പാവങ്ങള്‍ക്കു വേണ്ടി വാദിച്ച് നേടിയെടുത്ത നൊബേല്‍

പാവങ്ങള്‍ക്കു വേണ്ടി വാദിച്ച് നേടിയെടുത്ത നൊബേല്‍

നൊബേല്‍ സമ്മാന ജേതാക്കളെ തിരഞ്ഞെടുക്കുന്ന സമിതിയെ ‘ഓസ്‌ലോ മാഫിയ’ എന്ന് വിശേഷിപ്പിക്കാറുള്ളത് പുരസ്‌കാരനിര്‍ണയത്തില്‍ സ്വീകരിക്കുന്ന പക്ഷപാതിത്വവും തത്ത്വദീക്ഷയില്ലായ്മയും പലപ്പോഴും പ്രകടമാവുന്നത് കൊണ്ടാണ്. ഇവ്വിഷയകമായി നിരവധി പുസ്തകങ്ങള്‍ ഇറങ്ങിയിട്ടുണ്ട്. സില്‍വര്‍ നാസര്‍ ജോണ്‍ എഴുതിയ ‘എ ബ്യൂട്ടിഫുള്‍ മൈന്‍ഡ് ‘ എന്ന രചന നൊബേലിന്റെ ഉള്ളുകള്ളികളിലേക്കാണ് വെളിച്ചം പായിക്കുന്നത്.
ഒന്നാംലോകത്തിന്റെ നിക്ഷിപ്ത താപര്യങ്ങളെ താലോലിക്കുന്നവര്‍ക്കായി മാറ്റിവെക്കുന്ന പുരസ്‌കാരം എന്ന് നൊബേലിനെ കുറ്റപ്പെടുത്താറ് അനുഭവയാഥാര്‍ഥ്യങ്ങളുടെ പിന്‍ബലത്തിലാണ്. ഇക്കുറി സമാധാന നൊബേലും സാമ്പത്തികശാസ്ത്ര നൊബേലും ഏഷ്യന്‍, ആഫ്രിക്കന്‍ രാജ്യങ്ങളിലേക്ക് വഴിമാറിവന്നപ്പോള്‍ മൂന്നാംലോകത്ത് ചെറുപുഞ്ചിരി പടര്‍ന്നത് സ്വാഭാവികം. എന്നാല്‍ ഇന്ത്യക്കാരനായ അഭിജിത് ബാനര്‍ജിയും അദ്ദേഹത്തിന്റെ പത്‌നി എസ്തര്‍ ഡഫ്‌ലോയും സഹപ്രവര്‍ത്തകന്‍ മൈക്കിള്‍ ക്രീമറും സാമ്പത്തിക ശാസ്ത്രത്തില്‍ ഇക്കുറി നേടിയെടുത്ത നൊബേല്‍ പുരസ്‌കാരത്തിന് മാനങ്ങള്‍ ഏറെ കൈവന്നത് ഇക്കണോമിക്‌സ് കേവലം അക്കങ്ങളുടെയും സിദ്ധാന്തങ്ങളുടെയും സമാഹാരമല്ലെന്നും മനുഷ്യപ്പറ്റുള്ള ഒരു മുഖം അതില്‍ കണ്ടെടുക്കേണ്ടതുണ്ടെന്നുമുള്ള വാദത്തിന് അംഗീകാരം നേടാനായി എന്നതു കൊണ്ടാണ്. കൊല്‍ക്കൊത്തയിലെ പ്രസിഡന്‍സി കോളജിലും ഹാര്‍വാര്‍ഡ് യൂനിവേഴ്‌സിറ്റി, മാസാചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി എന്നിവിടങ്ങളിലും പഠിച്ചവരാണ് അഭിജിതും കൂട്ടുകാരും. മുമ്പ് ഇതേ ജ്ഞാനശാഖയില്‍ നൊബേല്‍ കരസ്ഥമാക്കിയ അമൃത്യാസെന്നിന് മിടുക്കരായ പിന്‍ഗാമികളാണ് അഭിജിതും കൂട്ടുകാരും. ലോകത്തിലെ പട്ടിണിപ്പാവങ്ങളാണ് ഇവരുടെ ഗവേഷണ സമസ്യ. 1995ല്‍ ബാനര്‍ജി തദ്വിഷയകമായുള്ള പഠനം ആരംഭിച്ചപ്പോള്‍ ആരുമത് ശ്രദ്ധിക്കുകയോ ഗൗരവത്തിലെടുക്കുകയോ ചെയ്തില്ല. പട്ടിണിയെയും ദാരിദ്ര്യത്തെയും ഒരു പ്രകൃതിപ്രതിഭാസമായി കണ്ട് അതിന്റെ ഇരകളെ സഹതാപത്തോടെ നോക്കിക്കാണുക മാത്രമേ ചെയ്തുള്ളൂ. എന്നാല്‍ ഇൗ സ്ഥിതിക്ക് എങ്ങനെ മാറ്റമുണ്ടാക്കാമെന്നും പാവങ്ങളുടെ ജീവിതനിലവാരം ഏതുതരത്തില്‍ ഉയര്‍ത്തിക്കൊണ്ടുവരാമെന്നും ഇവര്‍ ഏതാനും മൂന്നാംലോക