കശ്മീര്‍: കാലുഷ്യത്തിനും പ്രത്യാശയ്ക്കുമിടയില്‍

കശ്മീര്‍: കാലുഷ്യത്തിനും പ്രത്യാശയ്ക്കുമിടയില്‍

ഖലീല്‍ ജിബ്രാന്‍ ജന്മദേശമായ ലെബനോണിനെപ്പറ്റി ഇങ്ങനെ പറഞ്ഞതായി കേട്ടിട്ടുണ്ട്: നിങ്ങള്‍ക്ക് ലെബനോണും അതിന്റെ പ്രയാസങ്ങളും, എനിക്കോ ലെബനോണും അതിന്റെ സൗന്ദര്യവും മാത്രം. ഓരോ കശ്മീരിയും ഒരുപക്ഷേ ഇതു തന്നെ മനസ്സില്‍ പറയുന്നുണ്ടാവും, ഒരുപക്ഷേ അത് തിരിച്ചിട്ടു പറയുന്നുണ്ടാവാം. കാരണം കശ്മീര്‍ പുറംലോകത്തിന് രാജ്യതന്ത്രത്തിന്റെ വിഷയമാണ്. രണ്ട് രാഷ്ട്രങ്ങള്‍ തമ്മിലുള്ള ഉടമാവകാശത്തര്‍ക്കമാണ്. വെടിയൊച്ചകളുടെയും ചോരച്ചാലുകളുടെയും ഓര്‍മയാണ്. തിരഞ്ഞെടുപ്പിന്റെയും അധികാരം കയ്യടക്കലിന്റെയും വഴിയാണ്. വിനോദ സഞ്ചാരസാധ്യതകളുടെ മാഞ്ഞുപോകലാണ്. എന്നാല്‍ കശ്മീരികളുടെ മനസ്സില്‍ നീറിക്കത്തുന്നത് സ്വന്തം ദേശത്തിന്റെ സ്വത്വനഷ്ടത്തെക്കുറിച്ചുള്ള ഓര്‍മകളാണ്. ഈ സ്വത്വബോധത്തെ അവര്‍ കശ്മീരിയ്യത് എന്നു വിളിക്കുന്നു. തീവ്രവാദത്തിനും സൈനിക നടപടികള്‍ക്കുമിടയില്‍ ഞെരിഞ്ഞമര്‍ന്നു പോകുന്ന സ്വന്തം സ്വത്വത്തെക്കുറിച്ചുള്ള കശ്മീരി മനസ്സിന്റെ വിലാപമാണ് അശോക്ധര്‍ എഴുതിയ Kashmir as I see it; from within and a far എന്ന പുസ്തകം. കേന്ദ്ര സര്‍ക്കാരിന്റെ ഏറ്റവുമൊടുവിലത്തെ കശ്മീര്‍ വിഭജനത്തിന്ന് ഏതാനും മാസങ്ങള്‍ക്കുമുമ്പ് പ്രസിദ്ധീകരിക്കപ്പെട്ട ഈ കൃതിയുടെ ഓരോ താളില്‍ നിന്നുമുയരുന്നത് അസ്തിത്വം നഷ്ടപ്പെട്ട ഒരു ജനതയുടെ ആര്‍ത്തനാദമാണെന്ന് പറഞ്ഞാല്‍ അതില്‍ യാതൊരു തെറ്റുമില്ല.

