സമയം പാഴാക്കാതിരിക്കാം

സമയം പാഴാക്കാതിരിക്കാം

കാലത്തെയും സമയത്തെയും മൗലികമായി അവതരിപ്പിക്കുന്ന ഇസ്ലാം, മനുഷ്യന്റെ വ്യവഹാര മേഖലകളോടെല്ലാം ചേര്‍ത്തുവെച്ചുളള വായനയാണ് മുന്നോട്ടുവെക്കുന്നത്. മനുഷ്യജീവിതത്തിലെ ഓരോ നിമിഷങ്ങളും അമൂല്യമാണ്. മുന്‍ഗാമികളായ പണ്ഡിതരും പാമരരും സമയത്തിന്റെ വില മനസ്സിലാക്കിയിരുന്നു എന്നത് വ്യക്തമാണ്. ഇമാം ശാഫിഈ (റ) പറയുന്നത് കാണുക: ആത്മജ്ഞാനികളോടു കൂടെയുളള എന്റെ സഹവാസത്തില്‍ രണ്ടു കാര്യങ്ങള്‍ അവരില്‍ നിന്ന് പഠിക്കാനിടയായി. ആദ്യത്തേത്, ‘സമയം വാളാകുന്നു. നാമതിനെ മുറിച്ചില്ലെങ്കില്‍ അത് നമ്മെ മുറിക്കും.’

രണ്ടാമത്തേത്, ‘ശരീരത്തെ നന്മയുമായി സഹവസിപ്പിച്ചില്ലെങ്കില്‍ ശരീരം നമ്മെ തിന്മയുടെ കൂട്ടുകാരനാക്കും.’ ആമിറുബ്നു അബ്ദില്‍ ഖൈസ് (റ) എന്ന താബിഈ പണ്ഡിതനോട് കുറച്ച് കാര്യങ്ങള്‍ സംസാരിക്കാനുണ്ടെന്ന് പറഞ്ഞു. മഹാന്റെ മറുപടി ‘സൂര്യനെ നീയൊന്ന് പിടിച്ചുനിര്‍ത്ത്, എന്നാല്‍ ഞാന്‍ തയാറാണ്’ എന്നായിരുന്നു. മനുഷ്യജീവിതത്തില്‍ സമയത്തിന്റെ വില എത്രയെന്ന് ബോധ്യപ്പെട്ടവരായിരുന്നു ഇവര്‍. സമയത്തെ കുറിച്ച് ഹസനുല്‍ ബസരി(റ) പറയുന്നത് ഏറെ ചിന്തോദ്ദീപകമാണ്: ‘ഹേ മനുഷ്യാ.. നീ തന്നെയാണ് കാലം, നിന്റെ ഒരു ദിവസം കഴിഞ്ഞു എന്നതിന്റെ അര്‍ഥം നിന്റെ ആത്മാവില്‍ നിന്ന് ഒരു കഷണം മുറിഞ്ഞുപോയി എന്നാണ്. സമ്പത്തിന് കൊടുക്കുന്ന പ്രാധാന്യത്തേക്കാള്‍ സമയത്തിന് വില കല്‍പ്പിക്കുന്ന സമൂഹങ്ങളെ ഞാന്‍ കണ്ടിട്ടുണ്ട്.’ ജീവിതത്തില്‍ ഏറ്റവും ഭാരമുള്ളതായി അനുഭവപ്പെടുന്ന സമയം ഭക്ഷണം കഴിക്കാനിരിക്കുമ്പോഴാണെന്ന ഖലീലുബ്നു അഹ്മദിന്റെ (ഹി. 100-170) പരാമര്‍ശം അബൂഹിലാലുല്‍ അസ്‌കരി (റ) പറയുന്നുണ്ട്.