രാജ്യങ്ങളെ സാമ്പിളായെടുത്ത് നിരന്തര പഠനം നടത്തുകയായിരുന്നു. അതിനായി മാസാചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയോടനുബന്ധിച്ച് പോവര്‍ട്ടി ആക്ഷന്‍ ലാബ് (PAL) സ്ഥാപിക്കുകയും ഇന്ത്യ, കെനിയ എന്നിവിടങ്ങളിലെ പാവപ്പെട്ടവരുടെ ജീവിതാനുഭവങ്ങള്‍ ഗവേഷണ വിധേയമാക്കുകയുമായിരുന്നു. അതിനിടയിലാണ് അഭിജിത്തിന്റെ, ഇന്ന് ലോകം മുഴുവനും ആവേശത്തോടെ വായിക്കുന്ന ‘പുവര്‍ എകണോമിക്‌സ്'(Poor Economisc) എന്ന വിഖ്യാത രചന പൂര്‍ത്തിയാകുന്നത്. തങ്ങളുടെ കണ്ടെത്തലുകളെ കേവലം സിദ്ധാന്തങ്ങളായി പുസ്തകങ്ങളിലും ശാസ്ത്രപ്രസിദ്ധീകരണങ്ങളിലും കുഴിച്ചുമൂടുന്നതിനു പകരം, പ്രായോഗികതലങ്ങളില്‍ പ്രയോജനപ്പെടുത്തുന്നതിന് ഭരണകൂടവുമായും സന്നദ്ധസംഘങ്ങളുമായും (NGO) അറിവുകള്‍ കൈമാറുന്ന ഒരു രീതിയാണ് ഇവര്‍ സ്വീകരിച്ചത്. അതുകൊണ്ടാണ് നൊബേല്‍ സമിതി പ്രത്യേകം അത് എടുത്തുപറഞ്ഞത്: ‘as a direct result of one of their studies, more than five million Indian children have benefited from effective programmes of remedial tutoring in schools. Another example is the heavy subsidies for preventive health care that have been introduced in many countries.”
തങ്ങളുടെ ഗവേഷണസപര്യയിലേക്ക് മിടുക്കരായ സാമ്പത്തികശാസ്ത്ര വിദ്യാര്‍ഥികളെ ആകര്‍ഷിക്കുകയും ലോകത്തിന്റെ നാനാഭാഗങ്ങളില്‍ ദാരിദ്ര്യനിര്‍മാര്‍ജന പദ്ധതിക്കായി പഠനങ്ങള്‍ നടത്തുകയും ചെയ്യാനുള്ള പടപ്പുറപ്പാട് അഭിജിതിന്റെ ഉദ്യമങ്ങളെ ഒരാഗോള പ്രസ്ഥാനമായി മാറ്റിയിട്ടുണ്ട്. എന്നാല്‍, അമൃത്യാസെന്നില്‍നിന്ന് വ്യത്യസ്തമായി യൂറോകേന്ദ്രീകൃതമായ ചില പ്രത്യയശാസ്ത്രത്തില്‍ ഉൗന്നിയുള്ള ഇവരുടെ ഗവേഷണ രീതികളും എന്‍.ജി.ഒ മാതൃകയും നിശിത വിമര്‍ശനത്തിന് വിധേയമാവുന്നുണ്ട്. ആഗോള ഫണ്ടിങ് ഏജന്‍സികള്‍ക്ക് മനുഷ്യപരീക്ഷണങ്ങള്‍ക്ക് മൂന്നാം ലോകം തുറന്നുകൊടുക്കുന്നതിന് അഭിജിതിന്റെ ഇൗ പുരസ്‌കാരലബ്ധി വഴിവെക്കുമെന്ന വാദവും നിലനില്‍ക്കുന്നുണ്ട്. എന്നിരുന്നാലും, കോര്‍പ്പറേറ്റുകള്‍ക്ക് മുമ്പില്‍ രാജ്യതാല്‍പര്യങ്ങളെ ഹനിക്കുന്ന നരേന്ദ്രമോഡിയെ പോലുള്ള ഭരണകര്‍ത്താക്കളുടെ ചെയ്തിയെ ചോദ്യം ചെയ്യാനും പാവങ്ങളുടെ പക്ഷത്തുനിന്ന് വാദിക്കാനും മുതിരുന്ന ഒരു സമീപനരേഖയെ അപ്പടി നിരാകരിക്കുന്നതിലെ നെറികേട് വകവെച്ചുകൊടുക്കുന്നത് ഉചിതമാവില്ല.