കശ്മീരിന്റെ ചരിത്രത്തെയും സംസ്‌കാരത്തെയും രാഷ്ട്രീയത്തെയും കുറിച്ച് നിരവധികൃതികള്‍ രചിക്കപ്പെട്ടിട്ടുണ്ട്. ദിനപത്രങ്ങളിലും ആനുകാലികങ്ങളിലും ധാരാളം എഴുതപ്പെട്ടിട്ടുണ്ട്. പി എന്‍ കെ ബംസായ്, ആര്‍ എല്‍ ഭട്ട്, എം ജെ അക്ബര്‍, സുമിത് ഗാംഗുലി, മനോജ് ജോഷി, എ ജി നൂറാനി, ബശാറത് പീര്‍, പ്രവീണ്‍ സ്വാമി തുടങ്ങി കശ്മീര്‍ പ്രശ്നത്തെ വ്യത്യസ്ത കോണുകളില്‍ നിന്ന് നോക്കിക്കണ്ട ധാരാളം പേരുണ്ട്. പല കാരണങ്ങളാലും അവരില്‍ നിന്നെല്ലാം വ്യത്യസ്തനാണ് അശോക്ധര്‍. കര്‍മം കൊണ്ട് ചരിത്ര ഗവേഷകനോ പത്രപ്രവര്‍ത്തകനോ രാഷ്ട്രീയ നിരീക്ഷകനോ അല്ല അദ്ദേഹം. ഊര്‍ജ മേഖലയിലാണ് അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍. എനര്‍ജി കണ്‍സല്‍ട്ടന്റ് എന്ന നിലയില്‍ പ്രഖ്യാതനായ അശോക്ധര്‍ കശ്മീരിലാണ് ജനിച്ചതും വളര്‍ന്നതും. കശ്മീര്‍ എന്ന സ്വന്തം നാടിനെക്കുറിച്ച് അദ്ദേഹം എഴുതുമ്പോള്‍ അത് വ്യക്തിപരമായ അനുഭവങ്ങളാല്‍ നിറഞ്ഞ ആത്മകഥാപരമായ ആഖ്യാനമായി മാറുന്നത് അതുകൊണ്ടാണ്. കശ്മീരിലെ ജീവിത യാഥാര്‍ത്ഥ്യങ്ങളില്‍ നിന്നു മാറിനിന്ന് വികാരരഹിതമായും നിര്‍മമായും കശ്മീര്‍ പ്രശ്നത്തെ സമീപിക്കുവാന്‍ അദ്ദേഹത്തിന് സാധിക്കുകയില്ല. ‘ഞാന്‍ കാണുന്ന കശ്മീര്‍’ എന്ന പുസ്തകനാമം സൂചിപ്പിക്കുന്നത് ഈ മനോനിലയെയാണ്. ഒരേസമയം ഉള്ളില്‍ നിന്നും ദൂരെനിന്നും അദ്ദേഹം കശ്മീരിനെ നോക്കിക്കാണുന്നു. വസ്തുനിഷ്ടതയെക്കാളേറെ ആത്മാംശമാണ് ഈ പുസ്തകത്തെ ശ്രദ്ധേയമാക്കുന്നത് എന്ന് തീര്‍ച്ചയായും പറയാം. ഒരര്‍ഥത്തില്‍ കശ്മീരില്‍ നിന്ന് ആട്ടിയോടിക്കപ്പെട്ട പണ്ഡിറ്റുമാരുടെ പ്രതിനിധിയാണദ്ദേഹം. അതിനാല്‍ കശ്മീരിലെ രാഷ്ട്രീയ കാലുഷ്യത്തിന്റെ ഇരയാണ് അദ്ദേഹമെന്ന് സാമാന്യവത്കരിക്കാവുന്നതാണ്. അശോക്ധര്‍ ഈ തൊപ്പി തലയിലെടുത്തുവയ്ക്കുന്നില്ല. ഒരേസമയം തീവ്രവാദത്തിന്റെ ഇരയായിരിക്കുമ്പോള്‍ തന്നെ ആസാദിക്ക് വേണ്ടി പൊരുതുന്നവരുടെ സ്വത്വബോധത്തിന്റെ അന്തര്‍ധാരകള്‍ ഉള്‍ക്കൊള്ളാന്‍ അദ്ദേഹത്തിന്ന് കഴിയാതിരിക്കുന്നുമില്ല. ഒരു ശരാശരി കശ്മീരിയുടെ ആത്മ സംഘര്‍ഷങ്ങളാണ് ഈ പുസ്തകത്തിന്റെ അടിസ്ഥാന ശ്രുതി. അവയെ കശ്മീരിന്റെ ചരിത്രത്തിന്റെയും രാഷ്ട്രീയത്തിന്റെയും പശ്ചാതലത്തില്‍ ഇഴകീറി പരിശോധിക്കുകയാണദ്ദേഹം ചെയ്യുന്നത്.

