ഇസ്ലാമിക ധൈഷണിക ജീവിതത്തിന്റെ സ്പന്ദനങ്ങള്‍

ഇസ്ലാമിക ധൈഷണിക ജീവിതത്തിന്റെ സ്പന്ദനങ്ങള്‍

ഹിജ്റ 195. ഇമാം ശാഫിഈ വീണ്ടും ബഗ്ദാദിലേക്കു വന്നു. കര്‍മശാസ്ത്ര പ്രശ്നങ്ങളുമായിട്ടായിരുന്നില്ല ഈ വരവ്. കര്‍മശാസ്ത്ര പ്രശ്നങ്ങള്‍ നിര്‍ദ്ധാരണം ചെയ്തെടുക്കാവുന്ന നിദാന ശാസ്ത്രവും അടിസ്ഥാന തത്വങ്ങളുമൊക്കെ അതിനകം ക്രോഡീകരിച്ചിട്ടുണ്ടായിരുന്നു ഇമാം. നിദാന ശാസ്ത്രത്തിന്റെ അടിക്കല്ലായ രിസാല രചിക്കുന്നത് ഈ വരവിലാണ്. അബ്ദുറഹ്മാനു ബ്നു മഹ്ദിയുടെ നിര്‍ദേശ പ്രകാരമാണ് ഇമാം ഈ രചന നിര്‍വഹിച്ചത്. ഇത് വായിച്ചിട്ടദ്ദേഹം പറഞ്ഞുവത്രെ: ‘ഇദ്ദേഹത്തെപ്പോലെ മറ്റൊരു മനുഷ്യനെ അല്ലാഹു പടച്ചിട്ടുണ്ട് എന്ന് എനിക്ക് തോന്നുന്നില്ല.’ ഇമാമിന് ഇത് വിശ്രമ കാലമായിരുന്നില്ല. മദ്ഹബ് പ്രചരിപ്പിച്ചും ആവശ്യമായ ഗ്രന്ഥങ്ങള്‍ രചിച്ചും പുതുതായി പണ്ഡിതരെ വാര്‍ത്തെടുത്തും ബഗ്ദാദില്‍ ഇമാം രണ്ടു വര്‍ഷം കഴിച്ചു കൂട്ടി. അത് കഴിഞ്ഞ് ബഗ്ദാദ് വിട്ട ഇമാം, പിന്നീട് ഹിജ്റ 198 ല്‍ വീണ്ടും ബഗ്ദാദിലെത്തി. ഏതനും മാസങ്ങള്‍ അവിടെ കഴിച്ചു കൂട്ടി.അധികം വൈകാതെ ഈജിപ്തിലേക്ക് പുറപ്പെട്ടു. ഹിജ്റ 199 ലായിരുന്നു അത്.
ബഗ്ദാദിലേക്കുള്ള അവസാനത്തെ വരവ് എന്ത് കൊണ്ടാണ് ഏതാനും മാസങ്ങളിലൊതുക്കിയത് എന്നന്വേഷിച്ചപ്പോള്‍, മഅ്മൂന്‍ രാജാവിന്റെ ഭരണകാലത്തോടുള്ള വിയോജിപ്പാണ് കാരണം പറഞ്ഞത്. ഫല്‍സഫയോട് -തത്വശാസ്ത്രം – കൂടുതല്‍ താല്‍പര്യമുള്ള ആളായിരുന്നു ഭരണാധിപന്‍. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ ധൈഷണിക പരിചാരകന്മാരില്‍ മുഅ്തസിലീ പ്രസ്ഥാനക്കാര്‍ ധാരാളമുണ്ടായിരുന്നു. ഇമാം ശാഫിഈക്കാണെങ്കില്‍ മുഅ്തസിലികളോട് താല്പര്യമില്ല. ഹദീസ് പണ്ഡിതന്മാര്‍ക്കും കര്‍മശാസ്ത്രകാരന്‍മാര്‍ക്കും അവര്‍ ഒട്ടേറെ പ്രയാസങ്ങള്‍ സൃഷ്ടിച്ചു. ഖുര്‍ആന്‍ ദൈവ സൃഷ്ടിയാണ് എന്ന അബദ്ധവാദം – ഖല്‍ഖുല്‍ ഖുര്‍ആന്‍ വിവാദങ്ങളൊക്കെ ഇതേ തുടര്‍ന്നാണ് ഉണ്ടാകുന്നത്. ഈ സാഹചര്യത്തില്‍ ബഗ്ദാദില്‍ തുടരുന്നത് പന്തിയല്ലെന്ന് ഇമാമിന് തോന്നിയിരിക്കണം. മഅ്മൂന്‍ രാജാവ് ഖാളി സ്ഥാനം വെച്ചു നീട്ടിയിട്ടും ഇമാം സസ്നേഹം നിരാകരിച്ചു. അങ്ങനെയാണ് മിസ്റിലേക്കുള്ള യാത്ര ഉണ്ടാവുന്നത്. മാത്രമല്ല, മഅ്മൂന്‍ രാജാവിന്റെ മിസ്റിലെ പ്രതിനിധി അബ്ബാസു ബ്നു അബ്ദില്ലാഹില്‍ അബ്ബാസ് ഇമാമിനെ അങ്ങോട്ട് ക്ഷണിക്കുകയും ചെയ്തിരുന്നു.
മിസ്റിലേക്കു പോകാനൊരുങ്ങുമ്പോള്‍ ഇമാം ശാഫിഈ ഇങ്ങനെ കവിത കുറിച്ചു:

ലഖദ് അസ്ബഹത്
നഫ്സീ തത്വൂഖു ഇലാ മിസ്റാ
വമിന്‍ദൂനിഹാ ഖത്വ്ഉ
മഹാമീഹി വല്‍ഖുഫ്രി
ഫവല്ലാഹി മാ അദ്രീ അല്‍
ഫൗസ വല്‍ഗിനാ
ഉസാഖു ഇലയ്ഹാ
അം ഉസാഖു ഇലല്‍ ഖബ്രി

‘ഈജിപ്തിലേക്ക്
പോകാനാണ് പൂതി.
മരുഭൂമികളേറെ
താണ്ടേണ്ടതുണ്ടെങ്കില്‍ കൂടി
അതാണാഗ്രഹം.
അല്ലാഹുവാണ,
വിജയൈശ്വര്യങ്ങളിലേക്കാണോ
അതല്ല ഖബ്റിലേക്കാണോ ഈ
സഞ്ചാരം എന്നെനിക്കറിയില്ല.’
ഇമാം ശാഫിഈയുടെ ഈ സന്ദേഹത്തിന് കാലം മറുപടി കുറിച്ചു.
എല്ലാറ്റിലേക്കും കൂടിയാണെന്നാണ് കാലം നല്‍കിയ ഉത്തരം. മിസ്റില്‍ ശാഫിഈ ചിന്തകള്‍ ജനസമൂഹങ്ങളിലേക്ക് പരന്നു. പ്രവാചക കുടുംബത്തിലെ പണ്ഡിതനായതിനാല്‍ ജനം ഹൃദ്യമായി സമീപിച്ചു. വിജയവും ഐശ്വര്യവുമുണ്ടായി. ഹിജ്റ 204 റജബിലെ അവസാന രാത്രി, അമ്പത്തിനാലാമത്തെ വയസ്സില്‍ അല്ലാഹു ഇമാമിനെ തിരിച്ചുവിളിച്ചു. മിസ്റില്‍ തന്നെയാണ് ഇമാമിന്റെ ഖബര്‍.