ഇമാം അബൂഹനീഫയുടെ(റ) പാഠശാലയില്‍ നീണ്ട 29 വര്‍ഷം അറിവന്വേഷണത്തിനു വേണ്ടി ജീവിതം മാറ്റിവെച്ച ഖാളി അബൂയൂസുഫ്(റ)ന്റെ ജീവിതം ഏറെ മാതൃകാപരമാണ്. സ്വന്തം മകന്റെ മരണദിവസം പോലും അബൂഹനീഫയുടെ(റ) ദര്‍സ് ഒഴിവാക്കാന്‍ മഹാന്‍ ഒരുക്കമായിരുന്നില്ല. മകന്റെ ജനാസ കുടുംബങ്ങളെയും അയല്‍വാസികളെയും ഏല്‍പിച്ച് പള്ളിയിലേക്ക് കൊണ്ടുവരാന്‍ പറയുകയായിരുന്നു. ഇമാം അബൂഹനീഫയുടെ(റ) തന്നെ മറ്റൊരു ശിഷ്യനാണ് മുഹമ്മദുബ്നു ഹസനുശൈബാനി (റ) (ഹി. 132-189). പ്രമുഖ ഹദീസ് പണ്ഡിതനും മുജ്തഹിദുമായിരുന്ന ഹസനുശൈബാനി(റ) പതിറ്റാണ്ടുകളോളം രാത്രി ഉറങ്ങിയിരുന്നില്ലെന്നും ക്ഷീണം കലശലായാല്‍ കുറഞ്ഞ സമയം ഇരുന്ന് ഉറങ്ങി അത് പരിഹരിക്കുമെന്നും അല്ലാമ ത്വാഷ്‌കൂബരി(റ) തന്റെ മഫാതീഹുസആദ വസ്വാബീഹുസയാദ (1.23) എന്ന ഗ്രന്ഥത്തില്‍ രേഖപ്പെടുത്തുന്നുണ്ട്. ഉറക്കം ഒരുതരം ചൂടാണെന്നും പ്രതിരോധിക്കാന്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗം ജലമാണെന്നും മഹാന്‍ പറയുന്നു.
മുഹമ്മദുബ്നു സലാമുല്‍ ബീകന്‍ദി (മരണം ഹി.227) ഇമാം ബുഖാരിയുടെ(റ) ഗുരുവര്യരില്‍ ഒരാളാണ്. മഹാന്റെ ജീവിതത്തിലെ ഒരനുഭവമിതാണ്. ഗുരുവിനെ കേട്ടുകൊണ്ടിരിക്കേ പേനയിലെ മഷി തീര്‍ന്നു. മഷി നിറക്കാന്‍ പുറത്തുപോയാല്‍ അത്രയും നേരത്തെ ക്ലാസ് നഷ്ടപ്പെട്ടു പോകുമല്ലോ എന്ന ആധി കാരണം ഇമാം ബുഖാരി വിളിച്ചുചോദിച്ചു: ‘ഒരു ദീനാറിന് ആരാണ് എനിക്കൊരു പേന തരിക?’ ചോദ്യം കേട്ടയുടനെ നിരവധി പേര്‍ പേന നീട്ടി. ഒരു പേന ലഭിക്കാന്‍ ഒരു ദീനാറൊന്നും ചെലവഴിക്കേണ്ടതില്ല. പക്ഷേ സമയത്തിനു മുന്നില്‍ സമ്പത്ത് ഒരു പ്രശ്നമായിരുന്നില്ല. കഴിഞ്ഞുപോകുന്ന ഓരോ നിമിഷവും സത്കര്‍മങ്ങളിലാണ് താന്‍ ചെലവഴിക്കുന്നത് എന്ന് ഉറപ്പിക്കാന്‍ അവര്‍ ശ്രമിച്ചിരുന്നു. ഇതേ അനുഭവം ഹിജ്റ 215ല്‍ വഫാത്തായ ഇസാമുല്‍ ബല്‍ഖിയുടെ (റ) ജീവിതത്തിലും കാണുന്നു.