കശ്മീരിയ്യത് എന്ന വികാരം
എന്റെ കശ്മീര്‍, യാത്ര, എന്റെ വിധി എന്നിങ്ങനെ മൂന്നു ഭാഗങ്ങളായി തിരിച്ചിട്ടുള്ള ഈ കൃതി ശീര്‍ഷകങ്ങള്‍ സൂചിപ്പിക്കുന്നതുപോലെ തന്നെ വ്യക്തിഗതമായ അനുഭവങ്ങളെയും അവയുടെ സാംസ്‌കാരിക ധ്വനികളെയും രാഷ്ട്രീയ-സാമൂഹ്യാവസ്ഥകളുമായി ചേര്‍ത്തുവെച്ച് വിശകലനം ചെയ്യുന്നു. ശ്രീനഗറില്‍ ജീവിക്കുകയും മരിക്കുന്നതു വരെ കശ്മീരിയ്യത്തില്‍ വിശ്വസിക്കുകയും ചെയ്തവരായിരുന്നു ഗ്രന്ഥകാരന്റെ മാതാപിതാക്കള്‍. ആദ്യഭാഗത്ത് ഒരു കശ്മീരിയായി വളര്‍ന്നുവന്ന അനുഭവങ്ങള്‍ വിവരിക്കുകയും ഇന്ത്യയുടെ ഇതരഭാഗങ്ങളുമായി കശ്മീരിനുള്ള ചരിത്രപരവും സാംസ്‌കാരികവുമായ വ്യത്യാസങ്ങള്‍ രേഖപ്പെടുത്തുകയും ചെയ്യുന്നു അദ്ദേഹം. ശൈവിസം, സൂഫിസം എന്നീ രണ്ടു ചിന്താഗതികളിലൂടെ കടന്നു പോന്ന ജീവിതരീതിയുടെ അടിത്തറയാണ് കശ്മീരിയത് എന്ന കാര്യത്തില്‍ അദ്ദേഹത്തിന്ന് സംശയമില്ല. രണ്ടാം ഭാഗത്തിലുള്ളത് സൗദി അറേബ്യ, ഇറാന്‍, പാകിസ്താന്‍ എന്നീ രാജ്യങ്ങളിലൂടെ ഔദ്യോഗിക ജീവിതത്തിന്റെ ഭാഗമായി നടത്തിയ യാത്രകളില്‍ നിന്ന്, കണ്ടു മനസ്സിലാക്കിയ അറിവുകളാണ്; ഈ രാജ്യങ്ങളില്‍ നിലവിലുള്ള ഇസ്ലാം എങ്ങനെയാണ് കശ്മീരിലെ ഇസ്ലാമില്‍ നിന്ന് വ്യത്യസ്തമായിരിക്കുന്നത് എന്നതിന്റെ സൈദ്ധാന്തികമായ അടിത്തറ ഗ്രന്ഥകാരന്‍ അന്വേഷിക്കുന്നു. ശൈഖ് അബ്ദുല്ല, മഹാരാജാ ഹരിസിംഗ്, ഇന്ദിരാഗാന്ധി എന്നിവര്‍ സ്വാതന്ത്ര്യ പ്രാപ്തിക്ക് ശേഷം കശ്മീരിന്റെ കാര്യത്തില്‍ കൈക്കൊണ്ട നടപടികളെ അപഗ്രഥിക്കുകയും ചെയ്യുന്നു അദ്ദേഹം. എന്റെ വിധി എന്ന മൂന്നാം ഭാഗത്ത് കശ്മീരി നിലയില്‍ സ്വന്തം ദേശവുമായി ബന്ധപ്പെട്ട തര്‍ക്ക വിഷയങ്ങള്‍ മാനേജ്മെന്റ് ശാസ്ത്രത്തിന്റെ ചട്ടക്കൂടുകളില്‍ നിന്നുകൊണ്ട് എങ്ങനെ പരിഹരിക്കാനാവുമെന്നതിനുള്ള ചില നിര്‍ദേശങ്ങളാണ് മൂന്നാംഭാഗം ഉള്‍കൊള്ളുന്നത്. കലങ്ങിമറിഞ്ഞ ഇപ്പോഴത്തെ രാഷ്ട്രീയാന്തരീക്ഷത്തില്‍ അവയുടെ പ്രയോകികത എത്രത്തോളമുണ്ട് എന്നത് സംശയാസ്പദമാണെങ്കിലും ആസാദി എന്ന മുദ്രാവാക്യത്തെ സൈനികമായ അതിക്രമങ്ങള്‍ കൊണ്ട് നേരിടുന്നതിനോട് അശോക്ധറിന് യോജിപ്പില്ല. കല്ലെറിയുന്നവരെ പെല്ലെറ്റ് തോക്കുകള്‍ കൊണ്ടല്ല നേരിടേണ്ടത്. കശ്മീരിലേത് ഒരു ക്രമസമാധാന പ്രശ്നവുമല്ല. വ്യത്യസ്തമായ സമീപനവും തിരിച്ചറിവും കശ്മീര്‍ വിഷയത്തില്‍ ഉണ്ടാവണമെന്ന് ഈ കൃതി സ്ഥാപിക്കുന്നു.
