കാലം അമിത് ഷായുടെ നിയമം പിച്ചിച്ചീന്താതിരിക്കുമോ?

കാലം അമിത് ഷായുടെ നിയമം പിച്ചിച്ചീന്താതിരിക്കുമോ?

നവംബര്‍ ഒമ്പത് ചരിത്രത്തില്‍ ഇടം നേടിയത് ബാബരി മസ്ജിദിന്റെ ദുര്‍വിധി നിര്‍ണയിച്ച ദിനം എന്ന നിലയിലാണ്. അതിന്റെ അലയൊലികള്‍ അന്തരീക്ഷത്തില്‍ തങ്ങിനില്‍ക്കുമ്പോഴാണ് ഡിസംബര്‍ ഒമ്പതും ചരിത്രത്തിലേക്ക് പാഞ്ഞുകയറിയത്. മതത്തിന്റെ പേരില്‍ ഒരിക്കല്‍ക്കൂടി ഇന്ത്യയെ വിഭജിച്ചതാണ് ഈ ദുര്‍ദിനം ചരിത്രത്തില്‍രേഖപ്പെടുത്താന്‍ പോകുന്നത്. നിയമത്തിനു മുന്നില്‍ പൗരന്മാര്‍ തുല്യരാണ് എന്ന ഭരണഘടനയുടെ പതിനാലാം ഖണ്ഡിക പച്ചയായി ഉല്ലംഘിച്ചുകൊണ്ടാണ് നരേന്ദ്രമോഡി സര്‍ക്കാര്‍ പൗരത്വനിയമഭേദഗതി ബില്‍ (The Citizenship Amendment Bill, 2019) വന്‍ഭൂരിപക്ഷത്തിന്റെ അനുമതിയോടെ സഭയില്‍ അവതരിപ്പിച്ചതും പാസ്സാക്കിയെടുത്തതും. പൗരത്വഭേദഗതി നിയമം പ്രാബല്യത്തില്‍ വരുന്നതോടെ ലോകത്തിനു മുന്നില്‍ ഇന്ത്യക്കു തലകുനിക്കേണ്ടിവരും. പൗരന്മാരോട് മതത്തിന്റെ പേരില്‍ വിവേചനം കാണിക്കുന്ന നിയമം നടപ്പാക്കുന്ന രാജ്യം എന്ന ദുഷ്‌പേര് ഗാന്ധിജിയുടെയും നെഹ്‌റുവിന്റെയും ഇന്ത്യക്ക് എത്രനാള്‍ കൊണ്ടുനടക്കാനാവും? ഭരണഘടനയുടെ അടിസ്ഥാനത്തില്‍ രൂപപ്പെട്ട ഒരു റിപ്പബ്ലിക്ക് (Constitutional Republic) എങ്ങനെ ആര്‍ എസ് എസിന്റെ സ്വപ്നത്തിലുള്ള ഹിന്ദുരാജ്യമായി പരിണാമദശകള്‍ പിന്നിടുന്നുവെന്നതിന്റെ ഘോരരംഗങ്ങള്‍ക്കായിരുന്നു ഡിസംബര്‍ ഒമ്പത് തിങ്കളാഴ്ച സാക്ഷ്യംവഹിച്ചത്. സമീപകാലത്തൊന്നും പ്രകടമാവാത്ത പ്രതിപക്ഷഐക്യവും വീര്യവും രോഷവുമൊക്കെ അകമ്പടിയായി വന്നപ്പോള്‍, ജനാധിപത്യത്തിന്റെ ശ്രീകോവില്‍ എന്ന് വിശേഷിപ്പിക്കപ്പെടാറുള്ള പാര്‍ലമെന്റിന്റെ അകത്തളം, പ്രത്യയശാസ്ത്രപോരാട്ടത്തിന്റെ രംഗവേദിയായി മാറി. അംഗബലത്തില്‍ തുച്ഛമെങ്കിലും (ബില്‍ അവതരണ സമയത്ത് 82-293, വോട്ടിനിട്ടപ്പോള്‍ 80-331) മൃഗീയഭൂരിപക്ഷം ആയുധമാക്കി മോഡിക്കും അമിത്ഷാക്കും എല്ലാം നിഷ്പ്രയാസം അട്ടിമറിക്കാമെന്നത് വെറും വ്യാമോഹമാണെന്ന് വാക്ശരങ്ങള്‍ കൊണ്ട് ഏതാനും നേതാക്കള്‍ തെളിയിച്ചു. പ്രതിപക്ഷത്തിന്റെ വാദഗതികള്‍ സഹിഷ്ണതയോടെ കേള്‍ക്കാന്‍ പോലും ഹൃദയവിശാലത കാട്ടാത്ത അമിത് ഷാ എന്ന ആര്‍ എസ് എസ് പ്രചാരക്കിന്റെ വായ അടപ്പിക്കാന്‍ പോരുന്ന വീര്യമുറ്റിയ ശക്തമായ കുറേ വാദങ്ങള്‍ മുന്നോട്ടുവെച്ചത് ഇന്ത്യയുടെ ജനാധിപത്യ-മതേതര ചരിത്രത്തിന്റെ കുഞ്ഞേടുകളില്‍ എന്നെന്നേക്കുമായി കുറിച്ചിടപ്പെടും. ദയനീയമായി തോല്‍ക്കുമ്പോഴും അല്‍പം ആശ്വാസം കിട്ടുന്നത് ആ പോരാട്ടം നേരിട്ടുകാണുമ്പോഴാണ്.