കോര്‍പ്പറേറ്റുകളെ താലോലിക്കരുത്
അഭിജിത് ബാനര്‍ജി ഒക്‌ടോബര്‍ മൂന്നാംവാരം മാതൃരാജ്യത്ത് എത്തിയത് ‘മോശം കാലത്തേക്കുള്ള നല്ല ധനശാസ്ത്രം'(Good Economics for Hard Times) എന്ന തന്റെ കൃതിയുടെ പ്രകാശത്തിനാണ്. ഇന്ത്യയാണ് അദ്ദേഹത്തിന്റെ പഠനബിന്ദു എന്ന് ആ ശീര്‍ഷകത്തില്‍നിന്ന് തന്നെ വ്യക്തമാവുന്നുണ്ട്. നമ്മുടെ രാജ്യത്തിനു പുതിയൊരു ധനശാസ്ത്രം അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം വാദിക്കുന്നു. 1991ല്‍ ഡോ. മന്‍മോഹന്‍സിങ് തുറന്നുവിട്ട നവലിബറല്‍ നയങ്ങള്‍ കോര്‍പ്പറേറ്റുകള്‍ക്ക് മുമ്പില്‍ തുറന്നിട്ട പരിലാളനയുടെ വാതായനങ്ങള്‍ രാജ്യത്തെ എവിടെ വരെ എത്തിച്ചുവെന്നും അടിസ്ഥാനവര്‍ഗം എത്ര കണ്ട് പിറകോട്ട് പോയി എന്നും സമര്‍ഥിക്കുന്ന ആധികാരിക രേഖകള്‍ക്ക് മുന്നിലാണ് ‘നല്ല ധനശാസ്ത്ര’ത്തെ കുറിച്ച് അഭിജിത് ചിലത് പഠിപ്പിക്കുന്നത്. നൂതനമായ ആശയത്തിനപ്പുറം, നിലവിലെ അവസ്ഥയെകുറിച്ചുള്ള നിശിതവിമര്‍ശനം അതില്‍ ലീനമായി കിടപ്പുണ്ട്. ദാരിദ്യനിര്‍മാര്‍ജനത്തിന്നായി നമ്മുടെ സര്‍ക്കാറുകള്‍ അവലംബിച്ചുപോരുന്ന രീതിശാസ്ത്രത്തിലെ പോരായ്മകള്‍ ചൂണ്ടിക്കാട്ടുമ്പോള്‍ അതില്‍ അസഹിഷ്ണുത കാണിക്കുന്നതില്‍ അര്‍ഥമില്ല. കോര്‍പ്പറേറ്റുകളെ സേവിക്കുന്നതിനിടയില്‍ ഭരണകൂടങ്ങള്‍ ഇപ്പോള്‍ വിസ്മരിക്കുന്നത് പാവങ്ങളെയാണ്. അവരുടെ കൈയില്‍ പണമില്ല. രാജ്യത്തിന്റെ ധനസ്ഥിതി മെച്ചപ്പെടാന്‍ പാവങ്ങളുടെ കൈകളിലേക്ക് പണമൊഴുകട്ടെ എന്നാണ് അഭിജിത് ബാനര്‍ജി ആഹ്വാനം ചെയ്യുന്നത്. എങ്ങനെ അത് പ്രായോഗിക തലത്തില്‍ കാര്യങ്ങള്‍ മെച്ചപ്പെടുത്തുമെന്ന് ഉദാഹരണസഹിതം അദ്ദേഹം വിവരിച്ചുതരുന്നുണ്ട്. ‘പാവങ്ങളുടെ കൈയില്‍ പണം കൊടുക്കുക. ചെലവഴിക്കാനുള്ള ശേഷി അങ്ങനെ വര്‍ധിക്കട്ടെ. അങ്ങനെ വളര്‍ച്ചയെ പ്രചോദിപ്പിക്കുക. ചെറിയൊരു ബിസ്‌കറ്റ് ഫാക്ടറി പോലും പൂട്ടുന്നില്ലെന്ന് ഉറപ്പുവരുത്തുക.