വൈജ്ഞാനിക ലോകം
ഇമാം ശാഫിഈയുടെ വൈജ്ഞാനിക മികവ് ലോകമൊന്നാകെ അംഗീകരിച്ചതാണ്. ഗുരുക്കന്മാരും സഹപാഠികളും വിദ്യാര്‍ഥികളും അക്കാര്യം സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. പഠനത്തിന്റെ തുടക്കത്തിലേ വന്ദ്യഗുരു ഇമാം മാലിക്(റ) അവിടുത്തെ പ്രശംസിച്ചിട്ടുണ്ട്. ശിഷ്യനായ മുഹമ്മദ് ബ്നു ഹകീമിന്റെ(റ) വാക്കുകള്‍: ഇമാം ശാഫിഈ ഇല്ലെങ്കില്‍ എങ്ങനെയാണ് ഞാനൊരാളോട് മറുപടി പറയുക? ഞാന്‍ അറിഞ്ഞതെല്ലാം അറിഞ്ഞത് ഇമാമില്‍ നിന്നാണ്. ‘ഓരോ നൂറ്റാണ്ടിന്റെയും തലപ്പത്ത് അവരുടെ മത കാര്യങ്ങള്‍ നെരെയാക്കാന്‍ ഒരാളെ അല്ലാഹു നിയോഗിക്കുമെന്ന് തിരുവരുള്‍ ഉണ്ട്. ഒരു നൂറ്റാണ്ടിന്റെ തലക്കല്‍ ഉമറുബ്നു അബ്ദുല്‍ അസീസുണ്ടായിരുന്നു. മറ്റേതില്‍, ഇമാം ശാഫിഈ ആണെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത് ‘ – ഇമാം അഹ്മദ് ബ്നു ഹമ്പല്‍(റ) ഇങ്ങനെയാണ് രേഖപ്പെടുത്തിയത്.
മറ്റൊരു ശിഷ്യന്‍ പറയുന്നതിങ്ങനെ: ഇമാം ശാഫിഈ തഫ്‌സീര്‍ വിശദീകരിക്കാന്‍ തുടങ്ങിയാല്‍ മുഹമ്മദ് നബിക്ക് ദിവ്യബോധനമുണ്ടാവുമ്പോള്‍ ഇമാം അവിടെ ഉണ്ടായിരുന്നോ എന്ന് തോന്നും. അത്രക്ക് ചൈതന്യമുണ്ടായിരുന്നു വാക്കുകള്‍ക്ക്. ഇമാം പറയുമായിരുന്നു: ഖുര്‍ആന്‍ പഠിച്ചാല്‍ മൂല്യം മഹോന്നതമാകും. ഹദീസ് എഴുതിവെച്ചാല്‍ ധിഷണ ശക്തമാകും. കര്‍മശാസ്ത്രത്തില്‍ മനനം നടത്തിയാല്‍ അവന്റെ മഹത്വം വര്‍ധിക്കും. ഭാഷയില്‍ വ്യുല്‍പത്തി നേടിയാല്‍ പ്രകൃതി മൃദുലമാകും. കണക്ക് പഠിച്ചാല്‍ വീക്ഷണങ്ങള്‍ കൃത്യമാകും. ഇതൊക്കെയുണ്ടായിട്ടും ആത്മശുദ്ധിയില്ലെങ്കില്‍ ഒരു കാര്യവുമില്ല.

വിവിധ വിജ്ഞാനീയങ്ങളുടെ സംഗമഭൂമിയായിരുന്നു ഇമാമിന്റെ വിദ്വല്‍ സദസ്. ഇമാം ശാഫിഈ(റ) സുബ്ഹി നിസ്‌കരിച്ച് ദര്‍സില്‍ ഇരിക്കും. ഖുര്‍ആന്‍ പഠിതാക്കള്‍ തൊട്ടടുത്തിരുന്നു പഠിക്കും. സൂര്യനുദിച്ചാല്‍ അവര്‍ പോകും. പിന്നെ ഹദീസുകാരുടെ വരവായി. അവര്‍ അതിന്റെ വ്യാഖ്യാനങ്ങളും ആശയങ്ങളും ചോദിച്ച് പഠിക്കും. സൂര്യന്‍ സ്വല്‍പമൊന്നു ഉയര്‍ന്നാല്‍ അവരും പോകും. പിന്നീട് ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കുമുള്ള വേളയാണ്. ളുഹാ സമയമായാല്‍ അവരും പിരിഞ്ഞ് പോയി. പിന്നെ ഭാഷ, കവിത, വ്യാകരണപഠിതാക്കളെത്തി. ഉച്ചവരെ അവരുണ്ടാകും – അനുഭവസ്ഥര്‍ക്ക് പറഞ്ഞിട്ട് തീരുന്നില്ല.