ഇന്ത്യയുടെ സ്വാതന്ത്ര്യ പ്രാപ്തിവരെ കശ്മീര്‍ തര്‍ക്കവിഷയമേ ആയിരുന്നില്ല. 1947 ല്‍ സ്വാതന്ത്ര്യം ലഭിച്ചതിനോടൊപ്പം ഇന്ത്യ വിഭജിക്കപ്പെട്ടു. ഹിന്ദുക്കളും മുസ്ലിംകളും രണ്ടു ജനതയാണെന്ന ചിന്തയായിരുന്നു വിഭജനത്തിനു പിന്നില്‍. 1940 മാര്‍ച്ച് 22 നു ലാഹോറില്‍ ചേര്‍ന്ന മുസ്ലിം ലീഗ് സമ്മേളനത്തില്‍ ഇരു സമുദായങ്ങള്‍ക്കും പൊതുവായ ദേശീയത അസാധ്യമാണെന്ന് മുഹമ്മദലി ജിന്ന പ്രഖ്യാപിക്കുകയുണ്ടായി. ഇസ്ലാമും ഹിന്ദുത്വവും കേവലം രണ്ടുമതങ്ങള്‍ മാത്രമല്ലെന്നും മറിച്ച് വ്യത്യസ്തവും വ്യതിരിക്തവുമായ സാമൂഹ്യക്രമങ്ങളാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. പരസ്പര വിരുദ്ധമായ ആശയാടിത്തറയും സങ്കല്പങ്ങളുമുള്ള ഭിന്നസംസ്‌കാരങ്ങളാണ് രണ്ടുമെന്ന് ജിന്ന സ്ഥാപിച്ചു. ഈ നിലപാട് പുലര്‍ത്തുന്നവര്‍ ഇന്ത്യയിലുടനീളം ഇരു മതക്കാര്‍ക്കുമിടിയിലുണ്ടായിരുന്നു.

ദേശീയതയുടെ  വ്യത്യസ്തമാനങ്ങള്‍
എന്നാല്‍ ഈ ചിന്ത കശ്മീരിന് ബാധകമായിരുന്നില്ലെന്നാണ് അശോക്ധര്‍ പറയുന്നത്. കശ്മീരില്‍ മുസ്ലിംകള്‍ക്കും ഹിന്ദുക്കള്‍ക്കും ഒരേ പൊതുഭാഷയാണ്. ഒരേ സംസ്‌കാരവും സംഗീതവും ആഹാരശീലവുമാണ് ഇരുകൂട്ടരും പങ്കിടുന്നത്. ശിവരാത്രി കശ്മീരി ഹിന്ദുക്കളെ സംബന്ധിച്ചിടത്തോളം സുപ്രധാനമായ ഉത്സവമാണ്. മുസ്ലിംകളും ശിവരാത്രിയാഘോഷത്തില്‍ പങ്കാളികളാവുന്നു. ഹസ്രത്ത് ബാല്‍ പള്ളിയില്‍ സൂക്ഷിച്ചിട്ടുള്ള പ്രവാചകന്റെ തിരുകേശം ഹിന്ദുസമൂഹത്തെ സംബന്ധിച്ചിടത്തോളം ആദരണീയമായ ശേഷിപ്പാണ്. പൊതുവായ ഈ പിന്തുടര്‍ച്ചയെയാണ് വിഭജനവും അതോടനുബന്ധിച്ചുള്ള നാട്ടുരാജ്യങ്ങളുടെ ലയനവും തകര്‍ത്തുകളഞ്ഞത്. ബ്രിട്ടീഷ് ഭരണം അവസാനിക്കുമ്പോള്‍ ഇന്ത്യയില്‍ രാജഭരണത്തിനു കീഴില്‍ 562 നാട്ടുരാജ്യങ്ങളാണുണ്ടായിരുന്നത്. ഹൈദരാബാദും ജുനഗഡും ജമ്മുകശ്മീരുമൊഴിച്ചുള്ള നാട്ടുരാജ്യങ്ങളെല്ലാം ഇന്ത്യയില്‍ ചേര്‍ന്നുവെങ്കിലും കശ്മീര്‍ ഭരിച്ചിരുന്ന മഹാരാജാവ് ഒരു തീരുമാനമെടുക്കാന്‍ വയ്യാത്ത അവസ്ഥയിലായിരുന്നു. കശ്മീരിന്റെ ഭൂമിശാസ്ത്രപരമായ കിടപ്പ് പാകിസ്ഥാനോട് ചേരുകയാണ് സൗകര്യപ്രദം എന്ന സ്ഥിതിയിലാണ്. പോരാത്തതിന് ജനങ്ങള്‍ മഹാഭൂരിപക്ഷവും മുസ്ലിംകളും. പാകിസ്ഥാനില്‍ ചേരാനായിരുന്നു അന്നത്തെ കശ്മീര്‍ പ്രധാനമന്ത്രി രാം ചന്ദ് കാക്കിനു താല്പര്യം. എല്ലാവിധ സഹകരണവും മുഹമ്മദലി ജിന്ന