അങ്ങനെ പൂട്ടുന്ന സ്ഥിതി വന്നാല്‍ തൊഴില്‍ നഷ്ടത്തില്‍ കലാശിക്കും. ജനങ്ങള്‍ക്ക് ഭക്ഷണത്തിനുള്ള വഴിമുട്ടും. വിപണി തകരും. ദാരിദ്യം എത്രയോമടങ്ങ് വര്‍ധിക്കും. ഇത്തരമൊരു അവസ്ഥ അഭിമുഖീകരിക്കാന്‍ ഇന്ത്യ അടിയന്തരമായി ഇടപെട്ടേ പറ്റൂ’ എന്നാണ് അഭിജിതിന്റെ കാഴ്ചപ്പാട്.

സമ്പന്നരെ പിഴിയുന്നതില്‍ നാം പരാജയപ്പെടുന്നു എന്നാണ് നക്‌സല്‍ പ്രസ്ഥാനത്തിന്റെ അന്ത്യത്തില്‍ ബംഗാളില്‍ ജനിച്ച ഇൗ 58കാരന്റെ മുഖ്യ പരാതി. കോര്‍പ്പറേറ്റുകളുടെമേല്‍ ഭാരിച്ച നികുതി ചുമത്തേണ്ടതുണ്ട്. മോഡി സര്‍ക്കാര്‍ ആദ്യമൊക്കെ ചുമത്തിയിരുന്നു. എന്നാല്‍ പിന്നീട് അതില്‍നിന്ന് പിറകോട്ടടിച്ചു. കോര്‍പ്പറേറ്റുകളില്‍നിന്ന് നികുതി പിരിച്ച് പാവങ്ങളുടെ കൈകളില്‍ നല്‍കുമ്പോള്‍ അവര്‍ അത് മുഴുവനും ചെലവഴിക്കും. കോര്‍പ്പറേറ്റ് മേഖലയാവട്ടെ പണക്കൂമ്പാരത്തിനു മുകളില്‍ അടയിരിക്കുകയാണ്. തങ്ങളുടെ കൈയില്‍ പണമില്ല എന്ന ധാരണയില്‍.
അതുകൊണ്ട് തന്നെ അത് എവിടെയും നിക്ഷേപിക്കപ്പെടുന്നില്ല. കോര്‍പ്പറേറ്റുകളില്‍നിന്ന് പിരിച്ചെടുക്കുന്ന ഭീമന്‍സംഖ്യ പ്രധാനമന്ത്രിയുടെ കിസാന്‍ പദ്ധതിയില്‍ നിക്ഷേപിക്കട്ടെ എന്നാണ് അഭിജിതിന്റെ അഭിപ്രായം. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അതിന്റെ പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്ത, പാവങ്ങളുടെ വീടുകളിലേക്ക് പ്രതിവര്‍ഷം 6000 രൂപ എത്തിക്കുന്ന ‘ന്യായ്’ പദ്ധതി അഭിജിത് ഉള്‍പ്പെടുന്ന ധനവിദഗ്ധരുടെ വിചാരസന്തതിയായിരുന്നു. രഘുറാം രാജന്‍, അഭിജിത് ബാനര്‍ജി, തോമസ് പിക്കെറ്റി തുടങ്ങിയവര്‍ വിഭാവന ചെയ്ത പദ്ധതി ബോധ്യപ്പെടുത്താന്‍ രാഹുല്‍ഗാന്ധിക്കോ കോണ്‍ഗ്രസ് പ്രചാരകര്‍ക്കോ സാധിച്ചില്ല. ദാരിദ്ര്യനിര്‍മാര്‍ജനത്തിനുള്ള മിനിമം ഗ്യാരന്റിയായിരുന്നു അത്. നരേന്ദ്രമോഡിയും അമിത് ഷായും ഉയര്‍ത്തിക്കൊണ്ടുവന്ന കപടദേശീയതയുടെയും രാജ്യസുരക്ഷയുടെയും കോലാഹലങ്ങള്‍ക്കിടയില്‍ ‘ന്യായ്’ മുങ്ങിപ്പോയപ്പോള്‍ കോണ്‍ഗ്രസും എട്ടിനു പൊട്ടി.