ഇമാം ശാഫിഈക്ക് (റ) മഹത്തായ സവിശേഷതകളുണ്ട്.
നല്ല സംസാര വൈഭവം. ഭാഷാ ചാതുരി. അവതരണ മികവ്. ശബ്ദ സൗന്ദര്യം. ഇമാം മാലികിനെ(റ) ചെന്നു കണ്ടപ്പോള്‍മധുരമേറിയ ഒരനുഭവമുണ്ടായി: തന്റെ ശിഷ്യന്മാര്‍ക്ക് മുവത്വ വായിച്ചു കൊടുക്കാന്‍ ഇമാം ശാഫിഈയോട് ഇമാം മാലിക്(റ) ആവശ്യപ്പെട്ടു. ഒരു പേജ് നിങ്ങള്‍ക്കു വായിച്ചു തരട്ടെ എന്ന് ഇമാം ശാഫിഈ തിരിച്ചു ചോദിച്ചു. സമ്മതം കിട്ടി. കുറച്ചു വായിച്ചപ്പോഴേക്കും ഇമാം മാലികിന്ന് (റ) വലിയ ഇഷ്ടമായി. അങ്ങനെ അവസാനം വരെ വായിപ്പിക്കുകയായിരുന്നു. ശബ്ദത്തിന്റെ സ്വാധീനമാണ് നാമിവിടെ കാണുന്നത്. അവിടുന്ന് ഖുര്‍ആന്‍ പാരായണം ചെയ്യുമ്പോള്‍ കേട്ട് നില്‍ക്കുന്നവര്‍ കരയുമായിരുന്നു. ഇമാം ശാഫിഈയുടെ സമകാലികന്‍ പറയുകയാണ്: ഞങ്ങള്‍ക്ക് ദൈവത്തെ ഭയന്ന് കരയണമെന്ന് തോന്നിയാല്‍ ആ മുത്ത്വലിബീ(നബികുടുംബം) യുവാവിന്റടുത്ത് പോയാലോ എന്ന് ഞങ്ങള്‍ അഭിപ്രായപ്പെടും. അവനെക്കൊണ്ട് ഖുര്‍ആന്‍ ഓതിപ്പിക്കാം. അങ്ങനെ ശാഫിഈ ഖുര്‍ആന്‍ ഓതാന്‍ തുടങ്ങിയാല്‍ ജനങ്ങള്‍ കരഞ്ഞു തളരും. അപ്പോള്‍ ഇമാം ഓത്തവസാനിപ്പിക്കും. ഇബ്നുല്‍ അബില്‍ ജാറൂദ് ഒരിക്കല്‍ പറഞ്ഞതിങ്ങനെ: മിക്ക മഹത്തുക്കള്‍ക്കും സംസാരങ്ങളേക്കാള്‍ ഗ്രന്ഥങ്ങളാണ് കൂടുതല്‍. ഇമാം ശാഫിഈക്ക് അങ്ങനെയല്ല, മൊഴികളാണ് കൂടുതലുള്ളത്.. ഗ്രന്ഥങ്ങള്‍ തന്നെ ആവിഷ്‌കാര സൗന്ദര്യത്തിന്റെ നെറുകയിലാണ്. വാഗ് വിലാസത്തിന്റെ കാര്യം പിന്നെന്തു പറയാനാണ്. ഇബ്നു റാഹവൈഹി ഖതീബുല്‍ ഉലമാഅ് – പണ്ഡിത ലോകത്തെ പ്രസംഗകന്‍ എന്ന് ഇമാം ശാഫിഈയെ വിശേഷിപ്പിച്ചത് വെറുതെയല്ല.
മുഖലക്ഷണ ശാസ്ത്രത്തിലും ഇമാം മുന്നിലാണ്. പ്രതിപക്ഷത്തെ തന്റെ വീക്ഷണത്തിലേക്ക് ആകര്‍ഷിക്കാന്‍ ശ്രമിക്കുന്ന സംവാദകനും തന്റെ ശിഷ്യര്‍ക്ക് വിജ്ഞാനം പകര്‍ന്നു നല്‍കാനുദ്ദേശിക്കുന്ന അധ്യാപകനും അനിവാര്യമായി വേണ്ട ഗുണമാണിത്. തന്റെ ഗുരുവായ ഇമാം മാലികിനെ(റ) പോലെ ഇക്കാര്യത്തില്‍ നല്ല കഴിവുള്ളയാളായിരുന്നു ഇമാം ശാഫിഈ. ഈ മികവു കൊണ്ട് കൂടിയായിരിക്കണം വിജ്ഞാന ദാഹികള്‍ ആ ജ്ഞാന സമുദ്രത്തിന്റെ ഓരം വിടാതിരുന്നത്. ബഗ്ദാദിലെത്തുമ്പോള്‍ ആറ് ശിഷ്യര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ ജുമുഅ മസ്ജിദില്‍ എത്തി ദര്‍സ് തുടങ്ങിയപ്പോഴേക്കും അത് വലിയൊരു വ്യൂഹമായി മാറി. അമ്പതോളം ഹല്‍ഖകള്‍ പള്ളിയില്‍ നടന്നിരുന്നെങ്കിലും ഇമാം ശാഫിഈ വന്നതോടെ മറ്റുള്ളവയെല്ലാം നിലക്കുകയും ഒറ്റ ഹല്‍ഖയായി മാറുകയും ചെയ്തു. ഒരിക്കല്‍ തന്റെ സമകാലികരുമായി ഹുസൈല്‍ ഗോത്രക്കാരുടെ കവിതകള്‍ പാടി മുന്നേറി. കൂടെ പാടിയിരുന്നവരോട് ശാഫിഈ ഇമാം പറഞ്ഞു: ഇതേക്കുറിച്ച് നിങ്ങളാരും ഹദീസ് വാഹകരുമായി പങ്കുവെക്കരുതേ. അവര്‍ക്കത് ഉള്‍കൊള്ളാന്‍ സാധിക്കുകയില്ല. ഓരോരുത്തരുടെയും അഭിരുചിയും അവരുടെ കഴിവും മനസ്സിലാക്കി ഇടപെടാനുള്ള ഇമാമിന്റെ കഴിവും ഔചിത്യബോധവുമാണിത്.