ഭൂരിപക്ഷത്തിന്റെ ആധിപത്യം എന്ന ചിന്താഗതിയുടെ ഉറവിടം അംഗബലത്തിലുള്ള അമിതപ്രതീക്ഷയാണ്. പൗരത്വ ഭേദഗതിബില്‍ പാര്‍ലമെന്റില്‍ വന്നപ്പോള്‍ അത് തകര്‍ക്കുന്ന പോരാട്ടത്തിന്റെ ഒരന്തരീക്ഷം സൃഷ്ടിക്കുന്നതില്‍ പ്രതിപക്ഷം വിജയിച്ചുവെന്നു തന്നെ പറയാം. ഹിന്ദുത്വയും മതേതരപക്ഷവും വേര്‍തിരിഞ്ഞിട്ടുള്ള തെളിമയുള്ള ഒരു പോരാട്ടത്തിനല്ല പാര്‍ലമെന്റ് സാക്ഷിയായത്. ഹിന്ദുത്വ ആശയഗതികളോട് അടിസ്ഥാനപരമായി യോജിപ്പില്ലാത്ത ജനതാദള്‍ യു, എ ഐ എ ഡി എം കെ, ബിജുജനതാദള്‍, വൈ എസ് ആര്‍ കോണ്‍ഗ്രസ്, ടി ഡി പി, ശിരോമണി അകാലിദള്‍, ലോക്ജനശക്തി പാര്‍ട്ടി, അപ്നാദള്‍ എന്നീ കക്ഷികള്‍ അമിത്ഷായുടെ കുത്സിത അജണ്ടക്കുമുന്നില്‍ തലകുനിച്ചത് അധികാരത്തിന്റെ ഉച്ചിഷ്ടത്തിന് നന്ദി രേഖപ്പെടുത്താന്‍ വേണ്ടി മാത്രമായിരുന്നു. സോഷ്യലിസ്റ്റ് സംസ്‌കാരം പൈതൃകമായിക്കിട്ടിയ ദളുകളും കോണ്‍ഗ്രസില്‍ നിന്ന് തെറ്റിപ്പിരിഞ്ഞവരുമൊക്കെ, ഭരണഘടനയുടെ മൗലിക ചട്ടക്കൂട് തല്ലിപ്പൊളിക്കാനുള്ള സംഘ്പരിവാറിന്റെ ഗൂഢഅജണ്ടക്ക് കൂട്ടുനിന്നു എന്നത് ദൗര്‍ഭാഗ്യകരമാണ്. മതേതര കക്ഷികള്‍ എന്ന് നാം വിളിക്കുന്ന 15 പാര്‍ട്ടികള്‍ ഒരുമിച്ചുനീങ്ങിയിട്ടും 83പേരെ മാത്രമേ പോര്‍ക്കളത്തില്‍ അണിനിരത്താന്‍ പ്രതിപക്ഷത്തിന് സാധിച്ചുള്ളൂ. എങ്കിലും ചൊടിയുള്ള വര്‍ത്തമാനങ്ങള്‍ അവരില്‍നിന്ന് കേട്ടപ്പോള്‍ ജനാധിപത്യത്തിന്റെ സാധ്യതകള്‍ തുറന്നുകാട്ടപ്പെട്ടു. ഇത്തരമൊരു ബില്ല് അനിവാര്യമാക്കിയത് കോണ്‍ഗ്രസാണ് എന്ന മട്ടില്‍ ചരിത്രത്തെ വലിച്ചിഴിച്ചുകൊണ്ടുവരാനാണ് അമിത് ഷാ ശ്രമിച്ചത്: ‘ഈ ബില്ല് എന്തുകൊണ്ട് ആവശ്യമായി വന്നു എന്ന് അറിയണമല്ലേ? കോണ്‍ഗ്രസ് മതത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യം വിഭജിച്ചില്ലായിരുന്നുവെങ്കില്‍ ഇങ്ങനെയൊരു ബില്ല് കൊണ്ടുവരേണ്ട അനിവാര്യത ഉണ്ടാകുമായിരുന്നില്ല. കോണ്‍ഗ്രസാണ് മതത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ വിഭജിച്ചത്; അല്ലാതെ ഞങ്ങളല്ല.’ ഹിന്ദുത്വ അജണ്ട നടപ്പാക്കുന്നതിന് ഒരു ഗീബല്‍സിയന്‍ നുണവെടി പൊട്ടിക്കുകയായിരുന്നു ബി ജെ പി പ്രസിഡന്റ്. അദ്ദേഹത്തിന്റെ ന്യായീകരണം കേട്ട ഉടന്‍ എല്‍ കെ അദ്വാനി അടക്കമുള്ള ബി ജെ പി നേതാക്കളെ ചിന്താപരമായി ഊട്ടി വളര്‍ത്തിയ കുല്‍കര്‍ണി ട്വിറ്ററില്‍കുറിച്ചിട്ടതിങ്ങനെ: ‘In the history of Parliament, rarely have we heard a senior minister speak such a WHITE LIE to defend a black law! The Congress did NOT do, nor accept, Partition on the basis of religion. Muslim League did. The Congress remained committed to India as a secular nation. The BJP has not. പാര്‍ലമെന്റിന്റെ ചരിത്രത്തില്‍ ഒരു കരിനിയമത്തെ ന്യായീകരിക്കാന്‍ ഒരു മുതിര്‍ന്ന മന്ത്രി ഇങ്ങനെയൊരു വെളുത്ത നുണ പറയുന്നത് ഇതാദ്യമായിരിക്കും. മതത്തിന്റെ അടിസ്ഥാനത്തിലുള്ള വിഭജനം കോണ്‍ഗ്രസ് അംഗീകരിക്കുകയോ നടത്തുകയോ ചെയ്തിട്ടില്ല. മുസ്‌ലിം ലീഗാണ് അത് ചെയ്തത്.’ സഭതലത്തില്‍വെച്ച് ഇത്തരം വിവരക്കേടുകള്‍ വിളമ്പുന്നത് വസ്തുതകളുടെ അടിസ്ഥാനത്തില്‍ ചരിത്രത്തെ മനസ്സിലാക്കാനോ പഠിക്കാനോ കൂട്ടാക്കാത്തത് കൊണ്ടാണെന്ന് പ്രശസ്ത ചരിത്രകാരന്‍ ഇര്‍ഫാന്‍ഹബീബ് പ്രതികരിക്കുകയുണ്ടായി. വാസ്തവത്തില്‍ ദ്വിരാഷ്ട്രസിദ്ധാന്തം രാജ്യത്ത് ആദ്യമായി ഉയര്‍ത്തുന്നത് വി ഡി സവര്‍ക്കറാണ്; 1940ലാണ് മുഹമ്മദലി ജിന്ന പാകിസ്ഥാനു വേണ്ടി പ്രമേയം പാസ്സാക്കുന്നതെങ്കില്‍ 16 വര്‍ഷം മുമ്പ് സവര്‍ക്കര്‍ മുസ്‌ലിംകള്‍ ഇല്ലാത്ത ഒരു ഇന്ത്യയെക്കുറിച്ച് സ്വപ്നം കാണുകയും വിഭജനത്തിന്റെ വിത്ത് പലരുടെയും മനോമുകുരങ്ങളില്‍ വിതക്കുകയും ചെയ്തിരുന്നു.
വിമര്‍ശനം സഹിക്കാനുള്ള കരുത്തില്ലാത്തിനാല്‍ അമിത് ഷാ നേരിട്ടിടപെട്ട് പ്രസംഗം തടസ്സപ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍ കോണ്‍ഗ്രസ് സഭാ നേതാവ് അധീര്‍ രഞ്ജന്‍ചൗധരി ശബ്ദമുയര്‍ത്തി നല്‍കിയ താക്കീത് ലോകം കേട്ടു: ‘ഇത് രാജ കൊട്ടാരമൊന്നുമല്ല. പ്രതിപക്ഷത്തിനു കൂടി സംസാരിക്കാനുള്ള ഇടമാണ് പാര്‍ലമെന്റ്.’ തൃണമൂല്‍ കോണ്‍ഗ്രസിലെ സൗഗത റോയ്, ബി ജെ പിക്കാര്‍ ബഹളം കൂട്ടിയപ്പോള്‍ ചോദിച്ച ചോദ്യം കുറിക്കുകൊള്ളുന്നതായിരുന്നു: ‘സഭയില്‍ സംസാരിച്ചാല്‍ നിങ്ങള്‍ അടിച്ചുകൊല്ലുമോ’. പുറത്തുനടക്കുന്നത് അതാണെന്ന് സാരം. അമിത് ഷായുടെ മുഖത്തുനോക്കി മജ്‌ലിസെ ഇത്തിഹാദുല്‍മുസ്‌ലിമീന്‍ നേതാവ് ബാരിസ്റ്റര്‍ അസദുദ്ദീന്‍ ഉവൈസി നടത്തിയ ധീരമായ പ്രസംഗം പെട്ടെന്നൊന്നും ആരും മറക്കാന്‍പോകുന്നില്ല. ‘ന്യൂറെംബെര്‍ഗ് നിയമമുണ്ടാക്കിയ ഹിറ്റ്‌ലറുടെയും ഇസ്രായേലി പൗരത്വനിയമം പാസ്സാക്കിയെടുത്ത ഡേവിഡ് ബെന്‍ഗുറിയോണിന്റെയും ഇടമായിരിക്കും ചരിത്രത്തില്‍ പൗരത്വനിയമ ഭേദഗതി ബില്ലിലൂടെ അമിത് ഷാക്ക് നീക്കിവെക്കാന്‍ പോകുന്നത്. എനിക്കറിയേണ്ടത് ഈ സര്‍ക്കാര്‍ എന്തിനാണ് മുസ്‌ലിംകളെ ഇങ്ങനെ എതിര്‍ക്കുന്നത്. എന്തിനാണ് ഞങ്ങളെ ഇങ്ങനെ വെറുക്കുന്നത്? ഞങ്ങളെല്ലാം ഈ രാജ്യത്തിന്റെ പൗരന്മാരല്ലേ? മുസ്‌ലിംകളെ രാജ്യമില്ലാത്തവരാക്കി നിറുത്തുകയാണ് അമിത് ഷാ ലക്ഷ്യമിടുന്നത്. ദക്ഷിണാഫ്രിക്കയുടെ വിവേചനപരമായ പൗരത്വകാര്‍ഡ് കീറിക്കളഞ്ഞാണ് എം കെ ഗാന്ധി മഹാത്മജി ആയതെന്നും ഈ ബില്ലിന്റെ കാര്യത്തില്‍ അത് ചെയ്യുകയേ തന്റെ മുമ്പില്‍ പോംവഴിയുള്ളൂവെന്നും’ പറഞ്ഞ് പൗരത്വബില്‍ കീറിക്കളഞ്ഞ ഉവൈസിയുടെ പ്രതിഷേധങ്ങള്‍ക്ക് മുന്നില്‍ ഷായും ഹിന്ദുത്വവാദികളും സ്തംഭിച്ചുനില്‍ക്കുകയായിരുന്നു. വലിയൊരു പാതകമാണ് തങ്ങള്‍ ചെയ്യാന്‍ പോകുന്നതെന്ന് ആഭ്യന്തരമന്ത്രിയടക്കമുള്ളവരുടെ ശരീരഭാഷയില്‍ നിന്നും ഭാവഹാവാദികളില്‍ നിന്നും സ്പഷ്ടമായിരുന്നു.