വാഗ്ദാനം ചെയ്തിരുന്നുതാനും. എന്നാല്‍ സ്വതന്ത്രമായി നിലനില്‍ക്കാനാണ് തല്ക്കാലത്തേക്ക് മഹാരാജാവ് താല്പര്യപ്പെട്ടത്. ഇന്ത്യയുമായും പാകിസ്ഥാനുമായും ഒരു സ്റ്റാന്‍ഡ്സ്റ്റില്‍(Stand Still) ഉടമ്പടി ഒപ്പിടാന്‍ അദ്ദേഹം ആഗ്രഹിച്ചു. പാകിസ്താന്‍ അതില്‍ ഒപ്പിട്ടുവെങ്കിലും ചില വിശദീകരണങ്ങള്‍ ചോദിച്ച് ഉടമ്പടിയില്‍ ഒപ്പിടാതിരിക്കുകയാണ് ഇന്ത്യ ചെയ്തത്. ഒരു തീരുമാനവുമെടുക്കാതെ ചഞ്ചല ചിത്തനായി നിന്ന മഹാരാജാവ് പാകിസ്ഥാന്റെ സൈനിക പിന്തുണയോടെ പൂഞ്ചിലും ഉറിയിലുമുള്ള ഗോത്രവര്‍ഗക്കാര്‍ ആക്രമണമാരംഭിച്ചപ്പോള്‍ ഗത്യന്തരമില്ലാതെ ഇന്ത്യയോട് ചേരാന്‍ തീരുമാനിക്കുകയായിരുന്നു. നേരത്തെ തന്നെ ഇന്ത്യയോട് ചേരാന്‍ രാജാവിനുമേല്‍ സമ്മര്‍ദം ചെലുത്തിരുന്ന കശ്മീരിലെ ജനനേതാവായിരുന്ന ശൈഖ് അബ്ദുല്ലയുടെ പങ്ക് ഇക്കാര്യത്തില്‍ വളരെ പ്രധാനമാണ്. അടിയുറച്ച മതേതരവാദിയായിരുന്നു അദ്ദേഹം. ദ്വിരാഷ്ട്രവാദത്തില്‍ അദ്ദേഹം വിശ്വസിച്ചിരുന്നേയില്ല. പാകിസ്ഥാനുമായി ചേരാന്‍ ഏതാണ്ട് സമ്മതമായിരുന്ന മഹാരാജാ ഹരിസിംഗിനെ ഇന്ത്യയുടെ കൂടെ ചേരാന്‍ പ്രേരിപ്പിച്ച ഏറ്റവും പ്രധാനപ്പെട്ട ഘടകം ശൈഖ് അബ്ദുല്ലയുടെ കീഴില്‍ കശ്മീരി മുസ്ലിംകള്‍ ഇന്ത്യന്‍ മതേതരജനാധിപത്യ വ്യവസ്ഥക്കൊപ്പം നിന്നതാണ്. അന്നത്തെ ഒത്തുതീര്‍പ്പിന്റെ ഭാഗമാണ് കശ്മീരിനുള്ള പ്രത്യേകപദവിയും 370 ാം വകുപ്പും. അത് നിലനിര്‍ത്തണമെന്ന് വിശ്വസിക്കുന്ന ആളാണ് അശോക്ധര്‍. അതേപോലെ തന്നെ തികഞ്ഞ ദേശീയവാദിയായ ശൈഖ് അബ്ദുല്ലയെ അവിശ്വസിക്കുകയും അദ്ദേഹത്തെ ഇന്ത്യന്‍ മുഖ്യധാരാ രാഷ്ട്രീയത്തില്‍ നിന്ന് അടര്‍ത്തിമാറ്റി വര്‍ഷങ്ങളോളം തടവറയിലിടുകയും ചെയ്തതാണ് കശ്മീരികളെ ഇന്ത്യന്‍ മുഖ്യധാരയില്‍ നിന്ന് അകറ്റാന്‍ കാരണമായത് എന്നും അദ്ദേഹം കരുതുന്നു. കോണ്‍ഗ്രസ് നിസ്സാരമായ രാഷ്ട്രീയ നേട്ടങ്ങള്‍ക്കുവേണ്ടി ചെയ്തതായിരിക്കാം ഇത്. ഒരുപക്ഷേ ശൈഖ് അബ്ദുല്ലയുടെ നിലപാടുകളിലെ ചാഞ്ചല്യങ്ങളും കോണ്‍ഗ്രസില്‍ സംശയങ്ങളുളവാക്കിയിട്ടുണ്ട്. ഏതായാലും അതിന്റെ പരിണതി അതിഭീകരമായിരുന്നു. പതിറ്റാണ്ടുകളോളം കശ്മീര്‍ രാഷ്ട്രീയത്തില്‍ നിന്ന് ശൈഖ് അബ്ദുല്ല അകറ്റിനിര്‍ത്തപ്പെട്ടു. ഈ കാലത്താണ് കശ്മീരില്‍ ഇസ്ലാമിസ്റ്റ് രാഷ്ട്രീയത്തിനു വേരുകളുണ്ടായതും കശ്മീര്‍ കലാപഭൂമിയായതുമെന്ന് അശോക്ധര്‍ സമര്‍ഥിക്കുന്നു.