ബി.ജെ.പി ബാനര്‍ജിക്ക് എതിരെ പടയൊരുക്കുകയോ?
അമര്‍ത്യാസെന്നിനെ ഉള്‍ക്കൊള്ളാനോ അദ്ദേഹത്തിന്റെ സുചിന്തിത കാഴ്ചപ്പാടുകളെ ആദരിക്കാനോ ഹിന്ദുത്വവാദികള്‍ ഇതുവരെ തയാറായിട്ടില്ല. അതേനിലപാടാണ് ഇപ്പോള്‍ അഭിജിത് ബാനര്‍ജിയുടെ കാര്യത്തിലും ബി.ജെ.പിയും ഇതര സംഘ്പരിവാര്‍ സംഘടനകളും സ്വീകരിക്കുന്നത്. നരേന്ദ്രമോഡിയുടെ സാമ്പത്തിക നയങ്ങളോടുള്ള എതിര്‍പ്പാണ് അഭിജിതിന് നേരെ വിമര്‍ശനങ്ങളും ശകാരങ്ങളും ചൊരിയാന്‍ ഹിന്ദുത്വയെ പ്രേരിപ്പിക്കുന്നത്. ഇന്ത്യയിലേക്ക് ഒരു നൊബേല്‍സമ്മാനം കൂടി കൊണ്ടുവന്നതില്‍ ഇവര്‍ക്ക് അശേഷം ആഹ്‌ളാദമില്ല. രാഷ്ട്രീയ എതിരാളി മമത ബാനര്‍ജിയാവട്ടെ ‘കൊല്‍ക്കത്താര്‍ ചലെ’ (കൊല്‍ക്കത്തയുടെ കുട്ടി) എന്ന വിശേഷണത്തോടെ പുരസ്‌കാരലബ്ധി കൊണ്ടാടുകയാണ്. ബംഗാള്‍ പ്രൗഢി ജ്വലിക്കുന്ന അവസരമാണിത്. ഇന്ത്യയിലെത്തിയ മുഴുവന്‍ നൊബേലിനും വംഗനാടിന്റെ സൗരഭ്യമുണ്ട്. രബീന്ദ്രനാഥ് ടാഗോര്‍, അമര്‍ത്യാസെന്‍, മദര്‍ തെരേസ, എന്തിനു സി.വി രാമന്‍ പോലും കൊല്‍ക്കൊത്ത യൂനിവേഴ്‌സിറ്റിയില്‍ പ്രെഫസറായിരുന്നപ്പോഴാണ് നൊബേല്‍ തേടിയെത്തിയത്. വരുംദിവസങ്ങളില്‍ അഭിജിത് ബാനര്‍ജി തന്റെ ധനശാസ്ത്രനിഗമനങ്ങള്‍ കുടുതലായി പുറത്തേക്ക് വിടുമ്പോള്‍ മോഡിസര്‍ക്കാര്‍ കൂടുതല്‍ പ്രതിരോധത്തിലാവും. ഹിന്ദുത്വക്കെതിരെ മറ്റൊരു സെലിബ്രിറ്റി കൂടി എന്നതാണ് ഇൗ നൊബേലിന്റെ ഇന്ത്യന്‍ രാഷ്ട്രീയമാനം എന്നത് വലിയൊരു സംഭവമാണ്.

കാസിം ഇരിക്കൂര്‍

You must be logged in to post a comment Login