പലരും ഉയര്‍ത്തിയ വാദഗതികള്‍ക്കു മുന്നില്‍ അമിത് ഷാക്ക് മറുപടി ഉണ്ടായിരുന്നില്ല. ഡി എം കെ നേതാവ് ദയാനിധി മാരന്‍ ബില്ലിനെ എതിര്‍ത്തുകൊണ്ട് ചോദിച്ചു: ‘നിങ്ങള്‍പറയുന്നു കശ്മീര്‍ ഇന്ത്യയുടെ ഭാഗമാണെന്ന്. എന്നാല്‍ പാകിസ്ഥാനില്‍നിന്നുള്ള പീഡനം സഹിക്കവയ്യാതെ കശ്മീരിലെത്തുന്ന പാക്അധീന കശ്മീരില്‍ നിന്നുള്ള അഭയാര്‍ഥികള്‍ക്ക് പൗരത്വം നല്‍കാന്‍ നിങ്ങള്‍ തയാറാണോ? അല്ല. കാരണം നിങ്ങള്‍ക്ക് ഒരു നിലപാടേ ഉള്ളൂ. മുസ്‌ലിംകളെ ഇന്ത്യക്കു വേണ്ടാ എന്നതു തന്നെ. അതുപോലെ, ശ്രീലങ്കയില്‍ നിന്നുള്ള എത്രയോ അഭയാര്‍ഥികള്‍ തമിഴ്‌നാട്ടില്‍ ജീവിക്കുന്നുണ്ട്. അവര്‍ക്ക് പൗരത്വം നല്‍കാന്‍ താങ്കള്‍ തയാറാവുമോ? ഇല്ല. അപ്പോള്‍ താങ്കള്‍ മൊത്തം ഇന്ത്യയുടെ ആഭ്യന്തരമന്ത്രിയോ അതല്ല വടക്കേ ഇന്ത്യയുടെ മന്ത്രിയോ?’ സഖ്യകക്ഷികളായ ശിരോമണി അകാലിദളും ജനതാദള്‍(യു) വും വൈ എസ് ആര്‍ കോണ്‍ഗ്രസുമൊക്കെ ബില്ലിനെ അനുകൂലിച്ചു വോട്ടുചെയ്യുമ്പോഴും അതിന്റെ ഉള്ളടക്കത്തോടുള്ള വിയോജിപ്പ് തുറന്നുപറയുകയുണ്ടായി. തെലങ്കാന രാഷ്ട്ര സമിതി (ടി ആര്‍ എസ്) ബില്ലിനെ എതിര്‍ത്തത് ഭരണചേരിയെ ഞെട്ടിച്ചു. അകാലി ദള്‍ നേതാവ് സുഖ്ബീര്‍ ബാദല്‍ പാര്‍ട്ടിയുടെ നിലപാട് നിരത്തുന്നതിനിടെ പറഞ്ഞു: ‘എന്റെ ഏക അഭ്യര്‍ഥന രാജ്യത്തിന്റെ മതേതര സ്വഭാവം നിലനിര്‍ത്തണമെന്നാണ്. എന്തുകൊണ്ട് മുസ്‌ലിംകളുടെ പേരും ബില്ലില്‍ ഉള്‍പ്പെടുത്തിക്കൂടാ. അഹമ്മദിയ്യ മുസ്‌ലിംകളെ പോലുള്ളവര്‍ പീഡനമനുഭവിക്കുന്ന എത്രയോ കേസുകളുണ്ടല്ലോ?’ ഇവിടെയാണ്, ഹിന്ദുത്വവിഭാവനം ചെയ്ത പൗരത്വസങ്കല്‍പത്തിന്റെ ആഴത്തിലുള്ള അന്വേഷണങ്ങള്‍, മുസ്‌ലിം പേരുള്ള ഒരാളെയും വി ഡി സവര്‍ക്കര്‍ അംഗീകരിക്കുന്നില്ല എന്ന പ്രത്യയശാസ്ത്രപരമായ പരമാര്‍ഥം ഉയര്‍ന്നുവരുന്നത്. പൗരത്വ നിയമ ഭേദഗതിയിലൂടെ ആര്‍ എസ് എസ് സഫലീകരിക്കുന്നത് സവര്‍ക്കറുടെയും ഗോള്‍വാള്‍ക്കറുടെയും സ്വപ്നങ്ങളാണ്. മുസ്‌ലിം, ക്രൈസ്തവ, കമ്മ്യൂണിസ്റ്റ് മുക്ത ഇന്ത്യയാണ് ഈ രണ്ടു ആചാര്യന്മാരും അനുയായികളുടെ മുന്നില്‍വെച്ചത്. 2024 ല്‍ ഇന്ത്യ ‘പുതിയൊരു ഇന്ത്യ’ ആയിരിക്കും എന്ന് പറയുന്നത്, ഹിന്ദുരാഷ്ട്രമായിപരിണമിക്കും എന്ന പ്രതീക്ഷയോടെയാണ്. 1925ല്‍ സ്ഥാപിതമായ ആര്‍ എസ് എസിന്റെ സ്വപ്നസാക്ഷാത്കാരം നൂറുവര്‍ഷം കൊണ്ട് സംഭവിക്കണമെന്ന വാശിയാണ് ഇത്ര ധൃതിപിടിച്ച് കാര്യങ്ങള്‍ മുന്നോട്ടുനീക്കുന്നതിനുള്ള മുഖ്യകാരണം.

