വിദ്യാര്‍ഥിയെ കുറിച്ചും. കൊല്‍കൊത്തയുമായും ഇന്ത്യയുമായുമുള്ള ബന്ധം നിങ്ങളെ വ്യക്തിയെന്ന നിലയിലും സാമ്പത്തികശാസ്ത്രജ്ഞ എന്ന നിലയിലും എങ്ങനെയാണു മാറ്റിയത്?
എസ്തര്‍: ഞാന്‍ എവിടെയാണ് തുടങ്ങേണ്ടത്? ദരിദ്രരുടെ ജീവിതത്തെക്കുറിച്ചുള്ള താല്പര്യം അമ്മയില്‍ നിന്നാണു കിട്ടിയതെങ്കില്‍ അതിനെക്കുറിച്ച് എന്തെങ്കിലും ചെയ്യാനുള്ള കഴിവ് കൊല്‍കൊത്തയിലാണു തുടങ്ങിയത്. ദരിദ്രരുടെ ജീവിതത്തെക്കുറിച്ചുള്ള എന്റെ അറിവുകളെല്ലാം തെറ്റാണെന്ന് ഇവിടത്തെ ജീവിതം എന്നെ പഠിപ്പിച്ചു. അവര്‍ക്ക് ജീവിക്കാന്‍ ആവശ്യമായ സാമര്‍ത്ഥ്യങ്ങളുണ്ട്. വലുതായി ചിന്തിക്കണമെന്നും നിരവധി പേരുടെ ജീവിതത്തില്‍ യഥാര്‍ത്ഥമായ വ്യത്യാസമുണ്ടാക്കാന്‍ സാധ്യമാണെന്നും ആ അനുഭവങ്ങള്‍ എന്നെ പഠിപ്പിച്ചു.

വേഗതയുള്ള സാമ്പത്തിക വളര്‍ച്ച വേണമെങ്കില്‍ അല്പകാലത്തേക്കെങ്കിലും അസമത്വത്തില്‍ വര്‍ധനവുണ്ടാകുമെന്ന് പറയാറുണ്ടല്ലോ. ഇന്ത്യയിലടക്കം എല്ലായിടത്തും അസമത്വം വര്‍ധിക്കുകയുമാണ്.
അഭിജിത്: ആ പറച്ചില്‍ നേരാണെന്നു തോന്നുന്നില്ല. വളര്‍ച്ചയോടൊപ്പം ചിലപ്പോള്‍ അസമതത്തില്‍ വര്‍ധനവും ചിലപ്പോള്‍ കുറവുമുണ്ടാകാറുണ്ട്. അവ തമ്മില്‍ വ്യക്തമായ പരസ്പര ബന്ധമൊന്നുമില്ല.

‘അഭിജിതിനും ഭാര്യക്കും നൊബേല്‍’ എന്നു തുടങ്ങുന്ന തലക്കെട്ടുകള്‍ ചിലയിടത്തെങ്കിലും കണ്ടല്ലോ. അതു നിങ്ങളെ അസ്വസ്ഥയാക്കിയോ?
എസ്തര്‍: ഇല്ല. ഫ്രഞ്ചു പത്രങ്ങളിലെ വാര്‍ത്ത ‘എസ്തര്‍ ഡഫ്‌ലോയ്ക്കും ഭര്‍ത്താവടങ്ങുന്ന മറ്റു രണ്ടു സാമ്പത്തികശാസ്ത്രജ്ഞന്മാര്‍ക്കും നൊബേല്‍’ എന്നായിരുന്നു. അതെല്ലാം ദേശാഭിമാനത്തിന്റെ കാര്യങ്ങളാണ്. പ്രധാനമന്ത്രി മോഡി എന്നെ നേരിട്ടുവിളിച്ച് അഭിനന്ദിച്ചല്ലോ. സാമ്പത്തികശാസ്ത്രത്തിന്റെ പ്രാധാന്യം തന്നെയാണ് അത് അടിവരയിടുന്നത്.
: അഭിജിത് ബാനര്‍ജി, എസ്തര്‍ ഡഫ്‌ലോ/

(കടപ്പാട്: ടൈംസ് ഓഫ് ഇന്ത്യ)

You must be logged in to post a comment Login