ഭൂമിശാസ്ത്രപരമായ രാജ്യാതിര്‍ത്തിയുടെ അടിസ്ഥാനത്തിലുള്ള ദേശീയതയും വംശീയദേശീയതയും തമ്മിലുള്ള സംഘര്‍ഷത്തിന്റെ ഭൂമിക ആയിക്കഴിഞ്ഞു ഇപ്പോള്‍ കശ്മീര്‍. ഇന്ത്യയും പാകിസ്ഥാനുമിടയ്ക്കുള്ള സംഘര്‍ഷത്തിന്റെ അടിത്തറയും ഭൂമിശാസ്ത്രാധിഷ്ഠിത ദേശീയതയാണ്. 1947 ല്‍ കശ്മീര്‍ ഇന്ത്യയോട് ചേര്‍ന്നതു മുതല്‍ തുടങ്ങി ഇരുരാജ്യങ്ങളും ഭൂമിശാസ്ത്രപരമായ അതിര്‍ത്തിക്കുവേണ്ടി നടത്തുന്ന അവകാശവാദങ്ങള്‍. 1989 ല്‍ കശ്മീരില്‍ ഇസ്ലാമിക തീവ്രവാദത്തിന് മുളപൊട്ടിയതോടെ വംശീയാധിഷ്ഠിത ദേശീയത പുതിയ രൂപമാര്‍ജിച്ചുവെന്ന് അശോക്ധര്‍ വിശ്വസിക്കുന്നു. കശ്മീരുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ ഇസ്ലാമിന്റെ മുദ്രാവാക്യങ്ങള്‍ സ്ഥാനം പിടിച്ചു. ഹിസ്ബുല്‍ മുജാഹിദീനും ജമാഅത്തെ ഇസ്ലാമിയും പോലെയുള്ള രാഷ്ട്രീയ ഗ്രൂപ്പുകള്‍ കശ്മീര്‍ പാകിസ്ഥാനോട് ചേരേണ്ടതാണെന്ന് ആവശ്യപ്പെട്ടത് കശ്മീരി ദേശീയതാ ബോധത്തെ ഇസ്ലാമിക മൂശയില്‍ ഉടച്ചുവാര്‍ത്തതിന്റെ ഫലമായാണ്. അത് ഏറ്റുപിടിച്ച് ഇന്ത്യയിലും ദേശാഭിമാന പ്രചോദിതമെന്ന് അവകാശപ്പെട്ടുകൊണ്ടുള്ള എതിര്‍ നിലപാടുകള്‍ പ്രബലമായി. 1990 ല്‍ കശ്മീരി പണ്ഡിറ്റുമാര്‍ താഴ്വരയില്‍ നിന്ന് തുരത്തിയോടിക്കപ്പെട്ടു. പുറത്താക്കപ്പെട്ട കശ്മീരികള്‍, തങ്ങള്‍ക്ക് നഷ്ടപ്പെട്ട ഇടം തിരിച്ചുകിട്ടണമെന്ന് ശക്തമായി വാദിക്കുന്നു. ഈ പ്രക്രിയയില്‍ പെട്ട് കാശ്മീരിന്റെ ബഹുസ്വര സംസ്‌കാരം രാഷ്ട്രീയത്തര്‍ക്കങ്ങളുടെ അരികുകളിലേക്ക് തള്ളിമാറ്റപ്പെടുകയാണുണ്ടായത്. കശ്മീരിയ്യത്തിന് പകരം ഇസ്ലാമായിത്തീര്‍ന്നു കശ്മീരികളുടെ ചിന്താ സ്രോതസ്സ്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള കശ്മീരിന്റെ മതേതര ദേശീയത മത ദേശീയതയിലേക്ക് ചുരുങ്ങിപ്പോയി എന്നതിലാണ് അശോക്ധറിന് പരിതാപം.

ദേശത്തിന്റെ ഭാവി
കശ്മീരി ജനതക്ക് എപ്രകാരം, എത്രത്തോളം കശ്മീരിയ്യത്ത് നിലനിര്‍ത്താനാവുമെന്നതിനെ ആശ്രയിച്ചു നില്‍ക്കുന്നു ദേശത്തിന്റെ ഭാവി എന്ന് അശോക്ധര്‍ ഉറച്ച് വിശ്വസിക്കുന്നു. അതിനാവശ്യം വ്യത്യസ്തമായൊരു സമീപനവും തിരിച്ചറിവുമാണ്. ആയതിനാല്‍ മരണക്കിടക്കയില്‍ വെച്ച് താങ്കളുടെ അവസാനത്തെ ആഗ്രഹമെന്താണെന്ന് ചോദിച്ചാല്‍ കശ്മീര്‍ അതല്ലാതെ മറ്റൊന്നുമില്ലെന്നായിരിക്കും തന്റെ ഹൃദയത്തില്‍ നിന്നുള്ള മറുപടി എന്നു പറയാന്‍ അശോക്ധറിന്നു യാതൊരു സന്ദേഹമില്ല. കശ്മീരിനു വേണ്ടി മാത്രം തുടിക്കുന്ന ഒരു ഹൃദയമാണ് ഈ പുസ്തകത്തില്‍ നമുക്ക് കാണാനുള്ളതെന്ന് ചുരുക്കം.