വിഭജനത്തിന്റെ ചേരുവകള്‍
ഇക്കഴിഞ്ഞ ഒക്ടോബറില്‍ കൊല്‍ക്കത്തയില്‍ ഒരു പൊതുയോഗത്തില്‍ പ്രസംഗിക്കവേ അമിത് ഷാ പറഞ്ഞു; ‘ദേശീയ പൗരത്വപ്പട്ടിക (National Register of Citizens) രാജ്യസുരക്ഷക്ക് അനിവാര്യമാണ്. എന്നാല്‍, പൗരത്വനിയമ ഭേദഗതി കൊണ്ടുവന്നതിന് ശേഷമേ പട്ടിക നടപ്പാക്കുകയുള്ളൂ.’ അതിനു ശേഷം രാജ്യത്താകമാനം പൗരത്വപ്പട്ടിക പ്രയോഗത്തില്‍ കൊണ്ടുവരുവാനും ആര്‍ എസ് എസ് നേതൃയോഗവും മോഡി സര്‍ക്കാരും തീരുമാനിച്ചു. പൗരത്വപ്പട്ടികയും നിയമഭേദഗതിയും രണ്ടാണെങ്കിലും പരസ്പരം ബന്ധപ്പെട്ടുകിടക്കുന്നു. ബംഗ്ലാദേശികള്‍ ഇല്ലാത്ത, ‘ചിതലുകള്‍’ വസിക്കാത്ത അസമിനെക്കുറിച്ചാണ് അവിടെ തിരഞ്ഞെടുപ്പ് കഴിയുംവരെ അമിത് ഷാ സംസാരിച്ചുകൊണ്ടിരുന്നത്. രാജ്യസഭയില്‍ പൗരത്വനിയമ ഭേദഗതി പാസ്സായതിനു ശേഷമേ പൗരത്വപ്പട്ടിക നടപ്പാക്കൂ എന്ന പ്രസ്താവത്തിനു പിന്നില്‍ ആര്‍ എസ് എസിന്റെ വലിയൊരു പദ്ധതിയുണ്ടായിരുന്നു. ആ പദ്ധതിയാണ് കഴിഞ്ഞദിവസം ലോക്സഭ കടന്ന ബില്ലില്‍ ഒളിഞ്ഞുകിടക്കുന്നത്. ഹിന്ദു അംഗസംഖ്യ പരമാവധി ഉയര്‍ത്തുക, അതുവഴി ഹിന്ദുത്വ വോട്ടുബാങ്ക് വിപുലപ്പെടുത്തുക. അതോടൊപ്പം മുസ്‌ലിംകളെ പരമാവധി രാജ്യത്തുനിന്ന് പുറന്തള്ളുക. സമീപകകാലം വരെ, ആരും പുറത്തുപറയാന്‍ പോലും ധൈര്യം കാട്ടാതെ ആ പദ്ധതിയുടെ പൂര്‍ത്തീകരണത്തിന്റെ ആദ്യപടിയാണ് ഡിസംബര്‍ 9ന് ലോക്സഭയില്‍ നാം കണ്ടത്. 2014 ഡിസംബര്‍ 31ന് രാജ്യത്തേക്ക് കടന്ന, മുസ്‌ലിം ഭൂരിപക്ഷരാജ്യങ്ങളായ അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍നിന്നുള്ള ഹിന്ദു, സിഖ്, ബുദ്ധ, ജൈനര്‍, പാര്‍സി, ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്ക് പൗരത്വത്തിന്റെ വാതില്‍ തുറന്നിടുന്നതാണ് പൗരത്വനിയമ ഭേദഗതി ബില്‍. ഇതുവരെ പതിനൊന്നു വര്‍ഷം രാജ്യത്ത് ജീവിച്ചാലേ പൗരത്വത്തിന് അര്‍ഹതയുണ്ടായിരുന്നുള്ളൂ. അത് അഞ്ച് വര്‍ഷമായി കുറച്ചു. നിയമത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വിവരിക്കുന്നിടത്ത് പറയുന്നത് ഇങ്ങനെ: ‘Many persons belonging to Hindu, Sikh, Buddist, Jain, Parsi and Christian communties have faced persecution on grounds of religions’ -മേല്‍പ്പറഞ്ഞ മൂന്ന് രാജ്യങ്ങളില്‍ മുസ്‌ലിമേതര വിഭാഗങ്ങള്‍ മതപരമായ പീഡനങ്ങള്‍ക്ക് ഇരയായിക്കൊണ്ടിരിക്കുന്നത് കൊണ്ട് അവരെ പുനരധിവസിപ്പിക്കാനാണ് ഈ നിയമനിര്‍മാണമെന്ന് സാരം.