ആയുസ്സ് വളരെ കുറവാണ്. ആര്‍ജിച്ചെടുക്കേണ്ട അറിവോ ധാരാളവും. ജീവിതകാലം മുഴുക്കെ ജ്ഞാനപ്രസരണത്തിലും ഗ്രന്ഥരചനയിലുമായി സമയം ചെലവഴിച്ച ഇബ്നു ജരീറുത്വബരി(റ) മരണക്കിടക്കയില്‍ പോലും ഗ്രന്ഥരചനയിലേര്‍പ്പെട്ടു. ജീവിതത്തില്‍ സമയബോധം ഉണ്ടാവാന്‍ മഹാന്മാര്‍ ആറു കാര്യങ്ങള്‍ നിര്‍ദേശിച്ചിട്ടുണ്ട്.
1) സമയത്തെക്കുറിച്ച് സ്വയം വിചാരണ ചെയ്യുക.

2) സമയത്തെ പരിഗണിക്കുന്നവരുമായി സൗഹൃദം കൂടുക. കൂട്ടുകാര്‍ സംസാരിക്കാന്‍ വന്നാല്‍ മഹാനായ ഇബ്നുല്‍ ജൗസി(റ) അവരോട് സംസാരിക്കുന്നതോടുകൂടെ പേന ചെത്താനും പേപ്പര്‍ മടക്കാനും മറ്റുമായി ശ്രദ്ധ കൂടുതല്‍ വേണ്ടാത്ത കാര്യങ്ങളിലാവും ചെലവഴിക്കുക. ഒരു സമയം പോലും വെറുതെ കളയാന്‍ അവര്‍ ഒരുക്കമായിരുന്നില്ല.
3) മുന്‍ഗാമികള്‍ സമയത്തിന് നല്‍കിയ വില പഠിച്ച് അത് അനുകരിക്കാന്‍ ശ്രമിക്കുക.
4) സമയം ഒരിക്കലും മടങ്ങിവരില്ല എന്ന ബോധം ഉണ്ടാവുക.
‘ഓരോ ദിവസവും പ്രഭാതം വിളിച്ചുപറയും, ഞാനൊരു പുതിയ സൃഷ്ടിയാണ്. വേണ്ടതെല്ലാം എടുത്തോളൂ. ഞാന്‍ നഷ്ടപ്പെട്ടാല്‍ അന്ത്യനാള്‍ വരെ മടങ്ങിവരില്ല’. ഏറെ ചിന്തനീയമാണ് ഹസനുല്‍ ബസ്വരിയുടെ(റ) ഈ വാക്കുകള്‍.
5) സമയം നഷ്ടപ്പെടുത്തുന്നവരുമായി സൗഹൃദം ഇല്ലാതിരിക്കുക.
6) സമയം വിശ്വാസിയുടെ മൂലധനമാണ്. എന്തിനുവേണ്ടി അതു ചെലവഴിച്ചുവെന്ന ചോദ്യത്തെ നാം അഭിമുഖീകരിക്കേണ്ടതുണ്ടെന്ന ബോധ്യം ഉണ്ടാവുക.
മുസ്ലിം ലോകത്തെ പ്രസിദ്ധനായ ഭരണാധികാരിയായിരുന്നു അബ്ബാസി ഖലീഫ അബൂജഅ്ഫറുല്‍ മന്‍സൂര്‍. ഒരിക്കല്‍ അദ്ദേഹത്തിന്റെയടുത്ത് ഒരാള്‍ വന്നു. രാജാവിന്റെ മുമ്പില്‍ തന്റെ രണ്ട് സിദ്ധികള്‍ പ്രകടിപ്പിക്കുക എന്നതായിരുന്നു അയാളുടെ ഉദ്ദേശ്യം. ഇരുപത് പാത്രങ്ങള്‍ ഒരേസമയം നിലത്ത് വീഴാതെ വായുവില്‍ എറിഞ്ഞു കളിക്കലായിരുന്നു ഒന്ന്. ആദ്യ പ്രകടനം കണ്ടപ്പോള്‍ തന്നെ കൊട്ടാരവാസികള്‍ അത്ഭുതസ്തബ്ദരായി. രണ്ടാമതായി അയാള്‍ ഒരു സൂചി നിലത്തിട്ടു. ശേഷം മറ്റൊരു സൂചിയെടുത്ത് ആദ്യത്തേതിന്റെ മുനയില്‍ തന്നെ എറിഞ്ഞുകൊള്ളിച്ചു. അങ്ങനെ നൂറ് സൂചികള്‍. ഒന്നു പോലും ഉന്നം തെറ്റിയില്ല. പ്രകടനം കണ്ട് ഓരോരുത്തരും തരിച്ചിരിക്കുകയാണ്. ഉടനെ വന്നു രാജാവിന്റെ പ്രഖ്യാപനം. ഇയാള്‍ക്ക് 1000 ദിര്‍ഹം സമ്മാനമായി നല്‍കുക. 100 ചാട്ടവാറടിയും കൊടുക്കുക. രണ്ടാമത്തെ ‘സമ്മാന’ത്തിന്റെ സാംഗത്യം സദസിന് മനസ്സിലായില്ല. രാജാവ് പറഞ്ഞു: ‘ഒരുപാട് കാലത്തെ പരിശീലനത്തിനും പരിശ്രമത്തിനുമൊടുവില്‍ ഇയാള്‍ നേടിയെടുത്ത കഴിവിനുളള സമ്മാനമാണ് 1000 ദിര്‍ഹം. ആര്‍ക്കും ഒരു ഉപകാരവും ഇല്ലാത്ത ഒരു ശേഷി നേടിയെടുക്കാന്‍ ഒരുപാട് സമയം ദുര്‍വിനിയോഗം ചെയ്തു. ഇത് പ്രകടിപ്പിക്കുന്നതിലൂടെ മറ്റു പല നല്ല കാര്യങ്ങളിലും ചെലവഴിക്കേണ്ട സമയം ദുര്‍വിനിയോഗം ചെയ്യപ്പെടുന്നു. ഇതിനാണ് രണ്ടാമത്തെ സമ്മാനം.’ സദസ്സിന് കാര്യം ബോധ്യമായി. കളിക്കുന്നവര്‍ക്ക് ന്യായീകരണം ഉണ്ട്. എന്നാല്‍ കളി കാണുന്നവര്‍ക്കോ?

ജീവിതത്തില്‍ സമയം തികയുന്നില്ല എന്ന പരാതി നിരന്തരം കേട്ടുകൊണ്ടിരിക്കുന്നു. എന്തുകൊണ്ടാണിത്? സമയത്തെ പരിഗണിക്കാതിരുന്നത് കൊണ്ട് തന്നെ. ടൈംമാനേജ്മെന്റിനെ കുറിച്ച് നിരന്തരം പറഞ്ഞുകൊണ്ടേയിരുന്നവര്‍ എന്ന നിലക്ക് വിശ്വാസികള്‍ സമയത്തെ കൂടുതല്‍ ഉത്തരവാദിത്വത്തോടെ കാണേണ്ടിയിരിക്കുന്നു.

ഡോ. മുഹമ്മദ് ഫാറൂഖ് നഈമി അല്‍ബുഖാരി

You must be logged in to post a comment Login