കശ്മീരിന്റെ ലിബറല്‍ സെക്കുലര്‍ ചരിത്രത്തിലെ ഒരു കറുത്തപുള്ളിയാണ് അവിടുത്തെ ന്യൂനപക്ഷമായ പണ്ഡിറ്റുമാരോട് മുസ്ലിം ഭരണാധികാരികള്‍ ചെയ്ത് അനീതി പൂര്‍വമായ പ്രവൃത്തികള്‍ എന്ന അഭിപ്രായം ഗ്രന്ഥകാരനുണ്ട്. ഷാമീര്‍ രാജവംശത്തില്‍ പെട്ട സിക്കന്തറിന്റെ കാലത്തായിരുന്നു പണ്ഡിറ്റുകളുടെ താഴ്വരയില്‍ നിന്നുള്ള ആദ്യ പലായനം. 1389-1941 കാലത്ത്, സിക്കന്തറിന്റെ കാലത്ത് ഹിന്ദുക്ഷേത്രങ്ങള്‍ വ്യാപകമായി തകര്‍ക്കപ്പെട്ടുവത്രെ. പണ്ഡിറ്റുകള്‍ക്ക് മുമ്പാകെ അക്കാലത്ത് മൂന്ന് മാര്‍ഗങ്ങളെ ഉണ്ടായിരുന്നുള്ളൂ – റാലിവ്(ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം നടത്തുക) സാലിവ്(നാടുവിടുക) രണ്ടുമല്ലെങ്കില്‍ ഗാലിവ്(മരിക്കാന്‍ തയാറാവുക). മിക്കപണ്ഡിറ്റുമാരും മതംമാറുകയോ നാടുവിടുകയോ കൊല്ലപ്പെടുകയോ ചെയ്തു എന്നും ഏഴു കുടുംബങ്ങള്‍ മാത്രമേ താഴ്വരയില്‍ അവശേഷിച്ചുള്ളൂ എന്നുമാണ് കഥ. പിന്നീട് ചാക് രാജവാഴ്ചയിലും മുഗള്‍ ഭരണകാലത്തും അഫ്ഗാന്‍ ഭരണകാലത്തുമെല്ലാം ഏറിയതും കുറഞ്ഞതുമായ തോതില്‍ പണ്ഡിറ്റുമാരുടെ പലായനം സംഭവിച്ചിട്ടുണ്ട്. 1930 കളില്‍ ഹരിസിംഗിന്റെ ഭരണകാലത്ത് പണ്ഡിറ്റുമാര്‍ക്കെതിരില്‍ ജനരോഷം ശക്തമായി. കശ്മീരിലെ മുസ്ലിംകള്‍ പ്രധാനമായും കാര്‍ഷിക വൃത്തിയിലും ആടുവളര്‍ത്തലിലും കരകൗശലവൃത്തികളിലും മറ്റും ഏര്‍പ്പെട്ട് ദരിദ്രമായ ജീവിതമാണ് നയിച്ചിരുന്നത്. പണ്ഡിറ്റുമാരാകട്ടെ വിദ്യാഭ്യാസം നേടിയവരും ഭരണകൂടവുമായി അടുപ്പമുള്ളവരുമായിരുന്നു. ഭരണം നിയന്ത്രിച്ചിരുന്നത് പണ്ഡിറ്റുകളായ ഉദ്യോഗസ്ഥരായിരുന്നു. ഏതുഭരണം വന്നാലും, ഭരണഭാഷ അവര്‍ സ്വായത്തമാക്കും. ഹിന്ദുവാഴ്ചക്കാലത്ത് സംസ്‌കൃതം, മുഗള്‍ അഫ്ഗാന്‍ ഭരണകാലത്ത് പേഴ്സ്യന്‍, സിക്ക്-ദോഗ്രാ ഭരണകാലത്ത് ഉര്‍ദുവും ഇംഗ്ലീഷും ഇങ്ങനെ ഭാഷയിലുള്ള പ്രാവീണ്യവും വിദ്യാഭ്യാസവും കൊണ്ട് അധികാരസ്ഥാനങ്ങളെ അവര്‍ നിയന്ത്രിച്ചു പോന്നു. ഭരണകൂടങ്ങളുടെ ജനവിരുദ്ധവും മനുഷ്യത്വരഹിതവുമായ എല്ലാ മര്‍ദനനടപടികളും നടപ്പില്‍ വരുത്തിയിരുന്നത് പണ്ഡിറ്റുമാരായ ഉദ്യോഗസ്ഥരാണ്. ജനങ്ങള്‍ അതിഥിയായി