അല്ലാഹു മാത്രമായിരുന്നു അവിടുത്തെ ലക്ഷ്യം. അതുകൊണ്ട് സത്യം പറയാന്‍ ആരെയും ഭയപ്പെട്ടില്ല. ആ പേരില്‍ ആരുടെയും ആക്ഷേപം കണക്കിലെടുത്തതുമില്ല. അലിയുടെ(റ) മഹത്വം പ്രഖ്യാപിക്കാന്‍ ഇമാം മടിച്ചില്ല. ഇമാം ശീഇയാണെന്ന് ചിലര്‍ ആരോപണമുന്നയിച്ചത് ഇതുകൊണ്ടാണ്. എന്നാല്‍ ഇമാം അബൂബക്കറിന്റെ(റ) മഹത്വവും പറഞ്ഞു. അപ്പോള്‍ ചിലര്‍ ഇമാം അഹ്‌ലുബൈത്തിനോട് ശത്രുതയുള്ള നാസിബിയ്യാണെന്ന് ആരോപിച്ചു. ഇമാം ചൊല്ലിയ കവിത പ്രസിദ്ധമാണ്:
‘അലിയെ വാഴ്ത്തിയാല്‍ വിഡ്ഢികള്‍ക്ക് ഞാന്‍ റാഫിളി.
അബൂബക്കറിനെ വാഴ്ത്തിയാലോ നാസിബി.
അങ്ങനെ പോവുകയാണെങ്കില്‍ മണ്ണറയിലടങ്ങുവോളം ഞാന്‍ റാഫിളിയും നാസിബിയ്യുമാകട്ടെ. ‘