പീഡിപ്പിക്കപ്പെടുന്ന ജനതയോട് അനുതാപത്തോടെ പെരുമാറാനുള്ള അദമ്യമായ ആഗ്രഹമാണ് ഈ നീക്കത്തിനു പിന്നിലെങ്കില്‍ എന്തുകൊണ്ട് മ്യാന്മര്‍, ചൈന, ശ്രീലങ്ക എന്നിവിടങ്ങളില്‍ നിന്നുള്ള അഭയാര്‍ഥികളെ മറ്റൊരു കണ്ണോടെ കാണണം? ലക്ഷക്കണക്കിന് റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ മ്യാന്മറില്‍ നിന്ന് അഭയം തേടി ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നരകജീവിതം നയിക്കുന്നുണ്ട്. എന്തുകൊണ്ട് ഈ ഹതഭാഗ്യര്‍ക്ക് പൗരത്വം ദാനം ചെയ്യാന്‍ നാം വിശാല മനസ്‌കത കാട്ടുന്നില്ല. അതുപോലെ, നമ്മുടെ രക്തത്തിന്റെ ഭാഗമായി ലക്ഷക്കണക്കിന് തമിഴര്‍ ശ്രീലങ്കയിലെ വംശീയവും മതപരവുമായ പീഡനങ്ങള്‍ സഹിക്കാനാവാതെ ഇന്ത്യയില്‍ കഴിയുന്നുണ്ട്. അവരെക്കുറിച്ചും അമിത് ഷാ മിണ്ടുന്നില്ല. ഇവിടെയാണ് ആര്‍ എസ് എസിന്റെ വര്‍ഗീയവും സങ്കുചിതവുമായ നിലപാടിന്റെ ബീഭത്സമുഖം തുറന്നുകാട്ടപ്പെടുന്നത്. എന്തുകൊണ്ട് മൂന്ന് അയല്‍രാജ്യങ്ങള്‍ മാത്രം നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവന്നു എന്ന ചോദ്യത്തിന് ഈ രാജ്യങ്ങള്‍ മുസ്ലിം ഭൂരിപക്ഷപ്രദേശമാണെന്നാണ് അമിത് ഷായുടെ മറുപടി. ബുദ്ധിസ്റ്റുകള്‍ ഭൂരിപക്ഷമുള്ള ശ്രീലങ്കയിലും മ്യാന്മറിലും നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചും പീഡനങ്ങളെക്കുറിച്ചും നാം ഉരിയാടേണ്ടതില്ല എന്ന് ആദ്യമേ തീരുമാനിച്ചുറപ്പിച്ചത് പോലെ. വിദേശ നിയമവിരുദ്ധ കുടിയേറ്റക്കാര്‍ക്ക് പൗരത്വം ദാനം ചെയ്യുന്നതിനെതിരെ ഏറ്റവും വലിയ പ്രക്ഷോഭങ്ങള്‍ തുടരുന്നത് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലാണ്. അതുകൊണ്ടുതന്നെ, ഡിസംബര്‍ നാലിന് ചേര്‍ന്ന മന്ത്രിസഭായോഗം സിറ്റിസണ്‍ ബില്ലിന് അന്തിമരൂപം നല്‍കിയപ്പോള്‍ ഭരണഘടനയുടെ ആറാം പട്ടികയില്‍പെട്ട അസമിലെ ഗോത്രവര്‍ഗമേഖല, മേഘാലയ, മിസോറാം, ത്രിപുര എന്നിവയും ‘ഇന്നര്‍ലൈന്‍ പെര്‍മിറ്റ്'(ഐ എല്‍ പി) കൊണ്ട് സുരക്ഷിതമാക്കിയ അരുണാചല്‍പ്രദേശ്, മിസോറാം, നാഗാലാന്‍ഡ് എന്നീ മേഖലകള്‍ക്കും ബില്ല് ബാധകമാവില്ല എന്ന് വ്യവസ്ഥവെച്ചു. അവസാന നിമിഷം മണിപ്പൂരിനെയും ബില്ലിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കി. ഇതേസമയം, ദേശീയ പൗരത്വപ്പട്ടികക്ക് എതിരെ കൊല്‍ക്കത്തയില്‍ പതിനായിരങ്ങള്‍ പങ്കെടുത്ത റാലികള്‍ അരങ്ങേറുന്നുണ്ടായിരുന്നു.