ചൂഷണം ചെയ്യപ്പെടുകയും നരകിക്കുകയും ചെയ്തു. ഈ നരകയാതനക്കെതിരായാണ് ശൈഖ് അബ്ദുല്ലയുടെ കീഴില്‍, കശ്മീരി മുസ്ലിം ചെറുപ്പക്കാര്‍ ആദ്യമായി പ്രക്ഷോഭരംഗത്ത് അണിനിരന്നത്. മുസ്ലിംകള്‍ക്ക് ഗവണ്‍മെന്റ് ജോലിയില്‍ പ്രാതിനിധ്യം ലഭിക്കുന്നതിനു വേണ്ടിയുള്ള ഈ പ്രക്ഷോഭം, പിന്നീട് പണ്ഡിറ്റ് വിരുദ്ധ സ്വഭാവമാര്‍ജിക്കുകയായിരുന്നു. ഭരണത്തിന്റെ ആനുകൂല്യമുപയോഗിച്ച് പണ്ഡിറ്റുമാര്‍ ദരിദ്രരും നിരക്ഷരരുമായ മുസ്ലിംകളെ പീഡിപ്പിച്ചുപോന്നു. അതിന്റെ അസഹനീയതയില്‍ നിന്നാണ് കശ്മീരിലെ പണ്ഡിറ്റ് വിരുദ്ധ ചിന്തയുടെ തുടക്കം. പില്‍കാലത്ത് രാഷ്ട്രീയ താല്പര്യങ്ങള്‍ക്കു വേണ്ടി പലരും ഈ ചിന്തക്ക് ആക്കം വര്‍ധിപ്പിച്ചു. 1990 കളില്‍ പണ്ഡിറ്റ് വിരുദ്ധ വികാരം ശക്തിയാവുകയും മൂന്നരലക്ഷം പണ്ഡിറ്റുമാര്‍ താഴ്വര വിടുകയും ചെയ്തുവെന്നാണ് കണക്ക്. ജന്മനാട്ടിലേക്ക് തിരിച്ചു വരണമെന്നും തങ്ങളുടെതായ ഒരു യൂണിയന്‍ ടെറിട്ടറി താഴ്വരക്കകത്ത് വേണമെന്നുമാണ് പണ്ഡിറ്റുമാരുടെ ആവശ്യം. (കേന്ദ്രസര്‍ക്കാരിന്റെ കാശ്മീര്‍ വിഭജനം ആ ദിശയിലേക്കുള്ള കാല്‍വെപ്പാണോ ആവോ)
കശ്മീരില്‍ നിന്ന് പുറത്തുപോകേണ്ടി വന്ന പണ്ഡിറ്റുമാരുടെ പ്രാതിനിധ്യത്തെ അശോക്ധര്‍ നിരാകരിക്കുന്നില്ല. പക്ഷേ, അപ്പോഴും അദ്ദേഹത്തിന്റെ ഊന്നല്‍ കശ്മീരിയ്യത്തിലാണ്. കശ്മീരിന്റെ ഭാവി, കശ്മീരിജനതയുടെ ബഹുസ്വര സാംസ്‌കാരിക സ്വത്വമായ കശ്മീരിയ്യത് പുനഃസ്ഥാപിക്കുന്നതിലൂടെ മാത്രമേ സാധ്യമാവൂ എന്നദ്ദേഹം വിശ്വസിക്കുന്നു. കശ്മീരിയ്യത്ത് ദുര്‍ബലമായിത്തീര്‍ന്നതിന് അദ്ദേഹം കണ്ടെത്തുന്ന ഒരു പ്രധാനകാരണം സൂഫി ഇസ്ലാമിന്റെ സ്ഥാനത്ത് വഹാബിചിന്തകള്‍ പ്രാമുഖ്യം നേടിയതാണ്. അത് ഇസ്ലാമിക തീവ്രവാദത്തിന്റെ വളര്‍ച്ചക്ക് സഹായകമായി എന്നാണ് അശോക്ധര്‍ കരുതുന്നത്. എങ്കിലും, കശ്മീരിയത്ത് തീര്‍ത്തും മണ്ണടിഞ്ഞിട്ടില്ലെന്നും അതിനെ പുനരുജ്ജീവിപ്പിച്ചാല്‍ തന്റെ ദേശത്തിന്റെ ഭാവി ഭദ്രമായിരിക്കുമെന്നുമാണ് അദ്ദേഹത്തിന്റെ വിശ്വാസം. വിശ്വാസം, അതല്ലേ എല്ലാം?

എ പി കുഞ്ഞാമു

You must be logged in to post a comment Login