ഖുര്‍ആനും സുന്നത്തുമാണ് ഇസ് ലാമിക ശരീഅത്തിന്റെ അടിത്തറ. അവ മുഴുവനായും താന്‍ ആവാഹിച്ചു എന്ന് ഇമാം എവിടെയും അവകാശപ്പെട്ടില്ല. ശിഷ്യരോട് ഹദീസുകള്‍ തേടിപ്പഠിക്കാനാവശ്യപ്പെട്ടു. തന്റെ വീക്ഷണങ്ങളോട് എതിരായ വല്ല സ്വഹീഹായ ഹദീസും കണ്ടാല്‍ തന്റെ വീക്ഷണത്തെ തള്ളിക്കളയാന്‍ ഉദ്ബോധിപ്പിച്ചു. എന്നിട്ട് ആ കണ്ടെത്തിയ ഹദീസ് സ്വീകരിക്കാന്‍ ഉപദേശിച്ചു. ഒരിക്കല്‍ ഒരാള്‍ ഇമാം ശാഫിഈയോട് ഒരു കര്‍മശാസ്ത്ര പ്രശ്നം ഉന്നയിച്ചു. മറുപടിയെന്നോണം ഇമാം ഒരു ഹദീസ് ഉദ്ധരിച്ചു. അപ്പോള്‍ അദ്ദേഹത്തിന്റെ മറു ചോദ്യം: ഇതു തന്നെയാണോ നിങ്ങളുടെ വീക്ഷണം. ഇതു കേട്ട ഇമാം വിറച്ചുപോയി. നിറം വിവര്‍ണമായി. തുടര്‍ന്ന് പറഞ്ഞു: തിരുനബി ഒന്ന് പറയുകയും ഞാനത് പറയാതിരിക്കുകയും ചെയ്താല്‍ ഏതാകാശമാണ് എനിക്കു തണല്‍ നല്‍കുക. ഏത് ഭൂമിയാണെന്നെ വഹിക്കുക. തീര്‍ച്ചയായും തിരുനബി പറഞ്ഞത് ഞാന്‍ അതേപടി സ്വീകരിക്കുന്നു.

ഒട്ടേറെ സംവാദങ്ങള്‍ നടത്തി. എല്ലാം സത്യത്തിന് വേണ്ടി മാത്രം. ദേഷ്യം പിടിക്കുകയോ ആക്ഷേപിക്കുകയോ ചെയ്തില്ല. അവിടുന്ന് ഇങ്ങനെ പറയാറുണ്ടായിരുന്നുവത്രെ: എന്നിലേക്ക് ഒന്നും ചേര്‍ക്കപ്പെടാതെ ജനങ്ങള്‍ ഈ വിജ്ഞാനമൊക്കെ ആര്‍ജ്ജിച്ചിരുന്നെങ്കില്‍ എന്ന് ഞാന്‍ മോഹിക്കുന്നു. അപ്പോള്‍ എനിക്ക് പ്രതിഫലം കിട്ടും. അവരെന്നെ പുകഴ്ത്തുകയുമില്ല.

ഗുരുവര്യന്മാര്‍
വിവിധ ദേശങ്ങളിലുള്ളവരും വ്യത്യസ്ത ചിന്താധാരകളിലുള്ളവരും ഗുരുവര്യരുടെ കൂട്ടത്തിലുണ്ടായിരുന്നു. മുഅ്തസിലികളില്‍ നിന്ന് വരെ പഠിച്ചിട്ടുണ്ട്. കൊള്ളേണ്ടതേ കൊള്ളൂ എന്ന് മാത്രം. മക്ക, മദീന, യമന്‍, ഇറാഖ് തുടങ്ങിയ ദേശങ്ങളില്‍ ഗുരുവൃന്ദം പരന്നുകിടന്നു. ഫിഖ്ഹില്‍ പ്രധാന ഗുരുക്കന്മാര്‍ പത്തൊമ്പത് പേരാണ്.

മക്കയില്‍ നിന്ന്
1. സുഫ് യാനു ബ്നു ഉയയ്ന,
2. മുസ് ലിമു ബ്നു ഖാലിദ് അസ്സിന്‍ജി,
3. സഈദ് ബ്നു സാലിം അല്‍ ഖദ്ദാഹ്,
4. ദാവൂദ് ബ്നു അബ്ദുറഹ് മാന്‍ അല്‍ അത്ത്വാര്‍,
5. അബ്ദുല്‍ ഹമീദ് ബ്നു അബ്ദുല്‍ അസീസ് ബിന്‍ അബീ സവാദ്.

മദീനയില്‍ നിന്ന്
6. മാലിക് ബ്നു അനസ്,
7. ഇബ്റാഹീമു ബ്നു സഅദ് അല്‍ അന്‍സ്വാരി,
8. അബ്ദുല്‍ അസീസ് ബ്നു മുഹമ്മദ് അദ്ദാറവര്‍ദി,
9. ഇബ്റാഹീമു ബ്നു അബൂ യഹ്്യ അല്‍ അസാമി,
10. മുഹമ്മദ് ബ്നു അബീ സഈദ് ബ്നു അബീ ഫുദൈക്,
11. അബ്ദുല്ലാഹി ബ്നു നാഫിഅ് അസ്സ്വാഇഅ് .