നാസി ജര്‍മനിയെ പിന്തുടരുന്നു
മുസ്‌ലിംകളും ക്രിസ്ത്യാനികളും ഈ രാജ്യത്തെ പിതൃഭൂമിയായും പുണ്യഭൂമിയായും കരുതില്ലെന്നും അവരുടെ പുണ്യഗേഹവും പ്രതിബദ്ധതയും രാജ്യത്തിനു പുറത്താണെന്നും വാദിച്ചുകൊണ്ട് ഹിന്ദുത്വക്ക് മൂര്‍ത്തരൂപം നല്‍കിയത് വി ഡി സവര്‍ക്കറാണ്; 1923ല്‍ എഴുതിയ ‘ഹിന്ദുത്വ’ എന്ന രചനയിലൂടെ. ആര്‍ എസ് എസിന്റെ ബൈബിളാണിത്. മറ്റൊന്ന് ഗോള്‍വാള്‍ക്കറുടെ ‘വിചാരധാര’യാണ്. ഈ രണ്ട് പുസ്തകങ്ങളിലും ഹിന്ദുക്കളല്ലാത്ത രണ്ടാംകിട പൗരന്മാരെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. മുസ്ലിംകള്‍ക്കും ക്രിസ്ത്യാനികള്‍ക്കും ഇന്ത്യയുടെ മണ്ണില്‍ ജീവിക്കാം, പക്ഷേ ഭൂരിപക്ഷം വരുന്ന ഹിന്ദുക്കളുടെ ഔദാര്യത്തിലാവുമത്. ആ രണ്ടാം നമ്പര്‍ പൗരത്വം സ്വീകരിക്കാന്‍ അവര്‍ തയാറാണെന്ന് തുറന്നുപറയണം. ഏതു സമയവും അവരുടെ പൗരത്വം ചോദ്യം ചെയ്യപ്പെടുകയോ എടുത്തുമാറ്റപ്പെടുകയോ ആവാം. അവര്‍ക്ക് വോട്ടവകാശം വേണോ എന്ന കാര്യം തീരുമാനിക്കേണ്ടത് അതത് കാലഘട്ടത്തിലെ ഭരണകൂടമാണ്. നാസി ജര്‍മനിയിലും ഫാഷിസ്റ്റ് ഇറ്റലിയിലും 1920 തൊട്ട് ചര്‍ച്ച ചെയ്യപ്പെട്ട വിഷയമാണിത്. എല്ലാറ്റിനുമൊടുവില്‍ അഡോള്‍ഫ് ഹിറ്റ്‌ലര്‍ ഭരണം മുഴുവനും കൈയിലൊതുക്കിയപ്പോള്‍ ന്യൂറംബെര്‍ഗില്‍ പ്രത്യേക പാര്‍ലമെന്റ് സമ്മേളനം നടത്തി ചുട്ടെടുത്ത പൗരത്വബില്ലിന്റെ ആത്യന്തിക ലക്ഷ്യം യഹൂദര്‍ക്ക് പൗരത്വം നിഷേധിക്കുക എന്നതായിരുന്നു. ഏത് രാജ്യത്തു നിന്നു വരുന്നു എന്നതാണ് മോഡിസര്‍ക്കാരിന്റെ നയമെങ്കില്‍ രക്തശുദ്ധിക്കാണ് ഹിറ്റ്‌ലറുടെ നാട് പ്രാധാന്യം കല്‍പിച്ചത്. 1935 സെപ്റ്റംബറില്‍ കൊണ്ടുവന്ന പ്രധാന നിയമങ്ങളിലൊന്ന് യഹൂദര്‍ മറ്റു ജനവിഭാഗങ്ങളുമായി ലൈംഗികബന്ധത്തിലേര്‍പ്പെടുന്നതിന് വിലക്കേര്‍പ്പെടുത്തുന്നതായിരുന്നു. രണ്ടാമതായി, ജൂതന്മാരുടെ പൗരത്വം എടുത്തുകളയുന്നതും. മുഖ്യധാരയില്‍നിന്ന് ജൂതരെ പൂര്‍ണമായും അകറ്റിനിര്‍ത്താനും അവരുടെ ജീവിതം ദുസ്സഹമാക്കാനും ഭരണകൂടം നീക്കങ്ങളാരംഭിച്ചത് ന്യൂറെംബെര്‍ഗ് നിയമങ്ങളുടെ പിന്‍ബലത്തിലാണ്. താമസിയാതെ, ഏതെങ്കിലും നിയമത്തിന്റെ കെണിവെപ്പില്‍പെട്ട് യഹൂദര്‍ ജര്‍മന്‍ പൗരന്മാരല്ലാതായിത്തീര്‍ന്നിരുന്നു. അവരുടെ സ്വകാര്യജീവിതത്തിന്റെ ഓരോ നിമിഷത്തിലേക്കും കടന്നുകയറാന്‍ നിയമം വഴി കിട്ടിയ അധികാരം ‘ഗെസ്റ്റെപ്പോ’ എന്ന രഹസ്യപ്പൊലീസിന് വീടകങ്ങളിലെ രഹസ്യങ്ങള്‍ പോലും ചോര്‍ത്താന്‍ അവസരം നല്‍കി. ആരുമായാണ് ലൈംഗികബന്ധം പുലര്‍ത്തേണ്ടത് എന്ന് നിയമം അനുശാസിക്കുന്നതു കൊണ്ട് ഏതുപാതിരാവിലും ജൂതരുടെ കിടപ്പുമുറികളില്‍ കയറിച്ചെല്ലാന്‍ പൊലീസിന് അധികാരമുണ്ടായിരുന്നു. ആരുമായാണ് ഇന്നലെ രാത്രി ലൈംഗിക വേഴ്ചയിലേര്‍പ്പെട്ടതെന്നും അയാളെ കണ്ടാല്‍ ജൂതനാണെന്ന് തോന്നുന്നുണ്ടോ എന്നൊക്കെയാണ് പൊലീസ് യഹൂദ സ്ത്രീകളെ ചോദ്യം ചെയ്തത്. ഏതു രീതിയിലുള്ള ലൈംഗികക്രീഡകളിലാണ് ഏര്‍പ്പെട്ടതെന്ന് വിശദമായി ചോദിച്ചറിഞ്ഞത് ‘സെക്ഷ്വല്‍ ഇന്റര്‍കോഴ്‌സി’ന്റെ നിര്‍വചന പരിധിയില്‍ അവരുടെ ചെയ്തികള്‍ വരുന്നുണ്ടോ എന്നുറപ്പാക്കാനാണത്രെ. ഓരോ ജര്‍മന്‍ സ്ത്രീക്കും പിറക്കാന്‍ പോകുന്ന കുഞ്ഞ് കലര്‍പ്പില്ലാത്ത ആര്യരക്തത്തില്‍ നിന്നാവണമെന്ന് നാസി പ്രത്യയശാസ്ത്രത്തിന് നിര്‍ബന്ധമുണ്ടായിരുന്നു. ആരാണ് ജൂതന്‍, ആരാണ് യഥാര്‍ത്ഥ ജര്‍മന്‍ പൗരന്‍ തുടങ്ങിയ അന്വേഷണങ്ങള്‍ക്ക് ഉത്തരം കണ്ടെത്താനുള്ള ഭരണകൂടത്തിന്റെ നടപടികള്‍ മുന്നോട്ടുനീങ്ങിയപ്പോഴാണ് പിറന്ന മണ്ണില്‍ തങ്ങള്‍ അന്യരാണെന്നും ഏത് സമയവും ആട്ടിപ്പുറത്താക്കപ്പെടാവുന്ന അവസ്ഥയാണെന്നും അവര്‍ മനസ്സിലാക്കുന്നതും കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകളിലേക്കുള്ള തീവണ്ടികളില്‍ കയറാന്‍ വരിവരിയായി നില്‍ക്കാന്‍ തുടങ്ങിയതും. ഹോളോകാസ്റ്റിലാണ് അത് ചെന്നവസാനിച്ചത്.

സംഘ്പരിവാര്‍ നെഞ്ചോട് ചേര്‍ത്തുപിടിക്കുന്ന ഒരാശയമാണ് മുസ്‌ലിംകളുടെ വംശീയവിച്ഛേദനം എന്നത്. ‘ഫൈനല്‍ സൊലൂഷനെ’ കുറിച്ച് ആര്‍ എസ് എസ് എന്നും ചര്‍ച്ച ചെയ്യാറുണ്ടത്രെ. മോഡിസര്‍ക്കാറിന്റെ ഓരോ കാല്‍വെപ്പും ഇന്ന് നിയന്ത്രിക്കുന്നത് ഇസ്രായേലി മസ്തിഷ്‌ക്കങ്ങളായതുകൊണ്ട് അവര്‍ക്ക് സുരക്ഷാഉപദേഷ്ടാവ് അജിത് ഡോവലിന് നല്ല ബുദ്ധി പറഞ്ഞുകൊടുക്കാനാവും. ഒരുകാര്യം എല്ലാവരും ഓര്‍ക്കുക. ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ശക്തി ഒന്നും സ്ഥായി അല്ല എന്നതാണ്. ബി ജെ പിയുടെ ഹിന്ദുത്വ അജണ്ടയെ ശിവസേന തള്ളിപ്പറയുന്ന കാഴ്ച കാണാന്‍ തുടങ്ങിയില്ലേ? പൗരത്വബില്‍ പാസ്സായെങ്കില്‍ താന്‍ ഇസ്‌ലാംമതം സ്വീകരിക്കുമെന്ന് മനുഷ്യാകവാശ പ്രവര്‍ത്തകനും എഴുത്തുകാരനുമായ ഹര്‍ഷ് മന്ദര്‍ പ്രഖ്യാപിച്ചതു കേട്ടില്ലേ? ഇത്തരം പ്രതിസന്ധി ഘട്ടത്തില്‍ നിങ്ങള്‍ പ്രതീക്ഷിക്കാത്ത ഭാഗത്തുനിന്നായിരിക്കും നിങ്ങള്‍ക്ക് സഹായം എത്തുക എന്ന പടച്ചതമ്പുരാന്റെ മൊഴി പാഴായിപ്പോകുമെന്ന് കരുതാന്‍ മാത്രം പാപികളല്ലല്ലോ നമ്മള്‍!

കാസിം ഇരിക്കൂർ

You must be logged in to post a comment Login