യമനില്‍ നിന്ന്
12. മുത്വര്‍റഫ് ബ്നു മാസിനിന്‍,
13. ഹിശാമു ബ്നു യൂസുഫ്,
14. ഉമറു ബ്നു അബീ സലമ,
15. യഹ്്യ ബ്നു ഹസ്സാന്‍

ഇറാഖില്‍ നിന്ന്
16. വഖീഅ് ബ്നു ജര്‍റാഹ്,
17. അബൂ ഉസാമ ഹമ്മാദ് ബ്നു ഉസാമ,
18. ഇസ്മാഈല്‍ ബ്നു അലിയ്യ,
19. അബ്ദുല്‍ വഹ്ഹാബ് ബ്നു അബ്ദുല്‍ മജീദ്.
ഇമാം മാലികില്‍ നിന്ന് മാലികീ ഫിഖ്ഹും ഔസാഇയുടെ ശിഷ്യനായ ഉമറുബ്നു അബീ സലമയില്‍ നിന്ന് അദ്ദേഹത്തിന്റെ ഫിഖ്ഹും യഹ്്യ ബ്നു ഹസ്സാനില്‍ നിന്ന് ലയ്സ് ബ്നു സഅദിന്റെ ഫിഖ്ഹും മുഹമ്മദ് ബ്‌നു ഹസനില്‍ നിന്ന് അബൂ ഹനീഫയുടെ ഫിഖ്ഹും പഠിച്ചു. അങ്ങനെ ശാഫിഈ ഫിഖ്ഹ് വ്യത്യസ്ത ധാരകളുടെ സാകല്യമായിത്തീര്‍ന്നു. യാത്ര ഇഷ്ടമായിരുന്നു. വിജ്ഞാനം തേടിയുള്ള തീര്‍ഥ യാത്രകള്‍. വ്യത്യസ്ത നാടുകളുടെ ശീലങ്ങളും പ്രകൃതികളും ആചാരങ്ങളും എല്ലാം സൂക്ഷ്മമായി നിരീക്ഷിച്ചു. ഇമാം തന്നെ ഒരിക്കലിങ്ങനെ പാടുകയുണ്ടായി:
നാടുകള്‍ മുഴുക്കെ ഞാന്‍ ചുറ്റി സഞ്ചരിക്കും
എന്റെ ലക്ഷ്യം നേടുന്നത് വരെ
അല്ലെങ്കില്‍ വിദേശിയായി മരിക്കുന്നത് വരെ
മരിച്ചാല്‍ അതിന്റെ എല്ലാ ഗുണങ്ങളും
അല്ലാഹുവിന്റെ വഴിയിലത്രെ
രക്ഷപ്പെട്ടാലോ, വൈകാതെ മടങ്ങുകയും ചെയ്യും.
മറ്റൊരിക്കല്‍ പറഞ്ഞു: ഫിഖ്ഹ് ഉദ്ദേശിക്കുന്നവര്‍ അബൂ ഹനീഫ ഇമാമിന്റെ ആശ്രിതരാണ്. ചരിത്രം ഉദ്ദേശിക്കുന്നവരാകട്ടെ മുഹമ്മദ് ബ്നു ഇസ്ഹാഖിന്റെയും. ഹദീസ് ഉദ്ദേശിക്കുന്നവര്‍ക്ക് ആശ്രയം ഇമാം മാലികത്രെ. തഫ്സീറാണ് ഉദ്ദേശ്യമെങ്കില്‍ മുഖാതില്‍ ബ്നു സുലൈമാനും.
തഫ്സീറുല്‍ കബീര്‍, കിതാബുന്നാസിഖി വല്‍ മന്‍സൂഖ്, കിതാബുല്‍ ഖിറാആത്, കിതാബു മുതശാബിഹു ലില്‍ ഖുര്‍ആന്‍ തുടങ്ങിയ ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ് മുഖാതിലു ബ്നു സുലൈമാന്‍.

ഡോ. ഫൈസല്‍ അഹ്‌സനി രണ്ടത്താണി

You must be logged in to post a comment Login